എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ക*ത്തിയേറിലാണ് അമ്മ മരിച്ചത്. അച്ഛന്റെ ഉന്നത്തിൽ നിന്ന് അമ്മ ചെറുതായൊന്ന് അനങ്ങിയിരിക്കണം. അല്ലായിരുന്നുവെങ്കിൽ, ക*ഴുത്തോട് ചേർന്ന് ത*റക്കേണ്ട രണ്ടാമത്തെ ക*ത്തി അമ്മയുടെ ച*ങ്കിൽ കൊ*ള്ളില്ലായിരുന്നവല്ലോ…
തെരുവ് അഭ്യാസിയാണെന്നും, ജീവിക്കാൻ വേണ്ടി ചെയ്തതാ ണെന്നുമൊക്കെ പറഞ്ഞ് രക്ഷപ്പെടാൻ അച്ഛൻ ശ്രമിച്ചില്ല. കണ്ണീര് പൊട്ടിയൊലിക്കുന്ന കണ്ണുകളുമായി എന്നേയും അനിയത്തിയേയും ഒരു മാത്ര നോക്കിയിട്ട് അച്ഛൻ പോയി. ഇരട്ട ജീവപര്യന്തമാണ്. ഇട യ്ക്കൊക്കെ അനിയത്തിയേയും കൂട്ടി ഞാൻ കാണാൻ പോകാറുണ്ട്.
അമ്മ മരിച്ചതിന്റെ കാരണക്കാരനായി അച്ഛനെ പോലീസുകാർ കൊണ്ടു പോകുമ്പോൾ എനിക്ക് പ്രായം പതിനാല് ആകുന്നതേയുള്ളൂ. അമലയെന്ന അനിയത്തിക്ക് ഒമ്പതും. അനങ്ങാതെ നിൽക്കുന്ന ഒരാളുടെ തലയ്ക്ക് പിറകിലെ വൃ*ത്തത്തിലുള്ള പലകയിൽ ക*ത്തി യെറിയാൻ ഞാനും പഠിച്ചിട്ടുണ്ട്. തുടർ ജീവിതത്തിനായി എന്ത് ചെയ്യുമെന്ന് ഓർത്തപ്പോൾ ആദ്യം തെളിഞ്ഞതും ആ മാർഗ്ഗം തന്നെ യായിരുന്നു. പക്ഷെ, ആരെ എറിയുമെന്ന് ചിന്തിച്ചാലും അവർക്കൊക്കെ അമ്മയുടെ മുഖമാണെന്ന് തോന്നിപ്പോകുന്നു…
നാഗ്പൂരിലെ തെരുവായ തെരുവൊക്കെ അലഞ്ഞ് കളിപ്പാട്ടം വിൽക്കുന്ന അമ്മയുടെ ചേച്ചി കൂടെ നിൽക്കാൻ എറെ നിർബന്ധി ച്ചിരുന്നു. വിടാതെ പിന്തുടരുന്ന ഓർമ്മകളിൽ നിന്നൊരു രക്ഷയെന്ന പോലെ അനിയത്തിയേയും കൊണ്ട് ഞാൻ ജബൽപ്പൂരിലേക്ക് പോകുകയായിരുന്നു. മാസങ്ങളോളം തീവണ്ടികളുടെ നടപ്പാത വൃത്തിയാക്കി ഞങ്ങൾ തെ*ണ്ടി ജീവിച്ചു.
ഒരിക്കൽ ജബൽപ്പൂരിലെ ഒരു തെരുവിൽ വെച്ച് പ്രായമുള്ള മാജിക്കുകാരനെ കണ്ടു. ആ മനുഷ്യൻ എന്നേയും ശ്രദ്ധിച്ചിരുന്നു. അല്ലായിരുന്നുവെങ്കിൽ, പ്രകടനം കഴിഞ്ഞ് കൂട്ടം പിരിഞ്ഞപ്പോൾ മാറി നിൽക്കുന്ന എന്നെ അദ്ദേഹം അടുത്തേക്ക് വിളിക്കില്ലായിരുന്നുവല്ലോ…
‘സാലാ… ദീമാക്ക് നഹി ഹേ… ബദ്മാഷ്…!’
കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ പെണ്ണെന്ന പ്രായത്തിലേക്ക് പോകുന്ന പെങ്ങളേയും കൂട്ടി നാട് തെണ്ടാൻ ഇറങ്ങിയ എന്റെ ബുദ്ധിയെ ആ മാജിക്കുകാരൻ കനത്തിൽ കുറ്റപ്പെടുത്തി. തന്റെ കൂടെ കൂടിക്കോയെന്നും പറഞ്ഞു. അങ്ങനെ, പേരമക്കൾ ഉൾപ്പെടുന്ന കുടുംബത്തോടൊപ്പം ഞങ്ങളേയും അദ്ദേഹം ചേർക്കുകയായിരുന്നു. അറിയുന്നവരെല്ലാം തെരുവ് മായാജാലത്തിന്റെ രാജാവായ ആ മനുഷ്യനെ അബൂഭായിയെന്നാണ് വിളിച്ചിരുന്നത്…
നിലനിൽക്കേണ്ടവരെ ഏത് വിധേനയും നിലനിർത്താനുള്ള ജാലവിദ്യയൊക്കെ ഭൂമിക്ക് അറിയാമെന്ന് തോന്നിപ്പിച്ച ദിവസങ്ങളെയായിരുന്നു പിന്നീട് പരിചയപ്പെട്ടത്. അബൂഭായി അത്രത്തോളം ജീവിതത്തിൽ കലർന്നുപോയി. അദ്ദേഹത്തിന്റെ കൂടെയുള്ള ലോകമൊരു കൺകെട്ടാണെന്ന് വരെ തോന്നിപ്പോയി. അപ്രതീക്ഷിതമായി മാറിപ്പോയ ഞങ്ങളുടെ ജീവിതത്തെ അത്ഭുതമായേ കാണാൻ സാധിച്ചിരുന്നുള്ളൂ…
തൊപ്പിയിൽ നിന്ന് പ്രാവിനെയെടുത്ത് മാനത്തേക്ക് എറിയാനും, മാനത്ത് നിന്ന് പൂക്കളെയെടുത്ത് കാണികൾക്ക് കൊടുക്കാനും ഞാൻ പഠിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇനമായ പെട്ടിക്കകത്ത് ആളെ കയറ്റി അപ്രത്യക്ഷമാക്കുന്നത് പഠിക്കാൻ മാത്രം കുറച്ച് വൈകി.
എല്ലാത്തിനും പുറമേ ഞാൻ പരിശീലിച്ചെടുത്തയൊരു വിദ്യയു ണ്ടായിരുന്നു. കൈയ്യിലെടുക്കുന്ന ചെറു ചില്ലിക്കമ്പിൽ താനേ ഇലകളും പൂക്കളും വിരിയുന്ന കൈവഴക്കമായിരുന്നുവത്.
ഓരോ തവണ പരിശീലിക്കുമ്പോഴും അമലയും ആയിഷയും കണ്ണിമ ചിമ്മാതെ നോക്കി നിൽക്കും. സമ പ്രായക്കാരായ അവർ ഇപ്പോൾ എന്നോളം വളർന്നിരിക്കുന്നു. അബൂഭായിയുടെ പേരമോളാണ് ആയിഷ. പത്താം ക്ലാസിൽ പഠിക്കുന്ന രണ്ടാളും ചിലപ്പോഴൊക്കെ ഞങ്ങളുടെ പരിപാടിയിലൊക്കെ കൂടാറുണ്ട്.
അന്ന്, എന്റെ ആദ്യ അവസരമായിരുന്നു. ഒരു തെരുവിനെ കൈയ്യിലെടുക്കാനുള്ള ചെപ്പടി വിദ്യകളുമായി ഞാൻ ആരഭിച്ചു. ഓരോ ഇനവും കഴിയുമ്പോൾ കൈയ്യടികൾ കൂടി വരുന്നുണ്ട്. എനിക്ക് ആവേശമായി. അടുത്തതായി ഞാൻ ഉൾത്തിരിച്ച കൺകെട്ടാണ്. അതിനായി ചെറു ചില്ലിക്കമ്പ് കൈകളിൽ കരുതി. പ്രത്യേകം സജ്ജമാക്കിയ കോട്ടിന്റെ ബലത്തിലാണ് തയ്യാറെടുപ്പ്. പക്ഷെ, എത്ര ശ്രമിച്ചിട്ടും ആ കമ്പിൽ ഇലയോ പൂക്കളോ മുളച്ചില്ല. കാണികൾ കൂവി.
എത്ര കഴിവുകൾ ഉയർത്തി കാണിച്ചാലും താഴെ വീഴാൻ ഒരു കഴിവുകേട് മതിയെന്ന് പഠിച്ച നിമിഷങ്ങളായിരുന്നുവത്.
പരാജയപ്പെടുന്ന കലാകാരന്റെ വിഷാദത്തോടെ ആ തെരുവ് വേദിയിൽ നിന്ന് ഞാൻ പിൻവാങ്ങി. രംഗം ഒപ്പിയെടുക്കാൻ ചില ക്യാമറകണ്ണുകളും ഉണ്ടായിരുന്നു. എന്റെ തോൽവി കണ്ട് ലോകം കൈയ്യടിക്കുമായിരിക്കും. വിഷണ്ണനായി ഞാൻ ഒഴിയുന്ന ആ ഇടത്തിലേക്കാണ് അമല കടന്ന് വന്നത്.
വിദ്യകൾക്ക് വേണ്ടിയൊരുക്കിയ സാമഗ്രഹികളുടെ അടുത്ത് അന്നും, അനിയത്തിയും ആയിഷയും ഉണ്ടായിരുന്നു. അബൂഭായിയുടെ കൂടെ നിൽക്കുകയായിരുന്നു അവർ.
സഹോദരൻ അപമാനിതനായപ്പോൾ ആശ്വസിപ്പിക്കാനായി അടുത്തേക്ക് വരുകയാണെന്നേ കരുതിയുള്ളൂ… പക്ഷെ, മൈക്കെടുത്ത് കാണികളോട് അവൾ നിശബ്ദമാകാൻ പറഞ്ഞു. ശേഷം, ഞാൻ വിട്ടുവന്ന കമ്പെടുത്ത് കാണികളെ അഭിസംബോധന ചെയ്തു. ഇതേതാണ് പെൺകുട്ടിയെന്ന് ചിന്തിക്കുന്നവരുടെ മുന്നിൽ അപാര കൈവഴക്കത്തോടെ ഞാൻ തോറ്റുപോയ ഇനം അവൾ കാണിക്കുകയായിരുന്നു..
ഒരു കോട്ടിന്റെ സഹായം പോലും ഇല്ലാതെ ആ ചുള്ളിക്കമ്പിൽ ഇലകളെയും പൂക്കളെയും കൊണ്ടുവന്ന അനിയത്തിയെ അത്ഭുതത്തോ ടെയാണ് നോക്കി നിന്നത്. കൈ തട്ടാൻ പോലും മറന്ന നിലയിൽ ഞാൻ സ്തംഭിച്ചുപോയി. അനുഗ്രഹിച്ച് പറഞ്ഞയച്ച ഭാവത്തിൽ അബൂഭായിയും, കൗതുകത്തോടെ ആയിഷയും ജയിച്ചെന്ന ആവേശത്തിൽ ചിരിക്കുകയായിരുന്നു.
അന്ന്, പതിവിലും കൂടുതൽ പണം ഞങ്ങൾക്ക് കിട്ടി. പതുങ്ങിയിരുന്നാലും, അവസരത്തിനൊത്ത് കുതിച്ച് ചാടാൻ പാകം കെൽപ്പുള്ളവളാണ് അനിയത്തിയെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമാണ് തോന്നിയത്. അത്രയും കൗതുകത്തോടെ അവൾ ഞങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. സന്തോഷമെന്നോണം പരിശീലിക്കുന്നുമുണ്ടായിരുന്നു.
ഒന്നും അറിയാതെ പോയതിലുള്ള ലജ്ജ അബൂഭായിയോട് പറഞ്ഞ് ഞാൻ കരഞ്ഞു. തോറ്റുപോയിട്ടും ജയിച്ചെന്ന് തോന്നിയ ആ നാൾ ഇന്നും ഞാൻ മറന്നിട്ടില്ല.
പിറ്റേന്ന് പുലർന്നത് വലിയ ആരവത്തോടെയായിരുന്നു. ഞങ്ങളുടെ ടെന്റിന് ചുറ്റും ആൾക്കാർ നിറഞ്ഞു. മായാജാലക്കാരിയായ അമലയെ ലോകം ഏറ്റെടുത്ത് പോലും. വരും നാളുകളിലെല്ലാം പ്രശ്‌സ്തരായ പലരും അവളോടൊപ്പം ചിത്രമെടുക്കാൻ ഞങ്ങളെ തേടി വന്നു. അവരിൽ, എത്രയോ രാജ്യങ്ങളിൽ ജാലവിദ്യ കാട്ടി പ്രതിഭ തെളിയിച്ച കാത്രിൻ മൈജയെന്ന വിദേശ വനിതയും ഉണ്ടായിരുന്നു. തന്നോടൊപ്പം ഷോ ചെയ്യാൻ അനിയത്തിയെ ആ സ്ത്രീ ക്ഷണിച്ചു. തുടർന്നുള്ള ഞങ്ങളുടെ ജീവിതം സ്വപ്നതുല്ല്യമായ ഒരു മായാജാലം തന്നെയായിരുന്നു…
‘ലേഡീസ് ആൻഡ് ജെന്റിൽ മാൻ… വി ആർ ഡിലൈറ്റഡ് റ്റു വെൽക്കം ഔർ ചീഫ് ഗസ്റ്റ്, ദ ഗ്രേറ്റ് മജീഷ്യ കാത്രിൻ മൈജ ആൻഡ് ഹേർ ഡീയറസ്റ്റ് സ്റ്റുഡന്റ് അമല ഫ്രം ഇന്ത്യ…’
ടീവിയിൽ ചടങ്ങ് തുടങ്ങി. വെളുത്ത വസ്ത്രത്തിലൊരു കറുത്ത സുന്ദരി ഇംഗ്ലീഷിൽ എന്തൊക്കെയോ പറയുന്നുണ്ട്. വൈകാതെ, കാത്രിൻ മൈജയുടെ കൂടെ സ്റ്റേജിലേക്ക് വരുന്ന അമലയെ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു. സമാന ഭാവത്തിലായിരുന്നു അബൂഭായിയും. തന്റെ വിജയമാണെന്ന തെളിച്ചത്തോടെയുള്ള ആയിഷയുടെ സന്തോഷ മായിരുന്നു കാണേണ്ടത്. മുന്നിലെ വലിയ സ്ക്രീനിൽ തെളിഞ്ഞ അനിയത്തിയുടെ കണ്ണുകളിൽ ഞങ്ങളും ഉണ്ടെന്നത് വ്യക്തമാണ്. അല്ലായിരുന്നുവെങ്കിൽ ആ ചെറുമിഴികൾ അങ്ങനെ നിറഞ്ഞിരിക്കില്ലല്ലോ…
‘രോന മത് ബേട്ടി…’
കരയല്ലേ മോളെയെന്ന് അമലയോടെന്ന പോലെ ടീവിയിലേക്ക് നോക്കി അബൂഭായി പറഞ്ഞു. അത് കേട്ടതിന് ശേഷം ചുറ്റുമുള്ള യാതൊന്നും ഞാൻ കാണുന്നുണ്ടായിരുന്നില്ല. അത്രത്തോളം മൂടാൻ പാകം സുഖമെന്ന കണ്ണീരിന്റെ കൺകെട്ടായിരുന്നു ആ നിമിഷങ്ങളിലെ കണ്ണുകളിൽ..!!!

