എഴുത്ത് :-സെബിൻ ബോസ്
പതിവിലും താമസിച്ചാണ് സ്റ്റീഫൻ വീട്ടിലെത്തിയത് .
ഷവറിന്റെ കീഴിൽ നിൽക്കുമ്പോൾ ശരീരമാകെ തണുത്ത ജലം വീഴുമ്പോഴും ഷവറിൽ നിന്നും ചീറ്റുന്നത് ചുടുര,ക്തമാണെന്നാണ് അവനു തോന്നിയത് .
ലോ ബാറ്ററി കാണിച്ച മൊബൈൽ ചാർജിനിട്ടശേഷം സ്റ്റീഫൻ ഇട്ടിരുന്ന ഡ്രെസ് മാറാതെ തന്നെ കുളിമുറിയിലേക്ക് കയറി . ഷവർ തുറന്നതും മാർബിൾ തറയിലൂടെ ചുവന്ന നിറം പടർന്നൊഴുകി .
കണ്ണടക്കുമ്പോൾ പോലും കണ്മുന്നിൽ കണ്ട ആ കാഴ്ച മറയുന്നില്ല .
എന്നും കാണുന്നതാണ് ആ പെൺകുട്ടിയെ .
നിറഞ്ഞ പുഞ്ചിരിയോടെ കാലത്ത് നടക്കാൻ പോകുമ്പോൾ തന്റെ വീടിരിക്കുന്ന തെരുവിലെ വീടുകളിൽ പത്രമിടുന്നുണ്ടാവും അവൾ .
അവളെ കുറിച്ചറിഞ്ഞപ്പോൾ അത്ഭുതത്തെക്കാളുപരി അഭിമാന മായിരുന്നു തോന്നിയത് .
അവളും അമ്മയും മാത്രമാണ് നഗരത്തിന്റെ പ്രാന്തപ്രദേശത്തെ വീട്ടിലുള്ളത്ത് . മുൻകാലജീവിതമൊന്നും ചിക്കിചികയാൻ നോക്കിയില്ല .
അമ്മയേതോ കടയിൽ സെയിൽസ് ഗേളായി നിൽക്കുന്നു .
ഇവൾ പോസ്റ്റ് ഗ്രാഡ്വേഷന് പഠിക്കുന്നു .പഠനത്തിനും മറ്റു ചിലവുകൾക്കു മായാണ് ഹൈസ്‌കൂളിൽ പഠിക്കുമ്പോഴേ പത്രവിതരണത്തിന് ഇറങ്ങിയത് . ഇപ്പോഴതുകൂടാതെ ഈവനിംഗ് കോഫീ ഷോപ്പിൽ ബില്ലിങ്ങിലും ഇരിക്കുന്നുണ്ടത്രേ
ആ പെൺകുട്ടിയെ ആണ് തെരുവിലെ ശാപങ്ങളായ നൂറു കിലോമീറ്റർ സ്പീഡിൽ പോകുന്ന ന്യൂജൻ പിള്ളേരിലൊരാളുടെ ബൈക്ക് ഇ,ടിച്ചുതെ,റിപ്പിച്ചത് .
താനാണാദ്യം ഓടിയെത്തിയത് .
തല ഇലക്ട്രിക് പോസ്റ്റിലെന്തോ കൊണ്ട് … ഒന്നേ നോക്കിയുള്ളൂ …
കണ്ണടച്ചു വാരിയെടുത്തപ്പോഴേക്കും ആരൊക്കെയോ അതിലെ വന്ന ഒരു ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയിരുന്നു .
സ്റ്റീഫൻ ഷവറിലെ ജലംകൊണ്ട് ശരീരവും മനസും തണുത്തത് പോരാഞ്ഞിട്ട് നിറഞ്ഞ ബക്കറ്റ് കൂടെ തലയിലേക്ക് കമിഴ്ത്തി .
