കടലെത്തും വരെ ~~ ഭാഗം 07 ~ എഴുത്ത്:- അമ്മു സന്തോഷ്

“ജാനകി ദേ അവര് വന്നു “മനു സന്തോഷത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു

ജാനകിയും ദേവികയും മറ്റു ബന്ധുക്കൾക്കൊപ്പമായിരുന്നു എല്ലാവരെയും കണ്ടതിന്റെ ആഹ്ലാദത്തള്ളിച്ചയുണ്ടായിരുന്നു അവരിൽ

“പാറുകുട്ടിയൊക്കെ വന്ന്ന്ന തോന്നുന്നേ “

ജാനകി എഴുനേറ്റു

“ഞാൻ അങ്ങോട്ട് പോയിട്ടു വരാം”

ഞാനും വരുന്നു ജാനി” ദേവകിയും എഴുനേറ്റു

തളത്തിൽ ചെറിയമ്മായി ഉണ്ട് .അവരുടെ മക്കൾ ഋഷി സൂരജ് .പിന്നെ സന്തോഷ് ചെറിയച്ഛൻ അവരുടെ മക്കൾ നീലുവും കല്യാണിയും . ചെറിയമ്മ .അവർ ദുബായിൽ നിന്ന് ഇന്നലെ വന്നേയുള്ളു ചെറിയമ്മായിയും മക്കളും ലണ്ടനിലാണ് .മാധവൻ ചെറിയച്ഛൻ വന്നില്ല ,എന്നാലും നിശ്ചയത്തിന്റെ അന്ന് എത്തും എന്ന് ഉറപ്പ് തന്നിട്ടുണ്ട് .സ്നേഹച്ചിറ്റ മക്കളെയും ഭർത്താവിനെയും കൂടാതെയാണ് വന്നത് കുട്ടികൾക്ക് പരീക്ഷയാണ് അത് കൊണ്ടാണ് അടുത്ത തവണ ഉറപ്പ് എന്ന് പറഞ്ഞിട്ടുണ്ട് .ഇനിയുമുണ്ട് ആൾക്കാർ .മനോജ് അവന്റെ ഭാര്യ ലക്ഷ്യ അവരുടെ കുട്ടികൾ .അവരൊക്കെ വേറെ എവിടെയോ ഉണ്ട് .കുളക്കരയിൽ കുറച്ചു പേര്  വെടിവട്ടം പറഞ്ഞിരിക്കുന്നുണ്ട് .വലിയച്ഛന്മാർ അവരുടെ മക്കൾ നാട്ടിലുള്ള പഴയ കൂട്ടുകാർ അവർക്കൊക്കെ സമയാ സമയം എല്ലാം കിട്ടുന്നുണ്ടോന്നു ഉറപ്പു വരുത്താൻ വേണുവും മനുവും ഓടി നടക്കുന്നുണ്ട്

“ശ്രീക്കുട്ടി പൊക്കം വെച്ച് ട്ടോ “

ദേവിക പറഞ്ഞു മനു ശ്രീകുട്ടിയെ ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു അയാൾ അവളുട ശിശിരസ്സിൽ തലോടി

“എന്റെ ഒപ്പമാകുന്നു അല്ലെ നന്ദ? “

” ഏകദേശം “നന്ദൻ ചിരിച്ചു

“ഇപ്പോഴത്തെ കുട്ടികൾ എത്ര വേഗമ വളരുന്നത് ഈ പാറുക്കുട്ടി ഈ പ്രായത്തിൽ ഒരു ഈർക്കിലിയുടെ അത്രയും ഉള്ളായിരുന്നു “

ദേവിക പറഞ്ഞു

ജാനകി നന്ദനെ നോക്കി

“നിങ്ങൾ കഴിച്ചായിരുന്നോ? “

“കഴിച്ചു അമ്മേ “

നന്ദൻ വിനയത്തോടെ പറഞ്ഞു

ആ വിളി എപ്പോഴുമെന്നോണം അവരുടെ ഉള്ളു നിറച്ചു അവർ വാത്സല്യത്തോടെ അവനെ നോക്കി സൂര്യനെ പോലെ പ്രകാശിക്കുന്ന മുഖം തെളിച്ചമുള്ള വലിയ കണ്ണുകൾ

“അജുവേ ഈ ലഗേജ് ഒക്കെ എടുത്തതു അകത്തു വെയ്ക്കു ..നിങ്ങള്ക്ക് നിങ്ങളുടെ പഴയ മുറി തന്നെ ഒരുക്കിയിട്ടുണ്ട് കേട്ടോ ” വേണു അങ്ങോട്ടേക്ക് വന്നു അജു എന്ന ചെറുപ്പക്കാരൻ അവരുടെ ബാഗുകൾ തോളിൽ ആക്കി നടന്നു തുടങ്ങി

“എന്ന ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആയിട്ട് വരാം ” നന്ദൻ പറഞ്ഞു

“ആയിക്കോട്ടെ “

വേണു ആ തോളിൽ ഒന്ന് തട്ടി

“ലേറ്റ് ആവണ്ട ട്ടോ പണി ഉണ്ട് ഒന്ന് രണ്ടിടത്തും പോകാനുണ്ട് നന്ദൻ വന്നിട്ടു ഒന്നിച്ചു പോകാമെന്നു കരുതിയിരുന്നത് ആണ് “

“വൈകില്ല ചെറിയച്ചാ  “നന്ദൻ ചിരിയോടെ പറഞ്ഞു “ദേ എത്തി “
എവിടെയും നന്ദന് കൊടുക്കുന്ന ആ പ്രാധാന്യമാണ് അവിടേക്ക് വീണ്ടും വീണ്ടും വരാന് പാർവതിയെ പ്രേരിപ്പിക്കുന്നത് .ഒരു പക്ഷെ നന്ദനെ അവഗണിക്കുകയായിരുന്നെങ്കിൽ ഏതെങ്കിലും തരത്തിൽ അപമാനിക്കു കയിരുന്നെങ്കിൽ അവിടെ സന്തോഷത്തോടെ വരാനവൾക്ക് സാധിക്കുമായിരുന്നില്ല .

മുറിയിലേക്ക് പോകും വഴി സൗരവിനെ കണ്ടു ശ്രീക്കുട്ടി ചിരിച്ചു. വീട്ടുജോലിക്ക് നിൽക്കുന്ന ജിഷയുടെ അനിയനാണ് സൗരവ് .തറവാട്ടിൽ എന്ത് ചടങ്ങുകൾ വന്നാലും അവനും അവിടെ ഉണ്ടാകും ഒരു സഹായി ആയിട്ട് .പ്ലസ് ടു ആയിട്ടേയുള്ളു പക്ഷെ നല്ല പക്വതയും ബുദ്ധിയുമുള്ള ചെക്കനാണ്

“ഇത്തവണ എക്സിബിഷന് കണ്ടില്ലല്ലോ ” സൗരവ് ശ്രീകുട്ടിയോടായി ചോദിച്ചു

“ഒരു പണി കിട്ടി ..സൈക്കിളിൽ നിന്ന് ഒന്ന് വീണു ദേ കിടക്കുന്നു രണ്ടാഴ്ച പ്ലാസ്റ്റർ ഇട്ട് “

“അയ്യോ “

“അതന്നെ ..അയ്യോ അയ്യോ എന്നായിരുന്നു ഞാൻ നിലവിളിച്ചാ കിടന്നിരുന്നത് “

സൗരവ്   പൊട്ടി ചിരിച്ചു

“ചേട്ടനായിരുന്നല്ലോ ഫസ്റ്റ് നിങ്ങളുടെ സ്കൂളും ഫസ്റ്റ് അടിച്ചു ഞാൻ അറിഞ്ഞു കേട്ടോ .” അവൻ  വിനയത്തോടെ ചിരിച്ചു

“അടുത്ത് കലോത്സവം വരുന്നുവല്ലോ അപ്പൊ കാണാം ഇത്തവണ ഞങ്ങളുടെ  സ്കൂൾ തന്നെ ..”അവൾ കുറുമ്പൊടെ പറഞ്ഞു

“അതിലും പോയിക്കഴിഞ്ഞ.. ഇനി ഈ വര്ഷം അടുത്ത മത്സരങ്ങളൊന്നുമില്ല മോളെ “

“അയ്യടാ …എന്തയാലും കാവിലെ പാട്ടുമത്സരത്തിനു കാണാം “

“ശ്രീക്കുട്ടി ഉണ്ടെങ്കിൽ ഞങ്ങൾക്ക് ,ലളിതഗാനം ,കവിത പാരായണം പിന്നെ മൂന്നു ഡാൻസ് ഫോംസ് അത് പോകും ,,അത് ഉറപ്പാ ..എന്തയാലും അത് വരെ സൈക്കിളിൽ കേറണ്ട “

അവൾ ചിരിച്ചു പോയി

“ശ്രീക്കുട്ടി വന്നു കുളിക്കു “പാർവതി ഉറക്കെ വിളിച്ചു പറഞ്ഞു

നന്ദനും പാർവതിയും കുളിച്ചു വേഷം മാറിക്കഴിഞ്ഞു

“പോട്ടെ ചേട്ടാ ..ജിഷ ചേച്ചിയെ അന്വേഷിച്ചു എന്ന് പറ .ഇത്തവണ യെങ്കിലും കക്ഷിയെ നേരിട്ട് കാണണം .”അവളവനോട് യാത്ര പറഞ്ഞു

“ഇവിടെയുണ്ട് കിച്ചണിൽ .സമയം പോലെ അങ്ങോട്ടു പോയ മതി “അവനും പറഞ്ഞു

“അപ്പൊ ഓക്കേ കാണാം ” അവൾ ചുറുചുറുക്കോടെ അകത്തേക്ക് പോയി

“നിന്റെയൊരു  കാര്യം ! ആരെയെങ്കിലും കണ്ടാൽ അവിടെ നിന്നോണം .വേഗം കുളിച്ചു വേഷം മാറിക്കോളു ..നിന്നേ കാണാൻ കൊതിയായി എന്ന് ഇപ്പൊ സുഭദ്ര ചെറിയമ്മ വന്നു പറഞ്ഞേയുള്ളു

“ഫൈവ് മിനിട്സ് ഡിയർ “

അവൾ ടവൽ എടുത്തു

“ഇടാനുളളത് എടുത്തതു വെച്ചിട്ടുണ്ട് “അവൾ കാട്ടിലിലേക്ക് നോക്കി മഞ്ഞ പട്ടു പാവാടയും ബ്ലൗസും അവളുടെ മുഖം ചുളിഞ്ഞു

“പട്ടു  പാവാടയോ ?അത് താലപ്പൊലിക്ക് ഇടാം അമ്മെ .ദേ മഞ്ഞയിൽ കുഞ്ഞു പൂക്കളുള്ള ഉടുപ്പ് മതി ..ഇറ്റ് ഈസ് കൺവീനിയന്റ് .പാവാട യൊക്കെ തട്ടും.ഓടാൻ പറ്റില്ല .നീലുവും ശ്രദ്ധയുമൊക്കെ വന്നിട്ടില്ലേ ഞങ്ങൾ കളിയ്ക്കാൻ പോകും “

“എന്നാ അതിട്ടോ .ഞങ്ങൾ താഴേക്ക് പോവാ ട്ടോ “പാർവതി പറഞ്ഞു

“എന്ന വേഗം ഇറങ്ങിക്കോ ഞാൻ വാതിൽ അടക്കട്ടെ ..”അപ്പോഴാണവൾ നന്ദനെ ശ്രദ്ധിച്ചത്

കറുപ്പ് ഷർട്ടും കറുപ്പ് കരയുള്ള മുണ്ടുമായിരുന്നു അവന്റ വേഷം

“എന്റെ ദേവിയെ ആരാ ഇത്?ഇന്ന് അടിപൊളിയാണല്ലോ ബ്ലാക് ഷർട്ട് ഒക്കെ ഇട്ട് ..ഉം ഉം ..നടക്കട്ടെ ..കുറെ പെണ്ണുങ്ങൾ വരുന്ന ദിവസമല്ലെ?എന്റെ നന്ദനെ കാത്തോളണേ ഭഗവതി “

“പൊടി അസത്തെ തോന്ന്യവാസം പറയാതെ ” പാർവ്വതിയുടെ മുഖം ചുവന്നു

“പാറുക്കുട്ടിയും മോശമല്ല ട്ടോ ..ഈ ചുവപ്പ് ചുരിദാറിൽ മുപ്പത്തിനാല് വയസ്സുള്ള പെണ്ണാണ് എന്ന് പറയുവോ? അല്ലെ അച്ഛാ?ഒരു ഇരുപത്തിനാല്. എന്റെ അമ്മയാണെന്ന് ഒരിക്കലും പറയില്ല ..ഹൂ ഞാൻ ആരോടെക്കെയാ ദൈവമേ മത്സരിക്കേണ്ടി വരുന്നേ “

“എന്റെ കൊച്ചെ നിന്നെ കൊണ്ട് തോറ്റു.വേഗം കുളിച്ചു തളത്തിലോട്ട് വന്നേ.എല്ലരും അവിടെയുണ്ടെന്ന്..”

“ഓക്കേ ഓക്കേ വിട്ടോളു കപ്പിൾസ് “

അവൾ അവരെ പുറത്താക്കി വാതിലടച്ചു

മാറൂണിൽ  കറുപ്പ് പ്രിന്റ് ഉള്ള ചുരിദാറിൽ പാർവതിയുടെ ലാവണ്യം ജ്വലിച്ചു നിന്നു.അവൾ അലസമായി ഇട്ടിരുന്ന ഷാൾ പോലും തിന്റെ ഭംഗി ഇരട്ടിപ്പിച്ചു .നന്ദൻ അവളെ വെറുതെ നോക്കി നിന്നു .ശ്രീക്കുട്ടി പറഞ്ഞത് ശരിയാണ് പാർവതിയെ കണ്ടാൽ വിവാഹിതയാണെന്നു പോലും പറയില്ല .അത്രയ്ക്ക് ചെറുപ്പം തോന്നിക്കും .വെണ്ണ പോലെ മിനുത്ത കഴുത്തിലെ മറുകിനു പോലും എന്താ ഭംഗി !

“എന്താ നോക്കുന്നെ “അവൾ ലജ്ജയോടെ ചോദിച്ചു

“നിന്നെ കാണാൻ ഇപ്പൊ നല്ല ഭംഗി “അയാൾ അവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു

ഇടനാഴിയിൽ ആരുമുണ്ടയിരുന്നില്ല

അരക്കെട്ടിലൂടെ ചേർത്ത് പിടിച്ച കൈകൾ മുറുകി .പാർവതി അവന്റെ കണ്ണിലേക്കു നോക്കി

“എത്ര ഇഷ്ടമെന്നോ എനിക്ക് ” നന്ദൻ മെല്ലെ പറഞ്ഞു

“എത്ര? “അവൾ ആ മുക്കിൻ തുമ്പിൽ പിടിച്ചു “എന്റെ ജീവനോളം ..എന്റെ ആത്മാവിനോളം “

അവളുടെ മുഖം ചുവന്നു തുടുത്തു

“എന്റെ പ്രാണനാണ് ..”അവൻ അടക്കി പറഞ്ഞു കൊണ്ട് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു

ശ്വാസം മുട്ടിച്ചു കൊണ്ട്

വരിഞ്ഞടുക്കിക്കൊണ്ട്

ആത്മാവിനോളം ചേർത്ത് പിടിച്ചു കൊണ്ട്

തുടരും….. 

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *