എനിക്ക് ഇവളെ അറിയാം… ഞാൻ ഈ മുഖം കണ്ടിട്ടുണ്ട്…. ഒരു വട്ടമല്ല പല വട്ടം… എന്റെ മനസ്സിന് തീപ്പിടിച്ചു തുടങ്ങി…. ഞാൻ നോക്കി നിൽക്കേ… അവളുടെ ദേഹത്തെ മുറിവുകൾ…..

വാതിൽ

Story written by Vaisakh Baiju

കുറേ… കുറേ… നാളുകൾക്കപ്പുറം ഒരു വൈകുന്നേരം…… വെട്ടം അങ്ങോട്ട് മറഞ്ഞിട്ടില്ല……. കാക്കയും പട്ടിയും മനുഷ്യനുമടക്കം സകല ജീവികളും കൊന്നും തിന്നും രുചിച്ചും… ഭോഗിച്ചും…അടുത്ത ദിവസത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി…..

ആ അടഞ്ഞ വാതിലിലേക്ക് നീളുന്ന ഈ വലിയ വരിയിലെ അവസാനത്തെ ആൾ ഞാനാണ്…… ഇടയ്ക്ക് ഞാൻ താഴേക്ക് നോക്കി… ഇവിടുന്ന് ഇങ്ങനെ നോക്കുമ്പോഴും ഭൂമി വ്യക്തമാണ്….താൻ ഇങ്ങ് പോന്നിട്ടും ഭൂമിയിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ല….!! ആര് വന്നാലും പോയാലും… മാറ്റമില്ലാതെ ഇങ്ങനെ തന്നെ നാട് മുന്നോട്ട് പോകും….

പെട്ടെന്ന് വളകിലുക്കം പോലെ ഒരു പൊട്ടിച്ചിരി കേട്ട് ഞാൻ മുന്നിലേക്ക് നോക്കി…എനിക്ക് മുന്നിൽ വരിയിൽ നിൽക്കുന്ന ആളിൽ നിന്നാണ് ചിരി… ആളെ വ്യക്തമല്ല…

” ഇവിടെയെത്തിയിട്ടും താഴേക്കാണ് നോട്ടമല്ലേ…. “, അത്രത്തോളം വ്യക്തമല്ലാത്ത ആ ശബ്ദം എന്നോട് തിരക്കി…

” ഹെയ്…അങ്ങനെയല്ല…… ദാ ഇങ്ങനെ നോക്കുമ്പോൾ ഒരു രസം…. നമ്മൾ ജീവിച്ച ഇടമല്ലേ.. ഈ ഉയരത്തിൽ നിന്നും അങ്ങോട്ട് നോക്കുമ്പോൾ… നല്ല ഭംഗി… “,ഞാൻ മറുപടി പറഞ്ഞു…

മുന്നിലെ രൂപം തുടർന്നു …” അത് ശരിയാണ് … പകൽ അങ്ങോട്ട് നോക്കുമ്പോൾ അങ്ങനെയാ……     ഭൂമിക്ക് നിറം മാറുന്നത്… പകലല്ല… രാത്രിയിലാണ്… രാത്രിയാകുമ്പോൾ…. പകലിൽ നിറമുള്ള, സ്നേഹമുള്ള ചിലതിനെല്ലാം കൊമ്പ് മുളയ്ക്കും… വലിയ പല്ലുകൾ വരും… “, പറഞ്ഞു തീരുമ്പോൾ ആ ശബ്ദത്തിന് അല്പം കൂടി ബലവും… അമർഷവും.. സങ്കടവും ഒരുപോലെ കൈവന്നിരിക്കുന്നു….

ഞാൻ ഒരു മോശം മനുഷ്യൻ ആയിരുന്നില്ല… നിയമജ്ഞനായിരുന്നു… ന്യായാധിപനായിരുന്നു…. എന്റെ പേനയിൽ നിന്നും നീതിക്കും നിയമത്തിനും അതീതമായി ഒന്നും എഴുതപ്പെട്ടിട്ടില്ല… ഒരു നിരപരാധി പോലും ഞാൻ കാരണം ശിക്ഷിക്കപ്പെട്ടിട്ടില്ല… ഒരു അപരാധിയും രക്ഷപ്പെട്ടിട്ടുമില്ല… എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി….

” നിങ്ങൾ എങ്ങനെയാ ഇവിടെ എത്തിയത്….?? “, ഞാൻ മുന്നിലെ രൂപത്തോട് തിരക്കി.. മറുപടിയായി ഒന്ന് ചിരി.. മുൻപുള്ളതിനേക്കാൾ തെളിച്ചം കുറഞ്ഞ ചിരി…

” ന്യായാധിപൻമാർ ദൈവത്തിന്റെ പ്രവാചകരാണെന്ന് എന്റെ അമ്മ പറഞ്ഞിട്ടുണ്ട്…. “, മുന്നിലെ രൂപം പറഞ്ഞു….

ശരിയാണ്… ദൈവം ചെയ്യേണ്ട കാര്യങ്ങൾ തന്നെയാണ് എന്നെപോലെയുള്ളവർ ഭൂമിയിൽ ചെയ്യേണ്ടത്… ആ കടമ ഞാൻ  വൃത്തിയായി ചെയ്തിരിക്കുന്നു… അവസാനം വിധിപറഞ്ഞ കേസിൽ എനിക്ക് വലിയ പ്രശസ്തിയുണ്ടായി…. പത്രങ്ങൾ എന്നെ വാനോളം പുകഴ്ത്തി… ചാനലുകളിൽ… നിയമവ്യവസ്ഥയുടെ മൂല്യങ്ങളെപറ്റി… ഞാൻ ഘോര ഘോരം സംസാരിച്ചു…. ഞാൻ മരിച്ചപ്പോൾ… ആളുകൾ കരഞ്ഞു… വലിയ അകമ്പടിയോടെ എനിക്ക് യാത്രയയപ്പ് നൽകി….

അവിടുന്ന് പോന്നതിൽ വലിയൊരു സങ്കടം…… കൊച്ചുമകളെ പിരിഞ്ഞതാണ് …. എന്റെ നെഞ്ചിൽ കിടന്നു മാത്രമേ അവൾ ഉറങ്ങാറുള്ളു….എന്നെ കാണാതായപ്പോൾ അവൾ വാവിട്ടു കരഞ്ഞു… എന്റെ കണ്ണുകൾ നിറയുന്നുണ്ട്….

എല്ലാ തരത്തിലും ഞാൻ നീതിമാനാണ്… ദൈവത്തിന്റെ അടുത്തുള്ള സ്ഥാനം തന്നെ എനിക്ക് കിട്ടും….വാതിൽ തുറക്കാൻ ഇനി അധികനേരമില്ലെന്ന് തോന്നുന്നു….

വലിയ ഒച്ചയിൽ മുന്നിലെ വാതിൽ… തുറക്കുന്നു… അകത്തേക്ക് തള്ളിക്കയറാൻ വെമ്പൽ കൂട്ടുന്നവരുടെ ബഹളം…. ഓരോരുത്തരായി ഊഴം കാത്ത് അകത്തേക്ക് കയറുന്നു…. എന്റെ മുന്നിലെ ആ രൂപവും അകത്തേക്ക് കയറി… അടുത്ത ഊഴം എന്റേതാണ്…. അകത്തേക്ക് കയറിയ എന്റെ മുന്നിലെ രൂപം എന്നെ തിരിഞ്ഞു നോക്കി… ഇപ്പോൾ എനിക്ക് ആ കാഴ്ച വ്യക്തമാണ്…
ഒരു കൊച്ചു പെൺകുട്ടി… അവളുടെ മുഖത്തു വേദന വമിക്കുന്ന ഒരു ചിരിയുണ്ട്…. കണ്ണീർ താഴേക്ക് ഒഴുകി ഉണങ്ങിയിരിക്കുന്നു…. അവളുടെ വ സ്ത്രങ്ങൾ കീ റിമുറിക്കപ്പെട്ടിരിക്കുന്നു… പലയിടത്തായി ചോ ര പുരണ്ടിരിക്കുന്നു…. ചുണ്ടിലും കവിളിലും  എല്ലാം ക്ഷതമേറ്റ പാടുകൾ… അവൾ ചിരിക്കുകയാണ്….

