എന്റേത് ആയിരുന്നുവെങ്കിൽ എത്ര നന്നാകുമായിരുന്നുവെന്ന് തോന്നിപ്പിച്ച പെണ്ണ് അത്രയും അടുത്തായി കിടന്നിട്ടും അവളിലേക്ക് ചായാൻ എനിക്ക് കഴിഞ്ഞതേയില്ല……..

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

മോണാലിസയുമായി സോളാപ്പൂരിലേക്കുള്ള യാത്രയുടെ നീളത്തിലായിരുന്നു. തീവണ്ടിയുടെ തറയിൽ ഇരിക്കുന്ന എന്റെ മാiറിലാണ് അവളുടെ ഇടം. ഉള്ളത്തിലേക്കെന്ന പോലെ ഞാൻ അവളെ ചേർത്ത് പിടിച്ചിരിക്കുകയാണ്. അപ്പോഴാണ്, വൃദ്ധനായ ഒരു കന്നഡക്കാരൻ എന്റെ അടുത്തായി ഇരിക്കുന്നത്. അയാൾ ബിജാപ്പൂരിൽ നിന്ന് കയറിയതായിരുന്നു.

എനിക്കൊപ്പം മാറി മാറി വരുന്ന ഇരുവശങ്ങളിലേയും ദൃശ്യങ്ങളിൽ നോക്കുന്നുണ്ടെങ്കിലും ശ്രദ്ധ, പോയ നാളുകളിലേക്ക് തന്നെയായിരുന്നു. കയറുന്നവർക്കും ഇറങ്ങുന്നവർക്കുമായി എഴുന്നേറ്റ് കൊടുക്കാൻ പോലും മറന്ന വിധം മോണാലിസ മനസ്സിനെ ആകുലതപ്പെടുത്തിയിരിക്കുന്നു.

അങ്ങനെ തീവണ്ടി നിൽക്കുന്ന വേളകളിൽ ആരെങ്കിലും തൊiഴിക്കുക യൊക്കെ ചെയ്യുമ്പോഴാണ് എനിക്ക് സ്ഥലകാല ബോധമുണ്ടാകുക. മോണാലിസയെ ചേർത്ത് പിടിച്ച് ഓരോ സ്റ്റേഷനുകളിലും ഞാൻ ഇറങ്ങി നിൽക്കും. കഴിഞ്ഞ നാല് മാസങ്ങളോളമായി അവളുടെ ലോകം തന്നെയായിരുന്നു എന്റേതും.

‘നിംമ്നു ഹസ്രേനു…?’

ഹുബ്ലി ബസ്റ്റാന്റിൽ താമസമാക്കിയ രണ്ടാമത്തെ പാതിരാത്രിയിൽ ഒരു പെണ്ണ് വന്ന് ചോദിച്ചതാണ്. പാവാടയും ഷർട്ടുമാണ് വേഷം. ചെരുപ്പില്ല. യാത്രക്കാർ വലിച്ചെറിഞ്ഞതിൽ തനിക്ക് ഗുണമുള്ള എന്തെങ്കിലുമൊക്കെ ഉണ്ടോയെന്ന് തിരഞ്ഞ് വരുമ്പോഴാണ് ഇരുത്തിയിൽ കിടക്കുന്ന എന്നെ കാണുന്നത്. അങ്ങനെ പല കുപ്പികളിൽ നിന്നുമായി ശേഖരിച്ച രണ്ട് ലിറ്ററോളം വെള്ളം അവളുടെ പക്കൽ ഉണ്ടായിരുന്നു.

ചോദിച്ചതെല്ലാം എനിക്ക് മനസിലായിരുന്നുവെങ്കിലും ആ തെരുവ് പെണ്ണിനോട് ഞാൻ മിണ്ടിയില്ല. മയക്കം തുടരാൻ ശ്രമിച്ച എന്നോട്, ചിലപ്പോൾ പോലീസുകാര് വന്ന് തiല്ലിയോടിക്കുമെന്നൊക്കെ പറഞ്ഞാണ് അവളന്ന് പോയത്. അതും ഞാൻ കാര്യമാക്കിയില്ല. അങ്ങനെ എത്രയെത്ര പേർ, എത്രയെത്ര ഇടങ്ങളിൽ നിന്ന് എന്നെ തiല്ലിയോടിച്ചിരിക്കുന്നു..

