എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
വില്ലുപുരം റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് മൂലയിൽ നിന്ന്ഞാ നൊരു സിiഗരറ്റ് പുകയ്ക്കുകയായിരുന്നു. തോളിൽ ബാഗും, ഇടം കൈയ്യിലെ സഞ്ചിയിൽ ഏഴ് വയസ്സുള്ള മോന് വേണ്ടി വാങ്ങിയ കളിപ്പാട്ടങ്ങളുമുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസുമായി നാടായ നാടെല്ലാം സഞ്ചരിക്കുന്ന മനുഷ്യനാണ് ഞാൻ. ഏത് ഭൂമി കണ്ടാലും നഷ്ടം വരാതെ വിൽക്കാനുള്ള ഗുണമുണ്ടോ അതിലെന്നേ ഞാൻ ആലോചിക്കാറുള്ളൂ…
നേരം എട്ടാകുന്നു. കാൽ മണിക്കൂറ് കൂടിയുണ്ട് തീവണ്ടി എത്താൻ. റിസർവേഷൻ ചെയ്തത് കൊണ്ട് സമാധാനമായി കിടന്നുറങ്ങി പോകാം. രാവിലെ നാട്ടിലേക്കെത്തും. അവിടുന്ന് നേരെ വീട്ടിലേക്ക്. ഭാര്യ വിളിച്ച് കൊണ്ടേയിരിക്കുന്നുണ്ട്. നാളുകൾ ആറെണ്ണം കഴിഞ്ഞിരിക്കുന്നു അവിടെ നിന്ന് ഞാൻ ഇറങ്ങിയിട്ട്.
‘അണ്ണാ… വീട്ട്ക്ക് പോകാൻ കാസ് കിടായത് . ഇരന്നൂറ് രൂപ തര മുടിയുമാ…?’
പ്രായപൂർത്തി കഴിഞ്ഞെന്ന് തോന്നിക്കുന്നയൊരു പെൺകുട്ടിയുടെ ശബ്ദമായിരുന്നുവത്. ഭൂമി അളക്കുന്ന കണ്ണുകളുമായി ഞാൻ അവളെ അടിമുടി നോക്കി. കാലിൽ വെള്ളിക്കൊലുസ്സുണ്ട്. ചെരുപ്പില്ലാത്തത് കൊണ്ട് ചെറുവിരലിലെ മോതിരവും കാണാം. ചുരിദാറാണ് വേഷം. ഷാളില്ല. കൈയ്യിൽ ചാർജ് തീരാറായ ഒരു മൊബൈൽ ഫോൺ മാത്രം…
‘നീയാര്…?’
പേര് കസ്തൂരിയാണെന്ന് പറഞ്ഞ് അവൾ ചിരിച്ചു. രാത്രിയിൽ ഇവിടെ എത്താൻ പാകം എന്ത് പ്രശ്നമാണ് നിനക്കെന്നും തമിഴിൽ ഞാൻ ചോദിച്ചിരുന്നു. വീട്ടിൽ നിന്ന് പിണങ്ങി വന്നതാണ് പോലും. എനിക്ക് വിശ്വസിക്കാൻ തോന്നിയില്ല. കണ്ണകലം അത്രയും ജനങ്ങൾ ഉള്ളപ്പോൾ വെളിച്ചക്കുറവിലേക്ക് മാറി നിൽക്കുന്ന എന്റെ അടുത്തേക്ക് സഹായ അഭ്യർത്ഥനയുമായി വന്നതിലൊരു വശപിശകില്ലേയെന്ന് ഞാൻ സംശയിച്ചു.
‘ഹെൽപ് പണ്ണമാട്ടയാ അണ്ണാ..’
ചിരിച്ച് കൊണ്ടാണ് കസ്തൂരിയത് പറഞ്ഞതെങ്കിലും ശബ്ദത്തിലൊരു കെഞ്ചലുണ്ടായിരുന്നു. അത് മുതലെടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. എന്റെ കൂടെ വന്നാൽ അഞ്ഞൂറ് രൂപ തരാമെന്ന് ഞാൻ പറഞ്ഞു. അങ്ങനെയൊരു ചോദ്യം എന്നിൽ നിന്ന് വരുമെന്നത് പ്രതീക്ഷിച്ചത് പോലെ അവൾ തലകുനിച്ചു. മൗനം സമ്മതമാണെന്ന് തന്നെ ഞാൻ കരുതി.
മഴയൊഴിഞ്ഞ് തണുപ്പ് കയറുന്ന രാത്രിയിൽ, സഹായിക്കൂവെന്ന് പറഞ്ഞൊരു പെണ്ണ് മുന്നിൽ നിൽക്കുന്നു. ആരും ശ്രദ്ധിക്കുന്നില്ലായെന്ന് കണ്ടപ്പോൾ ഞാൻ അവളുടെ അiരയിൽ പിടിച്ച് എന്നോട് അടുപ്പിച്ചു. അവൾ എതിർത്തില്ല. നാളെ രാവിലെ ഭദ്രമായി നിന്നെ വീട്ടിലേക്ക് പറഞ്ഞയക്കാമെന്ന് പറഞ്ഞ് ഞാൻ അവളുടെ ചiങ്കിൽ ചുiണ്ട് കൊണ്ട് കiടിച്ചു. കടലുപ്പ് തോറ്റുപോകുന്ന രുചിയായിരുന്നുവത്…
‘ബസ്റ്റോപ്പ്ക്ക് പിന്നാടി റൂം കിടക്കും…’
കസ്തൂരിയുമായി ഞാൻ നടന്നു. ആര് ചോദിച്ചാലും പ്രണയിച്ച് വന്നവരാണെന്ന് പറഞ്ഞാൽ മതിയെന്നും നിർദ്ദേശിച്ചായിരുന്നു ആ ചലനം. മെഡിക്കൽ സ്റ്റോറിലേക്ക് കയറി അത്യാവശ്യമായി വേണ്ടത് സംഘടിപ്പിക്കും മുമ്പേ അവളുടെ ഫോൺ നമ്പറൊക്കെ ഞാൻ വാങ്ങിയിരുന്നു. കൂടാതെ ചെരുപ്പും, സോപ്പും, തോർത്തും, എന്നുവേണ്ട അവൾക്ക് കുളിച്ച് മാറാനുള്ള ഉടുപ്പ് വരെ വാങ്ങിയിട്ടായിരുന്നു ഞങ്ങൾ മുറി അന്വേഷിച്ചത്. ഈ നേരങ്ങളിലെല്ലാം എനിക്ക് അവഗണിക്കാൻ വേണ്ടി മാത്രം ഭാര്യ വിളിച്ച് കൊണ്ടേയിരുന്നു…
‘ഉങ്കൾക്ക് കൊളന്തയിറുക്കാ…?’
കൈയ്യിൽ ഉണ്ടായിരുന്ന കളിപ്പാട്ട സഞ്ചിയിലേക്ക് നോക്കിക്കൊണ്ടാണ് കസ്തൂരിയത് ചോദിച്ചത്. ഉണ്ടെന്ന് പറയുമ്പോൾ അവൾ വെറുതേയൊന്ന് ചിരിച്ചു. തുടർന്നൊരു കൊടും നിരാശയിലേക്ക് ആണ്ടുപോയി. ഭാര്യയും കുഞ്ഞും ഉള്ളപ്പോൾ ഇതൊക്കെ തെറ്റല്ലേയെന്ന അവളുടെ ചോദ്യം ഞാൻ കേട്ടതായി ഭാവിച്ചില്ല. എന്തായാലും, നാട്ടിലേക്ക് ഉറങ്ങിക്കൊണ്ട് യാത്ര ചെയ്യാൻ ഇടം പിടിച്ച വണ്ടി പോയിട്ടുണ്ടാകും. കയറിയോയെന്ന് ചോദിക്കാനാണ് ഭാര്യ വിളിച്ച് കൊണ്ടേയിരുന്നത്. ഫോൺ ഓഫാക്കി വെച്ചത് നന്നായി. തീവണ്ടി മിസ്സായിപ്പോയെന്ന് നാളെ പറയാം. ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന പാവമൊരു ഭാര്യയെയാണ് ദൈവം എനിക്ക് തന്നിരിക്കുന്നത്.
വലിയ ചോദ്യങ്ങളൊന്നുമില്ലാതെ ഞങ്ങൾക്ക് മുറി കിട്ടി. ബാഗും കളിപ്പാട്ട സഞ്ചിയും മേശ മുകളിൽ വെക്കുമ്പോൾ പോയി കുളിക്കെന്ന് കസ്തൂരിയോട് ഞാൻ പറഞ്ഞു. ചിരിയിൽ ചെറു ഭയം ഒളിപ്പിച്ച് അവളത് അനുസരിച്ചു. അപ്രതീക്ഷിതമായി വന്ന് ചേർന്ന പെണ്ണിനെ അനുഭവി ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു തലയുടെ പ്രവർത്തനങ്ങളെല്ലാം…
മെഡിമിക്സ് സോപ്പിന്റെ മണവുമായി കസ്തൂരി കുളി കഴിഞ്ഞ് വന്നു. പുതിയ ഉടുപ്പിലേക്ക് വന്നപ്പോൾ അവൾ കൂടുതൽ സുന്ദരിയായത് പോലെ.. ആരോ എനിക്കായി പതിച്ച് തന്ന മണ്ണിനോടെന്ന പോലെയൊരു ആവേശത്തിൽ ഞാൻ വിiവസ്ത്രനായി. അവൾ കണ്ണുകൾ പൊത്തിപ്പിടിച്ചു. ആ വിരലുകൾ അകറ്റാൻ ശ്രമിച്ച എന്നോട് കാശ് തരൂവെന്നായിരുന്നു അവൾക്ക് പറയാൻ ഉണ്ടായിരുന്നത്. അതൊക്കെ തരാമെന്ന് പറഞ്ഞിട്ടും അവൾ വിശ്വസിച്ചില്ല. എന്നാൽ പിന്നെ ഗൂഗിൾ പേ ചെയ്ത് തരാമെന്ന് ഞാൻ മൊഴിഞ്ഞു.
‘അതൊന്നും എങ്കിട്ടെ കിടയാത്…’
നിരാശയോടെ കസ്തൂരി പറഞ്ഞു. നാളെ പോകുമ്പോൾ പറഞ്ഞതിലും കൂടുതൽ എടുത്ത് തരാമെന്ന് പറഞ്ഞപ്പോഴാണ് ആ മൂക്കുത്തിയിൽ തട്ടി പടരാൻ പാകം പെണ്ണിന്റെ മുഖത്തൊരു തെളിച്ചം വീണത്. അവളിൽ വീണ്ടും നാണം തെളിഞ്ഞു. നiഗ്നനായ എനിക്ക് കണ്ണുകൾ തരാ തിരിക്കാൻ ചെറു ചിരിയോടെ കസ്തൂരി ശ്രമിച്ച് കൊണ്ടേ യിരിക്കുക യാണ്. ഞാൻ കയറിപ്പിടിക്കുമോയെന്ന് തോന്നിയപ്പോഴായിരിക്കണം നിങ്ങളും പോയി കുളിച്ചിട്ട് വരൂവെന്ന് അവൾ പറഞ്ഞത്. രാവിലെ കുളിച്ചതാണെന്ന് പറഞ്ഞിട്ടും അവൾ എന്നെ നിർബന്ധിച്ചു.
