ഇരുവശവും നോക്കാതെ റോഡിലേക്ക് കയറിയ അവളിലേക്കൊരു കാറ് പാഞ്ഞ് വരുന്നു. ഞാൻ അലറി വിളിച്ചിട്ടും വീണ എന്നെ തിരിഞ്ഞ് നോക്കിയില്ല……

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ഭാര്യയുടെ പേര് വീണയെന്നാണ്. രണ്ട് മാസം മുമ്പ് എന്റെ മുന്നിൽ വെച്ച് അവളൊന്ന് വീണിരുന്നു. രാവിലെ മുറ്റത്ത് കുഴഞ്ഞിരുന്ന ചെടികളെ നനക്കുമ്പോഴായിരുന്നു സംഭവം. ആദ്യം ഞെട്ടിയെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന ധാരണയിൽ എനിക്ക് ചിരിക്കാതിരിക്കാൻ സാധിച്ചില്ല. അവൾക്ക് കരയാതിരിക്കാനും…

വീഴ്ച്ചയിൽ നല്ല പരിക്കുണ്ടെന്ന് കണ്ടപ്പോൾ വീണയെ പിടിച്ചുയർത്താൻ ഞാൻ ശ്രമിച്ചതാണ്. അവൾ സമ്മതിച്ചില്ല. പാടുപെട്ട് സ്വയം എഴുന്നേറ്റ് ചiന്തിയും തട്ടിക്കൊണ്ട് പോകുന്ന വീണയുടെ ഉള്ള് മുഴുവൻ വാശിയാണെന്ന് പിന്നീടാണ് ഞാൻ മനസ്സിലാകുന്നത്…

‘എന്നാലും നിങ്ങൾക്ക് ചിരിക്കാൻ തോന്നിയില്ലേ… ഞാൻ മlരിച്ചാലും നിങ്ങള് ചിരിക്കുകയേയുള്ളൂ…’

അറിയാതെ ചിരിച്ച് പോയതാണ് എന്റെ വീണേയെന്ന് പറഞ്ഞപ്പോൾ അവളുടെ മറുപടി ഇങ്ങനെയായിരുന്നു. നിനക്ക് ചിരിക്കാനായി ഞാനുമൊന്ന് വീഴായെന്ന് പറഞ്ഞിട്ടും പെണ്ണിന്റെ പിണക്കം മാറിയില്ല. സ്വഭാവികമായും വാശി എന്നിലും നിറഞ്ഞു. എന്റെ കവിളുകളും വീർത്തു. നീയിങ്ങനെ മിണ്ടാതെ ഇരുന്നോയെന്നും പറഞ്ഞ് ഞാനും വായ അടച്ചു. പിന്നീട് ആ വീട് മുഴുവൻ മൗനം പൊതിയുകയായിരുന്നു…

‘ നിന്റെ ഭാര്യയെ ജില്ലാശുപത്രീല് കണ്ടല്ലോ…’

വൈകുന്നേരത്തിന് മുമ്പ് ഒരു സുഹൃത്ത് വിളിച്ച് പറഞ്ഞതാണ്. സ്വന്തം ഭാര്യ ആശുപത്രീയില് പോയത് മറ്റൊരാൾ പറഞ്ഞ് അറിഞ്ഞപ്പോൾ എന്റെ തല താഴ്ന്ന് പോയി. ഉച്ചക്ക് വിളിച്ചു വരുത്തിയ ഓട്ടോയിലേക്ക് മുടന്തിക്കൊണ്ട് കയറുമ്പോൾ ഞാൻ കരുതിയത് വീണ അവളുടെ വീട്ടിൽ പോകുകയാണെന്നാണ്. അത്രയ്ക്കും പരിഭവം അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു. തന്റെ കാര്യത്തിൽ നിങ്ങൾക്കെന്നും തമാശയാണെന്ന് ഈയിടെയായി അവൾ പലപ്പോഴും എന്നോട് പറയാറുണ്ട്.

വർഷങ്ങൾ എട്ടെണ്ണം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഇല്ലാത്തതിന്റെ അതീവ ദുഃഖം ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നു. എന്ന് വെച്ച് എനിക്ക് വീണയെ വലിയ ഇഷ്ടമായിരുന്നു. ഈ ഭൂമിയിൽ എനിക്കെന്ന് നിൽക്കാൻ അവൾ അല്ലാതെ മാറ്റാരാണ്.. അബദ്ധങ്ങളെ, ആപത്താണെന്ന് കരുതാതെ ചിരിച്ചുപോയ ഒരു ശരാശരി മനുഷ്യനായതിൽ എനിക്ക് വിഷമം തോന്നി. ചികിത്സിക്കേണ്ട വിധം അവളുടെ മടമ്പ് തെറ്റിയെന്ന് തോന്നിയപ്പോൾ കുറ്റബോധവും തോന്നി. ഞാൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോകണമായിരുന്നു…

പിണക്കവും വാശിയും മാറ്റിവെച്ച് ഞാൻ ജില്ലാ ആശുപത്രിയിലേക്ക് പോയി. അത്യാഹിത വിഭാഗത്തിന്റെ മുന്നിൽ അവൾ വന്ന ഓട്ടോ കണ്ടപ്പോൾ ഡ്രൈവറോട് പോയിക്കൊള്ളാൻ പറയുകയും ചെയ്തു. അകത്ത് ചെന്ന് നോക്കിയപ്പോൾ വീണയുടെ കാല് പരിശോധിക്കുക യായിരുന്നു. കതകിൽ ചാരി ഒരു അന്യനെ പോലെ അവളെ ഞാൻ എത്തി നോക്കി. കണ്ടിട്ടും കാണാത്തത് പോലെ അവൾ ഭാവിച്ചപ്പോൾ അടുത്തേക്ക് പോകാൻ എനിക്ക് തോന്നിയില്ല…

വൈകാതെ വീണ പുറത്തേക്ക് വന്നു. ബാന്റേജൊന്നും ചുറ്റിയിട്ടില്ല. മുടന്തിയിട്ട് തന്നെയാണ് വരവ്. ഡോക്റ്റർ എന്ത് പറഞ്ഞുവെന്ന് ചോദിച്ച എന്നെ അവൾ നോക്കിയത് പോലുമില്ല. താൻ വന്ന ഓട്ടോയാണ് അവൾ തിരയുന്നത്.

‘ഡ്രൈവറെ ഞാൻ പറഞ്ഞയച്ചു…’

ആശുപത്രി ഗേറ്റിലേക്ക് ഫോണും വിളിച്ച് നടന്ന അവളുടെ മുന്നിൽ ബൈക്ക് നിർത്തി ഞാൻ പറഞ്ഞു. എനിക്ക് നിങ്ങളോട് മിണ്ടണ്ടായെന്ന് പറഞ്ഞ് അവൾ റോഡിലേക്ക് നടക്കുകയാണ്. മറുവശം കടന്നാൽ ഓട്ടോ കിട്ടുമെന്ന് അവൾക്ക് അറിയാമായിരുന്നു..

‘നീ ക്ഷമിച്ച് ബൈക്കില് കയറ്… വീണേ.. എടി നിക്കെടി.. ‘

എന്നും പറഞ്ഞ് ബൈക്കിൽ നിന്ന് ഇറങ്ങി ഞാനും വീണയുടെ പുറകേ നടന്നു. പണ്ടും ഞാൻ ഇങ്ങനെ അവളെ പിന്തുടർന്നിട്ടുണ്ട്. അങ്ങനെ യാണ് ഞങ്ങൾ ഒരുമിക്കുന്നത്. പിന്നാലെ ചെന്ന് എത്ര വിളിച്ചിട്ടും അവൾ നിന്നില്ല. അപ്പോഴാണ് എന്റെ കണ്ണുകളത് ശ്രദ്ധിക്കുന്നത്.

ഇരുവശവും നോക്കാതെ റോഡിലേക്ക് കയറിയ അവളിലേക്കൊരു കാറ് പാഞ്ഞ് വരുന്നു. ഞാൻ അലറി വിളിച്ചിട്ടും വീണ എന്നെ തിരിഞ്ഞ് നോക്കിയില്ല. ആ കാറുകാരന്റെ നോട്ടത്തിൽ മുടന്തിക്കൊണ്ട് പാത മുറിച്ച് കടക്കുന്ന അവൾ ഇല്ലായെന്നത് വ്യക്തമാണ്. വേഗതയുടെ ഒരു അംശം പോലും കുറയുന്നതായി തോന്നിയില്ല! ഇടിക്കുമെന്ന് ഉറപ്പാണ്. അത് കാണാനുള്ള കരുത്ത് ഇല്ലാത്തത് കൊണ്ട് ഞാൻ എന്റെ കണ്ണുകൾ മുറുക്കെയടച്ചു.

‘സതീശേട്ടാ….’

റോഡിൽ ടയറ് തയഞ്ഞ് നിൽക്കുന്ന ശബ്ദത്തിലും വീണ എന്നെ വിളിച്ചത് ഞാൻ വ്യക്തമായി കേട്ടൂ… കണ്ണുകൾ തുറന്ന് അങ്ങോട്ടേക്ക് ഓടി ചെല്ലുമ്പോഴേക്കും ആൾക്കാർ കൂടിയിരുന്നു. ഭാഗ്യം! അവൾക്ക് യാതൊന്നും സംഭവിച്ചില്ല. എവിടെ നോക്കിയാണ് നടക്കുന്നത് പെങ്ങളെയെന്ന് ആ കാറുകാരൻ ആക്രോശിക്കുന്നുണ്ട്.

ഞാൻ കാണുമ്പോൾ വീണ വീണയിടത്ത് നിന്ന് ചിരിച്ചു കൊണ്ട് എഴുന്നേൽക്കുന്നതാണ്. കാറ് മുട്ടുമോയെന്ന ഭയത്തിൽ നിന്ന് പിടികൂടിയ ധൃതിയിൽ ആയിരിക്കണം വീണത്. അതിന്റെ വെപ്രാളമൊക്കെ അവളുടെ മുഖത്ത് നിന്ന് മാഞ്ഞിരിക്കുന്നു. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ലലോയെന്ന പറച്ചിലുമായി ആ കൂട്ടം പിരിഞ്ഞു.

ഞാൻ അടുത്തെത്തി വീണയുടെ കൈയ്യിൽ പിടിക്കുമ്പോഴും അവളുടെ ചുണ്ടിൽ നിന്ന് അബദ്ധം പറ്റിയതിന്റെ ചിരി മാഞ്ഞിട്ടുണ്ടായിരുന്നില്ല. തെല്ലിടെ രക്ഷപ്പെടുന്ന ഓരോ വീഴ്ച്ചയിലും നമ്മൾ അങ്ങനെയാണ്. ഒന്നും പറ്റിയില്ലെന്ന് കണ്ടാൽ ആ നിമിഷത്തെ വെപ്രാളത്തിനപ്പുറം അറിയാതെയൊന്ന് ചിരിച്ചുപോകും. കാണുന്നവരും ചിലപ്പോൾ കൂടെ കൂടിയെന്ന് വരും. അതിന്റെ ശരികേടുകളെ കുറിച്ചൊന്നും ആരും ബോധവാൻമ്മാർ ആയിരിക്കില്ല. ശ്രദ്ധിക്കുക. ചിരിക്കപ്പുറം നിലവിളിയിലേക്ക് പോകാൻ പാടില്ലാത്ത വിധം സൂക്ഷിക്കുകയെന്നേ നമുക്ക് ഈ ഭൂമിയിൽ ചെയ്യാനുള്ളൂ…

ചiത്തുപോകാൻ സാധ്യതയുള്ള അബദ്ധങ്ങളെ വരെ, ആപത്താണെന്ന് കരുതാതെ ചിരിച്ചുപോകുന്ന മനുഷ്യരെക്കുറിച്ച് വീണ ഇപ്പോൾ അറിയുന്നുണ്ടാകും. അല്ലെങ്കിൽ പിന്നെ നിങ്ങള് ആ ബൈക്ക് എടുത്തോണ്ട് വാ മനുഷ്യായെന്ന് എന്റെ പള്ളയിൽ നുള്ളിക്കൊണ്ട് അവൾ പറയില്ലായിരുന്നുവല്ലോ…!!!

Leave a Reply

Your email address will not be published. Required fields are marked *