ആടിപ്പാടി രണ്ടുനാൾ കുടുംബ സമേതം ആഘോഷിക്കുമ്പോൾ പാറൂവെന്ന് പേരുള്ളയൊരു ജീവൻ അടച്ചിട്ട വീടിനുള്ളിൽ ഉണ്ടെന്നത് ഞാൻ ഓർത്തതേയില്ല……

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

അമ്മിണി പെറുമ്പോൾ ഒരു കുഞ്ഞിനെ തരണമെന്ന് ഞാൻ പറഞ്ഞു. അതുകേട്ട് മുഖം ചുളിച്ചുകൊണ്ടാണ് ഗോമതി പോയത്. എനിക്ക് ദേഷ്യം വന്നു. അവളുടെ അമ്മേടെ ബന്ധത്തിലുള്ള ഒരുത്തനാണ് എന്റെ പെങ്ങളെ കെട്ടിയത്. അതുകൊണ്ട് മാത്രം ഞാൻ ഗോമതിയോട് ക്ഷമിച്ചു.

അല്ലെങ്കിലും ഒരുമിച്ച് അഞ്ചാറെണ്ണത്തിനെ ചറപറാന്ന് പെറുന്ന അമ്മിണിയുടെയൊരു കുഞ്ഞിനെ എനിക്ക് തന്നാൽ അവളുടെ വളയൂരി പോകുമോ..! അഹങ്കാരി…! അവൾക്ക് മാത്രമേയുള്ളൂ ഒരു പൂച്ച..!

ഇതിയാൻ എന്നെ കെട്ടികൊണ്ട് വന്ന കാലം തൊട്ടേ അയൽക്കാരിയായ ഗോമതിയുടെ വീട്ടിൽ പൂച്ചയും പട്ടിയും താറാവുമൊക്കെയുണ്ട്.. അവളും അവളുടെ കുഞ്ഞുങ്ങളും അതീങ്ങളെയൊക്കെ കൊഞ്ചിച്ചും ലാളിച്ചുമൊക്കെ കൊണ്ടുനടക്കുന്നത് കണ്ടപ്പോൾ തൊട്ടുള്ള മോഹമാണ് ഒരു വളർത്ത് നായയോ പൂച്ചയോ വേണമെന്നത്. അതുകൊണ്ട് ചോദിച്ചുപോയതായിരുന്നു…

രാത്രി കുഞ്ഞിനേയും ഉറക്കി കെട്ടിയോനോട്‌ കിന്നാരം പറഞ്ഞ് കട്ടിലിൽ വീഴുമ്പോൾ എനിക്കൊരു പൂച്ചകുഞ്ഞിനെ വേണമെന്ന് ഞാൻ അതിയാനോട് പറഞ്ഞു. എന്റെ സ്പർശനങ്ങളിൽ കോരിത്തരിച്ച് നിൽക്കുന്ന അതിയാന് സമ്മതിക്കാതെ നിവർത്തിയില്ലായിരുന്നു…

പിറ്റേന്ന് വൈകുന്നേരം ചെറിയ ഹാർഡ്ബോർഡ്‌ ബോക്സിൽ ഒരു പെൺ പേർഷ്യൻ പൂച്ചക്കുഞ്ഞുമായി അതിയാൻ വന്നു. ബോക്സ്‌ തുറന്നപ്പോൾ അവളുടെ കുഞ്ഞ് കണ്ണുകൾ തിളങ്ങി. ഞാൻ അതിനെ രണ്ടും കൈയ്യും നീട്ടി ഉയർത്തുകയും, മുഖത്തോട് ചേർത്ത് ഉരസ്സുകയും ചെയ്തു. അന്നത്തെ എന്റെ സന്തോഷം മുഴുവൻ കെട്ടിയോന്റെ ചങ്കിൽ ഉമ്മ വെച്ച് ഞാൻ പ്രകടിപ്പിച്ചു.

പിറ്റേന്ന് തന്നെ ഗോമതി കേൾക്കെ ആ പേർഷ്യൻ പൂച്ചക്കുഞ്ഞിനെ ഞാൻ പാറൂവെന്ന് വിളിച്ചു. അവൾ കാൺകെ പാലും കൊടുത്തു. എന്റെ പാറുവിനെ കണ്ടപ്പോൾ എന്തു ചേലാണെന്നും പറഞ്ഞ് ഗോമതിയും പിള്ളേരും അടുത്തെത്തി. അതിയാൻ ചിക്കിളി കൊടുത്ത് വാങ്ങിയതാണ് എന്റെ പാറുവിനെയെന്ന് ഞാൻ ഗമയിൽ പറഞ്ഞു. ഗോമതി പാറുവിനെ എടുക്കാൻ ശ്രമിച്ചപ്പോൾ വേണ്ടെന്നും നിങ്ങളുടെ അമ്മിണിയെ പോലെ നാടനല്ലെന്നും കൂടി പറഞ്ഞു.

കുഞ്ഞിനെ ചോദിച്ചപ്പോൾ ചുളിഞ്ഞ അതേ മുഖവുമായി പിള്ളേരെയും കൂട്ടി ഗോമതി പോയി….

