എല്ലാം അറിഞ്ഞിട്ട് തന്നെ അല്ലേ മഹിയേട്ടാ ഞാൻ ഇഷ്ടപ്പെട്ടത്. എന്നിട്ടെന്തിനാ ഇപ്പൊ എന്നെ ഒഴിവാക്കുന്നെ.” നടുകടലിൽ പെട്ട അവസ്ഥയിൽ എന്ത് ചെയ്യണമെന്നറിയാതെ അവൾ അവനോട് യാചിച്ചു…….

story written by Sajitha Thottanchery

“നമ്മുടെ വാര്യത്തെ ദുർഗ മരിച്ചു ത്രെ….. ആത്മഹiത്യ ആയിരുന്നു ന്ന് പറയണു. മണ്ണെണ്ണ ഒiഴിച്ചു സ്വiയം തീ വച്ചുന്നു “.അമ്പലത്തിൽ പോയി വരുമ്പോൾ നാട്ടുകാരിലൊരാൾ അടക്കം പറയുന്നത് കേട്ട് മഹി നടുങ്ങി.

മുട്ടറ്റം മുടിയുള്ള വിടർന്ന കണ്ണുകൾ ഉള്ള ഒരു പാവാടക്കാരി അവന്റെ മുന്നിലൂടെ മിന്നിമാഞ്ഞു.

“ഇയാൾക്ക് പണോം പദവിം ഉള്ള നല്ല അസ്സൽ വാര്യർ ചെക്കനെ തന്നെ കിട്ടില്ലേ. എന്തിനാ ഈ പാവം ജോലീം കൂലീം ഇല്ലാത്ത താഴ്ന്ന ജാതിയിൽ ഉള്ള എന്നെ പോലെ ഒരുത്തന്റെ പിന്നാലെ നടക്കുന്നെ.” ശല്യം സഹിക്കാൻ വയ്യാതെ അമ്പലത്തിന്റെ പ്രദക്ഷിണ വഴിയിൽ വച്ച് ഒരു ദിവസം അവളോട് മഹി ചോദിച്ചു.

“അതൊക്കെ നോക്കി ആൾക്കാരെ സ്നേഹിക്കാൻ പറ്റോ. എനിക്ക് ജാതി മഹിമേം പണോം ഒന്നും വേണ്ട.എന്റെ ഇഷ്ടം ദേ ഈ മണൽത്തരിക്ക് പോലും അറിയാം. ഇയാൾക്ക് മാത്രം എന്താ അത് മനസ്സിലാവാത്തെ. “കൊച്ചു കുട്ടികളെ പോലെ വാശി കാട്ടി അവൾ അത് പറയുമ്പോ മഹിക്ക് ചിരി വന്നു.

നിഷ്കളങ്കമായ അവളുടെ സ്നേഹത്തെ കണ്ടില്ലെന്ന് നടിക്കാൻ അവനായില്ല. അതേ അളവിൽ തന്നെ അവനും അവളെ സ്നേഹിക്കാൻ തുടങ്ങി.

“നീയെന്താ പറയുന്നേ. ഇറങ്ങി വരാം ന്നോ? എങ്ങോട്ട്. എന്റെ ചിലവ് തന്നെ മുഴുവൻ ആയി നോക്കാൻ ഉള്ള വരുമാനം ഇല്ല എനിക്ക്. അതിന്റെ ഇടയിൽ നിന്നെ ഞാൻ എങ്ങോട്ട് വിളിച്ചോണ്ട് പോകാനാ ദുർഗേ…. പോയാൽ തന്നെ നിന്റെ ആങ്ങളമാർ നമ്മളെ ജീവിക്കാൻ അനുവദിക്കോ.”വീട്ടുകാർ കല്യാണം ഉറപ്പിച്ചപ്പോൾ അവളെ വിളിച്ചിറക്കി കൊണ്ട് പോകാൻ പറഞ്ഞു അവൾ കരഞ്ഞപ്പോൾ അവൻ നിസ്സഹായനായിരുന്നു.

“എല്ലാം അറിഞ്ഞിട്ട് തന്നെ അല്ലേ മഹിയേട്ടാ ഞാൻ ഇഷ്ടപ്പെട്ടത്. എന്നിട്ടെന്തിനാ ഇപ്പൊ എന്നെ ഒഴിവാക്കുന്നെ.” നടുകടലിൽ പെട്ട അവസ്ഥയിൽ എന്ത് ചെയ്യണമെന്നറിയാതെ അവൾ അവനോട് യാചിച്ചു.

പക്ഷേ ഒഴിവാക്കുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു അവന്. തന്റെ പട്ടിണി പങ്കിടാൻ ഒരാളെ കൂടി കൂടെ കൂട്ടാൻ അവൻ ഒരുക്കമായി രുന്നില്ല. വീട്ടുകാർ കണ്ട് പിടിച്ച ആളുടെ കൂടെ അവൾ സന്തോഷ മായിരിക്കാൻ പ്രാർത്ഥിച്ചു. കൂടെ വിളിച്ചു കഷ്ടപ്പെടുത്തുന്നതിനേക്കാൾ നല്ലത് സ്‌നേഹിച്ചു ചതിച്ച ഒരുവൻ ആയി അവൾ വെറുക്കുന്നതാണ് എന്ന് അവൻ മനസ്സിൽ പറഞ്ഞു.

“നീ പോകുന്നില്ലേ അവളെ കാണാൻ “അനന്ദു വന്നു ചുമലിൽ തൊട്ട് ചോദിച്ചപ്പോൾ ആണ് പരിസര ബോധം വന്നത്.

അമ്പലത്തിനു മുന്നിലെ ആൽത്തറയിൽ സ്ഥലകാല ബോധമില്ലാതെ ഇരിക്കുകയാണ് മഹി.

അവസാനം കണ്ടപ്പോൾ അവൾ കെഞ്ചി പറഞ്ഞത്.

“എന്ത് കഷ്ടപ്പാടും ഞാൻ സഹിച്ചോളാം. എന്നെ ഉപേക്ഷിക്കല്ലേ “. അവളുടെ കണ്ണുനീര് കണ്ട് മനസ്സ് ഇളകി പോകുമോ എന്ന ഭയത്താൽ അവളുടെ മുഖത്തേക്ക് നോക്കിയില്ല.

“ഇപ്പൊ നിനക്ക് അങ്ങനൊക്കെ തോന്നും. കുറച്ചു കഴിഞ്ഞാൽ തെറ്റായി പോയി ന്നു ചിന്തിക്കും. അത് വേണ്ട. സ്നേഹിച്ചത് എന്റെ തെറ്റ്. നിന്നെ പോലെ ഒരു പെണ്ണിനെ ജീവിതത്തിലേക്ക് കൊണ്ട് വന്ന് കഷ്ട പ്പെടുത്താൻ എനിക്ക് വയ്യ.”അവൻ അങ്ങനെ ഉറപ്പിച്ചു പറഞ്ഞപ്പോൾ പിന്നെ ഒന്നും പറയാതെ അവൾ പോയി. അവളുടെ കൊലുസ്സിന്റെ ശബ്‍ദം അകന്നു പോകുന്നത് മാത്രം മഹി ശ്രദ്ധിച്ചു. തിരിഞ്ഞു നോക്കിയാൽ തിരികെ വിളിച്ചേക്കുമോ എന്നാ ഭയത്താൽ അവൾ പോകുന്നത് നോക്കിയില്ല.

“ഞാൻ അവളെ കൂടെ കൂട്ടിയാൽ മതിയായിരുന്നു അല്ലേടാ “എല്ലാം അറിയുന്ന അനന്ദുവിനോട് അത് പറയുമ്പോൾ മഹിയുടെ നിയന്ത്രണം വിട്ടു.

“ഇനി നീ അത് പറഞ്ഞിട്ടെന്താ കാര്യം. അതിന്റെ യോഗം അതാകും. ഉള്ളിൽ ഒരു ജീവൻ കൂടി ഉണ്ടായിരുന്നു എന്നാ കേട്ടത്. എങ്ങനെ ധൈര്യം വന്നോ ആവോ. അത്രേം പാവം ആയിരുന്നു. ആ പയ്യനും വീട്ടുകാരും അത്ര ശെരിയല്ലായിരുന്നു എന്ന് എല്ലാരും പറയുന്നു. ആർക്കറിയാം എന്താ ഉണ്ടായേ ന്നു.”അവൻ അത് പറയുബോൾ മനസ്സിൽ മഹി അവൾ കiത്തി തീരുന്ന രംഗം കാണുകയായിരുന്നു. കണ്ണുകൾ ഇറുക്കി അടച്ചു അവൻ പൊട്ടി കരഞ്ഞു.

“വാ കാണണ്ടേ നിനക്ക്. അവളെ കൊണ്ട് വന്നിട്ടുണ്ട് “അനന്ദു അവന്റെ ചുമലിൽ തട്ടി പറഞ്ഞു.

“വേണ്ട…. അവളുടെ മുഖം എന്റെ മനസ്സിൽ ഉണ്ട്. ആ ഓർമ മതി. നീ പൊയ്ക്കോ. ഞാൻ വരുന്നില്ല.”മഹിയെ നിർബന്ധിക്കാൻ അനന്ദുവിനു തോന്നിയില്ല.

അവളെ മറ്റൊരു ജീവിതത്തിലേക്ക് പറഞ്ഞു വിട്ടെങ്കിലും മനസ്സിൽ നിന്നും അവളെ അവൻ മായ്ച്ചു കളഞ്ഞിരുന്നില്ല. അവൾ സന്തോഷമായി ജീവിക്കണേ എന്ന് മാത്രം ആഗ്രഹിച്ചിരുന്നുള്ളു. വിവാഹം കഴിഞ്ഞു ആറു മാസം ആകുന്നതേ ഉള്ളു.അവളെ മരണത്തിനു വിട്ടു കൊടുത്തത് താനാണെന്ന ചിന്ത അവന്റെ ഉള്ളിൽ നിറഞ്ഞു.

“മഹിയേട്ടാ…..”അവളുടെ ശബ്ദം അവന് ചുറ്റും അലയടിച്ചു.

“ജീവിതത്തിൽ കിട്ടാത്ത മഹിയേട്ടനെ മരണത്തിൽ എനിക്ക് വേണം.” അവളുടെ പൊട്ടിച്ചിരി അവനെ അസ്വസ്ഥനാക്കി.

വികാര നിർഭരമായ ആ രാത്രി പുലർന്നത് മറ്റൊരു മരണ വാർത്തയുമായാണ്.

“അറിഞ്ഞോ…. നമ്മുടെ മഹി മരിച്ചു. അമ്പലത്തിന്റെ ആൽത്തറയിൽ മരിച്ചു കിടക്കായിരുന്നു ന്നു. ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന്…..”നാട്ടുകാർ പരസ്പരം ആ മരണ വാർത്ത കൈ മാറുമ്പോൾ പണത്തിന്റെയോ ജാതിയുടെയോ കെട്ടുപാടുകൾ ഇല്ലാത്ത മറ്റൊരു ലോകത്ത് അവർ ഒന്നാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *