എഴുത്ത്:-ഗിരീഷ് കാവാലം
“ദേ.. നിങ്ങൾ വയലന്റ് ആകല്ലേ… അനഘ മോൾക്ക് വയലിൻ വായിക്കാൻ മ്യൂസിക് ട്രൂപ്പിന്റെ കൂടെ കൊച്ചിയിലെ പ്രോഗ്രാമിന് പോകണമെന്ന് “
“അവളുടെ നീറ്റ് എക്സാം അടുത്ത മാസം അല്ലെ..??ആണോ.. അല്ലയോ എന്ന് നീ പറ…?
ഭാര്യ അപർണ പറഞ്ഞതും ഓഫീസിലേക്ക് പോകാനായി സ്കൂട്ടി സ്റ്റാർട്ട് ചെയ്ത വേണു പെട്ടന്ന് വണ്ടി ഓഫ് ചെയ്തുകൊണ്ട് കടുത്ത നോട്ടത്തോടെ അപർണക്കെതിരെ പൊട്ടിത്തെറിച്ചു
“പഠിക്കാൻ നല്ല കഴിവ് ഉള്ള പെണ്ണല്ലേ അവൾ..പഠിച്ച് നല്ല നിലയിൽ എത്തിക്കാൻ ആയിട്ട് ഞാൻ എന്ത് കഷ്ടപ്പെടുവാ… അച്ഛന്റെ കഷ്ടപ്പാട് മക്കൾക്ക് മനസ്സിലാക്കാൻ ഉള്ള കഴിവില്ലേ “
“ഓ നിങ്ങൾ ചൂടാകാതെ ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാം “
ഭർത്താവിനെ സമാധാനിപ്പിച്ചുകൊണ്ട് അപർണ സ്നേഹത്തോടെ പറഞ്ഞു
“ഒരേപോലെ വളർന്നു വരുന്ന മൂന്ന് പെണ്മക്കളുടെ അച്ഛനാണെന്നുള്ള ചിന്ത വീട്ടിലുള്ള ഭാര്യക്കും മക്കൾക്കും ഇല്ല പക്ഷേ നാട്ടുകാർക്കുണ്ട് “
“എന്താ..എന്താ പറഞ്ഞേ..?
വേണു അടക്കത്തിൽ പറഞ്ഞത് മനസ്സിലാകാതെ അപർണ ചോദിച്ചു
“ഓ.. ഞാൻ ഒന്നും പറഞ്ഞില്ലേ…”
“ദേ ഞാൻ പോകുവാ ഓഫീസിന്ന് വരുമ്പോ ഇതിനെപറ്റി രണ്ടാമതൊരു ചോദ്യം പ്ലീസ് എന്നോട് ചോദിച്ചേക്കല്ല് “
അച്ഛൻ വേണു പോയതും അപർണ, അനഘ മോളെ ഉപദേശിച്ചു
“മോളെ അച്ഛന് ഇഷ്ടം അല്ലെങ്കിൽ പിന്നെ മോള് എന്തിനാ അത് ആഗ്രഹിക്കുന്നേ.. മോൾ ഇപ്പൊ പഠിത്തത്തിൽ മാത്രം കോൺസെൻട്രേറ്റു ചെയ്യൂ…”
“അമ്മേ ഞാൻ നീറ്റ് എക്സാമിന് മാക്സിമം ട്രൈ ചെയുന്നുണ്ട്… പക്ഷേ ഒരാളുടെ മനസ്സിലെ സ്വതസിദ്ധമായിട്ടുള്ള കല അത് അവഗണിക്കാൻ പറ്റുമോ…”
സംസ്ഥാന കലോത്സവത്തിൽ വയലിൻ വിഭാഗത്തിൽ ജേതാവാകാൻ ടാലെന്റ്റ് ഉള്ള അനഘ റവന്യു ജില്ലാ തല മത്സരത്തിൽ വിജയി ആകാഞ്ഞത് അപ്രതീക്ഷിതമായിരുന്നു
പ്ലസ് ടൂ കഴിഞ്ഞതോടെ അനഘ മോളുടെ ആ സ്വപ്നം അവസാനിച്ചു
അത് അവൾക്ക് ഷോക്ക് ആയിരുന്നെങ്കിലും അവളുടെ മനസ്സിൽ വയലിൻ വായന തന്നെ ആയിരുന്നു
അനഘയുടെ താഴെയുള്ളവർ രണ്ടുപേരും പ്ലസ് വൺ നും , പത്തിലും പഠിക്കുന്നു
അവൾ എന്തിയെ അനഘ ?
