എഴുത്ത്:-രാജു പി കെ കോടനാട്
എൻ്റെ അമ്മയുടെ സന്തോഷത്തിന് വേണ്ടി നിന്നെ ഞാൻ വേണ്ടി വന്നാൽ എൻ്റെ ജീവിതത്തിൽ നിന്നു തന്നെ ഒഴിവാക്കും എന്ന് പറഞ്ഞ സുധിയേട്ടൻ അമ്മയെ ഗാന്ധിഭവനിലേക്ക് മാറ്റുന്നതിനെ പറ്റി പറഞ്ഞപ്പോൾ ആദ്യം അതൊരു തമാശയായി തോന്നി..
പിറ്റേന്ന് രാവിലെ അമ്മയുടെ വലിയ പെട്ടിയും തോളിലേറ്റി കൈ പിടിച്ച് ഏട്ടൻ വീടിൻ്റെ പടിയിറങ്ങുമ്പോൾ തടയാൻ തോന്നിയില്ല കാരണം കുറച്ച് ഭക്ഷണം കളയേണ്ടി വന്നാൽ ഉറങ്ങി എഴുന്നേൽക്കാൻ അല്പം താമസിച്ചാൽ പാത്രങ്ങൾ സ്ഥാനം തെറ്റിയാൽ, എന്തിന് ചെയ്യുന്ന ഓരോ കാര്യങ്ങളിലും കുറ്റങ്ങൾ കണ്ടെത്തുന്ന അമ്മയോട് മനസ്സിൽ എന്നും ദേഷ്യവും പകയും മാത്രമായിരുന്നു.
അമ്മയെ ഗാന്ധിഭവനിലാക്കി തിരിച്ചുവന്ന എട്ടൻ എൻ്റെ തലയിൽ ഒന്ന് തലോടി തമാശകൾ പറഞ് മക്കളോടൊപ്പം കളിച്ചും ചിരിച്ചും സന്തോഷത്തോടെ ഇരിക്കുന്ന കണ്ടപ്പോൾ മനസ്സ് എന്തിനെന്നറിയാതെ വല്ലാതെ അസ്വസ്ഥമായി..
രാത്രി പതിവിലും വൈകി കൂടെ ചേർന്ന് കിടക്കുമ്പോൾ ഏട്ടൻ പറഞ്ഞു നാളെ ഞാൻ ഇല്ലാതായാലും താൻ ഒത്തിരി വിഷമിക്കരുത് എൻ്റെ ജോലി അധികം വൈകാതെ തനിക്ക് ലഭിക്കും മക്കളെ നന്നായി വളർത്തണം നമ്മുടെ സങ്കടങ്ങളും സന്തോഷങ്ങളും അറിഞ്ഞ് വേണം അവർ വളരാൻ.
എന്തിനാ ഇപ്പം ഇങ്ങനൊക്കെ ഏട്ടൻ പറയണെ എന്ന എൻ്റെ ചോദ്യത്തിന്..
നെറ്റിയിൽ ഒരു ഉമ്മ നൽകി മുറുകെ കെട്ടിപ്പുണർന്ന് കിടക്കുമ്പോൾ എനിക്ക് അറിയില്ലായിരുന്നു അടഞ്ഞ കണ്ണുകളുമായി മൂന്നാം നാൾ എന്നേക്കുമായി ഏട്ടൻ ഞങ്ങളെ വിട്ടു പോവുകയാണെന്ന്.
ഗാന്ധിഭവനിൽ അമ്മയെ കൂട്ടാൻ പോയവരോട് എൻ്റെ മകൻ വരട്ടെ എന്നെ കൂട്ടാൻ എന്ന് പറഞ്ഞപ്പോൾ അച്ഛൻ ഇനി നമ്മോടൊപ്പം ഇല്ല അച്ഛമ്മേ എന്ന് പറഞ്ഞ് നെഞ്ചോട് ചേർത്ത് ഉണ്ണി പൊട്ടിക്കരയുമ്പോൾ.
ഇടനെഞ്ചിൽ അമർത്തിയ കൈകളുമായി കുഴഞ്ഞ് വീണ അമ്മയേയും ഏട്ടനോനൊപ്പം ഞങ്ങൾ യാത്രയാക്കുമ്പോൾ.
തൊട്ടടുത്ത് നിന്ന ഏട്ടൻ്റെ കൂട്ടുകാരൻ ശിവേട്ടൻ പറയുന്നുണ്ട്. സ്വന്തം മരണം ഉറപ്പാക്കി മെടിക്കൽ കോളെജിലെ ഒ പി യിൽ നിന്നും ഞാനും സുധിയും പുറത്തേക്കിറങ്ങുമ്പോൾ അമ്മയെ വീട്ടിൽ തനിച്ചാക്കി പോകുന്നതായിരുന്നു അവൻ്റെ ഏറ്റവും വലിയ സങ്കടം ഇതിപ്പോൾ…
എന്ന് പറയുമ്പോൾ തളർന്ന് പോയ ഞാൻ ഒരാശ്രയ ത്തിനായി മകൻ്റെ തോളിൽ ചാരി നിന്നു.
മകരമാസത്തിലെ തണുത്ത കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ ഒതുക്കി തെക്കേമുറ്റത്ത് കത്തിയമർന്ന ചിതയിലെ പുകച്ചുരുളുകളിലേക്ക് നോക്കി നിറഞ്ഞ് തൂവുന്ന കണ്ണുകൾ ഒന്നുകൂടി അമർത്തി തുടച്ച് തലയിണയിലേയ്ക്ക് മുഖം അമർത്തുമ്പോൾ മരണം അറിഞ്ഞ് എത്തിയ ബന്ധുക്കൾ എല്ലാവരും തന്നെ പിരിഞ്ഞ് പോയിരുന്നു…
പിറ്റേന്ന് മുതൽ അലറാം അടിച്ചാലും അതിൽ വിരൽ അമർത്തി ഒന്നുകൂടി പുതപ്പിനുള്ളിലേക്ക് ചുരുണ്ടു കൂടുന്ന ഞാൻ ആദ്യമായി അതിരാവിലെ ആരും വിളിച്ചുണർത്താതെ അടുക്കളയിൽ എത്തി.
പിന്നീടൊരിക്കലും അടുക്കളയിൽ പാത്രങ്ങൾ ചിതറി കിടക്കാറില്ല ഭക്ഷണം കളയേണ്ടി വന്നിട്ടില്ല എങ്കിലും തനിച്ചിരിക്കുമ്പോൾ ഇടയ്ക്കെല്ലാം അമ്മയുടെ ശകാരം അടുക്കളയിൽ മുഴങ്ങി കേൾക്കാറുണ്ടായിരുന്നു ഏട്ടൻ്റെ അമർത്തിയ പൊട്ടിച്ചിരികളും…