എഴുത്ത്::-ശ്രീജിത്ത് ഇരവിൽ
തേച്ചിട്ട് പോയ ഗേൾഫ്രണ്ടിന്റെ കല്ല്യാണത്തിന് പോകാൻ നാണമില്ലല്ലോ അമ്മാവായെന്ന് മരുമോൻ പറഞ്ഞപ്പോൾ ഞാൻ അന്തം വിട്ട് പോയി.
‘തേച്ചിട്ടോ…?’
പ്രേമിച്ച് പറ്റിക്കുന്നതിനെ അങ്ങനെയാണ് ഞങ്ങൾ പറയുകയെ ന്നായിരുന്നു അവന്റെ മറുപടി. കോളേജിൽ പഠിക്കുന്ന പ്രായമുള്ള ഈ വിരുതൻ പെങ്ങളുടെ മോനാണ്. പേര് അർജുൻ. അവന്റെ അച്ഛനെക്കാളും സ്വാതന്ത്ര്യവും എന്നോട് തന്നെ. എന്റെ എല്ലാ കഥകളും കുത്തിയിരുന്ന് കേൾക്കലാണ് അവന്റെ പ്രധാന ജോലി.
‘അമ്മാവനെന്താണ് കല്ല്യാണം കഴിക്കാത്തത്…?’
ഏതാണ്ട് രണ്ടര വർഷം മുമ്പ് അർജുൻ ചോദിച്ചതാണ്. അന്ന്, പ്രായം നാൽപ്പത് കഴിഞ്ഞിട്ടും കെട്ടാത്തതിന്റ കാരണം പറഞ്ഞ് അമ്മ കലി തുള്ളിയ നാളായിരുന്നു. പെണ്ണായിട്ട് നിന്റെ ഓമന മാത്രമേ ഭൂമീല് ഉള്ളൂവെന്ന് പറഞ്ഞ് ഒച്ച വെച്ചതെല്ലാം നാട്ടിൽ പാട്ടാണ്. അപ്പോൾ പിന്നെ അയലത്ത് ജീവിക്കുന്ന അളിയന്റെ വീട്ടിലേക്ക് എത്താതിരിക്കുമോ…!
‘പറ അമ്മാവാ… ആരാണ് ഓമന…?’
ഓർക്കാൻ ഒരുപിടി അനുഭവങ്ങൾ തന്ന ഓമനയെ എങ്ങനെയാണ് വിവരിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു.
‘എനിക്കും ഓമനയ്ക്കും മനോഹരമായ ഒരു പ്രേമകാലം ഉണ്ടായിരുന്നു…’
എന്നും പറഞ്ഞ് ഞാൻ നെഞ്ചിൽ കൈവെച്ചു. അർജുൻ അപ്പോൾ ഒച്ചത്തിൽ ചിരിക്കുകയായിരുന്നു…
‘ഓ.. പൈങ്കിളി ലൈനായിരുന്നുവല്ലേ…?’
ചിരിയുടെ അവസാനം അവൻ ചോദിച്ചതാണ്. പൈങ്കിളികൾ അത്രത്തോളം മനോഹരമാണെന്ന് അറിയുന്നത് കൊണ്ട്, ആയിരുന്നുവെന്ന് തന്നെ ഞാൻ പറഞ്ഞു.
‘അമ്മാവന് ഓമനയോട് യാതൊരു ദേഷ്യവും ഇല്ലെന്നാണൊ പറഞ്ഞ് വരുന്നത്….?’
ചില നിമിഷങ്ങളുടെ മൗനത്തിന് ശേഷം ഇല്ലടായെന്ന് പറഞ്ഞ് ഞാനെന്റെ മുഖത്ത് ഇത്തിരി പൗഡറിട്ടു. എന്റെ മറുപടി അർജുന് വിശ്വസിക്കാനേ പറ്റിയില്ല. അവനൊരു ആഴമുള്ള ചിന്തയിലേക്ക് വീണത് പോലെ കുറച്ച് നേരം തല കുനിച്ചിരുന്നു.
