ഇടുക്കുകളിൽ തട്ടി അവിടമാകെ മുഴങ്ങുന്ന ആ നിലവിളിയുടെ ഉറവിടം തേടി ഞാൻ ചുറ്റിലും നോക്കി. കയറി നിൽക്കുന്ന പാറയുടെ അരികിലായുള്ള മരങ്ങൾക്കിടയിൽ നിന്നാണ് രക്ഷിക്കണേയെന്ന ശബ്ദം ഉയരുന്നത്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ചായക്കപ്പിൽ മിച്ചറിട്ട് കോരിക്കുടിക്കുമ്പോഴാണ് മരിച്ചാലോയെന്ന ചിന്ത എന്നെ പിടികൂടുന്നത്. തുടർന്ന്, ജീവിച്ചിരിക്കാൻ കാരണമായി എന്തെങ്കിലുമൊക്കെ അവശേഷിക്കുന്നുണ്ടോയെന്ന് ഞാൻ ചിന്തിച്ചു. ഒന്നുമില്ല. ആയുസ്സിന്റെ നീളത്തിൽ എന്നെ ആഗ്രഹിക്കുന്ന ഒരു ഉറുമ്പ് പോലുമില്ല. ഈ ഭൂമിക്ക് എന്നെ വേണ്ടായെന്ന് കരുതാൻ അതിൽ കൂടുതൽ മറ്റൊന്നും എനിക്ക് ആവിശ്യമില്ലായിരുന്നു…

തീരുമാനം ഉറച്ചതിന് പിന്നാലെ പൊട്ടിച്ച മിച്ചറ് പാക്കറ്റുമായി ഞാൻ കാറിലേക്ക് കയറി. അതും കൊറിച്ചുകൊണ്ട് എത്ര ആലോചിച്ചിട്ടും മരണം എങ്ങനെ വേണമെന്ന് കണ്ടെത്താൻ സാധിക്കുന്നില്ല. വാഹനാ പകടത്തിലൂടെ ആയാലോ? വേണ്ട! തീർന്നില്ലെങ്കിൽ നരകതുല്ല്യമായ ശേഷിപ്പായിരിക്കും ലഭിക്കുക. ബലമുള്ള മരച്ചില്ലയിൽ കുരുക്കിട്ടാലോ? അതും വേണ്ട! കiഴുത്ത് മുറുകുന്ന നേരത്ത് ശ്വാസമെടുക്കാൻ കൊതിച്ചാലോയെന്ന് ഭയന്നു. മരിക്കുമെന്ന് ഉറപ്പുള്ള ആഴങ്ങളിലേക്ക് ചാടിയാലോ? അത് കലക്കും! ഉള്ളിന്റെ കോച്ചിപ്പിടുത്തത്തിൽ താഴേക്ക് എത്തും മുമ്പേ മേലേക്ക് പോകാനുള്ള എല്ലാ സാധ്യതയും ആ മാർഗ്ഗത്തിലുണ്ട്…

നാൽപ്പത് വർഷത്തിന്റെ നീളമുണ്ട് ജീവിതത്തിന്. മൂന്നായി വീതിച്ചാൽ, മുഖ്യപങ്കും ഒറ്റപ്പെട്ടുപോയ ബാല്യം കൊണ്ട് പോകും. ഈ ഭൂമി എന്നെപ്പോലെ എത്രയോ നിസ്സാരമെന്ന് തോന്നിപ്പിച്ചത് ആ ഭാഗമാണ്. രണ്ടാമത്തെ വീതത്തിൽ എന്റെ പ്രമീളയും മോനുമാണ്. പ്രാണനാണ്, പ്രേമമാണ്, എന്നൊക്കെ പറഞ്ഞ് കൂടെ കൂടിയ അവളൊരു സന്ധ്യക്ക്‌ മോനുമായി ഇറങ്ങിപ്പോയി. എനിക്ക് ജീവിതത്തോട് ഒരു ഗൗരവ്വവും ഇല്ലപോലും. ഉണ്ടെന്ന് കാട്ടാൻ അറിയാത്തത് കൊണ്ട് പ്രമീളയെ ഞാൻ വിലക്കിയില്ല. മോന് മറ്റൊരു അച്ഛനെ കിട്ടിയെന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. കണ്ടോ… ജീവിതം ഇത്രയേയുള്ളൂ…