എനിക്ക് ഇവളെ അറിയാം… ഞാൻ ഈ മുഖം കണ്ടിട്ടുണ്ട്…. ഒരു വട്ടമല്ല പല വട്ടം… എന്റെ മനസ്സിന് തീപ്പിടിച്ചു തുടങ്ങി…. ഞാൻ നോക്കി നിൽക്കേ… അവളുടെ ദേഹത്തെ മുറിവുകൾ അപ്രത്യക്ഷമായി… അവളുടെ മുഖത്തെ വേദന മാറി…. അവൾ ഏറെ സന്തോഷത്തോടെ അകത്തേക്ക് പോകുന്നു….

വാതിൽ അടയുകയാണ്…. ഞാൻ മുന്നോട്ട് പോയി അവിടേക്ക് കയറാൻ ശ്രമിക്കുകയാണ്…. കാലുകൾ ചലിക്കുന്നില്ല… ഞാൻ പിറകിലേക്ക് പിടിച്ചു വലിക്കപ്പെടുന്നു…. അടുത്ത നിമിഷം… വാതിൽ പൂർണ്ണമായും എന്റെ മുന്നിൽ അടഞ്ഞു…

ഞാൻ നിലത്ത് വീണു കിടക്കുകയാണ്… എന്താണ് എനിക്ക് പറ്റിയത്… എനിക്ക് ഒന്നും. വ്യക്തമാകുന്നില്ല….

ഞാൻ വീണ്ടും താഴെ ഭൂമിയിലേക്ക് നോക്കി… അവിടെ…. ഇരുൾ ബാധിച്ചു തുടങ്ങിയിരിക്കുന്നു… പക്ഷെ എനിക്ക് കാഴ്ച വ്യക്തമാണ്…

“…… അത്‌….. അതെന്റെ വീടല്ലേ….അവിടെ ആരോ… ഇരുട്ടിൽ നിൽക്കുന്നുണ്ട്… അതാരാണ്…. അയാൾ എന്റെ വീടിനുള്ളിലേക്ക് നടന്നു കയറുന്നു….”

ഞാൻ ഞെട്ടലോടെ വീണ്ടും നോക്കി

“വാതിൽ അടയ്ക്കുമ്പോൾ…. അയാളുടെ മുഖം എനിക്ക് വ്യക്തമായി……അതവനാണ്….ഈ… മുഖവും എനിക്കോർമ്മയുണ്ട്…. ഇവനെ ഞാൻ തൂക്കിലേറ്റാൻ വിധിച്ചതല്ലേ…. ഇവൻ……എങ്ങനെ…..”, ഭയത്തോടെയും സങ്കടത്തോടെയും ഒന്നലറി വിളിക്കാൻ എനിക്ക് തോന്നി…. ഇല്ല എന്റെ ശബ്ദം പുറത്തേക്ക് വരുന്നില്ല….

അടുത്ത നിമിഷം…. ഇരുളിനെ കീറിമുറിച്ചു കൊണ്ട്… ഭൂമിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്… ഒരു കൊച്ചു പെൺകുഞ്ഞിന്റെ ആർത്തനാദം ആ വീടിനുള്ളിൽ  നിന്നും ഉയർന്നു കേട്ടു…. രാത്രിക്ക് വീണ്ടും കറുപ്പ് കൂടുന്നു….

*****************

Leave a Reply

Your email address will not be published. Required fields are marked *