നവനീത് വൈകിട്ട് വീട്ടിലെത്തുമ്പോൾ കണ്ടു, കരയാൻ ശേഷിയില്ലാത്ത തളർന്നിരിക്കുന്ന കുഞ്ഞിനെ.
അമ്മ പറഞ്ഞതുപോലെ തന്നെ ചെയ്തു അല്ലേ?എങ്ങനെ തോന്നി ഈ പിഞ്ചു കുഞ്ഞിനെ അവരിൽ നിന്നും എടുത്തുകൊണ്ടു പോരാൻ?എന്റെ അമ്മയുടെ മനസ്സ് ഇത്രയ്ക്ക് ദുഷ്ടത്തരം നിറഞ്ഞതായിരുന്നു അല്ലേ?
ചെറുക്കാ എന്റെ വായിലിരിക്കുന്നത് ഒന്നും കേൾക്കരുത് കേട്ടോ.
നിനക്ക് പറ്റുമെങ്കിൽ ഈ പാലൊന്നു കൊച്ചിനെ കുടിപ്പിക്ക്.ഞാൻ കൊടുത്തിട്ട് കൊച്ച് പാല് കുടിക്കുന്നില്ല.
പൊന്നിക്ക് മാമൻ തരാം കേട്ടോ. അവൻ അമ്മയുടെ കയ്യിൽ നിന്നും പാൽ വാങ്ങി.പോന്നിയേയുംകൊണ്ട്പ തിയെ മുറ്റത്തേക്ക് ഇറങ്ങി, കാക്കയെയും പൂച്ചയെയും ഒക്കെ കാണിച്ച്, കുറെനേര മെടുത്തെങ്കിലും അവൻ മുഴുവൻ പാലും കുഞ്ഞിനെ കുടിപ്പിച്ചു.
അവൻ കുഞ്ഞിനെയും തോളിലിട്ട് പതിയെ മുറ്റത്ത് കൂടി അങ്ങോട്ടു മിങ്ങോട്ടും നടന്നു. കരഞ്ഞു കരഞ്ഞു കുഞ്ഞ്ത ളർന്നിരുന്നതു കൊണ്ടാവാം, അവന്റെ തോളിൽ കിടന്ന് കുഞ്ഞുറങ്ങി.
അവൻ പൊന്നിയെ അമ്മയുടെ മുറിയിലെ കട്ടിലിൽ കിടത്തി.
ശേഷം അവൻ അടുക്കളയിലേക്ക് ചെന്നു
അമ്മേ….രണ്ടുമൂന്നു ദിവസം വേണമെങ്കിൽ പൊന്നിയെ ഇവിടെ നിർത്താം.അത് കഴിയുമ്പോൾ കുഞ്ഞിനെ ശരത്തേട്ടന്റെയും ഗൗരിയേടത്തിയുടെയും അടുത്തേക്ക് തന്നെ കൊണ്ടു വിടാം അമ്മേ, കുഞ്ഞിന് അവരുടെ കൂടെ നിൽക്കാനാ ഇഷ്ടം. ഇപ്പോൾ തന്നെ കണ്ടില്ലേ കരഞ്ഞു കരഞ്ഞ് കുഞ്ഞു വല്ലാതെ തളർന്നു.
ഇക്കാര്യത്തിൽ ഒരു അഭിപ്രായവും നീ പറയണ്ട. വേണ്ടതെന്താന്നു വച്ചാൽ ഞാൻ ചിന്തിച്ചു ചെയ്തോളാം. ഇനി ഇക്കാര്യം പറഞ്ഞ് എന്റെ പിറകെനടന്നാൽ, നീ വലുതായിഎന്നൊന്നും ഞാൻ നോക്കില്ല. അടിച്ചു നിന്റെ പുറം പൊട്ടിക്കും പറഞ്ഞേക്കാം.
അവന് അമ്മയോട് വല്ലാത്ത ദേഷ്യം തോന്നി. പൊന്നിയെ അമ്മ അറിയാതെ എടുത്തുകൊണ്ട് ശരത്തേട്ടന്റേയും ഗൗരിയേട്ടത്തിയുടെയും കയ്യിൽ കൊടുത്താലോ എന്ന് അവൻ ആലോചിച്ചു.
വേണ്ട. അമ്മ പിന്നെയും ചെന്ന് കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ട് പോരും.
വെറുതെ അങ്ങോട്ടുമിങ്ങോട്ടും ഇട്ട് തട്ടാൻ അത് പന്തൊന്നും അല്ലല്ലോ,പാവം ഒരു മനുഷ്യക്കുഞ്ഞല്ലേ.
♡♡♡♡♡♡♡♡♡♡♡♡♡♡
ഗൗരി മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങില്ല. കുഞ്ഞിന്റെ ഉടുപ്പും കുഞ്ഞിന്റെ കളിപ്പാട്ടങ്ങളും ഒക്കെ എടുത്ത് തൊട്ടും തലോടിയും അവൾകട്ടിലിൽ ഇരുന്നു.
പൊന്നി ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും. കരയുക യായിരിക്കുമോ ,മ്മേ.. മ്മേ… എന്ന് വിളിച്ച് എന്നെ തേടി നടക്കുകയായിരിക്കുമോ?എന്റെ കുഞ്ഞ് എന്തെങ്കിലും കഴിച്ചിട്ട് ഉണ്ടായിരിക്കുമോ,
ശരത്തേട്ടന്റെ നെഞ്ചിലെ ചൂട് കിട്ടിയാലേ രാത്രി അവൾ ഉറങ്ങുകയുള്ളൂ…
ദൈവമേ എന്റെ കുഞ്ഞിനെ കാത്തോളണേ..
കുറച്ചുനേരം കഴിഞ്ഞപ്പോൾ അച്ഛൻ അകത്തേക്ക് കയറി വന്നു. കയ്യിൽ ഒരു ഗ്ലാസ് ചായയും ഉണ്ട്
മോളെ നീ ഈ ചായയെങ്കിലും ഒന്ന് കുടിക്ക്. ഇങ്ങനെ വിഷമിച്ചിരുന്നിട്ട് വല്ല കാര്യവുമുണ്ടോ. പൊന്നിയെ അവളുടെ അമ്മ കൊണ്ടുപോയാലും നമ്മൾ ഇതേ പോലെ വിഷമിക്കുമായിരുന്നില്ലേ…
മോളിപ്പോ ഈ ചായ കുടിക്ക്.
ഗൗരി ചായ വാങ്ങി.
ശരത്തേട്ടൻ എവിടെയാ അച്ഛാ?കണ്ടില്ലല്ലോ.
അവൻ പിന്നാമ്പുറത്തെ വരാന്തയിൽ ഇരിപ്പുണ്ട്.
ഗൗരി പിന്നാമ്പുറത്തേക്ക് ചെന്നു.
അയാൾ എന്തോ ആലോചിച്ചിരിക്കുകയാണ്
ശരത്തേട്ടാ….അവൾ അയാളുടെ അടുത്തിരുന്നു.
അയാൾ പതിയെ പുഞ്ചിരിച്ചു അവളുടെ തോളിലേക്ക് കയ്യിട്ടു തന്നിലേക്ക് അവളെ ചേർത്ത് പിടിച്ചു. നമുക്ക് നമ്മളെ ഉള്ളൂ. താൻ വിഷമിക്കുക യൊന്നും ചെയ്യരുത്അ യാൾ അവളോട് പറഞ്ഞു.
ഗൗരി അയാളുടെ തോളിലേക്ക് തന്റെ തല ചേർത്ത് വെച്ചു.
സങ്കടപ്പെട്ട് സങ്കടപ്പെട്ട് ഇപ്പോൾ അതൊക്കെ ഒരു ശീലമായി ശരത്തേട്ടാ. എനിക്കെന്റെ ശരത്തേട്ടൻ ഉണ്ടല്ലോ അതുമതി. അവൾ നിറകണ്ണുകളോടെ ചിരിക്കാൻ ശ്രമിച്ചു.
കുഞ്ഞിന്റെ ചിരിയും കരച്ചിലും ഒന്നുമില്ലാതെ ആ വീട് ഉറങ്ങിപ്പോയിരുന്നു.
പൊന്നി അവിടെ ഇല്ലാത്ത വിഷമം മൂന്ന് പേരെയും വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അത്താഴം പോലും കഴിക്കാതെ അവർ നേരത്തെ കിടന്നുറങ്ങാൻ ശ്രമിച്ചു..
ആരുമറിയാതെ സ്വസ്ഥമായി ഒന്ന് പൊട്ടിക്കരയാൻ ഗൗരിയുടെ ഉള്ളം വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു
അവൾ സൈഡിലേക്ക് തിരിഞ്ഞു കിടന്നു. അവളുടെ ഇരു കണ്ണുകളും നിറഞ്ഞൊഴുകി കൊണ്ടിരുന്നു.
കുറേനേരം കഴിഞ്ഞപ്പോൾ അവൾ, ശരത്തിന് നേരെ തിരിഞ്ഞു കിടന്നു.
ശരത്ത് അപ്പുറത്തെ വശത്തേക്ക് തിരിഞ്ഞാണ് കിടക്കുന്നത്.
അവൾ അയാളെ മുറുകെ കെട്ടിപ്പിടിച്ചു. സുഖത്തിലും ദുഃഖത്തിലും എനിക്കെന്റെയീ മനുഷ്യനുണ്ട്, അത് മതി.
ശരത്ത് അവൾക്ക് നേരെ തിരിഞ്ഞു കിടന്നു. അയാളുടെ നനഞ്ഞ മുഖവും, വിറയ്ക്കുന്ന ചുണ്ടുകളും കണ്ടപ്പോൾ അവൾക്ക് മനസ്സിലായി അയാളും കരയുകയായിരുന്നുവെന്ന്.
അയാൾ അവളുടെ നെഞ്ചിലേക്ക് മുഖമമർത്തി കിടന്നു. ഒരു കുഞ്ഞിനെയെന്ന പോലെ അവൾ അയാളെ പൊതിഞ്ഞു പിടിച്ചു.
അയാളുടെ കണ്ണുനീർ അവളുടെ നെഞ്ചിൽ പടരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അയാൾ കരയുന്നത് ആദ്യമായാണ് അവൾ കാണുന്നത്. അവളുടെ ഉള്ളം വല്ലാതെ പിടഞ്ഞു.
☆☆☆☆☆☆☆☆☆☆☆
നീന അമ്മയെ വിളിച്ചു
അമ്മേ പൊന്നി എവിടെ?
കുഞ്ഞ് ഉറങ്ങി മോളെ
പൊന്നി കരച്ചിലായിരുന്നോ അമ്മേ?
ഹേയ്…അത്ര വലിയ കുഴപ്പമൊന്നുമില്ലായിരുന്നു.
പിന്നെ കുട്ടികളല്ലേ,ഇത്രയും നാൾ വളർത്തിയവരെ വിട്ടുപോരുമ്പോൾ ഒരു ചെറിയ സങ്കടം കാണാതിരിക്കില്ലല്ലോ. കുറച്ചുനേരമൊക്കെ കരഞ്ഞു. നീ കുഞ്ഞിന്റെ കാര്യം ഓർത്തു വിഷമിക്കുവൊന്നും വേണ്ട.കുഞ്ഞ് രണ്ടുദിവസം കൊണ്ട് ഇവിടവുമായി ഇണങ്ങും.
അമ്മേ…. ഗൗരിയടത്തി പൊന്നിയെ നോക്കിയത് പോലെ നന്നായി നോക്കണേ…
ഗൗരി നോക്കിയതിനേക്കാൾ നന്നായിത്തന്നെ ഞാൻ നമ്മുടെ കുഞ്ഞിനെ നോക്കും.
അമ്മേ…കുഞ്ഞിന് ആവശ്യമായ ബേബി ഫുഡ് ഒക്കെ വാങ്ങാൻ ഉള്ള കാശ് ഞാൻ ഇട്ടിട്ടുണ്ട്. അവൾക്ക് വേണ്ടെന്നതെല്ലാം വാങ്ങി കൊടുക്കണം കേട്ടോ.
അതൊക്കെ വാങ്ങി കൊടുത്തോളാം. നാളെ നവനീതിന് ക്ലാസ് ഇല്ലാത്ത ദിവസമല്ലേ നാളെ അവനെയും കൂട്ടി ഒന്ന് പുറത്തു പോകാമെന്ന് വിചാരിച്ചിരിക്കുകയാണ്. കൊച്ചിന് ഉടുപ്പൊക്കെ വാങ്ങണം അവിടെ നിന്നും ഉടുപ്പോ,കളിപ്പാട്ടങ്ങളോ ഒന്നും കൊണ്ടു വന്നിട്ടില്ല. ഇനി വേണം അതൊക്കെ വാങ്ങിക്കാൻ.
ഒക്കെ വാങ്ങിച്ചോ, നല്ലത് നോക്കി വാങ്ങണം കേട്ടോ അമ്മേ..
നമ്മുടെ കൊച്ചിന് നമ്മൾ നല്ലതല്ലാതെ വല്ലതും വാങ്ങുമോ, ഏറ്റവും നല്ലത് തന്നെ അവൾക്കായി വാങ്ങി കൊടുക്കും. അവൾ ഇവിടുത്തെ രാജകുമാരിയല്ലേ..
നീനക്ക് ആശ്വാസമായി..
എന്നാൽ ശരി ഞാൻ നാളെ വിളിക്കാം അമ്മേ
ശരി.
ഭക്ഷണം കഴിച്ചിട്ട് അവർ കിടക്കാനൊരുങ്ങി..
ഈയിടെയായി ചെറിയ നടുവേദന ഉണ്ട്. അതുകൊണ്ട് നന്നായി ഒന്നുനീണ്ടുനിവർന്ന് കിടക്കണം എന്ന് ഗീതക്ക് തോന്നി.
ഗീത കട്ടിലിലേക്ക് കിടന്നതും, പൊന്നി ഉണർന്നു. ഗീതയുടെ നേർക്ക് പേടിയോടെ നോക്കിയിട്ട് അവൾ ഉറക്കെ കരയാൻ തുടങ്ങി.
ഗീത കുഞ്ഞിനെ എടുത്തു.
മ്മേ…. അച്ഛ…… പൊന്നി… എക്ക്… അവൾ കൈ നീട്ടി ഉറക്കെ കരഞ്ഞു.
ഗീത അവളെ തോളിൽ കിടത്താൻ നോക്കിയിട്ട്, അവൾ കിടക്കാൻ കൂട്ടാക്കാതെ ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു.
ഇടയ്ക്കിടെ ഗീതയുടെ മുഖത്തേക്ക് ഭീതിയോടെ നോക്കിക്കൊണ്ട് അവൾ ഗീതയുടെ കൈകളിൽ നിന്നും ഊർന്നിറങ്ങാൻ ശ്രമിച്ചു…
അമ്മമ്മയുടെ പൊന്നല്ലേ കരയാതിരിക്ക്. കരഞ്ഞാലേ വലിയ മാക്കാച്ചി വന്നു പിടിച്ചുകൊണ്ടുപോകും.
അതുകൂടി കേട്ടതോടെ പൊന്നി, കരച്ചിൽ ഒന്നുകൂടി ശക്തമാക്കി. രാത്രിയുടെ നിശബ്ദതയിൽ കുഞ്ഞിന്റെ കരച്ചിൽ മാത്രം മുഴങ്ങി കേട്ടു
എന്താ അമ്മേ… മോൾ ഉറങ്ങുന്നില്ലേ? അടുത്ത മുറിയിൽ നിന്നും നവനീതിറങ്ങി വന്നു. കരയണ്ട ട്ടോ… മാമൻ മോളെ ഉറക്കിക്കോളാം.
അവൻ കുഞ്ഞിനെ തോളിലിട്ട് മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
അവന്റെ തോളിൽ കിടന്ന് കുഞ്ഞ് മയങ്ങാൻ തുടങ്ങി.
നവനീത് കുഞ്ഞിനെ കട്ടിലിൽ കിടത്താൻ തുടങ്ങിയപ്പോഴേക്കും അവൾ ഉണർന്നു. കുഞ്ഞിനെ എടുത്ത് നടന്ന് അവൻ വല്ലാതെ മടുത്തിരുന്നു.
അമ്മേ… ഇനി അമ്മ കുഞ്ഞിനെ കുറച്ചു നേരം തോളിൽ കിടത്ത്,ഞാൻ അല്പം നേരം ഉറങ്ങട്ടെ.
എടാ…എനിക്ക് അങ്ങനെ എടുത്തോണ്ട് നടക്കാൻ ഒക്കില്ല.
അമ്മക്കായിരുന്നല്ലോ കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ടുവരണമെന്ന് നിർബന്ധം. അപ്പോൾപിന്നെ അമ്മയുടെ ഉത്തരവാദിത്തമല്ലേ കുഞ്ഞിനെ കരയാതെ നോക്കുക എന്നുള്ളത്.
എന്നാൽ ഇങ്ങു കൊണ്ടുവാ… അമ്മ കുഞ്ഞിന് നേരെ കൈ നീട്ടി.
വേണ്ട. ഞാൻ തന്നെ ഉറക്കിക്കോളാം. അല്ലെങ്കിൽ ഈ പാതിരാത്രിയിൽ കുഞ്ഞ് കരഞ്ഞു കരഞ്ഞു മടുക്കുകയേ ഉള്ളൂ..
അമ്മ ഇത്തിരി അങ്ങോട്ട് നീങ്ങി കിടക്ക്,ഞാനുംഇന്ന് ഇവിടെ കിടക്കാം.
അവൻ കുഞ്ഞിനെ തന്നിലേക്ക് ചേർത്തുപിടിച്ചു കിടത്തി.
♡♡♡♡♡♡♡♡♡♡♡♡♡
ഗൗരി രാവിലെ എഴുന്നേറ്റു. ഒന്നിനും ഒരുൽസാഹവുമില്ലാത്തത് പോലെ. എങ്കിലും അവൾ അടുക്കളയിലേക്ക് നടന്നു
ഓരോന്നാലോചിച്ച് വിഷമിച്ചിട്ട് കാര്യമില്ല എന്ന് അവൾ സ്വയം പറഞ്ഞു പഠിപ്പിച്ചിരുന്നു. എങ്കിലും മനസ്സല്ലേ… ചിലപ്പോളെല്ലാം കൈവിട്ടു പോകുന്നതു പോലെ തോന്നും. പൊന്നി ഇപ്പോൾ എന്ത് ചെയ്യുക യായിരിക്കും എന്ന ചിന്ത അവളെ വല്ലാതെ അലട്ടി. അവളെ കാണാതിരിക്കാൻ തനിക്ക് പറ്റുന്നില്ല.
ഗൗരി ശരത്തിന്റെ അടുത്തേക്ക് ചെന്നു.
ശരത്തേട്ടാ നമുക്ക് രാവിലെ നീനയുടെ വീട് വരെ ഒന്ന് പോയാലോ, പൊന്നി എന്ത് ചെയ്യുകയാണെന്നറിയാതെ എനിക്കൊരു സമാധാനവുമില്ല.
അങ്ങോട്ട് പോകണ്ട. അവർക്കത് ഇഷ്ടമായില്ലെങ്കിലോ.
എനിക്കവരുടെ ഇഷ്ടമൊന്നും അറിയേണ്ട ശരത്തേട്ടാ…ഒരു വട്ടമെങ്കിലും എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് കാണണം. ഇല്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും.
