എഴുത്ത്:-നൗഫു ചാലിയം
“എടാ… ഫസ്‌ലു…
മോനൊരു ചെരുപ്പ് വാങ്ങിക്കണം നീ ഒന്ന് ഇത്രടം വരെ വരുമോ…”
വൈകുന്നേരം പെരുന്നാളിനുള്ള സാധനങ്ങൾ വീട്ടിലേക് വാങ്ങി കൊടുത്തു പുറത്തേക് ഇറങ്ങാൻ നേരത്തായിരുന്നു ഇത്തയുടെ മെസ്സേജ് കണ്ടത്…
“അളിയൻ ഗൾഫിലേക് പോയിട്ട് ഒരാഴ്ചയെ ആയിട്ടുള്ളു…
ആ പൊങ്ങനോട് പെരുന്നാൾ കഴിഞ്ഞിട്ട് പോയാൽ മതിയല്ലോ എന്ന് ചോദിച്ചതാണ് ഞാൻ പല വട്ടം…
പക്ഷെ മൂപ്പരുടെ ആറു മാസത്തെ ലീവ് കഴിഞ്ഞ ആഴ്ച കഴിയുമെന്നും ഇനി ലീവ് നീട്ടി കിട്ടില്ലെന്നും പറഞ്ഞു എല്ലാവർക്കുമുള്ള ഡ്രസ്സ് മാത്രം എടുത്തു കൊടുത്തു മുങ്ങിയതാണ് പഹയൻ..
(അളിയനെ ഇങ്ങനെ ആരെങ്കിലും അഭിസംബോധനം ചെയ്യുമോ എന്നൊന്നും കരുതണ്ട ഞങ്ങള് തമ്മിൽ ഒരു എടാ പോടാ ബന്ധമാണ്…)
അവനെ പറഞ്ഞിട്ടും കാര്യമില്ല വന്നു കുറെ ഏറെ കടവും ഉണ്ടാക്കി പെങ്ങളെ കുറച്ചു പൊന്നും വെച്ചു മക്കളുടെ കൂടെ കുറച്ചു ദിവസം നിൽക്കണമെന്നുള്ള ആഗ്രഹം കൊണ്ട് നിന്ന് പോയതാണ് പാവം…
ഇനി അതൊല്ലാം വീട്ടണമല്ലോ…
ഒരു വിധം പ്രവാസികളുടെ പ്രതിനിധി എന്ന് വേണമെങ്കിൽ പറയാം…”
ഇത്ത മെസ്സേജ് അയച്ചത് കൊണ്ട് തന്നെ അവളുടെ അടുത്തേക് നേരെ വിട്ടു..
“നോമ്പ് തുറന്നുള്ള ചായ പരിപാടിയിൽ ആയിരുന്നു അവൾ…
എന്നെ കണ്ടതും വേഗം വന്നു ചായകുടിച്ചോ എന്ന് ചോദിച്ചു…
കയ്യിൽ ഉണ്ടായിരുന്ന ഒരു ഗ്ലാസ് ജൂസ് തന്നു..
ചായകുടിച്ചത് കൊണ്ട് തന്നെ വേണ്ടെന്ന് ഞാൻ പറഞ്ഞു…
എന്നാലും മാമ കുച്ചോ എന്ന് ഏറ്റവും ഇളയ കുരിപ്പിന്റെ മാഞ്ഞാള വർത്താനം കേട്ടപ്പോൾ കുറച്ചു കുടിച്ചു…
ബാക്കി അവന്റെ അവകാശം ആയതു കൊണ്ട് തന്നെ അവനു നീട്ടിയതും അവൻ സന്തോഷത്തോടെ വാങ്ങി കുടിച്ചു..
ഒരു ഏമ്പക്കവും വിട്ടു എന്നെ നോക്കി.. ഇനി എന്നതാ പരിവാടി എന്ന പോലെ.. “
“അവനെയും കൂട്ടി ഇത്ത നീട്ടിയ മുന്നൂറ് രൂപയും വാങ്ങി വണ്ടിയിൽ കയറിയപ്പോൾ ആയിരുന്നു ഇത്തയുടെ മൂത്ത രണ്ട് പെണ്മക്കളും ഞങ്ങളും ഉണ്ട് മാമ എന്നും പറഞ്ഞു വണ്ടിയുടെ ബാക്കിൽ കയറിയത്…
അളിയൻ ഉണ്ടാവുമ്പോൾ അട്ട കടിച്ച പോലും എങ്ങോട്ടും പോകുമ്പോഴും കൂടെ കൊണ്ട് പോവറുള്ളത് കൊണ്ട് തന്നെ ഞാനും അവരെയുമായി അങ്ങാടിയിലേക് പോയി..”
“പോകുമ്പോൾ ആയിരുന്നു അവളുടെ കയ്യിൽ നിന്നും ആ പൈസ വാങ്ങേണ്ടിയിരുന്നില്ല എന്ന് തോന്നിയത്… കയ്യിൽ ഒന്നും ഉണ്ടാവില്ല പാവത്തിന്റെ..
ഒന്നുമില്ലേലും എന്നോട് പറയില്ല…ഞാൻ ആണേൽ അവിടെ ഉള്ളത് ഊറ്റിയും എടുക്കും..
ഇത്ത ആണേലും.. എന്നെക്കാൾ നാലു വയസിനു മാത്രം മൂത്തത് ആണേലും എനിക്ക് അവൾ ഉമ്മയെ പോലെ ആയിരുന്നു…എന്റെ സ്വന്തം പെറ്റുമ്മ…
ഇതെന്നെ ആരോടെങ്കിലും കടം വാങ്ങിച്ചതാവും… അളിയന്റെ പൈസ വന്നിട്ട് തരാമെന്ന് പറഞ്ഞ് “
“ചെരുപ്പ് കടയിൽ കയറി ഇളയവനു വേണ്ട ചെരുപ്പ് നോക്കുന്നതിന് ഇടയിലാണ് മൂത്തവർ രണ്ട് പേരും അവിടെ നിരത്തി വെച്ച അവർക്ക് പാകമായ ചെരുപ്പുകളിൽ ഓരോന്നും എടുത്തിട്ട് നോക്കുന്നത് കണ്ടത്…
അവർ രണ്ടാളും ഓരോന്നും ഇട്ടു നോക്കി സൗന്ദര്യ മത്സരത്തിൽ നടക്കുന്നത് പോലെ നടന്നു നോക്കുന്നുമുണ്ട്…
അവനുള്ളത് എടുത്ത് അവരുടെ അടുത്തേക് പോയി… “
“അവർ നോക്കുന്നതിൽ ഇഷ്ടപ്പെട്ടത് എടുത്തോ എന്ന് പറഞ്ഞപ്പോൾ ആയിരുന്നു ഇത്തയുടെ മൂത്ത മോള് പറഞ്ഞത്..
ഞങ്ങക്ക് വേണ്ട മാമ…കണ്ടപ്പോൾ ഇട്ടു നോക്കിയതാ… ഇപ്പിച്ചി അടുത്ത മാസം പൈസ കിട്ടിയിട്ട് പുതിയത് വാങ്ങി തരുമെന്ന് പറഞ്ഞിട്ടുണ്ട്..
മാമ വെറുതെ പൈസ കളയണ്ട… ഉമ്മിച്ചി പറഞീനീ മാമന്റെ അടുത്ത് കുറെ പൈസ ഇല്ലെന്നും വേറെ ഒന്നും വാങ്ങിപ്പിക്കരുതെന്നും…
ചെറിയ വായിലെ വലിയ വർത്തമാനം കേട്ടെങ്കിലും
അതൊക്കെ ഉമ്മിച്ചി വെറുതെ പറഞ്ഞതാണ് മോൾക് വേണ്ടത് എടുത്തോ എന്ന് പറഞ്ഞപ്പോൾ അവരുടെ മുഖവും സന്തോഷം കൊണ്ട് തിളങ്ങി…”
ഇത്ത ഞങ്ങളെ കാത്തെന്ന പോലെ പുറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു..
“മൂന്നു പേരുടെയും ചെരിപ്പുള്ള കവർ അവൾക് നേരെ നീട്ടിയപ്പോൾ അവളും പറഞ്ഞു എന്തിനാടാ അവര്ക് വാങ്ങിയേ…
ഇക്കാക്ക പോയിട്ട് അവർക്കുള്ളതിനുള്ള പൈസ അയക്കാമെന്നു പറഞ്ഞിരുന്നു…”
“അത് സാരമില്ല ഇത്ത എന്നും പറഞ്ഞു ഞാൻ പെയ്സ് തുറന്നു അതിൽ നിന്നും കുറച്ചു പൈസ എടുത്തു അവൾക് നേരെ നീട്ടി..”
“എന്താടാ ഇത്..”
അവൾ അത് കണ്ടതും എന്നോട് ചോദിച്ചു…
“അളിയൻ പോകുമ്പോൾ പാപ്പറായത് കൊണ്ട് തന്നെ അവളുടെ കയ്യിൽ ഒന്നും ഇല്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ ഞാൻ അവളോട് പറഞ്ഞു..
“കൈയിലൊന്നും ഇല്ലല്ലോ ഇത്താ…
നാളെ പെരുന്നാൾ അല്ലെ മക്കൾക്ക് എന്തേലും വാങ്ങിച്ചു കൊടുത്തോ…”
“എന്റെ അവസ്ഥ എന്നേക്കാൾ കൂടുതൽ അവൾക് അറിയുന്നത് കൊണ്ട് തന്നെ അതൊന്നും വേണ്ടടാ ഇനി എന്ത് വാങ്ങിക്കാനാ എന്ന് അവൾ പറഞ്ഞെങ്കിലും ഞാൻ നിർബന്ധിച്ചു കൊണ്ട് അവളുടെ കയ്യിൽ കൊടുത്തു…”
ഇനി ഒന്നും കേൾക്കാൻ നിൽക്കാതെ ഞാൻ സ്കൂട്ടറിലേക് കയറി യാത്ര പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു കുഞ്ഞു ജല കണിക വന്നു നിറഞ്ഞിരുന്നു…
അത് കാണിക്കാതെ ഇരിക്കാൻ എന്ന വണ്ണം ചൂണ്ടു വിരൽ കൊണ്ട് തുടച്ചു മാറ്റി…
നേർത്ത പുഞ്ചിരിയോടെ അവൾ എന്നോട് പറഞ്ഞു ഈദ് മുബാറക്…
ഞാനും അവളോട് മറുപടി എന്നോണം പറഞ്ഞു ഈദ് മുബാറക്…
ഇഷ്ടപെട്ടാൽ 👍
ബൈ
❤️