ചാരു ഭൂമിക്ക് താഴെയുള്ള സകല കാര്യങ്ങളെ കുറിച്ചും സംസാരിച്ചുവെങ്കിലും കണ്ണൻ പറഞ്ഞത് മനസ്സിലോർത്ത് അവളുടെ ഹസിനെ കുറിച്ചുള്ള അസ്വാരസ്യ ചൂരുകൂടിയ ചോദ്യങ്ങൾ അവളോടൊപ്പം തമ്പാനൂർക്കുള്ള ഓട്ടോ യാത്രയിലും……

എഴുത്ത്:-ഷാജി മല്ലൻ

ഒരു വാരാന്ത്യ റീ യൂണിയൻ ‘പെടൽ’

വെള്ളയമ്പലത്തെ ബഹുനില കെട്ടിടത്തിനടുത്തേക്ക് ഓട്ടോ ഒതുക്കി നിർത്തി ഡ്രൈവർ ചേട്ടൻ തിരിഞ്ഞു നോക്കിയപ്പോൾ പരവശത്തോടെ ഞാൻ കണ്ണുകൾ മീറ്ററിൽ നിന്നു പറിച്ചു മാറ്റി.’ “അറുപത്തിമൂന്നു രൂപ ” അയാൾ കേൾക്കാനെന്നോണം പറഞ്ഞു നൂറു രൂപാനോട്ട് ഡ്രൈവറുടെ നേരെ നീട്ടി. ഗൂഗിൾ ചേച്ചിയുടെ സഹായത്തോടെയുള്ള യാത്ര ആയതിനാൽ മീറ്ററിൽ മിനിമം ചാർജ് കഴിഞ്ഞപ്പോൾ മുതൽ എൻ്റെ ഉത്കണ്ഠ അയാളുടെ ശ്രദ്ധയിൽപ്പെട്ടോയെന്തോ?. സമയം നാലു മണി കഴിഞ്ഞതിനാൽ ഡ്രൈവറു ചേട്ടൻ തന്ന മുപ്പതു രൂപ ബാലൻസിൻ്റെ ബാക്കി തുകയെപ്പറ്റി തർക്കിക്കാതെ ചാരുലതയുടെ ഓഫീസിൻ്റെ വരാന്തയിലേക്ക് ചാറ്റൽമഴ കൊള്ളാതെ കയറി നിന്നു.

കോളേജ് സതീർത്ഥ്യൻ കണ്ണൻ്റെ വർണ്ണനകൾ കേട്ട് സഹിക്കാതയപ്പോൾ ആണ് തിരുവനന്തപുരത്ത് ഹെഡ് ഓഫീസിലേയ്ക്ക് യാത്ര ഏർപ്പാടാക്കിയത്. തിരിച്ചു പോകുമ്പോൾ കാണാമെന്നാണ് ചാരുവിനെ ഞാൻ അറിയിച്ചിരുന്നത്.. ഹെഡ് ഓഫീസിൽ നിന്ന് കൂടെയിറങ്ങിയ സഹപ്രവർത്തകരെ ഒഴിവാക്കിയാണ് ചാരുവിൻ്റെ ഓഫിസിലേക്ക് പോയത്.

തമ്മിൽ കണ്ടിട്ട് രണ്ടു വ്യാഴവട്ടത്തിലേറെയായിരിക്കുന്നു. അവൾക്ക് എന്നെ മനസ്സിലാകുമോ എന്ന സന്ദേഹം മനസിൽ തോന്നി. പണ്ട് ലേഡീസ് ഹോസ്റ്റലിനു മുമ്പിലെ പെട്ടിക്കടയിൽ നാരങ്ങ വെള്ളം കുടിക്കാൻ ദിവസവും രണ്ടും മൂന്നും പ്രാവശ്യം പൗഡർ പൂശി പോയിരുന്ന ഒരു കൗമാരക്കാരൻ്റെ ഓർമ്മയിൽ എൻ്റെ ഷർട്ടിലേക്ക് കണ്ണുകൾ പാളി വീണു. ഇല്ല … അന്നത്തേ പോലെ ഷർട്ടൊന്നും ചുക്കിചുളിഞ്ഞതല്ല!!!രാവിലെ കൗസു തേച്ചുമിനുക്കിയതാണ്!.. സാധാരണ തിരുവനന്തപുരം ട്രിപ്പിൽ കൂടെ കൂടണ താണ്. ഹോസ്റ്റലിൽ നിന്ന് പുത്രി ഇന്ന് വീട്ടിലെത്തുന്നതുകൊണ്ട് ഒഴിവായതാണ്.

റൂമിനു പുറത്ത് കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം ചൊല്ലി അകത്തുചെല്ലുമ്പോൾ എഞ്ചിനിയർ ചാരുലത ഏതോ ഫയലിൽ മുഖം താഴ്ത്തി ഇരിക്കുന്നു. കാലം കുറേയായില്ലേ കണ്ടിട്ട്. അല്പം തടിച്ചിട്ടുണ്ട്. “എന്താണ് മാഡം സമയം തീരാറായല്ലോ ..ഫയലുകളൊന്നും നോക്കി തീർന്നില്ലേ!!..” ഓഹ് നിനക്ക് ഇപ്പോൾ സമയ നിഷ്ഠ അല്പം കൂടതലാണെല്ലോ…. അഞ്ചുമണി പറഞ്ഞിട്ട് നാല് കഴിഞ്ഞപ്പോഴേക്ക് എത്തിയല്ലോ!!. അവളുടെ കുലുങ്ങി ചിരി ക്യാബിനെ കുലുക്കിയപോലെ തോന്നി. പണ്ടും ചാരുവിൻ്റെ കാർമേഘചുണ്ടുകളും നുണക്കുഴികൾ വിരിയുന്ന പാൽപുഞ്ചിരികളും എൻ്റെ ഭ്രമിപ്പിച്ചു കൊണ്ടിരുന്നവയാണല്ലോ!!!.

ചാരു ഭൂമിക്ക് താഴെയുള്ള സകല കാര്യങ്ങളെ കുറിച്ചും സംസാരിച്ചുവെങ്കിലും കണ്ണൻ പറഞ്ഞത് മനസ്സിലോർത്ത് അവളുടെ ഹസിനെ കുറിച്ചുള്ള അസ്വാരസ്യ ചൂരുകൂടിയ ചോദ്യങ്ങൾ അവളോടൊപ്പം തമ്പാനൂർക്കുള്ള ഓട്ടോ യാത്രയിലും ഞാൻ വിഴുങ്ങി. ചാരു ധൃതി പിടിച്ചെങ്കിലും ഞങ്ങളെ കാത്തിരുന്ന തലേന്നു ബുക്ക് ചെയ്ത ലോഫ്ലോർ ബസിലെ പതിനെട്ടും പത്തൊമ്പതും സീറ്റുകളിൽ തന്നെ ഇരിപ്പുറപ്പിച്ചു!!!.

“എടാ എനിക്ക് ഒമിറ്റു ചെയ്യാൻ തോന്നുന്നു!!!”. ഞാൻ മറുപടി പറയാതെ കൈയ്യിലെ ഓഫീസ് ബാഗിൻ്റെ സിബ്ബ് വലിച്ചു തുറന്നു പരതി.” ഇന്നാ …ഇതിലോട്ടു ആയിക്കോ”.എസി ലോഫ്ലോർ ബസിൽ മറ്റൊന്നും സാധിക്കില്ലല്ലോ.” അതെല്ലടാ എനിക്ക് ആകെ ബുദ്ധിമുട്ട് തോന്നുന്നു. സോഡിയവും പൊട്ടാസ്യവുമൊക്കെ കുറഞ്ഞു കാണും ചാരുവിൻ്റെ മുഖം നന്നായി വിളറി വെളുത്തിരിക്കുന്നു. നുണക്കുഴികളും പാൽ പുഞ്ചിരിയും നിറഞ്ഞു നിന്നിരുന്ന മുഖത്ത് അവിടെവിടെയായി വിയർപ്പു മണികൾ പൊട്ടി മുളച്ചിരിക്കുന്നു.”നോക്കട്ടെ പ്രശ്നമാണെങ്കിൽ നീ കണ്ടക്ടറുടെ അടുത്ത് ഒന്നു ചെന്നു പറയണേ?!”

യാത്ര തമ്പാനൂർ സ്റ്റാൻഡിൽ നിന്ന് പുറപ്പെടുമ്പോൾ മനസിൽ പൊട്ടിക്കാൻ വെച്ചിരുന്ന ലഡു നനഞ്ഞ പടക്കമായി പോയപോലെ തോന്നി. മൊബൈലിൽ രംഗണ്ണൻ്റെ പാട്ട് പെട്ടന്ന് എന്നെ ഉണർത്തി. കണ്ണനാണ്.”എടാ നീ തിരുവനന്തപുരത്ത് പോയപ്പോൾ ചാരുവിനെ കണ്ടോ?”. അവൾ അടുത്തിരിയ്ക്കുന്നുവെന്ന് പറയാൻ എനിക്ക് തോന്നിയില്ല. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് അവൻ വന്നപ്പോൾ ചാരുവും അവനും കൂടി എല്ലായിടത്തും കറങ്ങാൻ പോയെന്നും മറ്റും അവൻ വിളിച്ചു പറഞ്ഞതാണ് എൻ്റെ ഇൻ സ്പറേഷൻ എന്ന് അവൻ അറിയണ്ട!!. നാളെ അല്പം പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്ത് പറയാം.

കൂടുതൽ വിളികൾക്ക് കാതോർക്കേണ്ടന്ന് കരുതി മൊബൈൽ ഓഫ് ചെയ്തപ്പോൾ ആരാ ഫോണിലെന്നറിയാൻ ചാരു പുരികക്കൊടി ഉയർത്തുന്നതു കണ്ടു. കണ്ണനാണെന്നു പറഞ്ഞപ്പോൾ അവളുടെ വിളറിയ മുഖത്ത് ഒരു പതിഞ്ഞ പുഞ്ചിരി വിടരുന്നതു കണ്ടു. “എടാ, കണ്ണൻ കഴിഞ്ഞ ആഴ്ച്ച എന്നെ കാണാൻ വന്നിരുന്നു. ഞാൻ കടുത്ത പനി കാരണം ഓഫീസിൽ കുഴഞ്ഞു വീണ സമയത്തായിരുന്നു ഭാഗ്യത്തിന് അവൻ എത്തിയത്. പാവം അവനും കൂടിയാണ് എന്നെ ആശുപത്രിയിൽ കൊണ്ടുപോയതും കാഷ്വാലിറ്റിക്കു മുൻപിൽ കാവൽ നിന്നതും.
നിങ്ങൾ ക്ലാസ്മേറ്റുകൾ വല്ലപ്പോഴും ഓർത്തു വരുന്ന സമയത്ത് എനിക്കതരാശ്വാസമാണ്.” എടാ
കള്ള കണ്ണാ നീയേതു തീയറ്ററിലാ പോയതെന്ന് ഇപ്പോഴല്ലേ പിടി കിട്ടിയത്!!.എനിക്ക് ഉള്ളിൽ ചിരി പൊട്ടി!!.

ആറ്റിങ്ങൾ നഗര ഹൃദയത്തിലെ തിരക്ക് കഴിഞ്ഞിരിക്കുന്നു. ലോഫ്ലോർ ബസ് അല്പം കിതച്ചാണ് ഓടി കൊണ്ടിരിക്കുന്നതെന്ന് എനിക്ക് തോന്നി. കോഴിക്കോട് വരെ പോകേണ്ട ബസാണ് വലിയചാർജ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നെങ്കിലും ബസ് ലുക്കിലും മട്ടിലും പഴഞ്ചനാണെന്ന് തോന്നുന്നു. ചാരുവിൻ്റെ ഒപ്പമിരുന്നു സഞ്ചരിക്കാനുള്ള പുതി പെരുത്താണ് ടിക്കറ്റ് ആദ്യമായി മുൻകൂട്ടി റിസർവ് ചെയ്തത്. വാരാന്ത്യത്തിൽ തലസ്ഥനത്തേക്കും തിരിച്ചുമുള്ള ബസ് യാത്ര എൻ്റെ കൺപോളകളെ ക്ഷീണിപ്പിച്ചതിനാൽ ഞാൻ മെല്ലെ പ്യാരിയുടെ ദേഹത്തേയ്ക്ക് തൂങ്ങി വീഴാൻ ഉൾപുളകിതനായി കാത്തിരുന്നു!!

“എടാ ബസ് എന്താ ഇവിടെ നിർത്തിയിട്ടിരിക്കുന്നേ”, സന്ധ്യ മയക്കത്തിൽ ഇരുന്ന എന്നെ ചാരു വിളിച്ചുണർത്തിയപ്പോഴാണ് വണ്ടി നിർത്തിയിട്ടിരിക്കുന്ന കാര്യം ശ്രദ്ധിച്ചത്.”കുഴപ്പമാണെന്ന് തോന്നുന്നു എനിക്ക് വീണ്ടും ഒമിറ്റിംഗ് ടെൻഡൻസി തുടങ്ങിയിട്ടുണ്ട്……പിന്നെ…”. വാച്ചിലെ സമയം പോകുന്നത് നോക്കി വിഷണ്ണനായി ഇരിക്കുന്ന എൻ്റെ മുഖത്ത് നോക്കി അർദ്ദോക്തിയിൽ നിർത്തി. ചാരുവിൻ്റെ മുഖത്തെ മേൽ ചുണ്ടിനുമുകളിലെ വിയർപ്പു കുമിളകളുടെ ആധിക്യം കണ്ട് അവൾ അല്പം ടെൻഷനിലാണെന്നെനിയ്ക്കു തോന്നി.” എനിക്ക് ടോയ്ലറ്റിൽ പോകണമെന്ന് തോന്നുന്നു. നീയൊന്ന് കണ്ടക്ടറുടെ അടുത്തുപോയി വണ്ടി ഉടനെയെങ്ങാനും പോകുമോയെന്ന് ചോദിക്കൂ!”.ചാരു ദേഹത്തേക്ക് ചാഞ്ഞു. വിയർപ്പിൻ്റെ ചൂര് കലർന്ന അവളുടെ മർമ്മരവും ചുടു നിശ്വാസവും ഒരു വേള എന്നിൽ പുളകത്തിനു പകരം സമ്മർദ്ദമാണുണ്ടാക്കിയത്. ഞാൻ മെല്ലെ എഴുന്നേറ്റു കണ്ടക്ടറെ കാണാൻ തയ്യാറെടുത്തു” എടാ നീ വന്നു എൻ്റെ ബാഗ് കൂടി എടുക്കണെ…എനിക്ക് അധികം ഭാരം എടുക്കാൻ പറ്റില്ല, ബാലൻസ് തെറ്റും!”. ഞാൻ വെറുതെ മൂളി മുന്നിലേക്ക് പോയി. കണ്ടക്ടർ വണ്ടിയുടെ ബാറ്ററി കംപ്ളെയിൻ്റാണെന്നും ഗ്യാരജിൽ നിന്ന് പകരം വണ്ടി വരുമെന്നും അരമണിക്കൂർ താമസിക്കുമെന്നും പറഞ്ഞു. ചാരുവിൻ്റെ ദൃഷ്ടിയിൽപ്പെടാതെ ഞാൻ ലോഫ്ലോർ ബസിൻ്റെ തുറന്നുവെച്ച വാതിലിൽ പുറത്തേ ഇരുട്ടിലേക്ക് തുറിച്ചു നോക്കി നിന്നു. കഴിഞ്ഞ മാസം ഇതുപോലൊരു യാത്രയിൽ ചർദ്ദിച്ച യാത്രക്കാരൻ്റെ കൂടെ വന്ന ആളെ കൊണ്ട് കഴുകിച്ചത് വാർത്തയിൽ കണ്ടിരുന്ന കാര്യം ഓർമ്മിച്ചു ഇന്നത്തെ റീയുണിയൻ യാത്രയെ കുറിച്ച് ചെറുതല്ലാത്ത സങ്കടം തോന്നി.” ആഹ് ചേച്ചി വണ്ടി നിർത്തിയിരിക്കുവാ ഇറങ്ങിക്കോളു” ബസിൻ്റെ പുറകിൽ നിന്നു ചാരുവിനെ മുന്നിലേക്ക് കൊണ്ടുവന്ന പയ്യൻ എന്നെ അല്പം പുച്ഛത്തോട് നോക്കി അവളുടെ ബാഗ് എന്നെ ഏൽപ്പിച്ചു.

” എടാ വന്നേ..” ചാരു എൻ്റെ കൈയ്യിൽ പിടിച്ചു വലിച്ചു.” റോഡിൻ്റെ സൈഡിലേയ്ക്ക് പോയി ചർദ്ദിക്കു” ഞാൻ ഡോർ തുറന്നു വെളിയിലേക്കിറങ്ങി ശബ്ദം താഴ്ത്തി പറഞ്ഞു.” എടാ അതിനെനിക്കു ടോയ്ലറ്റിനാണ് പോകേണ്ടത്. അവളുടെ നേർത്ത സ്വരം കേട്ട് ഞാൻ കിളിപോയ പോലെ മലച്ചു നിന്നു. ചാരുവിൻ്റെ വീട്ടിലേക്ക് ഏകദേശം അരമണിക്കൂർ ബസ് യാത്രയേ കാണു… കല്ലമ്പലം ജംഗ്ഷൻ ആയിരുന്നേലും ഏതേലും ഹോട്ടൽ കണ്ടു പിടിച്ച് പരിഹാരമുണ്ടാക്കാമായിരുന്നു. ഇതിപ്പോ ഈ വിജന സ്ഥലത്ത് എന്തു ചെയ്യാൻ… “എടാ ഒരു ഓട്ടോ കിട്ടുമോന്ന് നോക്കു ഏതേലും പെട്രോൾ പമ്പിലേക്ക് പോകാം”. എൻ്റെ മുഖത്തെ വിഷണ്ണഭാവം ശ്രദ്ധിച്ചിട്ടോയെന്തോ ചാരു പ്രശ്നപരിഹാര രൂപേണെ പറഞ്ഞു. ഈ നേരം കെട്ട നേരത്ത് ഓട്ടോ കിട്ടണ്ടേ… എസി ബസിൽ നിന്ന് ആകാംഷക്കാരുടെ കണ്ണുകൾ ഞങ്ങൾക്കു നേരെ നീളുന്നതു കണ്ടതോടെ ദൂരെ തെളിഞ്ഞ വെളിച്ചത്തിലേക്ക് എൻ്റെ കണ്ണുകൾ നീണ്ടു. ഏതോ KSRTC ബസ് ആണ്. പിന്നെ ഒന്നും ആലോചിച്ചില്ല തൃശങ്കു സ്വർഗ്ഗം കണ്ടു നിൽക്കുന്ന സതീർത്ഥ്യയെ കൈ പിടിച്ചു അതിൽ കയറ്റി. ലോഫ്ലോർ ബസിൽ നിന്നും വന്ന യാത്രക്കാർ ആയതിനാൽ കണ്ടക്ടറുടെ സ്ലിപ്പ് ചോദിച്ചപ്പോഴാണ് അത് വാങ്ങാത്ത കാര്യം ഓർത്തെടുത്തത്.” നിങ്ങൾക്ക് എവിടേക്കാ ടിക്കറ്റ് വേണ്ടത്?” ഞാൻ ഒരു നിമിഷം പരുങ്ങി നിന്നു.”സാർ ഏതെലും പെട്രോൾ പമ്പുകളുടെ അടുത്ത് ഒന്നു നിർത്തണേ”, ” ഇത് കൊല്ലത്തേ യ്ക്ക് പോണ സൂപ്പർ ഫാസ്റ്റാണ്. ഇനിക്ക് ഇവിടെ എവിടെ പമ്പുണ്ടോന്നറിയുമോ?സാർ ടോയ്ലറ്റ് ഫെസിലിറ്റിയുള്ള എവിടെയെങ്കിലും പ്ലീസ്”.ചാരു ക്രൈസിസ് കാലഘട്ടത്തിലെ മാനേജരായി കണ്ടക്ടറുടെ തൊട്ട് മുന്നിലെ സീറ്റിൽ ഇരുപ്പുറപ്പിച്ചു തല പ്രത്യേക ആംഗിളിൽ പുറകിലേക്ക് ചരിച്ചു. അവളുടെ ആവശ്യകത ബോദ്ധ്യപ്പെട്ടിട്ടോയെന്തോ അയാൾ ഒരു നിമിഷം ആലോചിച്ചു .” ഒരു കാര്യം ചെയ്യാം, പാരിപ്പള്ളിയ്ക് ടിക്കറ്റ് നല്കാം. അവിടെ ആകുമ്പോൾ ഏതെലും ഹോട്ടലുകൾ കാണുമെല്ലോ”.അയാളുടെ സ്വരത്തിന് അല്പം മയം വന്ന.പോലെ .” നിങ്ങൾ ആശുപത്രിയിൽ നിന്നു വരുവാണോ?”.ഞാൻ ആണെന്നർത്ഥത്തിൽ തലയാട്ടി.” “പാരിപ്പെള്ളിക്കു ടിക്കറ്റെടുക്കാം അല്ലെ?”, ഞാൻ ചാരുവിൻ്റെ മുഖത്തു നോക്കി. എടാ വിളിച്ചു കണ്ടക്ടറുടെ മുമ്പിൽ താല്ക്കാലികമായി കിട്ടിയ എൻ്റെ കെയർ ടേക്കർ പദവി കലക്കുമെന്നു വിചാരിച്ചെങ്കിലും അതുണ്ടാക്കാതെ സമ്മതഭാവത്തിൽ തലയാട്ടി.അവളുടെ ബാഗ് സൂക്ഷിക്കാൻ എന്നെ ഓർമ്മപ്പെടുത്തിയിട്ട് അപ്രതീക്ഷിതമായി എത്തിയ മഴയെ കുറിച്ച് അടുത്തിരുന്ന യാത്രക്കാരനോട് വേവലാതിപ്പെട്ടുകൊണ്ടിരുന്നു. സ്ഥലമുണ്ടായിട്ടും സീറ്റിലിരിക്കാതെ അവളുടെ ബാഗും തൂക്കി നിൽക്കുമ്പോൾ ഇന്നത്തെ അതുവരെയുള്ള യാത്ര അവലോകനം ചെയ്യുന്ന തിരക്കിലായിരുന്നു ഞാൻ. തിരുവനന്തപുരത്തു വരുന്നന്നെറിഞ്ഞപ്പോൾ ഹോസ്റ്റലിൽ കയറി മോളേയും കൂട്ടി വരാമോയെന്ന് ഭാര്യ ചോദിച്ചപ്പോൾ തിരികെ വേഗമെത്തേണ്ടതിനാൽ നടപ്പില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞതാണ്..എന്നിട്ടപ്പോൾ പാതി വഴിപോലും ആകാതെ പെരുവഴിയിലും!!!.

“എനിക്ക് ഇപ്പോൾ അല്പം സുഖമുണ്ട്. കൊട്ടിയത്തിന് എക്സ്റ്റൻഡ് ചെയ്തോട്ടോ!!”
ചാരു സീറ്റിൽ നിന്ന് എഴുനേറ്റ് എൻ്റെ കാതിൽ മന്ത്രിച്ചു. ഇടയ്ക്കിടക്ക് അവളുടെ മുഖത്തെ ടെൻഷൻ അടക്കുള്ള ഭാവാഭിനയങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്ന എനിക്ക് തെല്ല് ആശ്വാസം അത് നൽകിയെങ്കിലും ബസ് അടിച്ചു കഴുകേണ്ടി വരുമോ എന്നുള്ള ഒരു അസ്കിത എന്നെ അലട്ടികൊണ്ടിരുന്നു.

ബസ് കൊട്ടിയത്തോടു അടുത്തപ്പാൾ ചാരു ഫ്രണ്ട്സീറ്റിൽ നിന്ന് എഴുന്നേറ്റ് കണ്ടക്ടറുടെ കൂടെ ഇരിപ്പുറപ്പിച്ചു. ഓട്ടോറിക്ഷ സൗകര്യം ലഭ്യമാകുന്നിടത്ത് വണ്ടി നിർത്തിക്കാനുള്ള അടവ് നയമാണെന്ന് എനിക്ക് തോന്നി. അവളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായെങ്കിൽ അടുത്ത ബസിൽ വീടുപിടിക്കാൻ എൻ്റെ മനസു വെമ്പി.” എന്നെ വീട്ടിലാക്കിയിട്ടേ പോകാവു, ജംഗ്ഷനിൽ ഓട്ടോറിക്ഷ കാണും”.ചാരു അ ല്പം അധികാരത്തോടെ ആവശ്യപ്പെട്ടത് കണ്ടക്ടറുടെ മുമ്പിലാകയാൽ അംഗീകരിക്കാതെ തരമില്ലന്നായി!!.

ഓട്ടോ സ്റ്റാൻഡിൻ്റെ മുമ്പിൽ ചാരുലതയോടൊപ്പം ഒരപരിചതനെക്കൂടി കണ്ടപ്പോൾ വിടർന്ന കണ്ണുകളെ കൂസാതെ ചാരുവിനൊപ്പം ഓട്ടോക്കരുകിലേക്ക് നീങ്ങി. പെട്ടന്നാണ് ഓക്കാനിച്ചു കൊണ്ട് ചാരു മാനത്തുനിന്ന് പെരുമഴ പെയ്തിറങ്ങുന്നതുപോലെ ചർദ്ദിൽ തുടങ്ങിയത്.”എന്താ സാറെ നോക്കി നിൽക്കുന്നത്, പുറമൊന്നു തടവിക്കൊടുക്കു..”, ഓട്ടോയുടെ അടുത്തു നിന്ന് ആട്ടോ ഡ്രൈവർ വിളിച്ചു പറഞ്ഞത് കളിയായിട്ടാണോ കാര്യമായിട്ടാണോയെന്ന സംശയം എന്നെ പിടികൂടി.ചാരു ആണേൽ പരിസരം മറന്നുള്ള പരിപാടിയാണ്. റോഡിൻ്റെ പുറംപോക്കിലാണ് പരിപാടിയെന്നുള്ളതുകൊണ്ട് ഞാൻ മണ്ണ് വെട്ടിയിടലിൽ നിന്ന് രക്ഷപ്പെട്ടു , പിന്നെ മഴ ചാറി തുടങ്ങുക കൂടി ചെയ്തതു ശുഭ ലക്ഷണമായി എനിക്കു തോന്നി.

” എടാ എന്തൊരു നിൽപ്പാടാ, ഈ കുടയൊന്നു നിവർത്തിപ്പിടിച്ചേ!!”.ചർദ്ദിലിൻ്റെ ബ്രേക്കിനിടയിൽ ചാരു ഒച്ച വെക്കുന്നതു കേട്ടു വേഗം അടുത്ത് ചെന്നു കുട നിവർത്തി. തലസ്ഥാനത്തു നിന്ന് വടക്കോട്ടുള്ള KSRTC ബസ്സുകൾ ഓരോന്ന് വരവറിയിച്ചു എന്നെ കടന്നു പൊയ്ക്കൊണ്ടിരുന്നു. വീണ്ടും ചർദ്ദിൽ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന ചാരുവിൻ്റെയും എൻ്റെയും അടുക്കലേക്ക് ഓട്ടോ ഡ്രൈവറും മറ്റൊരാളും നടന്നു വരുന്നതു കണ്ടു. പണ്ടേതോ സിനിമയിൽ ഫഹദ് മടിച്ചു നിന്ന പോലെ നിന്നാൽ ഡ്രൈവർ കേറി ചാരുവിൻ്റെ പുറം തടവുമോ എന്ന സന്ദേഹത്താൽ ഞാൻ വേഗം ചാരുവിൻ്റെ പുറത്ത് മസാജ് ചെയ്യുവാൻ തുടങ്ങി. അനിഷ്ടം പടർന്ന മുഖത്തോടെ ചാരു ആട്ടോറിക്ഷയിലയ്ക്ക് കേറിയിരുന്നു.

ചാരുവിനെ വീട്ടിലാക്കി വാരാന്ത്യ റീയൂണിയൻ കാരണം വടക്കോട്ട് വണ്ടി കാണുമോ എന്ന സന്ദേഹത്തിൽ ഓട്ടോയിൽ തിരികെ ഇംഗ്ഷനിലേക്ക് വരുമ്പോൾ ഫോൺ ചിലമ്പിച്ചു. മോളാണ്..” അച്ചാച്ചൻ കൊട്ടിയത്ത് നിൽക്കുന്ന കണ്ടെല്ലോ.. തിരുവനന്തപുരം വന്നില്ലേ?”. ഏതു സമയത്താണ് അവൾ കണ്ടെതെന്ന സന്ദേഹം എന്നിൽ ഹൃദയമിടിപ്പ് കൂട്ടിയെങ്കിലും അവൾ കൂടുതൽ സംഭാഷണത്തിനു മുതിരാത്തതിനാൽ നേരത്തെ മടങ്ങിയെന്ന മറുപടി നൽകി ഫോൺ വെച്ചു. ജംഗ്ഷനിൽ ബസിൻ്റെ വരവും കാത്തു നിൽക്കുമ്പോൾ ഫോണിൽ കണ്ണൻ്റെ മിസ്ഡ് കോൾ കിടക്കുന്നതു കണ്ട് ഡയൽ ചെയ്തു.”ടാ കണ്ണാ നീ കഴിഞ്ഞയാഴ്ച്ച ചാരുവുമായി ഐസ്ക്രീം നുണയാൻ പോയ തീയേറ്റർ ഞാനിന്ന് കണ്ടു!”.കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം മറുതലയ്ക്കൽ നിന്ന് പൊട്ടിച്ചിരി വിടരുന്നതു കേട്ടു” എടാ പ്യാരി കഴിഞ്ഞയാഴ്ച്ച ഞാൻ പെട്ടു!!!.ചാരുവിന് അറ്റൻഷൻ സിൻഡ്രം ആണത്രെ!!.ആരേലും ഫ്രണ്ട്സിനെ കാണുമ്പോഴാണ് ഇമ്മാതിരി അസുഖങ്ങളൊക്കെ വരുന്നതെന്നാ അവളുടെ പഴയ കൂട്ടുകാരി രേഷ്മ പറയുന്നത്. എനിക്ക് കാശും സമയവും നഷ്ടം. അതിരിക്കട്ടെ നീയെന്നാ ചോദിച്ചത്. നീ അവളെ കണ്ടില്ലെന്നല്ലേ പറഞ്ഞത് . അതോ നീയും പെട്ടോടെ ?”. മോള് വീട്ടിൽ ചെന്ന് പറഞ്ഞിട്ടുള്ള പുകില് കൂടി കഴിഞ്ഞിട്ട് അവനുള്ള മറുപടി കൊടുക്കാമെന്ന് മനസ്സിൽ കുറിച്ച് എൻ്റെ അരികിലേക്ക് നിർത്തിയ കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റിൻ്റെ ഡോറിനടുത്തേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *