ആരുടെയും കൂടെ പോകരുതെന്ന അമ്മയുടെ ഉപദേശം ഓർമ്മയുള്ളത് കൊണ്ട് വരില്ലെന്ന് ഞാനും പറഞ്ഞു. ആ സ്ത്രീയുടെ മുഖം മാറിയത് പെട്ടെന്നായിരുന്നു. തുടർന്ന് എന്റെ വായ പൊത്തുകയും, ഞാൻ കടത്തപ്പെടുകയും ചെയ്തു……

_blur _autotone

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ഏഴ് മാസം ഗർഭിണിയായ അമ്മയുമായി ആശുപത്രിയിൽ വന്ന നാളായിരുന്നുവത്. ഏട്ടായെന്ന വിളി ജനിക്കാൻ പോകുന്നതിന്റെ കാത്തിരിപ്പിലായിരുന്നു ഞാൻ. ആ വേളയിലാണ് അച്ഛനെ കാണാതാകുന്നത്…

ടോക്കൺ നമ്പറ് വിളിക്കാറാകുമ്പോഴേക്കും വരാമെന്ന് പറഞ്ഞ് പോയ ആളാണ്. അമ്മയ്ക്ക് അസ്വസ്ഥമാകുന്നുണ്ടെന്ന് കണ്ടപ്പോൾ അച്ഛനെ തിരഞ്ഞ് ആശുപത്രി മുഴുവൻ ഞാൻ നടന്നു. വേണ്ടടായെന്ന് അമ്മ പറഞ്ഞിരുന്നുവെങ്കിലും ഞാൻ കേട്ടില്ല.

മുൻവശ ഗേറ്റിലൂടെ പുറത്തേക്ക് പോകുന്നത് അച്ഛനാണെന്ന് മനസിലായപ്പോൾ ഞാൻ അങ്ങോട്ടേക്ക് ഓടി. റോഡാണ് സൂക്ഷിച്ചെന്ന് ആ സെക്യൂരിറ്റിക്കാരൻ പറയുന്നുണ്ടായിരുന്നു. ശരിയാണ്. ഭയപ്പെടുത്തും വിധം ഹോണടിച്ചൊരു കാറ് മുന്നിലൂടെ പാഞ്ഞിരിക്കുന്നു! ഞെട്ടലോടെ ഒരു നിമിഷം നിൽക്കുകയും, തുടർന്ന് അച്ഛായെന്ന് വിളിച്ച് ഞാൻ പായുകയും ചെയ്തു. പക്ഷെ, അത് അച്ഛനായിരുന്നില്ല. അയാൾ തിരിഞ്ഞ് നോക്കിയപ്പോഴാണ് എനിക്കത് ബോധ്യമാകുന്നത്.

പ്രായം പത്തൊക്കെ കഴിഞ്ഞതേയുള്ളൂ… അതുകൊണ്ടാണ് ആ നിരത്തിലൂടെ തനിയേ പോകുന്ന എന്നെ പലരും ശ്രദ്ധിക്കുന്നതെന്ന് അന്ന് മനസിലായിരുന്നില്ല. അച്ഛനെ കണ്ടുപിടിക്കണം. അമ്മ കാത്തിരിക്കുകയാണ്. ടോക്കൺ വിളിക്കാനുള്ള സമയമൊക്കെ ആയി. നോക്കിയപ്പോൾ നിർത്തിയിട്ടയൊരു ചുകന്ന ബസ്സിലേക്ക് അച്ഛൻ കയറുന്നു. ഇത്തവണ തെറ്റിയിട്ടില്ലായെന്ന ബോധ്യത്തോടെ ഞാൻ അങ്ങോട്ടേക്ക് പാഞ്ഞു. പക്ഷെ, അതും അച്ഛൻ ആയിരുന്നില്ല.

അപ്രതീക്ഷിതമായി ജീവിതത്തിൽ നിന്ന് മറഞ്ഞവരെ തേടിയിറങ്ങിയാൽ കാണുന്നവരെല്ലാം അവരാകുമെന്ന് പറയുന്നത് എത്ര ശരിയാണല്ലേ! നീല കുപ്പായവും, വെളുത്ത മുണ്ടുമായി കാഴ്ച്ചയുടെ നിരത്തിൽ ഇറങ്ങിയവരെല്ലാം അച്ഛനാണെന്ന് എനിക്ക് തോന്നുകയായിരുന്നു…

ഒരു പക്ഷെ, മറ്റേതെങ്കിലും വഴിയിലൂടെ അച്ഛൻ അമ്മയുടെ അടുത്തേക്ക് എത്തിയിട്ടുണ്ടാകുമോയെന്ന് ചിന്തിച്ചപ്പോഴാണ് ഞാൻ തിരിച്ച് നടക്കുന്നത്. വീതിയുള്ള നാല് റോഡുകൾ കൂട്ടിമുട്ടുന്ന ഇടത്തിൽ നിന്ന് ആശുപത്രിലേക്ക് എങ്ങനെയാണ് പോകേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ അറിവില്ലായ്മയിൽ യഥാർത്ഥത്തിൽ കാണാതായിരിക്കുന്നത് എന്നെ തന്നെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

‘മോനെ, എങ്ങോട്ടാണ് പോകേണ്ടത്…?’

അച്ഛനെ തിരയാൻ തോന്നിപ്പിച്ച ധൈര്യമൊക്കെ ചോർന്നുപോയി പകച്ച് നിൽക്കുന്ന എന്നോട് ഒരു വാനിൽ നിന്ന് ഇറങ്ങി വന്ന സ്ത്രീ ചോദിച്ചതാണ്. ആശുപത്രിയിലേക്കാണ് പോകേണ്ടതെന്ന് പറഞ്ഞപ്പോഴേക്കും ഞാൻ കരച്ചിലിന്റെ വക്കിലേക്ക് എത്തിയിരുന്നു. മോൻ ഇതിലേക്ക് കയറിക്കോയെന്ന് ആ സ്ത്രീ പറഞ്ഞു. പരിചയമില്ലാത്ത ആരുടെയും കൂടെ പോകരുതെന്ന അമ്മയുടെ ഉപദേശം ഓർമ്മയുള്ളത് കൊണ്ട് വരില്ലെന്ന് ഞാനും പറഞ്ഞു. ആ സ്ത്രീയുടെ മുഖം മാറിയത് പെട്ടെന്നായിരുന്നു. തുടർന്ന് എന്റെ വായ പൊത്തുകയും, ഞാൻ കടത്തപ്പെടുകയും ചെയ്തു.

‘അമ്മേ… ഈ കുഞ്ഞുവാവ എന്നെ ഏട്ടായെന്നല്ലെ വിളിക്ക്യാ.. വിളിച്ചേ… ഏട്ടായെന്ന് വിളിച്ചേ….’

വീർത്ത് വരുന്ന അമ്മയുടെ വയറിൽ ഉമ്മ വെച്ച് പലപ്പോഴും ഞാൻ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. അച്ഛനും, അമ്മയും, ജനിക്കാൻ പോകുന്ന ഏട്ടായെന്ന വിളിയും, അടങ്ങുന്ന എന്റെ ലോകത്തിന്റെ കണ്ണുകളിൽ ആരോ കറുത്ത തുണി കെട്ടിയിരിക്കുന്നു. അമ്മേയെന്ന് വിളിച്ച് സ്വപ്നത്തിൽ നിന്ന് ഉണർന്നിട്ടും ചുറ്റും ഇരുട്ട്. ശബ്ദം പുറത്ത് വരാത്ത വിധം വായയും വലിഞ്ഞ് കെട്ടിയിരിക്കുന്നു. എന്നിരുന്നാലും, വാഹനത്തിലാണെന്ന വിധമൊരു കുലുക്കം ഞാൻ അറിഞ്ഞു. വാനിലേക്ക് പിടിച്ച് കയറ്റിയതിന് ശേഷം ആ സ്ത്രീയൊരു സ്പ്രേ അടിച്ചതാണ് അവസാനത്തെ ഓർമ്മ. അതിന് പിറകിലേക്ക് ചിന്തിച്ചപ്പോൾ, ആരോ ബലമായി കെട്ടിയടച്ച കണ്ണുകളുമായി ഞാൻ കരഞ്ഞുപോയി.

