അവളെന്നെ ദയനീയമായി ഒന്ന് നോക്കി ഞാൻ അവളെയും.ഞാൻ പതിയെ അവിടെ നിന്നും തിരികെ ഉമ്മറത്തെത്തി. മുത്തശ്ശി അവിടെ നിൽക്കുന്നുണ്ടായിരുന്നു……..

ഈ ലോകം എന്നും ഓരോ കൗതുകം……

എഴുത്ത്:-റോസ് മേരി ജോസഫ്

കിഴക്കിന്റെ ശ്രീകോവിൽ തുറന്നു, ഇരുട്ടു തുടച്ചുനീക്കി വെളിച്ചത്തിന്റെ പൊൻകതിരു വീശാൻ ചെമ്പട്ടാണിഞ്ഞു പ്രകാശത്തിന്റെ രാജാവ് തേരിലേറി വന്നണഞ്ഞു . അന്നാദ്യമായിട്ടാണ് ആ വരവ് ഞാൻ കണ്ടത്. അഞ്ചു വയസുള്ള ഒരുകുട്ടി ആദ്യമായിട്ടാണ് നേരത്തെ എഴുനേൽക്കുന്നത് എന്ന്‌ പറയുമ്പോൾ വലിയ അദ്ഭുതമൊന്നും ഇല്ല. പക്ഷെ ആ എഴുന്നേൽക്കലിൽ എനിക്കൊരു സുഖമുണ്ട്. ആരും വിളിക്കാതെ തന്നെ ഞാനെണീറ്റു… അതെന്താണെന്നു നിങ്ങളും ഓർക്കുന്നുണ്ടാവുമല്ലേ…

ഒരുതരത്തിൽ പറഞ്ഞാൽ ഇന്നന്റെ ജീവിതത്തിൽ ഒരു പറിച്ചുനടിലിന്റെ ദിവസമാണ്….. അമ്മയുടെ സാരിവാലിൽ തൂങ്ങി നടക്കുന്ന ഞാൻ ഇന്ന് അക്ഷരമുറ്റത്തേക്ക്……. ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതിയലോകം….. പുതിയ നിറത്തിന്റെ പുത്തൻ മണത്തിന്റെ പുതു മുഖങ്ങളുടെ ഒരു ചെറിയ വലിയ ലോകം…. അടുക്കളയിൽ പാത്രങ്ങളോട് മിണ്ടിയും പറഞ്ഞുംനിൽക്കുന്ന അമ്മയുടെ പുറകിൽ ചെന്നൊന്നു തോണ്ടി വിളിച്ചു…

എന്റെ കുഞ്ഞുകൈകൾ തൊട്ടപ്പോൾ അമ്മക്ക് മനസ്സിലായി ആകാംഷ അടക്കാൻ പറ്റാത്തതുകൊണ്ടാണ് എന്റെ ഈ പുറപ്പാട് എന്ന്. ചിരിച്ചോണ്ട് അമ്മ നേരം പുലർന്ന ശേഷം അച്ഛന്റെ കൂടെ അമ്പലത്തിൽ പോയിവന്നശേഷം വിദ്യാലയത്തിലേക്കു പോകാം എന്നു പറഞ്ഞു.ഞാൻ പതുക്കെ ഉമ്മറകൊലയിലേക്ക് നടന്നു. തൊടിയിൽ മണിക്കുട്ടിയുടെ ഒച്ച കേട്ടു. അവളുടെ തള്ള മാളൂനെ കറന്നിട്ടു തൊടിലേക്ക് കെട്ടും. അപ്പൊ മണിക്കുട്ടിനെ അഴിച്ചിടും,രണ്ടു കുതിപ്പിന് അവള് അമ്മേടെ അടുത്തെത്തും. പിന്നെ സമയം കളയാതെ അവളും പാലുകുടിക്കാൻ തുടങ്ങും. ആ കേളു പാലുമുഴുവനും കറന്നെടുക്കും അപ്പൊ മണിക്കൂട്ടിക്ക് കുടിക്കാൻ പാലു കാണുമോ ആവോ…. പാവം!

