ഇതിപ്പോ ഇറങ്ങുന്ന സിനിമകൾ പോലും ഏതാണ് എന്ന് അറിയില്ല.മക്കളും അമ്മ വരുന്നോയെന്ന് ചോദിക്കാറില്ല ഞാനും വരട്ടെയെന്ന് ചോദിക്കാനും മടിയാണ്…..

കൂട്ട്

Story written by Ammu Santhosh

മകനും മരുമകളും സിനിമ കഴിഞ്ഞു വന്നപ്പോൾ വൈകി. അമ്മ വാതിൽ തുറന്നു കൊടുക്കാൻ വേണ്ടി ഉണർന്നു ഇരുന്നു. പണ്ടൊക്കേ എല്ലാ സിനിമയും ഒത്തിരി ആഘോഷം ആണ്. അദ്ദേഹം ഉള്ളപ്പോൾ എല്ലാത്തിനും പോകും. അത് കഴിഞ്ഞു ഒരു മസാല ദോശയും കാപ്പിയും.

ഒറ്റയ്ക്കായപ്പോൾ പിന്നെ അതൊക്കെ അവസാനിച്ചു

ഇതിപ്പോ ഇറങ്ങുന്ന സിനിമകൾ പോലും ഏതാണ് എന്ന് അറിയില്ല

മക്കളും അമ്മ വരുന്നോയെന്ന് ചോദിക്കാറില്ല ഞാനും വരട്ടെയെന്ന് ചോദിക്കാനും മടിയാണ്

“നല്ല സിനിമ ആയിരുന്നോ?”

അവർ ചോദിച്ചു

ഒരു മൂളൽ

അവർ രണ്ടും മുറിയിലേക്ക് പോയി.

നാലു സിനിമകൾ ഒരേ ദിവസം റിലീസ് ആയിട്ടുണ്ടെന്നൊക്ക പറയുന്നത് കേട്ടു

അവർ വെറുതെ ഓരോന്ന് ആലോചിച്ചു ഇരുന്നു

രാവിലെ എഴുനേൽക്കുക ക്ഷേത്രത്തിൽ പോകുക

പഞ്ചസാര ചേർക്കാത്ത കാപ്പിയും റാഗി പുട്ടും കഴിക്കുക (അതൊക്കെ ആണ് ഡയറ്റിന്റെ ഭാഗമായി അവർ കഴിക്കുന്നത്അ താണ് തന്റെയും മെനു )

പിന്നെ ടീവി യിൽ എന്തെങ്കിലും കാണുക

ഉച്ചക്ക് രണ്ടു ചപ്പാത്തിയും സാലടും

പിന്നെ ഉറക്കം

വൈകുന്നേരം വീണ്ടും അതെ പോലെ

രാത്രി ഉറക്കം

പുറത്തു പോകുന്നത്. പെൻഷൻ വാങ്ങാനാണ്പെ ട്ടെന്ന് ഓർത്തു നാളെ പെൻഷൻ വാങ്ങാൻ പോകണം

രാവിലെ എഴുന്നേറ്റു കുളിച്ചു നേരെത്തെ ഒരുങ്ങുന്നത് നോക്കി മകൻ

“അമ്മ ഉച്ചക്ക് എത്തുമല്ലോ.,”

അവർ ഒന്ന് മൂളി

പെൻഷൻ വാങ്ങിയിട്ട് ഓട്ടോയിൽ കയറി

“എങ്ങോട്ടാണ് മാഡം?”

“നാലു സിനിമകൾ ഓടുന്ന തിയേറ്റർ ഇല്ലേ? അവിടേക്ക് “

അയാളുടെ മുഖത്ത് ചിരി തീയറ്ററിൽ നല്ല തിരക്കുണ്ട്

“മോളെ ഈ നാലെണ്ണത്തിൽ നല്ലത് ഏതാ?”