എത്രത്തോളം ദൂരം താണ്ടിയിരിക്കുന്നുവെന്ന് എനിക്ക് അറിയില്ല. എത്ര നാളുകൾ കഴിഞ്ഞെന്നും നിശ്ചയമില്ല. ആകെ അറിയാവുന്നത് രണ്ടേ രണ്ട് കാര്യങ്ങളാണ്. ഉണ്ടായിരുന്ന ലോകം പാടേ മാഞ്ഞിരിക്കുന്നു. അതിൽ, സ്വയം കാണാൻ പറ്റാത്ത വിധം എന്നേയും കാണാതായിരിക്കുന്നു. ഏത് തുരുത്തിൽ പോയടിയുമെന്ന് അറിയാതെ ജീവിതം എവിടേക്കൊക്കെയോ ചലിച്ച കാലമായിരുന്നുവത്.

‘രഘുപതി രാഘവ രാജാറാം

പതീത പാവന സീതാറാം

ഈശ്വര്‍ അള്ളാ തേരേ നാം

സബ്കോ സന്മതി ദേ ഭഗവാന്‍…’

വെള്ളയുടുപ്പിട്ട ഒരുപാട് പേർ താമസിക്കുന്നയൊരു ആശ്രമമായി രുന്നുവത്. പ്രായ പൂർത്തിയാകാത്തവർക്കായി പ്രത്യേകമൊരു ഭാഗമുണ്ട്. ഏതാണ്ട് നാല് വർഷമൊക്കെ കഴിഞ്ഞുവെന്നാണ് എന്റെ ഓർമ്മ. കൃത്യമായ ഭക്ഷണവും സുലഭമായ വിശ്രമവുമാണ് ഇവിടുത്തെ അനുഭവം. കൂടാതെ, ഓരോ ഇടവേളകളിലും മെഡിക്കൽ ചെക്കപ്പുമുണ്ട്. വിദേശികൾ വരെ വന്ന് കണ്ട് പോകുന്ന ചുറ്റുപാടായിരുന്നുവത്. എന്താണ് ചുറ്റും നടക്കുന്നതെന്ന് പോലും അറിയാത്തയൊരു നിഗൂഢമായ ലോകത്തിലേക്ക് വീണുപോയി ഞാൻ. സമാന ഭാഷയുമായി സംസാരിക്കാൻ ആരുമില്ലാത്തത് കൊണ്ട് മാതൃശബ്ദം വരെ മറന്ന് പോയത് പോലെ…

അന്ന്, മെഡിക്കൽ ചെക്കപ്പിന് പോയ കൂട്ടത്തിലൊരുത്തൻ തിരിച്ച് വന്നില്ല. അവന് എന്തുപറ്റിയെന്ന് ആർക്കുമൊട്ട് അറിയുകയുമില്ല. ഓപ്പറേഷനിൽ മരിച്ച് പോയെന്നൊക്കെ ആരൊക്കെയോ പറയുന്നുണ്ട്. എന്തിനായിരുന്നു ഓപ്പറേഷൻ? പലരും പലതും പറഞ്ഞു. പതിയേയാണ് വലിയ രീതിയിലുള്ള അവയവ കടത്ത് നടക്കുന്ന ഇടത്തേക്കാണ് ഞാൻ എത്തിപ്പെട്ടതെന്ന് എനിക്ക് മനസ്സിലാകുന്നത്. മെസ്സിലേക്കുള്ള സാധനങ്ങളുമായി വന്ന ലോറിയിൽ കയറി ആ രാത്രിയിൽ ഞാൻ രക്ഷപ്പെടുകയായിരുന്നു…

‘തേരാ നാം ക്യാഹെ…?’

ആശ്രമത്തിലെ കുട്ടിയാണെന്ന് മനസിലാക്കിക്കൊണ്ട് തന്നെയാണ് ലോറിക്കാരനത് ചോദിച്ചത്. ഞാൻ മിണ്ടിയില്ല. അവർ വീണ്ടുമെന്നെ ആശ്രമത്തിലേക്ക് തന്നെ എത്തിക്കുമെന്ന് തോന്നിയപ്പോൾ അവിടെ നിന്ന് രക്ഷപ്പെടാനും ഞാൻ ശ്രമിച്ചു. പക്ഷെ, സാധിച്ചില്ല. എല്ലാവരും ചേർന്ന് എന്നെ വളഞ്ഞ് പിടിച്ച് ഒരു കസേരയിൽ ഇരുത്തി. കൂടുതലായി ആരും സംസാരിക്കുന്നില്ല. വൈകാതെ, ഒരു ജീപ്പ് പോലീസുകാർ അവിടേക്ക് വന്നു. ആദ്യം ഭയം തോന്നിയിരുന്നുവെങ്കിലും അവരുടെ പെരുമാറ്റമാണത് മാറ്റാൻ സഹായിച്ചത്.

‘മോൻ എവിടെ നിന്നാ? എങ്ങനെയാണ് ഇവിടെയെത്തിയത്…?’

അൽപ്പം കാത്തിരുന്നുവെങ്കിലും എന്നോട് സംസാരിക്കാൻ എന്റെ ഭാഷയിലുള്ളയൊരു പോലീസുകാരൻ തന്നെ സ്റ്റേഷനിലേക്കെത്തി. ആശുപത്രിയിൽ നിന്ന് അച്ഛനെ കാണാതായത് മുതലുള്ള കഥയും ഞാൻ വിശദമാക്കി. തൊണ്ട വിങ്ങി പൊട്ടുമെന്ന് കണ്ടപ്പോൾ ആ കാക്കിത്തല എന്റെ തലയിലാകെ തലോടിയിരുന്നു. എനിക്ക് അച്ഛനെയാണ് ഓർമ്മ വന്നത്. ഒരു ഇടവേളയ്ക്ക് ശേഷം നഷ്ടപ്പെട്ടതെല്ലാം വീണ്ടുമെന്റെ പ്രാണനിലേക്ക് ഇടിഞ്ഞ് വീണു. എത്ര നിയന്ത്രിച്ചിട്ടും എനിക്ക് കരയാതിരിക്കാൻ പറ്റിയില്ല…

കടത്തപ്പെട്ടതിന് ശേഷം ഇരുട്ടിൽ കുലുങ്ങി സഞ്ചരിച്ച പഴയ നാളുകളെ യെല്ലാം സ്വപ്നമായി കരുതാൻ പാകം തുറന്ന കണ്ണുകളുമായി ഞാൻ യാത്ര തിരിച്ചു. ഒപ്പം അച്ഛനെ ഓർമിപ്പിച്ച ആ പോലീസുകാരനുമുണ്ട്. അയാൾ പറഞ്ഞത് വെച്ച് നോക്കിയാൽ ഞാനെന്റെ വീട്ടിലേക്കാണ് പോകുന്നത്. ഓർക്കുമ്പോൾ തന്നെ കണ്ണീരിന്റെ തള്ളലിൽ കണ്ണ് പൊട്ടിപ്പോകുന്നത് പോലെ…

