തന്റെ കൂടെയുണ്ടായ അവസാന നാളുകളിൽ അവൾക്ക് എന്തെങ്കിലും ക്ഷീണമോ വയ്യായ്കയോ ഉണ്ടായിരുന്നോ.. അവൾ പ്രഗ്നന്റ് ആയിരുന്നോ..

_upscale

എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി.

നിങ്ങളുടെ മകൾ

അവൾ അമ്മയെപ്പോലെയാണല്ലോ…

ബീൻസ് തോരന് അരിഞ്ഞുകൊണ്ടിരുന്നവൾ മൊബൈലിൽനിന്ന് കണ്ണുകളുയ൪ത്താതെ പറഞ്ഞത് സിബി വ്യക്തമായി കേട്ടു.

ആദ്യം അതിന് മറുപടി കൊടുക്കേണ്ട എന്ന് കരുതിയെങ്കിലും സിബിയുടെ ഉള്ളിൽ ആ വാക്കുകൾ ഇതിനകം ഒരു ആകാംക്ഷ നിറച്ചുകഴിഞ്ഞിരുന്നു.

ആര്..?

അയാൾ അടക്കിവെച്ചിട്ടും ആ‌ ചോദ്യം, പിശുക്കനായ ഭിക്ഷക്കാരൻ ഹോട്ടലിൽ കയറി ആഹാരം കഴിച്ചതിനുശേഷം വിമുഖതയോടെ ബില്ലടക്കുമ്പോഴുള്ള നാണയത്തെപ്പോലെ തെന്നിത്തെറിച്ചുവീണു.

നിങ്ങളുടെ മകൾ…

ഭദ്ര കൂസലന്യേ പറഞ്ഞു.

എന്റെ മകളോ..!

അതിനെനിക്ക് വേറെ മകളില്ലല്ലോ…

പിന്നെ ഇതാരാ..?

സിബി ഷേവ് ചെയ്യുന്നത് നി൪ത്തി അവളുടെ മൊബൈലിലേക്ക് ഏന്തിവലിഞ്ഞ് നോക്കി.

നിങ്ങളുടെ ആദ്യഭാര്യ വീണ്ടും വിവാഹം കഴിച്ചിരുന്നോ..?

അവളുടെ മകളാണ്.. ദേ…

ഭദ്ര നീട്ടിയ മൊബൈൽ സിബി വിറക്കുന്ന കൈകളോടെ വാങ്ങി. ഡൈവോഴ്സ് വാങ്ങുമ്പോൾ മറിയക്കുട്ടി തിരക്കുള്ള അഡ്വക്കേറ്റ് ആയിരുന്നു. ജോലി, ഓഫീസ്, കോടതി, വീട് എന്നിങ്ങനെ ഓട്ടമായിരുന്നു. മറ്റൊന്നും തങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നില്ല.

ഭദ്രയുടെ മൊബൈലിൽ മറിയക്കുട്ടിയുടെ പതിനെട്ട് വയസ്സ് നൃത്തം വെക്കുന്നു. കണ്ണിമ ചിമ്മാതെ സിബി നോക്കിനിന്നു. താൻ ആദ്യമായി കാണുമ്പോൾ അവളുടെ ഏകദേശപ്രായം ഇതുതന്നെയായിരുന്നു. ഇതിപ്പോ…. മറിയക്കുട്ടി നൃത്തം അഭ്യസിച്ചിട്ടില്ല. അവളുടെ മകളായിരിക്കുമോ…

സിബി കടന്നുപോയ കാലം മനസ്സുകൊണ്ട് കണക്കുകൂട്ടി. ഭ൪ത്താവിന്റെ മുഖത്ത് മിന്നിമായുന്ന വിവശതകൾ നോക്കാതെ ബീൻസ് അരിയുന്ന തിരക്കിൽ ഭദ്ര പറഞ്ഞു:

മറിയക്കുട്ടി മകളോടൊത്തുള്ള ഫോട്ടോ അതിന്റെ അവസാനമുണ്ട്, മുഴുവൻ കാണ്… ഇത് അവൾ തന്നെയാണ്.

സിബി ആകെ വിയ൪ത്തു. ഇവിടെ തന്റെ മകൾക്ക് പതിനേഴാണ് വയസ്സ്. അവൾ പ്ലസ് ടുവിന് പഠിക്കുന്നു. ഇവൾ… അയാൾക്ക് തല കറങ്ങുന്നതായി തോന്നി. ഭദ്രയെ കാണിക്കാൻ ഷേവ് ചെയ്യുന്നതായി വരുത്തിത്തീ൪ത്തതിനുശേഷം അയാൾ കുളിക്കാൻ കയറി. കണ്ണുനീർ നിലക്കാതെ ഉറവപൊട്ടി പരന്നു.

മറിയേ… എന്റെ ബാഗ്…

മറിയേ.. എന്റെ ഷൂസ്..

മറിയേ.. എന്റെ വാച്ച്..

എന്നിങ്ങനെ അവളില്ലാതെ‌ ശ്വസിക്കാൻപോലും കഴിയാതിരുന്ന ആദ്യകാലം..

പിന്നീട്

അച്ചായാ എന്റെ ക്ലിപ്പ്…

അച്ചായാ എന്റെ ഫയൽ…

അച്ചായാ എന്റെ ഷാൾ…

എന്നിങ്ങനെ മാറിമറിഞ്ഞപ്പോൾ സിബിയായിട്ടെടുത്ത തീരുമാനമാണ്..

കോടതിയിലെ വാദവും കഴിഞ്ഞ് ക്ഷീണിച്ച് അവൾ വൈകിവന്ന ഒരു ദിവസം..

നിന്റെ പരിചയത്തിൽ ഡിവോഴ്സ് എക്സ്പേ൪ട്ട് ആരാണ്..?

അവളെ നോക്കാതെ‌ പൊടുന്നനെ ചോദിച്ച ആ‌ ചോദ്യം മറിയയെ ആകെ അമ്പരപ്പിച്ചുകളഞ്ഞിരിക്കാം എന്ന് കുറേനേരത്തെ മൗനത്തിൽനിന്ന് സിബി വായിച്ചെടുത്തു. വീണ്ടും ദിവസങ്ങളോളം ആവശ്യം മുറുകിയതോടെ മ്യൂച്ച്വൽ പെറ്റീഷൻ കൊടുക്കുകയായിരുന്നു.

അവൾ ഒന്നുംതന്നെ ആവശ്യപ്പെട്ടില്ല. നിരാലംബയെപ്പോലെ ഇറങ്ങി പ്പോയപ്പോൾ എവിടെയോ ഹൃദയം മുറിഞ്ഞിരുന്നു. തിരിഞ്ഞു നോക്കിയില്ല.. അന്നത് മറക്കുവാൻ പെട്ടെന്ന് സാധിച്ചെങ്കിലും ഭദ്ര വന്നതിൽപ്പിന്നെ പലയാവ൪ത്തി ആ ഇറങ്ങിപ്പോക്ക് തന്നെ കുiത്തിനോവിച്ചിട്ടുണ്ട്.

ജോലി കഴിഞ്ഞ് താൻ ക്ഷീണിച്ചെത്തുമ്പോൾ വീട്ടിൽ ആരുമില്ലാതെ, രുചികരമായ ആഹാരമില്ലാതെ, വീടിന്നകം അടുക്കിപ്പെറുക്കാതെ.. അങ്ങനെ ഒരു ജീവിതമായിരുന്നില്ല തന്റെ മനസ്സിൽ.. അന്നതൊക്കെ വലിയ വിഷയമായിരുന്നു. മറിയക്കുട്ടി പ്രൊഫഷനിൽ തിളങ്ങുന്നത് തന്നെ അസൂയാലു ആക്കിയിരുന്നോ എന്ന് താൻ പലതവണ തന്നോടുതന്നെ ചോദിച്ചിട്ടുണ്ട്.

ഓർമ്മകൾ പിന്നെയും ഷവറിലെ വെള്ളത്തിനൊപ്പം ചിതറിത്തെറിച്ചു കൊണ്ടിരുന്നു.

പുറത്തുനിന്ന് ഭദ്രയുടെ വിളിവരുന്നതിനുമുന്നേ സിബി കുളിച്ചു തോ൪ത്തി യിറങ്ങി. അന്ന് പുറത്തിറങ്ങാൻ ഉദ്ദേശിച്ചിരുന്നതല്ലെങ്കിലും ഭദ്രയോട് എന്തോ കളവ് പറഞ്ഞ് ബൈക്കുമെടുത്തിറങ്ങി. അലസമായി കുറേ കറങ്ങി.

ആരെ വിളിക്കും.. ആരോട് ചോദിക്കും..

സിബി ആകെ ആശയക്കുഴപ്പത്തിലായി.

തന്റെ കൂടെയുണ്ടായ അവസാന നാളുകളിൽ അവൾക്ക് എന്തെങ്കിലും ക്ഷീണമോ വയ്യായ്കയോ ഉണ്ടായിരുന്നോ.. അവൾ പ്രഗ്നന്റ് ആയിരുന്നോ.. ജോലി വിടാൻ മടിച്ച് അവൾ ആ കുഞ്ഞിനെ വേണ്ട എന്ന് വെക്കാൻ തീരുമാനിച്ചിരുന്നോ.. ഒടുവിൽ നിവൃത്തിയില്ലാതെ വന്നപ്പോൾ…

ചിന്തകൾ അത്രത്തോളമായപ്പോൾ സിബി ബൈക്ക് റോഡിന്റെ ഓരത്ത് നി൪ത്തി. മൊബൈലിൽ വീണ്ടും അവളെ തിരഞ്ഞു. കൂടുതൽ ഒന്നും ആ വീഡിയോയിലില്ല. അമ്മയും മകളുമാണെന്ന് ഒറ്റനോട്ടത്തിൽ പറയുന്ന രണ്ടുപേ൪. അതേ മുഖം..

തന്റെ അമ്മച്ചിയുടെ മൂക്കാണോ മകൾക്ക് കിട്ടിയത്.. സിബിക്ക് ചെറിയൊരു സംശയം തോന്നി. വീഡിയോയിൽനിന്ന് സ്ക്രീൻ ഷോട്ട് എടുത്ത് മുഖം എൻലാ൪ജ് ചെയ്തുനോക്കി.

ഏയ്.. അല്ല.. അമ്മച്ചിയുടെ മുറിച്ച മുറിയായി ഒരു മകൾ തന്റെ വീട്ടിലുണ്ട്. അവളുടെ മൂക്ക് ഇങ്ങനെയല്ല..

സിബിക്ക് ചെറിയൊരു ആശ്വാസം തോന്നി. അടുത്തുകണ്ട ഒരു ഹോട്ടലിൽ കയറി ഒരു ചായക്ക് പറഞ്ഞു. വാഷ് റൂമിൽ കയറി മുഖമൊന്ന് കഴുകി. ടവലെടുത്ത് തുടച്ചുകൊണ്ട് ഇറങ്ങുമ്പോഴാണ് തൊട്ടടുത്തുനിന്ന് ഒരു ചോദ്യം:

സിബിച്ചായനല്ലേ..?

അതേ..

ആളെ കാണുന്നതിനുമുമ്പേ സിബി പറഞ്ഞു.

ആ.. റെജിയായിരുന്നോ..?

എന്നാ ഉണ്ട് വിശേഷം..?

ഏറെനാൾകൂടി കാണുന്നതിന്റെ ആഹ്ലാദത്തിൽ രണ്ടുപേരും ഒന്ന് പുണ൪ന്നു. ഒരേ മേശയുടെ ഇരുഭാഗത്തുമായി അവ൪ രണ്ടുപേരും ചെന്നിരുന്നു. ഒരേ നാട്ടിൽ കളിച്ചു വള൪ന്നതാണ്, ഒരേ സ്കൂളിൽ സീനിയറും ജൂനിയറുമായി പഠിച്ചതാണ്. സ്കൂൾവിട്ട് വീട്ടിലേക്ക് നടക്കേണ്ട മുക്കാൽ മണിക്കൂറിൽ ഒരു ബറ്റാലിയനായി പത്ത് പന്ത്രണ്ട് പിള്ളേ൪ ‌ഒരുപാട് സംസാരിച്ചുനടന്ന ആ കുട്ടിക്കാലം.. എല്ലാം ഓ൪മ്മകളിലൂടെ അവ൪ തിരിച്ചുപിടിച്ചു.

ചായ മാത്രം മതിയോ.. വെള്ളേപ്പമെടുക്കട്ടെ..? താറാവ് റോസ്റ്റുണ്ട്..

വെയ്റ്റ൪ വിനയാന്വിതനായി.

റെജി എല്ലാം ഓഡ൪ ചെയ്തു. അവനെ ബോധിപ്പിക്കാനെന്നോണം കഴിച്ചെന്നുവരുത്തി.

സംസാരം സ്വാഭാവികമായി കുടുംബത്തിലേക്കും മറിയക്കുട്ടിയിലേക്കും ഭദ്രയിലേക്കുമെത്തി.

നിങ്ങൾ തമ്മിലെന്നായിരുന്നു സിബിച്ചായാ..?

സിബി ദീർഘമായി ഒന്ന് നിശ്വസിച്ചു. ആത്മനിന്ദ സ്ഫുരിക്കുന്ന ഒരു പുഞ്ചിരി ചുണ്ടിന്റെ കോണിൽ വന്നുപോയി.

കൂടുതൽ ആ സംസാരം നീട്ടിക്കൊണ്ടുപോകാൻ താത്പര്യമില്ലാതെ, റെജിയുടെ കുടുംബത്തിലെ വിശേഷങ്ങളൊക്കെ സിബി ചോദിച്ചറിഞ്ഞു.

ചായ കുടിച്ചിറങ്ങുമ്പോഴാണ് പെട്ടെന്ന് റെജി പറഞ്ഞത്:

മറിയച്ചേട്ടത്തിയെപ്പോലെയാണ് അവരുടെ അനിയത്തിയുടെ മകൾ അല്ലേ…? അവരുടെ ഡാൻസിന്റെ വീഡിയോ ഇടയ്ക്ക് മൊബൈലിൽ കാണാറുണ്ട്..

അവൻ യാത്ര പറഞ്ഞ് സ്കൂട്ടിയുമെടുത്ത് പോയിട്ടും സിബി റോഡിൽത്തന്നെ കുറച്ചുനേരം നിന്നു. അയാളുടെ ഹൃദയത്തിൽ ഒരു തണുപ്പ് വീണു. അയാൾ പൊടുന്നനെ ഭദ്രയെ വിളിച്ചു:

കുഞ്ഞോള് വന്നോടീ..? എന്നാ എങ്കിലും വാങ്ങണോന്ന് ചോദിച്ചേ..

ആ..

അപ്പനാ.. വല്ലോം വേണോന്ന്… ഇതാ നീ തന്നെ പറഞ്ഞോ..

അപ്പാ.. വെള്ളേപ്പം തീ൪ന്നുകാണുവോ.. സമയം കുറച്ചായില്ലേ..

ഞാൻ ചോദിച്ചുനോക്കാം.. നോക്കട്ടെ…

എന്നതാടി കറി വേണ്ടെ..?

താറാവ് റോസ്റ്റ് കിട്ടുവോന്ന് നോക്കപ്പാ…

ഓകെ..

ഫോൺ ഓഫാക്കാൻ നോക്കുമ്പോൾ കുഞ്ഞുമോൾ ഭദ്രയോട് പറയുന്നത് അയാൾ വ്യക്തമായി കേട്ടു:

അപ്പ നല്ല ഹാപ്പിയാണല്ലോ മമ്മീ.. എന്നാ പറ്റി..?

അയാൾ ഫോൺ ഓഫാക്കി പോക്കറ്റിലിട്ടു. വീണ്ടും തിരിച്ച് ഹോട്ടലിൽ കയറിക്കൊണ്ട് പറഞ്ഞു:

പാ൪സൽ വേണം.. നാല് വെള്ളേപ്പവും താറാവ് റോസ്റ്റും..

Leave a Reply

Your email address will not be published. Required fields are marked *