വിശപ്പ് കെട്ടു പോയിരിക്കുന്നു . ദിനംപ്രതി പട്ടണത്തിന് നടുവിലെ തന്റെ ഷോപ്പിന് മുന്നിലെ തിരക്കേറിയ വീഥികളിൽ പലപ്പോഴും കാണുന്നതാണ് ബൈക്കുകളുടെ അഭ്യാസപ്രകടനവും അതേത്തുടർന്നും അല്ലാതെയുമു ണ്ടാകുന്ന ആക്‌സിൻഡന്റുകളും . ഇതുപക്ഷേ ആ പെൺകുട്ടി .
അവൾ രക്ഷപ്പെട്ടാൽ മതിയാരുന്നു .
അവളുടെ അമ്മ ആശുപത്രിയിലേക്ക് വന്നപ്പോഴാണ് , കടയിലെ പയ്യനെ അവിടെ നിൽക്കാൻ പറഞ്ഞേൽപ്പിച്ചു വീട്ടിലേക്ക് തിരിച്ചത് .
അവരുടെ കണ്ണുനീർ കാണാൻ വയ്യ …
തന്റെയാരുമല്ലായെങ്കിലും ആ അമ്മയുടെ ഏക പ്രതീക്ഷയല്ലായിരുന്നോ അവൾ .
സ്റ്റീഫൻ ഷെൽഫ് തുറന്ന് പണ്ടെപ്പോഴോ ബാക്കിവെച്ചിരുന്ന കുപ്പിയിൽ നിന്ന് ഒരു ലാർജ് ഗ്ലാസ്സിലേക്കൊഴിച്ചു ബാൽക്കണിയിൽ വന്നിരുന്നു ഫോണിന്റെ സൈലന്റ് മോഡ് മാറ്റി .
ആശുപത്രിയിലെ ഓട്ടത്തിനിടയിൽ ശല്യമാകണ്ട എന്ന് കരുതി സൈലന്റാക്കിയിരുന്നു .
രണ്ടുമൂന്നു കോളുകൾ .
ഒരെണ്ണം മെസഞ്ചർ കോൾ ..
പിന്നെ അതിൽ തന്നെ മെസെജും
”ഡാ … ഓർക്കുന്നുണ്ടോ ? നീയിതെവിടെയാ പലതവണ വിളിച്ചല്ലോ !!”
ആരാണിത് !!
പ്രൊഫൈൽ ഒരു മരതക കല്ലിന്റെയാണ് . പച്ച നിറത്തിൽ തിളങ്ങുന്ന വജ്രക്കല്ല്- എമറാൾഡ്
പൊടുന്നനെ ജീവന്റെ പെരുവിരലിൽ നിന്നുമൊരു തരിപ്പ് മുകളിലേക്കുയർന്നു .
ഗ്ലോറി …. ഗ്ലോറിയാ തിമോത്തിയോസ് .
അവൾ തന്നെയാവും .. ഉറപ്പാണ് .
പലപ്പോഴും താനവളെ വിശേഷിപ്പിച്ചിരുന്നത് മരതകക്കല്ല് എന്നാണ് .
അതിന് കാരണം അവർക്കിഷ്ടമുള്ള നിറം പച്ച എന്നത് കൊണ്ടുമാത്രമല്ല .
നിനച്ചിരിക്കാതെ തന്റെ ജീവിതത്തിലേക്ക് ഒരു നാൾ ദൈവദൂതനെ പോലെ കടന്ന് വന്ന് ജീവിക്കാൻ പ്രേരണ തന്നവളെ പിന്നെ എന്താണ് വിശേഷിപ്പിക്കുക !!
ദേവിക . എട്ടുവർഷത്തെ പ്രണയത്തിനൊടുവിൽ കൂടെ കൂട്ടിയവൾ .
പ്രണയം പോലെയാവില്ല ജീവിതം എന്ന് ഇരുവരും മനസിലാക്കി വരുമ്പോഴേക്കും മനസുകൾ തമ്മിൽ അടുക്കാൻ പറ്റാത്തത്ര വിധത്തിൽ അകന്നിരുന്നു . ഈ ലോകത്തെന്നോ തനിച്ചായിപ്പോയിരുന്ന തന്നിൽ നിന്ന് അവളും പടിയിറങ്ങി പോയതോടെ ഈ ലോകത്ത് എന്തിന് ജീവിതമിനി എന്തിന് വേണ്ടി ?ആർക്കുവേണ്ടിയെന്നുള്ള ചിന്തയിലായി . വേണ്ടിയെന്ന ചിന്തയായി .
