എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
വെളുപ്പിന് ആറ് മണിക്ക് അതിയാൻ ഇറങ്ങും. അപ്പോഴേക്കും പൂ പോലെയുള്ള നാല് വെള്ളയപ്പവും മുട്ടക്കറിയും മേശപ്പുറത്തുണ്ടാകണം. ഇല്ലെങ്കിൽ കസേര തട്ടിത്തെറിപ്പിച്ച് ഒറ്റ പോക്കാണ്. കൂട്ടത്തിൽ എന്നേയും മോളേയും തീറ്റിപ്പോറ്റുന്ന കണക്കും പിറുപിറുക്കുന്നുണ്ടാകും. അതിയാന്റെ മരക്കച്ചവട കണക്കിനിടയിൽ ഇതെല്ലാം എപ്പോഴാണ് എഴുതി വെക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടാറില്ല.
അന്ന്, ഒരു വെള്ളിയാഴ്‌ച്ച ആയിരുന്നു. വെള്ളയപ്പത്തിന് പതം പോരെന്ന് പറഞ്ഞ് അതിയാൻ കാലത്ത് തന്നെ ദേഷ്യപ്പെട്ടുകൊണ്ട് ഇറങ്ങിപ്പോയി. എനിക്കാണെങ്കിൽ തീരെ വയ്യായിരുന്നു. എഴുന്നേറ്റപ്പോൾ തൊട്ട് പള്ളയിലൊരു കോച്ചിപ്പിടുത്തം. നിവർന്ന് നിൽക്കാൻ ശ്രമിക്കുമ്പോൾ അസ്സഹനീയമായ വേദന അനുഭവപ്പെടുന്നു. മോളെ സ്കൂളിലേക്ക് പറഞ്ഞയച്ചതിന് ശേഷം, രണ്ട് ഗ്യാസിന്റെ ഗുളികയും കഴിച്ച് ഞാൻ വീണ്ടും കിടക്കുകയായിരുന്നു.
കഴിഞ്ഞ പതിനൊന്ന് വർഷങ്ങളോളം ഈ വീടെന്ന് തോന്നിപ്പിക്കുന്ന ഹോട്ടലിലെ സകല ജോലിക്കാരിയും ഞാൻ തന്നെയാണ്. ഭർത്താവെന്ന് വിളിക്കുന്ന എന്റെ മുതലാളി വെളുപ്പിന് പോയി രാത്രിയിൽ വരുന്നയൊരു സാധു മനുഷ്യനാണ്. ഇടയ്ക്കിടെ പറയുമെങ്കിലും എന്റെയും മോളുടേയും താമസവും അത്യാവശ്യ ചിലവുമൊക്കെ അതിയാന്റെ മഹാമനസ്കതയാണെന്നേ ഞാൻ പറയുകയുള്ളൂ…
ചിലയ അവധികളിൽ വിരുന്നുകാരായി ആരെങ്കിലും വീട്ടിലേക്ക് വരുമ്പോഴാണ് കാണേണ്ടത്. അതിയാന്റെ സ്വഭാവമാകെ മാറും. എന്തൊരു സ്നേഹമാണെന്നോ അപ്പോഴുള്ള ആ പെരുമാറ്റത്തിൽ. അബദ്ധത്തിലെങ്ങാനും എന്റെ കൈയിൽ നിന്നൊരു ഗ്ലാസ്സ് വീണ് പൊട്ടിയാൽ പൊതുസമക്ഷം അതിയാനത് പോട്ടെന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിക്കും. കാണുന്നവർ അതിയാനെ വാനോളം പുകഴ്ത്തും. പക്ഷേ, അങ്ങേരുടെ മരക്കച്ചവട കണക്കിനിടയിൽ ഇടയ്ക്കിടേ വിളിച്ച് പറയാൻ പാകം ആ കുപ്പിച്ചില്ലുകളും ചേർക്കുമെന്നത് എനിക്ക് മാത്രമല്ലേ അറിയൂ..
