ഓർമ്മ
എഴുത്ത്:-അമ്മു സന്തോഷ്
“സാർ മെയിലിൽ അയച്ചിരുന്ന പുതിയ അഡ്മിഷൻസ് ശ്രദ്ധിച്ചിരുന്നോ? “
വിനയത്തോടെ ചോദിച്ച അലക്സിന്റെ മുഖത്തേക്ക് നോക്കി ദേവൻ ഒന്ന് പുഞ്ചിരിച്ചു.
“ഇല്ല ഇന്നലെ ജോർജിയയിൽ നിന്നു രാത്രി ഫ്ലൈറ്റിലാണ് എത്തിയത്. മീറ്റിംഗ്‌സ്, ഡിസ്കഷന്സ് ഒത്തിരി tired ആയിരുന്നു. ഡോണ്ട് വറി.. ഇന്ന് മുഴുവൻ ഞാൻ ഇവിടെ ഉണ്ടാകും.. let me check.. നിങ്ങൾ ഒക്കെ ഇവിടെയുള്ളതാണ് സമാധാനം. “
“Thank you sir “അലക്സ് സന്തോഷത്തോടെ പറഞ്ഞു
“ഡാഫോഡിൽസ് “
കണ്ടാൽ ഒരു കൂട്ടം വില്ലകളുടെ സമുച്ചയം ആയിട്ടെ തോന്നു. അതൊരു പാലിയേറ്റിവ് കെയർ സെന്റർ ആണ്. നഗരത്തിരക്കുകളിൽ നിന്നു വിട്ട് ഗ്രാമത്തിലേക്ക് കടക്കുന്ന സ്ഥലത്ത്. ശാന്തമായ സ്ഥലം.
ദേവൻ പുതുതായി വന്ന ആൾക്കാരുടെ പേര് വിവരങ്ങളിലേക്ക് കണ്ണോടിച്ചു
ഒരു നിമിഷം അയാൾ നടുക്കത്തോടെ ആ ഫോട്ടോ യിലേക്കും വിവരങ്ങളിലേക്കും നോക്കിയിരുന്നു
ജാനകി കൃഷ്ണൻ അറുപത്തിയഞ്ച് വയസ്സ് (അൽഷിമേഴ്‌സ് പേഷ്യന്റ് )
മേലാറ്റൂർ വീട്
തൃശൂർ
“ജാനു “
അയാളുടെ ഉള്ളു വിറച്ചു.
“കുമ്മാട്ടി…. “
“എന്നെ കുമ്മാട്ടിന്നു വിളിച്ചാൽ നിന്നേ ഞാൻ വെള്ളപ്പാറ്റേ ന്നു വിളിക്കുമെ…”
“എന്നാൽ ഞാൻ നിന്നേ ഇടിക്കും.. “
പൊട്ടിച്ചിരിച്ചു കൊണ്ടവൾ വീണ്ടും വിളിക്കും.. കുമ്മാട്ടി..
“ജാനു എനിക്കൊരുമ്മ തരുവോ? “
“ഇല്ലാ “തമാശ ആണ് എല്ലാം.
“ഒരെണ്ണം ജാനു
പ്ലീസ് ടി “ദിവസങ്ങളോളം കെഞ്ചുമ്പോ ഒരെണ്ണം തരും
കണ്ണിനു മുകളിൽ..
“ഇനി അടുത്ത മാസം “അവൾ വിരൽ ചൂണ്ടും
“അതെന്താ റേഷൻ ആണോ? “
അവൾ കുടുകുടെ ചിരിക്കും..
അവളെ വിട്ടു പോകേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. ഓർമയുള്ള കാലം മുതൽ ഒപ്പമുണ്ടായിരുന്നവൾ.