‘ഡേയ്… നന്നന്ന ബിട്ടുബിടു… ദേവരേ, രക്ഷിസൂ……’

പിറ്റേന്ന് രാത്രിയിൽ ബൈപാസ് റോഡരികിലെ വെയിറ്റിംഗ് ഷെഡിൽ കിടക്കുമ്പോഴാണ് ആ ശബ്ദം ഞാൻ കേൾക്കുന്നത്. തന്നെ വിടൂവെന്നും, രക്ഷിക്കൂവെന്നും ഒരു പെണ്ണ് പറയുന്നു. ഞാൻ എഴുന്നേറ്റ് നോക്കിയപ്പോൾ തലേന്ന് കണ്ട അതേ ആള് തന്നെയായിരുന്നു. ഞാൻ പെട്ടെന്നങ്ങനെ മുന്നിൽ നിവർന്ന് തെളിയുമെന്ന് അവളോ, അവളെ പിന്തുടരുന്നവരോ പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ, അവർ പിൻവലിയുകയും, പെണ്ണ് എന്റെ അടുത്തേക്ക് വരുകയും ചെയ്തു.

അന്നാണ് ഞങ്ങൾ ശരിക്കും പരിചയപ്പെടുന്നത്. അപരിചിതരായ രണ്ട് തെരുവ് മനുഷ്യർ പാതിരാത്രിയിൽ മനസ്സ് തുറന്ന് സംസാരിച്ചു. തന്റെ പേര് മോണാലിസയാണെന്ന് പറയുമ്പോൾ അവളുടെയൊരു സന്തോഷം കാണേണ്ടത് തന്നെയായിരുന്നു…

എന്തുകൊണ്ടാണ് ആളും കൂട്ടവുമൊന്നും ഇല്ലാതെ തെരുവിൽ ഒറ്റപ്പെട്ട് പോയതെന്ന് പരസ്പരം ഞങ്ങൾ സംസാരിച്ചിരുന്നില്ല. ഇതാണ് ജീവിതമെന്ന് പറഞ്ഞ് സാഹചര്യങ്ങൾ ഇഷ്ടത്തോടെ നടത്തുമ്പോൾ കൂടെ പോകുക തന്നെ. അല്ലായിരുന്നുവെങ്കിൽ അവൾ ക്ഷണിച്ചപ്പോൾ ഞാൻ കൂടെ ചെല്ലുമായിരുന്നില്ലല്ലോ…

ബസ്റ്റാന്റിന് സമീപത്തുള്ള ഓവർ ബ്രിഡ്ജിന് താഴെ രണ്ട് കാർഡ്ബോർഡ് കഷ്ണങ്ങൾ വിരിച്ചതാണ് മോണാലിസയുടെ വീട്. അരികിലായി പിന്നേയും ചില മനുഷ്യർ വിട്ട് വിട്ട് കിടക്കുന്നുണ്ട്. ഓരോരുത്തരെയായി അവൾ പരിചയപ്പെടുത്തുകയാണ്. അതിൽ, അംഗവൈകല്ല്യം ഉള്ളവരും, വൃദ്ധ ദമ്പതികളും, കാരണക്കാരൻ ആരാണെന്ന് പോലും അറിയാതെ വീർത്ത വയറുമായി രണ്ട് പെണ്ണുങ്ങളും ഉണ്ടെന്ന് അവൾ പറഞ്ഞു. വെളുക്കുവോളം അവളെ ഞാൻ കേട്ടിരുന്നു…

‘ഏത്ദേളൂ…?’

ഏതോ സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ എഴുന്നേൽക്കാൻ കൽപ്പിച്ച് ഒരാൾ എന്നെ കാലുകൊണ്ട് തൊഴിച്ചു. ബിജാപ്പൂരിൽ നിന്ന് കയറിയ ആ മനുഷ്യൻ തനിക്കും കിട്ടിയെന്ന ചിരിയോടെ എന്നെ നോക്കുകയാണ്. രംഗം മാറി വണ്ടി ചലിച്ചപ്പോൾ ഞങ്ങൾ പിന്നേയും അതേ ഇടത്തിരുന്നു. അതേ ഓർമ്മയിലേക്ക് ഞാൻ ചാഞ്ഞു.

തനിക്ക് മോണാലിസയെന്ന പേര് വരാനാനുള്ള കാരണം ഒരുനാൾ അവൾ എന്നോട് വിശദീകരിച്ചിരുന്നു. അതിനായി, എന്നോട് വേണോയെന്ന് ചോദിച്ച് തന്റെ സഞ്ചിയിൽ കൈയ്യിടുകയും, ഒരു കവിൾ മiദ്യം ക്യടിക്കുകയും ചെയ്തു.

ആറ് വർഷങ്ങൾക്ക് മുമ്പ് കെവിൻ എന്ന് പേരുള്ളയൊരു വിദേശിയെ അവൾ പരിചയപ്പെട്ടിരുന്നു. തെരുവിന്റെ ചിത്രങ്ങൾ പകർത്തുന്ന തിനിടയിൽ അയാളുടെ കണ്ണുകളിൽ അവളും കുടുങ്ങിയിട്ടുണ്ടാകണം. മറ്റാരും ചിന്തിക്കാത്ത വിധം തന്റെ ഗൈഡായി കെവിൻ അവളേയും ഒപ്പം കൂട്ടി. സ്വപ്നത്തിലെന്ന പോലെയാണ് അയാളോടൊപ്പം ഉണ്ടായിരുന്ന രണ്ടുമൂന്ന് നാളുകളിലെ ജീവിതം അവൾ അനുഭവിച്ചത്. പോകാൻ നേരം അയാൾ അവളുടെ മനോഹരമായ ഒരു ചിത്രം വരച്ചു. ലോകത്തിലെ എല്ലാ നക്ഷത്രങ്ങളും തന്റെ കണ്ണുകളിലാണെന്ന വിധം ആ തെരുവുപെണ്ണ് സന്തോഷിച്ച നിമിഷമായിരുന്നുവത്.

കെവിൻ തന്നെയാണ് ആ ചിത്രത്തിലേക്ക് നോക്കി ആദ്യമായി മോണാലിസയെന്ന് തമാശയായി പറഞ്ഞത്. പക്ഷെ, അവളത് കാര്യമായി എടുത്തു. ആരൊക്കെയോ എന്തൊക്കെയോ വിളിക്കുമെന്നല്ലാതെ സ്വന്തമായി പേരില്ലാതിരുന്ന അവൾക്ക് മോണാലിസയാകാൻ പിന്നീട് യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല.

വീണ്ടും വരുമെന്ന് പറഞ്ഞ് പോയ കെവിനെ അവൾ ഇന്നും കാത്തിരിക്കുകയാണ്. അതിന്റെ തെളിവാണ് അവൾ ധരിച്ച ആ പേരും, അയാൾ വരച്ച തന്റെ ചിത്രവും. അത് ഫ്രെയിമിലേക്ക് മാറ്റി മോണാലിസ ഇപ്പോഴും ഹൃദയത്തോട് സൂക്ഷിക്കുന്നുണ്ട്.

‘നാനു അവനന്നു പ്രീതിസുത്തേനെ…’

തനിക്ക് കെവിനോട് പ്രേമമാണെന്ന് പറയുമ്പോൾ അവൾ പൊട്ടിച്ചിരിക്കുകയായിരുന്നു. എനിക്കാണെങ്കിൽ സങ്കടം തോന്നി. തന്നോട് ചേരാൻ യാതൊരു സാധ്യതയുമില്ലെന്ന് അറിഞ്ഞിട്ടും മോഹിക്കാൻ മാത്രം ചിലർ ചിലരെ ആഗ്രഹിക്കുന്നു. അതാണ് പ്രണയമെന്ന് ചവച്ച് ഏമ്പക്കം വിടുന്നു. അതല്ലെന്ന് പറയാൻ ആർക്കും അവകാശമില്ലാത്തത് കൊണ്ട് ഞാൻ മിണ്ടിയില്ല. മോണാലിസയോട് എനിക്ക് തോന്നിത്തുടങ്ങിയ ഇഷ്ടം പറഞ്ഞതുമില്ല. എന്റേത് ആയിരുന്നുവെങ്കിൽ എത്ര നന്നാകുമായിരുന്നുവെന്ന് തോന്നിപ്പിച്ച പെണ്ണ് അത്രയും അടുത്തായി കിടന്നിട്ടും അവളിലേക്ക് ചായാൻ എനിക്ക് കഴിഞ്ഞതേയില്ല.

അന്ന്, നല്ല സുഖമില്ലാത്തത് കൊണ്ട് കുപ്പികൾ പെറുക്കാൻ മോണാലിസയോടൊപ്പം ഞാൻ പോയിരുന്നില്ല. പതിവ് നേരം കഴിഞ്ഞിട്ടും ബ്രിഡ്‌ജിന് താഴെയുള്ള ഞങ്ങളുടെ വീട്ടിലേക്ക് അവൾ എത്താതെ വന്നപ്പോൾ എനിക്ക് സംശയം തോന്നി. തേടിയിട്ടും യാതൊരു വിവരവും കണ്ടെത്താൻ സാധിച്ചില്ല. തലക്ക് മേലെ മനുഷ്യർ പായുകയാണ്. ഇടവിട്ട് പോകുന്ന വാഹനങ്ങളുടെ കമ്പനവും ശബ്ദവും ലയിച്ച ആ രാത്രി എന്നെ ഏറെ ഭയപ്പെടുത്തിയിരുന്നു…

അത്രയും വേണ്ടപ്പെട്ടവർ അപ്രതീക്ഷിതമായി കൺമുന്നിൽ നിന്ന് മായുമ്പോൾ മാത്രം അനുഭവിക്കാൻ പറ്റുന്ന ദുഃഖവുമായി പിന്നീടുള്ള നാളുകൾ ഞാൻ മോണാലിസയെ കാത്തിരിക്കുകയായിരുന്നു. തനിയേ കാണുന്ന തെരുവുപെണ്ണുങ്ങളെ ബലമായി പിടിച്ചുകൊണ്ട് പോയി ഉപയോഗിക്കുന്ന സംഭവങ്ങളൊക്കെ അവൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. എന്താണെന്ന് ഉറപ്പിക്കാൻ കഴിയുന്നില്ലെങ്കിലും, ഏതോ അപകടത്തിൽ മോണാലിസ പെട്ടിരിക്കുന്നുവെന്ന് തന്നെ ഞാൻ വിശ്വസിച്ചു.

ജീവിച്ചിരിപ്പുണ്ടെങ്കിൽ പാലത്തിന്റെ ഭിത്തിയോട് ചേർന്ന് താൻ സൂക്ഷിക്കുന്ന ആ ചിത്രമില്ലാതെ അവൾക്ക് ഉറങ്ങാൻ കഴിയില്ല. അതിൽ ചുംബിക്കാതെ ആ കണ്ണുകൾ അടയുകയുമില്ല. നാലാം നാൾ മോണാലിസ ഈ ഭൂമിയിലേ ഇല്ലായെന്ന് പറയാതെ പറയാൻ ഞങ്ങളെ അന്വേഷിച്ച് പോലീസുകാർ വന്നു. അവളെക്കുറിച്ച് പലതും ചോദിക്കുകയും, ഇപ്പോൾ തന്നെ എല്ലാവരും ഇവിടം കാലിയാക്കണ മെന്നും ആജ്ഞാപിച്ചു.

ലാത്തിയiടി കിട്ടിയപ്പോൾ ഞങ്ങൾ നാല് ഭാഗത്തേക്കും ചിതറുക യായിരുന്നു. ആ നിമിഷം, കെവിൻ വരച്ച എന്റെ പ്രിയപ്പെട്ടവളുടെ ചിത്രവും ഞാൻ കൈയ്യിൽ കരുതി. അതും മാiറോട് ചേർത്താണ് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതും, സോളാപ്പൂരിലേക്ക് പോകാനായി മുന്നിൽ നിന്ന പാസഞ്ചർ വണ്ടിയിലേക്ക് ഞാൻ കയറുന്നതും…

‘നീവു എല്ലുഗെ ഹോഗുത്തിതിനി..?’

ബിജാപ്പൂരിൽ നിന്ന് കയറിയ ആ മനുഷ്യൻ എന്നോട് ചോദിച്ചതാണ്. എവിടേക്കാണ് പോകുന്നതെന്ന ചോദ്യത്തിലും അയാളുടെ കണ്ണുകൾ എന്റെ മാiറിലേക്ക് നീളുന്നത് ഞാൻ ശ്രദ്ധിച്ചു. അതുകൊണ്ട് തന്നെ, അത്രയും കൗതുകത്തോടെ മറ്റൊന്ന് കൂടി അയാൾക്ക് അറിയണ മായിരുന്നു. തൊട്ടടുത്ത് ഇരിക്കുന്നത് കൊണ്ട് ആ ചിത്രത്തിൽ തൊട്ട് തന്നെ ആരായിതെന്ന് അയാൾ ചോദിക്കുകയും ചെയ്തു.

പോയ നാളുകളുടെ ഓർമ്മയിൽ നിന്ന് തിരിഞ്ഞ് നോക്കിയത് കൊണ്ടായിരിക്കണം ആദ്യമൊന്നും എനിക്ക് പറയാൻ കഴിയാതിരുന്നത്. എന്നിട്ടും പോളകളിൽ നിന്ന് തിങ്ങിവന്ന കണ്ണീര് തുടച്ചുകൊണ്ട് എന്റേതാണെന്ന ചിരിയോടെ തന്നെ ഞാൻ ശബ്ദിച്ചു.

‘മോണാലിസ…!!!’

Leave a Reply

Your email address will not be published. Required fields are marked *