വൈകുന്നേരം മോള് വരുമ്പോഴും പള്ളയുടെ കോച്ചിപ്പിടുത്തം പൂർണ്ണമായും വിട്ടുമാറിയിരുന്നില്ല. എന്നിരുന്നാലും, ചെയ്യേണ്ടതൊക്കെ ഞാൻ തന്നെ ചെയ്യണമല്ലോ… മൂത്തവൾ വന്ന് സഹായിക്കാമെന്നൊക്കെ എന്നോട് പറയും. ഞാൻ സമ്മതിക്കാറില്ല. അവൾ പഠിച്ചാൽ മതി. അപ്പോഴേ പറക്കാനാകൂ…
രാത്രിയെട്ട് മണിയാകുമ്പോഴേക്കും അതിയാനും വന്നു. പതിവ് പോലെ ഉടുത്തിരുന്നതെല്ലാം അഴിച്ച് മൂലയിലേക്കിട്ടു. അനാഥമായി കുഴഞ്ഞ് വീണ തുണികളെല്ലാം അലക്കാനുള്ളതാണെന്ന തിരിച്ചറിവൊക്കെ എനിക്കുണ്ട്. അതിയാൻ കുളിമുറിയിലേക്ക് കയറുമ്പോഴേക്കും ചൂടുവെള്ളമൊക്കെ അവിടേക്ക് ഞാൻ എത്തിച്ചിട്ടുണ്ടായിരുന്നു. ശേഷം, കോച്ചിപ്പിടിച്ച വയറും തിരുമ്മിക്കൊണ്ട് ഞാൻ പത്തിരി ചുട്ടു. അതിയാനെന്തും ചൂടോടെ കഴിക്കണം. ചൂടില്ലെങ്കിൽ ആ മനുഷ്യൻ എന്നോട് ചൂടാകും. രണ്ടുമൂന്ന് നാളുകളിലേക്ക് പൊള്ളലേറ്റ് വിങ്ങാൻ എനിക്കത് ധാരാളമാണ്.
ഹാളിലെ മേശയിലേക്ക് ചൂടുള്ള പത്തിരിയും കോഴിക്കറിയും കൊണ്ട് വെച്ചപ്പോഴേക്കും അതിയാൻ കുളിയൊക്കെ കഴിഞ്ഞ് വന്നു. ഭക്ഷണം കഴിക്കുമ്പോൾ ടീവി കാണണമെന്നത് അതിയാന് നിർബന്ധമാണ്. കഴിപ്പ് കഴിയുന്നത് വരെ എന്റെ മുഖം കാണാതിരിക്കാനാണോ അതെന്ന് ഞാൻ സംശയിക്കാതെയില്ല.
ഇങ്ങനെയൊക്കെ പറയുമ്പോഴും ചില രാത്രികളിൽ അതിയാന് വലിയ സ്നേഹമാണ് എന്നോട്. അത് എന്ത് കൊണ്ടാണെന്ന് ഞാൻ പറയില്ല. ഓർക്കുമ്പോൾ തന്നെ കുളിര് കോരുന്നു. കോച്ചിപ്പിടിച്ച പള്ളയമർത്തി പാത്രം കഴുകുന്ന ആ വേളയിലും കവിളുകളിൽ നാണം നിവരുന്നു. ഒരു ജില്ല വിട്ട് തനിയേ പുറത്ത് പോകാൻ ശേഷിയില്ലാത്ത എന്റെ ലോകം അത്രയും ചെറുതാണ്. അത് ആരെക്കാളും നന്നായി എനിക്ക് അറിയാം. അത് കൊണ്ട് തന്നെ, സന്തോഷിക്കാൻ ഒരു മൺതരിയോളം ആനന്ദം മതിയെനിക്ക്…
‘അമ്മേ… പണി തീർന്നില്ലേ…?’
ചോദ്യവുമായി വന്നത് മോളായിരുന്നു. ഇപ്പോൾ കഴിയുമെന്ന് പറഞ്ഞിട്ടും എനിക്ക് വട്ടം ചുറ്റി അവൾ അടുക്കളയിൽ തന്നെ നിന്നു. പള്ള വേദന മാറിയോ എന്നൊക്കെ അവൾ ആരായുന്നുണ്ട്. മാറിയെന്ന് പറഞ്ഞിട്ടും പെണ്ണ് പോകുന്നില്ല.അടുക്കള ഒതുക്കി ഞാൻ കുളിക്കാൻ കയറി. ഇറങ്ങുമ്പോൾ ഒരുഗ്രൻ ചോദ്യവുമായി മോള് മുന്നിൽ നിൽക്കുകയായിരുന്നു.
‘അച്ഛന്റെ അടിമയാണോ അമ്മ…?’
എനിക്ക് മറുപടി ഉണ്ടായിരുന്നു. ആണെന്നും, ആശ്രയ ജീവിതം നയിക്കുന്ന ബഹുഭൂരിഭാഗം മനുഷ്യരും ആരുടെയൊക്കെയോ അടിമകളാണെന്നും ഞാൻ പറഞ്ഞു. ഉടമകളുടെ സ്വഭാവം പോലെ അടിമകളുടെ ദുരിതങ്ങൾ കുറഞ്ഞും കൂടിയും അനുഭവപ്പെടുമെന്നും ചേർത്തു. മോൾക്ക് കൃത്യമായി മനസ്സിലായില്ല. ആ പത്ത് വയസ്സുകാരിക്ക് മനസ്സിലാകുന്നത് പോലെ ഞാൻ വ്യക്തമാക്കി.
ആരുടെയും സഹായമില്ലാതെ ജീവിക്കാൻ പറ്റുന്ന സ്ഥിതിയിലേക്ക് എത്തിപ്പെടുന്ന മനുഷ്യർക്ക് മാത്രമേ ഈ ഭൂമിയിൽ ജീവിതമുള്ളൂ മോളെയെന്ന് പറഞ്ഞിട്ടും അവൾക്ക് ദഹിച്ചില്ല.
‘ഈ വീടിന് അപ്പുറമെന്താണെന്ന് അമ്മയ്ക്ക് അറിയില്ല… അറിയാനായി ഇറങ്ങിച്ചെല്ലാനുള്ള ധൈര്യവുമില്ല. അതിനുള്ള വിവരം തരാൻ ആരുമില്ലാതായിപ്പോയി…’
ഇമകൾ ചിമ്മാതെ അവൾ കേൾക്കുകയാണ്. പഠിപ്പും, ലോകവിവരമൊന്നും ഇല്ലെങ്കിൽ ഇങ്ങനെയൊക്കെയാണ് ജീവിക്കേണ്ടി വരുകയെന്ന് പറഞ്ഞതിന് ശേഷമാണ് ഞാൻ അവളുടെ കിടക്ക വിരിച്ചത്. അപ്പോഴും അവൾക്കൊന്നും ബോധ്യപ്പെട്ടില്ലെന്നാണ് ഞാൻ കരുതിയത്. പക്ഷെ, അങ്ങനെ ആയിരുന്നില്ല. തനിക്ക് കുറച്ചുകൂടി പഠിക്കാനുണ്ടെന്നും പറഞ്ഞ് അവൾ തന്റെ പുസ്തകം എടുക്കുകയായിരുന്നു.
അത് തന്നെയാണ് ഇത്രയും നീളത്തിൽ ഞാൻ പറയാൻ ശ്രമിച്ചത്. ‘കൃത്യമായ’ വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിൽ സാധാരണക്കാരായ മനുഷ്യരുടെ ജീവിതം വളരേ പ്രയാസം നിറഞ്ഞതായിരിക്കും. ഒരുപക്ഷെ, എന്നെക്കാളും കൂടുതൽ ദയനീയത നിറഞ്ഞതായിരിക്കും…!!!