എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
കുടുംബത്തിന്റെ ഐക്ക്യത്തിനായുള്ള പൂജ ചെയ്ത് നടക്കുന്ന കാലമായിരുന്നുവത്. ഒരു ഫലവും ഉണ്ടായില്ല. മനുഷ്യരുടെ കുടുംബം നന്നാക്കേണ്ട പണി ചെയ്യുന്നവരല്ല ദൈവമെന്ന് വരെ എനിക്ക് തോന്നിപ്പോയി. എന്നിരുന്നാലും, അങ്കലാപ്പുകൾക്കെല്ലാം ആശ്വാസ മെന്നോണം എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് തൂങ്ങാൻ ദൈവമെന്ന കച്ചിത്തുരുമ്പ് മാത്രമല്ലേയുള്ളൂ…
‘അതേയ്… തെങ്കാശിയിലൊരു പെരുമാൾ കോവിലുണ്ട്. വഴിപാടാണ്. നിങ്ങള് വരുമോ..?’
അന്ന്, ഞാൻ ഭർത്താവിനോട് ചോദിച്ചതാണ്. അതിന് മാത്രം പ്രശ്നങ്ങൾ ഈ കുടുംബത്തിൽ ഉണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. ഉണ്ടെന്ന് പറഞ്ഞിട്ടും ഒപ്പം വരാൻ അദ്ദേഹം കൂട്ടാക്കിയില്ല. വേണ മെങ്കിൽ നിന്റെ അനിയനേയും കൂട്ടി പോയിക്കൊള്ളൂവെന്ന അഭിപ്രായവും പറഞ്ഞു. അത് പിന്നെ എനിക്ക് അറിഞ്ഞുകൂടെ… വയറ് നിറയെ ഭക്ഷണവും, ഒരു ജോഡി ഡ്രെസ്സും വാങ്ങി കൊടുത്താൽ അവനേത് നരകത്തിലേക്ക് വരെ എന്റെ കൂടെ വന്നുകൊള്ളും…
പിറ്റേന്ന് കാലത്ത് തന്നെ അനിയനുമായി തെങ്കാശിയിലേക്ക് ഞാൻ പുറപ്പെട്ടു. വൈകുന്നേരത്തിന് മുമ്പേ ആ ഗ്രാമത്തിൽ എത്തുകയും ചെയ്തു. പ്രതീക്ഷിച്ച തിരക്കൊന്നും പെരുമാൾ കോവിലിൽ ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ അവിടുത്തെ എല്ലാ വഴിപാടുകളും എന്റെ കുടുംബത്തിന്റെ പേരിൽ കഴിക്കാൻ പെട്ടെന്ന് തന്നെ എനിക്ക് സാധിച്ചു. ഏതിലാണ് ഫലമുണ്ടാകുമെന്ന് ആര് കണ്ടു. വീട്ടിൽ ഒത്തൊരുമ വേണമെന്നേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ…
അങ്ങനെ, വലുതും ചെറുതുമായ ഇരുപത്തിയാറ് പൂജകളുടെ പണമടച്ച രസീതിയുമായി പ്രസാദത്തിനായി കാത്തിരിക്കുമ്പോഴാണ് ഞങ്ങളൊരു ഗ്രാമവാസിയുമായി സംസാരിക്കാൻ ഇടയായത്. അൽപ്പം മാറിയൊരു ദിവ്യനുണ്ട് പോലും.
‘ദിവ്യനോ…?’ ഞാൻ ചോദിച്ചു.
‘ആമാ അമ്മാ… പെരിയ അറിവാളി… ഇന്ത സ്വാമിവിടെ ശക്തിയിർക്ക് അന്ത സ്വാമിക്ക്… നാൻ കൂട്ടിട്ട് പോറെ അമ്മാ.. വാങ്കോ…’ ആ വൃദ്ധൻ പറഞ്ഞു.
മറ്റൊന്നും ആലോചിക്കാതെ ഞാനും അനിയനും അയാളുടെ കൂടെ നടന്നു. ആ വിശ്വാസി പറഞ്ഞതിൽ എന്തെങ്കിലും വസ്തുതയുണ്ടാക ണമേയെന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു. എന്തെങ്കിലുമൊരു പരിഹാരം കണ്ടില്ലെങ്കിൽ എന്റെ കുടുംബത്തിൽ നിന്ന് ഓരോരുത്തരായി അഴിഞ്ഞ് പോകുമെന്ന ഭയം അത്രത്തോളം എന്നിലുണ്ടായിരുന്നു…
ഭർത്താവിന്റെയും മക്കളുടെയും കൂടെ സന്തോഷമായി ജീവിക്കാൻ ആഗ്രഹിക്കുന്നയൊരു വിശ്വാസിയായ വീട്ടമ്മയാണ് ഞാൻ. പണമെത്ര ചിലവായാലും എന്റെ വീട്ടിൽ ഐക്യം ഉണ്ടായാൽ മതി. ആ മനസ്സുമായി ചലിക്കുന്ന എന്നോട്, അരികിലൊരു ദിവ്യനുണ്ടെന്ന് ഒരാൾ പറഞ്ഞാൽ എങ്ങനെയാണ് പോയി നോക്കാതിരിക്കാൻ പറ്റുക…! എത്രയോ ക്ഷേത്രങ്ങളിൽ കയറിയിറങ്ങിയ എനിക്കാണോ ഇതുകൂടി പരീക്ഷിക്കാൻ സാധിക്കാത്തത്…!
‘അങ്കതാ സ്വാമിയിർക്ക്… കവലപ്പെടാതമ്മാ.. പോ.. ഉങ്കളുടെ മൊഴിയെല്ലാം അവർക്ക് തെരിയും..’
എന്നും പറഞ്ഞ് കൂടെ വന്ന ആ മനുഷ്യൻ നിന്നു. മുൻകൂട്ടി അനുവാദം വാങ്ങാതെ അയാൾക്ക് അങ്ങോട്ട് വരാൻ പാടില്ലത്രേ.. മുന്നിൽ മാന്തോപ്പാണ്. ശ്രദ്ധിച്ചപ്പോൾ, ഒരു കുടില് കാണാം. അനിയനെ മുന്നിൽ നടത്തി ഞാൻ അങ്ങോട്ടേക്ക് ചെന്നു. പെട്ടെന്നാണ് എന്റമ്മോയെന്ന് വിളിച്ച് എന്റെ അനിയൻ തിരിഞ്ഞോടിയത്. നോക്കുമ്പോൾ അതാ എന്റെ പാതി ഉയരത്തിൽ കറുത്തയൊരു നായ നാക്ക് വെളിയിലിട്ട് ഓടി വരുന്നു. ഭയത്തിൽ ഞാൻ സ്തംഭിച്ചുപോയി. എന്റെ ദേഹത്തേക്ക് അത് ചാടി വീഴുമെന്ന് തോന്നിയപ്പോൾ കണ്ണുകൾ രണ്ടും ഞാൻ മുറുക്കെയടച്ചു.
‘ഗുരൂ…. വാടാ ഇങ്കെ…’
കാതുകളിൽ ആ ശബ്ദം കേട്ടപ്പോഴാണ് പതിയേ ഞാൻ കണ്ണുകൾ തുറക്കുന്നത്. കറുത്ത മുണ്ടുടുത്തയൊരു മെലിഞ്ഞ മനുഷ്യൻ. മേൽവസ്ത്രമില്ല. താടിയും, തലയിൽ ജഡയുമുണ്ട്. ചുണ്ടിലെ ബീiഡി തനിയേ പുകയൂതുകയാണ്. അതാണ് ദിവ്യനെന്ന തോന്നലിൽ ഞാൻ കൈകൂപ്പി നിന്നു. എന്നെ ഭയപ്പെടുത്തിയ ആ നായയുടെ പേര് ഗുരു എന്നാണെന്ന് അറിഞ്ഞപ്പോൾ ഒരു സംശയം തോന്നാതേയുമില്ല. അപ്പോഴേക്കും പ്രാണഭയത്തിൽ ഓടിപ്പോയ അനിയൻ പതിയേ തിരിച്ചെത്തിയിരുന്നു.
‘മലയാളിയാ… ഉക്കാറ്… അല്ല… ഇരിക്ക്…’
ആ മനുഷ്യൻ ഞങ്ങളെ സ്വാഗതം ചെയ്യുകയും, ഒരു തണലിലെ ഇരിപ്പിടത്തിൽ ഇരിക്കാൻ ആവിശ്യപ്പെടുകയും ചെയ്തു. ഞങ്ങൾ അനുസരിച്ചു. എന്താണ് കാര്യമെന്ന് ദിവ്യൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞ് തുടങ്ങുകയായിരുന്നു…
കുടുംബത്തിൽ ഞങ്ങൾ നാല് പേരാണ്. കോളേജിൽ പഠിക്കുന്ന പ്രായത്തിലൊരു മോളും, മോനുമുണ്ട്. ഈയിടെയായി ആർക്കും ആരോടും പരസ്പരം സംസാരിക്കാൻ നേരമില്ല. പഴയത് പോലെ അടുപ്പത്തോടെ ഇടപെടുന്നില്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ അവരൊക്കെ പോയ വഴിക്കാണ്. വന്നാൽ ഫോണുമായി ഓരോ ഇടം പിടിച്ചിരിക്കും. മോന്റെ കാര്യമാണ് കൂടുതൽ കടുപ്പം. അവന് ആരും വേണ്ട. ജീവിനില്ലാത്ത ആരൊക്കെയോ അവന്റെ കമ്പ്യൂട്ടറിലുണ്ട്. വീട്ടിലെത്തിയാൽ അവന്റെ മുഴുവൻ നേരവും അവർക്കാണ്. മോൾക്കാണെങ്കിൽ ഏത് നേരവും കൊറിയൻ സീരിയൽ കണ്ടാൽ മതി.
‘ഇത്രേയുള്ളൂ… സൊ സിമ്പിൾ…’
എന്നും പറഞ്ഞ് ആ ദിവ്യൻ ഒരു ബീiഡി കത്തിച്ചു. ഇയാള് ആസാമിയാണെന്നൊക്കെ അനിയൻ എന്റെ കാതിൽ പിറുപിറുക്കുന്നുണ്ട്. ഞാനത് കാര്യമാക്കിയില്ല. ആ കണ്ണുകളിൽ ഒരു ജ്ഞാനം ഞാൻ കാണുന്നു. എന്റെ ആവലാതികൾക്ക് ആ മനുഷ്യനൊരു പരിഹാരമുണ്ടാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
‘നിങ്ങൾ പെരുമാൾ കോവിലിൽ കൊടുത്തതിനേക്കാളും കൂടുതൽ പണം എനിക്ക് തരേണ്ടി വരും. അങ്ങനെയെങ്കിൽ നാളെ മുതൽ നിങ്ങളുടെ പ്രശ്നമൊക്കെ തീരും…’
അത്രയ്ക്കും ആത്മവിശ്വാത്തോടെ അയാൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സംശയിക്കാൻ തോന്നിയില്ല. പണം ഞാൻ കൊടുത്തു. അത് വാങ്ങിയതിന് ശേഷം അയാൾ എന്റെ അനിയനുമായി ആ മനോഹരമായ കുടിലിനകത്തേക്ക് കയറി. എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല. വൈകാതെ അവർ വരുകയും ചെയ്തു.
‘കർമ്മങ്ങൾ അനിയനോട് പറഞ്ഞിട്ടുണ്ട്. ഒരു കാരണവശാലും നിങ്ങൾ തമ്മിൽ രണ്ട് നാൾ സംസാരിക്കരുത്… സംസാരിച്ചാൽ ഫലമുണ്ടാകില്ല…’
ശരി സ്വാമിയെന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങി. പറഞ്ഞത് പോലെ ചെയ്തില്ലെങ്കിൽ നിന്റെ വലത് കൈ കുഴഞ്ഞ് പോകുമെന്ന് പോകാൻ നേരം അനിയനെ ആ സ്വാമി വീണ്ടും ഓർമിപ്പിച്ചിരുന്നു.
പെരുമാൾ കോവിലിൽ നിന്ന് പ്രസാദവും വാങ്ങിയുള്ള തിരിച്ച് പോക്കിൽ അനിയന്റെ മുഖം ആകെ അസ്വസ്ഥമായിരുന്നു. അവന് എന്നോട് പലതും പറയണമെന്നുണ്ട്. ഞാൻ സമ്മതിച്ചില്ല. രാത്രിയായി വീടെത്താൻ. വണ്ടി നീ കൊണ്ട് പോയിക്കോയെന്ന് പറയുമ്പോഴും അവനിലൊരു ആമാന്തമുണ്ടായിരുന്നു. മറ്റൊന്നും ആലോചിക്കാതെ, സ്വാമി പറഞ്ഞത് പോലെ തന്നെ ചെയ്യണമെന്നും പറഞ്ഞാണ് ഞാൻ അവനെ പറഞ്ഞയച്ചത്.
എന്തായിരിക്കും ആ കർമ്മമെന്ന് ഓർത്ത് കൊണ്ടാണ് ആ രാത്രി വെളുത്തത്. പിറ്റേന്ന് എല്ലാം പതിവ് പോലെ തന്നെ നടന്നു. ഒന്ന് പറയുക പോലും ചെയ്യാതെ മൂന്ന് പേരും മൂന്നിടത്തേക്ക് പോയി. വൈകുന്നേരമായപ്പോൾ എല്ലാവരും തിരിച്ചെത്തുകയും ചെയ്തു. വിളമ്പി വെച്ചതെല്ലാം ഫോണിൽ നോക്കികൊണ്ടാണ് കഴിക്കുക. ശേഷം, അവരവരുടെ ഇടങ്ങളിലേക്ക് പോകും. ഞാനും ഭർത്താവും ഒരു മുറിയിൽ ആണെങ്കിലും നീളൻ സംസാരങ്ങളിലേക്കൊന്നും അദ്ദേഹം എന്നെ കൊണ്ട് പോകാറില്ല..
എന്ത് കർമ്മമായിരിക്കും ആ ദിവ്യൻ അനിയനെ ഏൽപ്പിച്ചതെന്ന് ഓർത്താണ് അന്നും ഞാൻ കിടന്നത്. എപ്പോഴോ മയക്കം എന്നേയും പിടികൂടി. അൽപ്പനേരം കഴിഞ്ഞപ്പോൾ ദൂരെ നിന്ന് അമ്മേയെന്ന ശബ്ദം ഉയരുന്നത് പോലെ! ഞെട്ടലോടെ ഞാൻ കണ്ണ് തുറന്നു. സ്വപ്നമായിരുന്നില്ല! മോളുടെ അലർച്ചയാണ് കേൾക്കുന്നത്! ജനാലയുടെ കണ്ണാടിച്ചില്ല് പൊട്ടിത്തകരുന്നതും കേൾക്കാമായിരുന്നു…!
ഭയത്തോടെ ഉണർന്ന എല്ലാവരും വെപ്രാളത്തോടെ ഹാളിൽ ഒത്തുകൂടി. ആർക്കും പരിക്കൊന്നുമില്ല. പക്ഷെ, ആരോ ഞങ്ങളുടെ വീട്ടിലേക്ക് കല്ലെറിഞ്ഞിരിക്കുന്നു. മൂന്ന് നാല് ജനാല പൊട്ടിത്തകർന്നിരിക്കുന്നു. പുറത്തിറങ്ങാൻ ഞങ്ങൾക്ക് ധൈര്യം ഉണ്ടായിരുന്നില്ല. സീസി ടീവി നോക്കിയപ്പോൾ മുഖമൊക്കെ മറച്ച് ആരോ മതിലിന്റെ പരിസരത്തായി നിൽക്കുകയാണ്. തുടർന്ന് മറഞ്ഞ് പോയി. അപ്പോഴേക്കും അദ്ദേഹം വിളിച്ചറിയച്ച പ്രകാരം പോലീസുകാർ എത്തിയിരുന്നു.
വെളിച്ചം വീണപ്പോഴാണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത്. നാട്ടുകാരൊക്കെ കൂടിയിട്ടുണ്ട്. എല്ലാവരും ഞങ്ങളുടെ മതിലിൽ നോക്കിയാണ് നിൽക്കുന്നത്. ഞാനും അങ്ങോട്ടേക്ക് ചെന്നു. ജാഗ്രതയെന്ന് വെടിപ്പായി മതിലിൽ എഴുതിയിരിക്കുന്നു. അന്വേഷിക്കാമെന്ന് പറഞ്ഞ് പോലീസുകാർ പോയെങ്കിലും ഞങ്ങൾക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല.
മോള് വല്ലാതെ ഭയന്നിട്ടുണ്ട്. അന്ന് മുഴുവൻ അദ്ദേഹത്തിന്റെ കൂടെ തന്നെയായിരുന്നു അവൾ. അമ്മ പേടിക്കണ്ടായെന്നൊക്കെ സമാധാനിപ്പിച്ച് മോനും എന്നെ ചുറ്റിയിരുന്നു. അയൽക്കാരൊക്കെ ഒഴിഞ്ഞ് പോകുന്ന നേരത്താണ് എന്റെ അനിയൻ വരുന്നത്. അവന്റെ മുഖം കണ്ടാൽ തന്നെയൊരു പന്തികേടുണ്ട്. ആ സംശയം തീർക്കാൻ ഞാൻ അനിയനെ അടുക്കളയിലേക്ക് കൊണ്ട് പോയി. എന്തെങ്കിലും ചോദിക്കും മുമ്പേ പോക്കറ്റിൽ നിന്നൊരു ഉരുളൻ കല്ലെടുത്ത് അവൻ എനിക്ക് തരുകയായിരുന്നു…
‘സ്വാമി പറഞ്ഞത് കൃത്യമായി ചെയ്തിട്ടുണ്ട് ചേച്ചി….’
വളരേ നിഷ്ക്കളങ്കതയോടെയാണ് അനിയനത് പറഞ്ഞത്. ചിരിക്കണോ, കരയണോയെന്ന് പോലും അറിയാത്ത നിമിഷങ്ങൾ. എന്തിനാണ് ആ ദിവ്യനെന്ന് പറയുന്നവൻ എന്റെ കാശും വാങ്ങി എന്റെ വീട്ടിലേക്ക് തന്നെ കല്ലെറിയിപ്പിച്ചതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലായില്ല. പക്ഷെ, ഓരോ നാളും ആ കർമ്മത്തിന്റെ ഫലം എനിക്ക് അനുഭവിക്കാൻ പറ്റുന്നുണ്ടായിരുന്നു…
തുടർന്നുള്ള നാളുകളിലെ രംഗങ്ങളൊന്നും പഴയത് പോലെയായിരുന്നില്ല. കോളേജിൽ പോയ മക്കള് പ്രശ്നമൊന്നും ഇല്ലല്ലോ അമ്മേയെന്ന് ആവർത്തിച്ച് അന്വേഷിക്കുന്നുണ്ട്. ഭർത്താവ് ആണെങ്കിൽ ചില ദിവസങ്ങൾ അവധിയൊക്കെ എടുത്ത് എന്നോടൊപ്പം വീട്ടിൽ കൂടുന്നു. പരസ്പരം സംസാരിക്കാനും, കേൾക്കാനും, നേരം കണ്ടെത്താനും മൂന്നുപേർക്കും ഇപ്പോൾ സാധിക്കുന്നുണ്ട്. ആ മാറ്റം ആസ്വദിക്കാൻ കുടുംബത്തിന് ഒന്നടങ്കം പറ്റുന്നുണ്ടെന്നതാണ് പ്രധാനമായും പറയേണ്ടത്…
ഞാൻ ഓർക്കുകയായിരുന്നു. ജനാല ചില്ലിൽ കല്ലേറ് കൊണ്ടപ്പോഴാണ് കുടുംബത്തിന്റെ ഐക്ക്യം എനിക്ക് തിരിച്ച് കിട്ടുന്നത്. ചെയ്തതിലെ ശരി തെറ്റുകൾക്കപ്പുറം, അനിയൻ ആസാമിയാണെന്ന് പറഞ്ഞ ആ മനുഷ്യൻ എത്ര നിസ്സാരമായിട്ടാണ് എനിക്ക് പരിഹാരമുണ്ടാക്കി തന്നത്…
ശരിയാണ്. പ്രതിസന്ധിയെന്ന് വന്നാൽ സ്നേഹമുള്ളവരുടെ കുടുംബത്തിന് ഒരുമിച്ച് നിന്നേ പറ്റൂവെന്ന് അത്രയും മനോഹരമായാണ് അയാൾ പറഞ്ഞ് തന്നിരിക്കുന്നത്…
പരസ്പരം അഴിഞ്ഞ് പോകുമെന്ന് തോന്നുന്ന കുടുംബങ്ങളിൽ പരീക്ഷിക്കാവുന്ന ഈ കല്ല് പൂജ പറഞ്ഞ് തരാൻ ഇവിടുത്തെ ഒരു ക്ഷേത്ര ദൈവങ്ങൾക്കും സാധിക്കാത്തതിലുള്ള ലജ്ജ എനിക്കുണ്ട്. ആ മെലിഞ്ഞ ദിവ്യനോടുള്ള നന്ദിയോടൊപ്പം, ഒരു വിശ്വസിയെന്ന നിലയിൽ അതുകൂടി ഞാൻ ഇവിടെ രേഖപ്പെടുത്തുന്നു…!!!

