Story written by Ammu Santhosh
അവളെ അവനു ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ സത്യത്തിൽ അവനെ കൊiല്ലാനല്ല സ്വയം മരിക്കാനാണ് തോന്നിയത് പിന്നേ ചിന്തിച്ചു. എന്തിനു ?ഒരു പെണ്ണിലെന്തിരിക്കുന്നു ?ഇവൾ പോയാൽ വേറെ ഒരുവൾ…
പക്ഷെ അങ്ങിനെ ചിന്തിക്കുമ്പോളും ഒന്നിച്ചു കളിച്ചു വളർന്ന ആ നല്ല നാളുകൾ.. അവളുടെ നുണക്കുഴി വിരിയിച്ച ചിരി.. ഒരു മഴയിൽ നനഞ്ഞു ഒരു വാഴയില കുടയായി പിടിച്ചു നടന്ന വൈകുന്നേരങ്ങൾ. സ്വയം ഉരുകി തീരുന്ന ഒരു അവസ്ഥയുണ്ടല്ലോ അത് പറഞ്ഞു അറിയിക്കാൻ ആവുന്നതല്ല. അവളെ ഇഷ്ടം ആണെന്ന് വേറെ ആര് പറഞ്ഞാലും അവനെ ഞാൻ കൊiന്നേനെ.
ഇത് അവനാണ് സമീർ. ആരുമില്ലാത്തവൻ. എന്റെ അച്ഛന്റെ ഔദാര്യത്തിൽ ജീവിക്കുന്നവൻ. ചെറുപ്പത്തിൽ വീട്ടിൽ വേലയ്ക്കു വരുന്ന അവന്റെ ഉമ്മയോടൊപ്പം ആയിരുന്നു ഞാൻ അവനെ ആദ്യം കാണുന്നത്. പൊട്ടിയ വള്ളി വലിച്ചു നിക്കർ ശരിയാക്കി മൂക്കള ഒളിപ്പിച്ചു ഒരു ഗ്രഹണി പിടിച്ച പയ്യൻ. അവന്റെ അച്ഛൻ ആരാണെന്ന് ആർക്കും അറിയില്ല. ഏതോ നാട്ടിൽ നിന്ന് എന്റെ തറവാട്ടിലേക്ക് ജോലി അന്വേഷിച്ചു വരുമ്പോൾ അവർ ഗർഭിണി ആയിരുന്നു. പിന്നെ അവർ എന്റെ വീട്ടിൽ ആയി ഒരു അംഗം പോലെ.
സമീർ എന്റെ കൂടെപിറപ്പ് പോലെ തന്നെ.അവളും ഞാനും സമീറും… ഗാഢമായ ഒരു സൗഹൃദം ആയിരുന്നു അത്. അവനറിയില്ലല്ലോ എന്റെ മനസ്സ്. അവളുടെ മനസ്സ് എനിക്കും അറിയില്ല. അവൾക്കു ഞങ്ങളിൽ ആരെയാണ് ഇഷ്ടം ?
ഇന്ന് ഒരു തീരുമാനം ആകും മിക്കവാറും പെണ്ണുങ്ങൾ പറയും പോലെ എന്റെ സാമ്പത്തിക സ്ഥിതി വെച്ച് എന്നെ ഇഷ്ടം ആണെന്ന് പറയാതിരിക്കുന്നതാണ് അവൾക്കു നല്ലത്. എന്നെയും അവനെയും അവൾക്കു നഷ്ടം ആകും. അവനെ ഇഷ്ടം ആണെന്ന് പറഞ്ഞാൽ ഞാൻ സന്തോഷിക്കുമോ ? അവളോടെനിക് ബഹുമാനം തോന്നും… അത്ര തന്നെ.
അവൾ വരുന്നതും കാത്തു നിൽക്കുകയാണിപ്പോൾ ഞാൻ.
അവൾ വന്നു പോയി… അവൾക്കു ഞങ്ങൾ രണ്ടും പേരും കൂട്ടുകാർ മാത്രം ആണത്രേ. നന്നായി. അതാണ് നന്നായതു. ഇനി ഒരു വിഷമം വേണ്ട… അല്ലെങ്കിൽ ഒരു പ്രണയം പോകുന്നതിനോടൊപ്പം ഒരു സൗഹ്രദവും പോയേനെ.. അവൾ പോയാലും സമീർ എന്നാ കൂട്ടുകാരൻ എനിക്ക് വേണം എന്നും.
പെണ്ണിനെ വില കുറച്ചു കാണുകയല്ല… പെണ്ണ് എന്നത് ഏറ്റവും ഉന്നതമായ ഒരു തണൽ തന്നെയാണ്… പക്ഷെ കൂട്ടുകാരനെ വേദനിപ്പിച്ചു അവന്റെ പെണ്ണിനൊപ്പം ജീവിക്കാൻ വയ്യ…
എനിക്കായി ഒരുവൾ ഉണ്ടാകും. അവനായും അത് രണ്ടും ഒരാൾ ആവണ്ട… സമാധാനം ഉണ്ടാവില്ല. ഒരിക്കലും. പ്രണയം എന്നത് മനുഷ്യനെ ദഹിപ്പിക്കാനുള്ള തീയവാതിരിക്കട്ടെ