എല്ലാത്തിനും മുന്നിൽ നിൽക്കുന്നത് അനൂപാണ്. ചന്ദ്രിക പോയതിൽ ഏറ്റവും സന്തോഷിക്കുന്നതും അവനായിരിക്കും. അവൻ്റെ ഒരു സ്വകാര്യ ആഗ്രഹമാണ്……

_upscale

Story written by Sajitha Thottanchery

ചന്ദ്രികയുടെ വെള്ള പുതച്ച ശരീരത്തിന് മുന്നിൽ കരയാൻ പോലുമാവാതെ നിത്യ  നിശ്ചലയായി ഇരുന്നു.ആരും വരാനില്ലല്ലോ എന്ന് ആരോ ചോദിക്കുന്നുണ്ട് .ആര് വരാൻ; ആരുമില്ല .ഈ മോളു മാത്രം ആയിരുന്നു അമ്മയ്ക്ക് സ്വന്തം .മോൾക്ക് അമ്മയും.ചുറ്റിലും നടക്കുന്നതൊന്നും അറിയാതെ നിത്യ തൻ്റെ അമ്മയെ മാത്രം നോക്കി ഇരുന്നു.

അച്ഛന്റെ മരണശേഷം മകൾക്ക് വേണ്ടി ജീവിച്ച അമ്മ .സ്വന്തം ശരീരം പോലും നോക്കാതെ മകളെ നോക്കാനായി ഓടിനടന്നു വീട്ടുവേലകൾ ചെയ്തു.മകൾ പ്ലസ് ടു വിനു പഠിക്കുമ്പോഴാണ് ഒരു ആക്‌സിഡന്റിൽ അമ്മയുടെ കാല് നഷ്ടപ്പെടുന്നത് .പിന്നീട് ആ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി ആ അമ്മ .അത് കൊണ്ട് തന്നെ  പ്ലസ് ടു ഉയർന്ന മാർക്കോടെ ജയിച്ചു വെങ്കിലും ഒരു ടെക്സ്ടൈൽസിൽ സെയിൽസ് ഗേൾ ആയി പോകേണ്ടി വന്നു നിത്യയ്ക്ക്. ജോലിക്ക് പോയി വീട്ടിലെ കാര്യങ്ങൾ നോക്കുന്നതിനിടയ്ക്കും പഠിക്കാൻ സമയം കണ്ടെത്തിയിരുന്നു അവൾ. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി കൂടിയാണ് അവളിപ്പോൾ.

“എന്താ പറ്റിയത്?”

“അറ്റാക്കായിരുന്നു ത്രേ”

അയൽവാസികൾ ചിലർ അടക്കം പറഞ്ഞു.

“എന്നാൽ എടുക്കല്ലേ?” വയസ്സായവരിൽ ആരോ പറയുന്ന കേട്ടു .

എല്ലാത്തിനും മുന്നിൽ നിൽക്കുന്നത് അനൂപാണ്. ചന്ദ്രിക പോയതിൽ ഏറ്റവും സന്തോഷിക്കുന്നതും അവനായിരിക്കും. അവൻ്റെ ഒരു സ്വകാര്യ ആഗ്രഹമാണ് നിത്യ. ഒരിക്കൽ അത് അവതരിപ്പിച്ചപ്പോൾ അവനെ ഇറക്കി വിട്ടതാണ് ചന്ദ്രിക.

“എൻ്റെ ഏട്ടൻ്റെ മകനായി നിനക്കിവിടെ വരാം.അല്ലാതെ നിത്യയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെ നീ ഇനി ഇവിടെ വരരുത്. നിന്നെപ്പോലെ കുടിച്ചു കൂത്താടി നടക്കുന്നവനു കുരുതി നൽകാനുള്ളതല്ല എൻ്റെ മകൾ “

അതിനു ശേഷം അവൻ ആ പടി കയറുന്നത് ഇന്നാണ്.ഇറക്കി വിട്ടിട്ടും അവസാന കർമ്മങ്ങൾക്ക് താൻ തന്നെ വേണ്ടി വന്നല്ലോ എന്ന അഹങ്കാരമാണ് അനൂപിൻ്റെ മുഖത്ത്.  അമ്മയെ പുണർന്നു കരയുന്ന നിത്യയെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. അമ്മ അവസാനമായി പടിയിറങ്ങുന്നത് കണ്ടു നിൽക്കാനുള്ള ത്രാണിയില്ലാതെ അവൾ തളർന്നു വീണു.

*******************************************************************

വീട്ടിൽ തിരിച്ചെത്തിയിട്ടും ഭാനുവിൻ്റെ മനസ്സിൽ ചന്ദ്രികയും നിത്യയും മാത്രമായിരുന്നു. തൻ്റെ ഉറ്റ കൂട്ടുകാരി ആയിരുന്നു ചന്ദ്രിക. ഭർത്താവ് ചെറുപ്പത്തിലേ  നഷ്ട്ടപ്പെട്ടിട്ടും തളരാതെ ജീവിതത്തോട് പൊരുതി. നടക്കാനാവാതെ വീട്ടിൽ ഇരിപ്പായപ്പോൾ എന്നും പോകുമായിരുന്നു അവളുടെ അടുത്ത് . നിത്യ ആയിരുന്നു അവളുടെ സ്വപ്നം. ചെറു പ്രായത്തിലേ അവൾ കഷ്ടപ്പെടുന്നതും പറഞ്ഞ് ഒത്തിരി കരയുമായിരുന്നു. മരിച്ച അന്നു അവളുടെ അടുത്ത് പോകാൻ സാധിച്ചില്ല. വൈകീട്ട് ജോലി കഴിഞ്ഞു വീട്ടിൽ വന്നു കയറിയ നിത്യയുടെ നിലവിളി കേട്ടാണ് അങ്ങോട്ട് ഓടി ചെന്നത്. പാവം നിത്യ മോൾ. ഇനി തനിച്ച്……….ഓർത്തിട്ട് ഭാനുവിന് സഹിച്ചില്ല.

“ഞാൻ നിത്യ മോളുടെ അടുത്ത് പോവാണ്. ആ കുട്ടി തനിച്ചല്ലേ. രാത്രി എങ്ങനെയാ തനിയെ കിടത്തുക.”കുളിയും കഴിഞ്ഞ് ആഹാരമുണ്ടാക്കി കുറച്ച് പാത്രത്തിലെടുത്ത് പോകാൻ നേരം ഭാനു വിഷ്ണുവിനോട് പറഞ്ഞു.

“ഞാനത് അമ്മയോട് പറയാൻ ഇരിക്കായിരുന്നു. പോയ്ക്കോളു. ഫോൺ എടുത്തോളു . എന്തെങ്കിലും ആവശ്യം വന്നാൽ ഫോണിലേക്ക് വിളിച്ചാൽ മതി.”

വിഷ്ണുവിൻ്റെ മനസ്സിൽ നിത്യയുടെ മുഖമായിരുന്നു. ചിരിയോടെ അല്ലാതെ കണ്ടിട്ടില്ല അവളെ . ജീവിതത്തിൽ തനിച്ചായിപ്പോയ സങ്കടവും നെഞ്ചിലേറ്റി അവൾ നിൽക്കുന്നത് കണ്ടു നിൽക്കാൻ വിഷ്ണുവിനായില്ല. വൈകീട്ട് ജോലി കഴിഞ്ഞ്  വിഷ്ണുവും അവളും ഒരുമിച്ചാണ് തിരിച്ചു വരിക. ബസ് സ്റ്റോപ്പിൽ നിന്നും വീടു വരെ ഒരുമിച്ച് നടക്കുന്നതിനിടയ്ക്ക് ലോകത്തുള്ള സകല കാര്യങ്ങളും സംസാരിക്കുമെങ്കിലും ഉള്ളിലുള്ള ഇഷ്ടം തുറന്നു പറയാൻ വിഷ്ണുവിന് ധൈര്യം വന്നില്ല. അച്ഛൻ്റെ മരണശേഷം പഠനം പാതി വഴി നിറുത്തി ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്ക് പോകുന്ന തന്നെ കഷ്ട്ടപ്പാടിൻ്റെ ഇടയിലും പഠിച്ച് ഉയരങ്ങൾ സ്വപനം കാണുന്ന നിത്യക്ക് ഇഷ്ടപ്പെടുമോ എന്ന ഭയം അവനുണ്ടായിരുന്നു.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. അമ്മയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും നിത്യ പതിയെ മോചനം നേടാൻ തുടങ്ങി. അതിനിടയ്ക്ക് പല പ്രാവശ്യം അനൂപ് വന്ന് പഴയ ആഗ്രഹം ഭീഷണി പോലെ ഓർമ്മപ്പെടുത്തി പോയി. രാത്രിയിൽ കൂട്ടുകിടക്കാൻ വിഷ്ണുവിൻ്റെ അമ്മ വരുന്നതാണ് അവളുടെ ഏക ആശ്വാസം . തൻ്റെ അമ്മയുടെ കുറവ് ആ അമ്മയ്ക്ക് നികത്താൻ കഴിയുന്നുണ്ടെന്ന് അവൾ സ്നേഹത്തോട ഓർത്തു. വിഷ്ണു പിന്നീട് ആ വഴി വരാത്തത് ഒരു ചെറിയ സങ്കടമായി അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു. ഉള്ളിൻ്റെ ഉള്ളിൽ എവിടെയോ  വല്ലാത്തൊരിഷ്ടം വിഷ്ണുവിനോട് ഉള്ളത് അവൾ തിരിച്ചറിയുകയായിരുന്നു.

“ആരൂല്യേടി ഇവിടെ?” അനൂപിൻ്റെ അലർച്ച കേട്ടാണ് ഭാനുവും നിത്യയും ഞെട്ടി ഉണർന്നത്.

വാതിൽ തുറന്ന ഭാനുവിനെ തള്ളി മാറ്റി അധികാരത്തോടെ അവൻ വീടിനുള്ളിൽ കയറി.

“എനിക്കിപ്പോ അറിയണം. എന്താ നിൻ്റെ ഉദ്ദേശം ? എന്നെ കെട്ടാൻ സമ്മതം ആണോ” നിവർന്ന് നിൽക്കാൻ പോലും ആവാതെ അനൂപ് നിത്യയോട് കയർത്തു.

“നീ ഇപ്പോ പോ അനൂപേ ; പോയി വെളിവുള്ളപ്പോൾ വാ, ഈ നേരത്തല്ല കല്യാണക്കാര്യം സംസാരിക്കുന്നെ” ഭാനു പറഞ്ഞു.

“എന്ത് എപ്പോൾ സംസാരിക്കണമെന്നു ഞാൻ തീരുമാനിച്ചോളാം തള്ളെ;നിങ്ങളാരാ എന്നെ ഭരിക്കാൻ;നിങ്ങള് നിങ്ങടെ വീട്ടിലെ കാര്യം നോക്കിയാ മതി “. അനൂപിന്റെ സ്വരത്തിൽ അധികാരമുയർന്നു .

ഭാനു വേഗം ഫോണെടുത്തു വിഷ്ണുവിനെ വിളിച്ചു വരുത്തി .വിഷ്ണു വന്നപ്പോൾ കാണുന്നത് നിത്യയുടെ കയ്യിൽ കേറി പിടിച്ചു നിൽക്കുന്ന അനൂപിനെ ആണ് . വിഷ്ണുവിന്റെ ഒറ്റ അടിക്ക് അല്ലെങ്കിലേ അനൂപ് നിലത്തു വീണു .

“നീയാരാടാ എന്നെ തല്ലാൻ “അനൂപ് വിഷ്ണുവിന്റെ നേരെ കയർത്തു ചെന്നു.

ഞാൻ ആരോ ആയ്‌ക്കോട്ടെ ;ഇനി എവിടെ കിടന്നു ബഹളം ഉണ്ടാക്കിയാൽ നീ നേരെ ചൊവ്വേ വീട്ടിൽ പോകില്ല .അപ്പോഴേക്കും നാട്ടുകാരൊക്കെ കൂടിയിരുന്നു . സ്ഥിതി വഷളാകുമെന്നു കണ്ടപ്പോൾ അനൂപ് അവിടന്ന് രക്ഷപ്പെട്ടു .

“നിങ്ങൾ ഇനി ഇവിടെ ഒറ്റയ്ക്ക് കിടക്കണ്ട. വീട്ടിലേക്ക് വരൂ”.വിഷ്ണു അമ്മയോടായി പറഞ്ഞു .

“പ്രായപൂർത്തിയായ ഈ കുട്ടിയെ വീട്ടിലേക്ക് കൊണ്ട് പോയാൽ നാട്ടുകാർ എന്ത് പറയും മോനെ “ഭാനുവിന് ചോദിക്കാതിരിക്കാനായില്ല .

“എനിക്ക് നിത്യയെ ഇഷ്ടമാണ് .അവളുടെ അഭിപ്രായം എനിക്കറിയില്ല . അവൾക്ക് ഇഷ്ടക്കേട് ഇല്ലെങ്കിൽ അമ്മ സമ്മതിക്കുമെങ്കിൽ……………. “വിഷ്ണു  നിറുത്തി.

“ഞാൻ മോനോട് അങ്ങോട്ട് പറയാൻ ഇരിക്കായിരുന്നു . എനിക്ക് പൂർണ സമ്മതം ആണ് .നിത്യ മോളോട് ഞാൻ ചോദിച്ചോളാം .” അതും പറഞ്ഞു ഭാനു അകത്തേക്ക് കേറി പോയി .

അമ്മയുടേം മോന്റേം സംസാരം എല്ലാം കേട്ട് ഒരു കള്ളച്ചിരിയോടെ വാതിലിനു പുറകിൽ മറഞ്ഞു നിൽക്കുകയായിരുന്നു  നിത്യ.അവളുടെ ആ ചിരിയിൽ തന്നെ ഭാനുവിനു കാര്യം മനസ്സിലായി.ഒരമ്മയുടെ സ്നേഹത്തോടെ ഭാനു നിത്യയെ തൻ്റെ നെഞ്ചോട് ചേർത്തു.ഭാനുവിനോട് ചേർന്ന് നിൽക്കുമ്പോൾ പുറത്തു ഈ  രംഗം നോക്കി കള്ളച്ചിരിയോടെ നിൽക്കുന്ന വിഷ്ണുവിനെ നിത്യ കണ്ടു .പുതിയൊരു പുലരി പ്രതീക്ഷയോടെ അവർക്കായി വിരിഞ്ഞു………….

Leave a Reply

Your email address will not be published. Required fields are marked *