രണ്ട് നാളത്തെ യാത്രയ്ക്കൊടുവിൽ ഞങ്ങൾ സഞ്ചരിച്ച വാഹനമൊരു സ്റ്റേഷന്റെ മുറ്റത്ത് നിന്നു. എനിക്ക് ഇറങ്ങാനായി ഒരു പോലീസു കാരനാണ് ഡോറ് തുറന്ന് തന്നത്. പുറത്തേക്ക് കാലുകൾ വെച്ചപ്പോഴേക്കും മോനെയെന്ന വിളി എന്റെ കാതുകളിൽ തുളച്ചിരുന്നു. അമ്മയുടെ ശബ്ദമാണ്. അമ്മേയെന്ന് വിളിക്കുന്നതിന് മുമ്പേ ആ കൈകൾ എന്നെ പൊതിഞ്ഞു. പരസ്പരം മുഖമുരസ്സി എത്ര നേരം കരഞ്ഞെന്ന് ഇപ്പോഴും ഓർത്തെടുക്കാൻ പ്രയാസമാണ്. മതിവരു വോളം അമ്മയെന്നെ ഉമ്മവെച്ചു.

‘മോനേ…’

അച്ഛന്റെ ശബ്ദവും കൈകളും ഒരുപോലെ എന്റെ തലയെ തലോടി. ആ കണ്ണുകളിൽ തിളക്കത്തോടെ ഒരുപോള കണ്ണീര് തളം കെട്ടി കിടക്കുന്നു ണ്ടായിരുന്നു. അപ്പോഴാണ് ഒരാളെക്കൂടി ഞാൻ ശ്രദ്ധിക്കുന്നത്. കുട്ടി കുപ്പായവുമിട്ട് കൗതുകത്തോടെ നോക്കി നിൽക്കുന്നയൊരു പെൺകുട്ടി. അച്ഛന്റെ പിറകിൽ നിന്ന് ഒളിച്ചാണ് എന്നെ നോക്കുന്നത്. അമ്മ അവളുടെ കൈയ്യിൽ പിടിച്ച് എന്റെ മുന്നിൽ നിർത്തി.

‘ആരാണിതെന്ന് മനസ്സിലായൊ..?’

രണ്ട് പേരോടുമാണ് അമ്മയുടെ ചോദ്യമെന്ന് തോന്നി. എന്റെ സഹോദരിയാണ് അവളെന്ന് കണ്ടുപിടിക്കാൻ യാതൊരു പ്രയാസവും എനിക്ക് അനുഭവപ്പെട്ടില്ല. എന്തിനെന്ന് പോലും അറിയാതെ ഞാൻ നിർത്താതെ കരയുകയാണ്. കുടുംബം മുഴുവൻ അവൾക്കായി കാത്തിരിക്കുന്ന വേളയിലാണല്ലോ അപ്രതീക്ഷിതമായി ഞാൻ മറഞ്ഞ് പോകുന്നത്…

അങ്ങനെ കരഞ്ഞ് തളർന്ന ഞങ്ങൾ മൂന്നുപേരുടെയും ചിറികളിൽ ചിരി വരഞ്ഞ നിമിഷമായിരുന്നു പിന്നീട് സംഭവിച്ചത്. അതിനായി എന്നെ നോക്കുകയും, തന്റെ കിന്നരിപ്പല്ലുകളിൽ നാക്ക് തട്ടിച്ച് കുഞ്ഞ് പെങ്ങളത് പറയുകയും ചെയ്തു. ഒരുകാലത്ത്, അത്രമേൽ കേൾക്കാൻ ആഗ്രഹിച്ചത് കൊണ്ടായിരിക്കണം ആ ശബ്ദം ഹൃദയത്തിന്റെ കാതുകളിലേക്കെന്ന പോലെ എന്റെ തലയിൽ കൊണ്ടത്…

‘ഏട്ടൻ….!!!’

Leave a Reply

Your email address will not be published. Required fields are marked *