കൂട്ടുകാർ പലരോടും അതെ കുറിച്ച് ചോദിച്ചെങ്കിലും അവർക്കും അതിനു കൃത്യമായൊരുത്തരമുണ്ടായിരുന്നില്ല, എവിടയോ സ്നേഹത്തിന്റെ ഒരു ലാഞ്ചന അതിലുണ്ടെന്നും…….

Story written by Pratheesh

നീ നൂറു കൊല്ലം ജീവിക്കുമെങ്കിൽ,?അതിൽ നിന്നു ഒരു നാൾ കുറച്ചു മതി എനിക്കു ജീവിതം ” !

നിമിഷ് നൃദ്യയെ ഇഷ്ടമാണെന്നു പറഞ്ഞതിനു വാട്ട്സാപ്പ് വഴി അവൾ കൊടുത്ത മറുപടിയായിരുന്നു ഇത് !

എന്നാലവൾ ആ മറുപടി കൊണ്ട് എന്താണ് ഉദേശിച്ചതെന്നു മനസിലാവാതെ Yes or No ? എന്നവൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞത് നിനക്കുള്ള ഉത്തരം ഇതിലുണ്ടെന്നു മാത്രമായിരുന്നു,

ഒന്നര വർഷത്തിലധികമായി വിടാതെ പിന്നാലെ നടന്നു സ്നേഹിച്ച് അവസാനം കഷ്ടപ്പെട്ടവളോട് ഇഷ്ടം പറഞ്ഞപ്പോഴാണ് അവളിത്തരത്തിലുള്ള ഒരു മറുപടി കൊണ്ടവനെ ആശയക്കുഴപ്പത്തി ലാക്കിയിരിക്കുന്നത് !

കൂട്ടുകാർ പലരോടും അതെ കുറിച്ച് ചോദിച്ചെങ്കിലും അവർക്കും അതിനു കൃത്യമായൊരുത്തരമുണ്ടായിരുന്നില്ല, എവിടയോ സ്നേഹത്തിന്റെ ഒരു ലാഞ്ചന അതിലുണ്ടെന്നും ചിലപ്പോൾ ഇഷ്ടമുണ്ടായിരിക്കാം എന്നൊക്കെ അവർ പറയുന്നുണ്ടെങ്കിലും നൃദ്യ പറഞ്ഞ വാക്കുകളെ വേണ്ട വിധം വിശദ്ധീകരിക്കാൻ അവർക്കാർക്കും സാധിച്ചില്ല,

നിമിഷിനാണെങ്കിൽ അതിന്റെ ഉത്തരമറിയാതെ ഒരു സമാധാന മില്ലായിരുന്നു, അവളെന്താണ് ഉദ്ദേശിച്ചതെന്നറിയാതെ അവന്റെ മനസ്സ് നൃദ്യ പറഞ്ഞ വാക്കുകളിൽ തന്നെ ഉടക്കി നിന്നു,

മറ്റു വഴിയില്ലാതെ ഗതികെട്ട് കൂട്ടുകാരായ പല അലവലാതികളെയും വിളിച്ചെങ്കിലും അവസാനം ശ്രവന്ദാണ് അതിനുത്തരം തരാൻ കഴിയുന്ന ഒരാളെ കുറിച്ചു പറഞ്ഞത്, അവൻ ചോദിച്ചു,

“നിന്റെ വീട്ടിൽ തന്നെ MA മലയാളക്കാരി ഒരു ചേച്ചിയില്ലെ നിനക്ക് അവളോടു ചോദിച്ചൂടെയെന്ന് !

ചേച്ചിയുടെ കാര്യം നിമിഷ് അപ്പോഴാണ് ആലോചിച്ചത് എന്നിട്ടും അവനത് വേണമോ ? വേണ്ടയോ ? എന്നു കുറച്ചധികം നേരം ആലോചിച്ചു ! ചേച്ചിയോട് ആർക്കു വേണ്ടിയാണെന്ന് പറഞ്ഞ് ചോദിക്കും എന്നതായിരുന്നു അവന്റെ പ്രശ്നം,

കുറെ നേരത്തെ ആലോചനക്കു ശേഷം വേറെ മാർഗ്ഗമില്ലെന്ന് മനസിലായതോടെ അവസാനം ചേച്ചിയുടെ മുന്നിൽ നാണം കെടാൻ തന്നെയവൻ തീരുമാനിച്ചു,

ചേച്ചിയെ ഫോണിൽ ആ വാക്കുകൾ കാണിച്ചതും ഒരു നോട്ടമായിരുന്നു ആ നോട്ടത്തിലുണ്ടായിരുന്നു എല്ലാം !

ചേച്ചിക്കത് ആർക്കാണ് ? എന്താണ് ? എന്തിനാണ് ? എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു, ചോദിച്ചാലും അവൻ സത്യം പറയില്ലാന്നു അറിയാവുന്നതു കൊണ്ടാവാം ചോദിച്ചില്ല,

എങ്കിലും ചേച്ചി അതിനെ കൃത്യമായി വിശദ്ധീകരിച്ചു കൊണ്ട് അവനെ നോക്കി,

” നീയില്ലാതെ ഒരു നാൾ പോലും അവൾക്കു ജീവിക്കാനാവില്ല എന്നൊരു അർത്ഥം കൂടി ഈ വാക്കുകൾക്കുണ്ട് !”

എന്നുപറഞ്ഞതും ചേച്ചിയെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കണമെന്നവനു തോന്നി, കൈയ്യോടെ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതു കൊണ്ട് മാത്രമവൻ ആത്മസമ്യമനം പാലിച്ചു മിണ്ടാതെ നിന്നു !

ചേച്ചി പറഞ്ഞ വാക്കുകൾ നൃദ്യക്കയച്ചു കൊടുത്തതും അവളിൽ നിന്ന് പ്രണയത്തിന്റെ നൂറു ❤️ ചിഹ്നങ്ങൾ അവന്റെ മൊബൈലിലേക്ക് ഒഴുകിയെത്തി !!

Leave a Reply

Your email address will not be published. Required fields are marked *