“നമ്മൾ കല്യാണം കഴിച്ചാലും ഞാൻ കുമ്മാട്ടിന്നെ വിളിക്കു “
“ഞാൻ ഉണ്ടക്കണ്ണിന്നും “
“നമുക്ക് മോൻ മതി ട്ടോ “
“ഊഹും മോൾ “
തനിക്ക് മോളെ ആയിരുന്നു ഇഷ്ടം.
കലഹങ്ങൾ, കുഞ്ഞ് പിണക്കങ്ങൾ.. എല്ലാം തകർത്തെറിഞ്ഞ ആ ദിവസം
അച്ഛൻ തനിക്കും അമ്മയ്ക്കും അനിയത്തിമാർക്കും ചോറിൽ വിiഷം ചേർത്ത് തന്നത് എന്തിനാണെന്ന് അന്നറിഞ്ഞിരുന്നില്ല. എല്ലാവരും പോയി. താൻ മാത്രം എങ്ങനെയോ…ശേഷിച്ചു
തമിഴ്നാട്ടിലുള്ള അമ്മാവന്റെ ഒപ്പം ആ നാടുപേക്ഷിച്ചു പോകുമ്പോൾ ജാനുവിനോട് പറഞ്ഞിരുന്നു. കാത്തിരിക്കണം ഞാൻ വരും എന്ന്… പക്ഷെ വന്നപ്പോൾ ഒത്തിരി വൈകി. അവളുടെ കല്യാണം കഴിഞ്ഞു. ഭർത്താവുമൊത്ത് മുംബൈയിൽ പോയി കഴിഞ്ഞു. പിന്നെ അന്വേഷിച്ചില്ല. വാശി തോന്നി. ജീവിക്കണം. വെറുതെ എല്ലാവരെയും പോലെ അല്ല.. അതിലും മേലെ..
അയാൾ മെല്ലെ എഴുനേറ്റു നടന്നു
114നമ്പർ അപാർട്മെന്റ്
“സർ ഗുഡ് ആഫ്റ്റർനൂൺ “
വാതിൽ തുറന്ന പെൺകുട്ടി പറഞ്ഞു
“ജാനകി..? “
“She is in room sir.. please “
“എന്റെ neighbour ആണ് നാട്ടില് “
“Oh.. ok sir.. .”
അവളോട് പൊയ്ക്കൊള്ളാൻ പറഞ്ഞു അയാൾ
ജാനകി…
പുള്ളിപ്പാവാടയുടുത്തുകറുപ്പ് ബൗസ് അണിഞ്ഞ ഒരു പെൺകുട്ടി ഓടി വന്നു കണ്ണ് പൊത്തി വിളിക്കുന്നു
കുമ്മാട്ടി ..
തന്റെ ജാനു.. ഇപ്പൊ ഓർമ്മകൾ ഇല്ലാത്ത തന്റെ ജാനു.
ജനലിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുകയാണ്
“ജാനു “
തിരിഞ്ഞു നോക്കിയ കണ്ണുകൾ ശൂന്യം..
“എന്നെ ഓർമ്മയുണ്ടോ ജാനു? “
എന്തോരു വിധിയാണ് ദൈവമേ..
“ജാനു ഞാൻ നിന്റെ കുമ്മാട്ടിയാണ്. എന്നെ ഒന്ന് നോക്കു ജാനു “
ജാനു അതേ നിൽപ് തന്നെ
അയാൾ മെല്ലെ പിൻവാങ്ങി
രാത്രി വീട്ടിൽ വരാതെയിരുന്നപ്പോൾ ഭാര്യ വിളിച്ചു
“ഞാൻ ഇന്നില്ല.. ഓഫീസിലുണ്ട്.. നാളെ വരും “
“എന്താ ദേവേട്ടാ പ്രോബ്ലം?”
വർഷങ്ങളായി ഒപ്പമുള്ളവളാണ്. ഒരു നിശ്വാസം തെറ്റിയാൽ തിരിച്ചറിയുന്നവൾ. അവളോട് നുണ പറയുക വയ്യ
അയാൾ പറഞ്ഞു.. എല്ലാം
“ഈശ്വര എന്ത് കഷ്ടാണ്… വിഷമിക്കാതിരിക്ക്.. ട്രീറ്റ്മെന്റ് ഉണ്ടാവില്ലേ?”
“ഇല്ല.. അതല്ല..എന്നേ തിരിച്ചറിഞ്ഞില്ല “
മറുവശത്ത് നിശബ്ദത
ദിവസങ്ങൾ കടന്ന് പോകുന്തോറും അൽഷിമേഴ്‌സ് മാത്രം അല്ല അവർക്ക് മറ്റെന്തോ അസുഖം കൂടിയുണ്ടെന്ന് അയാൾക്ക് തോന്നി
ഒരേയൊരു മകൻ കൊണ്ട് വിട്ടിട്ട് അമേരിക്കയിലേക്ക് പോയി
അയാൾ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ടും നടന്നില്ല.
ഒടുവിൽ ദീർഘമായ പരിശോധനകൾക്കിടയിൽ കാൻസർ അതിന്റെ അവസാന സ്റ്റേജിൽ എത്തി നിൽക്കുന്നുവെന്ന് കണ്ടെത്തി
ഇനിയൊന്നും ചെയ്യാനില്ലാതെ അയാൾ നോക്കി നിൽക്കെ അവർ ഒരു വാക്കും മിണ്ടാതെ യാത്രയായി
മകനെ അറിയിച്ചെങ്കിലും വരാൻ അസൗകര്യം അറിയിച്ചു
അയാളുടെ തോളിൽ ഒരു സ്പർശം
തന്റെ മകനാണ്. അവന്റെ മുഖത്തും വിഷാദം
“ഞാൻ കർമ്മമെല്ലാം ചെയ്തോളാം അച്ഛാ..”
അയാൾ ചുണ്ടുകൾ കടിച്ച് ഒരു ചിരി വരുത്തി
ചിത എരിയുന്നത് അയാൾ നോക്കി നിന്നു
നെഞ്ചിലും ഉണ്ട് ഒരു ചിത
അയാൾ ഓഫീസിലേക്ക് പോരുന്നു
“സാർ അവരുടെ സാധനങ്ങൾ ഒക്കെ എന്ത് ചെയ്യണം. മകനെ കോൺടാക്ട് ചെയ്തപ്പോൾ നശിപ്പിച്ചു കളഞ്ഞേക്കൻ പറഞ്ഞു. അയാൾക്ക് വേണ്ടത്ര “
അയാൾ തലയാട്ടി
അയാൾ ആ മുറിയിൽ ചെന്നു
ഒന്ന് രണ്ടു കോട്ടൺ സാരി
ഒരു നോട്ട് ബുക്ക്
“ദിവസവും ഇതിൽ എഴുതി നിറയ്ക്കുന്നത് കാണാം സാർ. ആർക്കും കാണാൻ കൊടുക്കില്ല “
കൂടെയുണ്ടായിരുന്ന പെൺകുട്ടി പറഞ്ഞു
അയാൾ അത് മാത്രം എടുത്തു കൊണ്ട് പോരുന്നു
ഉള്ളിൽ ഒരു മയിൽപീലി നീണ്ടിരിക്കുന്നു
അയാൾ അത് തുറന്നു
കുമ്മാട്ടി
കുമ്മാട്ടി
കുമ്മാട്ടി
അതങ്ങനെ നിറയെ…
നിറയെ….
നിറയെ….
കാഴ്ചയെ കണ്ണീർ വന്നു മൂടി
ഒരു ജന്മത്തിന്റെ ഓർമ്മകൾ മറഞ്ഞു പോയിട്ടും…
ഒരു പേരില് മാത്രം തടഞ്ഞു നിന്ന ചെറിയൊരു ഓർമയായി അയാൾ…