വൈകുന്നേരം ഓഫീസിൽ നിന്ന് തിരിച്ചെത്തിയ വേണു ചോദിച്ചു
സാധാരണ വേണു ഓഫീസിൽ നിന്ന് തിരിച്ചെത്തിയാൽ.. മൂന്ന് പെണ്മക്കളും അച്ഛനോടൊത്ത് ചായ കുടിക്കുവാൻ റെഡിയായിരിക്കുവായിരുന്നു
പക്ഷേ ഇന്ന് ചിന്നുവും, അച്ചുവും മാത്രമേ ഡൈനിങ് ടേബിളിൽ കണ്ടുള്ളൂ
“അവൾക്ക് തലവേദന കിടക്കുവാ”
അടുക്കളയിൽ നിന്ന് പലഹാരത്തിന്റെ കൂടെ കഴിക്കാനുള്ള ചായയുമായി വന്ന അപർണ പറഞ്ഞു
“ഉം.. തലവേദന ഒന്നും അല്ല രാവിലെ പറഞ്ഞതിന് തന്നോടുള്ള പിണക്കം ആയിരിക്കും “
“ദേ.. നിങ്ങൾ ഒന്ന് മിണ്ടാതിരിക്കു.. ഒന്നാമത് ഇപ്പോഴത്തെ കാലത്തെ കുട്ടികളാ.. ഒന്നും മിണ്ടാതിരിക്കുന്നതാ നല്ലത് “
അപർണ അടക്കത്തിൽ പറഞ്ഞു
“ഞാൻ ഒരു കാര്യം പറയാം പഠിക്കുന്ന സമയത്ത് പഠിക്കണം.. കലാപരമായ കഴിവ് എത്ര ഉണ്ടെങ്കിലും അത് കഴിഞ്ഞു മതി..”
അല്പം ഈർഷ്യയോടെ ചായ മാത്രം കുടിച്ച വേണു അകത്തെ മുറിയിൽ കിടക്കുന്ന അനഘ മോൾ കേൾക്കുവാനെന്നവണ്ണം ഉച്ചത്തിൽ പറഞ്ഞുകൊണ്ട് ഡൈനിങ് ടേബിളിൽ നിന്ന് എഴുന്നേറ്റു പോയി
“അവള് ടെൻഷനിലാ… ചേട്ടാ കാലം മാറി എന്തെങ്കിലും അവരുടെ മനസ്സിന് മുറിവേൽക്കുന്ന കാര്യം പറഞ്ഞാൽ ഉണ്ടല്ലോ പഴയ കാലം അല്ല എന്തെങ്കിലും കടും കൈ ചെയ്താ പിന്നെ അനുഭവിക്കുകയെ രക്ഷയുള്ളൂ “
രാത്രിയിൽ കിടക്കാൻ നേരം അപർണ, വേണുവിനോട് പറഞ്ഞു
അടുത്ത ദിവസം രാവിലെ ഓഫീസിലേക്ക് പോകാൻ നേരവും അനഘ മോൾ , അച്ഛന് മുഖം കൊടുത്തില്ല അവൾ അച്ഛനോടുള്ള അനിഷ്ടം പ്രകടമാക്കിതന്നെ ഇരുന്നു
വേണുവും വാശിയിൽ ഒട്ടും പുറകോട്ടില്ല എന്ന രീതിയിൽ അനഘയോട് സംസാരിക്കാനും നിന്നില്ല
വൈകുന്നേരം വീട്ടിൽ വന്നയുടനെ വേണു ആദ്യം തിരക്കിയത് അനഘയെ ആയിരുന്നു
“അവൾ എക്സാമിന്റെ ബുക്ക് വാങ്ങുവാൻ കൂട്ടുകാരിയുടെ വീട്ടിൽ പോയിരിക്കുവാ…”
എവിടെ ?
“ടൗണിലുള്ള അമേയ യുടെ വീട്ടിൽ…”
“ഉം…ലൈസൻസ് കിട്ടിയതേ ഉള്ളു.. ഇതുവരെ ടൗണിൽ ഒറ്റക്ക് പോകാത്ത അവളെ എന്തിനാ പറഞ്ഞു വിട്ടേ..”
“ഓ.. ഇനി അത് മതി അവൾ ഇങ്ങ് വന്നോളും “
അനഘ വൈകുന്നേരം സമയം ഇത്രയും ആയിട്ടും എത്തിയിട്ടില്ല
അപർണ മൊബൈലിൽ വിളിച്ചു നോക്കി മൊബൈൽ സ്വിച്ചഡ് ഓഫ്
“ഈശ്വര എന്റെ മോൾ എവിടെ പോയി “
അപർണക്കു ആധിയായി
അനഘ മോളെ മൊബൈലിൽ കിട്ടുന്നില്ലെന്ന് അറിഞ്ഞ വേണുവിനും ടെൻഷൻ ആയി
അപർണ അമേയ യുടെ അമ്മയുടെ നമ്പറിലേക്ക് വിളിച്ചു
ഇല്ലല്ലോ അനഘ ഇവിടെ വന്നിട്ടില്ലല്ലോ
അപർണ ഒന്നും പറയാനാകാതെ കട്ടിലിൽ ഇരുന്നു പോയി
വേണു ടൗണിൽ ഉള്ള തന്റെ ഫ്രണ്ടിന്റെ മൊബൈലിലേക്ക് ധൃതിയിൽ റിങ് ചെയ്തു
“ഹലോ ഹരി അല്ലെ ?
“അല്ല..ആരാ വേണുവോ “
“അതേ.. അത് പിന്നെ…”
“എടോ എത്ര നാളായി നമ്മൾ തമ്മിൽ സംസാരിച്ചിട്ട് “
“താൻ എന്തായാലും തന്റെ മകളോട് ചെയ്തത് കൊടും ചതിയാ “
താൻ കാൾ ചെയ്തത് ആള് മാറി തന്റെ പഴയ സുഹൃത്ത് മറ്റൊരു ഹരിക്കാണ് പോയതെന്ന് വേണുവിന് മനസ്സിലായി
“വേണുവേ കേൾക്കുന്നുണ്ടോ നീ “
“നിന്റെ അന്നത്തെ വാക്കിൽ ന്യായം ഉണ്ടായിരുന്നത് കൊണ്ടാ ഞാനും ആ ചതിക്കു കൂട്ട് നിന്നത്..”
“ഒരേ പ്രായത്തിൽ വളർന്നു വരുന്ന മൂന്ന് പെൺകുട്ടികളിൽ ഒരാൾക്കെങ്കിലും ഗവണ്മെന്റ് ജോലി കിട്ടിയാൽ അത്രെയും ടെൻഷൻ ഒഴിവാകും എന്ന തന്റെ വാക്കുകളിൽ യാഥാർഥ്യത്തിന്റെ ധ്വനി ഉണ്ടായിരുന്നു “
“അന്ന് തന്റെ വാക്ക് കേട്ട് ജഡ്ജ് പാനലിൽ ഉണ്ടായിരുന്ന എന്റെത് ഉൾപ്പെടെ മാർക്ക് കുറച്ച് ഇട്ടില്ലായിരുന്നെങ്കിൽ റവന്യു ജില്ലാ മത്സരത്തിൽ ക്വാളിഫൈ ചെയ്തു സംസ്ഥാന കലോത്സവത്തിന് അനഘ മോൾ എത്തേണ്ടതല്ലായിരുന്നോ..ഒന്ന് പറയാം അന്നത്തെ പശ്ചാതാപം കൊണ്ട് പറയുവാ എടോ ഈ കല എന്നത് പരിശ്രമിച്ചാൽ കിട്ടുന്നതല്ല അതിനെ അവഗണിക്കല്ല്….”
“എന്താ വേണു ഒന്നും മിണ്ടാത്തത് “
“ഞാൻ അങ്ങോട്ട് വിളിക്കാം..”
വിറയാർന്ന ശബ്ദത്തോടെ പറഞ്ഞുകൊണ്ട് വേണു കാൾ കട്ട് ചെയ്തു
“നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ അവളെ ബുദ്ധിമുട്ടിക്കുന്നത് ഒന്നും പറയല്ലേ എന്ന്..”
അപർണയുടെ കണ്ണുകൾ നിറഞ്ഞൊഴുകി
അപ്പോഴാണ് ഗേറ്റിനു മുന്നിൽ സ്കൂട്ടിയിൽ നാട്ടുകാരനായ ഒരാളുടെ പിന്നിൽ നിന്ന് അനഘമോൾ ഇറങ്ങുന്നത് കണ്ടത്
വേണുവും അപർണയും ഗേറ്റിലേക്ക് ഓടി
“ചേട്ടാ ടൌൺ എത്തുന്നതിന് മുൻപ് മോളുടെ വണ്ടി മറിഞ്ഞു… പൊതഞ്ഞ മണ്ണിൽ ബാലൻസ് കിട്ടാതെ പോയതാ…കുഴപ്പം ഒന്നും ഇല്ല കേട്ടോ.. മോൾ പേടിച്ചു പോയതുകൊണ്ടാ ഞാൻ കൊണ്ടാക്കിയേക്കാമെന്ന് വെച്ചത് “
“മൊബൈൽ നിലത്ത് വീണ് ഡിസ്പ്ലേ പോയി അച്ഛാ അതാ വിളിച്ചു പറയാഞ്ഞേ “
“അച്ഛനോട് ഇതുവരെ മുഖം കറുപ്പിച്ച് നിന്നിട്ടില്ലല്ലോ അതിന്റെ ടെൻഷൻ മനസ്സിൽ ഉണ്ടായിരുന്നു അതുകൊണ്ടാ…”
വീട്ടിനുള്ളിൽ കയറിയതും അനഘ പറഞ്ഞു
“അച്ഛാ എന്റെ മനസ്സിൽ ഇനി നീറ്റ് എക്സാം മാത്രമേ ഉള്ളൂ കേട്ടോ …അച്ഛൻ ടെൻഷൻ അടിക്കേണ്ട “
അത് പറഞ്ഞു തീരും മുൻപ് അടുത്ത മുറിയിൽ നിന്ന് വന്ന വേണു കൈയ്യിൽ കരുതിയ വയലിൻ അനഘമോളുടെ കൈയ്യിലേക്ക് നൽകി
അപർണയുടെ മുഖത്ത് നേരിയ നനവ് പടരുന്നുണ്ടായിരുന്നു അപ്പോൾ ഒപ്പം വേണുവിന്റെ മുഖത്തും……