വേണ്ട കുട്ടികളെ അങ്ങോട്ട് പോകണ്ട. അച്ഛൻ പറഞ്ഞു
അച്ഛാ എനിക്ക് പൊന്നിയെ കണ്ടേ തീരു..
പാടില്ല ഗൗരി അങ്ങോട്ട് പോകാൻ പാടില്ല. നിങ്ങളുടെ അരികിൽ നിന്നും ആ കുഞ്ഞിനെ അവർ പിടിച്ചുകൊണ്ടു പോയതാണ്. വീണ്ടും നിങ്ങൾ അങ്ങോട്ട് അന്വേഷിച്ചു പോകേണ്ട യാതൊരു ആവശ്യവുമില്ല. അവർ പറഞ്ഞത് എന്താണെന്ന് അറിയാമോ? കുട്ടികളില്ലാത്ത നിങ്ങൾ ആ കുഞ്ഞിനെ വളർത്തിയാൽ അതിന്റെ ദോഷമാ കുഞ്ഞിന് ഉണ്ടാകുമെന്ന്.
അങ്ങനെ പറയുന്നവർക്ക് അരികിലേക്കു നാണം കെട്ട് ചൊല്ലേണ്ട കാര്യമില്ല.
അവർ അങ്ങനെ പറഞ്ഞോ അച്ഛാ? ഗൗരി സങ്കടത്തോടെ ചോദിച്ചു.
എന്നോട് പറഞ്ഞതല്ല മോളെ. ഞാൻ ഇന്നലെ വൈകിട്ട് കവലക്ക് പോയപ്പോൾ എന്റെ സുഹൃത്തുക്കൾ എന്നോട് പറഞ്ഞതാണ്. അവർ എല്ലാവരോടും അങ്ങനെയാണത്രേ പറയുന്നത്.
അങ്ങനെയാണെങ്കിൽ ഞാൻ പോകുന്നില്ല. ഇനി ഞാൻ പോയിട്ട് എന്റെ പൊന്നിക്ക് ഒരു ആപത്തും ഉണ്ടാകരുത്. അവളുടെ ചുണ്ടിൽ ഒരു വിഷാദ പുഞ്ചിരി വിരിഞ്ഞു.
അത് കണ്ടപ്പോൾ ശരത്തിന്റെ ഉള്ളിൽ വല്ലാത്ത വേദന തോന്നി.
പാവം എന്റെ ഗൗരി.ഒരു കുഞ്ഞിനായി എത്ര വർഷങ്ങളായി അവൾ കൊതിക്കുന്നു.
ഇപ്പോൾ ഞങ്ങൾക്ക് അങ്ങനെയുള്ള പ്രതീക്ഷയൊന്നുമില്ല. എങ്കിലും പൊന്നി വന്നപ്പോൾ, ഞങ്ങൾ സ്വയമറിയാതെ അവളുടെ അച്ഛനും അമ്മയുമായി മാറി . അവൾ ഞങ്ങളുടെ മാത്രം കുഞ്ഞായി.
അത് തെറ്റായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലായി. ഞങ്ങൾ അവളെ അത്ര അകമഴിഞ്ഞ് സ്നേഹിക്കാൻ പാടില്ലായിരുന്നു.
ഞാൻ ജോലിയൊക്കെ ഒതുക്കട്ടെ ശരത്തേട്ടാ, ഇന്ന് ഞായറാഴ്ചയല്ലേ ഡാൻസ് പഠിക്കാൻ കുട്ടികൾ രാവിലെ മുതൽ വരും.
അവൾ അപ്പുറത്തേക്ക് പോയി, അവൾ എപ്പോഴും തിരക്കുകളിൽ മുഴുകാൻ ശ്രമിച്ചു.
ഇല്ല ഇനി പൊന്നിയെ ഓർക്കാതിരിക്കാൻ ശ്രമിക്കണം. ഇനിയും എന്റെ കുഞ്ഞിനെ ഞാൻ ഓർത്തു പോയാൽ,പിടിച്ചുനിൽക്കാൻ സാധിച്ചു എന്ന് വരില്ല. ഓടിപ്പോയി തന്റെ കുഞ്ഞിനെ ഇങ്ങോട്ട് എടുത്തുകൊണ്ടുപോരും.
അവൾ ജോലികൾ ഓരോന്നായി തീർത്തിട്ട്. കുട്ടികളെ പഠിപ്പിക്കാനായി ഇറങ്ങി.
ശരത് ഓട്ടോറിക്ഷ എടുത്ത് പുറത്തേക്ക് പോയി.
ഓട്ടോ സ്റ്റാൻഡിൽ കിടക്കുമ്പോൾ, അവന്റെ ഓർമ്മയിലത്രയും കുഞ്ഞായിരുന്നു. വെറുതെ അവരുടെ വീടിനു മുന്നിലൂടെ ഒന്ന് പോയി നോക്കിയാലോ? പൊന്നി കരച്ചിലാണോ എന്ന് അറിയാമല്ലോ.
അല്ലെങ്കിൽ വേണ്ട. പൊന്നി സന്തോഷമായിട്ടാണ് ഇരിക്കുന്നതെങ്കിൽ തന്നെ എങ്ങാനും കണ്ടാൽ വീണ്ടും അവൾ കരച്ചിൽ തുടങ്ങും.അവൾ എന്നും സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടാൽ മതി.
അയാൾ തന്റെ നെഞ്ചിൽ തിരുമ്മി. തന്റെ ഉടലിനിപ്പോൾ പൊന്നിയുടെ മണം ആണെന്നയാൾക്ക് തോന്നി. ബേബി പൗഡറിന്റെയും,രാസ്നാദ പൊടിയുടെയും, പാലിന്റെയും ഒക്കെ ഇടകലർന്ന ഇളം ഗന്ധം
♡♡♡♡♡♡♡♡♡♡♡♡
ഗീത എഴുന്നേറ്റ് കുഞ്ഞിനുള്ള പാൽ തിളപ്പിച്ചു. നവനീതിന്റെ കൈകളിൽ കിടന്ന് കുഞ്ഞ് നല്ല ഉറക്കമാണ്.
കുഞ്ഞ് ഉണരുമ്പോൾ കൊടുത്താൽ മതി, കുഞ്ഞിനെ ഉണർത്താൻ നോക്കിയാൽ അവൾ ചിലപ്പോൾ കരഞ്ഞെന്ന് വരും.
ഈ കൊച്ചാണെങ്കിൽ ഒരു പ്രത്യേകതരം സ്വഭാവമാ കരച്ചിൽ തുടങ്ങിയാൽ പിന്നെ നിർത്തില്ല.അല്ല,കുഞ്ഞിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലല്ലോ ഗൗരിയും ശരത്തും കൂടി അങ്ങനെയൊക്കെയല്ലേ കുട്ടിയെ വളർത്തിയത്.
അവർക്ക് കുഞ്ഞിനെ വളർത്താൻ അറിയാമോ? പിടിവാശിയും വഷളത്തരങ്ങളും ഒക്കെ കുഞ്ഞിനെ പഠിപ്പിച്ചു വച്ചിട്ടുണ്ട്. ഇനി വേണം അവളെ മിടുക്കിയായി വളർത്തിയെടുക്കാൻ.
നവനീത് ഉറക്കമുണർന്ന് കട്ടിലിൽ നിന്നും പതിയെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴേക്കും കുഞ്ഞും കരച്ചിലോടെ എഴുന്നേറ്റു.
അമ്പടി…മാമന്റെ പൊന്നി എഴുന്നേറ്റോ? അവൻ കുഞ്ഞിനെ എടുത്തു.
മ്മ…. മ്മ….കുഞ്ഞ് വിതുമ്പി.
കരയണ്ട നമുക്ക് അമ്മയുടെ അടുത്ത് പോകാം കേട്ടോ.
ആഹാ എഴുന്നേറ്റോ. അമ്മമ്മയുടെ ചക്കര ഇങ്ങ് വന്നേ…
ഗീത കൈനീട്ടി.
കുഞ്ഞ് ഗീതയുടെ നേർക്ക് നോക്കുക കൂടി ചെയ്തില്ല.
ആഹാ നിനക്ക് മാമനെ മാത്രം മതിയോ.
എടാ നീ കൊച്ചിന്റെ മുഖമൊക്കെ ഒന്ന് കഴുകിപ്പിച്ചിട്ട് ,ഈ പാലൊന്നു കുഞ്ഞിനെ കുടിപ്പിക്ക്.
അയ്യട ഓർഡർ ഇടാൻ എത്ര എളുപ്പമാണ് അല്ലേ. എല്ലാം എന്നെക്കൊണ്ട് ചെയ്യിപ്പിക്കാൻ വേണ്ടിയാണോ, അമ്മ കുഞ്ഞിനെ എടുത്തുകൊണ്ടു വന്നത്.
കൊച്ചിനെ ഇങ്ങോട്ട് കൊണ്ടുവാടാ ചെറുക്കാ… എനിക്കറിയാം കൊച്ചിനെ പാല് കുടിപ്പിക്കാൻ. ഗീത ബലമായി കൊച്ചിനെ വലിച്ചെടുത്തു.
കുഞ്ഞ് ഉറക്കെ കരയാൻ തുടങ്ങി.
മിണ്ടാതിരിക്കെടീ…എപ്പോ നോക്കിയാലുംകീ… കീ… എന്നുള്ള കരച്ചിൽ.
ഗീതയുടെ ശബ്ദം കേട്ട് കുഞ്ഞ് പേടിച്ചുപോയി.
കുഞ്ഞ് കരച്ചിൽ അടക്കിപ്പിടിച്ച് പേടിയോടെ ഗീതയുടെ മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്നു.
അമ്മേ… അമ്മ കൊച്ചിനെ വഴക്ക് പറയല്ലേഅത് ഒരു പിഞ്ചുകുഞ്ഞല്ലേ…
നീ പോടാ…
ഗീത കുഞ്ഞിനെ പാൽ കുടിപ്പിച്ചു.
ഇടയ്ക്കിടെ ഗീതയെ പേടിയോടെ നോക്കിക്കൊണ്ട് കുഞ്ഞ് പാൽ മുഴുവനും കുടിച്ചു.
ഉം..നല്ല കുട്ടി. ഗീത കുഞ്ഞിന്റെ കവിളിൽ ഉമ്മ വച്ചു.
ഗീത ചേച്ചിയെ….
ഉറക്കെയുള്ള വിളി കേട്ട് ഗീത കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് ഇറങ്ങി.
അല്ല ആരിത്, മിനിയോ.
ഗീത ചേച്ചി എന്നാ ഉണ്ട് വിശേഷം.
ഇതൊക്കെ തന്നെയല്ലേ വിശേഷം എന്റെ മകളുടെ കുഞ്ഞിനെ ഞാൻ ഇങ്ങോട്ട് കൊണ്ടുപോന്നു. അതുകൊണ്ട് സമാധാനമായി ഒന്നിരിക്കാൻ പോലും നേരം കിട്ടുന്നില്ല.
അതെന്താ ചേച്ചി കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ടു പോന്നത്?
പ്രത്യേകിച്ചൊന്നും ഉണ്ടായിട്ടല്ല മിനി. നീന മോൾ വരുമ്പോൾ കുഞ്ഞിനെയും വിദേശത്തേക്ക് കൊണ്ടുപോകാനാണ് തീരുമാനം . അതുവരെ ഇവിടെ എന്റെ കൂടെ നിർത്താം എന്ന് വിചാരിച്ചു.
ആ ചേച്ചി…ഞാനിപ്പോൾ വന്നതേ… ഇന്ന് നമ്മുടെ കുടുംബശ്രീ വാർഷികത്തിന് എന്തൊക്കെ പരിപാടികൾ നടത്തണമെന്ന്തീ രുമാനിക്കാൻ വേണ്ടി ഒരു ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
അയ്യോ ഇന്ന് ഞങ്ങൾ ഒന്ന് പുറത്തു പോകാൻ ഇരിക്കുകയായിരുന്നു കുഞ്ഞിന് കുറച്ച് സാധനങ്ങൾ ഒക്കെ വാങ്ങാൻ ഉണ്ട്.ഗീത പറഞ്ഞു.
അത് വൈകുന്നേരം ആയാലും പോയാൽ മതിയല്ലോ. ഗീത ചേച്ചി വരാതെ ഒരു കാര്യവും നടക്കില്ല.ചേച്ചി വന്നേ പറ്റൂ…
എന്നാൽ ഞാൻ വരാം.
ശരി ചേച്ചി എന്നാൽ ഞാൻ പോയേക്കുവാ…
ഗീതയ്ക്ക് ഒരു ഗമ ഒക്കെ തോന്നി. ഗീത അകത്തേക്ക് ചെന്നു, കുഞ്ഞിനെ നിലത്തു നിർത്തിയിട്ട് അലമാര തുറന്ന് ഏത് സാരി ഉടുക്കണം എന്ന് നോക്കി. പുതുതായി വാങ്ങിയ സാരി ഉടുക്കാം. നീലയിൽ സ്വർണ്ണ കസവ് തുന്നിയ പുതിയ സാരി കണ്ട് പെണ്ണുങ്ങൾ അസൂയ കൊള്ളണം.
പൊന്നി പതിയെ പിച്ചനടന്ന് മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
സാരിയുടെ ഭംഗിയും നോക്കിനിന്ന ഗീത കുഞ്ഞ് പുറത്തേക്ക് ഇറങ്ങിയത് അറിഞ്ഞില്ല.
പൊന്നി പിഞ്ചുപാദങ്ങൾ പെറുക്കി വെച്ച് റോഡിലേക്ക് ഇറങ്ങി
നമ്മൾക്ക് ഒരു വിലയും തരാത്തവരായിരുന്നു, നാട്ടുകാർ, ഇപ്പോൾ എന്തിനും ഏതിനും എല്ലാവർക്കും ഗീത മതി. ഇതാണ് കാശിന്റെ പവർ.
പണ്ടൊക്കെ എല്ലാവർക്കും എന്ത് പുച്ഛമായിരുന്നു. ഇല്ലാത്ത കാശുണ്ടാക്കി പെണ്ണിനെ നേഴ്സിംഗിന് വിടാതെ, ആ കാശുകൊണ്ട് പെണ്ണിനെ കെട്ടിക്കാൻ നോക്ക് എന്ന് പറഞ്ഞവളുമാരാണ് ഇപ്പോൾ കാശ് കടം വാങ്ങാൻ മത്സരിക്കുന്നത്.
ഗീതക്കു ചിരി വന്നു.
അമ്മേ… പൊന്നി എന്തിയെ? നവനീത് മുറിയിലേക്ക് വന്നു.
ഇവിടെ ഉണ്ടാരുന്നല്ലോ.. ഗീത ചുറ്റിലും നോക്കി.
മോളെ…പൊന്നി…നവനീത് ഉറക്കെ വിളിച്ചു.
ഗീത കൈയിലിരുന്ന സാരി നിലത്തേക്ക് ഇട്ടു.
മോളെ… അവർ മുറിയിലൂടെ ഒക്കെ നോക്കി. മുറികളിലെങ്ങും കുഞ്ഞില്ല
അമ്മേ… കൊച്ചെന്തിയെ… കൊച്ചിനെ നോക്കാതെ സാരിയുടെ ഭംഗിയും നോക്കി നിന്നേക്കുന്നു. നവനീത് കലിതുള്ളിക്കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.
മുറ്റത്തെങ്ങും കുഞ്ഞില്ല.
എന്റീശ്വരാ… കുഞ്ഞ് എവിടെ? ഗീത നെഞ്ചിൽ കൈ വച്ചു.
അവർ പരിസരത്തെല്ലാം പൊന്നിയെ തിരഞ്ഞു. എവിടെയും കാണുന്നില്ല.
ഗീത കരഞ്ഞുകൊണ്ട് പൊന്നിയെ വിളിച്ചു കൊണ്ട് നടന്നു.
നോക്കാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാ കൊച്ചിനെ കൊണ്ടു വന്നത്. റോഡരികല്ലേ, എന്നിട്ട് വാതിൽ പോലും അടച്ചിടാൻ അമ്മ ഓർത്തില്ലേ…
എടാ അത്രേം ചെറിയ കൊച്ച് ഈ നേരം കൊണ്ട് എവിടെ പോകാനാണ്. ഇത് ആ ശരത്തിന്റെ പണിയാണ് അവൻ വന്ന് കൊച്ചിനെ കൊണ്ടുപോയതായിരിക്കും.ഗീത പറഞ്ഞു
ദേ… എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്. കൊച്ചിനെ നോക്കാതെ ഇരുന്നിട്ട് അവരെ കുറ്റം പറയുന്നു
ഇനി എവിടെ പോയി നോക്കും. അവൻ തലയിൽ കൈവച്ച് ഒരു നിമിഷം നിന്നു. പിന്നെ അതിവേഗം അടുത്തുള്ള വീട്ടിലേക്ക് നടന്നു.
അവിടെ cctv ഉണ്ട്, വീടിന്റെ മുൻവശത്ത് ഉള്ള ഇടത്തെ മൂലയിലെ ക്യാമറയിൽ നമ്മുടെ വീടിന്റെ മുറ്റത്ത് നിന്നും മെയിൻ റോഡിലേക്ക് ഇറങ്ങുന്ന ഭാഗം കിട്ടും.
അവൻ അങ്ങോട്ട് ഓടി. വിവരം പറഞ്ഞപ്പോൾ അവർ നോക്കി.
കുഞ്ഞ് റോഡിലേക്ക് ഇറങ്ങി ഇടത് വശത്തേക്കു പിച്ചനടക്കുന്നത് കണ്ടതും അവൻ ഇറങ്ങി ഓടി.
റോഡിലൂടെ കുറച്ച് ദൂരം മുന്നോട്ട് ഓടി. ഇല്ല ഇവിടെങ്ങും കാണുന്നില്ല.
പതിയെ കാലുകൾ പെറുക്കി വച്ച് നടക്കാൻ തുടങ്ങിയ കുട്ടിയാണ്, അധികദൂരം നടക്കാൻ അവൾക്ക് പറ്റില്ല.nഇനി ഏതെങ്കിലും വണ്ടിയോ മറ്റോ കുഞ്ഞിനെ തട്ടിവീഴ്ത്തിയിരിക്കുമോ, അത്ര ചെറിയ കുഞ്ഞായത് കൊണ്ട് വണ്ടിക്കാർക്ക് പെട്ടന്ന് കാണാൻ പറ്റുമോ? അവന്റെ നെഞ്ചിൽ ഒരായിരം സംശയങ്ങൾ തല പൊക്കി.
ഇനി എന്ത് ചെയ്യും? ഇടയ്ക്കു റോഡിലൂടെ വന്ന ഒന്ന് രണ്ട് പേരോട് അവൻ കുഞ്ഞിനെ കണ്ടോ എന്ന് ചോദിച്ചു.
അത്രേം ചെറിയ കുഞ്ഞിനെ ശ്രദ്ദിക്കാത്ത നീയൊക്കെ മനുഷ്യൻ തന്നെയാണോടാ എന്ന് ചോദിച്ച് അവർ അവനോടു തട്ടിക്കയറി, എങ്കിലും, അവരും കുഞ്ഞിനെ തിരക്കാൻ അവനോടൊപ്പം കൂടി…
പോലീസിൽ അറിയിക്കുന്നതാണ് നല്ലത്. ഒരാൾ അവനോടു പറഞ്ഞു.
അതാണ് ഇനി മുന്നിലുള്ള ഒരേയൊരു വഴി എന്ന് അവനും തോന്നിയിരുന്നു.