ഒടുവിൽ, വെറുതേയൊന്ന് നനഞ്ഞിട്ട് വരാമെന്ന കരുതലിൽ തോർത്തു മായി ഞാൻ കുളിമുറിയിലേക്ക് കയറി. ഒരു ഗ്രാമീണ തമിഴത്തിയുമായി പങ്കിടാൻ പോകുന്ന രാത്രിയുടെ സന്തോഷമൊക്കെ മൂളിപ്പാട്ടായി ചുണ്ടിൽ നിന്ന് വീഴുന്നുണ്ട്. വെള്ളം കൊണ്ടപ്പോൾ തണുത്തുപോയ ശരീരത്തിന് കായാൻ പുറത്ത് കസ്തൂരിയുണ്ടല്ലോയെന്ന ചിന്ത കുളിമുറിയുടെ കതക് തുറക്കുന്നത് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ…
‘ആമ സാർ.. അന്ത പൊണ്ണ് താ കൊഞ്ച നേര മുന്നാടി കലമ്പി പോച്ച്… എന്നാച്ച് സാർ…?’
ഒന്നുമേ ഇല്ലായെന്ന് പറഞ്ഞ് ഞാൻ മുറിയിലേക്ക് തിരിച്ച് നടന്നു. സുഖമായി ഉറങ്ങിക്കൊണ്ട് നാട് പറ്റേണ്ട ഞാനാണ് കുളിച്ച തണുപ്പുമായി ഇല്ലാത്ത തീയുടെ ചൂട് കായാൻ ഇങ്ങനെ നിൽക്കുന്നത്. ആയുസ്സിന്റെ ഇതുവരെയുള്ള പാളത്തിന്റെ നീളത്തിലൂടെയൊരു നിരാശയുടെ തീവണ്ടി പായുന്നത് പോലെ…
സഹായ അഭ്യർത്ഥനയുമായി മുന്നിലൊരു പെണ്ണ് തെളിയുന്നു. അതിമോഹിയായ ഞാൻ മണ്ണിനോടെന്ന പോലെ അവൾക്കും വില പറയുന്നു. ഇടം കണ്ട് ഇഷ്ടപ്പെട്ടിട്ടും വാങ്ങാൻ കഴിയാത്ത മാനസി കാവസ്ഥ സമ്മാനിച്ച് അവൾ മായുകയും ചെയ്തിരിക്കുന്നു. കസ്തൂരി ആരാണെന്ന് അറിയില്ലെങ്കിലും ലോകം തിരിയാത്തയൊരു കുഞ്ഞ് അവൾക്കുണ്ടെന്നത് ശ്രദ്ധിച്ചപ്പോൾ എനിക്ക് മനസിലായി. അല്ലെങ്കിൽ, എന്റെ സാiധനങ്ങളിൽ നിന്ന് മോന് കരുതിയിരുന്ന കളിപ്പാട്ട സഞ്ചി മാത്രമെടുത്ത് അവൾ പോകില്ലായിരുന്നുവല്ലോ…
കസ്തൂരിയെ വിളിക്കാമെന്ന് കരുതി ഞാൻ ഫോൺ ഓണാക്കി. ഡയൽ ചെയ്യും മുമ്പേ ഭാര്യ വിളിക്കുന്നുവെന്ന് പറഞ്ഞ് ആ യന്ത്രം ശബ്ദിച്ചു. നിങ്ങളിത് എവിടെയാണ് മനുഷ്യായെന്നായിരുന്നു വളരേ പരിഭ്രമത്തോടെ അവൾക്ക് ചോദിക്കാനുണ്ടായിരുന്നത്. കുഴപ്പമൊന്നും ഇല്ലല്ലോയെന്ന് രണ്ട് വട്ടം ആരാഞ്ഞു. മറുപടിക്കായി ആദ്യമെന്റെ നാക്ക് അനങ്ങിയില്ലെങ്കിലും ഒരുവിധം ഞാനത് പറഞ്ഞ് ഒപ്പിക്കുകയായിരുന്നു…
‘അത്… ഞാൻ… ഞാൻ… ട്രെയിൻ മിസ്സായി പോയെടി….!!!’

