കൂടെ വന്ന അമ്മാവനോട് പുറത്തു നിൽക്കാൻ പറഞ്ഞതിനു ശേഷം ഡോക്റ്റർ എന്നോടു ചോദിച്ചു. ഉറക്കം വരുമ്പോഴൊക്കെ ഉറങ്ങുമെന്ന് തല ഉയർത്താതെ ഞാൻ പറഞ്ഞു…….

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവില്‍

മെറിനെ സ്കൂട്ടർ ഇടിപ്പിച്ചവനെ കണ്ടു പിടിച്ച്, ഗോ സ്ലോ-യെന്ന് പറഞ്ഞാൽ തീരൂന്ന പ്രശ്നമേ എന്റെ മനസ്സിനുള്ളൂ. അന്വേഷിച്ച് ഇറങ്ങിയാൽ തല പുകയും. തണുപ്പിക്കാൻ ഇടയ്ക്ക് ഞാൻ ഇങ്ങനെ ഓരോ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കയറാറുണ്ട്.

‘എപ്പോഴാണ് ഉറങ്ങുക?’

കൂടെ വന്ന അമ്മാവനോട് പുറത്തു നിൽക്കാൻ പറഞ്ഞതിനു ശേഷം ഡോക്റ്റർ എന്നോടു ചോദിച്ചു. ഉറക്കം വരുമ്പോഴൊക്കെ ഉറങ്ങുമെന്ന് തല ഉയർത്താതെ ഞാൻ പറഞ്ഞു. അതു കേട്ടപ്പോൾ എപ്പോഴൊക്കെയാണ് ഉറക്കം വരാറുള്ളത് എന്നായി ഡോക്റ്ററുടെ ചോദ്യം. ഞാൻ മിണ്ടിയില്ല.

‘തുറന്ന് സംസാരിക്കൂ… എന്നാലല്ലേ കാര്യങ്ങൾ മനസ്സിലാകൂ…’

ആ ശബ്ദമായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. അല്ലാതെ ഊണുണ്ടോ ഉറക്കമുണ്ടോ, എന്നൊക്കെ ചോദിച്ച് നേരം കളയേണ്ട യാതൊരു കാര്യവുമില്ല.

‘ഡോക്റ്റർ… എനിക്കൊരു കാര്യം അറിയാനുണ്ട്…’

അനുവാദം ലഭിച്ചപ്പോൾ ഞാൻ പറഞ്ഞു തുടങ്ങി. മെറിനെന്ന പാവം പെൺകുട്ടി നടന്നു പോകുമ്പോൾ സ്കൂട്ടർ തട്ടി മരിച്ച കഥയായിരുന്നുവത്. രiക്തം പുരണ്ട അവളെയുമെടുത്ത് ഇടിച്ചവൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രക്ഷപ്പെട്ടില്ല. തലക്കായിരുന്നു പോലും പരിക്ക്! വിശദമായി ചോദിച്ചറിയാൻ സ്‌കൂട്ടറുകാരനെ പിന്നീട് കണ്ടതേയില്ല. അത് ആരാണെന്ന് അറിയാതെ കഥ മുന്നോട്ടു പോകാൻ പറ്റില്ലെന്നും ഞാൻ പറഞ്ഞു.

‘മനസിലായില്ല…!’

വളരേ ആകാംഷയോടെ എന്നെ കേട്ടിരുന്ന ഡോക്റ്ററുടെ ശബ്ദ മായിരുന്നു. മെറിനെ ഇടിച്ചിട്ട ആളെ കാണാനില്ലെന്ന് പറഞ്ഞ് ഞാൻ തല താഴ്ത്തി. ആരാണ് മെറിനെന്നും സ്കൂട്ടറുകാരൻ എവിടെ പോയെന്നും പോലീസിൽ പരാതിപ്പെട്ടില്ലേയെന്നും വരി വരിയായി ഡോക്റ്റർ എന്നോടു ചോദിച്ചു. ഞാൻ മൗനിയായി തല ഉയർത്താതെ ഡോക്റ്ററെ നോക്കി. മേലേക്ക് മറിഞ്ഞ എന്റെ കണ്ണുകൾക്ക് തല ചൊറിയുന്ന ഡോക്റ്ററെ വ്യക്തമായി കാണാമായിരുന്നു.

അമ്മാവനെ അകത്തേക്ക് വിളിപ്പിച്ചപ്പോൾ ഞാൻ പുറത്തേക്കിറങ്ങി. ചില മനുഷ്യരെയൊക്കെ കാണുന്നുണ്ടെങ്കിലും അവരിൽ തലയ്ക്കു കുഴപ്പമില്ലാത്ത ആരെങ്കിലും ഉണ്ടോയെന്ന് എനിക്ക് അറിയില്ല. എന്തായാലും മെറിനെ ഇടിച്ചവനെ കിട്ടിയാൽ തീരുന്ന കുഴപ്പം മാത്രമേ എന്റെ മനസ്സിനുള്ളൂ. ഒന്നിനുമല്ല. ഗോ സ്ലോയെന്ന് മാത്രം എനിക്ക് അവനോട് പറയണം. ഒരു കുടുംബത്തിന്റെ ഗതി മാറ്റാൻ പാകം വേഗതയിൽ ഒരിക്കലും നിരത്തിലേക്ക് ഇറങ്ങരുതെന്നും ചേർക്കണം.

‘ഹലോ… ഒരു ഉപകാരം ചെയ്യാമോ? പോകുന്ന വഴിയിൽ എന്റെ വീട്ടിലേക്കൊന്ന് കേറാവോ! ഞാൻ മരിച്ചു പോയെന്ന് പറയാമോ…!’

വെറുതേ നടന്നപ്പോൾ ആശുപത്രി ഹാളിൽ നിന്നും കണ്ടുമുട്ടിയ ഒരാൾ പറഞ്ഞതാണ്. വിലാസം തന്നാൽ പറഞ്ഞേക്കാമെന്ന് ഞാനും പറഞ്ഞു. അപ്പോൾ ആ പാതി നരച്ച മനുഷ്യൻ അൽപ്പമൊന്ന് ആലോചിച്ചു.

‘അല്ലെങ്കിൽ വേണ്ട… മരിച്ചത് അവരാണെന് പറഞ്ഞാൽ മതി.. പെരുങ്ങോത്ത് യുപി സ്കൂളിന്റെ പിറകിലാണ്…ന്റെ വീട്. പേര് പി. വി ദാമു.’

എനിക്കൊന്നും മനസിലായില്ല. എന്നിട്ടും പറഞ്ഞേക്കാമെന്ന് വെറുതേ ഞാൻ പറഞ്ഞു. തുടർന്ന് പുകയ്ക്കാനായി ഗേറ്റും കടന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് മറ്റൊരാളെ കണ്ടത്. കണ്ടപ്പോൾ എന്റെ അമ്മാവനാക്കാൻ പറ്റിയ ആളാണെന്ന് എനിക്ക് തോന്നി. ചായക്കടയുടെ മുന്നിൽ നിന്ന് ചൂട് പാൽ ഊതി കുടിക്കുകയായിരുന്നു അയാൾ ആ നേരം…

‘ അമ്മാവൊ… ഭക്ഷണവും വാങ്ങി തരാം.. ഇരുന്നൂറ് രൂപയും തരാം. ആരു ചോദിച്ചാലും അമ്മാവനാണെന്ന് പറഞ്ഞാൽ മതി.’

ആദ്യം സമ്മതിച്ചില്ലെങ്കിലും മെറിനെ കൊiന്നവനെ കണ്ടു പിടിക്കാനാണെന്ന് പറഞ്ഞപ്പോൾ അയാൾ വരാമെന്ന് പറഞ്ഞു. ഓട്ടോ പിടിച്ച് ബസ് സ്റ്റാന്റിലേക്കും അവിടെ നിന്ന് അടുത്ത ജില്ലയിലേക്കുമായി ഞങ്ങൾ യാത്ര തിരിച്ചു. ആ ജില്ലയിലെ പ്രധാന മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് തന്നെയാണ് ഞങ്ങൾ പോയത്.

‘എന്താ പ്രശ്നം? തുറന്നു പറയൂ…’

അമ്മാവനോട് പുറത്തേക്ക് നിൽക്കാൻ പറഞ്ഞിട്ട് അവിടുത്തെ ഡോക്റ്റർ നേരെ വിഷയത്തിലേക്ക് വന്നു.

‘ഡോക്റ്റർ… എനിക്കൊരു കാര്യം അറിയാനുണ്ട്…’

മെറിനെ സ്കൂട്ടറിൽ ഇടിച്ചവനെ കണ്ടെത്തിയാൽ മാത്രം മുന്നോട്ടു പോകുന്ന കഥ അവിടേയും ഞാൻ പറഞ്ഞു. അതു കേട്ടപ്പോൾ നമുക്ക് കണ്ടെത്താമെന്നായിരുന്നു ആ ഡോക്റ്റർക്ക് തല ചൊറിയാതെ എന്നോടു പറയാനുണ്ടായിരുന്നത്. എനിക്കു എന്തെന്നില്ലാത്തയൊരു ആശ്വാസം തോന്നുകയായിരുന്നു…

അമ്മാവനെന്ന് പറഞ്ഞ് കൊണ്ടുവന്ന ആൾ ഒപ്പിട്ടു കൊടുത്തപ്പോൾ എന്നെ അവിടെ അഡ്മിറ്റുമാക്കി. മെറിനെ ഇല്ലാതാക്കിയ ആ സ്കൂട്ടറുകാരൻ ആരാണെന്ന് അറിയാൻ ഈ ഡോക്റ്റർ എന്റെ തലയെ സഹായിക്കുമായിരിക്കും. എല്ലാം അതിനകത്തുണ്ട്. ആലോചിക്കുമ്പോൾ യാതൊന്നും പുറത്തേക്ക് വരുന്നില്ലായെന്നേയുള്ളൂ. പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നു. പിറ്റേന്ന് രാവിലെയാണ് ഡോക്റ്റർ മുറിയിലേക്ക് വന്നത്.

‘മെറിൻ ആരാണ് നിങ്ങളുടെ…?’

ആരാണെന്ന് ഞാനും ചിന്തിച്ചു. അറിയില്ലെന്ന് പറഞ്ഞപ്പോൾ ഇതൊക്കെ മറിച്ചു നോക്കുമ്പോഴേക്കും താൻ വരാമെന്ന് പറഞ്ഞ് ഡോക്റ്റർ പോകുകയായിരുന്നു. ഒരു പത്രക്കുറിപ്പും ചില ചിത്രങ്ങളും ആയിരുന്നു ഡോക്റ്റർ എന്റെ മുന്നിലേക്ക് ഇട്ടു തന്നത്. സ്കൂട്ടർ അപകടത്തിൽ യുവതിക്ക് ദാരുണ അന്ത്യമെന്നായിരുന്നു വാർത്തയുടെ സാരാംശം.

മരിച്ച മെറിന് ഇരുപത്തി നാല് വയസ്സാണ്. ഭാവി വരനായ സനൂപിന്റെ കൂടെയുള്ള യാത്രയിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. സനൂപ്! എവിടെയോ കേട്ടതു പോലെ!

നിയന്ത്രണം വിട്ട് സ്കൂട്ടർ പോസ്റ്റിലിടിക്കാനുള്ള കാരണം അതിവേഗത തന്നെയാണെന്ന് ആ വാർത്തയിൽ പ്രത്യേകം പറയുന്നുണ്ട്. ചിത്രങ്ങൾ കൂടി നോക്കിയപ്പോൾ മെറിന്റെ കൂടെ ഉള്ളത് ഞാൻ ആണോയെന്ന് എനിക്ക് സംശയം തോന്നി. സംശയമായിരുന്നില്ല. സനൂപ് ഞാൻ തന്നെയാണ്. അങ്ങനെ വരുമ്പോൾ ഇടിച്ചതല്ല. മരiണത്തിലേക്ക് മെറിനെ ഞാൻ കൊണ്ടുപോയതാണ്.

മൂന്നു മാസമേ ആയിരുന്നുള്ളൂ… മനപ്പൂർവ്വമല്ലാതിരുന്നിട്ടും നമ്മുടെ പിiഴകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും സംഭവിക്കുന്നത് സഹിക്കാൻ ഏറെ പാടാണ്. എന്റെ മനസ്സ് വല്ലാതെ പാടുപെട്ടുപോയ കാലമായിരുന്നുവത്. ജീവിതമാകേണ്ട മെറിൻ പോയതോടെ ബോധത്തിൽ നിന്നും ഞാൻ പുറത്തിറങ്ങി. അതുകൊണ്ടായിരിക്കും ആ സ്കൂട്ടറുകാരനെ തിരഞ്ഞ് അലയാൻ ജീവൻ തീരുമാനിച്ചത്!

ആലോചിക്കുമ്പോൾ കാര്യങ്ങൾ വ്യക്തമാകുന്നുണ്ട്. തലയിൽ വല്ലാത്ത ചൂട് അനുഭവപ്പെടുന്നതു പോലെ! കുളിക്കണമെന്ന ചിന്തയിൽ ഞാൻ കുളിമുറിയിലേക്ക് നടന്നു. വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി ഷവറിലേക്ക് മുഖമുയർത്തി ഏറെ നേരം നിന്നു. തലയിൽ തെളിവിന്റെ തണുപ്പ് തൊടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

അന്നു തല തുടച്ച് ഇറങ്ങാൻ നേരം വാഷ് ബേസിനോട്‌ ചേർന്നുള്ള കണ്ണാടിയിൽ എന്റെ മുഖം തെളിഞ്ഞത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഏറെ നാളിനു ശേഷമാണ് ഞാൻ എന്നെ തന്നെ അങ്ങനെ നോക്കി നിൽക്കുന്നത്. മെറിന്റെ ഓർമ്മയുമായുള്ള പെയ്ത്ത് കൊണ്ടതു പോലെ കണ്ണുകൾ ചുകന്നിട്ടുണ്ട്. അതിന്റെ കടുപ്പം കൂട്ടാനെന്നോണം കണ്ണാടിയോട് ഞാൻ കരഞ്ഞു. ശേഷം, ഏറെ കുറ്റബോധത്തോടെ പതിയേയത് പറഞ്ഞു…

‘ഗോ സ്ലോ…!!!’

Leave a Reply

Your email address will not be published. Required fields are marked *