ഉണ്ടായിരുന്നു എനിക്ക് നിങ്ങളോട് വെറുപ്പ് പക്ഷേ ഇപ്പോൾ ഇല്ല,, ജോലിസ്ഥലത്തും, യാത്ര ചെയ്യുന്ന ബസ്സിലും, കടകളിലും അങ്ങനെ പലയിടത്തും പല പുരുഷന്മാരെയും കാണാറുണ്ട് അക്കൂട്ടത്തിൽ ഒരാൾ……

_exposure _upscale

പെണ്ണ്….

എഴുത്ത്:-ശ്യാം കല്ല്കുഴിയില്‍

” പണ്ടാരം ആരാണ് രാവിലെ തന്നെ ഈ കിടന്ന് വിളിക്കുന്നത്… “

രാവിലെ ഫോണിന്റെ നിലക്കാതെ ഉളള ശബ്ദം കേട്ട് അടുക്കളയിൽ നിന്ന് പിറുപിറുത്ത് കൊണ്ട് ദേവിക മുറിയിലേക്ക് കയറി ചെന്നു. “ദേവൻ”   മൊബൈൽ ഡിസ്പ്ലേയിൽ തെളിഞ്ഞ ആ പേര് കണ്ടപ്പോൾ അവൾ അറിയാതെ പറഞ്ഞുപോയി… 

വർഷങ്ങൾക്ക് ശേഷമാണ് അവളുടെ മൊബൈലിൽ ആ പേര് തെളിയുന്നത്.  ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ അവൾ നിന്നു.. ന്തിനാണാവോ ഇപ്പോൾ ഒരു ഫോൺ വിളി, ആലോചിച്ചു നിൽക്കുമ്പോഴേക്കും കാൾ കട്ട്‌ ആയി.. മൊബൈൽ ബെഡിലേക്ക് ഇട്ടു തിരികെ അടുക്കളയിലേക്ക് പോകാൻ തിരിയുമ്പോൾ വീണ്ടും ഫോൺ ശബ്ദിച്ചു തുടങ്ങി…

ഫോൺ എടുത്ത് നോക്കി ദേവൻ തന്നെയാണ് വിളിക്കുന്നത്. അവൾ കാൾ അറ്റന്റ് ചെയുത് ഫോൺ ചെവിയിലേക്ക് അടുപ്പിച്ച് പിടിച്ചു..

“ഹലോ….. “

മറുവശത്ത് നിന്ന് ദേവന്റെ ശബ്ദം അവൾ കെട്ടു…

        “മ്…. “

ദേവിക ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളു….

” അമ്മ മരിച്ചു, മോളേയൊന്ന് കൊണ്ട് വന്ന് കാണിക്കണം…. “

അത്‌ പറഞ്ഞ് മറുപടിക്ക് കത്ത് നിൽക്കാതെ ദേവൻ കാൾ കട്ട്‌ ചെയ്തു.. അത്‌ കേട്ടപ്പോഴേക്കും ദേവകിയുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി..

വർഷങ്ങൾക്ക് മുൻപ് മരുമകൾ ആയി ആ വീട്ടിൽ ചെന്ന് കയറുമ്പോൾ സ്വന്തം മകളായി സ്നേഹിച്ചതാണ് ആ അമ്മ. ദേവന്റെ അവഗണനകൾക്കും, വഴക്കിനും ഇടയിൽ അമ്മ ആയിരുന്നു ഏക ആശ്വാസം, സ്വന്തം മോളെ പോലെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച അമ്മ..

” മോളേ ഈ കാലന്റെ ഇടയിൽ നിന്ന് നീ എങ്ങോട്ട് എങ്കിലും പോയ് രക്ഷപെട്ടോ…”

അവസാനം ഗതികെട്ട് അമ്മ അത് പറയുമ്പോൾ ദേവിക ആ മാറിലേക്ക് വീണ് പൊട്ടിക്കരയുകയായിരുന്നു, അന്ന് ആ പടി ഇറങ്ങിയതാണ് ദേവിക, പിന്നെ അവളെ അന്വേക്ഷിച്ചു ദേവനോ അയ്യാളുടെ അരുകിലേക്ക് ദേവികയൊ ചെന്നിട്ടില്ല…

അയ്യാളോടുള്ള വാശിയിൽ ദേവിക ചെറുത് ആണേലും ഒരു ജോലിക്ക് പോകുന്നുണ്ട്.ഇപ്പോൾ അവളുടെയും മോളുടെയും ജീവിതത്തിൽ സമാധാനം ഉണ്ട് അത്‌ മാത്രം ആണ് അവളെന്നും ആഗ്രഹിച്ചിട്ടുള്ളതും…

” ആരെ സ്വപനം കണ്ടിരിക്കുകയാ ഈ അമ്മ… “

മോളുടെ ചോദ്യം കേട്ടാണ് ദേവിക ചിന്തയിൽ നിന്ന് ഉണർന്നത്.

” മോളേ നിന്റെ അച്ഛമ്മ മരിച്ചു, ഇന്ന് സ്കൂളിൽ പോകണ്ട അമ്മ ടീച്ചറേ വിളിച്ചു പറഞ്ഞോളാം വേഗം ഡ്രസ്സ്‌ ചെയ്ഞ്ചു ചെയ്യ്.. “

” നമ്മളെ ഇത്രയും ബുദ്ധിമുട്ടിച്ച ആ വീട്ടിലേക്ക് ന്തിനാണ് അമ്മേ പോകുന്നത്‌… “

” അങ്ങനെ പറയല്ലേ മോളേ.. ആ അമ്മ നല്ലൊരു സ്ത്രീ ആണ്, മരിച്ചവരോട് നമുക്ക് ന്തിനാ പക…നീ വേഗം റെഡിയായിക്കെ… “

അത്‌ പറഞ്ഞ് ദേവിക ഫോൺ എടുത്ത് മോളുടെ സ്കൂളിലേക്കും ദേവികയുടെ ഓഫീസിലേക്കും വിളിച്ച് ലീവ് പറഞ്ഞു. റെഡിയായി ഇറങ്ങി ഒരു ഓട്ടോ വിളിച്ച് രണ്ടുപേരും ദേവന്റെ വീട്ടിലേക്ക്  പോയി…

മുറ്റത്ത് ടാർപ്പ വലിച്ച് കെട്ടിയിരിക്കുന്നു, നിറയെ കസേരകൾ നിരത്തി ഇട്ടിരിക്കുന്നതിൽ അങ്ങ് ഇങ്ങായി ചിലർ ഇരിക്കുന്നു. മുന്നോട്ട് കാല് വയ്ക്കുമ്പോൾ ചന്ദനതിരിയുടെ മണം മൂക്കിലേക്ക് അടിച്ചു കയറി കൊണ്ടിരുന്നു..മുറ്റത്ത് ഒരു മൂലയിൽ ഒതുങ്ങി നിൽക്കുന്ന ദേവനെ അവൾ കണ്ടു, വർഷങ്ങൾക്ക് ശേഷമുള്ള ഒരു കണ്ടുമുട്ടൽ, അവളൊന്ന് ആ മുഖത്തേക്ക് നോക്കിയിട്ട് നോട്ടം മാറ്റിക്കളഞ്ഞു..  

ദേവികയേയും മോളെയും കണ്ടപ്പോഴേക്കും കൂട്ടം കൂടി നിന്നവർ പിറുപിറുത്ത് തുടങ്ങി. ഉമ്മറത്ത് നിലവിളക്കിന്റെ ചുവട്ടിൽ തണുത്ത് മരവിച്ചു കിടക്കുന്ന അമ്മയുടെ അടുക്കലേക്ക് അവൾ ഇരുന്നു. ചുറ്റും കുറച്ച് ബന്ധുക്കൾ ഇരിപ്പുണ്ട്…

മൃത്ദേഹം ചിതയിലേക്ക് എടുക്കും മുൻപ് ദേവികയും നൽകി ഒരു അന്ത്യചുംബനം, ചിതയിൽ കത്തിയെരിയുമ്പോൾ അവളുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു, പയ്യെ ബന്ധുക്കളും അയൽക്കാരും എല്ലാം ഒഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഇരുട്ട് പടരും മുൻപ് ദേവികയും മോളെ കൂട്ടി ഇറങ്ങി. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവളെ പിന്തുടർന്ന ദേവന്റെ കണ്ണുകളെ ദേവിക കണ്ടില്ലെന്നു നടിച്ചു….

പിറ്റേന്ന് മുതൽ ദേവികയുടെ ജീവിതം പഴയത് പോലെ മുന്നോട്ട് പോയി. പിന്നെയവൾ  പതിനാറിന്റെ ചടങ്ങിനാണ് ദേവന്റെ വീട്ടിലേക്ക് പോകുന്നത്. ദേവന്റെ മുഖം കണ്ടപ്പോൾ അയാൾക്ക് എന്തോ അവളോട്‌ സംസാരിക്കാൻ ഉണ്ടെന്ന് അവൾക്ക് മനസ്സിലായി.

” ദേവു…”

ചടങ്ങുകളൊക്കെ കഴിഞ്ഞ് പോകാൻ ഇറങ്ങുമ്പോൾ ആണ് ദേവൻ പിന്നിൽ നിന്ന് വിളിച്ചത്… ദേവിക ഒന്നും മിണ്ടാതെ തിരിഞ്ഞു നിന്നതേയുള്ളൂ..

” എനിക്ക് ഒരല്പം സംസാരിക്കാൻ ഉണ്ട് ദേവുവിനോട്…”

” ന്താ പറഞ്ഞോളൂ… “

” നമുക്ക് അൽപ്പം മാറി നിൽക്കാം മോള് ഇവിടെ ഇരിക്കട്ടെ… “

അത് പറഞ്ഞ് ദേവൻ അൽപ്പം മുന്നിലേക്ക് നടന്നു. മോളോട് അവിടെ ഇരിക്കാൻ പറഞ്ഞ് ദേവിക ദേവന്റെ പിന്നാലെ നടന്നു..

” ദേവു… “

ദേവൻ മെല്ലെ വിളിച്ചു..


” ദേവു… അപ്പൊ ആ പേര് മറന്നിട്ടില്ലല്ലേ നിങ്ങൾ, പണ്ട് ഒരുപാട് കൊതിച്ചതാണ് ആ വായിൽ നിന്ന് അങ്ങനെ ഒരു വിളി കേൾക്കാൻ..ഇപ്പോൾ അങ്ങനെ കേൾക്കുന്നത് തന്നെ എനിക്ക് വെറുപ്പാണ്…”

” എനിക്ക് അറിയാം ദേവു നിനക്ക് എന്നോട് തീർത്താൽ തീരാത്തത്ര വെറുപ്പ് ഉള്ളിൽ ഉണ്ടെന്ന്… “

” ഉണ്ടായിരുന്നു എനിക്ക് നിങ്ങളോട് വെറുപ്പ് പക്ഷേ ഇപ്പോൾ ഇല്ല,, ജോലിസ്ഥലത്തും, യാത്ര ചെയ്യുന്ന ബസ്സിലും, കടകളിലും അങ്ങനെ പലയിടത്തും പല പുരുഷന്മാരെയും കാണാറുണ്ട് അക്കൂട്ടത്തിൽ ഒരാൾ മാത്രമാണ് എനിക്ക് നിങ്ങൾ…. “

” ദേവു പ്ലീസ്… ഞാൻ ഇപ്പോൾ ആകെ തകർന്നിരിക്കുക ആണ്…. “


ദേവന്റെ വാക്കുകൾ കുറച്ച് കൂടി ആർദ്രമായി, അവന്റെ വാക്കുകളിൽ സങ്കടം നിഴലിച്ച്‌ ഇരിപ്പുണ്ടയിരുന്നു…

” തകർച്ച ,, അതെന്താണ് എന്ന് നിങ്ങൾക്ക് അറിയോ ?? ഇല്ല ഇതല്ല തകർച്ച  മുന്നിൽ പിടിച്ചു നിൽക്കാൻ ഒരു കച്ചിതുരുമ്പ് പോലും ഇല്ലാതെ ഒറ്റ നിമിഷം കൊണ്ട് ഒറ്റയ്ക്ക് ആകുന്ന അവസ്ഥ അത്‌ നിങ്ങൾ അനുഭവിച്ചിട്ടില്ല… ഒരു പെൺകുട്ടിയേയും കൊണ്ട് സമൂഹത്തിൽ ഒറ്റയ്ക് ജീവിക്കൾ അവൾ നേരിടുന്ന ബുദ്ധിമുട്ടുകൾ, ശരീരത്തിലേക്ക് ചൂഴ്ന്നിറങ്ങുന്ന കഴുകൻ കണ്ണുകൾ ഇതൊന്നും നിങ്ങളോട് പറഞ്ഞാൽ മനസ്സിലാകില്ല..”

