മൈലാഞ്ചിച്ചെടി.
രചന:-നവാസ് ആമണ്ടൂർ
“പ്രസവിക്കാത്ത പെണ്ണുങ്ങളെ ആണുങ്ങൾക്ക് ഇഷ്ടമല്ലെന്ന് നിന്നോട് ആരാ പറഞ്ഞത്..? “
“എന്നോട് ആരും പറഞ്ഞതല്ല.. എനിക്കിപ്പോ ഇടക്കൊക്കെ അങ്ങനെ തോന്നുവാ. “
സലിം അവളെ ചേർത്തു പിടിച്ചു. അവളുടെ കണ്ണുകൾ നിറയുന്നുണ്ട്. നിറയുന്ന കണ്ണുകൾ തുടച്ചു കൊടുത്തുകൊണ്ട് സമാധാനിപ്പിക്കുന്ന പോലെ അവളെ തലോടി. അവന് നന്നായിട്ടറിയാം.. തലോടൽ കൊണ്ടോ സമാധാനിപ്പിക്കൽ കൊണ്ടോ അവളുടെ സങ്കടങ്ങൾ മാറില്ലെന്നും അവളുടെ കണ്ണുകൾ തോരില്ലെന്നും.
” ഇക്കാ ഇക്കാ.. ഇക്കാക്ക് എന്നോട് ദേഷ്യം ഉണ്ടോ.. “
“എന്തിന്…?”
“എനിക്ക് പറ്റുന്നില്ലല്ലോ… എന്റെ ഇക്കാക്ക് ഒരു കുഞ്ഞിനെ തരാൻ “
” നീ മനപ്പൂർവം അല്ലല്ലോ… അതിനുള്ള സമയം ആകുമ്പോൾ.. അതൊക്കെ സംഭവിക്കും.. അന്നേ എന്റെ മോളെ കണ്ണീര് തോരുകയുള്ളൂ”
” ഇങ്ങനെ എന്റെ ഒപ്പം ഇക്ക ഉള്ളതുതന്നെയാണ് എന്റെ സമാധാനം”
” ഞാൻ ഉണ്ടാവും… നിന്റെ ഒപ്പം നിഴലുപോലെ”
അവൾ സങ്കടപ്പെടാതിരിക്കാൻ, ഒറ്റയ്ക്കാണെന്നു തോന്നാതിരിക്കാൻ ഗൾഫിലെ നല്ല ജോലി കളഞ്ഞു അയാൾ അവളോടൊപ്പം നിന്നു. പലപ്പോഴും അവൾക്ക് തോന്നാറുണ്ട് അയാളിങ്ങനെ നിഴൽപോലെ കൂടെ ഉള്ളതുകൊണ്ടാണ്.. അവളുടെ സങ്കടം കുറെയൊക്കെ ഇല്ലാതാകുന്നതെന്ന്.
പലരും പറഞ്ഞത് കേട്ടു പലപല ഡോക്ടർമാർ വൈദ്യന്മാർ… അങ്ങനെ എവിടെയൊക്കെയോ പോയി. അവർ പറയുന്ന മരുന്നുകൾ കഴിച്ചു.. അതോടൊപ്പം എന്നും സങ്കടത്തോടെ പടച്ചവനോട് ആഗ്രഹം പറഞ്ഞു.. പ്രാർത്ഥിച്ചു. എന്നിട്ടും മാസങ്ങൾ ഇങ്ങനെ പോവുകയല്ലാതെ.. മനസ്സിലെ ആഗ്രഹം നടന്നില്ല.
ഓരോ മാസത്തിലെയും അവസാന ദിവസങ്ങളിൽ അവളും അവനും കാത്തിരിക്കും. പി,രീഡ് ആവാതിരിക്കാൻ.. രണ്ടു മൂന്നു ദിവസം നീട്ടിക്കിട്ടാൻ.. ആ നീട്ടിക്കിട്ടലിൽ വെറുതെ കൊതിക്കും.. ഗർഭ പാത്രത്തിൽ ഒരു കുഞ്ഞു ജീവൻ മുള പൊട്ടിയിരുന്നെങ്കിൽ…
പക്ഷേ എന്നും ആ ദിവസങ്ങളിൽ അവൾക്കുണ്ടാകുന്ന ശാ,രീരിക വേദനകളേക്കാൾ അവളെ സങ്കടപ്പെടുത്തി യത് ഈ മാസവും പടച്ചവൻ കനിഞ്ഞില്ലല്ലോ എന്നോർത്താണ്.
പരിഹസിക്കുന്നവർ ഉണ്ട്. കുറ്റം പറയുന്നവരുണ്ട്.. ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നവരുണ്ട്. അവരുടെയൊക്കെ മുമ്പിൽ ഒരു കുഞ്ഞു പുഞ്ചിരിയോടെ നിൽക്കുമ്പോഴും മനസ്സ് പറയുന്നുണ്ട് അവളോട് “നീ തോറ്റു പോയല്ലോ” എന്ന്.
അങ്ങനെയങ്ങനെ എത്രയെത്ര മാസങ്ങൾ കടന്നു പോയി.. കഴിഞ്ഞു പോയ എല്ലാ മാസത്തിലും അവൾ പ്രതീക്ഷയോടെ കാത്തിരിക്കാറുള്ളതു പോലെ.. ഇപ്പോഴും കാത്തിരിക്കുന്നു.
ആളുകളൊക്കെ പറയും പലയിടത്തും താമസിച്ചു ചികിത്സിച്ച് കുട്ടികൾ ഉണ്ടായവരുടെ കഥ. പത്തും പന്ത്രണ്ടു കൊല്ലങ്ങൾക്ക് ശേഷം കുട്ടികൾ ഉണ്ടായവരുടെ സന്തോഷത്തിന്റെ കഥ. അവളും അതൊക്കെ കേൾക്കും.. ആ കഥകൾ വീണ്ടും അവളെ പ്രതീക്ഷ യിലേക്കുള്ള കാത്തിരിപ്പിലാക്കും.
” നമുക്ക്.. ഇനി ഒരു കുഞ്ഞുണ്ടാവോ ഇക്കാ ?”
” ഉണ്ടാവും മോളെ.. എനിക്കുറപ്പുണ്ട്….നിന്റെ പ്രാർത്ഥനയും കണ്ണീരും വെറുതെയാവില്ല. “
അവരുടെ കല്യാണം കഴിഞ്ഞ സമയത്ത് കല്യാണം കഴിഞ്ഞ കൂട്ടുകാരുടെ മക്കൾ സ്കൂളിൽ പോകാൻ തുടങ്ങി.. പലർക്കും രണ്ടും മൂന്നും കുട്ടികളായി.. അവന്റെ അനുജനും അവളുടെ അനിയത്തിക്കും കുട്ടികളായി..
“നമുക്ക് രണ്ടുപേർക്കും കുട്ടികളെ ഭയങ്കര ഇഷ്ടം അല്ലേ… അതുകൊണ്ടാവും പടച്ചവൻ നമുക്ക് ഒരു കുഞ്ഞിനെ തരാത്തത്.. ഇഷ്ടമുള്ളത് തടഞ്ഞു വെക്കുന്നത് പടച്ചോന്റെ പരീക്ഷണം അല്ലേ.?”
“എത്രനാൾ തടഞ്ഞു വെച്ചാലും.. എനിക്കുറപ്പുണ്ട് അവസാനം നമ്മളെ സന്തോഷിപ്പിക്കാൻ തന്നെയാവും അവന്റെ തീരുമാനവും.”
പിന്നെയും ദിവസങ്ങളെണ്ണി പ്രതീക്ഷയോടെയുള്ള കാത്തിരിപ്പി നവസാനം കണ്ണീരാവരുതേയെന്ന് മനമുരുകി പ്രാർത്ഥിച്ചു.എന്നിട്ടും പിന്നെയും നീണ്ട കാത്തിരിപ്പ് തന്നെയാണ് വിധി..
വയസ്സായി.. കാത്തിരിക്കാനുള്ള സമയവും പോയി..അവർ രണ്ടുപേരും പരസ്പരം സ്നേഹിച്ച് പരസ്പരം കൂട്ടായി സങ്കടത്തെ തോൽപിച്ചു.
ഇപ്പോൾ അവർ പറയാറില്ല, കുട്ടികൾ ഇല്ലാത്ത സങ്കടം.
ഇപ്പോൾ അവർ പ്രാർത്ഥിക്കാറില്ല.. ഒരു കുട്ടിയെ വേണമെന്ന്.
ഇപ്പോൾ ആരും ചോദിക്കാറില്ല.. ആർക്കാണ് പ്രശ്നം എന്ന്.
” ഈ സമയം എനിക്ക് ഒരേയൊരു ആഗ്രഹം മാത്രമേ ഉള്ളൂ..ഇക്കാ. നിങ്ങള് ജീവനോടെയുള്ളപ്പോൾ എനിക്ക് മരിക്കണം.ഈ മുഖം കണ്ടു വേണം എനിക്ക് കണ്ണടക്കാൻ “
അതിന് അയാൾ ഒന്നും മറുപടി പറയാറില്ല. എന്നും അവളുടെ നിഴൽ പോലെ അയാൾ നടക്കും. അവളുടെ കണ്ണീര് അയാളെക്കാൾ വേറെ ആരാണ് അറിയുക..? അതുകൊണ്ടാണ് അവളുടെ ഒപ്പം സ്നേഹത്തോടെ പ്രണയത്തോടെ അവളെ ചേർത്തുപിടിച്ച് അയാൾ നടന്നത്.
അവൾ മരിച്ചപ്പോൾ അയാൾ തന്നെയാണ് അവളെ കിടത്താനുള്ള വെള്ളത്തുണിയിൽ മൈലാഞ്ചിയിലകൾ തൂവിയത്.
അയാൾ തന്നെയാണ് വെള്ളത്തുണിയിൽ അവളെ പൊതിഞ്ഞു കെട്ടിയത്.
കബർസ്ഥാനിലേക്ക് അവളുടെ മയ്യത്ത് കൊണ്ടുപോയപ്പോൾ മുൻപേ നടന്നതും അയാൾ തന്നെയാണ്.
ആറടി മണ്ണിൽ തീർത്ത ഖബറിൽ അവളെ കിടത്തുമ്പോഴും അയാൾ കൂടെ ഉണ്ടായിരുന്നു.
അവളുടെ മുഖത്തെ തുണി മാറ്റി ഒരുപിടി മണ്ണ് അവളുടെ കവിളിൽ ചേർത്തു വെച്ചതും അയാൾ തന്നെയാണ്.
മരിച്ചപ്പോഴും പൊതിഞ്ഞു കെട്ടിയപ്പോളും ഖബറിലേക്ക് വെച്ചപ്പോഴും അയാൾ കരഞ്ഞില്ല. അവളുടെ പ്രാർത്ഥന പടച്ചവൻ കേട്ടല്ലോ.. എന്നായിരുന്നു മനസ്സിൽ.
പക്ഷേ അവളെ ഖബറിൽ വെച്ച് മണ്ണിട്ട് മൂടി രണ്ടു വശത്തും മൈലാഞ്ചിച്ചെടികൾ നാട്ടി തിരിച്ചു നടന്നപ്പോൾ അയാൾ കരയുന്നുണ്ടായിരുന്നു.. കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു.. അവിടെ അവൾ ഒറ്റയ്ക്കല്ലേ എന്നോർത്ത്.
☆☆☆☆☆☆☆☆☆

