നുണക്കുഴി
എഴുത്ത്;-ഷെർബിൻ ആൻ്റണി
ഇന്നലെ രാത്രി എന്തൊക്കെയാ പറഞ്ഞതെന്ന് നിനക്ക് വല്ല ഓർമ്മയുമുണ്ടോ ടാ….?
അവളത് ചോദിക്കുമ്പോഴും ഞാൻ അവളുടെ മുഖത്ത് നോക്കാതേ ചൂടുള്ള ചായ ഗ്ലാസ്സിലേക്ക് നോക്കി ഊതി കൊണ്ടിരിക്കുവാര്ന്ന്…
അതിന്നലെ രാത്രി ഇച്ചിരി ഫിറ്റാര്ന്നെടി…
ഓഹോ അപ്പോ നിനക്ക് മiദ്യപിച്ചാൽ മാത്രേ എന്നോട് സ്നേഹമുള്ളല്ലേടാ….
അവളിങ്ങനാ…. കൊഞ്ചാൻ ചെന്നാൽ ഓള് കലിപ്പാകും. ദേഷ്യപ്പെട്ടാൽ ഓള് പുന്നാരിപ്പിച്ച് കുപ്പിയിലാക്കും. എപ്പഴാ ഓള്ടെ സ്വഭാവം മാറുന്ന തെന്ന് ദൈവം തമ്പുരാന് പോലും അറിയില്ല. അതു കൊണ്ട് ഞാൻ ഓളോട് ശ്രദ്ധിച്ചേ സംസാരിക്കൂ.
ഓഫീസിലെ അടുത്തടുത്ത ക്യാബിനിലാണെങ്കിലും Msg വഴിയാണ് കൂടുതലും വിശേഷങ്ങൾ കൈ മാറിയിരുന്നത്.
അവൾ നന്നായിട്ട് പാടുമായിരുന്നു. വരികൾ എഴുതി സെൻഡിയാൽ അവളത് വോയ്സ് അയക്കും. എന്ത് രസായിട്ടാ പാടുന്നേ…. അത് കേൾക്കുമ്പോൾ തന്നെ ഒരു എനർജിയാ.
ഫ്രീ ടൈമില് ക്യാൻ്റീനിൽ വെച്ച് മാത്രമേ സംസാരമുള്ളൂ. അവൾ എഴുതാറില്ലെങ്കിലും എൻ്റെ കുത്തി കിറുക്കലുകൾ വായിച്ച് കമൻ്റിടാറുണ്ട് മിക്കപ്പോഴും.
എന്താ നീ ഒന്നും മിണ്ടാത്തേ…. അവൾ എൻ്റെ മറുപടിക്കായ് കാത്തിരിന്നു.
അത് ശര്യാ മiദ്യപിച്ചാൽ എനിക്ക് നിന്നോട് ഒരു പ്രത്യേക ഇഷ്ട്ടാ.ഇനി പറ ഞാൻ മiദ്യപിക്കണോ വേണ്ടയോ…?
ആ ചോദ്യം അവളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് മുഖഭാവം കണ്ടാലേ അറിയാം.
ചെറിയൊരു ചിരിയോടേ അവൾ പറഞ്ഞു, അങ്ങനെയാണെങ്കിൽ നീ ഡെയ്ലി രണ്ടെണ്ണം വീiശിക്കോട്ടാ…. അത് പറയുമ്പോഴവളുടെ കവിളിലൊരു നുണക്കുഴി വിരിയുന്നത് ഞാൻ ശ്രദ്ധിച്ചു.
ഓഹോ…. അപ്പോ ഞാൻ കുiടിച്ച് ചiത്തോട്ടല്ലേ….അതാല്ലേ നിൻ്റെ ഉള്ളിലിരുപ്പ്. പറഞ്ഞ് തീർന്നതും ഞങ്ങളൊരുമ്മിച്ച് പൊട്ടിച്ചിരിച്ച് പോയി.
എനിക്കേറ്റവും ഇഷ്ട്ടം അവളുടെ ആ നുണക്കുഴിയാണ്.
അവളുടെ മിഴികൾ വിടരുമ്പോഴും കൺ പീലികൾ തുടിക്കുമ്പോഴും ചെടിയിൽ വിടരുന്ന പൂവിനെക്കാളും മനോഹാരിതയുണ്ടാര്ന്നു അവളുടെ കവിളിൽ വിരിയുന്ന പൂ മൊട്ടിന്…!
അവൾക്കായ് ഒരു പ്രണയ ലേഖനം എഴുതാനായ് ഞാനിരുന്നു. പക്ഷേ എന്തെഴുതണം എങ്ങനെയെഴുതണം എന്ന ചിന്തയിൽ ഒരക്ഷരം പോലും എഴുതാനാവാതെ വിരലുകൾക്കിടയിൽ ശ്വാസം കിട്ടാനാവാതെ പേനയും അസ്വസ്ഥനായിരുന്നു.
വല്ലാത്തൊരു വീർപ്പുമുട്ടലായിരുന്നു ആ ദിനങ്ങളിൽ….പതിയേ പതിയേ ഞാനവളിൽ നിന്ന് അകലാൻ തുടങ്ങി.
കളി ചിരികൾ ഇല്ലാതായ്,അവളുടെ പാട്ട് കേൾക്കാതായി, നുണക്കുഴി കാണാണ്ടായ്….
അവളുടെ സാമീപ്യം എന്നെ ശ്വാസം മുട്ടിച്ചിരുന്നു എന്ന സത്യം തിരിച്ചറിഞ്ഞതോടേ, തൊട്ടടുത്ത് ഉണ്ടായിരുന്നിട്ട് കൂടി കാതങ്ങൾക്കും അപ്പുറത്തേക്ക് മനസ്സ് പാഞ്ഞ് കൊണ്ടിരുന്നു.
ഒരിക്കൽ ഞാൻ പ്രതീക്ഷിക്കാതെ അവളെൻ്റെ മുന്നിലേക്ക് വന്നിട്ട് ചോദിച്ചു.
ശരിക്കും എന്താ നിൻ്റെ പ്രോബ്ളം….? എന്തിനാ എന്നെ ഇങ്ങനെ ഒഴിവാക്കുന്നേ…?? നീ ഒത്തിരി മാറിപോയി…
ഏറേ നേരത്തേ നിശ്ശബ്ദതയ്ക്ക് ശേഷം ഞാനെൻ്റെ മനസ്സിനകത്ത് അടച്ചിട്ടിരുന്ന പ്രണയ ശലഭങ്ങളെ തുറന്ന് വിട്ടു.
ഞാനെൻ്റെ പ്രണയം അവളോട് പറഞ്ഞപ്പോൾ അവളുടെ മുഖം നാണിച്ചെങ്കിലും ആ നുണക്കുഴി അവിടില്ലാര്ന്നു അന്നേരം. മറുപടി സമ്മതമായ് തലക്കുലുക്കുമ്പോഴും ആ നുണക്കുഴി കാണുവാൻ നോക്കിയ എൻ്റെ കണ്ണുകൾക്ക് നിരാശരായ് മടങ്ങേണ്ടി വന്നു.
പിന്നീടുള്ള കണ്ടുമുട്ടലിനും കിന്നാരം പറച്ചിലിനുമിടയിൽ എനിക്കാ നുണക്കുഴിയെ മാത്രം കാണാനായില്ല….!
ഒടുവിലാ സത്യം അവളോടോതി. എനിക്കാ നുണക്കുഴിയാടാര്ന്ന് പ്രണയമെന്ന്….!
എൻ്റെ നെഞ്ചിലിക്കേവൾ ചാഞ്ഞിട്ട് പറഞ്ഞു. സത്യം മാത്രം പറയുന്നവൻ്റെ മുന്നിൽ ഒരിക്കലും വിരിയില്ലെൻ്റെ നുണക്കുഴിയെന്ന്….!