അവൻ വീട്ടിലേക്കോടി.
കുഞ്ഞിനെ കണ്ടോടാ, അമ്മ കണ്ണീരോടെ ചോദിച്ചു. മിണ്ടരുത്… അവൻ വിരൽ ചൂണ്ടി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കവിളുകൾ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു.
എല്ലാം ഒപ്പിച്ചു വച്ചിട്ട്… കുഞ്ഞിനെ കണ്ടോ എന്ന്.
പോലീസിൽ അറിയിക്കാം അല്ലാതെ വേറെ വഴിയില്ല. അവൻ പറഞ്ഞു.
അപ്പോഴേക്കും അയൽവക്കത്തുള്ളവർ ഒക്കെ അവിടേക്ക് എത്തി.
അത്രേം ചെറിയ കുഞ്ഞിനെ പോലും ശ്രദ്ദിക്കാതെ ഇവർ എന്ത് ചെയ്യുക യായിരുന്നു. കുറ്റപ്പെടുത്തലുകൾ ഏറി വന്നു.
അവർ പോലിസ് സ്റ്റേഷനിൽ എത്തി.
പരാതി എഴുതികൊടുക്കുമ്പോൾ, അവർ കുറ്റപ്പെടുത്തിയതും ഗീതയെ യായിരുന്നു.
കുഞ്ഞിനെ കാണാനില്ല എന്ന സങ്കടത്തിനോടൊപ്പം, നീനയോട് എന്ത് പറയും എന്ന ചിന്ത ഗീതയെ ആകെ തളർത്തി.
കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത അതിവേഗം അവിടെങ്ങും പരന്നു.
സോഷ്യൽ മീഡിയകളിലും മറ്റും കുഞ്ഞിന്റെ ഫോട്ടോയും വെച്ച് അതി വേഗം പോസ്റ്റുകൾ ഇട്ടു.അവ ഷെയർ ചെയ്യപ്പെട്ടു.
കുഞ്ഞ് പതിയെ നടന്ന് റോഡിലേക്ക് ഇറങ്ങുന്ന സിസിടിവി ദൃശ്യം സോഷ്യൽ മീഡിയകളിൽ നിറഞ്ഞു. പോസ്റ്റുകൾക്ക് താഴെ കൊച്ചു കുഞ്ഞിനെ ശ്രദ്ധിക്കാത്ത വീട്ടുകാരെ കുറിച്ചുള്ള മോശം കമന്റുകൾ നിറഞ്ഞു.
എങ്ങനെയെങ്കിലും കുഞ്ഞിനെ തിരികെ കിട്ടിയാൽ മതിയെന്ന ഒറ്റ പ്രാർത്ഥനയോടെ ഗീത കണ്ണീർ വാർത്തു.
താൻ ചെയ്തതെല്ലാം തെറ്റായിരുന്നു എന്ന് അവർക്ക് തോന്നി. അവർ സ്വന്തം തലയിൽ ത *ല്ലി,സ്വയം പ്രാകി.
തന്റെ ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് മാത്രമാണ് കുഞ്ഞ് പുറത്തേക്കിറങ്ങി പോയത് എന്നുള്ള കുറ്റബോധം അവരെ വല്ലാതെ വേട്ടയാടി.
കുഞ്ഞിനെ തിരികെ കിട്ടിയില്ലെങ്കിൽ, പിന്നെ ജീവിച്ചിരുന്നിട്ട് ഒരു കാര്യമില്ലെന്നും, മര**ണം മാത്രമാണ് ഏക ആശ്രയം എന്നും അവർക്ക് തോന്നി.
അമ്മയുടെ കണ്ണീരോടെയുള്ള ഇരിപ്പ് കണ്ടപ്പോൾ നവനീതിന് ചെറിയൊരു പേടി തോന്നി. വല്ലാത്ത കുറ്റബോധം അമ്മയെ
പലതും ചെയ്യിക്കുമെന്ന് അവന് തോന്നി. അതുകൊണ്ടുതന്നെ അടുത്തുള്ള ഒന്ന് രണ്ട് സ്ത്രീകളോട് അമ്മയെ ഒറ്റയ്ക്കാക്കരുത് എന്ന് പറഞ്ഞിട്ടാണ് അവൻ പുറത്തേക്ക് പോയത്.
കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത അറിഞ്ഞതും ഗൗരി ഒരു ഭ്രാന്തിയെ പോലെയലറിക്കരഞ്ഞു. അവർ നമ്മെ പറ്റിക്കാൻ വേണ്ടി വെറുതെ പറഞ്ഞതാവും ശരത്തേട്ടാ എന്റെ പൊന്നി ആ വീട്ടിൽ എവിടെയെങ്കിലും കാണും എനിക്ക് ഉറപ്പാണ്. എന്നെ അവിടെ ഒന്ന് കൊണ്ടുപോ അവൾ അലമുറയിട്ട് കരഞ്ഞു
നിവൃത്തിയില്ലാതെ ശരത്തവളെയും കൊണ്ട് നീനയുടെ വീട്ടിലെത്തി.
പൊന്നീ…അവൾ കുഞ്ഞിനെ വിളിച്ചുകൊണ്ട് വീട്ടിൽ ഉടനീളം നോക്കി.
തളർന്നിരിക്കുന്ന ഗീതയുടെ അരികിലേക്ക് ഒരു ഭ്രാന്തിയെപ്പോലെ അവൾ കുതിച്ചു പാഞ്ഞു.
എന്റെ കുഞ്ഞ് എവിടെ… പറയാൻ… എന്റെ കുഞ്ഞ് എവിടെ… ഗൗരി ഗീതയുടെ ചുമലിൽ പിടിച്ചുലച്ചുകൊണ്ട് ചോദിച്ചു.nനിങ്ങൾ എന്ത് ചെയ്തു എന്റെ കുഞ്ഞിനെnകൊ **ന്നു കളഞ്ഞോ, അതിനുവേണ്ടിയാണോ കുഞ്ഞിനെ നിങ്ങൾ എന്റെ അടുത്ത് നിന്നും എടുത്തുകൊണ്ടു പോന്നത്?
ഗീതയ്ക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.
ശരത്ത് ഗൗരിയെ ചേർത്തുപിടിച്ചു. ഗൗരി നമുക്ക് പോകാം, നമുക്ക് അന്വേഷിക്കാം, നമുക്ക് കണ്ടെത്താം അവളെ. നീ പേടിക്കുന്നത് പോലെ ഒന്നുമില്ല. കുഞ്ഞിനൊന്നും സംഭവിച്ചിട്ടുണ്ടാവില്ല,ഞാനല്ലേ പറയുന്നത് നീ വാ…ശരത് ഗൗരിയെ പിടിച്ചു വലിച്ചു വണ്ടിയിൽ കയറ്റി.
സോഷ്യൽ മീഡിയയിലൂടെയാണ് നീന കാര്യങ്ങൾ അറിഞ്ഞത്.
കാശിയും വീട്ടിലുണ്ടായിരുന്നു.
വാർത്തയും,കുഞ്ഞ് ഇറങ്ങി പോകുന്ന വീഡിയോയും കൂടി കണ്ടതോടെ, നീന ബോധരഹിതയായി നിലത്തേക്ക് വീണു.
കാശി പരിഭ്രമത്തോടെ അവൾക്ക് അരികിലേക്ക് ഓടി എത്തി.
കാശിയും അതിനകം വാർത്ത അറിഞ്ഞിരുന്നു.
ബോധം തെളിയുമ്പോൾ നീന കട്ടിലിൽ കിടക്കുകയാണ്.
കാശി നമ്മുടെ കുഞ്ഞ്… അവൾ വിങ്ങിവിതുമ്പി കരഞ്ഞു.
നമുക്ക് നാട്ടിലേക്ക് ഒന്ന് പോകാം കാശി.
പോകാം പോകാം.വിഷമിക്കാതിരിക്ക്.
ഞാൻ സുഹൃത്തുക്കളെ ഒന്ന് വിളിക്കട്ടെ. അയാൾ ഫോണുമായി പുറത്തേക്ക് ഇറങ്ങി.
രണ്ടാൾക്കും പെട്ടന്ന് നാട്ടിലേക്ക് പോരുവാനുള്ള കാര്യങ്ങൾ അവർ എങ്ങനെയും ശരിയാകുമെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു. പെട്ടന്ന് മനസ്സ് കൈവിട്ട് പോയത് പോലെ അയാൾക്ക് തോന്നി. എന്ത് ചെയ്യണം എന്നൊന്നും അറിയാത്തതു പോലെ.
അയാൾ നീനയുടെ ഫോണെടുത്ത് കുഞ്ഞിന്റെ ഫോട്ടോ എടുത്ത് നോക്കി. ഉള്ളിൽ എവിടെയോ സൂചി കുത്തുന്ന പോലെ ഒരു വേദന.
ആഗ്രഹിച്ചതല്ല ഈ കുഞ്ഞിനെ, പക്ഷെ തന്റെ കുഞ്ഞാണ്. അവളെ കാണാതിരിക്കാൻ, സ്നേഹിക്കാതിരിക്കാൻ ശ്രമിച്ചത് മനപ്പൂർവമാണ്. പക്ഷെ നഷ്ട്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ മുതൽ കുറ്റബോധം വന്ന് പൊതിയുന്നു.
അയാളുടെ കണ്ണുകൾ നിറഞ്ഞു. ഈശ്വരാ… എവിടെയാണെങ്കിലും ഒന്ന് കണ്ടെത്തി തരാമോ, ഇനിയൊരിക്കലും കൈവിട്ട് കളയാതെ നോക്കിക്കോളാം.
അത് വരേക്കും ദൈവത്തെ വിശ്വസിക്കാത്ത അയാൾ,പേരറിയാത്ത ദൈവങ്ങളെ പോലും മനസ്സിൽ തൊഴുതു.
♡♡♡♡♡♡♡♡♡♡♡♡♡♡♡♡
നീനയും കാശിയും നാട്ടിൽ എത്തിയെന്നറിഞ്ഞതും ഗീത ഉലഞ്ഞുപോയി.
രണ്ട് ദിവസമായിട്ടും കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പോലിസ് cctv ദൃശ്യങ്ങൾ പരിശോദിച്ചതിൽ നിന്നും കുഞ്ഞ് വിജനമായ വഴിയിലൂടെ നടന്നു പോകുന്നത് വ്യക്തമായി കണ്ടു.അതിന് ശേഷം ഏതാണ്ട് നൂറ് മീറ്റർ മാത്രം ദൂരമുള്ള ചെറിയ സിറ്റിയിലെ cctv യിൽ കുഞ്ഞ് എത്തിയിട്ടില്ല. അല്ലെങ്കിലും അത്ര ദൂരം നടക്കാൻ ആ കുഞ്ഞിന് കഴിയില്ല.
അപ്പോൾ ആ സിറ്റിക്കും വീടിനും ഇടയിൽ വച്ചാണ് കുഞ്ഞിനെ കാണാതായത്.
ആ സമയത്ത് അതിലെ പോയ വണ്ടിയുടെ ഉടമസ്ഥരെ ചോദ്യം ചെയ്തെങ്കിലും അവർ ആരും കുഞ്ഞിനെ കണ്ടിട്ടില്ലെന്നു മനസിലായി.
ആ സമയത്ത് കുറച്ച് നാടോടി സ്ത്രീകൾ അത് വഴി പോയിട്ടുണ്ട്.
ആ വഴിക്കാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെങ്കിലും അവരെ ഇത് വരെ കണ്ടെത്താനായിട്ടില്ല.
കാശിയുടെ വീട്ടിലേക്കാണ് നീനയും കാശിയും എത്തിച്ചേർന്നത്. ആകെ തളർന്നിരിക്കുന്ന അച്ഛൻ അവരെ കണ്ടതും എന്തു പറയണമെന്ന് അറിയാതെ അവരുടെ മുഖത്തേക്ക് നോക്കി.
എന്തിനാ മോളെ കുഞ്ഞിനെ നിന്റെ അമ്മയുടെ കൂടെ കൊടുത്തുവിടണം എന്ന് പറഞ്ഞത്. എന്നിട്ടിപ്പോൾ എന്തായി? എന്തിനാ നീ അതിനു സമ്മതിച്ചത്? നമ്മുടെ കുഞ്ഞിപ്പോൾ എവിടെയാണെന്ന് ആർക്കറിയാം ആ വൃദ്ധൻ കണ്ണുനീർ പൊഴിച്ചു.
ഗൗരി മുറിയിൽ തളർന്ന് കിടക്കുകയാണ്.
ശരത്തും അവന്റെ കൂട്ടുകാരും കുഞ്ഞിനെ തിരഞ്ഞ് പലവഴി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഏട്ടത്തി… നീന ഒരു കരച്ചിലോടെ ഗൗരിയെ കെട്ടിപ്പിടിച്ചു.
ഗൗരി അവളുടെ കൈ എടുത്ത് മാറ്റി.
നിനക്കും കുഞ്ഞിനെ വേണ്ടായിരുന്നു അല്ലെ, അതിനെ എങ്ങനെ യെങ്കിലും കളയാൻ വേണ്ടിയാണല്ലേ നിന്റെ അമ്മയുടെ കൈയിൽ കൊടുത്തത്.
ഗൗരിയേടത്തി എന്തൊക്കെയാ ഈ പറയുന്നത്…
മിണ്ടരുത്….. എനിക്ക് തന്നാൽ പൊന്നുപോലെ ഞാൻ നോക്കു മായിരുന്നല്ലോ
ഏട്ടത്തി… ഇങ്ങനൊന്നും പറയല്ലേ… എനിക്ക് സഹിക്കാൻ വയ്യ.
ഗൗരി അവളെ കെട്ടിപ്പിടിച്ചു. പെറ്റമ്മയും പോറ്റമ്മയും ആ കുഞ്ഞിനെ ഓർത്ത് ഉരുകി.
☆☆☆☆☆☆☆☆☆☆☆☆☆
കാശിയും നീനയും പോലിസ് സ്റ്റേഷനിൽ എത്തി.
അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിൽ നിന്നും മനസിലായ ഒരു കാര്യം ആ നാടോടി സ്ത്രീകൾ സിറ്റിയിൽ എത്തി കഴിഞ്ഞപ്പോൾ പലവഴിക്ക് പിരിഞ്ഞു എന്നുള്ളതാണ്. അതിൽ ഒരാളെ പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അവർ പറയുന്നത് അങ്ങനൊരു കുഞ്ഞിനെ കണ്ടിട്ടില്ലെന്നാണ്.
കൂടുതൽ ചോദ്യം ചെയ്യലിലൂടെയെ എന്തെങ്കിലും തുമ്പ് കിട്ടൂ… വിവരങ്ങൾ നിങ്ങളെ അറിയിച്ചോളാം. മീഡിയ ഒക്കെ ഈ മിസ്സിംഗ് കേസ് ഏറ്റെടുത്തത് കൊണ്ട് തന്നെ എല്ലാവരും കുഞ്ഞിനെ കണ്ടാൽ അറിയും. അതുകൊണ്ട് തന്നെ കുഞ്ഞിനെ കണ്ടാൽ തീർച്ചയായും നമ്മളെ അറിയിക്കും. കുഞ്ഞിനെ കിട്ടും ധൈര്യമായി പോകൂ..
അവർ പകർന്ന ധൈര്യവുമായി അവർ പുറത്തേക്ക് ഇറങ്ങി.
എനിക്കൊന്ന് വീട്ടിൽ പോകണം കാശി.നീന പറഞ്ഞു
പോകാം..അയാൾ പറഞ്ഞു.
അവർ ചെല്ലുമ്പോൾ വീടിന് മുന്നിൽ കുറച്ച് പേർ നിൽപ്പുണ്ട്.
നവനീത് അവളെ കണ്ടതും അടുത്തേക്ക് ഓടി വന്നു.
എന്തിനാ ചേച്ചി… അമ്മയോട് കുഞ്ഞിനെ കൊണ്ടുപോരാൻ പറഞ്ഞത്. എന്നിട്ടിപ്പോൾ അവൾ എവിടെയാണെന്ന് കൂടിയറിയില്ല.
അവനെ ഒന്ന് നോക്കിയിട്ട് നീന മുറിയിലേക്ക് കയറി.
നീന ഗീതയുടെ തൊട്ടുമുൻപിൽ ചെന്നുനിന്നു
ഗീത അവളുടെ മുഖത്തേക്ക് നോക്കി
ഇനി കരയാൻ ഒരു തുള്ളി കണ്ണീരില്ലാത്തവണ്ണം ഗീതയുടെ കണ്ണുകൾ വിളറിയിരുന്നു.
ഗൗരിയേടത്തി കുഞ്ഞിനെ നോക്കുന്നതിനേക്കാൾ നന്നായി കുഞ്ഞിനെ നോക്കും എന്ന് പറഞ്ഞല്ലേ ഇങ്ങോട്ട് കൊണ്ടുപോകുന്നത്. എന്നിട്ട് കുഞ്ഞ് എവിടെ? അവൾ ഉറക്ക ചോദിച്ചു
ഗൗരിയേടത്തി ഒരു വർഷം കുഞ്ഞിനെ പൊന്നുപോലെ നോക്കി. അമ്മ നോക്കിയത് ഒരൊറ്റ ദിവസം മാത്രം, ആ ഒറ്റ ദിവസം കൊണ്ട് എന്റെ കുഞ്ഞിനെ കാണാനുമില്ല.
ഒന്നും പറയാനില്ലാതെ ഗീത തലതാഴ്ത്തി നിന്നു.
സത്യം പറ ഇനി കാശിന് വേണ്ടി നിങ്ങൾ എന്റെ കുഞ്ഞിനെ വിറ്റതാണോ?
നീനെ…..?ഗീത ഞെട്ടലോടെ വിളിച്ചു.
നവനീത് ഓടിവന്ന് നീനയുടെ കയ്യിൽ പിടിച്ചു. മതി ചേച്ചി… മതി പറഞ്ഞത്. ഇനി ഒന്നും താങ്ങാനുള്ള ശേഷി അമ്മയ്ക്കില്ല കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ കുറ്റബോധം കൊണ്ട് അമ്മയാകെ തളർന്നു.
അവൻ നീനയുടെ കൈപിടിച്ച് അപ്പുറത്തേക്ക് കൊണ്ടുപോയി.
ഗീത ഒരേങ്ങലോടെ വെറുംനിലത്തേക്ക് ഇരുന്നു. വയ്യ… ഈ പാപഭാരം എനിക്ക് താങ്ങാൻ വയ്യ. ജീവിതം അവസാനിപ്പിച്ച് കളയാൻ എന്താണ് ഒരു മാർഗ്ഗം അവർ ചുറ്റിലും നോക്കി.
കട്ടിലിന്റെ അരികിൽ കിടക്കുന്ന സാരിയിൽ അവരുടെ കണ്ണുകൾ ഉടക്കി. പതിയെ എഴുന്നേറ്റ് ആ സാരി എടുത്തു. ഒരു കുടുക്കിൽ തീരണം,പിടഞ്ഞു പിട*ഞ്ഞ് അവസാനിക്കണം ഈ നാശജന്മം. തന്റെ ഒരൊറ്റ നിമിഷത്തെ അശ്രദ്ധകൊണ്ട്ഒരു പിഞ്ചുകുഞ്ഞിനെയാണ് കാണാതായിരിക്കുന്നത്. ആ പാപഭാരം എവിടെ കഴുകി തീർക്കാനാണ്. വയ്യ ഇനിയും ഇങ്ങനെ ഉരുകിയുരുകി ജീവിച്ചിരിക്കാൻ വയ്യ.
എന്തോ ഓർത്തപോലെ നവനീത് പെട്ടന്ന് മുറിയിലേക്ക് വന്നു. ചേച്ചിയുടെ കുറ്റപ്പെടുത്തൽ കൂടി താങ്ങാനുള്ള ശേഷി അമ്മിക്കില്ലെന്ന് അവന് നന്നായിട്ടറിയാം.
സാരിയും പിടിച്ചുനിൽക്കുന്ന അമ്മയെ കണ്ടതും അവന് കാര്യം മനസ്സിലായി അവൻ അമ്മയുടെ കൈകളിൽ നിന്നും സാരി എടുത്ത് ദൂരെ വലിച്ചെറിഞ്ഞു.
എനിക്കറിയാം അമ്മ ഇങ്ങനെ എന്തെങ്കിലും വിഡ്ഢിത്തരംചെയ്യുമെന്ന്, ഈ സമയത്ത് ഇങ്ങനെയൊന്നുമല്ല ചെയ്യേണ്ടത്. പൊന്നിയെ കിട്ടാൻ മനസ്സുരുകി പ്രാർത്ഥിക്കുകയെങ്കിലും ചെയ്യ്…
ഞാൻ ഇനി ഏത് ദൈവത്തിനോടാണ് കേണപേക്ഷിക്കേണ്ടത്, എല്ലാം എന്റെ തെറ്റ്… എന്റെ മാത്രം തെറ്റ്….കുഞ്ഞ് ഗൗരിയുടെ അടുത്ത് നിന്നാൽ മതിയായിരുന്നു. എന്റെ സ്വാർത്ഥത കൊണ്ട് ഞാൻ കുഞ്ഞിനെ പിടിച്ചു വലിച്ചു കൊണ്ടുവന്നു. ഗീത മുഖം പൊത്തി കരഞ്ഞു.
പെട്ടെന്നാണ് കാശിയുടെ ഫോൺ ബെല്ല് അടിച്ചത്.
ഹലോ
ഹലോ ഇതുപോലെ സ്റ്റേഷനിൽ നിന്നാണ് നിങ്ങളുടെ കുഞ്ഞിനെ കണ്ടുകിട്ടിയിട്ടുണ്ട്. ഇങ്ങോട്ട് പോന്നോളൂ…
കാശി നെഞ്ചിൽ കൈവെച്ചു.
നീന… നമ്മുടെ കുഞ്ഞിനെ കിട്ടി അവൻ സന്തോഷത്തോടെ ഉറക്കെ പറഞ്ഞു.
നീന ചാടി എഴുന്നേറ്റു.
ഈശ്വരാ നീ കാത്തു…. ഗീത കൈകൾ തൊഴുതു പിടിച്ചു പ്രാർത്ഥിച്ചു.
അവർ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴേക്കും, ശരത്തും ഗൗരിയും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
ഒരു പോലീസുകാരിയുടെ കൈകളിൽ വാടിത്തളർന്നിരിക്കുകയാണ് കുഞ്ഞ്. കുഞ്ഞിന്റെ തലയിൽ ഒരൊറ്റ മുടി പോലും ഉണ്ടായിരുന്നില്ല.
നീന കുഞ്ഞിനെ എടുക്കാനായി അരികിലേക്ക് ഓടിച്ചെന്നു.. കുഞ്ഞ് അവളെ കണ്ടതും ഭയന്ന് അവളുടെ നേരെ നോക്കി.
അപ്പോഴാണ് കുഞ്ഞ് ശരത്തിനെയും ഗൗരിയെയും കണ്ടത്. ച്ഛാ… പൊന്നി ശരത്തിന് നേരെ കുതിച്ചു ചാടി.
അച്ഛന്റെ പൊന്നു മോളെ..ശരത്ത് അവളെ വാരിയെടുത്തു നെഞ്ചോരം പൊതിഞ്ഞു ചേർത്ത് പിടിച്ചു .
മ്മേ… പൊന്നി ഗൗരിയുടെ നേരെ കൈ നീട്ടി.
ഗൗരി കുഞ്ഞിനെയെടുത്ത്ഉമ്മകൾ കൊണ്ടുമൂടി. അവളുടെ കണ്ണുനീർ കുഞ്ഞിന്റെ മുഖത്ത് പടർന്നു.
അവരുടെ സ്നേഹംകണ്ട് അന്യരെപ്പോലെ കാശിയുംനീനയും മാറിനിന്നു.
കുഞ്ഞിനെ ഒന്ന് എടുക്കാൻ നീനയുടെ ഉള്ളം വല്ലാതെ കൊതിക്കു ന്നുണ്ടായിരുന്നു. താൻ നൊന്തുപെറ്റ കുഞ്ഞാണ്,ഇപ്പോൾ താൻ ഒരന്യയെ പോലെ മാറി നിൽക്കേണ്ടി വന്നിരിക്കുന്നു. എങ്കിലും സാരമില്ല, ഒരാപത്തും ഉണ്ടാകാതെ അവളെ തിരിച്ചു കിട്ടിയല്ലോ ഭാഗ്യം.
ആ നാടോടി സ്ത്രീകൾ തന്നെയാണ് കുഞ്ഞിനെ കiടത്തിക്കൊണ്ട് പോയത്.കുഞ്ഞിനെ പെട്ടന്ന് കണ്ടാൽ തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് അവർ കുഞ്ഞിന്റെ മുടി കളഞ്ഞത്, മറ്റൊന്നും ചെയ്യാത്തത് നന്നായി.
ആരോ വിളിച്ചു പറഞ്ഞതാണ് ഇങ്ങനൊരു കുഞ്ഞിനെ കണ്ടിട്ടുണ്ട്എന്ന്. എന്തായാലും തക്ക സമയത്ത് ചെന്നത് കൊണ്ട് ആപത്തൊന്നും കൂടാതെ കിട്ടി. ഇല്ലെങ്കിൽ അവർ കുഞ്ഞിനേയും കൊണ്ട് ഇവിടം വിട്ടേനെ.
ഇനിയെങ്കിലും കുഞ്ഞിനെ നന്നായി നോക്കണം, അവനവന്റെ കുഞ്ഞിനെ നോക്കാൻ പോലും ഒറ്റയെണ്ണത്തിനും സമയമില്ല.
പോലീസ്കാർ എന്തൊക്കെയോ അവരോടു പറഞ്ഞു.
അവർ കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് പോയി.
പൊന്നി വല്ലാതെ ഭയന്ന് പോയിരുന്നു, അവൾ ആരുടേയും കൂടെ പോകാൻ കൂട്ടാക്കാതെ, ഗൗരിയുടെ കൈകളിൽ തന്നെ ഇരുന്നു.
ഉറക്കത്തിനിടയിൽ പോലും പൊന്നി ഇടയ്ക്കിടെ ഞെട്ടിവിറക്കുന്നു ണ്ടായിരുന്നു.
ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ നെറ്റിയിൽ നീന പതിയെ ഉമ്മ വച്ചു.
മൊട്ടത്തലയിൽ പതിയെ തഴുകി. ഉണർന്നു കഴിഞ്ഞാൽ തന്നെ കണ്ട് അവൾ കരയും.
പൊന്നി ഇപ്പോൾ ശരത്തിന്റെയും, ഗൗരിയുടെയും കൂടെ മാത്രേ പോകൂ…
പഴയത് പോലെ ചിരിക്കാനും കളിക്കാനും ഒക്കെ തുടങ്ങിയെങ്കിലും, ഇടക്ക് കുഞ്ഞ് ഭയന്ന് കരയും.
അതുകൊണ്ട് തന്നെ നീന കുഞ്ഞിനെ എടുക്കാൻ തുനിയാറില്ല. എങ്കിലും കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ കുഞ്ഞ് താനുമായി ഇണങ്ങുമെന്നും, അന്നേരമെങ്കിലും തന്റെ കുരുന്നിനെ കൊതിതീരെ കൊഞ്ചിക്കണ മെന്നും അവൾ ആഗ്രഹിച്ചു.
☆☆☆☆☆☆☆☆☆☆☆☆☆☆
ദിവസങ്ങൾ കഴിഞ്ഞു പോകെ കുഞ്ഞ് കാശിയും നീനയുമായി അടുത്തു.
എങ്കിലും കാശി നീന എന്ന് വിളിക്കുന്നത് കേട്ട്, പൊന്നിയും നീന എന്നാണ് അവളെ വിളിക്കുന്നത്.
നീനയല്ല മോളെ അമ്മ… അമ്മ… പലവട്ടം നീന പറഞ്ഞു കൊടുത്തെങ്കിലും പൊന്നി അവളെ നീന എന്ന് തന്നെ വിളിച്ചു.
കാശിയെ ചിരിച്ചു കാണിക്കുമെങ്കിലും, അയാൾ എടുക്കുന്നതൊന്നും പൊന്നിക്ക് ഇഷ്ട്ടമല്ല.
ചിലനേരങ്ങളിൽ അയാൾക്ക് അവളെ എടുക്കാനും കൊഞ്ചിക്കാനു മൊക്കെ തോന്നും.എങ്കിലും കുഞ്ഞ് കരയുമെന്നോർത്തയാൾ അവളെ എടുക്കാറൊന്നും ഇല്ല.
അന്നൊരു ഞായറാഴ്ച ആയിരുന്നു എല്ലാവരും കൂടി രാവിലെ അമ്പലത്തിൽ ഒക്കെ പോയി.
കാശിയുടെ മനസ്സിൽ മറ്റ് എന്തൊക്കെയോ ആയിരുന്നു. ഇതാണോ ജീവിതം? കുറെയേറെ അഡ്ജസ്റ്റ്മെന്റുകൾ മാത്രം നിറഞ്ഞ
ഒന്നാണ് ജീവിതം എന്ന് അയാൾക്ക് തോന്നി.
ഒത്തിരി സ്നേഹിച്ചു വിവാഹിതരായവർ ആണെങ്കിലും, ഇപ്പോൾ തങ്ങൾക്കിടയിൽ ആ പഴയ സ്നേഹം അതേപോലെ നിലനിൽക്കുന്നില്ല എന്ന് അയാൾക്ക് തോന്നി.
എത്രയൊക്കെ ശ്രമിച്ചിട്ടും തനിക്കും നീനക്കും ഇടയിൽ ഇപ്പോഴും ഒരകൽച്ച നിലനിൽക്കുന്നുണ്ട്.ഇതല്ല ജീവിതം. ഇങ്ങനെയൊന്നുമല്ല ഒരാൾ ജീവിക്കേണ്ടത്.
പരസ്പരം അകമഴിഞ്ഞ് സ്നേഹിക്കുമ്പോൾ മാത്രമാണ് ദാമ്പത്യ ജീവിതത്തിന് മധുരാനുഭൂതി തോന്നുന്നത്. എങ്കിലും സാരമില്ല. കുടുംബമാണ് കൈവിട്ടു കളഞ്ഞാൽ ഒരുപക്ഷേ വീണ്ടും കൂടിച്ചേരാൻ കഴിയുന്ന ഒന്നല്ല അത്. നീനയുമായി തുറന്നു സംസാരിക്കണം. അയാൾ തീരുമാനിച്ചു
നീന കുഞ്ഞിനുള്ള പാൽ തിളപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് അയാൾ അടുക്കളയിലേക്ക് ചെന്നത്.
നീന എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് കാശി പറഞ്ഞു.
എന്താ കാശിക്ക് പറയാനുള്ളത്
നമുക്ക് മടങ്ങി പോകണ്ടേ, ഈയാഴ്ച അവസാനമെങ്കിലും നമുക്ക് പോയേ പറ്റൂ…
ഞാനിനി അങ്ങോട്ടേക്ക് പോരുന്നില്ല കാശി.
അയാൾ ഞെട്ടലോടെ അവളെ നോക്കി
പിന്നെ എന്ത് ചെയ്യാനാണ്?
കടങ്ങളെക്കുറിച്ച് ഓർത്തിട്ടാണ് ഞാൻ കുഞ്ഞിനെപ്പോലും ഇവിടെ യാക്കിയിട്ട് വിദേശത്തേക്ക് പോരാൻ തന്നെ തയ്യാറായത്. ഇപ്പോൾ കടങ്ങളൊക്കെ തീർന്നു. ഇനി ഇവിടെ ഏതെങ്കിലും ഹോസ്പിറ്റലിൽ ജോലി ചെയ്തോളാം.എന്റെ കുഞ്ഞിനെയും വളർത്തി ഇവിടെ തന്നെ നിൽക്കാനാണ് എനിക്കിഷ്ടം.
അതിന് ഇവിടെ തന്നെ ജോലി നോക്കണം എന്നില്ലല്ലോ കുഞ്ഞിനെയും നമുക്ക് കൊണ്ടുപോകാം. അതല്ലേ നല്ലത്
ഇല്ല ഇവിടെയാകുമ്പോൾ ശരത്തേട്ടനും ഗൗരിയേട്ടത്തിയും അച്ഛനും ഒക്കെയുണ്ട്. എല്ലാവരുടെയും സ്നേഹം കിട്ടിവേണം നമ്മുടെ കുഞ്ഞു വളരാൻ. പണം മാത്രമല്ല ജീവിതം, ഊഷ്മളമായ സ്നേഹബന്ധങ്ങൾ കൂടിവേണം. അത് കിട്ടണമെങ്കിൽ നമ്മുടെ കുഞ്ഞ് ഇവിടെ തന്നെ നിൽക്കണം.
അത് പറ്റില്ല എന്റെ സ്വപ്നങ്ങൾക്ക് തടസ്സം നിൽക്കാൻ ഞാൻ ആരെയും അനുവദിക്കില്ല.
അതിനു കാശിക്ക് വിദേശത്തേക്ക് മടങ്ങി പോകാമല്ലോ,ഞാൻ വരുന്നില്ല എന്നല്ലേ പറഞ്ഞുള്ളൂ.
ഞാൻ അവിടെയും , നീയും കുഞ്ഞും ഇവിടെയും ആയാൽ അത് ജീവിത മാകുന്നതെങ്ങനെ?
കാശി എന്തൊക്കെ പറഞ്ഞാലും, ഞാൻ ഇനിയങ്ങോട്ടില്ല.
എങ്കിൽ എനിക്ക് മറ്റു പലതും തീരുമാനിക്കേണ്ടി വരും. കാശി ദേഷ്യത്തോടെ പറഞ്ഞു.
എന്ത് തീരുമാനിക്കാൻ?
ഒട്ടും സഹകരണ മനോഭാവമില്ലാത്ത രണ്ട് വ്യക്തികൾ തമ്മിൽ ഒരുമിച്ച് ജീവിക്കുന്നതിലും നല്ലത് പിരിയുന്നത് തന്നെയാണ്. കാശി പറഞ്ഞു.
നീന അയാളുടെ മുഖത്തേക്ക് നോക്കി.
അതൊക്കെ കാശിയുടെ ഇഷ്ടം. ഇനിയുള്ള എന്റെ ജീവിതം എന്റെ കുഞ്ഞിന് വേണ്ടി മാത്രമാണ്. മറ്റൊന്നും എനിക്ക് ഒരു വിഷയമല്ല
അയാൾ ദേഷ്യത്തോടെ മുറിക്ക് പുറത്തേക്കിറങ്ങി.
നീനയുടെ കൂസലില്ലായ്മ അയാളെ വല്ലാതെ അമ്പരപ്പിച്ചു കളഞ്ഞിരുന്നു.
ഉള്ളിൽ അമർഷംപുകയുന്നു.
തനിക്കവൾ ഒട്ടും വില തരുന്നില്ല എന്നുള്ള ചിന്ത അയാളെ വല്ലാതെയാക്കി.
എന്തിനാണ് ഇങ്ങനൊരു കുടുംബജീവിതം. ഇനി താൻ ഒറ്റക്കാണ്. ഇവിടം കൊണ്ട് അവസാനിക്കണം ഈ ബന്ധം. സ്വന്തം സന്തോഷങ്ങളെ ഇല്ലാതാകുന്ന ഒന്നും ജീവിതത്തോട് ചേർത്തു നിർത്തേണ്ടതായിട്ടില്ല.
അയാൾ പലതും ചിന്തിച്ചുറപ്പിച്ചു.
അന്ന് വൈകിട്ട് എല്ലാവരുംഅത്താഴം കഴിക്കാൻ ഇരുന്നപ്പോൾ, കാശി അച്ഛന്റെ മുഖത്തേക്ക് നോക്കി. അച്ഛാ… അച്ഛനോടും ഏട്ടനോടുമായി എനിക്കൊരു കാര്യം പറയാനുണ്ട്.
അവർ ചോദ്യഭാവത്തിൽ കാശിയെ നോക്കി.
എനിക്ക് ഈ വിവാഹജീവിതത്തിൽ നിന്ന് മോചനം വേണം.
ഒരു നിമിഷം അവിടെങ്ങും നിശബ്ദത നിറഞ്ഞു.
നിനക്കിഷ്ടമുള്ള പെൺകുട്ടിയെ നീ തന്നെ ജീവിതത്തിലേക്ക് തിരഞ്ഞെടുത്തതല്ലേ, ഞങ്ങളാരും നിർബന്ധിച്ചു കെട്ടിച്ചതല്ലലോ. ഒരുപാട് കാലം പരസ്പരം സ്നേഹിച്ചവരല്ലേ നിങ്ങൾ. പിന്നെ ഇപ്പോൾ എന്താടാ പ്രശ്നം. ശരത് ചോദിച്ചു.
അന്ന് അങ്ങനെ തോന്നി, ഇപ്പോൾ ഇങ്ങനെ തോന്നുന്നു.
ഇനി ഒരക്ഷരംനീ മിണ്ടിപ്പോകരുത്. നിന്റെ തോന്നിവാസം ഒന്നും ഇവിടെ നടക്കില്ല. അച്ഛൻ ചാടി എഴുന്നേറ്റു.
അച്ഛാ… വേണ്ടാ.. ഞാനവനെ പറഞ്ഞു മനസ്സിലാക്കി കൊള്ളാം. ശരത്ത് പറഞ്ഞു.
ഞാൻ എല്ലാം ആലോചിച്ചുറപ്പിച്ചതാണ്. ഇനി അതിൽ ഒരു മാറ്റവുമില്ല. കാശി പറഞ്ഞു.
ദേ… കൈ നിവർത്തി ഒരെണ്ണം വച്ച് തന്നാൽ ഉണ്ടല്ലോ, വളർന്നു വലുതായതൊന്നും ഞാൻ നോക്കില്ല. അച്ഛൻ ദേഷ്യത്താൽ ഒച്ച ഉയർത്തി.
നിനക്ക് എന്താടാ പറ്റിയത്? നിന്റെ പെണ്ണിന്റെയും കുഞ്ഞിന്റെയും കാര്യം നീ ആലോചിക്കുന്നു പോലുമില്ലേ? ശരത്ത് ചോദിച്ചു
കുഞ്ഞിനെ ഞാൻ നോക്കിക്കോളാം.
അപ്പോൾ നീനയോ?
ഒരുമിച്ചു പോകാൻ പറ്റാത്ത ഒരു ബന്ധത്തിൽ കടിച്ചുതൂങ്ങി കിടന്ന് രണ്ടാളുടെയും ജീവിതം കളയുന്നതിലും നല്ലതല്ലേ ഏട്ടാ, പരസ്പരം രണ്ട് വഴിയിൽ സന്തോഷമായി ജീവിക്കുന്നത്.
ശരിക്കും നിങ്ങൾക്കിടയിൽ ഇപ്പോൾ എന്താ പ്രശ്നം?ശരത്ത് ചോദിച്ചു.
പരസ്പരം സ്നേഹിക്കാൻ ഇനി ഞങ്ങൾക്ക് പറ്റില്ല. എന്റെ സ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഒരാളെയാണ് എനിക്ക് വേണ്ടത്. നീനക്കും എന്നെ പോലെ ഒരാളെ അല്ല വേണ്ടത്.
ഇതൊന്നും നിനക്ക് പ്രേമിച്ചിരുന്ന കാലത്ത് തോന്നിയില്ലേടാ… അച്ഛൻ ചോദിച്ചു.
ഒരുമിച്ചു ജീവിച്ച് കഴിഞ്ഞപ്പോഴാണ്, ഞങ്ങൾ പരസ്പരം ചേരുന്നവർ അല്ലെന്നു തോന്നിയത്.
നീന മുഖം കുനിച്ചിരിക്കുകയാണ്. ഒരു തരം നിസംഗത അവളിൽ നിറഞ്ഞു.
നീനക്ക് ഒന്നും പറയാനില്ലേ അച്ഛൻ നീനയോട് ചോദിച്ചു.
ഇല്ല…
എങ്കിൽ ഞാൻ പറയുന്നു. രണ്ടാളും പരസ്പരം മനസ്സിലാക്കി മര്യാദക്ക് ജീവിക്കാൻ നോക്ക്. നിങ്ങൾ കരുതുന്നതൊന്നുമല്ല കുഞ്ഞുങ്ങളെ ജീവിതം. പങ്കാളി പോയപ്പോൾ ഉള്ള വേദന ഇപ്പോഴും അനുഭവിക്കുന്ന ഒരാളാണ് അച്ഛൻ. അതുകൊണ്ട് പറയുവാ, ഇപ്പോഴത്തെ ഈ തോന്നൽ നിങ്ങളുടെ പിണക്കം മാറി ഇണങ്ങുന്നത് വരെയേ ഉള്ളൂ…ദമ്പതികൾക്കിടയിൽ പിണക്കവും വഴക്കും ഒക്കെ വേണം. പക്ഷെ അതൊന്നും ഒരു വേർപിരിയലിൽ ചെന്നെത്തരുത്. നിങ്ങൾക്ക് ഒരു കുഞ്ഞുണ്ട്. അത് മറക്കരുത്.
ഇല്ലച്ചാ… എനിക്കിനി നീനയുമായി ഒത്തുപോകാൻ വയ്യ. അച്ഛന് അറിയാൻ മേലാഞ്ഞിട്ടാണ്. ഞങ്ങൾ തമ്മിൽ മാനസികമായി അകന്നു പോയിട്ട് മാസങ്ങൾ കഴിഞ്ഞു.എനിക്കിനി ഈ ബന്ധം വേണ്ട.നീനയെ വേണ്ട.
അപ്പോൾ മാത്രം നീന മുഖമുയർത്തി അവനേ ഒന്ന് നോക്കി.
എന്നെ വേണ്ടെന്ന്… ഉടലുമുയിരും സ്വപ്നങ്ങളുമെല്ലാം അവന് വേണ്ടി മാറ്റി വച്ച ഈ നീനയെ അവന് വേണ്ടെന്ന്. അവളുടെ ചുണ്ടിന്റെ കോണിൽ ഒരു നൊമ്പരച്ചിരി വിരിഞ്ഞു.
നിന്റെ തീരുമാനം ഉറച്ചതാണോ? അച്ഛൻ ചോദിച്ചു.
അതെ…
എങ്കിൽ ഈ നിമിഷം ഇവിടെ നിന്നും ഇറങ്ങണം. അച്ഛൻ പുറത്തേക്കു കൈ ചൂണ്ടി.
അച്ഛാ… ശരത്ത് ഞെട്ടലോടെ അച്ഛനെ നോക്കി.
ഇറങ്ങിപ്പോടാ…. അച്ഛൻ ചാടി എഴുന്നേറ്റ് കാശിയെ തള്ളി.
അച്ചാ…വേണ്ട. അവൻ പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞതായിരിക്കും. നമുക്ക് അവനെ പറഞ്ഞു മനസ്സിലാക്കാം. ശരത്ത് പറഞ്ഞു.
എത്ര പറഞ്ഞാലും ഇവനൊന്നും മനസ്സിലാവില്ല.
മതി അച്ഛാ പറഞ്ഞത്, എന്റെ പേരും പറഞ്ഞ് നിങ്ങൾ അച്ഛനും മക്കളും തമ്മിൽ വഴക്കൊന്നും വേണ്ട. ഞാൻ പൊയ്ക്കോളാം നീന പറഞ്ഞു.
മോൾ എങ്ങോട്ടും പോകണ്ട. ഇത് നിന്റേം കൂടെ വീടാണ്.നിനക്ക് ഈ വീട്ടിൽ അവകാശമുണ്ട് നീ ഇവിടെ നിന്നാൽ മതി. പോകേണ്ടത് ഇവനാണ്. അച്ഛൻ കാശിയുടെ നേരെ വിരൽ ചൂണ്ടി. ഇറങ്ങിപ്പോടാ ഈ വീട്ടിൽ നിന്ന്. നിന്റെ തെറ്റുകൾ തിരുത്തിയ ശേഷം നീ ഇങ്ങോട്ട് മടങ്ങി വന്നാൽ മതി.
ഞാൻ പോയേക്കാം. അവൻ മുറിയിലേക്ക് പോയി അവന്റെ സാധനങ്ങൾ ഒരു ബാഗിൽ എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി.
ഇനി ഇങ്ങോട്ട് ഒരു മടങ്ങിവരവ് ഉണ്ടാവില്ല അവൻ പറഞ്ഞു.
മോനെ കാശി നീ അവിടെ നിൽക്ക്. ശരത് അവനെ പുറകിൽ നിന്നും വിളിച്ചു
ശരത്തിനെ നോക്കാതെ കാശി ഇറങ്ങി നടന്നു.
അച്ഛാ ഇത്രക്കും ദേഷ്യം വേണ്ടിയിരുന്നില്ല. അവനൽപ്പം എടുത്തുചാട്ടം ഉണ്ടെങ്കിലും കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവുന്ന പ്രായമുള്ളവൻ അല്ലേ.
എന്തു പറഞ്ഞു മനസ്സിലാക്കാനാണ് അവനൊരു കുഞ്ഞിന്റെ അച്ഛൻ അല്ലേ, അത് അവൻ ഓർത്തോ? ഒരു പെണ്ണിനെ കൈപിടിച്ചു കൂട്ടിക്കൊണ്ടുവന്നിട്ട്, ഉപേക്ഷിച്ച് കളയുന്നത് മനുഷ്യന് നിരക്കാത്ത കാര്യമാണ്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ തന്നെ അത് പറഞ്ഞു തീർക്കാൻ നോക്കണം. അല്ലാതെ സ്വന്തം പെണ്ണിനെ ഉപേക്ഷിച്ചു കളയുന്നവനെ ഈ വീട്ടിൽ വച്ച് പൊറുപ്പിക്കാൻ ഞാൻ സമ്മതിക്കില്ല.
അച്ഛൻ ഭക്ഷണം കഴിക്കൽ മതിയാക്കി കൈ കഴുകിയിട്ട് സ്വന്തം മുറിയിലേക്ക് പോയി.
കട്ടിലിൽ ഇരിക്കുമ്പോൾ ആ മനുഷ്യന്റെ ഉള്ളം വിങ്ങുന്നുണ്ടായിരുന്നു. ഇളയ കുട്ടിയായതുകൊണ്ട് ഒരു പാട് ലാളിച്ചാണ് കാശിയെ വളർത്തിയത്.
എന്നേക്കാൾ അവനേ സ്നേഹിച്ചതും, അവനേ നോക്കിയതും ഒക്കെ ശരത്താണ്. അവന്റെ പഠനവും അവന്റേതായിട്ടുള്ള എല്ലാ ആവശ്യങ്ങളും ഒരു കുറവും ഇല്ലാതെ നോക്കിയത് അവന്റെ ഏട്ടനാണ്. ആ ഏട്ടൻ പറയുന്നത് അവന് അനുസരിച്ചു കൂടെ.
ഒരു ഈർക്കിലെടുത്തുപോലും ഇന്നേവരെ അവനെ തiല്ലിയിട്ടില്ല, അതിനുള്ള അവസരം അവൻ ഉണ്ടാക്കിയിട്ടുമില്ല. പക്ഷേ ഇന്ന് താൻ അവനെ ഇവിടെ നിന്ന് ഇറക്കി വിട്ടു.
ഇനി അവൻ തന്നോടുള്ള ദേഷ്യത്തിൽ ഇങ്ങോട്ട് വരാതിരിക്കുമോ? ഹേയ് അങ്ങനെ ഒന്നും ഉണ്ടാവില്ല തന്റെ മകനല്ലേ അവൻ തെറ്റ് മനസ്സിലാക്കി തിരിച്ചു വരും.
♡♡♡♡♡♡♡♡♡♡♡♡♡
എന്നാലും അവർക്ക് എന്താ പറ്റിയത് ശരത്തേട്ടാ, അവരുടെ പരസ്പരമുള്ള സ്നേഹം ഒക്കെ കണ്ടിട്ട് മനസ്സ് എത്ര വട്ടം നിറിഞ്ഞിട്ടുണ്ട് എന്നിട്ട് എപ്പോൾ എന്താ പോലും ഇങ്ങനെ?
എനിക്കറിഞ്ഞുകൂടാ ഗൗരി. കഴിഞ്ഞ കുറച്ചു കാലമായി എപ്പോഴും എന്തെങ്കിലും തരത്തിലുള്ള ദുഃഖങ്ങളാണ് ഈ വീട്ടിൽ .
അവരുടെ രണ്ടാളുടെയും സംസാരമൊക്കെ കേട്ട് പൊന്നി ഇരിക്കു കയാണ്. അവരുടെ മുഖത്തേക്ക് നോക്കി അവൾ ചിരിച്ചു. ച്ഛാ… ന്നെ… എത്തോ..അവൾ കുഞ്ഞികൈകൾ ശരത്തിനു നേരെ നീട്ടി. ശരത്ത് അവളെ എടുത്തു.
ആ കുഞ്ഞ് മുഖത്തേക്ക് നോക്കും തോറും അയാൾക്ക് സങ്കടം തോന്നി.
ഗൗരി… നീ മോളെയും കൊണ്ട് നീനയുടെ അടുത്തേക്ക് ചെല്ല്.അവളാകെ തളർന്നിരിക്കുകയായിരിക്കും. എന്തെങ്കിലും പറഞ്ഞ് അവളെ ആശ്വസിപ്പിക്ക്.
ഗൗരി ചെല്ലുമ്പോൾ എന്തോ ആലോചിച്ച് നീന ജനലരികിൽ നിൽക്കുകയാണ്.
നീന മോളെ…. ഗൗരിയുടെ വിളിയൊച്ച കേട്ട് നീന തിരിഞ്ഞുനോക്കി.
നീന ഗൗരിയെ നോക്കി പതിയെ ഒന്ന് ചിരിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.
അവൻ പെട്ടെന്നുള്ള ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച്, അതൊക്കെ കാര്യമായിട്ട് എടുത്ത് ഇങ്ങനെ വിഷമിക്കേണ്ട കാര്യമില്ല മോളെ.
അല്ല ഏട്ടത്തി,കാശി പെട്ടെന്നുള്ള ദേഷ്യത്തിൽ വെറുതെ പറഞ്ഞ തൊന്നുമല്ല. അങ്ങനെ ഒരു കാര്യവും വെറുതെ പറയുന്ന ആളല്ല കാശി. ഒരുപാട് ആലോചിച്ച് തീരുമാനിച്ചുറപ്പിച്ചതിനുശേഷം ആയിരിക്കും കാശി സംസാരിച്ചത്.
അങ്ങനെയൊന്നും ആയിരിക്കില്ല മോളെ നീ വിഷമിക്കാതെ. ശരത്തേട്ടനും ഞാനും കൂടി അവനെ പോയി കണ്ട് സംസാരിക്കാം.
വേണ്ട എന്നെ വേണ്ടെന്ന് പറഞ്ഞു പോയ ആളെ ഇനിയൊരു തരത്തിലും ബുദ്ധിമുട്ടിക്കാൻ എനിക്ക് താല്പര്യമില്ല. ഞാൻ മോളെയും വളർത്തി എങ്ങനെയെങ്കിലും ജീവിച്ചോളാം.
ഇവിടെ ഇരുന്നേ ഏട്ടത്തി പറയട്ടെ,ഗൗരി നീനയുടെ കയ്യിൽ പിടിച്ച് കട്ടിലിൽ ഇരുത്തി.
പരസ്പരം പിരിഞ്ഞാലും നിനക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയുമോ? അത്രയ്ക്കും സ്നേഹിച്ചവരല്ലേ നിങ്ങൾ രണ്ടാളും. പിന്നെ ഇപ്പോൾ എന്താ പ്രശ്നം ഏട്ടത്തിയോട് പറ.
ഞാൻ കാശിക്കൊപ്പം പോരുന്നില്ല എന്ന് പറഞ്ഞതാണ് ഇപ്പോൾ പ്രശ്നം. എനിക്ക് ഇവിടെ നാട്ടിൽ ജീവിക്കാനാണ് ഏട്ടത്തി കൂടുതൽ ഇഷ്ടം. എന്റെ പ്രിയപ്പെട്ടവരൊക്കെ ഇവിടെയല്ലേ ഉള്ളത്.
ഈയൊരു നിസ്സാര കാര്യത്തിനാണോ ഡിവോഴ്സ് ആകണമെന്നൊക്കെ പറയുന്നത്.
ഗൗരി പതിയെ ചിരിച്ചു. പക്വതക്കുറവാണ് നിങ്ങളെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്.
നാളെ എന്തായാലും ഏട്ടനും ഏട്ടത്തിയും കാശിയെ പോയി കണ്ടു കാര്യങ്ങളൊക്കെ സംസാരിക്കും, മോളു സമാധാനമായിട്ടിരിക്ക് കേട്ടോ.
ഗൗരി മോളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി.
നീനക്ക് ഒരല്പം സമാധാനം തോന്നി.
☆☆☆☆☆☆☆☆☆☆☆☆
രാത്രിയിൽ കുഞ്ഞിനെ തനിക്കൊപ്പം കിടത്തിയാലോ എന്ന ചിന്ത നീനക്ക് ഉണ്ടായി. ഈ ലോകത്തിൽ എന്റേതെന്ന് പറയാൻ എനിക്ക് എന്റെ മകൾ മാത്രമേയുള്ളൂ.
ഗൗരിയേടത്തിയും ശരത്തേട്ടനും ഉറങ്ങുന്നതിനു മുൻപ് അവൾ മുറിയുടെ വാതിൽക്കലേക്ക് ചെന്നു.
ഏട്ടത്തി ബാത്റൂമിലോ മറ്റോ ആണെന്ന് തോന്നുന്നു.
കട്ടിലിൽ ശരത്തേട്ടൻ കിടക്കുന്നുണ്ട്, ശരത്തേട്ടന്റെ നെഞ്ചിൽ കിടന്നുറങ്ങുകയാണ് പൊന്നി.?അവൾ ഒരുനിമിഷം അത് നോക്കി നിന്നു. തന്റെ മോളാണ് ആ നെഞ്ചിൽ, ഗൗരിയേടത്തിയുടെ സ്ഥാനത്ത് ഗൗരിയേടത്തിക്ക് പകരം താനായിരുന്നുവെങ്കിൽ….?അവൾ കണ്ണിമയ്ക്കാതെ അവരെ നോക്കി നിന്നു.
ഗൗരിയേടത്തി ബാത്റൂമിന്റെ വാതിൽ തുറന്ന് ഇറങ്ങുന്നത് കണ്ടതും അവൾ വാതിൽക്കൽ നിന്ന് ഏട്ടത്തീ… എന്ന് വിളിച്ചു.
എന്താ നീനെ? ഏട്ടത്തി വാതിൽക്കലേക്ക് വന്നു.
ഇന്ന് പൊന്നിയെ എന്റെ കൂടെ കിടത്തിക്കോളാം ഏട്ടത്തി.
ഗൗരിയുടെ മുഖം പെട്ടന്ന് വാടി, എങ്കിലും പെട്ടന്നത് മറച്ചു. മോൾ നല്ല ഉറക്കമാണ്..
സാരമില്ല, ഞാൻ എടുത്തോണ്ട് പൊയ്ക്കോളാം.
ഗൗരി പൊന്നിയെ പതിയെ എടുത്തു. നീനയുടെ കൈകളിലേക്ക് പൊന്നിയെ കൊടുക്കുമ്പോൾ പൊന്നി പതിയെ ഒന്ന് ചിണുങ്ങി, പിന്നെ നീനയുടെ തോളിൽ ചേർന്ന് കിടന്ന് ഉറക്കമായി.
നീന കുഞ്ഞിനേയും കൊണ്ട് മുറിയിലേക്ക് പോയി.
ശരത്ത് കട്ടിലിൽ എഴുന്നേറ്റിരുന്നു. ഇന്നെന്താ കുഞ്ഞിനെ കൊണ്ടു പോയത്. അയാൾ ഗൗരിയോട് ചോദിച്ചു.
അറിയില്ല, നീനയുടെ മോളല്ലേ കൊണ്ടുപോകരുതെന്ന് പറയാൻ ഒക്കില്ലല്ലോ എനിക്ക്.
അവൾക്ക് വേറെ ആരാ ഉള്ളത്? പൊന്നിയുടെ മുഖം കാണുമ്പോൾ അവൾക്ക് ആശ്വാസം ആകുമെങ്കിൽ അതല്ലേ നല്ലത്.
ഒക്കെ ശരിയാ ശരത്തേട്ട എനിക്കറിയാം, എന്നാലും പൊന്നിയെ ഒരു പരിധിയിൽ അധികം വേറെ ആരും സ്നേഹിക്കുന്നത് എനിക്ക് സഹിക്കാൻ ഒക്കുന്നില്ല.എന്റെ മനസ്സ് നിറയെ സ്വാർത്ഥതയാണ് അല്ലേ ശരത്തേട്ട?
ഇല്ലന്നെ… അത് മോളോടുള്ള സ്നേഹം കൊണ്ട് തോന്നുന്നതാ. ഇപ്പോൾ ആവശ്യമില്ലാത്തതൊന്നും ആലോചിക്കേണ്ട, വന്ന് കിടക്കാൻ നോക്ക്.
ഗൗരി ശരത്തിന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു.
നാളെ കാശിയെ കണ്ട്, അവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തിരിച്ചു കൊണ്ടുവരണം കേട്ടോ ശരത്തേട്ടാ, ഇപ്പോൾ തന്നെ അച്ഛൻ വലിയ സങ്കടത്തിലാണ്.
ഞാൻ പോയി അവനെ വിളിച്ചോണ്ട് വരാം ഗൗരി.
♡♡♡♡♡♡♡♡♡♡♡
നീന കട്ടിലിൽ കിടക്കുന്ന പൊന്നിയുടെ മുഖത്തേക്ക് നോക്കി.
എത്ര ശാന്തമായാണ് ഉറങ്ങുന്നത്. അച്ഛന് നമ്മളെ വേണ്ടാതായ കാര്യമൊന്നും ന്റെ കുഞ്ഞിന് അറിയില്ലല്ലോ. നീന ആ നെറ്റിയിൽ മൃദുവായി ഉമ്മ വച്ചു.?അവളെ നോക്കി നോക്കി ഇരിക്കുമ്പോൾ മനസ്സ് ഒരു തൂവൽ പോലെ പറക്കുകയാണ്. മനസ്സ് ഇപ്പോൾ ശാന്തമാണ്. എനിക്കെന്റെ കുഞ്ഞുണ്ട്, ഞാൻ നൊന്തുപ്രസവിച്ച എന്റെ കുഞ്ഞ്.
അവൾ കുഞ്ഞിന്റെ അരികിലേക്ക് ചേർന്ന് കിടന്നു.
രാത്രിയിൽ എപ്പോഴോ കുഞ്ഞിന്റെ കരച്ചിൽ കേട്ട് നീന ഞെട്ടി എഴുന്നേറ്റു.
മ്മേ…. അവൾ ഉറക്കെ കരയുകയാണ്.
നീന കുഞ്ഞിനെ എടുത്ത് കരച്ചിൽ മാറ്റാൻ ശ്രമിച്ചു. കുഞ്ഞ് കൂടുതൽ വാശിയോടെ കരഞ്ഞു.?നീന കുഞ്ഞിനേയും കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങി, ഗൗരിയേടത്തിയുടെ മുറിയുടെ നേർക്ക് നടന്നു.
വാതിൽക്കൽ എത്തിയതും ഗൗരി മുറി തുറന്ന് ഇറങ്ങി വന്നു.
അവളെ കണ്ടതും കുഞ്ഞ് അവളുടെ നേരെ കൈ നീട്ടി.
ഗൗരി കുഞ്ഞിനെ എടുത്തതും അവളുടെ കരച്ചിൽ നിന്നു.
അമ്പടീ കള്ളക്കരച്ചിൽ ആയിരുന്നു അല്ലേ ഗൗരി അവളുടെ കവിളിൽ ഉമ്മ വച്ചു
നീന പതിയെ ചിരിച്ചു. എങ്കിലും അവളുടെ മനസ്സിൽ വല്ലാത്തൊരു ഭാരം തോന്നി.?അവൾ മുറിയിലേക്ക് പോന്നു.
ഇനി കിടന്നാലും ഉറക്കം വരുമെന്ന് തോന്നുന്നില്ല.
അവൾ കസേരയിൽ ഇരുന്നു.
തനിക്ക് ആരുമില്ലെന്നും, തീർത്തും ഏകയാണെന്നും അവൾക്കപ്പോൾ തോന്നി.
♡♡♡♡♡♡♡♡♡♡♡
ശരത്തേട്ടാ ഇത്ര രാവിലെ എവിടേക്കാ? ചപ്പാത്തിയും കടലക്കറിയും ഉണ്ടാക്കിയിട്ടുണ്ട് കഴിച്ചിട്ട് പോ…?പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുന്ന ശരത്തിനോട് ഗൗരി പറഞ്ഞു.
കഴിക്കാൻ നിൽക്കുന്നില്ല ഗൗരി. ഞാൻ കാശി എവിടെയാണെന്ന് നോക്കട്ടെ, മിക്കവാറും സജിയുടെ വീട്ടിൽ കാണും. അല്ലാതെ വേറെ എവിടേക്കും പോകില്ല.
എന്നാൽ ചെല്ല് അവനേം വിളിച്ചോണ്ട് വരൂ…
ശരത്ത് ബൈക്കിൽ കയറി.
കുറച്ച് ദൂരമേ ഉള്ളൂ സജിയുടെ വീട്ടിലേക്ക്, കാശിയുടെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് സജി.
ശരത്ത്, സജിയുടെ വീടിനു മുന്നിൽ ബൈക്ക് നിർത്തി.
വണ്ടിയുടെ ശബ്ദം കേട്ട് സജി ഇറങ്ങി വന്നു.
അല്ല ആരിത് ശരത്തേട്ടനോ?
എടാ… കാശി ഇങ്ങോട്ട് വന്നിരുന്നോ?
ഉവ്വ്…
എന്നിട്ട് അവൻ എവിടെ?
അവൻ കുറച്ച് മുൻപ് പുറത്തേക്ക് പോയി.
എവിടെ പോയതാ?
അവൻ തിരിച്ചു പോകാനുള്ള ടിക്കറ്റ് ശരിയാക്കണമെന്നോ മറ്റെന്തൊക്കെയോ പറഞ്ഞു.
എപ്പോൾ തിരിച്ചു വരുമെന്ന് പറഞ്ഞോ?
ഇല്ല. അവൻ ബാഗ് ഒക്കെയായിട്ടാണ് പോയത്.വേറെ എവിടെയോ പോകാനുണ്ടെന്ന് പറഞ്ഞായിരുന്നു. എന്താ ശരത്തേട്ടാ…. ഏട്ടനോട് പറയാതെയാണോ അവൻ പോയത്.
ഹേയ്…. പറഞ്ഞിരുന്നു. ഞാൻ മറന്നു പോയി. എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ… അയാൾ തിരിഞ്ഞു നടന്നു.
ശരത്തേട്ട… കഴിച്ചിട്ട് പോകാം. അമ്മ അപ്പവും നല്ല താറാവ് കറിയും ഉണ്ടാക്കിയിട്ടുണ്ട്.
ഇല്ലെടാ… കുറച്ച് തിരക്കുണ്ട്. പിന്നെ കാണാം.
അയാൾ ബൈക്കിൽ കയറി.
കുറച്ച് ദൂരം മുന്നോട്ട് ഓടിച്ചു. ചിലപ്പോൾ അവൻ ടൗണിലേക്ക് പോയിട്ടുണ്ടാകും
അയാൾ ടൗണിലൊക്കെ അവനേ തിരഞ്ഞു.?കുറേ അന്വേഷിച്ചിട്ടുമവനെ കണ്ടില്ല.
അയാൾ അവന്റെ ഫോണിൽ വിളിച്ചു നോക്കി.ഇന്നലെ മുതൽ സ്വിച്ഓഫ് ആണ്.
എന്നാലും ഇവനിത് എവിടെ പോയി?
ശരത്തെ നീയെന്താ ഇവിടെ നിൽക്കുന്നത്??അയൽവക്കക്കാരൻ മനോജ് അടുത്തേക്കു വന്നു.
കാശിയെ ഇവിടെ എങ്ങാനും കണ്ടായിരുന്നോ മനോജേ..
അവൻ പോയല്ലോ.ബാംഗ്ലൂർക്ക് പോകുകയാണെന്നാ പറഞ്ഞത്. അവിടെ ചെന്നിട്ട് ആരെയോ കാണാനുണ്ടെന്ന്, എന്നിട്ട് അവിടുന്ന് മടങ്ങിപോകാനാണ് തീരുമാനം എന്നാണ് പറഞ്ഞത്.?അല്ല നിങ്ങളോട് പറയാതെയാണോ അവൻ പോയത്?
പറഞ്ഞിരുന്നു. ഞാനതങ്ങ് വിട്ടുപോയി.
ആഹാ…ഇതാപ്പോ നന്നായത്.
ഞാൻ പോട്ടെടാ… ശരത്ത് ബൈക്കിൽ കയറി.
വീട്ടിൽ എത്തിയതും. ഗൗരി അടുത്തേക്ക് വന്നു.?എന്തായി അവനേ കണ്ടോ?
ഇല്ല.കാണാൻ പറ്റിയില്ല. അവൻ സജിയുടെ വീട്ടിൽ ഉണ്ടായിരുന്നു.?ഞാൻ അവിടെ ചെന്നപ്പോഴേക്കും അവൻ അവിടെനിന്നും പോയി.
എവിടേക്ക്?
കാശി ബാംഗ്ലൂർക്ക് പോയി?അവിടെ ആരെയോ കാണാനുണ്ടത്രേ..?അവിടുന്ന് പോകാനാണ് അവൻ തീരുമാനിച്ചിരിക്കുന്നത് പോലും.
ശ്ശെടാ.. ഈ ചെറുക്കന്റെ ഒരു കാര്യം.?ശരത്തേട്ടൻ അവനേ ഒന്ന് വിളിച്ചു നോക്കിക്കേ..
അവന്റെ ഫോൺ സ്വിച് ഓഫ് ആണ് ഗൗരി.
ഇനിയിപ്പോൾ എന്ത് ചെയ്യും?
എന്ത് ചെയ്യാൻ, ചെറിയ കുട്ടിയൊന്നും അല്ലല്ലോ, എന്തേലും?കാണിക്കട്ടെ. എനിക്ക് വയ്യ ഇങ്ങനെ പിറകെ നടക്കാൻ. വാശി തീരുമ്പോൾ മടങ്ങി പോന്നോളും?ശരത്തിനു ദേഷ്യം വരുന്നുണ്ടായിരുന്നു.
ഗൗരി ഒന്നും മിണ്ടിയില്ല. ശരത്തേട്ടന് പെട്ടന്നൊന്നും ദേഷ്യം വരില്ല, പക്ഷെ എങ്ങാനും ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല.?ദേഷ്യം വന്നാൽ ശരത്തേട്ടൻ മറ്റൊരാളാണ്. മുൻപും പിൻപും നോക്കില്ല. അതുകൊണ്ട് തന്നെ ശരത്തേട്ടന് ദേഷ്യം വന്നാൽ അവൾ മിണ്ടാതിരിക്കുകയാണ് പതിവ്.
അവൾ അകത്തേക്ക് വലിഞ്ഞു.
നീന എല്ലാം കേട്ട് കൊണ്ട് നിൽപ്പുണ്ടായിരുന്നു.
അവൾക്ക് പ്രേത്യേകിച്ച് ഒന്നും തോന്നിയില്ല കാശിയെ ഓർക്കുമ്പോൾ മനസ്സിൽ ശൂന്യത നിറയും.?എന്തോ കാശിയുടെ പോക്ക് അവളെ തെല്ലും വിഷമിപ്പിച്ചില്ല.
അവൾ ശരത്തിന്റെ മുഖത്തേക്ക് നോക്കി.
ദേഷ്യഭാവമാണ് മുഖത്ത്. അയാളുടെ പൗരഷം ഒന്നുകൂടെ കൂടിയെന്ന് അവൾക്ക് തോന്നി.?പുരുഷസൗന്ദര്യം ഒത്തിണങ്ങിയ അയാളിൽ നിന്നും കണ്ണുകൾ പറിക്കാൻ തോന്നുന്നില്ല
നീന പേടിച്ചു പോയോ? ശരത്തേട്ടന്റെ ദേഷ്യം പെട്ടന്ന് മാറും. പേടിച്ചുള്ള നീനയുടെ ഈ നിൽപ്പ് കണ്ടിട്ട് എനിക്ക് ചിരി വരുന്നുണ്ട് കേട്ടോ. ഗൗരി വായ പൊത്തി ചിരി അടക്കി.
നീന ഗൗരിയുടെ മുഖത്തേക്ക് നോക്കി. എന്തോ അവൾക്കപ്പോൾ ഗൗരിയോട് നീരസം തോന്നി. ഇത് പേടിയല്ലെന്നും ആ മനുഷ്യനോടുള്ള ആരാധനയാണെന്നും ഇവർക്കറിയില്ലല്ലോ.
ഒരുതരത്തിൽ പറഞ്ഞാൽ ഗൗരിയേടത്തി എത്ര ഭാഗ്യം ചെയ്തവളാണ്. കുട്ടികൾ ഇല്ലെന്നല്ലേ ഉള്ളൂ… ശരത്തേട്ടന്റെ ഭാര്യ ആകാൻ കഴിഞ്ഞില്ലേ ഇവർക്ക്. ശരത്തേട്ടനെ പോലുള്ള ഒരു പുരുഷനെ സ്നേഹിക്കാൻ ഏത് സ്ത്രീക്കാണ് മോഹം തോന്നാത്തത്.
നീനക്ക് വല്ലാത്ത അസൂയ തോന്നി.
കുട്ടികൾ ഇല്ലാഞ്ഞിട്ടും ഈ സ്ത്രീയെ ശരത്തേട്ടൻ ഉപേക്ഷിക്കാത്തത്, ഇവരുടെ ഈ സൗന്ദര്യം കൊണ്ടായിരിക്കും.
ഗൗരിയോളം ഉയരമില്ല തനിക്ക്, അവരുടെ ശരീരത്തിന് എന്തൊരു ഷേപ്പ് ആണ് നൃത്തം ചെയ്യുന്നത് കൊണ്ടാകാം ഇത്രയും വടിവൊത്ത ശരീരം ഗൗരിയേടത്തിക്ക്.
തനിക്ക് ഗൗരിയേടത്തിയെക്കാൾ നിറമുണ്ട്. അൽപ്പം കൊഴുത്ത ശരീരവുമാണ് തനിക്ക്. ഒരു പുരുഷന് മോഹം തോന്നാൻ ഉള്ള സൗന്ദര്യം തീർച്ചയായും തനിക്കുണ്ട്.
നോക്കിക്കോ നീന ഒന്ന് നന്നായി ഒരുങ്ങി ഇറങ്ങിയാൽ ഗൗരിക്കൊപ്പം പിടിച്ചു നിൽക്കാൻ കഴിയും.
എന്താ കുട്ടീ ഇങ്ങനെ നോക്കുന്നത്.
ഹേയ് ഒന്നൂല്ല..
ഭയങ്കര ദേഷ്യക്കാരനാണോ ശരത്തേട്ടൻ?
അയ്യോ ആണോന്ന്. പക്ഷെ ഇത്രേം വർഷങ്ങൾക്കിടയിൽ മൂന്നോ നാലോ വട്ടമേ ശരത്തേട്ടൻ ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടുള്ളൂ..ഗൗരി പറഞ്ഞു.
കാശിക്ക് എപ്പോഴും ദേഷ്യമാ.. നീന പറഞ്ഞു.
പക്ഷെ അവൻ എന്റെ മുന്നിൽ ദേഷ്യപ്പെട്ടിട്ടൊന്നും ഇല്ല. അമ്മയുടെ സ്ഥാനമാ അവൻ എനിക്ക് തന്നിട്ടുള്ളത്. ഞാൻ വരുമ്പോൾ അവൻ സ്കൂളിൽ പഠിക്കുന്ന കുട്ടിയല്ലേ, എന്തിനും ഏതിനും അവന് ഞാൻ മതിയായിരുന്നു. അമ്മയില്ലാത്ത കുട്ടിയല്ലേ ഞാൻ അതുകൊണ്ട് അമ്മയുടെ സ്ഥാനത്താണ് അവൻ എന്നെ കണ്ടിട്ടുള്ളത്.
ഗൗരി നീനയുടെ തലയിൽ തഴുകി. ഞാൻ പറഞ്ഞാൽ അവൻ അനുസരിക്കും. നിങ്ങളുടെ പിണക്കം മാറ്റി അവനെക്കൊണ്ട് കുട്ടിയോട് മാപ്പ് പറയിക്കും ഈ ഏട്ടത്തി. ഇപ്പോൾ മോൾ അകത്തേക്ക് പോ…
നീന മുറിയിലേക്ക് പോന്നു.
ഈ വീട്ടിൽ പൊന്നിയുടെ ചിരി നിറയണം. ഒപ്പം തന്റെയും. അതിന് ആദ്യം ഇവിടെ നിന്നും ഗൗരിയേടത്തി പോകണം. ഈ വീടിന്റെ അവകാശി , ശരത്തേട്ടന്റെ സ്നേഹത്തിന്റെ അവകാശി താൻ മാത്രമായിരിക്കണം.?ഇവിടെ താനും തന്റെ മോളും, അവളെ ജീവനേക്കാളേറെ സ്നേഹിക്കുന്ന ശരത്തേട്ടനും മതി.?ഗൗരി വേണ്ട. അവൾ പലതും മനസ്സിൽ കണക്ക് കൂട്ടി.
ഗൗരിയുടെ പരിഭ്രാന്തിയോടുള്ള വിളിയൊച്ചകേട്ടാണ് ശരത് ഓടിച്ചെന്നത്
എന്താ…എന്താ പറ്റിയത് ?അയാൾ ചോദിച്ചു.
ഗൗരി ഒന്നും പറയുന്നില്ല. അവളുടെ ശരീരം കിലുകിലെ വിറയ്ക്കുന്നുണ്ട് കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകുന്നുണ്ട്.
എന്താ പറ്റിയത് ? ശരത്ത് അവളെ പിടിച്ചുലച്ചു കൊണ്ട് വീണ്ടും ചോദിച്ചു.
അവൾ തന്റെ വലതു കൈ നീട്ടി. ചുരുട്ടി പിടിച്ചിരിക്കുന്ന കൈ വിടർത്തി അവളുടെ കയ്യിലിരിക്കുന്ന I can ൽ രണ്ടു വരകൾ തെളിഞ്ഞിട്ടുണ്ട്.
വിശ്വസിക്കാനാവാത്തതുപോലെ ശരത്ത് ഗൗരിയുടെ മുഖത്തേക്ക് നോക്കി.
സത്യമാണ് ശരത്തേട്ടാ..അവൾ സന്തോഷക്കണ്ണുനീരോടെയും ചിരിയോടെയും പറഞ്ഞു.
ഒന്നും രണ്ടുമല്ല നീണ്ട പതിമൂന്ന് വർഷത്തെ കാത്തിരിപ്പിന് വിരാമം ഉണ്ടായിരിക്കുകയാണ്.?ശരത്ത് അവളെ മുറുകെ കെട്ടി പിടിച്ചു. അവളുടെ നെറ്റിയിൽ അയാൾ ചുണ്ടുകൾ അമർത്തി.ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷനിമിഷം തങ്ങളെ തേടി വന്നിരിക്കുകയാണ്.
അച്ഛാ…. ശരത്തിന്റെ നീട്ടിയുള്ള വിളി കേട്ടാണ് നീന ഹാളിലേക്ക് ചെന്നത്
എന്താടാ… ഇങ്ങനെ വിളിച്ചു കൂവുന്നത്? അച്ഛൻ ഹാളിലേക്ക് വന്നു.
അച്ഛാ… ഗൗരി ഗർഭിണിയാണ്. ശരത്ത് സന്തോഷത്തോടെ പറഞ്ഞു
അച്ഛന്റെ മുഖം വിടർന്നു
നേരാണോ മോളെ? അച്ഛൻ ഗൗരിയെ നോക്കി
അതേ അച്ഛാ. അവളുടെ മുഖത്ത് അല്പം നാണം കൂടി കലർന്നിട്ടുണ്ടായിരുന്നു ആ മുഖം ഇപ്പോൾ ചുവന്നു തുടുത്തിട്ടുണ്ട്.
ദൈവം തുണച്ചു.എത്ര കാലങ്ങളായുള്ള നിങ്ങളുടെ ആഗ്രഹമാണ്കു ഞ്ഞുങ്ങളെ ഇപ്പോൾ സഫലമായിരിക്കുന്നത്.
അതേയ്…പൊന്നിക്കുട്ടി…നീ ഒരു ചേച്ചി ആകാൻ പോവുകയാണ് കേട്ടോ. ശരത്ത്പൊന്നിയെ എടുത്തുകൊണ്ടു പറഞ്ഞു..
നീന നടുങ്ങിത്തരിച്ചു നിൽക്കുകയാണ്. എന്താണ് ഈ കേൾക്കുന്നത്? ഗൗരിയേടത്തി ഗർഭിണിയാണെന്നോ.
നീന മുറിയിലേക്ക് നടന്നു. വയ്യ തലയാകെ പൊട്ടുന്ന വേദന, അവൾ തല ഇരു കൈകൾ കൊണ്ടും അമർത്തി പിടിച്ചു. ഗൗരിയേടത്തി ഇനിയൊരു കുഞ്ഞിന് ജന്മം നൽകും. ഈ വീട്ടിൽ മറ്റൊരു കുഞ്ഞ് ഓടിനടക്കും അപ്പോൾ താനും പൊന്നിയും എന്ത് ചെയ്യും അവൾ എന്തൊക്കെയോ ആലോചിച്ചു.
♡♡♡♡♡♡♡♡♡♡
ഗൗരിയുടെ ഉദരം അൽപ്പം വീർത്ത് തുടങ്ങി, അവൾക്കു നല്ല ക്ഷീണമുണ്ടായിരുന്നു.
ഇനി എന്റെ മോളെ കയ്യിൽ കിട്ടുന്നത് വരെ എനിക്ക് ഒരു സമാധാനവും ഉണ്ടാവില്ല. ശരത്ത് പറഞ്ഞു. മോളാണെന്ന് അങ്ങ് സ്വയം തീരുമാനിച്ചോ? ഗൗരി ചോദിച്ചു
പിന്നല്ലാതെ, ഇത് മോള് തന്നെയാണ് എന്റെ ഗൗരിയെപ്പോലെ ഒരു സുന്ദരി മോള്.
എന്നാലേ എനിക്ക് ഈ സുന്ദരനെപ്പോലെ ഒരു കുഞ്ഞി ചെക്കനെ മതി.ഗൗരിയും പറഞ്ഞു
ശരി ശരി ഇനി അതിനെ ചൊല്ലി വഴക്ക് വേണ്ട മോനായാലും മോളായാലുംകുഴപ്പമില്ല. എത്രയും പെട്ടെന്ന് എന്റെ കൈകളിലേക്ക് ഒന്ന് കിട്ടിയാൽ മതി.അയാൾ തന്റെ കൈകൾ വിടർത്തിക്കൊണ്ട് പറഞ്ഞു.
ആ വീട്ടിൽ സന്തോഷം മാത്രം നിറഞ്ഞുനിന്നു.
അപ്പോഴൊക്കെ നീന മാത്രം ഉരുകുകയായിരുന്നു. ശരത്തേട്ടൻ ഗൗരിയേടത്തിയെ കൊണ്ടുനടക്കുന്നതും പരിചരിക്കുന്നതും ഒക്കെ കാണുമ്പോൾ ഉള്ളിൽ ഒരുതരം അസ്സൂയ മുളപൊട്ടുന്നു.
ആ കുഞ്ഞിനെ അങ്ങ് ഇല്ലാതാക്കിയാലോ, ഈ ഭൂമിലേക്ക് പിറക്കും മുൻപേ അതിനെ മടക്കി വിട്ടാലോ…
അമ്മേ…. പൊന്നിയുടെ കൊഞ്ചിയുള്ള വിളി കേട്ട് നീന വാതിൽക്കലേക്ക് നോക്കി
നീന അവളെ വാരിയെടുത്ത്…ആ കുരുന്നു മുഖത്തേക്കു നോക്കി
ഇത് പോലെ ഒരു കുഞ്ഞ്ജീവനെയല്ലേ താൻ നശിപ്പിക്കണം എന്ന് ആഗ്രഹിച്ചത്… എന്തൊക്കെയാണ് താൻ ചിന്തിക്കുന്നത്… വയ്യ തല പൊട്ടുന്നത് പോലെ
♡♡♡♡♡♡♡♡♡♡♡♡
അന്നൊരു ഞായറാഴ്ചയായിരുന്നു
ശരത്ത് ഗൗരിയെ നന്നായി കെയർ ചെയ്യുന്നുണ്ടായിരുന്നു. അവളെ ക്കൊണ്ട് ഒരു ജോലിയും ചെയ്യിക്കാതെ അയാൾ ജോലികൾ ചെയ്തു.
അതൊക്കെ കാണുമ്പോൾ നീനക്ക് വല്ലാത്ത ദേഷ്യവും അമർഷവും തോന്നി. ഗൗരിയേടത്തിയുടെ സ്ഥാനത്തു താൻ ആയിരുന്നെങ്കിൽ…. തന്നെ ഇതുപോലെ ശരത്തേട്ടൻ നോക്കുമായിരുന്നില്ലേ. അവൾക്ക് ഗൗരിയോട് വെറുപ്പ് തോന്നി.
ഗൗരിയേടത്തിയെ സ്നേഹിക്കാൻ എത്ര ആളുകളാണ്…?പൊന്നിയെ സ്നേഹിക്കാനും ഒരുപാട് ആളുകൾ. തനിക്കു മാത്രം ആരുമില്ല….ആരുമില്ല… അവൾ സ്വന്തം തല ഭിത്തിയിൽ ഇടിപ്പിച്ചു… നീ ജനിക്കാൻ പാടില്ലായിരുന്നു നീനെ….. നീ ജീവിച്ചിരിക്കാൻ പാടില്ലായിരുന്നു…. അവൾക്ക് ഉറക്കെ അലറികരയാൻ തോന്നി.
പെട്ടന്നാണ് കാളിങ് ബെൽ ശബ്ദിച്ചത്
നീന പതിയെ തലയുയർത്തി…
ശരത്ത് ചെന്ന് വാതിൽ തുറന്നു.
കാശി….
ഒറ്റ നിമിഷം.ഠ’പ്പേ.. ശരത്തിന്റെ കൈ അവന്റെ കവിളിൽ പതിഞ്ഞു.
കാശി തല കുനിച്ചു.
എന്താടാ…. ആരാടാ… വന്നത്? അച്ഛൻ അങ്ങോട്ട് വന്നു. കാശിയെ കണ്ട് അച്ഛൻ ഒന്ന് നിന്നു. ആ വൃദ്ധന്റെ കണ്ണുകൾ നനഞ്ഞിരുന്നു..
അച്ഛാ… എന്നോട് ക്ഷമിക്കണം….കാശി പതിയെ പറഞ്ഞു.
നീ തിരിച്ചു വന്നല്ലോ, തെറ്റ് മനസ്സിലാക്കിയല്ലോ അത് മതി അച്ഛന്.
ഏട്ടാ….എന്തൊക്കെയോ നേടാൻ വേണ്ടി ഞാൻ ശ്രമിച്ചു എന്നുള്ളത് നേര് തന്നെയാണ്. അതൊക്കെ കുട്ടിക്കാലം മുതൽക്ക് ഞാൻ കരുതിക്കൂട്ടി വച്ചഎന്റെ എത്രയോ വലിയ സ്വപ്നങ്ങൾ ആയിരുന്നു. ഒക്കെ നേടിയെടുക്കാൻ ഞാൻ അല്പം തിടുക്കം കാണിച്ചു, പക്ഷേ ഇപ്പോൾ എനിക്ക് ഒന്നിനും കഴിയുന്നില്ല. ഞാൻ നീനയോടും കുഞ്ഞിനോടും ചെയ്തതൊക്കെ തെറ്റാണെന്ന് എന്റെ മനഃസാക്ഷി എന്നെ കുറ്റപ്പെടുത്തുന്നു. എനിക്കവരെ വേണം,എന്റെ നീനയേയും കുഞ്ഞിനെയും നഷ്ടപ്പെടുത്താൻ വയ്യ ഏട്ടാ.
ശരത്ത് അവനെ കെട്ടിപ്പിടിച്ചു. സാരമില്ലെടാ…
കാശിയുടെ ശബ്ദം…നീനക്ക് തന്റെ തലയിൽ ഒരു കടന്നൽ കൂട്ടം ഇളകുന്നുണ്ടെന്നു തോന്നി. അവൾ അടുക്കളയിലേക്ക് ചെന്നു. അടുക്കള സ്ലാബിൽ ഇരുന്ന വാ ക്ക*ത്തി അവളുടെ കണ്ണിൽ പെട്ടു.
അവൾക്കു തന്റെ കണ്ണുകൾ രണ്ടും പുകയുന്നുണ്ടെന്നു തോന്നി.
കാശി മുറിയിൽ ചെന്ന് നോക്കി,നീന അവിടെയില്ല.
ഗൗരി ചെറു പുഞ്ചിരിയോടെ അവനെ നോക്കി. എനിക്കറിയാ മായിരുന്നു നീ തെറ്റ് മനസ്സിലാക്കി മടങ്ങി വരുമെന്ന്. ഇനിയവളെ വേദനിപ്പിക്കരുത് കേട്ടൊ…
ഇല്ലേട്ടത്തീ….
അടുക്കളയിൽ നിൽക്കുന്ന നീനയുടെ അരികിലേക്ക് കാശി നടന്നു ചെന്നു.
നീനേ…അയാൾ പതിയെ വിളിച്ചു.
അവൾ അയാളെ നോക്കിയത് പോലുമില്ല.
നിനക്ക് എന്നോട് ദേഷ്യം ആണെന്ന് അറിയാം. ഒരു ഭർത്താവോ, അച്ഛനോ പറയേണ്ട കാര്യങ്ങൾ അല്ല ഞാൻ പറഞ്ഞതൊന്നും എനിക്കറിയാം. തെറ്റുകൾ തിരുത്താൻ എനിക്ക് നീയൊരു അവസരം തരണം. അതിന് വേണ്ടിയാണ് ഞാൻ വന്നത്.പഴയ കാശി ആയിട്ടാണ് ഞാനിപ്പോൾ നിന്റെ മുന്നിൽ നിൽക്കുന്നത് അയാൾ പറഞ്ഞു.
നീന മറുപടിയൊന്നും പറഞ്ഞില്ല.
തന്നെ വേദനകളുടെ കടലാഴങ്ങളിലേക്ക് തള്ളിയിട്ടിട്ട് ഇപ്പോൾ പശ്ചാത്താപവും ആയി വന്നിരിക്കുന്നു. അറപ്പാണ് തനിക്ക് ഇയാളെ.
തന്റെ പുരുഷന്റെ സ്ഥാനത്ത് ഇനിയൊരിക്കലും ഇയാളെ സങ്കൽപ്പിക്കാൻ പോലും ആവില്ല. എന്തിനാണ് ഇയാൾ ഇങ്ങോട്ട് വന്നിരിക്കുന്നത് ?
നീനെ… അയാൾ വീണ്ടും വിളിച്ചു.
വയ്യ തല പെരുക്കുന്നു….നീനയുടെ കണ്ണുകൾ ചുവന്നു.പൊടുന്നനെ നീന വാ *ക്കത്തിയും കൊണ്ട് കാശിയുടെ നേരെ കുതിച്ചു.
അങ്ങോട്ട് വരികയായിരുന്ന ശരത് ഞൊടി യിടയിൽ നീനയുടെ കയ്യിലെ വാക്ക**ത്തിയിൽ പിടുത്തമിട്ടു.
വിട്….വിടാൻ…എനിക്ക് കൊല്ല – ണം… എനിക്ക് ഇവനെ കൊ*ല്ല-ണം…. നീന അലറി
ശരത്തിന്റെ കയ്യിൽ നിന്നും അവൾ വാക്ക*ത്തി വിടുവിക്കാൻ നോക്കി.
ശരത് ഇരുകൈകൾക്കൊണ്ടും ബലമായി പിടിച്ചിരിക്കുകയാണ്. അയാളുടെ കയ്യിൽ നിന്നും നീന വാ *ക്ക *ത്തി വലിച്ചെടുക്കാൻ നോക്കിയിട്ട് സാധിച്ചില്ല.
ശരത്ത് അവളുടെ കൈ വിടുവിക്കാൻ നോക്കി.
സർവ്വ ബലവും എടുത്താണ് അവൾ വാ *ക്ക **ത്തിയിൽ പിടുത്തം ഇട്ടിരിക്കുന്നത്.
നിനക്കെന്താ ഭ്രാന്ത് പിടിച്ചോ നീനാ… നീ എന്തൊക്കെയാണ് ഈ കാണിച്ചുകൂട്ടുന്നത്? ശരത് ഉച്ചത്തിൽ പറഞ്ഞു.
ഇല്ല…എനിക്ക് ഇയാളെ കൊ *ല്ല -ണം. എന്റെ ജീവിതം തകർക്കാൻ നോക്കുന്നവനാണ്.
നിനക്കെന്തു പറ്റി നീന,നീ എന്തൊക്കെയാണ് ഈ പറയുന്നത്?
അടുക്കളയിലെ കാഴ്ച കണ്ടതും അച്ഛനും ഗൗരിയും ഞെട്ടിപ്പോയി.
ശരത്തിന്റെ കൈ മുറി **ഞ്ഞ് ചോ **ര *യിറ്റ് വീഴുന്നുണ്ട്.
അത്ര നേരം പകച്ചു നിന്ന കാശിയും ശരത്തും ഒരുപോലെ ബലം പിടിച്ച് നീനയുടെ കയ്യിൽ നിന്നും വാക്ക*ത്തി പിടിച്ച് വാങ്ങി.
കാശി ബലമായി അവളെ പിടിച്ച് നിർത്തി.
നിനക്കെന്താ ഭ്രാന്താണോ നീന?
അതെ എനിക്ക് ഭ്രാന്താണ്. എനിക്ക് മുഴുത്ത ഭ്രാന്ത് തന്നെയാണ്.
എല്ലാം നശിപ്പിക്കാനായി നിങ്ങൾ എന്തിനാണ് ഇങ്ങോട്ട് വന്നത് അവൾക്ക് കാശിയുടെ നേരെ ചീറി.
വിടില്ല . ഒന്നിനെയും ഞാൻ വിടില്ല. അവൾ കാശിയുടെ കiഴുത്തിന് കുiത്തിപ്പിടിച്ചു.
അയാൾ ബലമായി അവളുടെ കൈകളിൽ പിടുത്തംഇട്ടു.
അയാൾ അവളെ അടുത്തുള്ള കസേരയിൽ ഇരുത്തി. അച്ഛൻ തോളിൽ കിടന്ന തോർത്തെടുത്ത് അവളുടെ കൈകൾ പിന്നിലേക്ക് കെട്ടിവെച്ചു
എന്നെ വിടാൻ….എന്നെ വിട് എനിക്ക് കൊല്ലണം….എനിക്ക് കൊiല്ല*ണം….
നീന അലറിക്കൊണ്ട് പറഞ്ഞു.പിന്നെ അവൾ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു. നോക്കിക്കോ എല്ലാത്തിനെയും ഞാൻ കൊ **ല്ലും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അല്പനേരം ഇരുന്നിട്ട് അവൾ പൊട്ടി കരഞ്ഞു.
ശരത് കാശിയെ നോക്കി. കാശി എല്ലാം തകർന്നതുപോലെ നിലത്തേക്ക് ഇരുന്നു.
ശരത് ഒരു തുണിയെടുത്ത് തന്റെ മുറിഞ്ഞ ഉള്ളംകൈ കെട്ടിവച്ചു.
ഗൗരി അപ്പോഴും ആ നിൽപ്പ് നിൽക്കുകയാണ്. അവൾ വല്ലാതെ ഭയന്നിട്ടുണ്ട്
ശരത്ത് ഗൗരിയുടെ കവിളിൽ തലോടി.ഇല്ല… ഒന്നുമില്ല… പേടിക്കണ്ട കേട്ടോ,ഒന്നും സംഭവിച്ചിട്ടില്ല.
ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, അവൾ കസേരയിലേക്കിരുന്നു.
അപ്പുറത്തെ മുറിയിൽ നിന്നും പൊന്നി ഉറക്കെ കരയുന്നുണ്ടായിരുന്നു.
ശരത്തേട്ടാ മോൾ കരയുന്നു… ഗൗരി പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു.
ശരത്ത് അവളെ ബലമായി പിടിച്ചിരുത്തി.ഞാൻ പോയി മോളെ എടുക്കാം.
അയാൾ മുറിയിലേക്ക് ചെന്നു. പൊന്നി കട്ടിലിൽ ഇരുന്നു കരയുകയാണ്.
അയാൾ കുഞ്ഞിനെ വാരിയെടുത്ത് തോളിൽ ഇട്ടു.
പൊന്നി അയാളുടെ തോളിൽ പതിഞ്ഞു കിടന്നു.അല്ലെങ്കിലും അവൾക്ക് ഏറ്റവും സുരക്ഷിതമായ ഒരിടം അയാളുടെ തോൾ തന്നെയായിരുന്നു.
അയാൾ കുഞ്ഞിനെയും കൊണ്ട് അടുക്കളയിൽ എത്തി.
ഗൗരി, നീനയെ നോക്കി ഇരിക്കുകയാണ്.
നീന അപ്പോഴും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.
ശരത് പൊന്നിയെ ഗൗരിയുടെ മടിയിൽ ഇരുത്തി.
പൊന്നി ഗൗരിയുടെ മാറിലേക്ക് ചേർന്നിരുന്നു. ഗൗരി ഇരു കൈകൾ കൊണ്ടും അവളെ പൊതിഞ്ഞുപിടിച്ചു
ശരത് നിലത്തിരിക്കുന്ന കാശിയെ നോക്കി. തലയിൽ കൈ അമർത്തിയിരിക്കുന്ന അവന്റെ ഉടൽ ചെറുതായി വിറക്കുന്നുണ്ട്. അവൻ കരയുകയാണെന്ന് ശരത്തിന് മനസ്സിലായി
ശരത് അവന്റെ അരികിൽ ഇരുന്നു.
പതിയെ അവന്റെ തലയിൽ തലോടി
ഒരു പൊട്ടിക്കരച്ചിലോടെ കാശി ശരത്തിന്റെ ചുമലിലേക്ക് ചാഞ്ഞു
അവന്റെ കുഞ്ഞുന്നാളിൽ,അച്ഛൻ അവനെ വഴക്ക് പറയുമ്പോൾ,അവൻ ഓടിവന്ന് തന്റെ അടുത്ത് ഇരുന്ന് കരയുന്നത്,ശരത്തിന് ഓർമ്മ വന്നു
അയാൾ തന്റെ ഉടലിലേക്ക് അവനെ ചേർത്ത് പിടിച്ചു.
ശരത്ത് തലയുയർത്തി നീനയെ നോക്കി.
നീന മുകളിലേക്ക് നോക്കിയിരിക്കുകയാണ്ആ രും കാണാത്തത് എന്തോ അവിടെ കണ്ടതുപോലെ സൂക്ഷിച്ചു നോക്കിയിരുന്നു. ഇടക്ക് തലയാട്ടുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്.
മോനെ, കാശി….ഇങ്ങനെ ഇരുന്ന് വിഷമിച്ചിട്ട് എന്താ കാര്യം? നമുക്ക് നീനയെ ഹോസ്പിറ്റലിൽ എത്തിക്കണം അവളുടെ മനസ്സ് കൈവിട്ടു പോയിരിക്കുകയാണ്
ഞാൻ കാരണം അവളുടെ മനസ്സ് പൂർണമായും തകർന്നു പോയല്ലോ ഏട്ടാ.. എന്റെ നീനയെ ഏതെങ്കിലും ഭ്രാന്താശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട ഗതികേട് വന്ന് പോയല്ലോ എനിക്ക്…
സാരമില്ല. അവൾ ചിന്തിച്ചതും ഈ കാണിച്ചുകൂട്ടിയതുംഒന്നും
സ്വബോധ ത്തോടെ അല്ല. അതൊക്കെ നമുക്ക് മറക്കണം. നമുക്ക് തിരിച്ചു പിടിക്കണ്ടേ അവളെ?
എനിക്കവളെ തിരിച്ചു കിട്ടുമോ ഏട്ടാ..
കിട്ടും… അങ്ങനെ തന്നെ നമുക്ക് പ്രതീക്ഷിക്കാം.അതിനുമുമ്പ് നീനയുടെ വീട്ടിൽ വിളിച്ച് അറിയിക്കണ്ടേ അവളുടെ അവസ്ഥ. ശരത്ത് ചോദിച്ചു.
കാശി തലകുലുക്കി.
ശരത് തന്നെയാണ് നീനയുടെ വീട്ടിലേക്ക് വിളിച്ചത്. നവനീതിന്റെ നമ്പറിലേക്കാണ് അയാൾ വിളിച്ചത്
രണ്ടുബെല്ലിൽ തന്നെ നവനീത് ഫോൺ എടുത്തു. ആഹ്… ശരത്തേട്ടാ എന്തുണ്ട് വിശേഷം? ഒത്തിരി നാളായല്ലോ വിളിച്ചിട്ട്.
മോനെ ഞാനൊരു കാര്യം പറയാൻ വേണ്ടി വിളിച്ചതായിരുന്നു
എന്താ ശരത്തേട്ടാ ? അവന്റെ സ്വരം ഗൗരവത്തിൽ ആയി.
അമ്മ അടുത്തുണ്ടോ മോനെ? ശരത്ത് ചോദിച്ചു
ഇല്ല അപ്പുറത്താണ്.
അമ്മയോട് മോൻ ഈ വിവരം പറയണം.
എന്താ ശരത്തേട്ടാ…എന്തായാലും പറ.
നീനക്ക് അവളുടെ മനസ്സ് കൈവിട്ടു പോയി, അവൾ ഇവിടെ എന്തൊക്കെയാണ് കാണിച്ചു കൂട്ടിയതെന്ന് ഓർക്കാൻ തന്നെ വയ്യ.
എന്താ… എനിക്കൊന്നും മനസിലായില്ല.. നവനീത് പരിഭ്രാന്തി യോടെ പറഞ്ഞു.
ശരത് ചുരുക്കി കാര്യങ്ങൾ അവതരിപ്പിച്ചു.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഫോണും പിടിച്ച് നവനീത് ഒന്നും പറയാതെ നിൽക്കുകയായിരുന്നു
വരാം ശരത്തേട്ടാ…
ശരത്ത് കോൾ കട്ടാക്കി.
കുറച്ച് നേരം കഴിഞ്ഞപ്പോൾ മുറ്റത്ത് ഒരോട്ടോ വന്നു നിന്നു.
അതിൽ നിന്നും തിടുക്കത്തിൽ നവനീതും അമ്മയും ഇറങ്ങി.
അവർ അകത്തേക്ക് വന്നു.
നീനയുടെ ആ ഇരിപ്പ് കണ്ടതും അമ്മ വായ പൊത്തി കരഞ്ഞു.
അമ്മേ… നവനീത് അമ്മയുടെ ചുമലിൽ പിടിച്ചു.
നവനീത് കാശിയുടെ അരികിൽ എത്തി. അയാളുടെ കൈ പിടിച്ചു.
പക്ഷെ… എന്റെ കൂടെപ്പിറപ്പല്ലേ എനിക്ക് ഉപേക്ഷിക്കാൻ വയ്യ.
ഞാൻ കൊണ്ടുപോയ്ക്കോട്ടെ എന്റെ ചേച്ചിയെ?
കാശി അവന്റെ കൈകളിൽ അമർത്തിപ്പിടിച്ചു. മോൻ കരുതിയോ ഞങ്ങൾക്ക് അവളെ വേണ്ടെന്ന്? അങ്ങനെ കളയാൻ പറ്റുമോടാ എനിക്കവളെ…
നവനീതിന്റെ കണ്ണുകൾ നിറഞ്ഞു.
♡♡♡♡♡♡♡♡♡♡
ആറ് മാസങ്ങൾ അതിവേഗം കടന്നു പോയി.
ശരത്തും കാശിയും നവനീതും ഡോക്ടറിന്റ മുന്നിൽ ഇരിക്കുകയാണ്.
നോക്കൂ… നീന ഇപ്പോൾ നോർമൽ ആയിട്ടുണ്ട്. കഴിഞ്ഞു പോയ കാര്യങ്ങളൊക്കെ അവൾക്ക് ഓർത്തെടുക്കാൻ കഴിയുന്നുണ്ട്.
കുറ്റബോധം അവളെ വല്ലാതെ അലട്ടുന്നുണ്ട്.
ഞാൻ ഒരിക്കലും നീനയെ കുറ്റം പറയില്ല. വിവാഹിതയായ ഉടനെ അവൾ പ്രെഗ്നന്റ് ആയി, അതിന് നീനയെ കാശി വഴക്ക് പറഞ്ഞില്ലേ, ആ കുഞ്ഞിനെ നiശിപ്പിക്കണം എന്ന് നിർബന്ധിച്ചില്ലേ? ഏത് പെൺകുട്ടിക്കാണ് അത് സഹിക്കാൻ ആകുക. എന്നിട്ടും ഉള്ളിലുള്ള ജീവനെ നiശിപ്പിക്കാൻ അവൾ കൂട്ടാക്കിയില്ല. ഗർഭിണിയായ ഭാര്യയെ നാട്ടിൽ വിട്ടിട്ട് നിങ്ങൾ വിദേശത്തേക്കു പോയി. അiബോർഷന് സമ്മതിക്കാത്തത് കൊണ്ട് നിങ്ങൾ ഭാര്യയെ വിളിക്കാനോ, ഡെലിവറി സമയത്ത് അവൾക്കൊപ്പം നിൽക്കാനോ വന്നില്ല. എന്തിനേറെ കുഞ്ഞ് ജനിച്ചിട്ടും അതിനെ ഒന്ന് കാണാൻ പോലും നിങ്ങൾ കൂട്ടാക്കിയില്ല.
മോൾക്ക് ജന്മം കൊടുത്ത കുറച്ച് ആഴ്ച്ച കൾക്കുള്ളിൽ കുഞ്ഞിനെ നാട്ടിൽ ഏട്ടത്തിയമ്മയെ ഏൽപ്പിച്ച്, നിങ്ങളുടെ നിർബന്ധപ്രകാരം അവൾ വിദേശത്തേക്കു വന്നു. ശരിയല്ലേ?
അതെ ഡോക്ടർ.കാശിയുടെ തല താഴ്ന്നിരുന്നു.എന്റെ കുറ്റം കൊണ്ടാണ് നീന ഈ അവസ്ഥയിൽ എത്തിയത്.
നൊന്ത് പ്രസവിച്ച സ്വന്തം കുഞ്ഞിനെ കാണാതാകുക കൂടി ചെയ്ത തോടെയാണ് അവളുടെ മനസ്സ് തകർന്നത്. നിങ്ങൾക്കാർക്കും അവളെ മനസ്സിലായില്ല.
അവൾ ഏറെ സ്നേഹിച്ച ഗൗരിഏട്ടത്തിയോട് അവൾക്ക് അസൂയ തോന്നി. ആ ജീവിതം പോലെ ഭാര്യയും ഭർത്താവും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും കഴിയാനായിരുന്നു അവൾ ആഗ്രഹിച്ചതും.
അവൾ ആഗ്രഹിച്ചത് ശരത്തിനെ പോലെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പുരുഷനെ ആയിരുന്നു. പ്രണയകാലത്ത് സ്നേഹത്തിൽ പൊതിഞ്ഞ കാശിയും, വിവാഹിതനായ ശേഷമുള്ള കാശിയും തമ്മിൽ വലിയ വിത്യാസം ഉണ്ടായിരുന്നു. അതൊക്കെ അവളെ അടിമുടി തകർത്തു. അതിന്റെ ബാക്കിയായാണ് നിങ്ങളുടെ വീട്ടിൽ സംഭവിച്ചതൊക്കെ.
ഇപ്പോൾ നീനക്ക് വലിയ കുറ്റബോധം ഉണ്ട്. അവൾക്ക് എല്ലാരോടും മാപ്പ് പറയണം എന്ന് ആഗ്രഹമുണ്ട്.
ഡോക്ടർ ഞങ്ങൾക്ക് അവളെ ഒന്ന് കാണണം.
കാണാമല്ലോ… കാണുക മാത്രമല്ല നിങ്ങൾക്ക് അവളെ കൊണ്ടുപോകാം. അപ്പുറത്തേക്ക് ചെന്നോളൂ..
അവർ പുറത്തേക്ക് ഇറങ്ങി.
മാനസിക രോഗാശുപത്രിയുടെ നീണ്ട ഇടനാഴിയുടെ അപ്പുറത്ത് അവൾ ഇരുപ്പുണ്ടായിരുന്നു.
ആ കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടിരുന്നു.
അവരെ കണ്ട് അവൾ പതിയെ എഴുന്നേറ്റു.
അവരുടെ നേരെ നോക്കാൻ പറ്റാതെ അവൾ തല കുനിച്ചിരുന്നു.
കാശി അവളെ ചേർത്തു പിടിച്ചു. നമുക്ക് വീട്ടിൽ പോകാം.
അവൾ കാശിയുടെ നേരെ മുഖം ഉയർത്തി. എന്റെ.. എന്റെ…. മോൾ?
വീട്ടിലുണ്ട്… ഗൗരിയേടത്തിയും മോളും അച്ഛനും, നവനീതും, അമ്മയും ഒക്കെ നീ ചെല്ലുന്നതും കാത്ത് ഇരിക്കുവാ. വരൂ… പോകാം.
അവൾ പതിയെ അവനെ നോക്കി പുഞ്ചിരിച്ചു.
♡♡♡♡♡♡♡♡♡♡(♡
വീട്ട് മുറ്റത്ത് നിർത്തിയ കാറിൽ നിന്നും നീന ഇറങ്ങി.
നീനയുടെ അമ്മയും,ഗൗരിയും,പൊന്നിയും പുറത്തേക്ക് ഇറങ്ങി വന്നു.
നീനയുടെ കണ്ണുകൾ ആർത്തിയോടെ കുഞ്ഞിൽ തങ്ങി. അവൾ പൊന്നിയെ എടുത്ത് തെരു തെരെ ചുംബിച്ചു…
പൊന്നിയെ നീന നിലത്ത് നിർത്തി.
മോളെ… അമ്മ അവളെ നോക്കി വിളിച്ചു.
നീന അമ്മയെ നോക്കി ചിരിച്ചു.
നീന ഗൗരിയെ നോക്കി. നിറവയറും താങ്ങി നിൽക്കുകയാണ്.
കയറി വാ മോളെ ഗൗരി നീനയുടെ കൈകളിൽ പിടിച്ചു.
നീന അവളുടെ കണ്ണുകളിലേക്ക് നോക്കി. ഗൗരിയേടത്തിക്ക് സ്നേഹിക്കാൻ മാത്രേ അറിയൂ..
എന്റെ കുട്ടി മനപ്പൂർവം ഒന്നും ചെയ്യില്ലെന്ന് ഏട്ടത്തിക്ക് അറിയാം. എല്ലാം മറന്നേക്ക്….നീന അവളുടെ നിറുകിൽ തലോടി
നീന മെല്ലെ ചിരിച്ചു.
പൊന്നിയുടെ കൈ പിടിച്ച് അവൾ കാശിയുടെ മുൻപിൽ എത്തി.
അയാളുടെ കണ്ണുകളിലേക്ക് നോക്കി.എനിക്കറിയാം ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്, അവൾ തല കുനിച്ചു.
ഇല്ല. വേദനിപ്പിച്ചതത്രയും ഞാനായിരുന്നു. കാശി പറഞ്ഞു.
നീന കുഞ്ഞിനെ അയാളുടെ കൈകളിൽ കൊടുത്തു.
നമ്മുടെ മോളെ നന്നായി നോക്കണം. ഈ ഭ്രാന്തിയായ അമ്മയുടെ മകളായി ഇവൾ വളരണ്ട. അതുകൊണ്ട് മോളെ ഞാൻ ഏൽപ്പിക്കു കയാണ്. ഇവിടുള്ള എല്ലാവരുടെയും സ്നേഹം കിട്ടി നല്ലവളായ് ഇവൾ വരട്ടെ…
നീയെന്താ നീനെ ഈ പറയുന്നത്?
ഞാൻ പോകുകയാണ് എന്റെ വീട്ടിലേക്ക്. ഇവിടെ നിൽക്കാൻ എനിക്കിനി കഴിയില്ല. ഇനിയും എന്റെ മനസ്സ് മാറി പോയാലോ.
അങ്ങനൊന്നും ഇനി ഉണ്ടാകില്ല.കാശി പറഞ്ഞു.
നമുക്ക് പോകാം അമ്മേ? അവൾ അമ്മയുടെ നേരെ നോക്കി. ചേച്ചി…. നവനീത് അവളുടെ അടുത്തേക്ക് വന്നു. ചേച്ചി ഇവിടെ ജീവിക്കണം കാശിച്ചേട്ടന്റെയുംമോളുടെയും കൂടെ സന്തോഷത്തോടെ ജീവിക്കണം.
മോന് ഞാൻ വീട്ടിലേക്കു വരുന്നത് നാണക്കേടാണല്ലേ?
ഇല്ല… ഒരിക്കലും ഇല്ല.
എങ്കിൽ എന്നെ വീട്ടിലേക്കു കൊണ്ട് പോണം
കൊണ്ടുപോകാം….
നവനീതിനും അമ്മയ്ക്കും ഒപ്പം അവൾ വണ്ടിയിൽ കയറി.
കാശിയോ, ശരത്തോ, ഗൗരിയോ തടയാൻ നോക്കിയിട്ടും,അവൾ അനുസരിച്ചില്ല.
സ്വന്തം വീട്ടിൽ എത്തിയപ്പോൾ അവളുടെ ഉള്ളിൽ ഒരു തണുപ്പ് പടർന്നു.
നീന സ്വന്തം മുറിയിലേക്ക് പോയി.
എല്ലാ മനുഷ്യർക്കും എന്ത് സ്നേഹമാണ്. എന്നിട്ടും താൻ മാത്രം എന്താ ഇങ്ങനൊക്കെ ആയിപ്പോയത്? എന്റെ പ്രിയപ്പെട്ടവർക്കൊപ്പം ജീവിക്കാനുള്ള ഒരു യോഗ്യതയും എനിക്കില്ല. ജീവിച്ചിരിക്കാനുള്ള യോഗ്യത പോലും ഇല്ലാത്തവളാണ് താൻ.. അവളുടെ കണ്ണുകൾ നിറഞ്ഞു.
പിറ്റേന്ന് നേരം പുലരും മുൻപ് അവൾ മുറിയിൽ നിന്നും പുറത്തിറങ്ങി.
അമ്മയും നവനീതും ഉണർന്നിട്ടില്ല.
അവൾ മുന്നോട്ട് നടന്നു.
നിറഞ്ഞൊഴുകുന്ന പുഴയായിരുന്നു അവളുടെ ലക്ഷ്യം..
വഴിയിൽ വാഹനങ്ങൾ ഒന്നും ഇല്ല.
താൻ ജീവനോടെ ഇല്ലാതെ ഇരിക്കുന്നതാണ് നല്ലത്. തന്റെ മോളും കാശിയും സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കണം. താൻ ഇല്ലാത്തതാണ് എല്ലാവർക്കും നല്ലത്
അവൾ പുഴയിലേക്ക് എടുത്ത് ചാടി. പുഴയുടെ കൈകൾ അവളെ മുറുകെ പുണർന്നു.
പൊടുന്നനെ ആരോ അവളെ വലിച്ചെടിത്തു. അവളുടെ മുടിയിൽ പിടിച്ച് പൊക്കി കരയിലേക്ക് നീന്തി. അവളെ കരയിലേക്ക് കിടത്തി. അവൾ ശ്വാസം എടുക്കാനായി വായ തുറന്നു. കുറേ വെള്ളം അവൾ ശർദ്ദിച്ചു…
അവൾ തന്റെ അടുത്ത് കുനിഞ്ഞിരിക്കുന്ന ആളെ നോക്കി. അവൾ ഞെട്ടിപ്പോയി… കാശി…
അവൻ മുഖമുയർത്തി അവളെ നോക്കി… അവന്റെ മുടിയിൽ നിന്നും വെള്ളം മുഖത്തേക്ക് ഉതിർന്നു വീഴുന്നുണ്ടായിരുന്നു.
അവൾ അമ്പരപ്പൊടെ അവനെ നോക്കി.
എനിക്കറിയാമായിരുന്നു ഇങ്ങനെ എന്തെങ്കിലും നീ ചെയ്യുമെന്ന്..
അതുകൊണ്ട് ഇന്നലെ രാത്രി മുതൽഅവിടെ ഉണ്ടായിരുന്നു ഞാൻ.
എനിക്ക് വേണമെടീ നിന്നെ. മരണത്തിനു പോലും കൊടുക്കില്ല ഞാൻ… എന്റേതാണ്… എന്റേത് മാത്രമാണ് നീ…?അവൻ അവളുടെ മുഖമാകെ ചുംiബിച്ചു.
എനിക്ക് നീയല്ലാതെ ആരാടീ ഉള്ളത്?
നിനക്കറിയോ, പൊന്നി ഇപ്പോൾ ഒരു കുഞ്ഞനിയനെ കിട്ടിയ സന്തോഷത്തിലാണ്.
നീന ഒന്നും മനസ്സിലാവാതെ അവനെ നോക്കി.
ഇന്നലെ നീയവിടുന്ന് പോയപ്പോൾ തന്നെ ഏട്ടത്തിക്ക് പെയിൻ തുടങ്ങി. അപ്പോൾ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. ഏട്ടത്തി ഒരാൺകുഞ്ഞിന് ജന്മം നൽകി. പൊന്നിക്ക് എന്ത് സന്തോഷം ആണെന്നോ.
നീനയുടെ മുഖം വിടർന്നു.
ഞാനും നീയും ഇല്ലെങ്കിലും,ഒരു കുറവും അറിയിക്കാതെ ഏട്ടനും ഏട്ടത്തിയും നമ്മുടെ മോളെ നോക്കും.പക്ഷെ നീ ഇല്ലെങ്കിൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല നീനെ… നീയെന്റെ പ്രാണനാണ്. എന്റെ സ്വപ്നങ്ങൾക്ക് തടസ്സം നിന്നപ്പോൾ ഞാൻ നിന്നെ കുറേ വേദനിപ്പിച്ചു.
അതൊക്കെ പൊറുത്തു കൊണ്ട് പഴയതു പോലെ നീയെന്റേത് മാത്രമാകണം. നമുക്കും ജീവിക്കണം, നമ്മുടെ മോളോടൊപ്പം…
ഒരേങ്ങലോടെ അവൾ അവനെ മുറുകെ പുണർന്നു.
കിഴക്കുദിച്ച കതിരോൻ അവർക്കു മേലേക്ക് സ്വർണ്ണ വർണ്ണം പൊഴിച്ചിട്ടു…
പുതു പുലരിയിൽ പുതിയ പ്രതീക്ഷയുമായി അവർ ഇനിയും ജീവിക്കട്ടെ….തിരുത്തലുകൾ അവരുടെ ജീവിതത്തെ ഏറെ മനോഹരമാക്കട്ടെ…
❤️ ശുഭം ❤️