ഒരു പെൺകുട്ടിയോട് ചോദിച്ചു

അതിന്റെ കണ്ണിൽ അതിശയം

“എല്ലാം നല്ലതാണ് ആന്റി. എന്നാലും ആ സിനിമ കുറച്ചു കൂടുതൽ നല്ലതാ “

പോസ്റ്ററിലേക്ക് വിരൽ ചൂണ്ടി കുട്ടി. പറഞ്ഞു

ടിക്കറ്റ് എടുത്തു തീയറ്ററിൽ കയറി ഇരുന്നു

ഒറ്റയ്ക്ക് അല്ല

അടുത്ത് ഒക്കെ ആൾക്കാർ ഉണ്ട്

നമ്മൾ ഒറ്റയ്ക്ക് അല്ലാതെ ഇരിക്കുന്ന ഒരു ഇടം തീയറ്റർ ആണ് എന്ന് തോന്നുന്നു

അവർ അങ്ങനെ കാല് നീട്ടി വെച്ച് ചാരി കിടന്നു സിനിമ കണ്ടു

എന്ത് രസമാണ് കാണാൻ

സിനിമയൊക്കെ ഒരുപാട് മാറി

ഒരു കുട്ടിയുടെ കൗതുകം നിറഞ്ഞ കണ്ണുകളോടെ അവർ ലയിച്ച് ഇരുന്നു

ഇറങ്ങിയപ്പോൾ ആ പെൺകുട്ടി

വേറെ സിനിമ കഴിഞ്ഞു ഇറങ്ങി നിൽപ്പാണ്

“ഇഷ്ടായോ ആന്റി?”

“ഓ ഒത്തിരി നല്ലത്.”

അവൾ ചിരിച്ചു

“ഒറ്റയ്ക്കാണോ?”

“അതെ “

“ഞാനും ഒറ്റയ്ക്കാ.. എന്റെ പേര് ദിവ്യ… സിനിമ വലിയ ഇഷ്ടാ കെട്ടിയോന് തീരെ ഇഷ്ടം ല്ല എന്ന് വെച്ച് നമ്മുടെ ഇഷ്ടങ്ങൾ കളയാൻ പറ്റുമോ
ഞാൻ വരും. എല്ലാ സിനിമയും കാണും “

അവർക്ക് സന്തോഷം തോന്നി

“ശരി മോളെ. പോട്ടെ “

“ആന്റി ഒരു മിനിറ്റ്.. ഇതെന്റെ കാർഡ്.. ഇനി സിനിമ കാണാൻ വരുമ്പോൾ ഒറ്റയ്ക്ക് ആണെങ്കിൽ എന്നേ കൂടെ വിളിക്കണേ നമുക്ക് ഒന്നിച്ചു കാണാം.. എനിക്ക് ഒരു കമ്പനി ഉള്ളതാണ് ഇഷ്ടം “

അവർ അവരുടെ നമ്പർ കൊടുത്തു

വിളിക്കാമെന്ന് ഉറപ്പ് പറഞ്ഞു

അവിടെ നിന്നിറങ്ങി

അടുത്തത് ഇന്ത്യൻ കോഫി ഹൗസ്

മസാല ദോശ

നന്നായി മധുരം ചേർത്ത ഒരു കാപ്പി

അല്ല രണ്ടു കാപ്പി

അവർ ഉത്സാഹത്തോടെ ഓട്ടോയ്ക്ക് കൈ കാണിച്ചു

എന്നാലും ആ പെൺകുട്ടി എങ്ങനെ മനസിലാക്കി താൻ ഒറ്റയായി പോയെന്ന്…

ഒരു പക്ഷെ പെണ്ണിന് മാത്രം ഉള്ള ആറാം ഇന്ദ്രിയം വർക്ക്‌ ചെയ്തതാകും

പുതിയ കൂട്ട്

അറുപതു വയസ്സുള്ള മൈഥിലിയും

ഇരുപത്തിയഞ്ച് വയസ്സുള്ള ദിവ്യയും

Leave a Reply

Your email address will not be published. Required fields are marked *