പങ്കിടുമ്പോൾ പ്രിയമാകുകയും, പിരിയുമ്പോൾ പക തോന്നുകയും ചെയ്യുന്ന പ്രേമങ്ങളെ മാത്രമേ ഭൂരിഭാഗം പേരും പരിചയപ്പെട്ടിട്ടുള്ളൂ. ഒരു കാലം വരെ അത്ര മാത്രമേ എനിക്കും അറിയാമായിരുന്നുള്ളൂ… പിൽക്കാലമത്രയും സുന്ദരമാക്കിയ പുഞ്ചിരികളെ എങ്ങനെയാണ് മനുഷ്യർക്ക് പുറം കാലുകൊണ്ട് തൊഴിക്കാൻ സാധിക്കുന്നതെന്ന് ചോദിക്കാൻ പാകം ഞാൻ മാറിയിരിക്കുന്നു. ഇഷ്ടത്തോടെ പങ്കു വെച്ചവർക്ക് പിരിയാനാണ് ആഗ്രഹമെങ്കിൽ അതിനായി വഴിയൊരുക്കുന്നതും സ്നേഹമാണെന്ന് കണ്ടെത്താൻ വിധം തല പരിണാമപ്പെട്ടിരിക്കുന്നു…
ആർക്കെങ്കിലും ആരെയെങ്കിലും സ്വന്തമാക്കാനുള്ളതല്ല ബന്ധമെന്ന് കേട്ടാൽ നെറ്റി ചുളിയുന്നവരാണ് നൂറിൽ തൊണ്ണൂറ്റിയൊമ്പത് ആൾക്കാരും. പരസ്പരം പുണരുന്നവരുടെ ഉടമ ആ നേരം, ‘നേരം’ മാത്രമാണെന്ന് ആരും അറിയാൻ ശ്രമിക്കുന്നില്ല.
ഭൂമി ഉൾപ്പെടുന്ന ഈ ലോകത്തിന്റെ കാലം തന്നെയൊരു കെട്ട് കഥ പോലെ വലിച്ച് ചുരുട്ടാൻ സാധിക്കുമ്പോൾ, എന്ത് അവകാശമാണ് മറ്റുള്ളവരിൽ നമ്മൾ നിവർത്താൻ സാധിക്കുന്നത്! ആ സ്വാർത്ഥത ഏതൊരു ജീവനുകളുടെയും ജന്മസിദ്ധമായ സ്നേഹത്തിൽ കലർന്നിട്ടുണ്ടെന്ന് പറഞ്ഞാൽ, തന്നിൽ ഉണ്ടെന്ന് പറയുന്ന മനുഷ്യരുടെ ലോക വിവരം എവിടെയാണ് ചെന്നെത്തി നിൽക്കുന്നത്…!
‘അമ്മാവാ… ഞാനും വരട്ടെ കൂടെ…?’
ഓമനയുടെ കല്ല്യാണത്തിന് പോകാനായി സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത എന്നോട് അർജുൻ ചോദിച്ചതാണ്. എന്തിനാണെന്ന ചോദ്യത്തിന് അവന് മറുപടിയുണ്ടായിരുന്നില്ല. തലയിൽ പലതും ഓടുന്നുണ്ടെന്ന ഭാവമായിരുന്നു ചെറുക്കന്. പറയെടായെന്ന് പറഞ്ഞിട്ടും അവൻ മിണ്ടുന്നില്ല. സാധിച്ച് കൊടുക്കാൻ പറ്റുന്ന അർജുന്റെയൊരു ആഗ്രഹങ്ങൾക്കും ഞാൻ എതിര് നിൽക്കാറില്ല. അതുകൊണ്ട് തന്നെ, കയറിക്കോയെന്ന് പറഞ്ഞപ്പോൾ കത്തിയ ചിരിയുമായി അവനും എന്നോടൊപ്പം കൂടി…
‘അമ്മാവന് തുഷാരയെ അറിയില്ലേ… എന്റെ പഴയ….?’
നാട്ടുവഴികളിലൂടെ പതിയേ ചലിക്കുന്ന സ്കൂട്ടറിന്റെ പിറകിൽ ഇരുന്നുകൊണ്ട് അർജുൻ ചോദിച്ചു. ഓർമ്മിച്ചപ്പോൾ ആളെ പിടികിട്ടി. തന്റെ ഗേൾഫ്രണ്ടാണെന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തിയവരിൽ ഒരാളാണ് ഈ തുഷാരയും. അതുകൊണ്ട് തന്നെ, അവൾക്കെന്ത് പറ്റിയെന്ന് ഞാൻ ചോദിച്ചു. വിട്ടുപോയവരെ കുറിച്ച് പറയാൻ മടിക്കുന്ന ശബ്ദത്തോടെയായിരുന്നു അവന്റെ മറുപടി.
‘അടുത്താഴ്ച്ച അവളുടെ കല്ല്യാണമായിരുന്നു. ഇന്നലെ ഞാനത് മുടക്കി…’
തുഷാരയുമായി ഒരുമിച്ചുണ്ടായിരുന്ന നേരത്തെ പകർത്തിയ ചില ചിത്രങ്ങൾ അവളെ കെട്ടാൻ പോകുന്നവന് അയച്ച് കൊടുത്താണ് താനത് മുടക്കിയതെന്നും അർജുൻ ചേർത്തു.
‘ഇറങ്ങിറങ്ങ്… എങ്ങനെയെങ്കിലും തിരിച്ച് പോയിക്കൊ…. ഒരുമാതിരി തെiണ്ടിത്തരം കാട്ടരുത്… നാണമില്ലല്ലോടാ നിനക്കൊന്നും…?’
സ്കൂട്ടർ നിർത്തിക്കൊണ്ടാണ് ഞാനത് പറഞ്ഞത്. എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും പൊറുക്കാൻ പറ്റാത്തയൊരു തെറ്റാണ് അവൻ ചെയ്തിരിക്കുന്നത്. എന്നിൽ നിന്ന് മറ്റൊരു ഞാൻ ഇറങ്ങി എന്നോട് തന്നെ പല്ലിളിക്കുന്നത് പോലെയൊക്കെ എനിക്ക് തോന്നി. അതിനും മാത്രമെന്താണ് സംഭവിച്ചെന്ന് ചോദിച്ചാൽ ഇതേ തെറ്റ് ഓമനയോട് എനിക്കും ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിന് ശേഷമാണ് ബന്ധങ്ങളിലെ കാഴ്ച്ചപ്പാട് ഇത്രത്തോളം വ്യക്തമായി എന്നിൽ തെളിയാൻ തുടങ്ങിയത്…
അന്ന്, നമുക്ക് പിരിയാമെന്ന് ഓമന പറഞ്ഞ നാളായിരുന്നു. ഞാൻ സമ്മതിച്ചില്ല. വീട്ടിൽ അറിയുമ്പോൾ വിട്ട് കളയാനാണെങ്കിൽ എന്തിന് എന്നെ ഇഷ്ടപ്പെട്ടുവെന്ന ചോദ്യമായിരുന്നു എന്റെ മറുപടി. അവൾ മിണ്ടിയില്ല. തോന്നുമ്പോൾ വരാനും പോകാനുമുള്ള സ്ഥലമല്ല ബന്ധങ്ങളെന്ന് ഘോരഘോരം വാദിച്ചിട്ടും പെണ്ണിന് മൗനം തന്നെ.
‘നിനക്ക് നാക്കില്ലേ…?’
കനത്തിൽ തന്നെ ഞാൻ ശബ്ദിച്ചു. തന്റെ മാതാപിതാക്കളെ ധിക്കരിച്ചുകൊണ്ട് തനിക്കൊന്നിനും പറ്റില്ലെന്ന് പറഞ്ഞ് ഓമന പിൻവാങ്ങി. ഇതിനിടയിൽ എപ്പോഴോ എന്റെ കണ്ണുകൾ നിറഞ്ഞത് കൊണ്ട് മാത്രം അപ്പോഴത്തെ അവളുടെ ഭാവം ഞാൻ കണ്ടില്ല. പിടിച്ച് നിർത്താൻ ശ്രമിക്കുമ്പോൾ കുതിച്ച് ചാടുന്ന രീതി സ്നേഹത്തിലുണ്ടെന്ന് പിന്നീടുള്ള നാളുകളിൽ എനിക്ക് മനസ്സിലായി. അല്ലായിരുന്നുവെങ്കിൽ, ഏതെങ്കിലും വഴിയിലൂടെ ഓമന എന്നെ ബന്ധപ്പെടുമായിരുന്നുവല്ലോ….
‘അമ്മാവാ… തുഷാരയുടെ കല്ല്യാണം മുടക്കിയത് അവളെ എനിക്ക് കിട്ടാനാണ്… ഞാൻ തന്നെ അവളെ കെട്ടും…’
സ്കൂട്ടറുമായി ചലിക്കുമ്പോൾ ഇറക്കിവിട്ട സ്ഥലത്ത് നിന്ന് അർജുൻ വിളിച്ച് പറഞ്ഞതാണ്. വർഷങ്ങൾക്ക് മുമ്പൊരു കണ്ണാടിയോട് ഞാൻ പറഞ്ഞതും ഇങ്ങനെ തന്നെയായിരുന്നു. തമ്മിൽ പിരിഞ്ഞ് ഒരു വർഷമൊക്കെ ആകുമ്പോഴേക്കും ഓമനയുടെ കല്ല്യാണം തീരുമാനിക്കപ്പെട്ടിരുന്നു. വായനശാലയിൽ വെച്ച് തമ്മിൽ കണ്ട് മുട്ടിയ കാലം തൊട്ട് അന്നേവരെയുള്ള മുഹൂർത്തങ്ങളെയെല്ലാം ചേർത്ത് ഞാനൊരു കത്ത് തയ്യാറാക്കി. വിശ്വാസത്തിനായി ടൗണിൽ സർക്കീട്ടിന് പോയപ്പോൾ പകർത്തിയ ചിത്രങ്ങളും കൂടെ വെച്ചു. ഓമനയെ കെട്ടാൻ പോകുന്നവന്റെ വിലാസത്തിലേക്കത് അയക്കുമ്പോൾ അർജുനെ പോലെ തന്നെയായിരുന്നു ഞാനും കരുതി. ഓമനയെ ഞാൻ മാത്രമാണ് കെട്ടേണ്ടതെന്ന് വിശ്വസിച്ചു.
‘എന്താണിത്ര വൈകിയത്…?’
ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ മുന്നിൽ തെളിഞ്ഞയൊരു പരിചയക്കാരൻ ചോദിച്ചതാണ്. കല്ല്യാണമൊക്കെ കഴിഞ്ഞ് പോലും. എന്നിട്ടും ഞാൻ മണ്ഡപത്തിലേക്ക് നടന്നു. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി ഓമനയെ ഞാൻ കാണുന്നത്. ഇനിയൊരിക്കലും തന്റെ കണ്മുന്നിൽ കണ്ട് പോകരുതെന്നായിരുന്നു ആ പശ്ചാത്തലത്തിലെ അവളുടെ ശബ്ദം.
അന്ന്, കല്ല്യാണം മുടങ്ങിയ വിഷമത്തിൽ ഓമനയുടെ അമ്മ കുഴഞ്ഞ് വീണിരുന്നു. പ്രമേഹ രോഗിയായിരുന്ന അവർ തുടർന്ന് മരിക്കുകയും ചെയ്തു. ചെറുതല്ലാത്ത കുറ്റബോധത്തിൽ കലങ്ങിയ കണ്ണുകളുമായി ഞാൻ ആ മരണ വീട്ടിലേക്ക് ചെന്നു. ചിത്രങ്ങളടക്കം ഉൾപ്പെടുത്തി ഞാൻ അയച്ച കത്ത് എന്റെ കൈകളിൽ ബലമായി വെച്ചതിന് ശേഷമാണ് മുന്നിലേക്കിനി വന്ന് പോകരുതെന്ന് അവൾ പറഞ്ഞത്…
‘വരുമെന്ന് തീരേ പ്രതീക്ഷിച്ചില്ല… ദേ.. ഇതാണ് ഞാൻ പറഞ്ഞ….’
