എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ഡിവോഴ്സിന് ശേഷം തനിയേ ചുറ്റുകയെന്ന മനോഹരമായ ആഗ്രഹത്തിലേക്ക് കാലെടുത്ത് വെച്ചതിന്റെ നാലാം നാളായിരുന്നുവത്. ഗോവയിലെ കാസിനോവ ഷിപ്പിൽ നിന്ന് ഇറങ്ങിയതിന് ശേഷം പാർക്കിംഗിലേക്ക് എത്തിയതേയുള്ളൂ. വാടകയ്‌ക്കെടുത്ത സ്കൂട്ടറുമായി ഹോട്ടൽ മുറിയിലേക്ക് ഞാൻ ചലിച്ചു. ഉപ്പ് പശ പാറുന്ന തണുത്ത കാറ്റും കൊണ്ട് പെണ്ണൊരുത്തി ഇറങ്ങി നടക്കുന്ന ഈ രാത്രിഗോവ എത്ര സുന്ദരമാണ്…
കൂട്ടുകാരിയുടെ കല്ല്യാണത്തിന് പോലും പോകാൻ അനുവാദമില്ലാതിരുന്ന അവസ്ഥയിലേക്ക് ബന്ധിക്കപ്പെട്ടപ്പോഴാണ് ഭർത്താവിൽ നിന്നും ഞാൻ പിരിഞ്ഞത്. ആഗ്രഹത്തിനൊത്ത് ചലിക്കാൻ പോലും സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെയെന്തിന് ഇങ്ങനെയൊരു ജീവിതമെന്നും ചിന്തിച്ചു.
‘ഒറ്റക്കോ… അതൊന്നും ശരിയാകില്ല…’
എന്റെ യാത്രയുടെ കാര്യം അറിഞ്ഞപ്പോൾ അച്ഛനും അമ്മയും ഒരുപോലെ പറഞ്ഞതാണ്. കാലമൊക്കെ മാറിയെന്നും, എവിടേക്ക് വേണേലും പോകാനുള്ള സ്വാതന്ത്ര്യമൊക്കെ രാജ്യത്തുണ്ടെന്നുമായിരുന്നു എന്റെ മറുപടി. അടിമയായി ജീവിച്ചതിന്റെ സംഘർഷം കുറച്ചെങ്കിലും മാറാൻ ഇങ്ങനെയൊരു യാത്ര അനിവാര്യമാണെന്ന് കൂടി ചേർത്തപ്പോൾ അച്ഛൻ ഒന്നും പറഞ്ഞില്ല. സൂക്ഷിക്കണമെന്ന് മാത്രം ഉപദേശിച്ചു. എന്നെ മനസിലാക്കാൻ എന്റെ മാതാപിതാക്കൾക്കെന്നും സാധിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ്, മോനെ അവിടെ നിർത്തിയിട്ട് ഞാൻ ഇങ്ങനെ ഇറങ്ങിപ്പുറപ്പെട്ടത്. എത്തിപ്പെടുന്ന ഓരോ ഇടങ്ങളിൽ നിന്നും അവനുവേണ്ടി കുഞ്ഞുകുഞ്ഞ് സമ്മാനങ്ങൾ തിരയുമ്പോഴുള്ള സന്തോഷമൊക്കെ ആർദ്രമായി ഞാൻ അനുഭവിക്കുകയാണ്…
ഒരുകാലത്ത് പാറിപ്പറന്ന ചിറകുകൾ വീണ്ടും മുളപ്പിക്കാൻ പെട്ട പാട് ചെറുതൊന്നുമല്ല. വീടാണ് ലോകമെന്ന് കരുതാൻ നിർബന്ധിക്കുന്ന കുടുംബമാണ് എപ്പോഴുമൊരു പെണ്ണിന്റെ മുഖ്യ ശത്രു. ആഗ്രഹിക്കുന്ന തലങ്ങളിലേക്ക് മനസ്സിനോടൊപ്പം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം തന്നെയാണ് മനുഷ്യന് അടിയന്തിരമായി വേണ്ടത്. കൊണ്ടും കൊടുത്തും ഞാനത് ഇപ്പോൾ നേടിയിരിക്കുന്നു. ഇഷ്ടം പോലെ പാറാൻ ചിറക് മുളച്ചിരിക്കുന്നു…
ഇടത്തേക്ക് പനാജിയെന്നും വലത്തേക്ക് കാർവാറെന്നും എഴുതിയ സിഗ്നലിൽ നിൽക്കുമ്പോഴാണ് യുവാക്കളുമായി ഒരു കാറ് അരികിൽ വന്ന് നിൽക്കുന്നത്. അവർ ചൂളമടിക്കുകയും, ഹായ് എന്ന് പറയുന്നുമുണ്ട്. ഞാൻ യാതൊന്നും മിണ്ടാതെ സിഗ്നലിനായി കാത്തിരുന്നു. പച്ച തെളിഞ്ഞപ്പോൾ വലത്തേക്ക് പോകുകയും ചെയ്തു. കണ്ണാടിയിൽ ആ കാറും അതേ വശത്തേക്ക് തിരിഞ്ഞത് എന്നെ ചെറുതായൊന്ന് ഭയപ്പെടുത്തി. വേഗത കൂട്ടിയപ്പോൾ അതെന്നെ ഇടിക്കുമെന്ന തരത്തിൽ അടുക്കുകയായിരുന്നു.
‘ഹേയ്… ഇഡിയറ്റ്സ്… ഡോണ്ട് യു ഹാവ് സൈറ്റ്…?’
ഉൾവിറയലോടെയാണ് ഞാനത് പറഞ്ഞത്. വല്ലാതെ ഭയന്നപ്പോൾ റോഡരികിലേക്ക് സ്കൂട്ടർ ഒതുക്കിയതായിരുന്നു ഞാൻ. എന്നിട്ടും ആ കാറ് എന്റെ അത്രയും അരികിലൂടെ തന്നെ കടന്ന് പോയി. പരിസരത്തൊന്നും നിർത്തിയിട്ട വാഹനമോ, മനുഷ്യരോയില്ല. എന്നെ കൂടുതൽ വിഷമത്തിലാക്കാൻ എന്നോണമാണ് ആ കാറ് നിൽക്കുകയും, പതിയേ റിവേഴ്‌സിൽ വരുകയും ചെയ്തത്…
കടുത്ത നിരീശ്വരവാദിയായിരുന്ന ഞാൻ ദൈവമേയെന്ന് അറിയാതെ വിളിച്ചുപോയി. കാറ് നിന്നു. അതിൽ നിന്ന് കോളേജ് പിള്ളേരാണെന്ന് തോന്നിപ്പിക്കുന്ന നാല് പേര് പുറത്തേക്കിറങ്ങി. എന്ത് വേണം, എന്നെയൊന്നും ചെയ്യരുതെന്നൊക്കെ പറഞ്ഞ് ഓടാനെന്നോണം എന്റെ ചുവടുകൾ പിറകിലേക്ക് ചലിക്കുകയാണ്.
ലiഹരിയിൽ കുഴഞ്ഞ തലയുള്ള അവരുടെ നോട്ടത്തിന്റെ പന്തികേട് മനസിലായപ്പോൾ രക്ഷിക്കൂവെന്ന് ഇംഗ്ലീഷിൽ നിലവിളിച്ച് ഞാൻ ഓടുകയായിരുന്നു…
ആ പ്രാണയോട്ടം തെരുവ് വെളിച്ചത്തിൽ കാണാമായിരുന്നിട്ടും അഭിമുഖമായി വരുന്ന ഒരു വാഹനവും നിർത്തിയില്ല. പേടിച്ചോടിയ പേടമാനെ കiടിച്ച് നിർത്തുന്ന കഴുതപ്പുലികളെ പോലെ അവരെന്നെ പിടികൂടി. വായ ബലമായി പൊത്തിപ്പിടിച്ച് വലിച്ചിഴച്ച് കാറിലേക്ക് കയറ്റാനാണ് ശ്രമമെന്ന് കണ്ടപ്പോൾ ഞാൻ കുതറിയിരുന്നു. പക്ഷെ, രക്ഷയില്ല. എല്ലാ അർത്ഥത്തിലും ജീവിതം നിന്ന് പോകുകയാണെന്ന് തോന്നിപ്പിച്ച നിമിഷമായിരുന്നുവത്.
