വെള്ള റോസാചെടികൾ....
എഴുത്ത്:- ശ്യാം കല്ല്കുഴിയിൽ
നാട്ടിലെ കെട്ടാചiരക്ക് ആയിപ്പോകുമെന്ന അമ്മയുടെ സങ്കടവും നാട്ടുകാരുടെ കളിയാക്കലും സഹിക്ക വയ്യാതെയാണ് നാലപ്പതു കഴിഞ്ഞയാളോട് പെണ്ണ് കാണാൻ വരാൻ പറഞ്ഞത്…
പുറത്ത് എവിടേലും വച്ചുകണ്ടാൽ ഞാൻ കല്യാണം മുടക്കുമെന്ന അമ്മയുടെ പേടി കൊണ്ടാണ് വീട്ടിൽ വച്ചുതന്നെ മതിയെന്നമ്മ വാശി പിടിച്ചത്…
മുറ്റത്തെ വെള്ളറോസയുടെ ചുവട് വൃത്തിയാക്കുമ്പോഴാണ് പഴയ ബൈക്കിൽ അയാളും ബ്രോക്കറും വന്നത്. ചിരിച്ച മുഖവുമായി നിൽക്കുന്ന അയാൾക്ക് മുന്നിലേക്ക് ബ്രോക്കർ കയറി നിന്നപ്പോഴാണ് ഞാൻ ഉള്ളിലേക്ക് നടന്നത്…
” ചൂടല്ലേ അതാട്ടോ നാരങ്ങ വെള്ളം ആക്കിയത്… “
അയാൾക്ക് മുന്നിലേക്ക് ഗ്ലാസ്സ് നീട്ടി പറയുമ്പോൾ പരസ്പരം കോർത്ത കണ്ണുകളിൽ നിന്നയാൾ പെട്ടെന്നു നോട്ടം മാറ്റിയപ്പോൾ അറിയാതെ ചുണ്ടിൽ ചിരി വിരിഞ്ഞു….
അവരെന്തെങ്കിലും സംസാരിക്കട്ടെയെന്ന പതിവ് ചോദ്യമുയരും മുന്നേ രണ്ട് കവിൾ വെള്ളം കുടിച്ചയാൾ പുറത്തേക്കിറങ്ങി, അത് കണ്ടമ്മ അങ്ങോട്ട് ചെല്ലാൻ കണ്ണ് കൊണ്ട് ആഗ്യം കാണിക്കുമ്പോൾ ഞാനും മുറ്റത്തേക്കിറങ്ങി….
” ഈ റോസയ്ക്ക് എന്ത് വളമാണിടുന്നത്, വീട്ടിലും കൊണ്ട് നട്ടിട്ടുണ്ട് ഇതുവരെ പൂത്തിട്ടില്ല…. “
തീരെ പ്രതീക്ഷിക്കാതെയുള്ള ആ ചോദ്യത്തിൽ അൽപ്പനേരം സംശയത്തോടെ അയാളെ നോക്കുമ്പോൾ ആളപ്പോഴും ചുറ്റുമുള്ള ചെടിയിൽ കണ്ണോടിച്ചു നിൽക്കുകയായിരുന്നു….
“ഞാനങ്ങനെ പ്രത്യേകിച്ച് വളമൊന്നും ചെയ്യാറില്ല….”
എന്റെ മറുപടി കേട്ടെന്നോണം അയാൾ തല കുലുക്കുന്നുണ്ടായിരുന്നു….
” എന്നോട് പ്രത്യേകിച്ചെന്തെങ്കിലും ചോദിക്കാനുണ്ടോ… “
തുളസി ചെടിയിൽ നിന്നൊരില പൊട്ടിച്ചു വായിൽ വച്ചുകൊണ്ടാണയാൾ ചോദിച്ചത്….
” എന്താ പേര്….”
