കടലെത്തും വരെ ~~ ഭാഗം 10 ~ എഴുത്ത്:- അമ്മു സന്തോഷ്

“നന്ദൻ ഇത് എന്നോട് പറഞ്ഞിട്ടില്ലലോ “

“പറയാൻ മാത്രം ഉണ്ടോ ഇത് ?” നന്ദൻ മെല്ലെ ചോദിച്ചു

“പിന്നില്ലേ “

“എനിക്കങ്ങനെ തോന്നിയില്ല .ഇത് അഖിലയുടെയും ഗോവിന്ദിന്റേയും കാര്യമല്ലേ ?നമ്മളെ സംബന്ധിക്കുന്ന ഒന്നും ഇതിലില്ല .പറഞ്ഞിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല .നമ്മളെ സംബന്ധിക്കുന്ന കാര്യമല്ലെങ്കിൽ ചിലതോക്കെ വേദനിക്കാൻ വേണ്ടി മാത്രം അറിയുന്നതെന്തിന്?”?പാർവതി ശരിയാണെന്നർത്ഥത്തിൽ തലയാട്ടി

“ഗോവിന്ദിനെ അവൾ ഉപേക്ഷിച്ചു പോയതാണ്.വിനുവിന്റെ ആലോചന വന്നപ്പോ.കുറച്ചു കൂടെ സേഫ് ആയ,കുറച്ചു കൂടി സമ്പന്നനായ ഒരാളെ കണ്ടപ്പോ അയാളെ വേണ്ട എന്ന് വെച്ചു.അത് നമ്മെ സംബന്ധിക്കുന്ന വിഷയമല്ലല്ലോ പാറുക്കുട്ടി .പൊതുവെ സ്ത്രീയും പുരുഷനുമൊക്കെ ചെയ്യുന്ന കാര്യമാ ഇത് .പക്ഷെ ജീവിതം അവർക്ക് കരുതി വെയ്ക്കുന്നത്എ ന്താല്ലേ? “”

“അവരുടെ ലൈഫ് ഹാപ്പി അല്ലെ ?”

പാർവതി സംശയത്തോടെ ചോദിച്ചു

“അവരുടെ ലൈഫ് ഹാപ്പി ആണോ അല്ലിയോ എന്നത് നമ്മുടെ വിഷയമല്ല .പക്ഷെ ഗോവിന്ദിനെ പോലൊരാളെ ഉപേക്ഷിച്ചു പോയ ഒരുവൾക്കു അത്ര സന്തോഷം ഒന്നും ദൈവം കരുതി വെച്ച് കാണില്ല “നന്ദന്റെ മുഖം ഇരുണ്ടിരുന്നു

പാർവതി അതിശയത്തോടെ ആ ഭാവം  നോക്കി നിന്ന് പോയി
നന്ദന്റെ ഇത്തരം ഒരു മുഖം അവൾ ആദ്യം കാണുകയായിരൂന്നു

മനുഷ്യന് എത്ര മുഖങ്ങളാണ്!

പൊതുവെ ശാന്തനാണ് നന്ദൻ ആരോടും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല താൻ ദേഷ്യപ്പെട്ടാൽ പോലും ഒരു പുഞ്ചിരിയോടെ നേരിടുകയാണ് പതിവ്

പക്ഷെ  ഇപ്പൊ ആ മുഖം ചുവന്നിരുന്നു

കണ്ണുകൾ കലങ്ങിയിരുന്നു അത്ര  മേൽ പ്രിയപ്പെട്ടവനായിരുന്നു നന്ദന് ഗോവിന്ദ് എന്നവൾക്ക് മനസിലായി

അതോ അത്രമേൽ സാധുവായിരുന്നോ ഗോവിന്ദ്? അറിയില്ല

തന്നോട്  പറയാത്ത കാര്യങ്ങൾ ഇനിയും ഒരുപാടുണ്ട് അയാളുടെ മനസ്സിൽ എന്നവൾക്ക് തോന്നി

എല്ലാം പറയുന്ന ഒരാളാണെന്ന് തോന്നിയിട്ടില്ല എന്നാലും ഇത്ര വലിയ ഒരു കാര്യം മറച്ചു വെച്ചതിൽ അവൾക്ക് ഒരു പരിഭവം തോന്നി
നടന്നു പോകാനൊരുങ്ങിയ അവളുട കൈയിൽ ഒരു പിടിത്തം വീണു

നന്ദന്റെ മുഖത്ത് ചിരി

“ഞാൻ പറയാത്തതിൽ ദേഷ്യം ഉണ്ട് അല്ലെ ?”

“എന്തിന്?’ അവളുട മുഖം വിടർന്നില്ല

“ഉണ്ട് ” അവൻ ചിരിച്ചു

“ഇത് നിസാരമായ ഒരു കാര്യമല്ലേ പാറുക്കുട്ടി ..നിന്റെ ജോലിക്കുള്ള ടെസ്റ്റിന്  പഠിക്കുന്ന സമയത്ത ഈ സംഭവം.വെറുതെ നിന്റ ഏകാഗ്രത കളയണ്ടല്ലോ എന്ന് കരുതി പറഞ്ഞില്ല .പിന്നെ കുറച്ചു നാൾ കഴിഞ്ഞു ഞാൻ ഇത് മറക്കുകയും ചെയ്തു ..ഇപ്പൊ അഖിലയെ കണ്ടപ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.ചiതി ഒരിക്കലും ഞാൻ പൊറുക്കില്ല പാറു.എനിക്ക് പ്രിയപ്പെട്ടവരേ ചiതിക്കുന്നതു ഒരിക്കലും ക്ഷമിക്കുകയുമില്ല “

പാർവതി ആ മുഖത്തേക്ക് വീണ്ടും നോക്കി

നന്ദന്റെ കണ്ണിലെ നേർത്ത അഗ്നിജ്വാലയിലേക്ക്.

നിറയെ ചാമ്പക്ക പഴുത്തു നിൽക്കുന്ന മരത്തിന്റെ ഒരു ചില്ലയിലേക്ക് ശ്രീക്കുട്ടി ഒന്ന് ചാടി നോക്കി .അത് അവളെക്കാൾ ഉയരത്തിലായിരുന്നു .ചാമ്പക്ക അവളെ കൊതിപ്പിച്ചു കൊണ്ടിരുന്നു .ഒരു കമ്പു കിട്ടിയിരു ന്നെങ്കിൽ എന്ന് വിചാരിച്ചവൾ ചുറ്റും നോക്കി

“മോൾക്ക് ചാമ്പക്ക വേണോ ?”

അപരിചിതനായ ഒരാൾ .അവൾ പെട്ടെന്ന് വേണ്ട എന്ന് തലയാട്ടി

“മോൾ അതിനല്ലേ ചാടി നോക്കിയത്?പേടിക്കണ്ട കേട്ടോ ഞാൻ ഈ തറവാട്ടിലെ തന്നെയാ.മോള് കണ്ടിട്ടില്ല .വിനു മാമൻ.അമ്മയോട് ചോദിച്ച മതി പറഞ്ഞു തരും “

അവൾ ലേശം സംശയത്തോടെ അപ്പോഴും അയാളെ നോക്കി കൊണ്ടിരിന്നു

“മോൾ അച്ഛനെ പോലെയാണല്ലോ “

അയാൾ എത്തി ഒരു കുല ചാമ്പങ്ങ അവൾക്ക് നേരെ നീട്ടി

“വേണ്ട “അവൾ പറഞ്ഞു വിനുവിന്റെ മുഖമൊന്നു വിളറി

“അച്ഛൻ പറഞ്ഞിട്ടുണ്ട്.നമുക്ക് പരിചയമില്ലാത്തവരുടെ കൈയിൽ നിന്ന് ഒന്നും വാങ്ങരുത് എന്ന് “അവൾ വളരെ ദൃഢതയോടെ പറഞ്ഞു

നന്ദൻ ദൂരെ നിന്നതു കാണുന്നുണ്ടായിരുന്നു പക്ഷെ അയാൾക്കങ്ങോട്ട് ചെല്ലാൻ തോന്നിയില്ല

“താങ്ക്സ് അങ്കിൾ ബൈ “ശ്രീക്കുട്ടി മെല്ലെ നടന്നകന്നു

അവൾ അടുത്ത തൊടിയിലേക്ക് പോയപ്പോൾ നന്ദൻ വിനുവിന്റെ അരികിലേക്ക് നടന്നു

“എനിക്ക് തന്നേക്ക് വിനു അത് “നന്ദൻ ചിരിച്ചു

വലിച്ചെറിയാനൊരുങ്ങിയ ചാമ്പക്ക അയാൾ നന്ദന്റെ കൈയിൽ വെച്ച് കൊടുത്തു

“you  trained  your  daughter  well “

“ഒരു സാധാരണക്കാരന് അങ്ങനെയൊക്കെയല്ലേ മക്കളെ വളർത്താൻ സാധിക്കുകയുള്ളു?.അവളേതെങ്കിലും അബദ്ധത്തിൽ ചെന്ന് ചാടാതെ നോക്കിക്കേണ്ടത് മാതാപിതാക്കൾ അല്ലെ ??”

ഒരു ചാമ്പക്ക കiടിച്ചു കൊണ്ട് നന്ദൻ പറഞ്ഞു

“ഒരെണ്ണം കഴിച്ചു  നോക്ക് അമേരിക്കയിൽ ഇതൊക്കെ കിട്ടുമോ ?”നന്ദൻ ഒരെണ്ണം നീട്ടി

“പിന്നെ അവിടെയും ഇപ്പൊ എല്ലാം കിട്ടും .നമ്മുടെ ചക്കയും മാങ്ങയും ഒക്കെ ഇവിടുന്നു നേരെ അങ്ങോട്ടല്ലേ വരുന്നത് ..വില കൂടുമെന്ന് ആണെന്ന് മാത്രം .നമ്മളിവിടെ വെറുതെ കളയുന്നത് അവർ മാർക്കറ്റ് ചെയ്തു ലാഭം ഉണ്ടാക്കുന്നു “

“ശ്രീക്കുട്ടി പറയാറുണ്ട് ..നമ്മുട ഈ തൊടിയിൽ ഒക്കെ നിറച്ചും പ്ലാവുകളും മാവുകളും ഒക്കെ നടണമെന്നു.അത് മാത്രമല്ല ഈ വളരെ അപൂർവ മായി കാണുന്ന സസ്യങ്ങളില്ലേ?പവിഴമല്ലി പോലെത്തെയൊക്കെ അത് ഒക്കെ വെച്ചു പിടിപ്പിക്കണം എന്നൊക്കെ പറയും .ഭാവിയിൽ ആയുർവേദത്തില് നല്ല മാർക്കറ്റ് വരുമത്രെ .ആൾക്കാർ ഇംഗ്ലീഷ് മെഡിസിൻ ഒക്കെ കുറെ കഴിയുമ്പോൾ നിർത്തുമെന്ന അവൾ പറയുന്നത് .നമ്മുക്ക് തന്നെ ഇവിടെ നിന്ന് ഇമ്പോർട്ട് ചെയ്യാമത്രേ ലൈസെൻസ് ഉണ്ടെങ്കിൽ .”

വിനു അമ്പരപ്പോടെ അത് കേട്ടു നിന്ന്

“ശ്രീകുട്ടിക്കു പതിമൂന്നു വയസ്സല്ലേ ആയുള്ളൂ ?”

“ഉം “

“മിടുക്കി നല്ല ബിസിനെസ്സ് മൈൻഡ് ആണല്ലോ “

“എനിക്കില്ലാത്തതും അതാ. അവൾക്ക് ബിസിനസ് ചെയ്യണം എന്നാ ഭാവിയിൽ “

നന്ദൻ ചിരിച്ചു

“നന്ദന്റെ ഭാഗ്യം .അല്ലെങ്കിലും നന്ദൻ ഭാഗ്യവാനാണ് .എല്ലാം കൊണ്ടും ..സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കുന്നവനാണ് ഏറ്റവും ഭാഗ്യവാൻ “

നന്ദൻ കൂർത്ത മിഴികളോടെ അവനെ നോക്കി വിനു വിളറി പോയി

“കിട്ടുന്ന പെണ്ണിനെ പ്രണയിച്ചു ജീവിതം ആഘോഷിക്കുന്നതിലാണ് ഒരാണിന്റെ മിടുക്കെന്നു ഞാൻ പറയും .പ്രണയിച്ച പെണ്ണിനെ കിട്ടുന്നത് ഭാഗ്യമാണെങ്കിൽ കിട്ടുന്ന പെണ്ണിനെ പ്രണയിച്ചു ജീവിതം ആഘോഷ മാക്കുന്നവനാണ് സമർത്ഥൻ ..” നന്ദൻ മൂർച്ചയോടെ പറഞ്ഞു

“ശരിയാ കറക്റ്റ് ആണ് “വിനു പെട്ടെന്ന് ചിരിച്ചു

നന്ദന് മനസിലായത് അവന്റ്റെ മനസാണ്അ വനിനിയും പഴയത് ഒന്നും മറന്നിട്ടില്ല

അവന്റ  കണ്ണുകളിൽ ഇപ്പോഴും പഴയ പ്രണയവും പകയും കുടിലതയും ഉണ്ട്

അവനെ സൂക്ഷിക്കുക അയാളുടെ മനസ്സ് പറഞ്ഞു

ചിലപ്പോൾ നമ്മുട മനസ്സ് തരുന്ന മുന്നയിരിപ്പ് ആണത്

മനുഷ്യനത് പലപ്പോഴും ശ്രദ്ധിക്കാറില്ല എന്ന് മാത്രം

ശ്രദ്ധിച്ചിരുന്നെങ്കിൽ പല അപകടങ്ങളും ഒഴിവായേനെ ജാഗ്രത കുറവ് കൊണ്ട് മാത്രം ബന്ധങ്ങളിൽ വിള്ളൽ വീണു പോയ എത്ര മനുഷ്യരാണ് !

ശ്രദ്ധിക്കാതെ പ്പോയത് കൊണ്ട് മാത്രം കുടുംബം ശിഥിലമായതു എത്ര പേർക്കാണ്

ഒരു കുഞ്ഞു ശ്രദ്ധ, ഒരു കുഞ്ഞു ജാഗ്രത,ബന്ധങ്ങളിൽ എപ്പോഴും വേണമെന്ന് പറയുന്നതത് കൊണ്ടാണ്

ആ കുഞ്ഞു ശ്രദ്ധക്ക് ചിലപ്പോൾ ജീവിതം മുഴുവൻ സന്തോഷം തരുവാൻ സാധിച്ചേക്കാം

ആ കുഞ്ഞു ശ്രദ്ധയില്ലയ്മക്കു  കണ്ണീരിലാഴ്ത്താനും  കഴിയുമായിരിക്കും

വിനു ചാമ്പക്ക ചവയ്ക്കുന്നുണെങ്കിലും മനസ്സ് വേറെ എവിടെയോ ആണെന്ന് നന്ദന് മനസിലായി ..

“ഞാൻ അനോട്ട് ചെല്ലട്ടെ വൈകുന്നേരം ക്ഷേത്രത്തിലെ കാര്യങ്ങൾക്കുള്ള കുറച്ചു ഒരുക്കങ്ങളുണ്ട് ..സഹായിക്കാൻ ആളെ വേണമെന്ന്  വേണു ചെറിയച്ഛൻ പറഞ്ഞിരുന്നു ..വിനു വരുന്നില്ലേ ?”

വിനു ശൂന്യമായ കണ്ണുകളോടെ ഒരു നിമിഷം അവനെ നോക്കി

“ഇപ്പൊ ഇല്ല ഞാൻ കുറെ നാളായി നാട്ടിൽ വന്നിട്.എല്ലാം ഒന്ന് ചുറ്റി നടന്നു കാണട്ടെ ..”അയാൾ വരുത്തി കൂടിയ ഒരു ചിരി പാസ്സാക്കി നടന്നു തുടങ്ങി

നന്ദൻ ഒരു കുല ചാമ്പങ്ങ കൂടി പറിച്ചെടുത്തു ശ്രീക്കുട്ടി പോയ വഴിയേ നടന്നു

ശ്രീക്കുട്ടി പുഴകരയിൽ നിൽക്കുകയായിരുന്നു

“ഇതാ ചാമ്പക്ക ” നന്ദൻ അവളുട പിന്നിൽ വന്നു പറഞ്ഞു

“അച്ഛൻ കണ്ടോ ഞാൻ ചാമ്പക്ക പറിക്കാൻ നിന്നതു ?”

” കണ്ടു ..വിനു നിനക്ക് തരുന്നതും നീ വേണ്ട എന്ന് പറയുനനതും കണ്ടു അങ്ങോട്ടേക്ക് വന്നപ്പോഴേക്കും മോൾ പോയ്ക്കളഞ്ഞു”

“അയാൾ അത്ര ശരിയല്ല അല്ലെ അച്ഛാ ?”

നന്ദൻ പെട്ടെന്ന് നിശബ്ദനായി

“എനിക്ക് അങ്ങനെ മനുഷ്യന്മാരെ മനസിലാക്കാൻ വലിയ കഴിവ് ഒന്നും ആയിട്ടില്ല .എന്നാലും ചിലരെ കാണുമ്പോൾ തോന്നും ഇയാൾ അത്ര ശരിയല്ല എന്ന് .ഞങ്ങൾക്കൊരു കണക്ക് സാറുണ്ട് .അനന്ത പദ്മനാഭൻ ,ദൈവത്തിന്റെ പേര് വെച്ചോണ്ട് നടക്കുക മൂശേട്ട ..അയാൾ ശരിയല്ല എന്ന് ഞാൻ എത്ര തവണ നിമിഷയോടും ആർദ്രയോടും മനീക്ഷയോടുമൊക്കെ പറഞ്ഞിട്ടുണ്ടെന്നോ .അവർക്ക് വിശ്വാസമില്ല .ഒടുവിൽ പണി കിട്ടിയപ്പോ വിശ്വസിച്ചു ..”

നന്ദൻ സ്ഥബ്ദതയോടെ കേട്ട് നിൽക്കുകയായിരുന്നു അവളിത്തരം കാര്യങ്ങൾ ഒന്നും  പറഞ്ഞിട്ടുണ്ടായിരുന്നില്ല .അയാൾക്ക് അവൾ എന്നും ശിശുവായിരുന്നു .വളര്ന്നെന്നു മനസ്സ് സമ്മതിക്കാത്തതാവും ചിലപ്പോൾ

അവൾ പെട്ടെന്ന് മുതിർന്നന്നു അവനു തോന്നി

തുടരും…….

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *