എഴുത്ത്:- ജെ കെ
എന്നാണ് തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് തന്നെ പോകുന്നത്.. അതോർത്തപ്പോൾ അഞ്ജനയുടെ നെഞ്ച് പിടയാൻ തുടങ്ങി.. ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് വരുക എന്ന് പറഞ്ഞപ്പോൾ ശരിക്കും സ്വർഗ്ഗത്തിലേക്ക് പോകുന്ന ഒരുതരം ഫീൽ ആയിരുന്നു എന്നാൽ തിരികെ അങ്ങോട്ട് തന്നെ ചെല്ലുക എന്ന് പറയുമ്പോൾ നരകത്തിലേക്ക് പോകുന്ന ഫീലും..
എന്തിനാണ് അവരെല്ലാം തന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്ന് എത്ര ആലോചിച്ചിട്ടും അഞ്ജനക്ക് മനസ്സിലായില്ല..
ഡിഗ്രി ഫൈനലിയർ പഠിക്കുമ്പോഴാണ്വ രുണേട്ടന്റെ ആലോചന വരുന്നത്.. അമ്മയും ഒരു ചേച്ചിയും മാത്രമേയുള്ളൂ.. അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചു… വരുണേട്ടന് ബാങ്കിൽ ആണ് ജോലി… അത്യാവശ്യം നല്ല ചുറ്റുപാട്.. എന്റെ അച്ഛനെ പോലെ ഒരു പാവം സ്കൂൾ മാഷിന് കൂടുതൽ ഒന്നും ചിന്തിക്കേണ്ടി യിരുന്നില്ല.
അങ്ങനെയാണ് വിവാഹം നടന്നത് എന്നാൽ വിവാഹം കഴിഞ്ഞത് മുതൽ തുടങ്ങിയതാണ് അവിടുത്തെ ഓരോ പ്രശ്നം… വരുണേട്ടന്റെ മുന്നിൽ അമ്മ നല്ല പിള്ള ചമയും എന്നോട് സ്നേഹത്തോടെ പെരുമാറും പക്ഷേ വരുണേട്ടൻ ഒന്ന് അപ്പുറത്തോട്ടോ ഇപ്പുറത്തോട്ടോ നീങ്ങിയാൽ അമ്മയുടെ തനി ഗുണം കാണിക്കും.
കാര്യത്തിൽ ഞാൻ കൂടുതൽ ഇടപെടുന്നത് ആൾക്ക് ഇഷ്ടമല്ല എല്ലാം സ്വയം ചെയ്തു കൊടുക്കണം.. എന്തെങ്കിലും ഞാനായിട്ട് ചെയ്തിട്ടുണ്ടെങ്കിൽ എന്റെ മോനെ നിന്റെ സാരി തുമ്പിൽ കെട്ടിയിടാൻ ആണോ… നീ സോപ്പിട്ട് എന്റെ മോനെ കുപ്പിയിൽ ആക്കണ്ട എന്നുള്ള ഡയലോഗുകൾ മുഴുവൻ കേൾക്കേണ്ടിവരും.
അവരുടെ കാട്ടിക്കൂട്ടലുകൾ എല്ലാം കാണുമ്പോൾ തോന്നും വരുണേട്ടന്റെ കാമുകിയാണ് ഞാൻ എന്ന് ഒരു ഭാര്യയുടെ സ്ഥാനം ഇന്നും അംഗീകരിച്ചു തരാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
എന്നാൽ എന്റെ വീട്ടിലേക്ക് നിൽക്കാൻ വിടുമോ അതും ഇല്ല.. ആ നരകത്തിൽ തന്നെ കിടക്കണം എപ്പോഴെങ്കിലും എന്റെ വീട്ടിലേക്ക് വന്നിട്ടുണ്ടെങ്കിൽ പിന്നെ തിരികെ ചെല്ലുമ്പോൾ ഒരാഴ്ച മുഖം വീർപ്പിച്ച് നടക്കും ഒരക്ഷരം മിണ്ടുക കൂടിയില്ല…
ഇവിടെ അമ്മയ്ക്ക് ഒരു സ്വഭാവം ഉണ്ട് ഞാൻ തിരികെ അങ്ങോട്ട് ചെല്ലുമ്പോൾ കൈ നിറയെ സാധനങ്ങൾ തന്നു വിടും.. പറമ്പിൽ മുളച്ചുപൊന്തിയ കാച്ചിൽ മുതൽ അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കിയ ഉണ്ണിയപ്പം വരെ സാധനങ്ങൾ ഉണ്ടാകും അതെല്ലാം അമ്മ സ്നേഹത്തോടെയാണ് അങ്ങോട്ട് തന്നെ വിടുന്നത് പക്ഷേ അതെല്ലാം അവിടെ കൊണ്ട് കൊടുക്കുമ്പോൾ അതിനു കുറ്റം മാത്രം കാണുന്നവരാണ് അവർ.
എന്നിട്ട് മൂക്ക് മുട്ടെ എല്ലാം തിന്നുകയും ചെയ്യും… ആദ്യം ഒന്നും കു*ലസ്ത്രീ ചമഞ്ഞ് ഞാൻ വരുണേട്ടനോട് അവിടെ നടക്കുന്ന കാര്യങ്ങൾ ഒന്നും പറഞ്ഞു കൊടുത്തില്ല പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി അത് വെറും മണ്ടത്തരം ആണ് കാരണം അവിടെ നടക്കുന്ന കാര്യങ്ങൾ എല്ലാം അമ്മ വളച്ചൊടിച്ച് എനിക്കെതിരായി പറഞ്ഞു കൊടുക്കുന്നുണ്ട്..
ഒരുപാട് തവണ അങ്ങനെ പറയുമ്പോൾ വരുണേട്ടനും എന്നെക്കുറിച്ച് സംശയം തോന്നും… എല്ലാ പണിയും അമ്മയെക്കൊണ്ട് ചെയ്യിക്കുകയാണ്… എന്ന് അതുകൊണ്ട് പതിയെ പതിയെ അവിടെ നടക്കുന്ന കാര്യങ്ങൾ ഓരോന്നായി ഞാൻ ആളിനെ അറിയിച്ചു തുടങ്ങി ആദ്യമൊക്കെ വലിയ ഉപദേശം ആയിരുന്നു, അമ്മയല്ലേ നീ ക്ഷമിക്കു.. എന്നെല്ലാം പറയും… പിന്നെ പിന്നെ പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി ഞാൻ ഒന്നും മിണ്ടാറില്ല എങ്കിലും ആള് വീട്ടിൽ കണ്ണ് തുറന്നു നടക്കാൻ തുടങ്ങി അതോടെ അവിടെയുള്ള പല കാര്യങ്ങളും ആളിന് നേരിട്ട് കാണാനും കഴിഞ്ഞു..
അതോടെ മനസ്സിലായി എത്രത്തോളം അസ്വസ്ഥതകൾ സഹിച്ചാണ് ഞാൻ ഇവിടെ നിൽക്കുന്നത് എന്ന് ഇടയ്ക്കാണ് ഞാൻ ഗർഭിണിയാണ് എന്ന് അറിയുന്നത്.. എന്റെ നന്മയ്ക്ക് വേണ്ടിയിട്ടാണ് എന്ന് തോന്നുന്നു ഡോക്ടർ ഒരു ഉപദേശം കൊടുത്തത്..
വൈഫിന് ഇപ്പോൾ വേണ്ടത് സന്തോഷമാണ് അത് മാക്സിമം നിങ്ങൾ കൊടുക്കാൻ ശ്രമിക്കണമെന്ന്.. സ്വന്തം കുഞ്ഞിന്റെ കാര്യത്തിൽ റിസ്ക് എടുക്കാൻ ആൾക്ക് പറ്റുമായിരുന്നില്ല ഒരു ദിവസം എന്നെ അനാവശ്യമായി ചീ*ത്ത പറഞ്ഞ അമ്മയോട് ചെറിയ ഒരു ശബ്ദത്തിൽ ആള് ഒന്ന് കയർത്തു.
അതോടെ പിന്നെ വലിയ ഒരു നാടകമാണ് അവിടെ അരങ്ങേറിയത്… എന്റെ തലയിണ മന്ത്രം കേട്ട് അമ്മയെ വീട്ടിൽ നിന്ന് അ*ടിച്ചു ഓടിക്കാൻ ശ്രമിച്ച കഥയിലെ നായകനായി വരുണേട്ടൻ…. ഇവരെക്കൊണ്ട് എല്ലാം ഇതൊക്കെ ചെയ്യിപ്പിക്കുന്ന ഒരു വി*ല്ലത്തി ഞാനും.
അമ്മ നെഞ്ചത്ത് അ*ടിക്കുന്നു നിലവിളിക്കുന്നു അപ്പോഴേക്കും നാട്ടുകാർ എല്ലാവരും ഓടി വന്നു..
അതോടെ വരുണേട്ടനും നിയന്ത്രണം നഷ്ടപ്പെട്ടു.. ഇത്രയും നാൾ അവിടെ നടന്ന കാര്യങ്ങൾ മുഴുവൻ ആള് വിളിച്ചുപറഞ്ഞു..
അത് പിന്നെ വലിയ പ്രശ്നമായി… അമ്മ ആയിട്ട് തന്നെ ഞങ്ങളോട് ഇറങ്ങി പൊയ്ക്കോളാൻ പറഞ്ഞു..
വരുണേട്ടൻ എന്നോട് എടുക്കാനുള്ളതെല്ലാം എടുത്തിട്ട് ഇറങ്ങാൻ പറഞ്ഞു..
ഞങ്ങൾ ഇറങ്ങുമ്പോൾ അമ്മ ഞങ്ങളെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കാതെ നിൽക്കുന്നുണ്ടായിരുന്നു..
എങ്കിലും മനസ്സിന് വല്ലാത്ത ഒരു സമാധാനം തോന്നി ഇനി ആ ദുർമുഖം കാണണ്ടല്ലോ തിരിച്ച് ഈ വീട്ടിലേക്ക് തന്നെ വരേണ്ടി വരരുത് എന്ന് മാത്രമാണ് ആ പടിയിറങ്ങുമ്പോൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചത്..
അവിടെനിന്ന് വരുണേട്ടൻ എന്നെ നേരെ കൊണ്ടുപോയത് ചെറിയ ഒരു ടെറസ് വീട്ടിലേക്കാണ്..
ഭംഗിയുള്ള ഒരു കൊച്ചു വീട് വാടകവീടാണെങ്കിൽ കൂടി ആ വീടിനോട് ഒരു പ്രത്യേക മമത വന്നു നിറയുന്നത് അറിഞ്ഞു…
അപ്പോഴാണ് വരുണേട്ടൻ മറ്റൊരു കാര്യം പറയുന്നത്.. കയ്യിലുണ്ടായിരുന്ന പണം മുഴുവൻ കൂട്ടിവെച്ച് അദ്ദേഹം വാങ്ങിയതാണത്രേ ഈ വീട്..
അതോടെ മനസ്സ് നിറഞ്ഞു ഇനി ഇവിടെ നിന്ന് എങ്ങോട്ടും പോകണ്ട ഞങ്ങളുടേതായ ഒരു കൊട്ടാരം..
ഗർഭകാല അസ്വസ്ഥതകൾ വേണ്ടുവോളം ഉണ്ട് എന്നാലും അതെല്ലാം ആസ്വദിക്കുകയാണ് ഞാൻ…കാരണം ഇവിടെ ഞങ്ങൾ രണ്ടുപേരും തമ്മിലുള്ള സ്നേഹം മാത്രമേ കാണാനുള്ളൂ… മുഖം വീർപ്പിക്കാനും ശ*പിക്കാനും ഒന്നും ആരും തന്നെയില്ല അതിന്റെ ഒരു സുഖം അതൊന്നു വേറെ തന്നെയാണ്