നാളുകൾക്കുള്ളിൽ പാറൂ വളർന്നു. അടുക്കളയിലും കിടപ്പുമുറിയിലും മുറ്റത്തുമായി അവൾ ഉല്ലസ്സിച്ച് നടന്നു. പതിയെ പതിയെ പാറൂവിന്റെ പലകാര്യങ്ങളും എനിക്ക് ശ്രദ്ധിക്കാൻ പറ്റാതായി. നേരത്തുള്ള ഭക്ഷണവും ആഴ്ച്ചയിലുള്ള അവളുടെ കുളിയും കൃത്യമായ വൈദ്യവുമെല്ലാം തകിടം മറിഞ്ഞു. എന്നാലും അവൾ എന്റെ പിറകിലൂടെ തന്റെ വിശറിപോലെയുള്ള വാലും ആട്ടിക്കൊണ്ട് വരും.

ഒരിക്കൽ പെങ്ങളുടെ കുഞ്ഞിന്റെ പിറന്നാളിന് കുടുംബ സമേതം പോയ ഞങ്ങളെ അവൾ രണ്ടുനാൾ അവിടെ നിന്ന് വിട്ടില്ല. കുറേ നാളിന് ശേഷം കണ്ടതുകൊണ്ട് പെങ്ങളുടേ നിർബന്ധത്തിന് ഞങ്ങൾ വഴങ്ങുകയും ചെയ്തു.

ആടിപ്പാടി രണ്ടുനാൾ കുടുംബ സമേതം ആഘോഷിക്കുമ്പോൾ പാറൂവെന്ന് പേരുള്ളയൊരു ജീവൻ അടച്ചിട്ട വീടിനുള്ളിൽ ഉണ്ടെന്നത് ഞാൻ ഓർത്തതേയില്ല…!

തിരിച്ച് വീട്ടിലേക്ക് പുറപ്പെടുമ്പോഴാണ് ഞാൻ പാറൂവിനെ ഓർത്തത്. വീട്ടിൽ എത്തി. ഞാൻ ധൃതിയിൽ കതക് തുറന്നു. എന്നെ കണ്ടതും അടുക്കളയിൽ നിന്ന് പാറു ഓടി വന്നെന്റെ മുട്ടോളം എത്തിപ്പിടിച്ചു. ഞാൻ അവളെ കുത്തനെ നോക്കുമ്പോൾ കണ്ണുകളിൽ അതേ തിളക്കം.. പണ്ട് ഹാർഡ് ബോർഡ്‌ ബോക്സ്‌ തുറന്ന് വെളിച്ചം വീണപ്പോൾ തെളിഞ്ഞ അതേ തിളക്കം. ആ തിളക്കം ജീവൻ ഉലയുമ്പോൾ തെളിയുന്ന ഭയമായിരുന്നുവെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലാകുന്നത്…

ആകെ തളർന്ന പാറുവിന് പിന്നാമ്പുറത്ത് നിന്ന് പാലുകൊടുക്കുമ്പോഴാണ് ഗോമതി വന്നത്.. പറഞ്ഞിരുന്നെങ്കിൽ വരുന്നത് വരെ ഞാൻ നോക്കുമായിരുന്നില്ലേ ഇവളെയെന്നും പറഞ്ഞുകൊണ്ട് അവൾ പാറുവിനെ തലോടി..

‘ഇന്നലെ രാത്രിയിൽ കരച്ചിലോടെ കരച്ചിലായിരുന്നു. ഒരു പോളയെന്നെ ഉറക്കിയിട്ടില്ല..’

ഗോമതി അതൊരു നെടുവീർപ്പ് പോലെ പറഞ്ഞപ്പോൾ ഞാൻ കുറ്റവാളിയെ പോലെ തലകുനിച്ചു. വലിയയൊരു തെറ്റ് ചെയ്‌തെന്ന് എനിക്ക് പരിപൂർണ്ണമായും ബോധ്യമായി.

നമ്മൾ ആഗ്രഹിക്കുന്ന ജീവനുകൾക്ക് നമ്മൾ അർഹിക്കുന്നുണ്ടോയെന്ന് കൂടി പരിശോധിക്കേണ്ടി യിരിക്കുന്നു. ആ പാഠം എനിക്കൊരു പൂച്ചയാണ് ജീവിതത്തിൽ തുറന്നുതന്നത്. പാറുവിനെ അർഹിക്കാനുള്ള ഒരു യോഗ്യതയും എനിക്ക് ഇല്ലായെന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു…

നിയന്ത്രണം വിട്ട് ഗോമതിക്ക് മുന്നിൽ ഞാൻ കരഞ്ഞുപോയി. അവൾ എന്നെ ആശ്വസിപ്പിച്ചു. നിനക്ക് നോക്കാൻ പറ്റുമോ എന്റെ പാറൂവിനെയെന്ന് ചോദിച്ചപ്പോൾ, രണ്ട് കൈയ്യും നീട്ടി ഗോമതി സ്വീകരിച്ചു. അപ്പോഴും വിട്ടുപോകാൻ മനസ്സില്ലാത്തത് പോലെ എന്റെ മാക്സിയിൽ പാറുവിന്റെ നഖങ്ങൾ കൊളുത്തി പിടിച്ചിട്ടുണ്ടായിരുന്നു…!!

Leave a Reply

Your email address will not be published. Required fields are marked *