ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. മോൾക്ക് ഒന്നര വയസ്സ് ആയിട്ടുള്ളൂ. ഇതിനിടയ്ക്ക് രണ്ടാമതൊരു കുട്ടിയെയും കൂടി നോക്കാൻ എന്നെക്കൊണ്ട് പറ്റില്ല……

_exposure _upscale

എഴുത്ത്:- ശ്രേയ

” ദേ മനുഷ്യ.. ഒന്ന് അങ്ങോട്ട് എഴുന്നേറ്റെ.. “

രാവിലെ തന്നെ ഭാര്യ തന്നെ കുലുക്കി വിളിക്കുന്നത് അറിഞ്ഞിട്ടാണ് സനോജ് ഉറക്കത്തിൽ നിന്ന് കണ്ണ് തുറക്കുന്നത്.

” നിനക്ക് ഇത് എന്താടി..? മനുഷ്യനെ കിടന്നു ഉറങ്ങാൻ സമ്മതിക്കില്ലെന്ന് ഉറപ്പിച്ചിട്ട് ഇറങ്ങിയതാണോ..? “

അരിശത്തോടെ അവൻ ചോദിച്ചത് കേട്ട് അവൾക്ക് ദേഷ്യം വന്നു.

” എല്ലാം ഒപ്പിച്ചു വെച്ചിട്ട് നിങ്ങൾക്ക് കിടന്നുറങ്ങിയാൽ മതിയല്ലോ. നിങ്ങൾ അത് കണ്ടോ..?”

ഭാര്യ ദേഷ്യത്തിൽ ആണെന്ന് കണ്ടപ്പോൾ അറിയാതെ കണ്ണുകൾ ഉറക്കം വിട്ട് ഉണർന്നു.

അവളുടെ കയ്യിലിരിക്കുന്ന പ്രഗ്നൻസി ടെസ്റ്റ് കിറ്റ് കണ്ടതോടെ അവന് ബോധം പോയില്ല എന്നേയുള്ളൂ.

” സത്യമാണോ..? “

അവൻ ആകാംക്ഷയോടെ ചോദിച്ചപ്പോൾ അവൾ മുഖം വീർപ്പിച്ചു.

“നിങ്ങൾക്ക് ഇത് കണ്ടിട്ട് സന്തോഷമാണോ തോന്നുന്നത്..?”

ദേഷ്യത്തോടെ അവൾ ചോദിച്ചപ്പോൾ അവൻ പരുങ്ങി.

“ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. മോൾക്ക് ഒന്നര വയസ്സ് ആയിട്ടുള്ളൂ. ഇതിനിടയ്ക്ക് രണ്ടാമതൊരു കുട്ടിയെയും കൂടി നോക്കാൻ എന്നെക്കൊണ്ട് പറ്റില്ല.”

അവൾ ദേഷ്യത്തിൽ തന്നെയാണെന്ന് കണ്ടപ്പോൾ സനോജ് അനുനയത്തിന് ശ്രമിച്ചു.

” ഞാൻ പിന്നെ എന്തുവേണമെന്നാണ് നീ പറഞ്ഞു വരുന്നത്..? “

അവൻ ചോദിച്ചത് കേട്ട് അവളുടെ മുഖം വിടർന്നു.

“നമുക്ക് ഈ കുഞ്ഞിനെ അ* ബോ ർട്ട് ചെയ്യാം. എന്തായാലും അധികം വളർച്ചയൊന്നും ഇപ്പോൾ കുഞ്ഞിനു ഉണ്ടാവില്ല. ആ സ്ഥിതിക്ക് വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ കാര്യം നടന്നു കിട്ടും..”

അവൾ ലാഘവത്തോടെ പറയുന്നത് കേട്ട് അവന് ഒരു അല്പം വിഷമം തോന്നി.

” എടീ അത് വേണോ..? ഒരു മനുഷ്യ ജീവനല്ലേ.? അതിനെ എങ്ങനെ യാണ് വേണ്ടെന്ന് വെക്കുന്നത്..?”

അവൻ ചോദിച്ചത് കേട്ട് അവൾക്ക് വീണ്ടും ദേഷ്യം വരാൻ തുടങ്ങി. അവളുടെ മുഖഭാവത്തിൽ നിന്നും അത് മനസ്സിലാക്കിയപ്പോൾ അവൻ കിടക്കയിൽ നിന്ന് എഴുന്നേറ്റു.

“നീ എന്തായാലും റെഡിയാവാൻ നോക്ക്.. നമുക്ക് പോയി ഒരു ഡോക്ടറിനെ കാണാം.ഡോക്ടർ പറയുന്നത് എന്താണെന്ന് വെച്ചാൽ അങ്ങനെ ചെയ്യാം.”

അവൻ അത്രയെങ്കിലും സമ്മതിച്ചല്ലോ എന്ന ചിന്തയിൽ അവൾ റെഡിയാകാൻ പോയി.

പരിചയമുള്ള ഒരു ഗൈനക്കോളജിസ്റ്റ് അടുത്ത് തന്നെയാണ് രണ്ടാളും കൂടി പോയത്. അവളെ ചെക്ക് ചെയ്തു കഴിഞ്ഞപ്പോൾ ഡോക്ടർ സന്തോഷത്തോടെയാണ് അവരോട് സംസാരിക്കാൻ തുടങ്ങിയത്.

” കൺഗ്രാറ്റ്സ്.. മീര പ്രഗ്നന്റ് ആണ്. കുട്ടിക്ക് ത്രീ വീക്സ് ഗ്രോത്ത് ഉണ്ട്. മീര ഹെൽത്തിയാണ്..മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ല..ഇനി അടുത്ത സ്കാനിങ്ങിൽ കാണാം.. “

ഡോക്ടറുടെ ആ സംസാരം അവർക്ക് ഇഷ്ടമായില്ല.

” ഡോക്ടർ ഞങ്ങളുടെ മൂത്ത കുട്ടിക്ക് ഒന്നര വയസ്സ് ഉള്ളൂ.. അതുകൊണ്ട് ഉടനെ ഒരു പ്രഗ്നൻസി ഞങ്ങൾക്ക് പറ്റില്ല. ഇത് ഒന്ന് അ*ബോട്ട് ചെയ്യുന്നതിനെക്കുറിച്ച്.. “

മീര പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ഡോക്ടറുടെ മുഖം ഇരുണ്ടു.

“സോറി.. എനിക്ക് ഇങ്ങനെ ഒരു പാപത്തിന് കൂട്ടു നിൽക്കാൻ പറ്റില്ല. നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല.. ആ സ്ഥിതിക്ക് ഒരു അ*ബോഷൻ എന്ന് പറയുന്നത് അനുവദിക്കാവുന്നതല്ല. നിങ്ങൾക്ക് ഇപ്പോൾ ഒരു കുട്ടി വേണ്ടായിരുന്നു എങ്കിൽ നിങ്ങൾ പ്രീകോഷൻസിനെ കുറിച്ച് ആലോചിക്കണമായിരുന്നു.”

രൂക്ഷമായ ഭാഷയിൽ ഡോക്ടർ സംസാരിച്ചു കഴിഞ്ഞപ്പോൾ പിന്നീട് ഒരു നിമിഷം പോലും അവിടെ ചെലവഴിക്കാൻ മീരക്ക് തോന്നിയില്ല. രണ്ടാളും കൂടി വേഗം തന്നെ അവിടെ നിന്ന് പുറത്തേക്കിറങ്ങി.

” ഡോക്ടർ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് നമുക്ക് അബോർഷനെ ഒഴിവാക്കാമല്ലോ.. “

സനോജ് പറഞ്ഞതും മീര അവനെ ദേഷ്യത്തിൽ നോക്കി.

” ലോകത്ത് ഇവർ ഒരാൾ മാത്രമല്ലല്ലോ ഡോക്ടർ ആയുള്ളത്. വേറെ ആരെങ്കിലും ഇത് ചെയ്തു തരുമോ എന്ന് ഞാൻ ഒന്ന് അന്വേഷിക്കട്ടെ.. “

മീര പറഞ്ഞത് കേട്ടപ്പോൾ സനോജിന് വിഷമം തോന്നിയെങ്കിലും അവൻ അവളെ എതിർക്കാൻ പോയില്ല.

മീരയുടെ ഒരുപാട് അന്വേഷണങ്ങൾക്കൊടുവിൽ ഒരു ഡോക്ടർ അവളുടെ ആവശ്യം നടത്തിക്കൊടുക്കാം എന്ന് തീരുമാനമായി. കുറച്ചു പൈസ ചെലവാക്കേണ്ടി വന്നെങ്കിലും അവളുടെ ആവശ്യം പെട്ടെന്ന് തന്നെ നടന്നു കിട്ടി. തുടക്കം ആയതുകൊണ്ട് തന്നെ വലിയ കോംപ്ലിക്കേഷൻസ് ഒന്നും ആ കാര്യത്തിൽ ഉണ്ടായില്ല.

മീരയും സനോജും പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു. സാമ്പത്തികമായി അത്യാവശ്യ മുന്നേറ്റം നിൽക്കുന്ന ഒരു കുടുംബം ആയിരുന്നു മീരയുടേത്. അങ്ങനെ ഒരു കുടുംബത്തിൽ നിന്ന് എണ്ണിച്ചുട്ട അപ്പം പോലെ ശമ്പളം വാങ്ങുന്ന ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥ രോടൊപ്പം അവൾ ഇറങ്ങി വന്നത് സനോജനെ സംബന്ധിച്ച് സന്തോഷം തന്നെയായിരുന്നു.

ദിവസങ്ങൾ മുന്നോട്ടു പോയി. അവളുടെ അച്ഛന്റെ പണത്തിന്റെ ബലം കൊണ്ട് അവൾ ടൗണിൽ തന്നെ ഒരു കട തുടങ്ങി. അവളുടെ വാക്ക് ചാതുര്യവും മറ്റുള്ളവരോട് ഇടപെടാനുള്ള കഴിവും അവളുടെ അച്ഛന്റെ ഇടപെടലുകളും ഒക്കെ കൊണ്ട് കട വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോയി.

ഓൺലൈനിൽ കൂടി ഡ്രസ്സുകളുടെ വില്പന ആരംഭിച്ചതോടു കൂടി അവൾ കുറച്ചു മെച്ചപ്പെട്ടു എന്ന് തന്നെ പറയാം.

അതിനിടെ അവൾ വീണ്ടും പ്രഗ്നന്റ് ആണ് എന്ന വിവരം എല്ലാവരും അറിഞ്ഞു. ആ സമയത്ത് കുഞ്ഞിന് മൂന്നുമാസം വളർച്ചയുണ്ടായിരുന്നു.

സനോജിനെ സംബന്ധിച്ച് അത് വലിയൊരു സന്തോഷവാർത്ത തന്നെയായിരുന്നു. പക്ഷേ മീരയെ സംബന്ധിച്ച് വലിയ ഉത്സാഹം ഒന്നും കാണാനുണ്ടായിരുന്നില്ല.

ചിലപ്പോൾ അത് പ്രഗ്നൻസിയെ സമയത്തുള്ള ഹോർമോൺ വ്യതിയാനം കൊണ്ട് ഉണ്ടായതായിരിക്കും എന്ന് പലരും പറഞ്ഞു. സനോജും അങ്ങനെ തന്നെ വിശ്വസിച്ചു.

പക്ഷേ ഒരു ദിവസം ഓഫീസിൽ ഇരുന്ന അവനെ തേടി ഒരു ഫോൺകോൾ വന്നെത്തി.

മീര അവളുടെ കടയിൽ സ്റ്റെപ്പിൽ നിന്ന് വഴുതി വീണെന്നും ആശുപത്രിയിൽ അഡ്മിറ്റ് ആണ് എന്നും ഒക്കെ ആയിരുന്നു ആ വാർത്ത.

അവന് അത് വല്ലാത്തൊരു സങ്കടമാണ് നൽകിയത്.

അവൻ ഓടി പിടച്ച് ആശുപത്രിയിലേക്ക് എത്തുമ്പോൾ അ*ബോഷൻ കഴിഞ്ഞിരുന്നു. നിസ്സഹായതയോടെയും വേദനയോടെയും അവൻ ആശുപത്രി വരാന്തയിൽ നിന്ന് പൊട്ടിക്കരഞ്ഞു.

അവന്റെ കണ്ണുനീർ കണ്ടു അവനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ അവന്റെ വീട്ടുകാർ പതറി പോയി.

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയതിനുശേഷം ആണ് മറ്റുള്ളവരൊക്കെ ഞെട്ടിക്കുന്ന ഒരു വാർത്ത അറിയുന്നത്.

വയറ്റിലുള്ള കുഞ്ഞിനെ മീര മനപ്പൂർവം കൊന്നു കളഞ്ഞതാണ്. പപ്പായയിലും പൈനാപ്പിളും ഒക്കെ ആരുമറിയാതെ അവൾ കഴിക്കുമായിരുന്നു എന്ന വിവരം എല്ലാവർക്കും ഒരു ഞെട്ടൽ ആയിരുന്നു.

” നീ എന്തിനാടി ഇത്രയും വലിയൊരു പാപം ചെയ്തത്..? കുഞ്ഞിനെ വേണ്ടായിരുന്നു എങ്കിൽ ആ പണിക്ക് നിൽക്കാതിരുന്നാൽ പോരായിരുന്നോ? എന്തിനാണ് ഒരു ശാപം വാങ്ങി തലയിലേറ്റുന്നത്..? “

സനോജ് കരഞ്ഞുകൊണ്ട് അവളോട് ചോദിച്ചു.

“നിങ്ങൾ എന്തറിഞ്ഞിട്ടാ ഈ പറയുന്നത്.? എന്റെ വയറ്റിൽ ഉണ്ടായത് ഒരു പെൺകുഞ്ഞ് ആണെന്ന് നിങ്ങൾ അറിഞ്ഞതല്ലേ..? അതിനെ എങ്ങനെ വളർത്തി പഠിപ്പിച്ചു എന്നൊക്കെയാണ് നിങ്ങൾ പറയുന്നത്.അതിനൊക്കെയുള്ള സാമ്പത്തിക സ്ഥിതി നിങ്ങളുടെ കയ്യിലുണ്ടോ…? ഒരു സർക്കാർ ഓഫീസിലെ പിയൂണിന് എന്തു വരുമാനം കിട്ടാനാണ്..? അതുകൊണ്ട് എങ്ങനെയാണ് രണ്ട് പെൺകുട്ടികളുടെ കാര്യം നോക്കുന്നത്..? നിങ്ങൾക്ക് അങ്ങനെ യാതൊരു ചിന്തയും ഉണ്ടല്ലോ..”

മീര പറഞ്ഞതൊക്കെ കേട്ടിട്ട് സനോജിന് വല്ലാത്തൊരു അത്ഭുത മായിരുന്നു.

” എന്റെ ജോലിയും സാമ്പത്തിക സ്ഥിതിയും ഒക്കെ അറിഞ്ഞുവച്ചുകൊണ്ട് തന്നെയല്ലേ നീ എന്റെ കൂടെ ഇറങ്ങിപ്പോന്നത്..?എന്നിട്ട് അത് നിനക്ക് ഒരു അപമാനം ആയി തോന്നുന്നുണ്ടോ..? “

ദേഷ്യത്തിൽ സനോജ് ചോദിച്ചപ്പോൾ മീര മൗനം പാലിച്ചു.

” പക്ഷേ ഇതോടു കൂടി നിന്നോടുണ്ടായിരുന്ന എന്റെ ഇഷ്ടം അവസാനിച്ചു. ഒരു കുഞ്ഞിനെ കൊ*ന്നുകളയാനുള്ള മാനസികാവസ്ഥയുള്ള നിനക്ക് നാളെ എന്നെ കൊ*ന്നു കളയാൻ തോന്നും.. എന്റെ കുട്ടി നിന്റെ കൂടെ എങ്ങനെ ജീവിക്കും എന്ന് ഓർത്ത് എനിക്ക് വിഷമം ഉണ്ട്..പക്ഷേ ഇനിയും നിന്നെ എന്റെ കൺമുന്നിൽ കാണുന്ന ഓരോ നിമിഷവും എന്റെ കുഞ്ഞിന്റെ കൊ*ലയാളി എന്നല്ലാതെ നിന്നെക്കുറിച്ച് ഓർക്കാൻ എനിക്ക് പറ്റില്ല.!”

അവൻ പറഞ്ഞ വാക്കുകൾ അവൾക്ക് ഒരു ആഘാതം ആയിരുന്നെങ്കിൽ ആ നിമിഷം അവൾക്ക് അവളുടെ അഹങ്കാരമായിരുന്നു വലുത് .

“നിങ്ങൾ ഇല്ലെങ്കിലും എനിക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല..”

ദേഷ്യത്തോടെ അവൾ പറഞ്ഞു കഴിഞ്ഞതും അവൻ ആ വീട്ടിൽ നിന്ന് ഇറങ്ങി നടന്നു. അവൻ പോകുന്നത് നോക്കി അവൾ നിർവികാരയായി നിന്നു.

ദിവസങ്ങൾ മുന്നോട്ടു പോകവേ അവളുടെ ബിസിനസിൽ തകർച്ച നേരിട്ടു.

സ്വന്തം കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ കയറി ചെന്നപ്പോൾ അവളുടെ ജീവിതം തീരെ സുഖകരമായിരുന്നില്ല. അമ്മയുടെ അസുഖം നിമിത്തം അച്ഛൻ തന്റെ സ്വത്ത് വകകൾ മുഴുവൻ വിറ്റ് അമ്മയെ ചികിത്സിക്കുകയായിരുന്നു.

ജീവിതത്തിൽ ഒന്നുമില്ലാതെ ഒറ്റപ്പെട്ട നിൽക്കേണ്ടി വന്നപ്പോൾ, അവൾ അവനെ ഓർത്തു. തനിക്ക് താങ്ങും തണലുമായി നിന്നിരുന്നവനെ…

പക്ഷേ അപ്പോഴേക്കും തിരുത്താൻ ആവാത്ത രീതിയിൽ പല തെറ്റുകളും സംഭവിച്ചു കഴിഞ്ഞിരുന്നു..

☆☆☆☆☆☆☆☆☆

Leave a Reply

Your email address will not be published. Required fields are marked *