” രവീന്ദ്രൻ.. രവിയെന്നാണ് എല്ലാവരും വിളിക്കുക… “
നരച്ചു തുടങ്ങിയ തടിയിൽ ചൊറിഞ്ഞ് ചിരിച്ചുകൊണ്ട് അയാൾ പറഞെങ്കിലും ഇടയ്ക്ക് എന്റെ നോട്ടം നേരിടാൻ കഴിയാതെ മറ്റെങ്ങോട്ടോ നോക്കുന്നുണ്ടായിരുന്നു…
” കാര്യങ്ങൾ ബ്രോക്കറിനെ വിളിച്ചു പറഞ്ഞാൽ മതി…. “
കൂടുതലൊന്നും പരസ്പ്പരം സംസാരിക്കാതേ പോകാനിറങ്ങുമ്പോൾ ബ്രോക്കറും അയാളുടെ പുറകിൽ കയറിയിരുന്നു…
രണ്ട് മൂന്ന് തവണ ശ്രമിച്ചിട്ടും സ്റ്റാർട്ട് ആകാത്ത വണ്ടിക്ക് പിന്നിലിരുന്ന് ബ്രോക്കറെന്തോ പറയുമ്പോൾ ചിരിക്കുന്നയാളുടെ മുഖം ബൈക്കിന്റെ കണ്ണാടിയിൽ കൂടി കണ്ടിരുന്നു….
” അമ്മ ബ്രോക്കറേ വിളിച്ചയാളുടെ നമ്പർ വാങ്ങി താ…. എനിക്ക് അയാളുടെ വീട് കാണണം എന്നിട്ട് ബാക്കി തീരുമാനിക്കാം… “
വാതിൽപ്പടി ചാരി നിന്ന അമ്മയോട് അത് പറയുമ്പോൾ നടുവിന് കയ്യും താങ്ങി അമ്മ എന്റെ പുറകെ വന്നു…
” ഈ പെണ്ണിന് എങ്ങുമില്ലാത്ത ഡിമാന്റുകൾ ആണല്ലോ… ഇത്രേം പ്രായമായി ആരേലും കൊണ്ട് കെട്ടിപ്പിക്കാം എന്ന് കരുതിയാൽ….. “
മുറിയിലേക്ക് പോകുന്ന എന്റെ പിന്നല്ലാതെ അതും പറഞ്ഞമ്മയെത്തി…
” കെട്ടുന്നത് ഞാൻ, അയാളുടെ കൂടെ താമസിക്കുന്നത് ഞാൻ, അപ്പോ ആ വീട് ഞാൻ കൂടി കാണുന്നതിലെന്താ കുഴപ്പം…. “
ആ ചോദ്യത്തിനുമുന്നിൽ ഒന്നും മിണ്ടാതെ അമ്മ തിരിച്ചു നടന്നു….
നമ്പർ കിട്ടിയ ഉടനെ വിളിച്ചെങ്കിലും കാൾ എടുക്കാതിരുന്നയാൾ ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞാണ് തിരിച്ചു വിളിച്ചത്,…
” ആ ഗൗരി… താൻ വിളിച്ചപ്പോൾ ഞാൻ അല്പം തിരക്കിലായിരുന്നു സ്വസ്ഥമായി സംസാരിക്കാമല്ലോ എന്ന് കരുതിയാണ് അപ്പോൾ കാൾ എടുക്കാതിരുന്നത്…. “
ഞാൻ ഫോൺ ചെവിയിലേക്ക് പിടിക്കും മുന്നേ അയൾ പറഞ്ഞു തുടങ്ങിയിരുന്നു…
” എനിക്കൊന്ന് വീട് വരെ വരണമെന്നുണ്ട് ഞാൻ വന്നോട്ടെ….”
” അതിനെന്താ താൻ പോരെ…. “
മറ്റൊന്നും ചോദിക്കാതെയാണ് അയാൾ സമ്മതിച്ചത്
” അല്ല ഞാനാണ് വിളിച്ചതെന്ന് എങ്ങനെ മനസ്സിലായി… “
” ബ്രോക്കറയുടെ കയ്യിൽ നിന്ന് എന്റെ നമ്പർ വാങ്ങിയപ്പോൾ തന്റെ നമ്പർ പുള്ളി എനിക്കും തന്നു…. “
ഒരു ചിരിയിടെയാണയാൾ പറഞ്ഞത്..
” എന്നാൽ നാളെ രാവിലെ കാണാം…”
അതിൽ കൂടുതലൊന്നും സംസാരിക്കാതെ കാൾ കട്ട് ചെയ്തിരുന്നു….
പിറ്റേന്ന് രാവിലെ അയാളുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ കണ്ണാദ്യം പോയത് മുറ്റത്തിനിരുവശവും നട്ടിരിക്കുന്ന ചെടികളിലേക്കാണ്, അതിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു പൂക്കാതെ നിൽക്കുന്ന റോസാ ചെടിയും…
ഒന്നുരണ്ടുത്തവണ വാതിൽ മുട്ടിയ ശേഷം കവിമുണ്ടുമുടുത്ത്, ഷർട്ട് ഇടാതെ വാതിൽ തുറന്നയാൾ പെട്ടെന്നെന്നെ കണ്ട് കൈകൊണ്ട് നെഞ്ചു പൊത്തി പിടിക്കുന്നത് കണ്ടപ്പോൾ ആദ്യം ചിരിയാണ് വന്നത്…
” താനിത്ര രാവിലെ എത്തുമെന്ന് കരുതിയില്ല, ഇരിക്ക് ഞാനിപ്പോ വരാം… “
ചമ്മലോടെ അയാൾ പറഞ്ഞ് ഉള്ളിലേക്ക് പോകുമ്പോൾ ചിരിയോടെ ഞാൻ ഉമ്മറത്തെ കസേരയിൽ ഇരുന്നു…
” ഗൗരി ദിവസവും അമ്പലത്തിൽ പോകുമോ… “
അത് ചോദിച്ചാണയാൾ എനിക്ക് മുന്നിലെ അര ഭിത്തിയിൽ ഇരുന്നത്…
” ഏയ് സ്ഥിരമൊന്നും ഇല്ല, ഇടയ്ക്ക്, അവിടെയൊരു വല്യ ആൽമരം ഉണ്ട് കുറച്ചു നേരം അതിന്റെ ചോട്ടിൽ ഇരിക്കുമ്പോൾ മനസ്സ് ശാന്തമാകാറുണ്ട്…”
ചെറു പുഞ്ചിരിയോടെ അയാൾ എന്നെ കേട്ടിരുന്നു….
” വീടുകാണാൻ വന്നയാൾ ഇങ്ങനെ ഇരുന്നാൽ എങ്ങനെയാ വാ…. “
അത് പറഞ്ഞു നടക്കുന്ന അയാൾക്ക് പുറകെ ഞാനും നടന്നു…
” താൻ നോക്കിക്കോ അപ്പോഴേക്കും ഞാൻ ചായ ഇടാം… “
” ഏയ്, ചായ ഒന്നും വേണ്ട… “
അടുക്കളയിലേക്ക് നടക്കുന്ന അയാളെ ഞാൻ വിലക്കിയെങ്കിലും അയാളത് കേൾക്കാതെ നടന്നു…
” ആദ്യായിട്ട് വീട്ടിൽ ഒരാൾ വന്നിട്ട് ചായയെങ്കിലും കൊടുത്തില്ലേ എനിക്കാണ് നാണക്കേട്…. “
അടുക്കളയിലെ പത്രങ്ങൾക്കൊപ്പം അയാളുടെ ശബ്ദവും ഞാൻ കേട്ടിരുന്നു…
വീട് ചുറ്റി കാണുമ്പോൾ അയാൾ എല്ലാം വൃത്തിയായി സൂക്ഷിക്കുന്നത് കണ്ടിട്ട് എന്റെ നേർ വിപരീത സ്വഭാവം ആണല്ലോയെന്ന് ദീർഘ നിശ്വാസത്തൊടെ ഞാൻ ഓർത്തുപോയി…
” ദേ ചായ റെഡി… “
അടുക്കളയിലേക്ക് ചെല്ലുമ്പോൾ രണ്ട് ഗ്ലാസ്സിലേക്ക് ചായ ഒഴിച്ച് കൊണ്ടയാൾ പറഞ്ഞു….
” അതെ രണ്ട് ദോശ കൂടി കഴിച്ചാലോ… “
അതിലൊരു ഗ്ലാസ്സ് എനിക്ക് നേരെ നീട്ടിയാണ് ചോദിച്ചത്…
” അയ്യോ വേണ്ട, ഞാൻ കഴിച്ചിട്ടാണ് ഇറങ്ങിയത്…. “
ഞാനത് പറയുമ്പോഴേക്കും അയാൾ രണ്ട് പ്ലെറ്റ് കഴുകിയെടുത്തിരുന്നു…
” ഒരു ദോശ കഴിക്കാനുള്ള ഗ്യാപ്പ് ഉണ്ടന്നെ… “
ഒരു പാത്രത്തിൽ ദോശയും മറ്റൊരു പാത്രത്തിൽ കറിയും അതിലേക്ക് ഒരു സ്പൂണും ഇട്ട് എനിക്ക് മുന്നിൽ വച്ച് മറ്റൊരു പാത്രവുമായി അയാളും ഇരുന്നു. ദോശയ്ക്ക് മുകളിലേക്ക് അയാൾ തന്നെയാണ് സ്പൂൺ കൊണ്ട് കറി ഒഴിച്ച് തന്നതും…
” വീട് കാണാൻ വരുമ്പോൾ വീട്ടുകാരന്റെ കൈ പുണ്യം കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാ… “
ചിരിച്ചുകൊണ്ട് അത് പറഞ്ഞയാൾ ദോശ കഴിക്കുമ്പൾ, മടിച്ചിട്ടാണേലും ഞാനും കുറേശെ ദോശ നുള്ളി കറിയിൽ മുക്കി കഴിച്ചു…
” ഉം കൊള്ളാം…. “
ഞാനത് പറയുമ്പോൾ അയാൾ പിന്നെയും ചിരിച്ചു….
” സത്യത്തിൽ ഞാനങ്ങനെ രാവിലേ ഒന്നും ഉണ്ടാക്കാറില്ല, ഇതിപ്പോ താൻ വരുമെന്ന് പറഞ്ഞത് കൊണ്ട് തന്നെ ഇമ്പ്രെസ്സ് ചെയ്യാൻ….. “
അത് പറഞ്ഞു മുഴുവിക്കാതെ ചിരിച്ചുകൊണ്ട് അയാൾ എന്നെ നോക്കുമ്പോ ഞാനും മൂളിക്കൊണ്ട് തലകുലുക്കി….
” എന്താണ് കല്യാണം കഴിക്കാൻ ഇത്രേം വൈകിയത്… “
പാത്രത്തിലേ അവശേഷിച്ച കടലകളിൽ ഓരോന്ന് തിന്ന് കൊണ്ടാണ് ഞാൻ ചോദിച്ചത്…
” അങ്ങനെ പ്രത്യേകിച്ച് കരണമൊന്നുമില്ല, എന്തുകൊണ്ടെക്കെയോ നടന്നില്ല…. പിന്നേ പിന്നേ എനിക്കും മടുപ്പായി…”
“പിന്നെയിപ്പോൾ…..”
അയാൾ പറഞ്ഞു തീരും മുന്നേ എന്റെ അടുത്ത ചോദ്യം കേട്ട് ചിരിച്ചുകൊണ്ടയാൾ കഴിച്ചു കഴിഞ്ഞ പാത്രവുമായി എഴുന്നേറ്റു…
” വല്ലാത്ത മടുപ്പ്, ഇവിടെ കയറിയാൽ ആരോടും മിണ്ടാനില്ല, ആരും കാത്തിരിക്കാനില്ല, വല്ലാത്തൊരു ശ്വാസം മുട്ടൽ,… ഒരു കൂട്ട് വേണമെന്ന് മനസ്സ് വല്ലാതെ കൊതിക്കുന്നു…. “
” അപ്പോ ഒറ്റപ്പെടൽ മാറാനാണ് കല്യാണം… “
അയാൾക്ക് പിന്നാലെ കഴിച്ച പാത്രവുമായി ഞാനും വാഷ്ബെയിസിന്റെ അരികിൽ എത്തിയിരുന്നു…
” ഹ… ഹ… അതൊന്നു അല്ലടോ ആത്മാർത്ഥമായും ആഗ്രഹമുണ്ട്… “
അത് പറഞ്ഞു കഴുകിയ പാത്രം കമഴ്ത്തി വച്ച് മുണ്ടിന്റെ തുമ്പു കൊണ്ട് കയ്യും വായും അയാൾ തുടച്ചു…
” അപ്പോൾ തന്റെ കാര്യമോ… “
എന്നെയും നോക്കി അടുക്കള വാതിലിൽ ചാരിനിന്നാണ് അയാൾ ചോദിച്ചത്…
” ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പിന്നേ വന്നു കണ്ടവരെയൊന്നും എനിക്ക് ബോധിച്ചില്ല, ബോധിച്ചവർക്ക് എന്റെ ചില വ്യവസ്ഥകൾ പിടിച്ചതുമില്ല… “
അയാൾ കമഴ്ത്തി വച്ച പാത്രത്തിന്റെ മുകളിലായി ഞാനും പാത്രം കഴുകി വച്ചു..
” അപ്പോൾ കുറെ വ്യവസ്ഥകൾ ഉണ്ടോ, ആദ്യത്തെത് വീട് കാണൽ, ബാക്കി ഓരോന്ന് പോരട്ടെ… “
അത് പറഞ്ഞയാൾ ഉമ്മറത്തേക്ക് നടന്നു, പിന്നാലെ ഞാനും…
” അങ്ങനെ ഒരുപാടൊന്നും ഇല്ല… ന്റെ അമ്മയുടെ കയ്യിൽ പൈസയൊന്നും ഇല്ല അതോണ്ട് കല്യാണം സിമ്പിൾ, വല്ല അമ്പലത്തിലോ, രജിസ്റ്റർ ഓഫീസിലോ മറ്റോ…. “
ഞാൻ പറയുമ്പോൾ മൂളിക്കൊണ്ട് അയാൾ അരഭിതിയിൽ കാലും നീട്ടിയിരുന്നു..
” പിന്നേ കല്യാണതിന് മുൻപോ പിൻപോ സ്ത്രീധനമെന്നോ, സന്തോഷത്തിന് ഇതിരിക്കട്ടെയെന്നോ പറഞ്ഞിട്ട് അഞ്ചിന്റെ പൈസ കിട്ടൂല, ഇല്ലാഞ്ഞിട്ടാണ് കേട്ടോ… “
അത് പറഞ്ഞുള്ള എന്റെ ചിരിയിൽ അയാളും പങ്കുചേർന്നു….
” ഇനി ലാസ്റ്റ്, വല്യ ശമ്പളമില്ലേലും എനിക്കൊരു കുഞ്ഞു ജോലിയുണ്ട്, അതിൽ ഞാൻ ഹാപ്പിയാണ്, ഞാൻ സന്തോഷത്തോടെ ഇരിക്കുന്ന സ്ഥലവും അതാണ്, അത് നിർത്താൻ പറ്റില്ല, പിന്നേ അതിൽ നിന്ന് കിട്ടുന്ന പൈസ അത് അമ്മയ്ക്ക് ഉള്ളതാണ്…. “
അത് പറഞ്ഞു കഴിഞ്ഞു കുറച്ചു നേരം ഞാനോ അയാളോ ഒന്നും മിണ്ടിയിരുന്നില്ല,…
” ഇനി എന്തേലും ബാക്കിയുണ്ടോ… “
” ഓർക്കുന്ന മുറയ്ക്ക് പറയാം… ഇപ്പോൾ ഞാൻ ഇറങ്ങട്ടെ… “
അത് പറഞ്ഞാണ് ഞാൻ മുറ്റത്തേക്ക് ഇറങ്ങിയത്…
” ഈ റോസായുടെ നീണ്ട് നിൽക്കുന്ന തണ്ടൊക്കെ മുറിച്ചു കളഞ്ഞാൽ പെട്ടെന്ന് പൂക്കുമെന്ന് തോനുന്നു…. “
റോസയെ നോക്കി ഞാൻ പറയുമ്പോൾ തിണ്ണയുടെ ഒരു വശത്തു കിടന്ന കത്രികയും നീട്ടി അയാൾ എത്തിയിരുന്നു… അത് വാങ്ങി ഞാൻ തന്നെയാണ് നീണ്ടു നിന്ന തണ്ടുകൾ മുറിച്ചു കളഞ്ഞത്…
” വിരോധമില്ലേൽ റോഡ് വരെ ഞാൻ ആക്കാം.. “
ബൈക്കിന്റെ ചാവിയും കറക്കി അയാൾ വന്നപ്പോൾ ഞാൻ തല കുലുക്കുക മത്രേമെ ചെയ്തുള്ളു… ബൈക്കിൽ കയറി ആദ്യം തന്നെ വണ്ടി സ്റ്റാർട്ട് ആയപ്പോൾ ചിരിച്ചുകൊണ്ടായൾ എന്നെ നോക്കി…
” ഞാൻ ആദ്യം വാങ്ങിയ വണ്ടിയ.. എന്തോ മാറ്റാൻ തോന്നുന്നില്ല, അല്ലേലും അൽപ്പം പഴകിയെന്ന് വച്ചു കളയാൻ പറ്റില്ലാലോ… “
അയാൾക്ക് പിന്നിൽ കയറിയിരുന്നു പോകുമ്പോഴാണത് പറഞ്ഞത്…
” താൻ പറഞ്ഞ ഡിമാന്റൊക്കെ എനിക്ക് സമ്മതമാണ്.ഇനി അമ്മയോട് ആലോചിച്ചിട്ട് തന്റെ അഭിപ്രായം പറഞ്ഞാൽ മതി…”
കവലയിൽ എന്നെ ഇറക്കി വിടുമ്പോൾ അത് പറഞ്ഞാണയാൾ വണ്ടി ഓടിച്ചു പോയത്….
അന്ന് രാത്രി സമ്മതം അറിയിക്കാൻ വിളിച്ചെങ്കിലും നാളെ നേരിട്ട് കാണാമെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തപ്പോൾ അതുവരെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്ത ടെൻഷൻ ആയിരുന്നു ആ രാത്രി….
“എനിക്ക് അറിയായിരുന്നു ഇന്ന് എന്തായാലും താൻ ഇവിടെ വരുമെന്ന്…”
തൊഴുതിറങ്ങി ആൽത്തറയിൽ ഇരിക്കുമ്പോഴാണ് അയാൾ അത് പറഞ്ഞ് അരികിൽ വന്നത്, ആ നിമിഷം നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നത് ഞാൻ അറിഞ്ഞിരുന്നു….
” ഇന്നലെ സമ്മതം ആണെന്ന് പറഞ്ഞിട്ട് പിന്നെന്താ പെട്ടെന്ന്…. “
നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ ഷാൾ കൊണ്ടൊപ്പിയെടുത്താണ് ചോദിച്ചത്…
” എനിക്ക് ഒരു കണ്ടിഷൻ കൂടിയുണ്ട്… “
പതിവ് ചിരിയില്ലാതെ അയാൾ പറയുമ്പോൾ അയാളെ നഷ്ടപ്പെടാൻ പോകുന്നുവെന്ന തോന്നലായിരുന്നു മനസ്സിൽ….
” അത് പിന്നേ ഞാൻ പറയുന്നത് കേട്ടിട്ട്….. “
“ഒന്ന് പറഞ്ഞു തൊലയ്ക്ക് മനുഷ്യ…”
അയാളുടെ പരുങ്ങലും എന്റെ ഉള്ളിലെ സങ്കടവും കൊണ്ടാണ് അങ്ങനെ പറഞ്ഞു പോയതെങ്കിലും , അത് കേട്ട് അയാൾ ചിരി നിർത്താൻ പാടുപെടുന്നത് കണ്ടിട്ട് പിന്നെയും ദേഷ്യമാണ് വന്നത്….
” അതുണ്ടല്ലോ നമുക്ക് കല്യാണം ഉടനെ വേണ്ട ഒരഞ്ചാറ് മാസം കഴിഞ്ഞു മതി…. “
” അതെന്താ എന്തേലും പ്രശ്നമുണ്ടോ…. “
അയാൾ പറഞ്ഞു തീരും മുന്നേ ഞാൻ പിന്നെയും ചോദിച്ചു….
” അതുണ്ടല്ലോ പ്രായം കുറെ ആയെങ്കിലും എനിക്കുണ്ടല്ലോ…. “
” നിന്ന് കഥപ്രസംഗം പറയാതെ നിങ്ങൾ പറയുന്നുണ്ടോ… “
അത് പറഞ്ഞപ്പോൾ പഴയ സിനിമയിൽ ഷീല നാണംകൊണ്ട് സാരിതുമ്പ് വിരലിൽ ചുറ്റി കളിക്കുന്നത് പോലെ അയാൾ എന്റെ ഷാളിന്റെ തുമ്പിൽ പിടിച്ചു കഴിഞ്ഞിരുന്നു…
” എന്തോന്ന് മനുഷ്യാ ഇത് നിങ്ങൾ കാര്യം എന്താന്ന് വച്ചാൽ പറ, എനിക്ക് ജോലിക്ക് പോകാനുള്ളതാ… “
അയാളുടെ കയ്യിൽ നിന്ന് ഷാൾ വലിച്ചു പിടിച്ചു കൊണ്ടാണ് പറഞ്ഞത്…..
” ഞാനിതുവരെ ആരെയും പ്രണയിച്ചിട്ടില്ല, അതോണ്ട് ഒരു അഞ്ചാറു മാസം നമുക്ക്….. “
അത് മുഴുവിക്കാതെ നാണത്തോടെ നിൽക്കുന്ന ആ മനുഷ്യനെ കണ്ടപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല….
” അതങ്ങു പറഞ്ഞാൽ പോരായിരുന്നോ ഇത് എന്നെ കൂടി ടെൻഷൻ ആക്കാനായിട്ട്…. “
ചിരിച്ചുകൊണ്ട് പറയുമ്പോൾ ആ മനുഷ്യനും നിഷ്കളങ്കമായി ചിരിച്ചു…
” അഞ്ചാറ് മാസം പ്രണയച്ചിട്ട് എന്നെ തേയ്ക്കാൻ ഉള്ള പരുപാടി വല്ലോം ആണോ… “
” ഏയ് സത്യമായിട്ടും അല്ല, ഒരു ആഗ്രഹം അത് കൊണ്ട് പറഞ്ഞത….. “
” ഞാൻ അമ്മയോട് പറയാം മരുമോന് കുറച്ചു നാൾ പ്രണയിച്ചിട്ട് മതി കല്യാണം ന്ന്… “
ഞാൻ ചിരിച്ചുകൊണ്ട് പറയുമ്പോൾ ആ മുഖത്തും സന്തോഷം നിറഞ്ഞിരുന്നു…
” എന്നാൽ ഇന്ന് ജോലിക്ക് പോണോ, നമുക്കൊരു സിനിമ കാണാൻ പോയാലോ…. “
” അയ്യടാ മോനെ പോയെ പോയെ.. പട്ടിണി കിടന്നുള്ള പ്രണയമൊന്നും നടക്കൂല മോനെ… മോൻ പോയെ ഞാൻ ജോലിക്ക് പോട്ടെ…. “
അത് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ആ മനുഷ്യനും കൂടെയെത്തി…
” എന്നാ വാ ഞാൻ അവിടേക്ക് ആക്കിയേക്കാം… “
അത് പറഞ്ഞ് ബൈക്കിൽ കയറിയ ആ മനുഷ്യന്റെ പിന്നിൽ ഞാനും കയറിയിരുന്നു….
” ഞാൻ വിളിക്കാം കേട്ടോ… “
അത് പറഞ്ഞു പോകുന്ന മനുഷ്യനെയും നോക്കി അൽപ്പനേരം നിന്ന ശേഷമാണ് ജോലി സ്ഥലത്തേക്ക് പോയത്….
പിന്നെയുള്ള ദിവസങ്ങളിൽ പൊള്ളായായ വാഗ്ദാനങ്ങളോ, സ്വപ്നങ്ങളോ കൈമാറാതെ,പരസ്പരം സ്നേഹം മാത്രം കൈ മാറി രണ്ട് പേരും പരസ്പരം അടുത്തറിയുകയായിരുന്നു….
മൂന്നുനാല് മാസം കഴിഞ്ഞ് അമ്പലനടയിൽ വച്ച് താലികെട്ടി രവിയേട്ടന്റെ കയ്യും പിടിച്ച് ആ വീട്ടിൽ ചെന്ന് കയറുമ്പോൾ ഞാൻ കണ്ടിരുന്നു പൂത്ത് വിരിഞ്ഞു നിൽക്കുന്ന വെള്ള റോസാചെടികൾ……