പണ്ട്, അടച്ചാക്ഷേപിച്ച് തള്ളിക്കളഞ്ഞ ദൈവങ്ങളോടെല്ലാം കെഞ്ചിക്കൊണ്ട് ഞാൻ കണ്ണുകൾ അടച്ചു. എന്റെ പ്രാർത്ഥന കേട്ടത് പോലെയായിരുന്നു പിന്നീട് സംഭവിച്ചതെല്ലാം. നിരത്തിൽ നിന്നും ഗതിമാറി എന്താണെന്ന് വൈക്തമാകാത്ത വെളിച്ചം ഞങ്ങളുടെ അടുത്തേക്ക് അതിവേഗം അടുക്കുകയാണ്. സ്കൂട്ടറിന്റെ അടുത്തേക്ക് എത്തിയപ്പോഴേക്കും ഞാൻ താഴേക്ക് വീണു. എന്നെ നിലത്തിട്ട് അവരെല്ലാം കാറിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു…
ആരുടെയൊക്കെയോ നഖം കൊണ്ട് പരിക്ക് പറ്റിയ ഞാൻ ആ നിരത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ കണ്ട കാഴ്ച്ച ഒരിക്കലും എനിക്ക് മറക്കാൻ പറ്റില്ല. ഒരു കൂട്ടം മനുഷ്യരെയുമായി ദൈവം വന്നിരിക്കുന്നു. ബസ്സിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും അദ്ദേഹമിറങ്ങി അടുത്തേക്ക് വരുകയും, ഭയപ്പെടല്ലേ മോളേയെന്ന് ഹിന്ദിയിൽ പറയുകയും ചെയ്തു. അച്ഛന്റെ പ്രായമുള്ള ആ ദൈവത്തിനെ ഞാൻ കെട്ടിപ്പിടിച്ചു. തുടർന്ന് ആ കാലുകളിലേക്ക് ഊർന്ന് വീണ് മുറുക്കെ പിടിച്ചു…
പുതിയയൊരു തിരിച്ചറിവായിരുന്നുവത്. സ്വാതന്ത്ര്യത്തിൽ, ഞാൻ മറിച്ച് നോക്കാത്ത പരമപ്രധാനമായ ഒരു താൾ കൂടിയുണ്ട്. സാധ്യതകൾക്ക് അനുസൃതമായ തീരുമാനങ്ങൾ എടുക്കാനുള്ള ബുദ്ധിയാണത്. ഈ രാജ്യത്തിൽ ഇപ്പോഴും ഒരു പെണ്ണിന് രാത്രികളെ തനിയേ അനുഭവിക്കാൻ അനുകൂലമായ സാഹചര്യം തൊണ്ണൂറ്റിയൊമ്പത് ശതമാനം ഇടങ്ങളിലുമില്ല. അത്രത്തോളം വികസിച്ച ഭരണ സംവിധാനങ്ങളുമില്ല. ദേശത്തിന്റെ വ്യാപ്തിയും, വിദ്യാഭ്യാസവും, ജനസംഖ്യയും, തന്നെയാണ് അതിന്റെയൊക്കെ കാരണവും…
വിവേകമില്ലാത്ത സ്വാതന്ത്ര്യമെന്നാൽ, സ്വയം കുiത്തിക്കൊiല്ലാൻ പോലും പ്രേരിപ്പിക്കുന്ന ഇരുതല മൂiർച്ചയാണെന്ന് അതിന്റെ എല്ലാ അർത്ഥത്തിലും ഞാനിന്ന് മനസിലാക്കുന്നു…!!!