എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
വീട്ടിലേക്ക് തിരിച്ച് പോയാൽ അച്ഛൻ തല്ലുമെന്നായിരുന്നു ചിന്ത. അമ്മയും നന്നായി പെരുമാറുമായിരിക്കും. അവിടെ നിന്ന് ഇറങ്ങിയിട്ട് ഒരു രാത്രി താണ്ടിയിരിക്കുന്നുവെന്ന് അപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ആൾക്കാർ കൂടുന്നുണ്ട്. വൈകാതെ പാട്ട് തുടങ്ങും. ഞാൻ കാത്തിരുന്നു…
പതിനൊന്നാം തരത്തിൽ പഠിക്കുന്നതിന്റെ ബുദ്ധിയുണ്ട് തലയ്ക്ക്. ചെറുപ്പം തൊട്ടേ നിരന്തരമായി ഫോണിലൂടെ കണ്ട ഈ ലോകം വളരേ ചെറുതാണെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. തിരക്കിന്റേയും, ഭയത്തിന്റേയും കടലാണെന്നത് ഇറങ്ങി നോക്കുമ്പോഴല്ലേ മനസ്സിലാകുന്നത്. എന്റെ തീരുമാനം ശരിയായിരുന്നില്ലെന്ന് ഒരൊറ്റ രാത്രികൊണ്ട് ബോധ്യപ്പെട്ടു. ആ തെരുവ് പാട്ടുകാരൻ ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു അവസ്ഥയെന്ന് കൂടി ഓർക്കാൻ വയ്യ…
‘മുറിയടച്ചുള്ള ഒരു പരിപാടിയും വേണ്ട. എന്നോട് ചോദിക്കാതെ മൊബൈലും എടുക്കണ്ട…’
കഴിഞ്ഞ ദിവസം അച്ഛൻ കനത്തിൽ പറഞ്ഞതാണ്. അമ്മയുടെ പക്ഷവും അത് തന്നെയാണെന്ന് മനസിലായപ്പോൾ ഞാൻ കിടന്ന് കരഞ്ഞു. കമ്പ്യൂട്ടറുമായി മൊബൈൽ യോജിപ്പിച്ച് ഓൺലൈനിൽ ഗെയിം കളിക്കാൻ പറ്റാത്ത സങ്കടം എന്നെ വല്ലാതെ അസ്വസ്ഥമാക്കുകയായിരുന്നു. മുഖം അറിയാത്ത ആരൊക്കെയോ എനിക്ക് വേണ്ടി ഇന്റർനെറ്റിൽ കാത്തിരിക്കുകയാണ്. അവരോടൊക്കെ ഞാൻ ഇനിയെന്ത് പറയും…
ചുരുങ്ങിയ നേരം കൊണ്ട് വിഷമങ്ങൾക്ക് വാശിയായി മാറാൻ പറ്റുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഉച്ച കഴിഞ്ഞപ്പോൾ ആരോടും പറയാതെ ഞാൻ വീട്ടിൽ നിന്നിറങ്ങി. പലപ്പോഴായി സൂക്ഷിച്ച് വെച്ച രണ്ടായിരം രൂപയും കൈയ്യിൽ ഉണ്ടായിരുന്നു. എങ്ങോട്ടാണ് പോകേണ്ടതെന്ന് യാതൊരു നിശ്ചയവും ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയ്ക്കും കണ്ടെത്താൻ പറ്റാത്ത അത്രയും ദൂരത്തേക്ക് പോകണമെന്ന ചിന്തയിലാണ് ഞാൻ ട്രെയിൻ കയറിയത്.
കഴിഞ്ഞ പഞ്ചായത്ത് പ്രസിഡന്റായ അച്ഛനെ അറിയാത്തവരായി നാട്ടിലാരുമില്ലെന്ന് എനിക്ക് അറിയാമായിരുന്നു. നാടൻ പാട്ടുകാരിയായ അമ്മയേയും മിക്കവർക്കും അറിയാം. അതുകൊണ്ട്, ജില്ല വിട്ട് തന്നെ പോകണം. എവിടെയെങ്കിലും പോയി ജോലി ചെയ്ത് മൊബൈലും കമ്പ്യൂട്ടറും വാങ്ങണം. ഞാൻ കഷ്ട്ടപ്പെട്ടുണ്ടാക്കിയ പണത്തിന് വാങ്ങിയ സാധനങ്ങൾ യഥേഷ്ടം ഉപയോഗിക്കാൻ എനിക്ക് ആരുടെയും സമ്മതം ആവശ്യമില്ലല്ലോ…
യാത്രക്കാരിൽ ചിലരൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ ഞാൻ പുറത്തേക്ക് നോക്കി. മൂന്ന് മണിക്കൂറോളമായി ട്രെയിനിൽ ഇരിക്കാൻ തുടങ്ങിയിട്ട്. ആൾക്കൂട്ടം കൂടുതലുണ്ടെന്ന് കണ്ട റെയിൽവേ സ്റ്റേഷനിൽ അങ്ങനെയാണ് ഞാൻ ഇറങ്ങുന്നത്. പുറത്തേക്ക് കടന്നപ്പോൾ പ്രധാന റോഡ് കണ്ടു. ഞാൻ ഇടത്തേക്ക് തിരിഞ്ഞ് നടന്നു. ആ ചലനത്തിലാണ് ആരോ എന്നെ പിന്തുടരുന്നുണ്ടെന്ന് എനിക്ക് തോന്നുന്നത്.
ഉയരമുള്ള മനുഷ്യൻ. ഭയപ്പെടുത്തും വിധം ഉരുണ്ട കണ്ണുകളാണ് അയാൾക്ക്. തോളിൽ മാറാപ്പുമായി ഞാൻ നടന്ന ദൂരത്തോളം ആ മനുഷ്യനും എന്നെ പിന്തുടരുകയാണ്. ഏതോ മർക്കറ്റലിലേക്ക് എത്തിയെന്നത് പോലെയൊരു കൂട്ടം കണ്ടപ്പോൾ ഞാൻ അതിലേക്ക് കലരുകയായിരുന്നു.
രാത്രിയായി. ആൾക്കൂട്ടം വിട്ട് പോകുന്നത് പന്തിയല്ലെന്ന് തോന്നിയത് കൊണ്ട് ഞാൻ ആ മാർക്കറ്റിന്റെ ബഹളമില്ലാത്തയൊരു ഓരം ചേർന്ന് ഇരുന്നു. അവിടെ എന്റെ കാഴ്ച്ചയിലൊരു തെരുവ് കുടുംബം ഉണ്ടായിരുന്നു. അവർ എന്തിനോ വേണ്ടി തയ്യാറെടുക്കുകയാണ്. പാട്ടുകാരാണെന്ന് തോന്നുന്നു. മനോഹരമായി ഓടക്കുഴൽ വായിക്കുന്നുണ്ട്. പതിയേ അവിടേക്ക് ആൾക്കാർ കൂടാൻ തുടങ്ങി.
‘മോനേ…’
ഒരാൾ എന്നെ തൊട്ട് വിളിച്ചതാണ്. ഞാൻ ഞെട്ടിപ്പോയി. നോക്കിയപ്പോൾ ഉണ്ടക്കണ്ണുകളുള്ള ആ ഉയരം കൂടിയ മനുഷ്യൻ കെട്ടുപോയ അണപ്പല്ല് വരെ തെളിയും വിധം എന്നോട് ചിരിക്കുകയായിരുന്നു…
കുതറി ഓടിയതേ എനിക്ക് ഓർമ്മയുണ്ടായിരുന്നുള്ളൂ… എവിടെയൊക്കെയോ ചുറ്റിത്തിരിഞ്ഞ് ഞാൻ ആ തെരുവ് പാട്ടുകാരന്റെ കൺവെട്ടത്തിൽ തന്നെയെത്തി. ശേഷം, ഓരോരം ചേർന്ന് ഇരുന്നു. മുന്നിൽ, വിട്ട് വന്ന എന്റെ വീട് മാത്രമായിരുന്നു. ഇടയ്ക്കൊക്കെ കേൾക്കാറുള്ള അമ്മയുടെ പാട്ടും എന്നെ പാടുപെടുത്തുന്നു…
ഓടക്കുഴൽ നാദം നിന്നു. അയാൾക്ക് ഏറെ പണവും കിട്ടി. തന്റെ കൂടെയുള്ളവരുമായി ആ മനുഷ്യൻ നടന്ന് തുടങ്ങിയപ്പോൾ ഞാനും ഒപ്പം ചലിച്ചു. അയാളും കൂട്ടരും കയറിയ ഹോട്ടലിൽ നിന്ന് തന്നെ ഭക്ഷണവും കഴിച്ചു. അവർ എന്നെ ശ്രദ്ധിക്കുന്നുണ്ടോയെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ആ രാത്രി അവരുടെ ടെന്റിന് സമീപത്തായുള്ള കടത്തിണ്ണയിൽ ഞാനും ചുരുണ്ടു.
വീട് വിട്ട് പോകാനുള്ള ധൈര്യമെല്ലാം കണ്ണുകളിൽ നിന്ന് ചോർന്ന് പോയി ഉടലാകെ വിറപ്പിച്ച ഇരുട്ടായിരുന്നു ചുറ്റും. സിനിമകളിലൊക്കെ കാണുന്നത് പോലെ ആരെങ്കിലും എന്നെ പിടിച്ചുകൊണ്ട് പോകുമോയെന്നും, ഉപദ്രവിക്കുമോയെന്നും ഞാൻ വല്ലാതെ ഭയന്നിരുന്നു. സുമുഖമായി ജീവിക്കാൻ മനുഷ്യർ കണ്ടെത്തിയ യൊരു ഉപകരണം ഒട്ടും സുരക്ഷിതമല്ലാത്ത ലോകത്തിലേക്ക് എന്നെ ചെന്നെത്തിച്ചിരിക്കുന്നു. തിരിച്ച് പോകാനുള്ള ധൈര്യം പോലുമില്ലാത്ത അവസ്ഥയെ പരിചയപ്പെടുത്തി തള്ളിയിട്ടിരിക്കുന്നു…
പിറ്റേന്ന് രാവിലെ ഞാൻ നേരെ പോയത് ആ തെരുവ് പാട്ടുകാരന്റെ അടുത്തേ ക്കായിരുന്നു. എന്നേയും നിങ്ങളോടൊപ്പം കൂട്ടുമോയെന്ന് ഞാൻ ചോദിച്ചു. അയാൾ എന്നെ സംശയത്തോടെയാണ് നോക്കിയത്.
‘എവിടെ നിന്നാ? എവിടെയാ വീട്..’
വീട്ടിലേക്ക് തിരിച്ച് പോയാൽ അമ്മയും അച്ഛനും വഴക്ക് പറയുമെന്ന് കരുതിയപ്പോൾ എന്തുകൊണ്ടൊ അതൊന്നും തുറന്ന് പറയാൻ എനിക്ക് തോന്നിയില്ല. എന്റെ കണ്ണുകൾ നിറയുന്നുണ്ടെന്ന് കണ്ടിട്ടും ആ മനുഷ്യൻ എന്നെ ഒപ്പം കൂട്ടിയില്ല. ആട്ടിയോടിച്ചുമില്ല. അങ്ങനെയാണ് ഒരു തെരുവ് കുടുംബത്തിന്റെ ജീവിതം അനുകരിച്ച് ആ ഓരം ചേർന്ന് ഞാൻ ഇങ്ങനെ കഴിയുന്നത്.
അയാളുടെ പാട്ട് തുടങ്ങാൻ പോകുന്നു. തലേന്ന് കേൾക്കാൻ പറ്റാതിരുന്ന അതിലെ വരികൾ ഓടക്കുഴൽ നാദത്തോടൊപ്പം ഞാൻ ശ്രദ്ധിച്ചു.
