കടലെത്തും വരെ ~~ ഭാഗം 27 ~ എഴുത്ത്:- അമ്മു സന്തോഷ്

അന്നത്തെ പകൽ ജിഷയ്ക്ക് തറവാട്ടിൽ ജോലിയൊന്നുമുണ്ടായിരുന്നില്ല .ആകെ ശോകമൂകമായ അന്തരീക്ഷമായിരുന്നു അവിടെ .എപ്പോഴും ചായ ചോദിക്കുന്ന വേണു സാറിന് പോലും ഒന്നും വേണ്ട .അടുക്കളയിൽ ഉണ്ടാക്കി വച്ചതൊക്കെ അങ്ങനെ തന്നെ തണുത്തു വിറങ്ങലിച്ചിരുന്നു. ആ  തറവാട്ടിലെ ആൾക്കാരുടെ മനസ്സ് പോലെ മരവിച്ച്.

അവസ്ഥകളൊക്കെ എത്ര വേഗമാണ് മാറുന്നത് അവൾ ഓർത്തു.
കഴിഞ്ഞ ദിവസം വരെ ചിരിയും കളിയും നിറഞ്ഞു നിന്ന വീട്.
എല്ലായിടത്തും,എല്ലാവരിലും സന്തോഷം മാത്രം

ചിരിയൊച്ചകളല്ലാതെ ഒന്നും കേൾക്കാനില്ലായിരുന്നു

തനിക്കും സന്തോഷമായിരുന്നു. കുറെ നാളുകൾ കൂടിയാണ് ഇങ്ങനെ മനസ്സ് നിറഞ്ഞു സന്തോഷിക്കുന്നതും ചിരിക്കുന്നതും .ഓരോരുത്തരുടെയും സ്നേഹം അനുഭവിച്ച ദിവസങ്ങൾ .ഒരു ജോലിക്കാരിയോടെന്ന പോലെയല്ലാതെ അവിടുത്തെ അംഗത്തെ പോലെ തന്നെ അവരോരോരുത്തരും പരിഗണിച്ചത് കാണുമ്പോൾ അഭിമാനം തോന്നിയിരുന്നു .ആരൊക്കെയോ ആയതു പോലെ .ആരൊക്കെയോ ഉള്ളത് പോലെ .പൗർണമിയെ പിന്നെ കണ്ടിട്ടില്ല .അത് കരഞ്ഞു ഒരു മൂലക്ക് ഇരിപ്പുണ്ടെന്നു ആരോ പറഞ്ഞിരുന്നു .ശ്രീകുട്ടിയുടെയും ഉത്സാഹം ഒക്കെ പോയി .അതും എന്തോ കുiത്തി വരച്ചു കൊണ്ട് തറവാടിന്റെ ഒരു കോണിൽ ഇരിപ്പുണ്ട്.മിക്കവാറും എല്ലവരും തിരിച്ചു പോയി .പാർവതി ചേച്ചിയും നന്ദേട്ടനും വിനു സാറും ഭാര്യയും മാത്രമേ വെളിയിൽ നിന്ന് വന്നവരിൽ ഇനി ശേഷിക്കുന്നുള്ളു .അവരും ചിലപ്പോൾ നാളെ തന്നെ പോകുമായിരിക്കും. അവൾ ഒരു ദീർഘ നിശ്വാസം വിട്ടു

അടുക്കള വാതിൽ അടച്ച് അവൾ ഇറങ്ങി വീട്ടിലേക്ക് നടന്നു.
നിരത്തിലെത്തുമ്പോൾ അല്പം മുന്നിലായി അർജുൻ നടന്നു പോകുന്നത് കണ്ടു. അന്നത്തെ സംഭവത്തിന് ശേഷം അവനെ അവൾ കണ്ടിട്ടുണ്ടായിരുന്നില്ല.

“അർജുൻ ..”അവൾ തെല്ലുറക്കെ വിളിച്ചു

അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി

ജിഷ

അവനു പെട്ടെന്ന് വല്ലതെ ദേഷ്യം വന്നു . അവളുടെ അiടി അവൻ മറന്നിട്ടുണ്ടായിരുന്നില്ല .ഇവളെ എവിടെ വെച്ചെങ്കിലും ഒതുക്കത്തിൽ കിട്ടിയാൽ കിട്ടിയ അടി തിരിച്ചു കൊടുക്കണമെന്ന് വിചാരിച്ചിരിക്കുക യായിരുന്നു അവൻ.

ജിഷ ഓടി മുന്നിൽ വന്നു

“അർജുൻ ഐ ആം സോറി “അവൾ മെല്ലെ കൈ കൂപ്പി

അവന്റെ ദേഷ്യം പെട്ടെന്ന് എവിടെയോ പോയി ഒളിച്ചു.

അവളുടെ മുഖം, ആ കണ്ണുകൾ .ദയനീയമായ ഭാവം

എന്നിട്ടും അവൻ വിട്ടു കൊടുക്കാൻ തയ്യാറായില്ല

“പിന്നെ സോറി! അടിച്ചു മനുഷ്യന്റെ മുഖം പൊട്ടിച്ചിട്ട് സോറിയെന്ന് .എനിക്ക് വേണ്ടപ്പാ തന്റെ സോറി .”

അവൾ വല്ലാതെയായി

“അന്ന് ഭയങ്കര ടെൻഷൻ പിടിച്ചു ഓടുവായിരുന്നു ഞാൻ .പെട്ടെന്നു മുന്നിൽ കേറി തടഞ്ഞപ്പോ ….എനിക്ക് ലേറ്റ് ആയതിന്റെ  ഒരു വെപ്രാളവുമുണ്ടായിരുന്നു ..താൻ ആണെങ്കിൽ പോട്ടെ പോട്ടെ ന്നു ചോദിച്ചിട്ട് സമ്മതിക്കുന്നുമില്ല ..അറിയാതെ അടിച്ചു പോയതാ ..”

“ഓ പിന്നെ ടെൻഷൻ വന്നാൽ മനുഷ്യന്മാർ കാണുന്നവരെയൊക്കെ അടിക്കുകയല്ലേ?എന്റെ അമ്മ പോലും എന്നെ ഇത് വരെ മുഖത്ത് അടിച്ചിട്ടില്ല “അവൻ ദേഷ്യത്തിൽ പറഞ്ഞു

“ആ അതിന്റെ ഒരു ചെറിയ കുഴപ്പം തനിക്കുണ്ട് “

അവൾ പിറുപിറുത്തു

“കണ്ടോ കണ്ടോ പറഞ്ഞത് ഞാൻ കേട്ട് ..എനിക്ക് തiല്ല് കിട്ടാത്തതിന്റെ കുഴപ്പാണെന്നല്ലേ ?”

“ആ അത് തന്നെ. ശെടാ ഇയാൾക്ക് പറഞ്ഞാൽ മനസിലാവില്ലേ?”

അവൻ പിന്നെ ഒന്നും പറഞ്ഞില്ല തിരിഞ്ഞു നടന്നു തുടങ്ങി

“പോവാണോ?”അവൾ പിന്നിൽ നിന്ന് ഉറക്കെ ചോദിച്ചു

“എന്താ ഇനിം തiല്ലണോ?” അവൾ ഓടി ഒപ്പം ചെന്ന്

“എന്റെ മാഷെ ഒരു അബദ്ധം പറ്റിയതല്ല ക്ഷമിക്ക് ..പ്ലീസ് ..”
അവനൊന്നു മൂളി

“എന്ന എക്സാം ഒക്കെ തീരുക ?അവൾ ചോദിച്ചു

“ഇനി ഒരെണ്ണം കൂടിയേ ഉള്ളു ..അത് അടുത്ത മാസം .ഞാൻ നാട്ടിൽ പോവാ “
അപ്പോഴാണ് ശ്രദ്ധിച്ചത് അവന്റെ ചുമലിൽ തൂക്കിയിരിക്കുന്ന ബാഗ്.

“അപ്പൊ കണ്ടത് നന്നായി .അല്ലെങ്കിൽ ഈ വിഷമം ഇങ്ങനെ ഉള്ളിൽ കിടന്നേനെ .”അവൾ ചിരിച്ചു

“ഓ വലിയ വിഷമം പോലും ..”അവൻ പുച്ഛത്തോടെ പറഞ്ഞു

“വിഷമം ഉണ്ടെടോ.. തന്നെ ബോധിപ്പിക്കണ്ട അത്. അത് പോട്ടെ വേറെ ഒരു കാര്യം ചോദിക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇയാൾ എന്തിനാ ഇത്രയും ദൂരം വന്ന് ഈ കോച്ചിങ് ക്ലാസ്സിൽ ചേർന്ന് പഠിക്കുന്നത്? നാട്ടിലുണ്ടല്ലോ ഇഷ്ടം പോലെ ?”

“ഇവിടെയുള്ള ഈ കോച്ചിങ് സെന്റർ ഭയങ്കര ഫേമസ് അല്ലെ ?ഇവിടെ പഠിക്കുന്ന നൂറു ശതമാനം കുട്ടികൾക്കും ഏതെങ്കിലും ഒരു ജോലിയെങ്കിലും കിട്ടും ..സ്വന്തം നാട്ടിലായിട്ടും തനിക്കിതു അറിയില്ലേ ?

“നന്നായി പഠിച്ചാൽ കോച്ചിങ് ക്ലാസ്സൊന്നും ഇല്ലാതെ തന്നെ ജോലി കിട്ടും “

അവൾ പറഞ്ഞു

“ഉവ്വേ എന്നിട്ട് ഇയാൾക്കെന്താ ജോലി കിട്ടാഞ്ഞത് ?”

അവൾ പുഞ്ചിരിച്ചു

“എനിക്ക് മിക്കവാറും ഈയാഴ്ച അഡ്വൈസ് മെമോ വരും .നാല് ലിസ്റ്റിൽ പേരുണ്ട്.ആദ്യത്തെ പത്തു റാങ്കിനുള്ളിൽ തന്നെ “

അവൻ വിശ്വസിക്കാനാവാതെ അവളെ ഒന്ന് നോക്കി

“തമാശയല്ല .സത്യമാ .ഞാൻ ഒരു കോച്ചിങ് ക്ലാസ്സിലും പോയില്ല .പ്ലസ് ടു പഠിക്കുന്ന സമയത്തു ചേച്ചി മരിച്ചു പോയി .അതിന്റെ ഷോക്കിൽ അമ്മയ്ക്ക് കുറച്ചു നാൾ സുഖമില്ലാതെയായി ,അച്ഛൻ നേരെത്തെ മരിച്ചു പോയിരുന്നു .ആരുമില്ലായിരുന്നു സഹായിക്കാൻ .കുറെ കടമൊക്കെ മേടിച്ച് അമ്മയെ ചികിൽസിച്ചെങ്കിലും ‘അമ്മ പോയി .ഞാനും അനിയനും മാത്രമായി .പ്ലസ് ടൂ പാസ് ആയപ്പോൾ ഞാൻ പഠിത്തം നിർത്തി ജോലിക്കിറങ്ങി.  .അനിയൻ നന്നായി പഠിക്കും.അവനെ പഠിപ്പിക്കണം.കിടക്കുന്ന വീട് ബാങ്കിൽ പണയം വെച്ചിരിക്കുകയായണെന്നു ആ സമയത്താണ് ഞാൻ അറിഞ്ഞത് .അമ്മയതിന്റെ പലിശ അടച്ചു  കൊണ്ടിരിക്കുകയായിരുന്നു..’അമ്മ മരിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ബാങ്കുകാർ വീട്ടിൽ വന്നു പറയുമ്പോളാ ഇതൊക്കെ ഞാൻ അറിയുന്നത് .ഞങ്ങളുടെ അവസ്ഥ ഒക്കെ അറിഞ്ഞപ്പോ അവർ കുറച്ചു സമയം തന്നു .കുറച്ചൊക്കെ അടച്ചു തീർത്തു.ഇനിയുമുണ്ട്   .അപ്പൊ ഞാൻ വിചാരിച്ചു ഇങ്ങനെ ചെറിയ ജോലിക്ക് ഒന്നും പോയാ ശരിയാവില്ല,ഗവണ്മെന്റ് ജോലി തന്നെ വേണമെന്ന് .ആ  വാശിക്ക് വീടിനടുത്തുള്ള രജനിച്ചേച്ചിയുടെ കുറച്ചു  പുസ്തകങ്ങൾ ഒക്കെ മേടിച്ചു വെച്ച് പഠിക്കാൻ തുടങ്ങി .രാത്രിയും പകലും പഠിച്ചു..അതിനു ഫലമുണ്ടായി “

അവൾ പുഞ്ചിരിച്ചു

അവൻ അതിശയം കൂറുന്ന മിഴികളോടെ അവളെ നോക്കി നിന്നു

“നമുക്ക് എല്ലാ വഴിയും അടഞ്ഞു കഴിയുമ്പോൾ, ഒന്നുമൊന്നും കഴിയാതെ വരുമ്പോൾ എവിടെയെങ്കിലും ഒരു പച്ചത്തുരുത്ത് ദൈവം കാണിച്ചു  തരും .പലപ്പോഴും നമ്മൾ അത് കാണാത്തതാ.ഇന്നിപ്പോ ബാങ്കുകാർ ഇറങ്ങി പോകാൻ പറഞ്ഞാലും ആ ക്യാഷ് തിരിച്ചടയ്ക്കാൻ എന്ന് എനിക്കൊരു വിശ്വാസമുണ്ട് .അച്ഛനുമമ്മയും ജീവിച്ച വീടല്ലേ ?വിട്ടു കൊടുക്കാൻ വയ്യ “അവളുടെ ഒച്ച ഒന്ന് ഇടറി

“അത്രമേൽ തീവ്രമായി നമ്മൾ ആഗ്രഹിക്കുന്നത് നമ്മുക്ക് കിട്ടും “പൗലോ കൊയ്‌ലോ പറഞ്ഞിട്ടില്ലേ ?”അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു

“ഉവ്വോ ..എങ്കിൽ തന്നെ എനിക്ക് കിട്ടുമല്ലോ ” അവൻ പെട്ടെന്ന് കുസൃതിയിൽ പറഞ്ഞു

ജിഷയ്ക്ക് ചിരി വന്നു

“നാട്ടിൽ നല്ല പെൺപിള്ളാരെയൊന്നും കിട്ടാഞ്ഞിട്ടാണോ ഈ കുഗ്രാമത്തിലെ ഒരു പാവം പെണ്ണിന്റെ പുറകെ ..”അവൾ പാതിയിൽ നിർത്തി.

“പാവം ..മിണ്ടരുത് ..എന്റെ മുഖം കണ്ടോ?കൂട്ടുകാർ അറിയാതെ യിരിക്കാൻ പൌഡർ ഒക്കെ കൂടുതൽ ഇട്ടാ ഇപ്പൊ  നടക്കുന്നത് .ഈശ്വര അമ്മ കണ്ടു പിടിക്കുമോ എന്തോ “

അവൾ ആ കവിളിൽ മെല്ലെ ഒന്ന് തൊട്ടു.

“സത്യമായിട്ടും സോറി കേട്ടോ “ആത്മാർത്ഥമായിട്ടായിരുന്നു അവളത് പറഞ്ഞത്.

അവന്റെ മുഖം ഒരു നിമിഷം കൊണ്ട് ചുവന്നു തുടുത്തു.

“ഒത്തിരി പ്രശ്നങ്ങൾക്കിടയിലൂടെ പോകുന്ന ഒരാളിന്റെ മനസ്സിന്റെ പിടി ഒന്ന് വിട്ടു പോയതാണെന്നു വിചാരിച്ചു പൊറുക്കു.”അവളുടെ കണ്ണ് നിറഞ്ഞു

“ശേ അയ്യേ ..താൻ കരയുവൊന്നും വേണ്ട. സാരമില്ല “അവൻ പെട്ടെന്ന് അവളുടെ കണ്ണീർ കണ്ടു പറഞ്ഞു.

“പോയി കഴിഞ്ഞു ഈ നാട് ഓർക്കുമ്പോൾ എന്നെ വെറുക്കാതിരുന്നാ മതി “അവൾ മെല്ലെ ചിരിച്ചു

“തന്നെ വെറുക്കുകയോ ?കഷ്ടം ..തന്നെ എനിക്ക് ഭയങ്കര ഇഷ്ട മാണെടോ .അത് കൊച്ചിയിലും കോഴിക്കോട്ടുമൊന്നും പെണ്ണില്ലാഞ്ഞിട്ടല്ല. ചിലരെ കാണുമ്പോൾ നമ്മുട ഉള്ളിൽ ഒരു പൂത്തിരി അങ്ങ് കത്തും .അത് നിന്റെ പെണ്ണാണ്, നിന്റെപെണ്ണാണ്‌ എന്ന് ഉള്ളിലൊരു മണിയടിച്ചു ആരോ പറയും .പണ്ടാരം പിന്നെ ഉറങ്ങാനും പറ്റില്ല.ഉണ്ണാനും പറ്റില്ല. അവളൊരു യെസ് പറയുന്ന വരെ .ഞാൻ ഇതിനു മുന്നേയും പ്രേമിച്ചിട്ടൊക്കെയുണ്ട് ..ഒരു ടൈം പാസ്സിന്,തമാശക്ക്. അവളുമാർക്കും അത് തമാശയായിരുന്നു .പിന്നെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ എനിക്കാ അതൊക്കെ മടുത്തു .അതൊക്കെ വെറുമൊരു ഇൻഫാക്ച്ചുവേഷൻ ആയിരുന്നു..പിന്നെ ഈ പെൺപിള്ളേർ ഒക്കെ എന്റെ പുറകെ വരുമെന്ന്. ഞാൻ ഭയങ്കര ഗ്ലാമർ ആണല്ലോ “

അവൾ പൊട്ടിച്ചിരിച്ചു

“ഗ്ലാമർ അല്ല  കോഴി.. ആൾ നല്ല കോഴി ആണല്ലേ ?”

“കോഴി നിന്റെ..പോടീ “

അവൻ കപട ഗൗരവത്തിൽ പറഞ്ഞു

ജിഷ വീണ്ടും ഉറക്കെ ചിരിച്ചു.

അവനവളുടെ ചിരിയിലേക്ക് മെല്ലെ നോക്കി നിന്നു.

തുടരും……

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *