എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
വിനയൻ ആകെ അസ്വസ്ഥനായിരുന്നു.
കുറച്ചു നാളുകളായി കഷ്ടകാലമാണ്.
കുളിമുറിയിൽ തെന്നി വീണു കാലൊടിഞ്ഞിട്ടു മാസം രണ്ടായി.
അന്ന് മുതൽ പണിക്ക് പോയിട്ടില്ല.
ദൈനംദിന ചെലവുകൾക്ക് ബുദ്ധിമുട്ടായി തുടങ്ങി.
അപ്പോഴാണ് പണിക്കരെ കണ്ടു ജാതകം നോക്കിക്കാമെന്നു കരുതിയത്.എന്തെങ്കിലും വഴിപാട് നടത്തിയാൽ കഷ്ടകാലം കുറഞ്ഞാലോ.
തന്റെയും മീരയുടെയും ജാതകം കയ്യിലെടുത്തിരുന്നു.
മീരക്ക് ജ്യോത്സ്യത്തിലൊന്നും വിശ്വാസം ഇല്ലാത്തതിനാൽ അവൾ വരുന്നില്ലെന്ന് പറഞ്ഞു.
“രണ്ടു പേർക്കും കണ്ടകശനി ആണ്. കണ്ടകൻ കൊണ്ടേ പോകൂ”
പണിക്കരുടെ വാക്കുകൾ കഠിന്യമേറിയവ ആയിരുന്നു.
കുറച്ചു വഴിപാടൊക്കെ എഴുതി തന്നു.
വിനയൻ കൊടുത്ത ദക്ഷിണയും വാങ്ങി മേശ വലിപ്പിലിട്ട ശേഷമാണ് പണിക്കർ ആ സത്യം തുറന്നു പറഞ്ഞത്.
“പറയുന്നത് കൊണ്ടു മറ്റൊന്നും തോന്നരുത്. ഭാര്യയുടെ ജാതകത്തിൽ കുജനും ശുക്രനും പരസ്പരം മാറി അംശയിച്ചിരിക്കുകയാണ്. ‘അന്ന്യോന്നാംശക സിത അവനിജയോരന്യ പ്രസക്താംഗന” എന്നാണല്ലോ. ഭാര്യയുടെ മേൽ ഒരു കണ്ണു വേണം.അന്യ പുരുഷന്മാരെ ആശിക്കാൻ ഒരു യോഗമുണ്ടേയ്. പോരാത്തത്തിനു ഇപ്പോൾ ശുക്രനിൽ ചൊവ്വായുടെ അപഹാരവും. ഞാൻ പറഞ്ഞെന്നെ ഉള്ളു”
ഇiടിവെiട്ടിയവനെ പാമ്പു കടിച്ച പോലെയാണ് അവിടെ നിന്നിറങ്ങിയത്.
ഇത്രയും കാലം പട്ടിണി മാത്രമേ ഉണ്ടായിരുന്നുള്ളു.ഇനിയിപ്പോ ഭാര്യ ആരാന്റെ കൂടെ പോകും എന്നാണോ ജ്യോത്സ്യൻ പറയുന്നത്.
ഇക്കാര്യം എങ്ങിനെയാണ് മീരയോട് ചോദിക്കാ.
അവളുടെ മനസ്സിൽ ആരെങ്കിലും ഉണ്ടോ.തന്റെ കൂടെയുള്ള പട്ടിണിയും പരിവട്ടവും ഉപേക്ഷിച്ചു അവൾ ആരെയെങ്കിലും തേടി പോകുമോ.
മനസ്സാകെ കലുഷിതമായി.
വീട്ടിലെത്തിയതും മീര ഓടിവന്നു.
“ജ്യോത്സ്യൻ എന്തു പറഞ്ഞു.മുഖമെന്താ വല്ലാതിരിക്കുന്നത്”
“ഏയ് ഒന്നുമില്ല.ഒന്നു രണ്ടു മാസത്തിനുള്ളിൽ എല്ലാം ശരിയാവും എന്നാണ് പറഞ്ഞതു്” അവളുടെ മുഖത്തു നോക്കാതെയാണ് പറഞ്ഞതു.
‘കണ്ടകശനി’ എന്നൊക്കെ പറഞ്ഞാൽ അവൾക്കു തന്നെ വിട്ടു പോകാൻ തോന്നിയാലോ.ചോറു വിളമ്പി തരുമ്പോൾ അവളെയൊന്നു ഒളികണ്ണിട്ടു നോക്കി.
കുളികഴിഞ്ഞു മുടിയിൽ തുളസിക്കതിർ ചൂടിയിട്ടുണ്ട്.നെറ്റിയിൽ ഒരു ചെറിയചുവന്ന പൊട്ട്.
കണ്ണ് എഴുതിയിട്ടുണ്ട്.
പ്രാരാബ്ധമാണെങ്കിലും അവളുടെ അഴകിന് കുറവൊന്നുമില്ല.
മനസ്സിൽ ആകെയൊരങ്കലാപ്പ്.
“നീ ആരെ കാണിക്കാനാണ് അണിഞ്ഞൊരുങ്ങി നിൽക്കുന്നത്”
തന്റെ പതിവില്ലാത്ത സംസാരം കേട്ടിട്ടാണെന്നു തോന്നുന്നു അവൾ അത്ഭുതത്തോടെ അവനെ നോക്കി.
“അണിഞ്ഞൊരുങ്ങി നിൽക്കാണെന്നോ. നിങ്ങൾക്കിതെന്താ പറ്റിത്.ഒരു താലിമാല പോലും പൊന്നിന്റെയെന്നു പറയാൻ ഇല്ല.പിന്നെയാ ഒരുങ്ങല്”
അവൾ ചാടിത്തുള്ളി അകത്തേക്ക് പോയി.
‘ഛെ വേണ്ടായിരുന്നു’
മനഃസ്ഥാപത്തോടെ ഊണ് കഴിച്ചു.
ടിവി ഓൺ ചെയ്തു സോഫയിൽ തലയിണയും വച്ചു ചാരിക്കിടന്നു.
അറിയാതെ മയങ്ങിപ്പോയി
കിടപ്പു മുറിയിൽ നിന്നും മീര ആർക്കോ ഫോൺ ചെയ്യുന്നത് കേട്ടാണ് ഉണർന്നത്. ചെവിയോർത്തു.
“വിനയേട്ടൻ ഇവിടെ ഉണ്ട് .ഞാൻ പിന്നെ വിളിക്കാം.പുള്ളി ഇന്നു ചൂടിലാ. നാളെ ഞാൻ അങ്ങോട്ടു വരാം.”
എടി ഭയങ്കരി താനൊന്നു കിടന്ന സമയം കൊണ്ട് ഇവൾ ആരോടാണു കൊഞ്ചുന്നത്.
അറിഞ്ഞിട്ടു തന്നെ കാര്യം.
ചാടിയെഴുന്നേറ്റു ഞൊണ്ടി ഞൊണ്ടി മുറിയിലേക്കു ചെന്നു. മീര അലക്കിയ തുണികൾ മടക്കി വയ്ക്കുകയാണ്.
“നീ ആരെയാ വിളിച്ചത്”
ഞാൻ ആരെയും വിളിച്ചില്ല”
“നുണ പറയരുത്.നീ ആരോടോ സംസാരിക്കുന്നതു ഞാൻ കേട്ടല്ലോ.ആ ഫോൺ ഇങ്ങു തന്നെ”
വിനയൻ കട്ടിലിൽ നിന്നും അവളുടെ ഫോൺ എടുത്തു.
“വിനയേട്ടനിതെന്താ പറ്റിയത്”
അവൾ അയാളുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിക്കാൻ നോക്കി.
അയാൾ ഫോണിലെ കാൾ ലിസ്റ്റ് ഒന്നൊന്നായി പരിശോധിച്ചു.
അവസാന കാൾ ‘അമ്മ എന്ന നമ്പറിലേക്കാണു പോയിരിക്കുന്നത്.
ഏതാടി ‘അമ്മ’
“എന്റെ ‘അമ്മ’എന്റെ കാവിലമ്മേ ഈ മനുഷ്യനിതെന്തു പറ്റി.പണിക്കരെ കണ്ടു വന്നപ്പോൾ തുടങ്ങിയതാണല്ലോ ഒരുമാതിരി പ്രകൃതം”
“നീയെന്തിനാ നാളെ അങ്ങോട്ടു ചെല്ലാം എന്നു പറഞ്ഞത്”
സൊസൈറ്റിയിലെ കുടിശിക തീർക്കാൻ ‘അമ്മ കുറച്ചു കാശു തരാമെന്നു പറഞ്ഞു.നിങ്ങൾ വല്യ അഭിമാനിയല്ലേ. അതുകൊണ്ട് നിങ്ങളോടു പറയണ്ട എന്നു പറഞ്ഞു.അതാ ഞാൻ നാളെ അങ്ങോട്ടു ചെല്ലാമെന്നു പറഞ്ഞേ.അതും കേട്ടുവന്നു നിങ്ങളെന്തിനാ ഇങ്ങനെ തുള്ളി ചാടുന്നത്”
മീരയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിത്തുടങ്ങി.
“ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ?”
“എന്താ കാര്യം”
“നീ എന്നെ വിട്ടു ആരുടെയെങ്കിലും കൂടെ പോകുമോ”
“പിന്നെ കല്യാണോം കഴിഞ്ഞു ഇത്രേം നാളായപ്പോഴല്ലേ ആരുടെയെങ്കിലും കൂടെ പോണേ.നിങ്ങൾക്കെന്താ മനുഷ്യാ ഭ്രാന്തു പിടിച്ചോ.”
അവൾ നിന്നു കലി തുള്ളുകയായിരുന്നു.
“അതേയ് ജ്യോത്സ്യൻ പറഞ്ഞു നിന്റെ ജാതകത്തിൽ അന്യ പുരുഷന്മാരെ ആശിക്കാൻ യോഗമുണ്ടെന്നു.കേട്ടപ്പോൾ എനിക്കൊരു പേടി അതുകൊണ്ടാ”
“നിങ്ങളും നിങ്ങടെ ഒരു ജ്യോത്സ്യനും.അതെന്റെ ജാതകോന്നും അല്ല.ചൊവ്വാദോഷം എന്നും പറഞ്ഞു വരുന്ന ആലോചനകളെല്ലാം മുടങ്ങിയിരിക്കുന്ന സമയത്താ നിങ്ങടെ ആലോചന വന്നത്.അപ്പൊ അച്ഛൻ നിങ്ങടെ ജാതകത്തിന് ചേരുന്ന ഒരു ജാതകം എനിക്കുണ്ടാക്കിച്ചതാ. അതും പൊക്കി പിടിച്ചോണ്ടുവന്നു ഞാൻ വല്ലവന്റേം കൂടെ പോകുമെന്ന് പറയാൻ നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ. “
അവൾ മേശയിൽ ഇരുന്ന ജാതകം എടുത്ത് കീറി എറിഞ്ഞു.
“അല്ലെങ്കിലും ഇത്രയും നാള് പണത്തിന്റെ കുറവെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ സംശയ രോഗോം തുടങ്ങിയോ. നിങ്ങൾ അണുങ്ങൾക്കൊരു വിചാരമുണ്ട് എല്ലാ പെണ്ണുങ്ങളും ജാiരന്മാരെ തേടി പോകുന്നവ രാണെന്ന്. ഇത്രേം നാൾകൂടെ കഴിഞ്ഞിട്ടും നിങ്ങൾക്കെന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ.ഞാൻ വല്ല വെഷോം കഴിച്ച് ചാകാൻ പോകാ”
അവൾ നെഞ്ചിൽ രiണ്ടിiടി ഇiടിച്ചു.
” മീരേ ഒന്നടങ്ങടി.അയാൾ പറഞ്ഞതു കേട്ടപ്പോൾ പെട്ടെന്ന് ഞാൻ തളർന്നു പോയി അതുകൊണ്ടാ.നിന്നെയെനിക്കു ഒരു സംശയവുമില്ല.പക്ഷെ ജാതകയോഗം കേട്ടപ്പോ… .ഒന്നു വല്ലാതായി. അതുകൊണ്ടാ. ഒന്നു ക്ഷമിക്ക്.ഞാൻ നിന്റെ കാലു പിടിക്കാം”
“എന്റെ കയ്യും കാലുമൊന്നും നിങ്ങൾ പിടിക്കേണ്ട.പെണ്ണിന് ശരീരം മാത്രമല്ല മനസ്സും കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞാൽ മതി. ജ്യോത്സ്യന്മാർ അല്ല ജീവിതം മുന്നോട്ട് നയിക്കുന്നത്. അവനവൻ തന്ന്യാ”
വിനയൻ ഒരു വിഡ്ഢിചിരിയോടെ തലക്ക് കൈ വച്ചു.
ജ്യോത്സ്യന്റെ വാക്കും കേട്ട് വെറുതെ തന്റെ പെണ്ണിന്റെ മനസ്സ് വിഷമിപ്പിച്ചു.
സ്വന്തം ജീവിതം നയിക്കേണ്ടത് മൂന്നാമന്റെ വാക്ക് കേട്ടിട്ടാകരുത്.
കഷ്ടമായി പോയി.വേണ്ടായിരുന്നു.