മൂന്നാമതായി മുറിച്ച് വെച്ച നീളത്തിലാണ് ഇപ്പോഴുള്ളത്. ആദ്യ വീതം പോലെ തനിയേയുള്ള സഞ്ചാരം. ക്ഷണിക്കാത്ത കല്ല്യാണ സദ്യകളിൽ ഇടം പിടിച്ചും, മുഷിയാത്ത ജമന്തിപ്പൂക്കൾ മുടിച്ചുരുളിൽ കോർത്ത ചിരിച്ച പെണ്ണുങ്ങളോട് വില പറഞ്ഞും, മiദ്യം മോന്തുമ്പോൾ കൂട്ട് കിട്ടുന്ന അപരിചിതരായ മനുഷ്യരുടെ തോളിൽ ചാഞ്ഞും, ഈ ലോകം എത്രയോ നിസ്സാരമാണെന്ന് ഞാൻ പറഞ്ഞ് കൊണ്ടേയിരുന്നു. ആ ശബ്ദത്തിന്റെ അറ്റത്തിലാണ് മരിക്കുകയെന്ന പൂതിയുമായി പ്രാണന്റെ ഈ പ്രയാണം…

വൈകുന്നേരമായി. കാറ് നിർത്തി വെച്ച്, ആ കുത്തനെയുള്ള മല ഞാൻ കയറുകയാണ്. ആരംഭത്തിൽ ചില കമിതാക്കളുടെ അനക്കമൊക്കെ കാട്ട് വഴിയിയുടെ അരികിലായി കാണാനുണ്ടായിരുന്നു. ഉയരം കൂടുന്തോറും മഞ്ഞ് മൂടുന്നത് പോലേ… മരിക്കും മുമ്പേ ഞാൻ മറഞ്ഞ് തുടങ്ങുന്നത് പോലെ…

അങ്ങനെ, കുതിച്ച് ചാടിയാൽ തീർച്ചയായിട്ടും ജീവൻ പോകുമെന്ന് തോന്നിയ ഒരു പാറയിലേക്ക് ഞാൻ പാടുപെട്ട് കയറി. അതിന്റെ തുഞ്ചത്തേക്ക് നടന്ന് താഴേക്ക് എത്തിനോക്കുമ്പോൾ ഹൃദയം പടപടാന്ന് പിടക്കുകയാണ്. ഒരടി മുന്നോട്ട് പോയാൽ മഞ്ഞും താണ്ടി, മരത്തിൽ തട്ടി, കൂർത്ത കല്ലുകളുള്ള മണ്ണിലേക്ക് ഞാൻ വീഴും. അവിടത്തേക്ക് എത്തും മുമ്പേ മേലോട്ട് പോയാൽ മതിയായിരുന്നു. കണ്ണുകൾ അടക്കാതെ ആ ആഴത്തിലേക്ക് ചാടാൻ ഞാൻ തയ്യാറായി…

‘രക്ഷിക്കണേ… ആരെങ്കിലും വരണേ… രക്ഷിക്കണേ…’

എന്റെ ശബ്ദമല്ലായിരുന്നുവത്. ഇടുക്കുകളിൽ തട്ടി അവിടമാകെ മുഴങ്ങുന്ന ആ നിലവിളിയുടെ ഉറവിടം തേടി ഞാൻ ചുറ്റിലും നോക്കി. കയറി നിൽക്കുന്ന പാറയുടെ അരികിലായുള്ള മരങ്ങൾക്കിടയിൽ നിന്നാണ് രക്ഷിക്കണേയെന്ന ശബ്ദം ഉയരുന്നത്. അങ്ങോട്ടേക്ക് ചെല്ലുന്ന ധൃതിയിൽ എനിക്ക് ചില്ലറ പരിക്കുകളൊക്കെ പറ്റിയിരുന്നു.

‘ചേട്ടാ… ഞാൻ വിiഷം കഴിച്ച് പോയി… എനിക്ക് മരിക്കേണ്ട. എന്നെ രക്ഷിക്കൂ….’

എന്നെ കണ്ടതും, ഒരു തടിച്ച മരത്തിൽ ചാരി ഇരിക്കുന്നുണ്ടായ കൗമാരക്കാരൻ പറഞ്ഞതാണ്. തുടർന്ന് അവൻ എഴുന്നേൽക്കാൻ ശ്രമിച്ചു. വീഴുമെന്ന് തോന്നിയപ്പോഴാണ് താങ്ങായി ഞാൻ നിന്നത്. ശേഷം, മല ഇറങ്ങാനായി അവനെ നടത്തി. ആ ആടിയുലഞ്ഞുള്ള സഞ്ചാരത്തിലാണ് നീയെന്തിനാണ് വിiഷം കഴിച്ചതെന്ന് അവനോട് ഞാൻ ചോദിക്കുന്നത്. പൊതുപരീക്ഷയിൽ തോറ്റപ്പോൾ ലോകം ഇരുട്ടിലായത് പോലെ തോന്നിപോലും…

‘നീയൊക്കെ ചാiകുന്നത് തന്നെയാണ് നല്ലത്…’

എന്നും പറഞ്ഞ് അവനെ ഞാൻ വഴിയരികിൽ ഇരുത്തി. അടഞ്ഞ് പോകുമെന്ന് തോന്നിപ്പിക്കുന്ന കണ്ണുകളുമായി ദയവായി രക്ഷിക്കൂവെന്ന് അവൻ എന്നോട് പറഞ്ഞു. വീട്ടിൽ എല്ലാവർക്കും വിഷമമാകും പോലും… ഒറ്റ മോനാണ് പോലും… ഞാൻ അവന്റെ ഇടത്തേ കവിളിൽ ചെറുതല്ലാത്തയൊരു അiടി കൊടുത്തു. ഒരു പരീക്ഷയിൽ തോറ്റെന്ന് പറഞ്ഞ് മരിക്കാൻ വന്നിരിക്കുന്നു…! അതിനുള്ള വിദ്യാഭ്യാസമേ നാട്ടിലുള്ളൂവെന്ന് തോന്നിപ്പോകുന്നു… എത്ര നിസ്സാരമാണല്ലേ മനുഷ്യരുടെ ജീവിതം…

അവനെ ഞാൻ വീണ്ടും മലയിറക്കാനായി നടത്തി. ആ ചലനത്തിലും അവന്റെ കുഴഞ്ഞ തല നിരന്തരമായി എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മരണത്തിലേക്കുള്ള വഴിയുടെ മുനമ്പിൽ നിന്നാണ് ഞാൻ തിരിച്ച് ഇറങ്ങുന്നത്. ആ നിരാശയോടുള്ള അമർഷവും എന്റെ മുഖത്തുണ്ടെന്ന് അവന് മനസിലായിട്ടുണ്ടാകില്ല. ചെറുക്കന് ചാകാൻ കണ്ട ഇടവും നേരവുമെന്ന എന്റെ പിറുപിറുക്കലും അവൻ കേട്ട് കാണില്ല.

‘സമയത്തിന് എത്തിച്ചത് കൊണ്ട് പേടിക്കാനൊന്നുമില്ല… പോലീസിൽ വിവരം അറിയിച്ചിട്ടില്ലേ…?’

ഉണ്ടെന്ന് പറഞ്ഞ് ഞാൻ ആ ഡോക്റ്ററോട് തലയാട്ടി. എന്തായാലും ചെറുക്കന്റെ ആഗ്രഹം പോലെ രക്ഷപ്പെട്ടല്ലോ… ഇനി എന്റെ കാര്യത്തിലേക്ക് പോകാം… ആ മുലമുകളിലേക്ക് തന്നെ പോകാം…

ആശുപത്രിയിൽ നിന്ന് ഇറങ്ങുമ്പോൾ അങ്ങനെ തന്നെയായിരുന്നു ചിന്ത. പക്ഷെ, യാത്രയിൽ ആ ചെറുപ്പക്കാരന്റെ ചുവട് മാറ്റത്തെക്കുറിച്ച് ഞാൻ ഓർത്തുപോയി… അവനെ പോലെ ഞാനും ചിന്തിക്കുമോ..! ആഴത്തിലേക്ക് പതിയുന്ന ആ പാതി നിമിഷത്തിൽ വേണ്ടായിരുന്നു വോയെന്ന് തോന്നിപ്പോകുമോ…!

ഇത്രയും നിസ്സാരമായ ഈ ലോകത്ത് തുടരാൻ മാത്രം എന്തെങ്കിലു മൊക്കെ അവശേഷിക്കുന്നുണ്ടോയെന്ന് ഞാൻ വീണ്ടും ചിന്തിച്ചു. മരിക്കാൻ കാരണങ്ങൾ തിരഞ്ഞ് പിടിക്കുന്ന മനുഷ്യർക്ക്‌ സന്തോഷത്തോടെ ജീവിക്കാൻ തുരുമ്പിന് പോലും വിഷയങ്ങളില്ല. എന്തായാലും എനിക്ക് ആ ചെറുക്കന്റെ സാഹചര്യമല്ല. എന്നെ വേണമെന്ന് ആഗ്രഹിക്കുന്ന ഒരു ജീവനും ഈ ഭൂമിയിലില്ല. ഞാനെന്നും, എന്റേതെന്നും പറയാൻ ഒരേയൊരു ആൾ മാത്രമേ എനിക്കുള്ളൂ… അത് ഞാൻ തന്നെയാണ്… ആ അനുഭവത്തിന് ജീവിക്കാൻ ഒരു കാരണമില്ലെന്ന് പറയുമ്പോൾ തന്നെയൊരു തമാശ തോന്നുന്നു.

മരിച്ച് തുടങ്ങുന്ന നേരത്ത് ആ ചെറുപ്പക്കാരന് കണ്ടെത്താൻ പറ്റിയത് പോലെ, ജീവിക്കാനുള്ള യാതൊരു പ്രേരണയും പ്രാണൻ തേടിയെടുക്കുന്നില്ല. അപ്പോഴാണ് ഡാഷ് ബോർഡിന്റെ മുകളിൽ നിന്ന് ആ പൊട്ടിച്ച മിച്ചർ പാക്കറ്റ് താഴെ വീണത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്കതൊരു വെളിപാടായിരുന്നു. ആസ്വദിക്കാൻ പാകമൊരു കാരണമായിരുന്നു. ആ തെളിച്ചത്തിൽ ഞാൻ നേരെ വീട്ടിലേക്ക് പോയി..

ധൃതിയിലായിരുന്നു പാല് തിളപ്പിച്ചത്. പഞ്ചാരയിട്ടതിന് ശേഷം തേയില ബാഗ് മുക്കിയെടുത്തു. പാൽച്ചായ തയ്യാർ. അതിലേക്ക് ഒരു കൈക്കുമ്പിൾ മിച്ചറിട്ട് ഇളക്കിയിളക്കി കോരിക്കുടിക്കുമ്പോൾ വല്ലാത്തയൊരു സുഖം തോന്നുന്നുണ്ട്. തുടർന്ന് ജീവിക്കാൻ തൽക്കാലം എനിക്ക് ഈ രുചി മതി. തേടിയാൽ, നാക്കിനേയും , മനസ്സിനേയും കൊതിപ്പിക്കുന്ന ഏറെ രസക്കൂട്ടുകൾ നമുക്ക് ചുറ്റിലുമുണ്ട്. ഞാൻ പറഞ്ഞില്ലേ… ജീവിതമെന്ന് പറയുന്ന ആ പ്രതിഭാസം ഇത്രേയുള്ളൂ…!!!

Leave a Reply

Your email address will not be published. Required fields are marked *