കടലെത്തും വരെ ~~ ഭാഗം 20 ~ എഴുത്ത്:- അമ്മു സന്തോഷ്

“സർജറി success ആയിരുന്നു .പേടിക്കണ്ട ബോധം വരട്ടെ… “ഡോക്ടർ അങ്ങനെ പറഞ്ഞു കൊണ്ട് കിഷോറിന്റെ അച്ഛന്റെ തോളിൽ തട്ടി ഒന്ന് മുറിയിലേക്ക് വരാൻ കണ്ണ് കൊണ്ട് ആംഗ്യം കാട്ടി.

പൗർണമി ഒരു ആശ്വാസത്തോടെ ഭിത്തിയിലേക്ക് ചാരി.എന്റെ ഈശ്വരാ എന്ന വിളി അവളുടെ ഉള്ളിൽ ഉയർന്നു.

വിനു കിഷോറിന്റെ ബന്ധുക്കളോട് സംസാരിച്ചു. വിനുവിനെ പലർക്കും ശരിക്ക് അറിയില്ലായിരുന്നു .കേട്ടിട്ടുണ്ട് എന്നല്ലാതെ കണ്ടിട്ടില്ല ആരും

പിന്നീട് അവൻ നന്ദന്റെയും പാർവ്വതിയുടെയും അരികിലെത്തി.

“നിങ്ങൾ രാവിലെ തന്നെ വന്നോ ?”

നന്ദൻ ഒന്ന് തലയാട്ടി

“ഒരു കാര്യം ചെയ്യ് .നിങ്ങളും പൗരണമിയും കൂടി പൊയ്ക്കോളൂ ഞാൻ ഇവിടെ നിൽക്കാം .അവിട ഒത്തിരി കാര്യങ്ങൾ ഉള്ളതല്ലേ ?നന്ദൻ അല്ലെ അതിന്റെ മേൽനോട്ടം?.കല്യാണ നിശ്ചയം മുടങ്ങുന്നില്ലല്ലോ .മോതിരം കൈ മാറേണ്ട എന്നല്ലേ ഉള്ളു .ബാക്കിയൊക്കെ നടക്കട്ടെ .ഞാൻ ഇവിടെ നിൽക്കാം “

നന്ദന് വീണ്ടും അതിശയം തോന്നി.

ഇയാൾക്ക് എത്ര മുഖങ്ങളാണ് ?

പക്ഷെ ഈ മുഖം സത്യമാണ്.

വിനു എന്നും കുടുംബ സ്നേഹിയായിരുന്നു. വീട്ടുകാർ പറയുന്നത് മാത്രമേ അവനിത് വരെ അനുസരിച്ചിട്ടുള്ളു. പാർവതിയുടെ കാര്യത്തി ൽ മാത്രമാണ് അവൻ സ്വാർത്ഥനാകുന്നതും ക്രൂiരനാകുന്നതും. പക്ഷെ ഇക്കുറി അവൻ പാർവതിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല .ഇത്രയും വലിയ ഒരു പ്രതിസന്ധിയിൽ അവനു മറ്റൊന്നും കണ്ണിൽ പെടുന്നു ണ്ടാവില്ല.

“വിനുവേട്ടാ ഞാൻ ഇവിടെ നിന്നോട്ടേ?കിച്ചുവിന് ബോധം വരട്ടെ .ഒന്ന് കണ്ടീട്ട് ഞാൻ പൊയ്ക്കോളാം “

വിനു അവളുടെ കണ്ണീരിലേക്ക് വേദനയോടെ നോക്കുന്നത് നന്ദൻ കണ്ടു.

“മോള് കരയാതെ ..ഏട്ടനില്ലേ ?ശരി നമുക്ക് ഒരുമിച്ചു പോകാം ..”അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു നിറഞ്ഞ കണ്ണുകൾ തുടച്ചു വിനു പറഞ്ഞു

“നിങ്ങൾ പൊയ്ക്കോളൂ. എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ വിളിച്ചു പറയാം .അവരെയൊക്കെ സമാധാനിപ്പിക്കാൻ നന്ദനെ പറ്റുവുള്ളു.ഞാൻ അതിലൊക്കെ വട്ട പൂജ്യമാ “അവൻ പരാജിതന്റെ ഒരു ചിരി ചിരിച്ചു

നന്ദൻ പാർവതിയെ നോക്കി അവൾക്ക്  വിനു വന്നപ്പോൾ മുതൽ അസ്വസ്ഥത യായിരുന്നു പോകാം എന്ന് കണ്ണുകൾ കൊണ്ടവൾ പറഞ്ഞു. നന്ദൻ പൗർണമിയുടെ അരികിൽ ചെന്ന് അവളുടെ ശിരസിൽ തലോടി

“പോട്ടെ മോളെ ” അവൾ തലയാട്ടി

അവൻ വിനുവിനോടും പറഞ്ഞു പാർവതിയെ കൂട്ടി അവിടെ നിന്ന് തിരിച്ചു

അഖിലയുടെ ട്രെയിൻ വൈകി അവൾ വീട്ടിലെത്തിയപ്പോൾ രാത്രിയായി.

“നീ എന്തിനാണ് ഇപ്പൊ ഇത്ര അത്യാവശ്യം ആയി പോന്നത് ?”അവളുടെ അമ്മ മല്ലിക ചോദിച്ചു

“അതെന്താ അമ്മെ അവിടെ ഫങ്ക്ഷന് ഇനി രണ്ടു ദിവസം കൂടിയില്ലെ?ഇവിടെ നിന്ന് നമുക്ക് ഒന്നിച്ചു പോകാമല്ലോ ?” അവൾ അമ്പരപ്പോടെ പറഞ്ഞു

“അപ്പൊ നീയൊന്നും അറിഞ്ഞില്ലേ ?”അവളുടെ കണ്ണുകൾ മിഴിഞ്ഞു

“എന്താ അമ്മെ ?” അവർ കാര്യങ്ങൾ വിശദമായി പറഞ്ഞു

“ഈശ്വര ഞാൻ അറിഞ്ഞില്ല ,ഞാൻ വെളുപ്പിനെ ഇറങ്ങിയല്ലൊ”

“വിനു വിളിച്ചു പറഞ്ഞില്ലേ ?”
അവളൊന്നു പതറി

“ചിലപ്പോൾ വിളിച്ചിട്ടുണ്ടാകും .റേഞ്ച് ഇല്ലായിരുന്നു .അതാവും കിട്ടാഞ്ഞത് .ഞാൻ ഒന്ന് വിളിച്ചു നോക്കാം “

“ആ വേഗം വിളിക്ക് .അവിടെന്ത അവസ്ഥ എന്നറിയാമല്ലോ .നിശ്ചയം ഇനി നടക്കത്തിലായിരിക്കും . ആ പയ്യന് വലതു കൈക്കും കാലിനും എന്തോ തളർച്ച പോലെയുണ്ടെന്ന പറയുന്നത് .ഞാൻ അങ്ങോട്ട് വിളിച്ചിരുന്നു ” അഖില ഞെട്ടി പോയി

“ദൈവമേ …”

“അങ്ങനെ വ്യക്തമായിട്ട് പറഞ്ഞില്ല .ബ്ലഡ് ക്ലോട് ആയി കിടന്നത് കൊണ്ടാണ്. ഫിസിയോ തെറാപ്പിയോ മറ്റോ ചെയ്യണമെന്നോ അത് ചെയ്യുമ്പോ മാറുമെന്നോ ഒക്കെ പറഞ്ഞു .എനിക്ക് തോന്നുന്നില്ല ഇനി ഇത് നടക്കുമെന്ന് “

അഖില വല്ലായ്മയോടെ നിന്ന് പോയി അവൾക്ക് ഉള്ളിൽവേദന നിറഞ്ഞു

വിനു …

വിനുവിത് എങ്ങനെയാവും സഹിക്കുക

വിനുവിന്റെ ജീവനാണ് ആ കുട്ടി

കല്യാണം കഴിഞ്ഞ സമയത്ത് പറഞ്ഞിട്ടുണ്ട്പൗ ർണമി ജനിച്ചപ്പോ ആദ്യം  കയ്യിൽ വാങ്ങിയത് വിനുവാണ്  എന്ന് .അവൾക്കു ചുറ്റുമായിരുന്നു പിന്നെ ജീവിതമെന്ന്.അച്ഛനുമമ്മയൂം കൂടപ്പിറപ്പുകളില്ലതെ ഒറ്റയ്ക്ക് വളർന്ന സങ്കടം അറിയാഞ്ഞത് ഇവൾ ജനിച്ചപ്പോഴാണ് എന്നും പറഞ്ഞിട്ടുണ്ട് .

അടുത്ത നിമിഷം അവൾക്ക്  ക്രൂരമായ ഒരു സന്തോഷം തോന്നി

അനുഭവിക്കട്ടെ

മറ്റുള്ളവരെ വേദനിപ്പിക്കുമ്പോൾ ഓർക്കണം ദൈവം നമുക്കും എന്തെങ്കിലും കരുതി വെച്ചിട്ടുണ്ടാകും എന്ന്. അനുഭവിക്കട്ടെ

അവൾ ഒരു മൂളിപ്പാട്ടോടെ ടർക്കി ടവൽ എടുത്തു ബാത്‌റൂമിൽ കയറി വാതിലടച്ചു

ഇനി കുറച്ചു നാൾ ഇവിടെ നിൽക്കാം.എന്തായാലും ഉടനെ ഒന്നും തറവാട്ടിൽ നടക്കാൻ പോകുന്നില്ല.വിനു ഉടനെ തിരിച്ചു പോകുകയും ഇല്ല.അപ്പൊ മറ്റുള്ളവരുടെ ചോദ്യങ്ങളെ ഒരു  നേരിടേണ്ട.ഗോവിന്ദിനെ കാണണം.ഗോവിന്ദിനോട് പറയണം തനിക്ക് ഒരു തെറ്റ് പറ്റിപ്പോയ ത്തതാണെന്ന്. കുറെ കരയണം ഇനിയൊരിക്കലും വിട്ട് പോവില്ലന്നും കെഞ്ചണം.എന്നോട് ക്ഷമിക്കണം എന്ന് ആ കാലിൽ കെട്ടിപിടിച്ചു മാiപ്പപേക്ഷിക്കണം.

ഗോവിന്ദ് പാവമാണ് തന്നോട് ക്ഷമിക്കും തന്നെ ജീവനായിരുന്നില്ലേ?

ഒരു തെറ്റ് പറ്റാത്തതായി ആരുണ്ട് ജീവിതത്തിൽ? അവൾ കുളി കഴിഞ്ഞു വന്നു ദേഹത്ത് സുഗന്ധം പൂശി വiസ്ത്രങ്ങൾ ധരിച്ചു കണ്ണാടിയിൽ നോക്കി.
എത്ര സുന്ദരിയാണ് താൻ? വിവാഹം കഴിഞ്ഞു പത്തു വർഷമായിട്ടും ഉiടയാത്ത ശരീരം. ഒട്ടും മങ്ങാത്ത സൗന്ദര്യം. അവൾ മുഖത്ത് മെല്ലെ ക്രീം തേച്ചു പിടിപ്പിച്ചു. വെണ്ണ പോലെതിളങ്ങുന്ന തന്റെ മുഖം കണ്ടവൾക്ക് അഭിമാനം തോന്നി.ഗോവിന്ദിന് എങ്ങനെ തന്നെ വേണ്ടന്ന് പറയാൻ കഴിയും? തനിന്നും അവന്റെ പെണ്ണാണ്

അവൾ ജനാലകൾ രാത്രിയിലേക്ക് തുറന്നിട്ട് പുറത്തേക്ക് നോക്കി

അറിവില്ലാത്ത പ്രയത്തിൽ വീട്ടുകാരുടെ നിർബന്ധത്തിൽ വിവാഹം കഴിക്കേണ്ടി വന്നതാണെന്നു പറഞ്ഞാൽ ഗോവിന്ദിന് മനസിലാകുമെന്നു തന്നെ അവളുറച്ചു

കിഷോർ കണ്ണ് തുറക്കുമ്പോൾ ആദ്യം കണ്ടത് അമ്മയെയാണ്.

അമ്മയുടെ  നിറഞ്ഞ കണ്ണുകൾ. അവരവന്റെ മുഖത്തും ശരീരത്തിലും മെല്ലെ തലോടി.

“അമ്മെ ..അച്ഛനെവിടെ ?” അവൻ ഇടർച്ചയോടെ ചോദിച്ചു. “ഇവിടെ ഉണ്ടെടാ “അച്ഛൻ ചിരിയോടെ അവന്റെ കൈ പിടിച്ചു കുലുക്കി.

അവന്റെ കണ്ണുകൾ വീണ്ടും ആരെയോ തിരയുന്നുണ്ടായിരുന്നു.

“നിന്റെ മീട്ടു മുയൽ വന്നിട്ടുണ്ട് വിളിക്കട്ടെ “അച്ഛൻ കുസൃതിച്ചിരിയോടെ പറഞ്ഞു പൊടുന്നനെ അവന്റെ മുഖം ചുവപ്പായി

“നാണം വന്നല്ലോ ൦ചെക്കന് “‘അമ്മ കളിയാക്കി

“നീ വന്നേ ..നമുക്കൊന്ന് കാന്റീൻ വരെ പോയി വരാം.ഈ നേരം വരെ ഒരു വസ്തു കഴിച്ചിട്ടില്ല ” അച്ഛൻ പറഞ്ഞു. അമ്മ തലയാട്ടി എഴുന്നേറ്റു.

“ഞങ്ങൾ പോയി വരാം ട്ടോ പൗർണമിഇങ്ങോട്ട് വരും. ഇവിടെ ഉണ്ട് “അച്ഛൻ അവന്റെ കവിളിൽ തലോടി പറഞ്ഞു.

അവർ പോയി കുറച്ചു കഴിഞ്ഞു പൗർണമി അവന്റെ അരികിൽ വന്നിരുന്നു

“ഹേയ്”

അവൾ അവന്റെ വലതു കൈൽ മെല്ലെ പിടിച്ചു.

“വലതു കൈയും കാലും പ്രശ്നത്തിലാണെന്ന ഡോക്ടർ പറഞ്ഞത് ബ്ലഡ് ക്ലോട് ചെയ്തിട്ട് പെട്ടെന്ന് ചികിത്സ കിട്ടിയിരുന്നെങ്കിൽ വരില്ലായി രുന്നത്രെ .ബട്ട് ഫിസിയോ ചെയ്താൽ മതി ഓക്കേ ആവും ..”

അവൾ തളർച്ചയുടെ തലയാട്ടി.

“നിനക്ക് വേണെങ്കിൽ ഇപ്പൊ രക്ഷപ്പെട്ടു പോകാം കേട്ടോ ..”അവൾ പെട്ടെന്ന് ആ വാ പൊത്തി

“എന്തിനാ ഇങ്ങനെയൊക്കെ പറയുന്നതു കിച്ചു ?”

“ഇനി പിന്നെ ഞാൻ പറഞ്ഞില്ലന്ന് പറയരുത് ..എന്തെങ്കിലും ഒരു വൈകല്യമായി കഴിഞ്ഞാൽ ഉടനെ ഉപേക്ഷിച്ചു പോകുന്നവരാണ് ഭൂമിയിൽ കൂടുതൽ ഉള്ളത് ..നിനക്ക് ചിലപ്പോൾ എന്നേക്കാൾ മിടുക്കന്മാരെ കിട്ടും “

“ദേ എനിക്ക് ദേഷ്യം വരും കേട്ടോ മഹേഷിന്റെ പ്രതികാരത്തിൽ പറയുന്നത് പോലെ നൈസ് ആയിട്ട് ഒഴിവാക്കാൻ നോക്കുവാണോ എന്ന് ഞാൻ ചോദിക്കുമെ “അവൾ പിണങ്ങി

അവൻ ചിരിച്ചു പോയി .പെട്ടെന്ന് വേദന കൊണ്ട് അവന്റെ നെറ്റി ചുളിഞ്ഞു

“അയ്യോ വേദനിക്കുന്നോ”അവൾ പെട്ടെന്ന് മുഖത്ത് തൊട്ടു

“പിന്നെ വേദനിക്കാതെ ..തലയിലല്ലേ കൊച്ചെ ഓപ്പറേഷൻ നടന്നത് ?ഹോ ദൈവമേ ..നീ കോമടി പറഞ്ഞു എന്നെ ചിരിപ്പിക്കല്ലേ “
അവൾ മെല്ലെ അവന്റെ കൈ എടുത്തതു ചുiണ്ടോടു ചേർത്ത് വെച്ച്
നനുത്ത ഒരു ഉമ്മ കൊടുത്തു

“അങ്ങനെ നല്ല കാര്യം വല്ലോം ചെയ്യ് ” അവൻ കുസൃതിയോടെ പറഞ്ഞു
ഓരോ വിരലുകളിൽ ഓരോ കുഞ്ഞുമ്മകൾ. പിന്നെ ആ കൈ അവൾ കവിളിൽ ചേർത്ത് പിടിച്ചു.

തുടരും…..

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *