എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ഞാനന്ന് മോഷ്ട്ടിക്കാൻ കയറിയതൊരു ഇരുനില വീട്ടിലായിരുന്നു. വലിഞ്ഞു കയറി ടെറസ്സിൽ എത്തിയപ്പോൾ അവിടെയൊരു കതകുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന താക്കോൽ കൂട്ടത്തിൽ നിന്നും പതിമൂന്നാമത്തേത് കൊണ്ടാണ് ഞാനത് തുറന്നത്…
‘കയറിപ്പോകരുത്…!’
ഒരു സ്ത്രീയുടെ ശബ്ദമായിരുന്നു. കോണിപ്പടികളുടെ അരികിലായി ഞാൻ പതുങ്ങിയിരുന്നു. മുകളിലെ നിലയിൽ ആൾത്താമസമില്ലെന്നത് നേരത്തേ ഉറപ്പിച്ചതാണ്. കഴിഞ്ഞ ഒരാഴ്ച്ചയോളം ഈ വീട് എന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇരുട്ട് വീഴുമ്പോൾ താഴത്തെ നിലയിൽ മാത്രമേ വെളിച്ചം തെളിയാറുള്ളൂ…
‘വേണ്ട… ഇനി ഞാനും നിങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇനിയെന്റെ മുറിയിലേക്ക് കയറിപ്പോകരുത്…’
ആ സ്ത്രീ വീണ്ടും പറഞ്ഞു. കലഹമാണെന്ന് എനിക്ക് മനസ്സിലായി.
“അല്ലെങ്കിലും ആരു കയറാൻ പോകുന്നു… വക്കീലിനോട് ഞാൻ വരാൻ പറഞ്ഞിട്ടുണ്ട്… പിരിയുന്നത് തന്നെയാണ് നല്ലത്.”
ആ പുരുഷനും വിട്ടുകൊടുത്തില്ല. അതൊക്കെ എന്റെ ഭാര്യ! അവൾ എന്ത് ഉറക്കെ പറഞ്ഞാലും ഞാൻ കേട്ടിരിക്കും. രാത്രിയിൽ പറ്റി കിടക്കുമ്പോൾ തീരുന്ന പ്രശ്‌നങ്ങളെ ഞങ്ങൾ തമ്മിൽ ഉണ്ടാകാറുള്ളൂ…
‘ആ… അതു തന്നെയാണ് നല്ലത്.. വയസ്സുകാലത്തെങ്കിലും ഇത്തിരി സമാധാനം കിട്ടുമല്ലോ… എനിക്ക് നിങ്ങളെ ഇനിയൊരിക്കലും വേണ്ട…’
ആ സ്ത്രീ ഉച്ചത്തിലാണത് പറഞ്ഞത്. തുടർന്ന് കതകടക്കുന്ന ശബ്ദവും.. ഞാൻ എത്തി നോക്കിയിട്ടും ആരെയും കാണുന്നുണ്ടായിരുന്നില്ല. നേരം രണ്ടായിട്ടും ഇതീങ്ങൾക്കൊന്നും ഉറക്കമില്ലല്ലോയെന്ന് ചിന്തിച്ചു കൊണ്ട് ക്ഷമയോടെ ഞാൻ കൂടുതൽ പതുങ്ങി.
“എനിക്ക് നിന്നെയും വേണ്ടടി.. ഇനിയെന്നോട് മിണ്ടുകയേ വേണ്ട…”
ആ പുരുഷ ശബ്ദത്തിന് ശേഷവും മറ്റൊരു കതക് അടയുന്നത് ഞാൻ കേട്ടു. തുടർന്നൊരു നീളൻ നിശബ്ദതയായിരുന്നു!
രണ്ടാളും സർവീസിൽ നിന്ന് റിട്ടേർഡായിട്ട് നാളുകൾ ഏറെയായില്ല. മക്കളൊക്കെ രാജ്യത്തിന് പുറത്തുമാണ്. കാര്യമായി എന്തെങ്കിലും തടയുമെന്ന ചിന്തയിൽ കാത്തിരുന്ന് കയറിയതാണ്. പക്ഷെ, ഇങ്ങനെ ചടഞ്ഞിരിക്കാനായിരുന്നു വിധി!
അല്ലെങ്കിലും, ഞങ്ങൾ കള്ളമ്മാർക്ക് ഇതൊക്കെയൊരു ശീലമാണ്. ആളില്ലാത്ത വീട്ടിൽ കയറിയാൽ മതിയെന്ന് ഇന്ന് ഇറങ്ങുമ്പോൾ പോലും ഭാര്യ പറഞ്ഞിരുന്നു. കേട്ടില്ല. കുടുംബ സമേതം ഊട്ടിയിലെ തണുപ്പിൽ വിറക്കുകയാണെന്ന് തൊട്ടടുത്ത ഗൾഫുകാരന്റെ സ്റ്റാറ്റസ് ഉണ്ടായിരുന്നു. അവിടെ കയറിയാൽ മതിയായിരുന്നു. ഇനിയിപ്പോൾ ഓർത്തിട്ടെന്ത് കാര്യം! എന്തായാലും കയറിയ ഇടത്ത് നിന്ന് കിട്ടിയതുമെടുത്ത് പെട്ടെന്ന് പുറത്തെത്തണം. നേരത്തിലേക്ക് വെള്ള കീറാൻ താമസമില്ല.
അവർ രണ്ടു മുറികളിലായി ഉറങ്ങിയെന്നാണ് തോന്നുന്നത്. ഞാൻ ശ്വാസമടക്കി പിടിച്ച് പടികൾ ഇറങ്ങി. ആ സ്ത്രീ വലിച്ചടച്ച കതകിന്റെ കൊളുത്ത് അകത്തു നിന്ന് ഇട്ടിട്ടുണ്ടായിരുന്നില്ല. ഞാൻ പതിയേ തുറന്നു. ആള് നല്ല ഉറക്കമാണ്. ചുണ്ടുകൾക്കിടയിൽ നിന്ന് നിദ്രയുടെ നേരിയ വിസിലടി കേൾക്കാം.
വില പിടിപ്പുള്ള എന്തെങ്കിലും കാണുമെന്ന് കരുതി അലമാരയുടെ അടുത്തേക്ക് ഞാൻ നടന്നു. അകത്തേ അറയുടെ അകത്തുള്ള അറയിൽ ആഭരണങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അത് തുറക്കാൻ ഞാൻ ശ്രമിച്ചത്. സാധിക്കുന്നില്ല. ആ നിരാശയിൽ നെറ്റി തുടച്ചപ്പോൾ പത്തുനൂറെണ്ണം കോർത്തു വെച്ച എന്റെ താക്കോൽ കൂട്ടം തറയിലേക്കും വീണു. ആ നിശബ്ദതയിൽ അതിന്റെ മുഴക്കം ഞാൻ കരുതിയതിലും മേലെ ഉയർന്നിരുന്നു…
‘അയ്യോ… കള്ളൻ കള്ളൻ…’
ആ സ്ത്രീ തൊണ്ട പൊട്ടി കാറുകയാണ്. വീണതുമെടുത്ത് ഞാൻ ജീവനും കൊണ്ടോടി. പടികൾ കയറി മുമ്പ് പതുങ്ങിയ ഇടത്തേക്ക് ചുരുണ്ടപ്പോഴാണ് സമാധാനമായത്. അപ്പോഴേക്കും താഴെ വെളിച്ചം വീണിരുന്നു.
‘ന്റെ സുധാകാരേട്ടാ കള്ളൻ… കള്ളൻ കയറി…’
ആ സ്ത്രീയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ജാഗ്രത പുലർത്തി. എവിടെയെന്ന് ചോദിക്കുന്ന പുരുഷശബ്ദവും എന്റെ കാതുകളിൽ വീണു. എങ്ങോട്ട് പോയെന്ന് അറിയില്ലെന്നും പറഞ്ഞ് ആ സ്ത്രീ പിന്നേയും കാറി.
‘നീ വല്ല സ്വപ്നവും കണ്ടതായിരിക്കും…’
ആ പുരുഷ ശബ്ദത്തിന് ശേഷമൊരു നിശബ്ദതയായിരുന്നു. സ്വപ്നമായിരുന്നുവോയെന്ന് ആ സ്ത്രീ ആലോചിക്കുന്നുണ്ടാകുമെന്ന് എനിക്ക് തോന്നി. അങ്ങനെ തന്നെ തോന്നണമെന്ന് ഞാൻ പ്രാർത്ഥിക്കുകയും ചെയ്തു. കള്ളന്മാരുടെ പ്രാർത്ഥനകൾ എല്ലാ ദൈവങ്ങളും ഒരുപോലെ കേൾക്കുമെന്നാണ് എന്റെ അനുഭവം.
‘പോലീസിനെ വിളിക്കട്ടെ…?’
എന്തിനെന്ന് ആ പുരുഷന്റെ ശബ്ദത്തോട് ഞാൻ മനസ്സിൽ പ്രതികരിച്ചു. ഓഹ്.. ഞാൻ കള്ളനാണല്ലോ! പോലീസു വരട്ടെ! കൊക്കെത്ര കുളം കണ്ടിരിക്കുന്നു..
‘സ്വപ്നം കണ്ടതായിരിക്കുമല്ലേ…! എന്തായാലും സുധാകരേട്ടൻ ന്റെ കൂടെ കിടന്നാൽ മതി…’
ആ സ്ത്രീ വിങ്ങിക്കൊണ്ടാണ് അതു പറഞ്ഞത്… നീ പേടിക്കാതെയിരിക്കെന്ന് പറയുന്ന ആ പുരുഷന്റെ ശബ്ദം ചെറുതായി ഞാൻ കേൾക്കുന്നുണ്ടായിരുന്നു. ശേഷം ഒരു കതകു മാത്രം അടയുന്ന ശബ്ദവും ഞാൻ അറിഞ്ഞു.
എന്തൊക്കെയായിരുന്നു! ഇന്നത്തോടെ ബന്ധം അവസാനിച്ചെന്ന് പറഞ്ഞ് രണ്ടു മുറികളിലായി പിരിഞ്ഞു കിടന്നവരാണ് കെട്ടി പിടിച്ച് കിടക്കാൻ പോയിരിക്കുന്നത്. കാര്യമായിട്ട് ഒന്നുമുണ്ടാകില്ല. വെറുതേ ഓരോ കലഹങ്ങൾ.. അല്ലെങ്കിലും, ഒരു പ്രശ്നമെന്ന് വന്നാൽ കൂടുന്നവർ തന്നെയായിരിക്കണമല്ലോ യഥാർത്ഥ ബന്ധങ്ങൾ. ഇവിടെ പ്രശ്നം ഞാൻ ആയിരുന്നുവെന്ന് മാത്രം…
എന്നെ പോലീസുകാർ കൊണ്ടുപോകുമ്പോഴൊക്കെ നെഞ്ചു തല്ലി ഇറക്കാൻ വരുന്ന എന്റെ ഭാര്യയെ ആ വേളയിൽ വെറുതേ ഞാനൊന്ന് ഓർത്തുപോയി!
കയറിയ വഴിയിലൂടെ തന്നെ ഞാൻ പുറത്തേക്കിറങ്ങി. ഭാര്യ കാത്തിരിക്കുന്നുണ്ടാകും. വെറും കൈയ്യോടെ അവളുടെ അടുത്തേക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും പറ്റുന്നില്ല. പെരുങ്കള്ളനായ തന്റെ അച്ഛന്റെ മഹിമ പറഞ്ഞ് അവൾ എന്നെ വല്ലാതെ ചെറുതാക്കും. കളവിൽ ചെറുതാകുന്നയൊരു കള്ളന്റെ വേദന അനുഭവിച്ചു തന്നെ അറിയണം…!!!