തന്റെ മുഖത്ത് നോക്കാതെ വിദൂരയിലേക്ക് നോക്കി നിൽക്കുന്ന ദേവന്റെ മുന്നിലേക്ക് നീങ്ങി നിന്നു ദേവിക.. ദേവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റിറ്റായി വീഴുന്നുണ്ട്


” ഈ കണ്ണുനീർ കാണുന്നത് പോലും എനിക്ക് അറപ്പാണ്, നിങ്ങൾ കണ്ടില്ല എന്ന് നടിച്ച എന്റെ കണ്ണുനീരിന്‌ മുൻപിൽ ഇതൊന്നും ഒന്നുമല്ല..ആരും കാണാതെ എത്രയോ ദിവസങ്ങൾ ഞാൻ കരഞ്ഞു തീർത്തിട്ടുണ്ട്. എത്രയോ ദിവസങ്ങൾ കഴിക്കാൻ ആഹാരം പോലും ഇല്ലാതെ ഞാനും എന്റെ മോളും പട്ടിണി കിടന്നിട്ടുണ്ടെന്ന് നിങ്ങൾക്ക് അറിയുമോ… “

ദേവിക ഓരോന്ന് എണ്ണിയെണ്ണി പറയുമ്പോൾ ദേവൻ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരിക്കുകയായിരുന്നു.

” അന്ന് ഈ വീട്‌ വിട്ട് ഞാൻ ഇറങ്ങുമ്പോൾ നിങ്ങളുടെ ഒരു പിൻവിളിക്ക് ഞാൻ എന്തുമാത്രം കൊതിച്ചെന്നോ.. ദിവസങ്ങളോളം നിങ്ങളുടെ ഒരു വിളിക്ക് വേണ്ടി ഞാൻ കാത്തിരുന്നിട്ടുണ്ട്,, ഭർത്താവ് എത്രയൊക്കെ ദ്രോഹം ചെയ്താലും “നീ ഇല്ലാതെ എനിക്ക് പറ്റില്ല “എന്നൊരു വാക്ക് മതി അവളുടെ എല്ലാ പിണക്കങ്ങളും മാറാൻ.. അന്ന് ഒന്നും ലഭിക്കത്ത സ്നേഹം ഇനി എനിക്ക് വേണ്ട… “

അത് പറഞ്ഞ് ഒഴുകി വന്ന കണ്ണുനീർ തുടച്ച് കൊണ്ട് അവൾ തിരിഞ്ഞു രണ്ട് ചുവടുകൾ മുന്നോട്ട് വച്ചു. പിന്നെ എന്തോ ഓർത്തത് പോലെ തിരിഞ്ഞു നിന്നു…

” നന്ദിയുണ്ട് നിങ്ങളോട്, ഈ സമൂഹത്തിൽ ഒരു തുണയുമില്ലാതെ ഒറ്റയ്ക്ക് ഒരു പെണ്ണിന് ജീവിക്കാൻ പറ്റും എന്ന് പഠിപ്പിച്ച് തന്നതിന്, സമൂഹത്തിൽ ഒറ്റയ്ക്ക് ഇറങ്ങി നടക്കാൻ പേടിച്ചവളെ ഒരു തന്റേടി ആക്കിയതിന്, ജീവിതത്തിലെ പ്രതിസന്ധികളെ ഒറ്റയ്ക്ക് ധൈര്യപൂർവ്വം നേരിടാൻ പഠിപ്പിച്ചതിന്, ഇനി മുന്നോട്ട് ഉളള എന്റെ ജീവിതത്തിൽ ഒരു പുരുഷന്റെ തുണ ആവശ്യമില്ല, ഞാൻ ജീവിതത്തിൽ പഠിക്കാൻ വൈകിപ്പോയ കാര്യങ്ങൾ എന്റെ മോളേ പഠിപ്പിക്കണം സ്വന്തം കാര്യങ്ങൾ തീരുമാനിക്കാനും ഒറ്റയ്ക്ക് ജീവിതത്തെ നേരിടാനും അവളെ പ്രാപ്‌തയാക്കണം.. എന്റെ വിധി അവൾക് ഉണ്ടാകാൻ പാടില്ല.. “

അത് പറഞ്ഞ് ദേവിക മോളെയും ചേർത്ത് പിടിച്ച് ദേവനിൽ നിന്ന് നടന്ന് നീങ്ങി. ജീവിതത്തിൽ മുന്നോട്ട് ഉളള ഉറച്ച കാൽ വെൽപ്പ് പോലെ അവളുടെ തീരുമാങ്ങളും ഉറച്ചത് ആയിരുന്നു…

അപ്പോഴും കൈവിട്ട് കളഞ്ഞ ആ നഷ്ടവസന്തം തന്റെ മുന്നിൽ കൂടെ അകന്ന് പോകുന്നത്‌ നിസ്സഹയതോടെ നോക്കി നിന്ന് നേടുവീർപ്പെടാൻ  മാത്രമേ ദേവന് ആയുള്ളൂ..

Leave a Reply

Your email address will not be published. Required fields are marked *