മണ്ഡപത്തിൽ നിന്ന് തന്റെ ഭർത്താവിന് ഓമന എന്നെ പരിചയപ്പെടുത്തി. അയാൾ ചിരിച്ചു. ഞാനും. ശേഷം ഒപ്പം നിർത്തിയൊരു ചിത്രവും എടുപ്പിച്ചു. വലിയ സന്തോഷമെന്നും, ഇനിയെങ്കിലും ജീവിക്കാൻ മറക്കരുതെന്നും അവൾ എന്നോട് പറഞ്ഞു. രണ്ടുപേരുടേയും കണ്ണുകൾ നനവിൽ തട്ടി പിടച്ച നിമിഷങ്ങളായിരുന്നുവത്…
ശരിയാണ്. വീണ്ട് വിചാരമില്ലാതെ ചെയ്തയൊരു കാര്യം കൊണ്ട് ഓമനയുടെ ജീവിതത്തിൽ കടുത്ത ദുഃഖമാണ് ഉണ്ടായിരിക്കുന്നത്. അതിന്റെ പ്രായശ്ചിത്വമെന്ന പോലെ വർഷങ്ങൾ പതിനഞ്ചെണ്ണം കഴിഞ്ഞിരിക്കുന്നു. അത് അറിയുന്നത് കൊണ്ടായിരിക്കണം, പുതിയ ജീവിതം തീരുമാനിച്ച ചടങ്ങിലേക്ക് ഓമന എന്നേയും വിളിച്ചത്.
എന്തായാലും, എല്ലാം മറന്നും പൊറുത്തും അവളെയൊരു വിരിഞ്ഞ ചിരിയിൽ കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷമുണ്ട്. എല്ലാ പാപ ഭാരങ്ങളും ഇറങ്ങിയത് പോലെയൊരു അനുഭവം. ഇനിയും കൊള്ളാത്ത പുതിയ വഴികൾ എന്റെ തുടർ സഞ്ചാരത്തിനായി ആയുസ്സിൽ തെളിയുമായിരിക്കും.
അല്ലെങ്കിലും, നമുക്ക് ഈ ഭൂമിയിൽ സ്വന്തമെന്ന് പറയാൻ ലോകത്തിന്റെ ശ്വാസ കാലം മാത്രമല്ലേയുള്ളൂ… ഏത് ബന്ധത്തിന്റെ പേരിലായാലും ഇടപെടുന്ന വ്യക്തികളിൽ ആർക്കുമൊരു അവകാശവുമില്ല. പോകാൻ വെമ്പുന്നവരെ പിടിച്ച് നിർത്താനുള്ള അർഹതയുമില്ല. സ്നേഹതലങ്ങളെല്ലാം വളരേ സ്വഭാവികമായി സംഭവിക്കേണ്ട മഹത്തരമായ കാര്യമാണ്. ആ ബഹുമാനമുണ്ടെങ്കിലെ തമ്മിൽ പിരിഞ്ഞാലും അതിന്റെയൊന്നും ഭംഗി നഷ്ടപ്പെടാതിരിക്കുകയുള്ളൂ…
അൽപ്പം വൈകിയെങ്കിലും ഇപ്പോൾ എനിക്കത് തിരിച്ചറിയാൻ പറ്റുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് പരസപരം പങ്കുവെച്ച നേരത്തിന്റെ ഓർമ്മകളുടെ മാത്രം ജന്മിയായി ഇപ്പോഴും ഞാനത് വിളിച്ച് പറയുന്നത്.
‘എനിക്കും ഓമനയ്ക്കും മനോഹരമായ ഒരു പ്രേമകാലം ഉണ്ടായിരുന്നു…!!!’