‘പാടാൻ അറിയാത്തോരേ… നിങ്ങൾക്കായി പാടാൻ വന്നവൻ ഞാൻ. ഈണ മറിയുന്നോരേ… പിടിക്കാൻ താളമിതിലില്ല. എങ്കിലും, കൂട്ടുകൂടൂ… നിങ്ങളെന്റെ പാട്ട് കേൾക്കൂ… കൂട്ടുകൂടൂ… പാട്ട് കേൾക്കൂ…’
എനിക്ക് വേണ്ടി പാടിയത് പോലെയായിരുന്നു ആ വരികളെല്ലാം കാതുകളിൽ വീണത്. ജീവിതത്തിന്റെ രാഗം തന്നെ മാറിപ്പോയെന്ന് ഉറപ്പിക്കും വിധം ആ തെരുവ് ഗാനം തലയിൽ മുഴങ്ങി. അതുകൊണ്ട് തന്നെ ഈ രാത്രി കൂടി താണ്ടാനുള്ള കെൽപ്പ് മനസ്സിന് ഇല്ലായെന്ന ഭയം കൂടി വരാനും തുടങ്ങി. ഞാൻ കണ്ണുകളടച്ചു.
അമ്മയുടെ പാട്ട് കേൾക്കണമെന്നും, ആ മടിയിൽ ഉറങ്ങണമെന്നും, അച്ഛന്റെ പുറം തട്ട് കൊള്ളണമെന്നും ജീവൻ ആഗ്രഹിക്കുകയാണ്. അടിച്ചാലും, വഴക്ക് പറഞ്ഞാലും, വീട്ടിലേക്ക് തന്നെ പോകണമെന്ന് പതിയേ ഞാൻ തീരുമാനിച്ചു. മുറുക്കിയടച്ച ആ കണ്ണുകൾ തുറക്കുമ്പോൾ മുമ്പിൽ അച്ഛനും അമ്മയും നിൽക്കുന്നു.
‘മോനേ…’
രണ്ടുപേരും ഒരുപോലെ വിളിച്ചു. സ്വപ്നമെന്ന് കരുതി ഒന്നുകൂടി പോളകൾ അടച്ച് തുറന്നപ്പോഴേക്കും രണ്ടുപേരും ഒരുപോലെ എന്നെ പൊതിഞ്ഞു. ഒരേയിടത്ത് മാറി മാറി ഉമ്മവെച്ചു. എന്നോട് ക്ഷമിക്കെന്ന് പറഞ്ഞ് അവരുടെ കാലുകളിൽ വീഴണമെന്ന് എനിക്കുണ്ടായിരുന്നു. അതിന് മുമ്പേ, മോൻ ഒന്നും പറയേണ്ടായെന്ന് പറഞ്ഞ് അച്ഛൻ എന്റെ പുറം തോളിൽ തട്ടുകയായിരുന്നു.
ശ്രദ്ധിച്ചപ്പോൾ, ആ തെരുവ് പാട്ടുകാരന്റെ ചുറ്റിലും ഉണ്ടായിരുന്ന ആൾക്കാരെക്കാളും കൂടുതൽ പേർ എന്റെ കൺവട്ടത്തിൽ ഉണ്ടെന്നത് എനിക്ക് മനസ്സിലായി. അതിൽ ചിരിയോടെ പോലീസുകാരും, അവരെക്കാൾ സന്തോഷം തനിക്കാണെന്ന ഭാവത്തിൽ മറ്റൊരാളും കൂടിയുണ്ടായിരുന്നു. അയാളെ ഞാൻ തീരേ പ്രതീക്ഷിച്ചില്ല. ഉണ്ടക്കണ്ണുകളുള്ള ആ ഉയരം കൂടിയ മനുഷ്യൻ അപ്പോഴും തന്റെ കെട്ടുപോയ അണപ്പല്ല് വരെ തെളിയും വിധം എന്നോട് ചിരിക്കുകയായിരുന്നു….!!!