അവളെ കാണാൻ ഞാൻ തൊടിയിലേക്കിറങ്ങി ഇന്നലെ ആർത്തലച്ചുപെയ്ത മഴയുടെ ബാക്കിപാത്രമായി മണ്ണെല്ലാം കുതിർന്നിരിക്കുന്നു, പുല്ലിലാണേൽ നനവും. എന്റെ കുഞ്ഞിക്കാല്കളിൽ ചെളിയായി…. സാരമില്ല എന്നമട്ടിൽ ഞാൻ അവളെ കാണാനായി നടന്നു…. എന്നെ കണ്ടപ്പോൾ പാലുകുടിക്കുന്നതിന്റെ ഇടയിലും ഒളികണ്ണിട്ടവൾ നോക്കി. ആ നോട്ടം കാണാൻ നല്ല ഭംഗിയാണ്. അവളുടെ കണ്ണുകൾ കാണാൻ എന്തുരസമാ. കരിമഷിയിട്ടു എഴുതിയത് പോലെ തോന്നുന്നു. കുറച്ചു നേരം പാലുകുടിച്ചു കഴിഞ്ഞപ്പോൾ കേളു അവളെ പിടിച്ചു കെട്ടി. പാവം അവൾക്കു അമ്മേടെ അടുത്ത് പോണമെങ്കിൽ ആരേലും അഴിച്ചിടണം. ഞാൻ പമ്മി പമ്മി അവളുടെ അടുത്തേക്ക് ചെല്ലുന്നത് കണ്ടപ്പോൾ കേളുന് കാര്യം മനസ്സിലായി. “വേണ്ടാട്ടോ ” ആ ഒച്ച കേട്ടു ഞാൻ പേടിച്ചു.

അവളെന്നെ ദയനീയമായി ഒന്ന് നോക്കി ഞാൻ അവളെയും.ഞാൻ പതിയെ അവിടെ നിന്നും തിരികെ ഉമ്മറത്തെത്തി. മുത്തശ്ശി അവിടെ നിൽക്കുന്നുണ്ടായിരുന്നു. ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി. നേരത്തെ എണീറ്റതിലുള്ള കളിയാക്കലു പോലെ തോന്നി. സാധാരണ അവരെല്ലരും കൂടി കിടക്കയിലിട്ടുരുട്ടിയാണ് എന്നെ എണീപ്പിക്കാറ്. മുത്തശ്ശിയെയും കുറ്റം പഞ്ഞിട്ടു കാര്യമില്ല. ഞാൻ അകത്തു പോയി കുളിച്ചുവന്നപ്പോഴേക്കും അമ്മ മഞ്ഞയിൽ പച്ച കരയുള്ള പട്ടു പാവാടയും ജാക്കറ്റും എടുത്തു വച്ചിരുന്നു കൂടാതെ അതിനു ചേരുന്ന വളയും മാലയും എല്ലാം ഉണ്ടായിരുന്നു. തൊടിയിലെ മുല്ലയിൽ നിന്നും ഇന്നലെ വൈകുന്നേരം തന്നെ പറിച്ചു കൊരുത്ത മുല്ലമാലയും……എന്തു മണമാണിതിന്നെന്നറിയാമോ?

എന്റെ ഇച്ചിരികുഞ്ഞൻ മുടിയിൽ അമ്മ അതും വച്ചു തന്നു. എന്നിട്ട് അമ്മയും പോയി മുണ്ടും നേരിതും ചുറ്റി വന്നു. അപ്പോഴേക്കും അച്ഛനും കുളികഴിഞ്ഞ് അമ്പലത്തിൽ പോകാൻ റെഡിയായി വന്നു. അച്ഛനും അമ്മയും ഞാനും കൂടി അങ്ങനെ അമ്പലത്തിൽ പോയി. പോകുംവഴിക്കു എല്ലാരോടും എന്തിന് പൂവിനോടും പുല്ലിനോടുപോലും ഞാൻ ആദ്യമായി സ്കൂളിൽ പോകുവാണെന്നു പറഞ്ഞു. കേട്ടവരെല്ലാം “ആണോ, നന്നായി പഠിക്കണം,” എന്നെല്ലാം പറയുവാൻ തുടങ്ങി. ഞാനങ്ങനെ ഗമയിൽ നടന്നു. ചെറുതായിട്ട് അഹങ്കാരം ഉണ്ടായിരുന്നോ എന്നും സംശയമില്ലാതില്ല. തൊഴുതു വീട്ടിലെത്തിയപ്പോൾ അമ്മ പൂരിയും മസാലകറിയും തന്നു. അങ്ങനെ പ്രതാലും കഴിഞ്ഞു സ്കൂളിൽ പോകാനൊരുങ്ങി. രണ്ടുവശങ്ങളിലായി മുടി കൊമ്പ് കെട്ടിത്തന്നു അമ്മ എന്നിട്ട് ഹെയർബൻഡ് പോലെ മുല്ലപ്പൂവും വച്ചു. പുതിയ ബാഗും കുടയുമായി അച്ഛൻ വന്നു. ബാഗ് എന്റെ പുറത്തും പുതിയ പുള്ളികുട കയ്യിലും തന്നു. പലനിറങ്ങ ളുണ്ടായിരുന്നു ആകുടയിൽ, കൂടാതെ അതിന്റെ പിടിയിലുള്ള ചരടിൽ ഒരു വിസിലും. അങ്ങനെ ഇതെല്ലാമായി അച്ഛന്റെ കയ്യും പിടിച്ചിറങ്ങി…..
അന്നാദ്യമായി അമ്മയില്ലാതെ…….

അമ്മയുടെ സരിതുമ്പിൽനിന്നും എന്നെ അടർത്തിമാറ്റിയ ദിവസം……. ഒരു പുതിയ ലോകത്തിലേക്കു അച്ഛൻ എന്നെ പിടിച്ചു കയറ്റി. അച്ഛന്റെ സൈക്കിളിലിന്റെ മുന്നിൽ ഗമയോടെ കയറിയിരുന്നു, അല്ല അമ്മ എന്നെ കയറ്റിയിരുത്തി. അമ്മക്കൊരു ഉമ്മയും കൊടുത്ത് മുത്തശ്ശിയോട് റ്റാറ്റയും പറഞ്ഞു പോയി. അപ്പോൾ അമ്മേടെ കണ്ണ് നിറഞ്ഞു, സന്തോഷശ്രു ആയിരുന്നോ അതോ അമ്മേടെ കിലുക്കാംപെട്ടി പോകുന്നതിലുള്ള സങ്കടമായിരുന്നോ….. ഞാൻ ഇന്നും അത് ചോദിച്ചിട്ടില്ല.

വിദ്യാലയ മുറ്റത്തെത്തിയപ്പോൾ എത്ര എത്ര കുട്ടികൾ…. പല വർണത്തിലുള്ള പുത്തനുടുപ്പുകൾ കുടകൾ ബാഗുകൾ…..?അവിടെ ഊഞ്ഞാലും മറ്റു കളിസാധനങ്ങളും ഉണ്ട്. എല്ലാംകൂടി എനിക്കൊരു കൗതുക ലോകമായി. അങ്ങനെ അന്തമിട്ടു നോക്കി നിൽക്കുന്ന നേരത്തു എന്റെ മുൻപിലേക്കു ഒരു റോസാപൂവും ഒരു മിഠായിയും വന്നു. അതിന്റെ അറ്റത്തു ഒരു കയ്യുണ്ടായിരുന്നു അങ്ങനെ നോക്കിയപ്പോൾ അതിനൊരു തലയും ഉണ്ടായിരുന്നു. ആര് എന്ത് തന്നാലും വാങ്ങരുതെന്ന് അച്ഛനും അമ്മയും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാൻ അച്ഛനെ നോക്കി. അച്ഛൻ ചിരിച്ചുകൊണ്ട് അത് വാങ്ങിക്കോളാൻ പറഞ്ഞു, മാത്രമല്ലഇതാണ് നിന്റെപുതിയ ടീച്ചർ എന്നും പറഞ്ഞു. അങ്ങനെ പുതിയൊരാൾ കൂടി വന്നു.

എന്റെ കുഞ്ഞു കൈകളെ അച്ഛന്റെ കയ്യിൽ നിന്നും വിടുവിച്ച് അകത്തേക്ക് കൊണ്ടുപോയി. അന്നുവരെ കണ്ടിട്ടില്ലാത്ത ആ ടീച്ചറുടെ കൈയും പിടിച്ച് മുന്നോട്ടു നടന്നപ്പോൾഎനിക്ക് പേടി തോന്നി. ഞാൻ അച്ഛന്റെ അരികിലേക്ക് തിരിഞ്ഞോടി. ചിരിച്ചുകൊണ്ട് എന്നെ എടുത്ത് അച്ഛൻ അവിടെനിന്ന് പോവില്ലെന്നും എന്നെ തന്നെ നോക്കി അവിടെ നിന്നോളാം എന്നും എനിക്ക് ഉറപ്പു തന്നു, എന്നിട്ട് എന്നെ ടീച്ചറുടെ കൂടെ അകത്തേക്ക് വിട്ടു. ടീച്ചർ എന്നെഒരു ബെഞ്ചിൽ കൊണ്ടിരുത്തി. ഇടക്കിടയ്ക്ക് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അച്ഛൻ ഇവിടെയുണ്ട് എന്ന അർത്ഥത്തിൽ എന്നെ നോക്കി കൈവിശി കാണിക്കും. ടീച്ചർ എനിക്ക് കുറെ കഥകളും പാട്ടുകളും പറഞ്ഞുതന്നു. അന്ന് ഉച്ചവരെ അച്ഛനും എന്നോടൊപ്പം ആ സ്കൂളിൽ തന്നെ ചെലവഴിച്ചു. ഉച്ചയ്ക്ക് ബെല്ലടിച്ചപ്പോൾ ഞങ്ങളെ എല്ലാവരെയും തിരികെ വീട്ടിലേക്ക് വിട്ടു. ഞാൻ അച്ഛന്റെ കൂടെ സൈക്കിളിൽ തിരിച്ചു വീട്ടിൽ എത്തി. അമ്മയെ കണ്ടപാടെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ഒരുപാട് ഉമ്മ കൊടുത്തു. എന്നിട്ട് എനിക്ക് പൂ കിട്ടിയതും മിഠായി കിട്ടിയതും അമ്മയോട് പറഞ്ഞു. ടീച്ചർ കുറെ പാട്ടുകളും കഥകളും പറഞ്ഞുതന്നു എന്നും പറഞ്ഞു. അങ്ങനെ അച്ഛനോടൊപ്പം ദിവസവും രാവിലെ ആ യാത്ര തുടർന്നു. തിരിച്ചു വരുമ്പോൾഅമ്മയോട് വിശേഷങ്ങൾ പറയാനും മറക്കാറില്ല. അമ്മയാണ് എന്നെ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നത്. അങ്ങനെ അതൊരു തുടർകഥയായി ……

ഓരോ ക്ലാസ് കയറുമ്പോഴും സ്കൂളിൽ പോകുന്നരീതികൾ മാറി വന്നു.അച്ഛന്റെ സൈക്കിൾ മാറി ഞാൻ, ഓട്ടോയിൽ ആയി പോക്ക്, പിന്നെയത് ഞാൻ തനിയെ സൈക്കിളിലായി…. കൂട്ടുകാരുടെ എണ്ണം കൂടി. ഞാൻ വലുതാവും തോറും എന്റെ സംസാരരീതിയും മാറിവന്നു. വിശേഷങ്ങൾ അമ്മയോട് പറയുന്നത് കുറഞ്ഞുവന്നു, കൂട്ടുകാരോട് കൂടിവന്നു. ഇപ്പോൾ അമ്മ എനിക്ക് ദിവസവും കാണുന്ന ഒരു ജോലിക്കാരി മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. അച്ഛന്റെ സൈക്കിൾ മറ്റുള്ളവരുടെ മുൻപിൽ ഒരുനാണക്കേടായി തോന്നുന്നു. അവരുടെ വസ്ത്രധാരണം ഒട്ടും തന്നെ മോഡേൺ അല്ല എന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു. പുറത്ത് പഠിക്കാൻ പോയപ്പോൾ അവർ എനിക്ക് ചേർന്ന മാതാപിതാക്കൾ അല്ല എന്നു പോലുo തോന്നിയിരിക്കുന്നു.?

പൂവിനെയും പുല്ലിനെയും മണ്ണിനെയും സ്നേഹിച്ച എന്നെ എനിക്ക് നഷ്ടമായിരിക്കുന്നു. പെറ്റ വയറിനോട് അകൽച്ച തോന്നുന്നെനിക്ക് എങ്ങനെയാ പിറന്ന മണ്ണിനെ സ്നേഹിക്കാൻ കഴിയുക! ഇന്ന് ഞാൻ ആരോ വിരിച്ച മാസ്മരികവലയത്തിൽ കൈകാലിട്ടടിക്കുന്ന ശലഭമാണ്. തിരിച്ചറിവിന്റെ ചിറകുകൾ കിട്ടി ആ വലയം ഭേധിച്ചു പുറത്തെത്തുമ്പോഴേക്കും എനിക്ക് എന്തെല്ലാമോ നഷ്ടപ്പെട്ടിരിക്കും. ഒരിക്കലും തിരിച്ചെടുക്കാൻ ആവാത്ത വിധം എന്നിൽ നിന്നും അകത്തുന്നിട്ടുണ്ടാവും. ജീവന് തുല്യം എന്നെ സ്നേഹിച്ച അച്ഛനെയും അമ്മയെയും വിലകുറച്ചു കാണുന്ന എന്നെ ഈ ലോകവും അങ്ങനെയെ കാണുകയുള്ളൂ എന്ന് ഓർക്കുന്നതും നല്ലതായിരിക്കും. അവരെ കാണാതെ ഈ ലോകത്ത് എന്ത് വെട്ടിപ്പിടിച്ചാലും അതൊരു വിഡ്ഢിയുടെ മൂഢ സ്വർഗം ആണെന്ന് മനസ്സിലാക്കുന്ന ദിവസം എനിക്ക് ജീവന്റെ വിലയായ ജീവിതത്തിലേക്ക് കാലു വെക്കാൻ സാധിക്കും. അന്നേ ഭൂതത്തിന്റെ നിധിക്ക് കാവൽ ഇരിക്കുന്ന ഞാനൊരു മനുഷ്യനാവൂ….. മനുഷ്യത്വമുള്ള ഒരു മനുഷ്യൻ…മജ്ജയും മം സവും ജീവനും തന്ന ഒരു അച്ഛന്റെയും അമ്മയുടെയും……….. ആരുടെ യൊക്കെയോ…… ആരെല്ലാമോ……..

Leave a Reply

Your email address will not be published. Required fields are marked *