കടലെത്തും വരെ ~~ ഭാഗം 17 ~ എഴുത്ത്:- അമ്മു സന്തോഷ്

“ഹലോ കേൾക്കുന്നില്ലേ ?ഞാൻ ഡ്രൈവ് ചെയ്യുകയാണ് പിന്നെ വിളിക്ക് “

അപ്പുറത്ത് നിന്നു ശബ്ദം ഒന്നും കേൾക്കാതായപ്പോൾ അവൻ പറഞ്ഞു

“ഗോവിന്ദ് “

അവൻ പെട്ടെന്ന് സ്തബ്ധനായി ,ഒരു നിമിഷം  കൊണ്ട് ഉയർന്നു പോയ നെഞ്ചിടിപ്പുകളെ പെട്ടെന്ന് അവൻ സാധാരണ ഗതിയിലാക്കി.

“അതെ ഗോവിന്ദാണ്. ആരാണ് ?”

അഖിലക്ക് നിരാശ തോന്നി .വിളിക്കുമ്പോൾ തന്റെ ശബ്ദം തിരിച്ചറിയുന്ന ഗോവിന്ദിന്റെ ആഹ്ലാദം അവൾ പ്രതീക്ഷിച്ചിരുന്നു

“ഞാൻ അഖിലയാണ് “

“ആ അഖില .സുഖമാണോ ?”

“ഏതോ അപരിചിതയോടു ചോദിക്കും പോലെ. അവൾ ഒന്ന് മൂളി

“എന്താ വിളിച്ചത് ?”

“വെറുതെ ..ഞാൻ ഈയിടെ ആണ് അറിഞ്ഞത് ആക്സിഡന്റ് ..പിന്നെ …”

“ഓ അത് ചെറിയ ഒരു ആക്‌സിഡന്റെ ആയിരുന്നു അത് കഴിഞ്ഞു. ഇപ്പൊ കുറെ വർഷങ്ങളുമായി ..ഞാൻ ഇപ്പൊ ഓക്കേ ആണ് “

“എനിക്ക് ഗോവിന്ദിനെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട് .ഞാൻ കോളെജിലോട്ട് വരട്ടെ ?”

ഗോവിന്ദ് ഒന്ന് സൈലന്റ് ആയി

വർഷങ്ങൾക്ക് ശേഷം ചiതിച്ചിട്ട് പോയ പഴയ കാമുകി വിളിക്കുകയാണ് .അതും എപ്പോ ?നല്ലൊരു പെങ്കൊച്ചുമായി പ്രണയത്തിലായി കല്യാണം കഴിക്കാൻ തീരുമാനിച്ച രാത്രി തന്നെ ..ഹോ ദൈവമേ എന്റെ സമയം നല്ല ബെസ്ററ് സമയം

“കാണാം അഖില …തീർച്ചയായും കാണാം .ഞാൻ വിളിക്കാം “

അഖിലയുടെ ഹൃദയം നിറഞ്ഞ് തുളുമ്പി

“ശരി “അവൾ ഫോൺ കട്ട് ചെയ്തു

കാണാമെടി കാണാം .കാണണമല്ലോ .ഇല്ലെങ്കിൽ പിന്നെ ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞിട്ട് എന്ത് കാര്യം

അവൻ നേർത്ത ചിരിയോടെ കാർ സ്റ്റാർട്ട് ചെയ്തു.

♡♡♡♡♡♡♡♡♡♡♡

ഉത്സവം ഗംഭീരമായി കഴിഞ്ഞു. ഇനിയാണ് ശരിക്കുമുള്ള മാളികപ്പുറത്തെ ഉത്സവം പൗർണമിയുടെ. കല്യാണനിശ്ചയം. അത് കൊണ്ട് തന്നെ തോരണങ്ങളും അലങ്കാരങ്ങളുമൊന്നും അഴിച്ചില്ല. ബന്ധുക്കളാരും സ്വന്തം വീടുകളിലിലേക്ക് പോയതുമില്ല. ആകെയൊരു ആഘോഷത്തിന്റെ തിമിർപ്പ് തന്നെ. ഓണം പോലെ. തറവാട്ടിൽ ആദ്യമായാണ് ഇത്രയധികം ആൾക്കാർ കൂടുന്നത്. എല്ലാവരും ആഹ്ലാദത്തിമിർപ്പിലാണ്. സ്വന്തം പ്രശ്നങ്ങളും സങ്കടങ്ങളും ഒക്കെ അവർ തൽക്കാലത്തേക്കെങ്കിലും മറന്നു പോയിരിക്കുന്നു. വേറെ ഒരു ജന്മം ജീവിക്കുന്നത് പോലെ.

അല്ലെങ്കിലും അതങ്ങനെയാണ്. സ്നേഹിക്കുന്നവരുടെ ഇടയിൽ നിൽക്കുമ്പോൾ മനസ്സിന് നല്ല സുഖമാണ്. മഞ്ഞു പെയ്യുന്ന സുഖം. കുട്ടികളൊക്കെ കളികളിലാണ്. അവർക്ക് ഭക്ഷണം പോലും വേണ്ട .കസിന്സിനെയൊന്നും ഇത് പോലെ ഉടനെ അടുത്ത് കിട്ടില്ല എന്ന് അവർക്ക് നന്നായറിയാം .ആരുടെയും കയ്യിൽ മൊബൈൽ ഫോണുകൾ ഇല്ല എന്നതായിരുന്നു ഏറ്റവും വലിയ കൗതുകം. അവർ അത് പൂർണമായി ഉപേക്ഷിച്ച മട്ടായിരുന്നു.ഗെയിം കളിച്ചു മുഴുവൻ സമയവും മൊബൈലിൽ കുiത്തിയിരുന്ന കുട്ടൂസ്  പോലും മാവിൻ കൊമ്പിലെ ഊഞ്ഞാലിലാണ് കൂടുതൽ സമയവും. ശ്രീകുട്ടിയും  അവർക്കൊപ്പം തന്നെ ആയിരുന്നു കുട്ടികൾക്കൊക്കെ അവളെ വലിയ ഇഷ്ടമായി.അവൾക്ക് ഒരു പാട് പുതിയ കളികൾ അറിയാം .അതൊക്കെ പഴയ കളികൾ ആണെന്നും നിങ്ങള്ക്ക് മാത്രമേ പുതിയതായ് തോന്നുന്നു എന്നും അവൾ പലവുരു പറഞ്ഞു നോക്കിയിട്ടും പിള്ളേർ സമ്മതിച്ചു കൊടുക്കാറില്ല.

സാറ്റ് കാളി ,അക്കു കളി.ചെക്ക് കളി അങ്ങനെ ഗ്രാമത്തിന്റേതായ കളികൾ ഒത്തിരിയുണ്ട് .

ഓരോ കളികളും പക്ഷെ യുദ്ധം പോലെയാണ് അവസാനിക്കുക
അiടിയും പിiടിയും വഴക്കും ഒടുവിൽ ശ്രീക്കുട്ടി തന്നെ വേണം അത് പരിഹരിക്കാൻ. എന്നാലും അത് രസകരമായിരുന്നു. അമ്മമാർക്ക് സത്യത്തിൽ ആദ്യമായിട്ടാവും ഇത്രയും സ്വൈര്യം കിട്ടുന്നത്. അവർക്ക് പരദൂഷണം പറയാനും ഭർത്താക്കന്മാരുടെ കുറ്റം പറയാനു മൊക്കെ ഇഷ്ടം പോലെ നേരം കിട്ടി. നന്ദൻ കല്യാണനിശ്ചയത്തിനുള്ള ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുകയായിരുന്നു ചിലതിനൊക്കെ അവൻ കൂടി ടൗണിലേക്ക് പോകേണ്ടാതായി വന്നു .

പാർവതി കുറച്ചു തുണികൾ കഴുകാനായി കുളത്തിലേക്ക് പോകുന്നതു വിനു കണ്ടു നന്ദൻ പുറത്തു പോയിരിക്കുകയാണെന്നും അവനു മനസിലായി
അവൻ കുളക്കടവിലേക്ക് നടന്നു

“പാറു?”

വിളിയൊച്ച കേട്ട് മുഖമുയുർത്തി നോക്കി .പടവുകളിൽ വിനു

“ആഹാ വിനുവേട്ടൻ ചിറ്റപ്പന്റെ എടുത്തെക്ക് പോയില്ലേ? .അവിട അന്വേഷിക്കുന്നുണ്ടയിരുന്നല്ലോ ?” അവൾ തുണികൾ വെള്ളത്തിൽ മുക്കി പിഴിഞ്ഞ് കൊണ്ട് പറഞ്ഞു

“ഞാൻ അറിഞ്ഞില്ലല്ലോ .നീ ഇങ്ങോട് പോരുന്നത് ഞാൻ കണ്ടു .എത്ര നാളായി സംസാരിച്ചിട്ട് .നിനക്ക് സുഖമല്ലേ പാറു ?”

അവൾക്കെന്തോ ഒരു വല്ലായ്മ തോന്നി. പക്ഷെ ഒരു പ്രശ്നം ഉണ്ടാക്കാൻ അവളപ്പോൾ ആഗ്രഹിച്ചില്ല. പൗർണമിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് നാളെ കഴിഞ്ഞ് .അപ്പൊ ആരുടെ മനസിലും ഒരു വിഷമം ഉണ്ടാകരുത്.

“എനിക്ക് സുഖമാണ്വി നുവേട്ടാ. “അവൾ വേഗം തുണികൾ പിഴിഞ്ഞ് ബക്കറ്റിൽ നിറച്ചു.

വിനു പടിക്കെട്ടുകൾ ഇറങ്ങി  അവൾക്ക് തൊട്ടരികിൽ വന്നു

“അമ്മെ,അച്ഛൻ വന്നു.അമ്മയെ വിളിക്കുന്നു ” ശ്രീക്കുട്ടി ആ നിമിഷം അവിടെ വന്നത്  അവൾക്ക് അനുഗ്രഹമായി .വിനു ഉള്ളിലുയർന്ന അമർഷം പുറത്തു കാണിക്കാതെ പുഞ്ചിരിച്ചു

“ഞാൻ അങ്ങോട്ട് ചെല്ലട്ടെ ” അവൾ അവനോടായി പറഞ്ഞിട്ടവനെ കടന്നു പോയി ഇച്ഛാഭംഗത്തോടെ ഒരു നിമിഷം നിന്ന് പോയി വിനു .നല്ല ഒരവസരമായിരുന്നു അവളോട് കുറച്ചു നേരം സ്വകാര്യമായി മിണ്ടാൻ ,കൊതി തീരുവോളം കാണാനുള്ള അവസരമാണ് ഒറ്റയടിക്ക് ആ കാന്താരി ഇല്ലതാക്കി കളഞ്ഞത്

“വിനു അങ്കിളിനെ അഖിലയാന്റി തിരക്കുന്നുണ്ടായിരുന്നു വേഗം ചെന്നോളു” ആ കണ്ണുകളിൽ എന്തോ ഒന്ന് ജ്വലിക്കുന്ന പോലെ വിനുവിന് തോന്നി

അവളൊരു ചെറിയ കുട്ടിയല്ല എന്നും അവൾക്കെന്തോക്കെയോ അറിയാമെന്നും അവൾക്ക് പ്രയത്തിൽ കവിഞ്ഞ ബുദ്ധിയും വകതിരിവും ഉണ്ടെന്നും വിനുവിന് ആ നിമിഷം മനസിലായി..അച്ഛനിൽ നിന്നും മാത്രം തന്റെ കണ്ണുകൾ ഒളിച്ചാൽ പോരാ ഈ മകളിൽ നിന്നും ശ്രദ്ധ വേണമെന്നും അവനു  തോന്നി. പക്ഷെ പഴയ പോലെ അവളോട് അവന് ദേഷ്യം ഒന്നും തോന്നിയില്ല. എന്തൊ അവന്റെ മനസ്സിന് മാറ്റം സംഭവിച്ചു തുടങ്ങിയിരുന്നു. നാട്, വീട് വീട്ടുകാർ.. അങ്ങനെ വർഷങ്ങളായി ഇല്ലാതിരുന്നതൊക്കെ വീണ്ടും കിട്ടിയപ്പോ പ്രതികാര ചിന്ത ഒക്കെ പോയ പോലെ.

“നന്ദനെവിടെ ശ്രീ ?” തുണികൾ വിരിക്കും മുന്നേ തന്നെ അവന്റെ അടുത്തേക്ക് പോകുവാൻ ഒരുങ്ങി അവൾ

“അച്ഛൻ ടൗണിൽ നിന്ന് വന്നില്ല ” പാർവതി സംശയത്തോടെ അവളെ നോക്കി

“പിന്നെ അച്ഛൻ തിരക്കുന്നുന്ന് പറഞ്ഞത് ?”

“അത് അമ്മയെ ആ സിറ്റുവേഷനിൽ നിന്ന് രക്ഷിച്ചതല്ലേ ?”

ശ്രീക്കുട്ടി തുണികൾ അയയിൽ വിരിക്കാൻ ആരംഭിച്ചു കൊണ്ട് പറഞ്ഞു

“നീ എന്തൊക്കെയാ കുട്ടി ഈ പറയുന്നത് ?” അവൾ അസ്വസ്തതയോടെ ചോദിച്ചു

“അമ്മെ ആ അങ്കിൾ നല്ല ഉദ്ദേശത്തിൽ ഒന്നുമല്ല അങ്ങോട്ടേക്ക് വന്നതെന്ന് അമ്മയ്ക്ക് മനസിലായില്ലേ ?”

ഒരു നിമിഷം പാർവതിക്ക് ഉത്തരം മുട്ടിപ്പോയി. അവൾ സ്തബ്ധയായി.

“അച്ഛൻ പോകുമ്പോൾ അയാൾ ദേ അവിടെ നിന്ന് നോക്കി കൊണ്ടിരിക്കുന്നതു ഞാൻ കണ്ടിരുന്നു .’അമ്മ കുളക്കടവിലേക്ക് പോകുമ്പോൾ അയാൾ പുറകെ വരുന്നതും കണ്ടു .സ്വാഭാവികമായും ഭർത്താവു പുറത്തു പോകുന്ന സമയത്ത് തന്നെ ഭാര്യയോട് സംസാരിക്കാൻ പോകുന്ന ആണുങ്ങളെ നമ്മൾ  ഒരു പേര് വിളിക്കുമല്ലോ എന്താ അത്?”അവൾ ചൂണ്ടു വിരൽ താടിയിലൂന്നി പാർവതിയെ ഇടം കണ്ണിട്ട് നോക്കി

“ഒറ്റയടി വെച്ച് തന്നാലുണ്ടല്ലോ തോന്ന്യവാസം പറയുന്നോ ?”
പാർവതി കപടദേഷ്യത്തിൽ കൈ ഓങ്ങി

ശ്രീക്കുട്ടി പൊട്ടിച്ചിരിച്ചു

” കിട്ടിപ്പോയി ജാരൻ”

“നിന്നെ ഞാൻ ഇന്ന് …”ഓങ്ങിയ കൈയിൽ നിന്ന് രക്ഷപെട്ട് ശ്രീക്കുട്ടി ഓടി

“അമ്മെ അയാള് ശരിയല്ലട്ടോ  ടേക്ക് കെയർ “ഓടുന്നതിനിടെ അവൾ വിളിച്ചു പറഞ്ഞു

പാർവതി കണ്ണുമിഴിച്ചങ്ങനെ നിന്ന് പോയിപിന്നെ ചിന്തിച്ചു

ഈ പിള്ളേരുടെ ഒക്കെ ബുദ്ധി!

സത്യതിൽ വിനുവേട്ടനെന്തിനാ അവിട വന്നത്? ശ്രീക്കുട്ടി പറയും പോലെ താൻ ഒറ്റയ്ക്കാണെന്നറിഞ്ഞിട്ട് എന്തെങ്കിലും … ചിന്തകൾ അവിടെ വരെ എത്തിയപ്പോൾ അവൾ മനസ്സിനെ ശാസിച്ചു. അങ്ങനെ ഒക്കെ ചെയ്യുമോവിനുവേട്ടൻ?

അതും ഇത്രയും ആൾക്കാർ ഇവിടെയുള്ളപ്പോൾ. തന്നോട് മോശമായി സംസാരിച്ചിട്ടില്ലിതു വരെ. മുൻപും ഏറ്റവും മര്യാദയോടെ മാത്രമേ പെരുമാറിയിട്ടുള്ളു.

തുടരും

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *