എഴുത്ത്:- ശ്രീജിത്ത് ഇരവിൽ
നിന്ന നിൽപ്പിൽ മോനെ കാണുന്നില്ല! ഈ ക്ഷേത്ര മുറ്റത്തെ ബഹളത്തിനിടയിൽ ആരോടാ ഞാനൊന്നു പോയി ചോദിക്കുക…
കുപ്പായമൂരി തോളിലിട്ട് തൊഴുകൈയ്യുമായി അരികിലൂടെ പോയ ഒരാളോട് മാധവനെ കണ്ടോയെന്ന് ഞാൻ ആരാഞ്ഞു.
‘കണ്ട് കണ്ടേ.. മാധവൻ മഹാദേവൻ..’
എന്നും പറഞ്ഞ് കുറച്ച് കൂടി ഭക്തിമയത്തോടെ അയാൾ എന്നെ കടന്നുപോയി. ഇത് നല്ല കഥ! ഞാനെന്റെ ഒറ്റ മോൻ മാധവനെ തിരയുമ്പോൾ മഹാദേവനെ കണ്ട കാര്യം പറയുന്നോ! ശിവ ശിവാ..!
എന്റെ പരിഭ്രമമൊക്കെ കണ്ടിട്ടാകണം ഒരു ചെറുപ്പക്കാരൻ അടുത്തേക്ക് വന്നിട്ട് അമ്മേയെന്ന് വിളിച്ചത്. ഞാൻ അവനെ വാത്സല്ല്യത്തോടെ നോക്കി. എന്തുപറ്റി അമ്മക്കെന്ന് ചോദിച്ചപ്പോൾ ഞാൻ കാര്യം പറഞ്ഞു.
‘ഞാനുമെന്റെ മോനും ദൂരേന്ന് വന്നതാണ്… അവന്റെ കൈ ഞാൻ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു… പക്ഷേ…!’
എന്റെ വാക്കുകൾ മുറിഞ്ഞു. ഉത്സവ പറമ്പിൽ കൂട്ടം തെറ്റിപ്പോയ കുഞ്ഞിന്റെ മനസ്സിലേക്കെന്റെ അറുപത്തിയെട്ട് വർഷങ്ങളോളം പ്രായമുള്ള ശരീരം മiറിഞ്ഞ് വീണു.
അമ്മ ഒന്നുകൊണ്ടും പേടിക്കണ്ടായെന്നും പറഞ്ഞ് അവൻ എന്നേയും കൂട്ടി നടക്കുകയായിരുന്നു. മുറുക്കാനും ചവച്ച് ആ ചില്ല് കൂട്ടിൽ നിന്ന് സദാസമയം മൈക്കിൽ വിളിച്ച് പറയുന്ന ഒരാളുടെ അടുത്താണ് ഇരുത്തിയത്. ആ ചെറുപ്പക്കാരൻ കാര്യങ്ങളെല്ലാം അയാളോട് പറഞ്ഞു. മോൻ വൈകാതെ വരുമെന്നും പറഞ്ഞ് എന്നോട് അതിമനോഹര മായി ചിരിച്ചുകൊണ്ട് അവൻ അകലുകയും ചെയ്തു. ക്ഷമയോടെ ഞാനെന്റെ മകൻ മാധവനെ കാത്തിരുന്നു.
ആ ഇരുത്തത്തിൽ എപ്പോഴോ എനിക്ക് നാലും കൂട്ടിയൊന്ന് മുറുക്കാൻ തോന്നിയിരുന്നു. മോനാകെ പരിഭ്രമിച്ചിട്ടുണ്ടാകും. അല്ലെങ്കിലും, എന്റെ തെറ്റാണ്.. മോന്റെ പിടുത്തം വിടാത്ത വിധം മുറുക്കെ പിടിക്കണ മായിരുന്നു ഞാൻ…
‘ഭക്ത ജനങ്ങൾക്കായുള്ള അറിയിപ്പ്. നെല്ലിയാം പതിയിൽ നിന്ന് മകനോടപ്പം ദർശനത്തിന് വന്ന കല്യാണിയമ്മ അറിയിപ്പോഫീസിലുണ്ട്. മകൻ മാധവൻ ബന്ധപ്പെടുക.. ‘
മൂന്ന് പ്രാവശ്യം അയാൾ അതുതന്നെ ആ മൈക്കിനോട് പറഞ്ഞു.. ഓരോ വട്ടം പറയുമ്പോഴും മൈക്കിന്റെ തുമ്പത്തെ സുഷിരങ്ങളിലേക്ക് മുറുക്കാന്റെ നീര് തെറിച്ചിറങ്ങുന്നുണ്ടായിരുന്നു. ഞാൻ അയാളോട് ഒന്ന് തുപ്പിക്കളഞ്ഞിട്ട് പറഞ്ഞൂടെടോയെന്ന് ചോദിച്ചത് അബദ്ധമായിപ്പോയി. അതിനായി വാ തുറന്നപ്പോഴേക്കും ഒരു കവിൾ മുറുക്കാൻ ചാറ് എന്റെ പുതുപുത്തൻ സെറ്റുമുണ്ടിൽ വീണ് തെറിച്ചു. വരാം നേരം മോൻ വാങ്ങി തന്നതായിരുന്നു.. എത്ര കാലത്തിന് ശേഷം അവൻ വാങ്ങിത്തന്ന സെറ്റുമുണ്ടായിരുന്നുവത്..!
എനിക്ക് സങ്കടമായി. മോൻ വന്ന് ചോദിച്ചാലെന്ത് പറയും! അല്ലെങ്കിലേ, ഞാൻ മുറുക്കുന്നത് അവന് ഇഷ്ട്ടമല്ല. അന്ന് അവനെന്റെ മുറുക്കാൻ പെട്ടിയെടുത്ത് തൊടിയിലേക്ക് എറിഞ്ഞത് ഇപ്പോഴും ഓർക്കുന്നു. ഞാൻ ധൃതിയിൽ പോയി പറ്റാവുന്ന പോലെ അതൊക്കെ വൃത്തിയാക്കി വന്നു. അപ്പോൾ അതായൊരു പെൺ കുട്ടി ഞാൻ ഇരുന്നിരുന്ന ഇടത്ത് നിന്ന് വിങ്ങി വിങ്ങി കരയുന്നു…
‘അയ്യോടാ…!’
എന്തിനാ കരയുന്നതെന്നും പറഞ്ഞ് ഞാൻ ആ പിഞ്ചിനെ ആശ്വസിപ്പിച്ചു.
‘ഭക്ത ജനങ്ങൾക്കായുള്ള അറിയിപ്പ്. തേക്കടിയിൽ നിന്ന് ദർശനത്തിനായി വന്ന സുരേന്ദ്രന്റെ മകൾ മിനിമോൾ കൂട്ടം തെറ്റി അറിയിപ്പോഫീസിലുണ്ട്. കുടുംബം ബന്ധപ്പെടുക… ‘
നേരം ഉച്ചയായി. മിനിമോളുടെ കുടുംബം വന്ന് അവളെ ഉമ്മവെച്ച് വാരിപ്പുണർന്ന് കൊണ്ട് പോയി. പോകാൻ നേരം അമ്മൂമ്മ വിഷമിക്കേണ്ടായെന്ന് അവൾ എന്നോട് പറഞ്ഞിരുന്നു. പാവം കുഞ്ഞ്.. നന്മയുള്ള കുഞ്ഞ്.. പക്ഷേ, എന്റെ മോൻ മാധവന് ഇതെന്ത് പറ്റി…!?
അറിയിപ്പോഫീസിൽ നിന്ന് വീണ്ടും വീണ്ടും എന്റെ കാത്തിരിപ്പിന്റെ വാർത്ത അയാൾ പറഞ്ഞു. ഭക്ത ജനങ്ങൾ സകലരും ആവർത്തിച്ച് കേട്ടിട്ടും എന്റെ മോന്റെ കാതുകളിൽ മാത്രമത് എത്തിയില്ല.
സന്ധ്യ കഴിഞ്ഞു. എനിക്ക് ഉള്ളിലൊരു വിറയൽ അനുഭവപ്പെട്ടു. വിറച്ച് വിറച്ച് ശരീരമാകെ വിയർത്തു. തല ചുറ്റുന്നത് പോലെ! ഞാൻ ഇരുന്നയിടത്ത് നിന്ന് വീഴുമെന്ന് തോന്നിയപ്പോഴേക്കും ആരൊക്കെയോ എന്നെ താങ്ങിപ്പിടിച്ചു. അവരുടെ സംസാരം മുഴുവൻ ആ ക്ഷേത്ര പരിസരത്ത് ഉപേക്ഷിക്കപ്പെട്ട വൃദ്ധജനങ്ങളെ പറ്റി യായിരുന്നു…
‘മോന്റെ ഫോൺ നമ്പർ വല്ലതുമുണ്ടോ അമ്മേ…?’
എനിക്ക് വെള്ളം തന്ന മകനോളം പ്രായമുള്ള ഒരുത്തനാണ് അങ്ങനെ ചോദിച്ചത്. ഇല്ലെന്റെ മോനേയെന്നും പറഞ്ഞ് ഞാൻ അവന്റെ പള്ളയിൽ തല ചേർത്ത് പൊട്ടി കരഞ്ഞു. എനിക്ക് വിശ്വസ്സിക്കാ നാകുന്നില്ല! എന്റെ മോനെന്നെ…
‘ശരിക്കുമെന്താ സംഭവിച്ചതമ്മേ…?’
ഞാൻ തലയുയർത്തി. ശേഷം, കണ്ണ് തുടച്ച് മൂക്ക് പിഴിഞ്ഞു. തുടർന്ന്, ചുറ്റിലും കൂടി നിന്നവരൊക്കെ കേൾക്കാൻ പാകം വിറയലോടെയാണ് ഞാനത് പറഞ്ഞ് തീർത്തത്.
‘ഞാനുമെന്റെ മോനും ദൂരേന്ന് വന്നതാണ്… അവന്റെ കൈ ഞാൻ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു…. പക്ഷേ…!!!’