‘ ആരും പണക്കാരനായി ജനിക്കുന്നില്ല . എന്നാൽ പണക്കാരനായി മരിക്കാത്തത് അയാളുടെ കുഴപ്പം കൊണ്ടാണ് ‘ എന്നോട് വാക്യം എവിടെയോ ആരോ പറഞ്ഞു കണ്ടിരുന്നു .
അതിനെ പറ്റി തനിക്ക് അത്ര യോജിപ്പില്ല .
പണക്കാരനായി ജനിക്കാൻ പറ്റില്ലെങ്കിലും പണത്തിന്റെ പിൻബല ത്തിൽ ജനിച്ചുജീവിക്കാൻ പറ്റും .
ഒരു കുഞ്ഞ് ജനിക്കുന്നത് പണക്കാരനോ പാമരനോ ആവുന്നത് അവന്റെ കുറ്റം കൊണ്ടല്ലല്ലോ .പണക്കാരന് ജനിക്കുന്ന കുഞ്ഞിന് അവന്റെ പൈതൃക സ്വത്ത് ഇരട്ടിപ്പിക്കാനും നശിപ്പിക്കാനും പറ്റും .
പാമരന് ജനിക്കുന്ന കുഞ്ഞ് സ്വന്തമായി വെ,ട്ടിപ്പിടിച്ചുണ്ടാക്കണം . ചിലരതിൽ വിജയിക്കും . അവന്റെ കൂടിയാകും ലോകം . ചിലർ ജീവിക്കാനുള്ളത് മാത്രമുണ്ടാക്കും . അവരെ ലോകം കുറ്റപ്പെടുത്തും . ചിലരാകട്ടെ അതിദരിദ്രരും . അവരെ ലോകം മറന്ന് കളയും
അങ്ങനെ ലോകം മുഴുവൻ മറന്നു തുടങ്ങിയവൻ ആയിരുന്നു താനും .
തങ്ങൾക്കൊപ്പമെത്താത്തവനിൽ നിന്നും അകന്നുപോയ സുഹൃത്തുക്കളും അകറ്റി നിർത്തിയ ബന്ധുമിത്രാദികളും .
യാത്രകൾ .. രണ്ടോ മൂന്നോ മാസം പണിയെടുക്കും .
ആ പണം കൊണ്ട് യാത്രക്കുള്ള ചിലവും പിന്നെ മ,ദ്യവും .
യാത്രയിൽ കാണുന്ന മനോഹരമായ ചിത്രങ്ങൾ ചെറിയൊരു കുറിപ്പോടെ സോഷ്യൽ മീഡിയയിൽ ഇടുമായിരുന്നു . വല്ലപ്പോഴുമൊക്കെ താൻ വരച്ച ഛായാ ചിത്രങ്ങളും
സ്വയം പഴിച്ച് , ഉള്ളുരുകി അതിലേറെ അപകർഷതാ ബോധത്തോടെ ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് ആരുമറിയാത്തിടങ്ങൾ തേടി നടക്കുകയായിരുന്ന ആ സമയത്താണ് അവളുടെ മെസേജ് ആദ്യമായി വന്നത് .
”നിങ്ങളുടെ ചിത്രങ്ങളും എഴുത്തുകളും വളരെ നല്ലതാണ് . മനസിന് ഊർജ്ജം പകരുന്നവ …. കീപ്പ് ഇറ്റപ്പ് ”
ഒരു ഹിമാലയൻ ഗ്രാമത്തിൽ തണുപ്പിൽ കൂനിക്കൂടിയിരിക്കുന്ന ഒരു വൃദ്ധയുടെ അടുത്തിരിക്കുന്ന പൂച്ച …
ആ ചിത്രത്തിന് താഴെ അവൾ എഴുതി .
”ആരുമില്ലാത്തവർക്ക് എന്തുമൊരു ആശ്രയമാണ്…താങ്ങാണ് ..കരുത്താണ് ” ”
അത് കണ്ടപ്പോൾ മനസിലൊരു കുളിർമ തോന്നി .
ശെരിയല്ലേ ? ഒരുപക്ഷെ ആ വൃദ്ധയുടെ നേരമ്പോക്കും കൂട്ടും ഒക്കെ ആ പൂച്ചയായിരിക്കാം .
അതിന് ആഹാരം കൊടുക്കുന്നതിൽ അവർ ആനന്ദം കണ്ടെത്തുന്നു ണ്ടാകാം .
ആ പൂച്ചക്ക് വേണ്ടിയാകാം അവർ വിട്ട് പോകാത്തതും …
പിന്നീട് അത് തുടർകഥകളായി .ഓരോ ചിത്രങ്ങൾക്കും അവളൊരു കഥ മെനഞ്ഞു . .അവളുടെ കമന്റുകളും മെസേജുകളും തനിക്കൊരു താങ്ങായിരുന്നു … കരുത്തായിരുന്നു .
താൻ ജീവൻ തുടിക്കുന്ന ചിത്രങ്ങളൊപ്പിയെടുക്കുമ്പോൾ അവളും താനും ആ ചിത്രങ്ങൾ വിശകലനം ചെയ്ത് കഥകൾ രചിച്ചു . . ട്രാഫിക്സി ഗ്‌നലിലെ യാചകന്റെ പൂർവ്വജീവിതവും , റോഡിൽ കുത്തേറ്റ് ഇര പിടയുമ്പോൾ വില്ലന്റെ മനസിലുണ്ടാവുന്ന ചിന്തകളും തങ്ങളുടെ ചിന്തകളായി .
യാന്ത്രികമായി പുലർന്നെഴുന്നേറ്റ് എങ്ങോട്ടോ ആർക്കോ വേണ്ടിയെന്നോണം യാത്ര ചെയ്തിരുന്ന താൻ ഓരോ പുലരിക്കും കാത്തിരിപ്പായി . എന്ത് ചിത്രങ്ങളാകും തന്റെ കാമറയിൽ പതിയുക , അവളെന്തായിരിക്കും ആ ചിത്രങ്ങൾ കൊണ്ട് കഥ മെനയുക എന്നതറിയാനുള്ള കാത്തിരിപ്പ് .
ജീവിതം മാറി മറിയുന്ന ഒരു ഫീൽ .
ചിത്രങ്ങളയച്ചു അവളുടെ മറുപടിക്കായുള്ള ദൈർഖ്യം കൂടുമ്പോഴുള്ള വേവലാതി .സുഖമായ , ദൈർഖ്യമില്ലാത്ത വിരഹവേളകൾ ..
” നീയെന്നെ പ്രണയിക്കുന്നുണ്ടോടാ ?’
ഒരുനാൾ ഓർക്കാപ്പുറത്തുള്ള അവളുടെ ചോദ്യമെന്നെ അമ്പരപ്പിച്ചു .
നിശ്ശബ്ദതയായിരുന്നു മറുപടി . ഇതുവരെ താൻ അവളെ എന്തായാണ് കണ്ടിരുന്നത് ?
വെറുമൊരു ഫ്രണ്ട് ..? കൂടപിറക്കാത്ത സഹോദരി …? അതോ വഴിയിലെപ്പോഴും കാണുന്ന ചിരപരിചിതയായ ഒരു വഴിയാത്രക്കാരി
അതൊന്നുമല്ല …
വെറുമൊരു ഫ്രണ്ടല്ല ….അതിനുമപ്പുറം ആയിരുന്നവർ .
സഹോദരിയായും കാണാനാവില്ല … പലപ്പോഴും അവളുടെ പുഞ്ചിരിക്കുന്ന മുഖം മനോഹര സ്വപ്നങ്ങളായി കടന്നുവന്നിരുന്നു ..
” ശെരി …നീയത് വിട് …ഹഹഹ ”
സ്വതസിദ്ധമായ അവളുടെ ചിരി അപ്പുറത്തു മുഴങ്ങിയപ്പോഴും അവൾ തനിക്ക് ആരാണെന്നുള്ള ചിന്തയിൽ നിന്നും മോചിതനായിരുന്നില്ല സ്റ്റീഫൻ .
സെപ്പറേറ്റഡ് ആണ് എന്നല്ലാതെ മറ്റൊന്നും അവളെ കുറിച്ചറിഞ്ഞി രുന്നില്ല . അറിയാനൊട്ടു ആകാംഷയുമുണ്ടായിരുന്നില്ല .ഒരിക്കൽ അവളായി തന്ന ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രമാണ് മരതക കല്ലിനപ്പുറം അവളുടെ പ്രൊഫൈലിൽ നിന്നും അവളെ കുറിച്ച് തനിക്ക് കിട്ടിയ സമ്പാദ്യം .
ഗ്ലോറിയ തിമോത്തിയോസ് എന്നുള്ള പേര് പോലും യാഥാർഥ്യമാണോ എന്ന് താൻ ചോദിച്ചിരുന്നില്ല . പക്ഷെ ഇടക്ക് മിക്കവാറും നീളുന്ന അവളുടെ അസാന്നിധ്യം മാത്രം മനസിനെ മുറിവേൽപ്പിച്ചിരുന്നു .
പക്ഷെ , നാളുകൾക്ക് ശേഷം മുഖവുരയൊന്നുമില്ലാതെ , പണ്ട് മറഞ്ഞപ്പോൾ ബാക്കിയാക്കിയ അതേ തുടർ ചോദ്യങ്ങളും ചർച്ചകളുമായി അവൾ വന്നിരുന്നു .
അവളിലൂടെ താൻ ജീവിതത്തിലേക്ക് മടങ്ങിയെത്തി . ”നീ വരക്കടാ … നിന്റെ ചിത്രങ്ങൾക്ക് ജീവനുണ്ട്” എന്ന് പറഞ്ഞെന്നെ കൊണ്ട് കാൻവാസ് എടുപ്പിച്ചു .
പിന്നീട് ആ ചിത്രങ്ങൾ വിൽക്കാനെന്ന് പറഞ്ഞ്
സുവനീറുകൾ വിൽക്കുന്നൊരു ഷോപ് . പ്രണയത്തിന്റെ , ബഹുമാനത്തിന്റെ , ലാളനയുടെ സമ്മാനങ്ങൾ സ്നേഹത്തിന്റെ മേമ്പൊടി ചേർത്തു തന്റെ കടയിലൂടെ പലരിലേക്ക് എത്തിയതിന് കാരണം അവളായിരുന്നു .
ഇന്നോ നാളെയോ അവളുടെ മെസേജെത്തുമെന്ന് കരുതിയിരുന്നു അവസാന ചാറ്റിൽ പിരിഞ്ഞപ്പോഴും .
നാളുകൾ മാസങ്ങളായി വർഷങ്ങളായി
ഒടുവിൽ ഇന്നവൾ വീണ്ടുമെത്തിയിരിക്കുന്നു .
”സോറീഡാ ..എങ്ങനെ പോകുന്നു നിന്റെ ഷോപ്പൊക്കെ ? യാത്രകളിൽ നിന്നുമകറ്റി നിന്നെ ഒരിടത്തിരുത്തിയതിൽ എന്നോട് ദേഷ്യമുണ്ടോ ? നീയെന്നെ ഓർത്തിരുന്നോ എപ്പോഴെങ്കിലും ?”
മെസേജിന്റെ നോട്ടിഫിക്കേഷൻ മുഴങ്ങിയപ്പോൾ സ്റ്റീഫൻ ചിന്തയിൽ നിന്നുണർന്നു .
” ലവ് യൂ ..എമറാൾഡ് …. ഓർത്തിരുന്നോ എന്നോ ? മറന്നിട്ട് വേണ്ടേ ഓർക്കാൻ ..എന്നും ..ഓരോ ശ്വാസത്തിലും .. ഓരോ നിമിഷവും നീയെന്നോട് കൂടെയുണ്ടായിരുന്നു . ”
അപ്പുറത്ത് നിന്നും മറുപടിയൊന്നുമില്ല .. പതിവുപോലെ പോയിക്കാണുമോ ?
ഇത്ര ചുരുങ്ങിയ സമയം കൊണ്ട് പോകാറില്ല . ഒന്നോ രണ്ടോ ആഴ്ച … അതെങ്കിലും സജീവമായി കൂടെയുണ്ടാകും .
പെട്ടന്ന് തന്നെ മെസഞ്ചറിന്റ കോളർ ട്യൂൺ മുഴങ്ങി .
അവളുടെ നേർത്ത ശബ്ദം …
”’ലവ് യൂ ടൂ … പക്ഷെ നീയെന്നെ മറക്കണം .. എന്റെ ഓർമകൾ നിന്നെ വിഷാദനാക്കരുത് . നിന്റെ ശാപം പേറാൻ എനിക്ക് വയ്യ … ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെനിക്ക് .. വല്ലപ്പോഴും വരുമ്പോൾ ഈ ചിരിയോടെ എനിക്ക് നിന്നെ കാണണം . അപരിചിതത്വമില്ലാതെ സംസാരിക്കണം ..അതീന് വേണ്ടത് കെട്ടുപാടുകൾ ഇല്ലാത്തതാണ് ”
സ്റ്റീഫന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു .
നീ മെസേജ് നോക്കിക്കേ … കോൾ കട്ട് ചെയ്യണ്ട … ”
” എന്താടാ ? പുതിയ പിക് വല്ലതുമാണോ ? ”
മെസഞ്ചറിൽ ഗ്ലോറിയുടെ ആകാംഷ നിറഞ്ഞ ശബ്ദം .
”അതെ .. എക്സ്ക്ലൂസീവ് പിക് ..നീ നോക്ക് ”
”ഇത് ..ഇത് ..ഇത് ഞാനല്ലേ ..നീ …നീയിതെങ്ങനെ ?”
”’ നീ നാലഞ്ചുമാസങ്ങൾക്ക് മുൻപ് കന്യാകുമാരിയിൽ പോയിരുന്നില്ലേ ? കൃത്യമായി പറഞ്ഞാൽ ജൂൺ പതിനൊന്നിന് … ”
‘ഹ്മ്മ്മ് ..നീയെന്നെ കണ്ടുവല്ലേ ..എന്നിട്ടെന്തേ മിണ്ടിയില്ല ”
”എന്നെ ഒളിക്കുന്നതൊന്നും ഞാൻ അറിയാൻ ശ്രമിക്കുന്നില്ല ..ഞാൻ നിന്നെ കണ്ടു .. കൊതിതീരെ … നീ കണ്മുന്നിൽ നിന്നും മറയുവോളം … അതാരായിരുന്നു ഹസ്ബൻഡോ .. മക്കൾ … ഒരാളെന്ന് പറഞ്ഞിട്ട് ”
‘ഹ്മ്മ് … അതെ ഹസ്ബൻഡ് … പറഞ്ഞത് പാതി സത്യം … ഒരാൾ എന്റെ കൂടെയും ഒരാൾ അദ്ദേഹത്തിന്റെ കൂടെയും . കൂടെയുള്ളതിനെ അല്ലെ സ്വന്തമെന്ന് പറയാനാവൂ … ” ഗ്ലോറിയുടെ പതിഞ്ഞ ശബ്ദം .
” കൂടുതലൊന്നും എനിക്ക് കേൾക്കണമെന്നില്ല ..നീ പറഞ്ഞില്ലേ ..എപ്പോഴെങ്കിലും കാണുമ്പോൾ ഈ ചിരിയോടെ അപരചിതത്വമില്ലാതെ സംസാരിക്കണമെന്ന് ..എനിക്കുമത് മതി . ചോദ്യങ്ങൾ അനവധിയുണ്ടെനിക്ക് .. പക്ഷെ ചോദിക്കുന്നില്ല . ഇന്ന് ഈ ലോകത്ത് എനിക്കെന്ന് പറയാൻ നീ മാത്രമേയുള്ളൂ . അതെന്നുമെനിക്ക് വേണം . ഇടക്കൊക്കെ വരണം .. എനിക്കും ഉണ്ടൊരാൾ എന്നോര്മപ്പെടുത്താൻ … നിനക്കതിനെ നിന്റെഭാഷയിൽ എന്തും വിളിക്കാം ..പ്രണയമെന്നോ സൗഹൃദമെന്നോ സഹോദര്യമെന്നോ …അതെന്തു തന്നെയായാലും എന്നെ ഈ ലോകത്തിൽ മുന്നോട്ട് നയിക്കാൻ പ്രേരണയാകും . .. ജീവിതത്തിനൊരർത്ഥം തന്നത് നീയാണ് …. ആ നിന്നെയെങ്ങനെ ഞാൻ ശപിക്കും . മനസുകൊണ്ട് സ്നേഹിച്ചതൊന്നും മായുകയില്ല … കൂടുതൽ മിഴിവോടെ ഹൃദയത്തിൽ പതിയുകയല്ലേ ഉള്ളൂ …”
സ്റ്റീഫന്റെ കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി .
” സ്റ്റീഫച്ചായാ …എന്തുപറ്റി കണ്ണ് നിറഞ്ഞിരിക്കുന്നെ ?”’
ചോദ്യം കേട്ട് സ്റ്റീഫൻ കണ്ണ് തുടച്ചവനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു .
‘ ഹേയ് …ഒന്നുമില്ലടാ …. നീ വല്ലോം കഴിച്ചോ ? ഇല്ലേൽ എന്തെങ്കിലും കഴിച്ചിട്ട് വാ ..ഞാനൊന്നുമുണ്ടാക്കിയില്ല .. എനിക്ക് വേണ്ട ..വിശപ്പില്ല … ആ കുട്ടിക്ക് എങ്ങനെയുണ്ട് ? പിന്നീട് ഡോക്ടറെന്തെങ്കിലും പറഞ്ഞോ ?
രാജീവാണ് .. അവനെയേൽപ്പിച്ചാണ് ഹോസ്പിറ്റലിൽ നിന്നും പോന്നത് .
” അതാ സങ്കടം ..ആ അമ്മേടെ മുഖത്തേക്ക് നോക്കിയിരിക്കാനാവില്ല .
സിസി ടിവി നോക്കി ആ ചെക്കനെ പിടിച്ചു.. അവൻ മനഃപൂർവം കൊ,ല്ലാൻ ശ്രമിച്ചതാണത്രേ . തേപ്പ് ആണ് പോലും … ഇവള്‍ക്ക് ഇഷ്ടമായിരുന്നത്രേ ..സംഭവം ഈ ചെക്കനെ കഴിഞ്ഞ മാസമെന്തോ മ യ ,ക്ക് മരു ,ന്ന് കേസിൽ പിടിച്ചപ്പോൾ അവൾ ഒഴിവായതാ … ”
രാജീവൻ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറിയപ്പോൾ സ്റ്റീഫൻ നിസ്സംഗതയോടെ ഫോണിലേക്ക് നോക്കി .
, ആ മരതകക്കല്ല് മാഞ്ഞിരിക്കുന്നു … ചിലപ്പോ അല്പകാലത്തേക്കായി .. ഒരു പക്ഷെ അനന്തമായും
വീഴ്ത്തുന്നതും വാഴ്ത്തുന്നതും പ്രണയമാണ് .. പ്രണയമെന്നത് അനുഭൂതിയാണ് … ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ് .. മനസിന് കുളിരേകുന്ന , ശരീരത്തെ മുന്നോട്ട് നയിക്കുന്ന ഉത്തേജനമാണ് പ്രണയം .
അത് എന്ത് കാരണം കൊണ്ടും ജീവനിൽ പാതിയായവരെ മുറിവേല്പിക്കാനാവരുത് .
പരാതികളൊന്നുമില്ലാതെ സ്റ്റീഫൻ കാത്തിരുന്നു … വീണ്ടുമാ പച്ച വെളിച്ചം തെളിയുന്നതിനായി .

