പ്രാർത്ഥനയിൽ ഇല്ലാതിരുന്നിട്ടും കൃത്യ നേരത്തൊരു ബസ്സ് വന്ന് നിന്നു. ബിരിയാണി കഴിച്ച് കൊണ്ടിരുന്ന ആൾ കൈ കഴുകിയ കുപ്പിവെള്ള വുമായി ബസ്സിലേക്ക് ഓടിക്കയറി. ഭക്ഷണം കഴിക്കാൻ പോലും നേരമില്ലാത്ത……

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

നല്ല വിശപ്പോടെ തലയും ചൊറിഞ്ഞ് വരുമ്പോഴാണ് ബസ്റ്റോപ്പിൽ നിന്ന് ഒരാൾ ഭക്ഷണം കഴിക്കുന്നത് കാണുന്നത്. മറ്റാരും ഇല്ലാത്തത് കൊണ്ട് തന്റെ വീട്ടിലാണെന്ന പോലെ ഇരുത്തിയിലൊക്കെ വെച്ച് പതിയേയാണ് തട്ടാൻ തുടങ്ങുന്നത്. മൊബൈലിൽ വീഡിയോ മറ്റോ കാണുന്നുമുണ്ട്. മുന്നിലുള്ള ശ്വാസത്തെ ഞാൻ വലിച്ചെടുത്തു. കോഴി ബിരിയാണി തന്നെ…!

പെറുക്കിയെടുത്ത കുപ്പികളുമായുള്ള പ്ലാസ്റ്റിക് ചാക്ക് റോഡിൽ വെച്ച് വിശപ്പോടെ ഞാൻ ആ കാഴ്ച്ചയിൽ ഇരുന്നു. ബിരിയാണിക്ക് നല്ല ചൂടുണ്ടായിരിക്കണം. അതാണ് ഇത്രത്തോളം മണം വായുവിൽ പടർന്നിരിക്കുന്നത്. റോഡിനപ്പുറമുള്ള ഒരു മെലിഞ്ഞ നായക്ക് പോലും ബസ്റ്റോപ്പിലേക്ക് എത്തിനോക്കണമെന്ന് തോന്നിയാൽ ആ രുചി വാസനയെ ഊഹിക്കാമല്ലോ…

തപ്പി നോക്കിയാൽ ആഗ്രഹം സഫലീകരിക്കാനുള്ള പണമൊക്കെ കൈയ്യിൽ കാണും. പക്ഷെ, വിശപ്പെന്നാൽ ഒരുനാളിലേക്ക് മാത്രം വരുന്നയൊരു വിരുന്നുകാരനല്ലല്ലോ… ജീവനെ വെപ്രാളപ്പെടുത്തി തളർത്തുന്ന ആ പ്രതിഭാസമില്ലെങ്കിൽ ഭൂമിയെത്ര ശാന്ത മായിരിക്കുമല്ലേ….

‘ഉഡുപ്പി, കുന്താപുര… ഉഡുപ്പി, കുന്താപുര…’

പ്രാർത്ഥനയിൽ ഇല്ലാതിരുന്നിട്ടും കൃത്യ നേരത്തൊരു ബസ്സ് വന്ന് നിന്നു. ബിരിയാണി കഴിച്ച് കൊണ്ടിരുന്ന ആൾ കൈ കഴുകിയ കുപ്പിവെള്ള വുമായി ബസ്സിലേക്ക് ഓടിക്കയറി. ഭക്ഷണം കഴിക്കാൻ പോലും നേരമില്ലാത്ത വിധം മനുഷ്യർക്ക് എന്തിനാണ് ഇത്രയും ധൃതിയെന്ന് ഓർത്ത് ഞാൻ തല പുകച്ചു. കഴിഞ്ഞ വർഷങ്ങളിലെല്ലാം ചൂട് പിടിച്ച ബുദ്ധിയായത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല. കുപ്പികൾ പെറുക്കാനുള്ള സഞ്ചി കരുതണം എന്നതിനുമപ്പുറം, പൊതു പൈപ്പും, കാലത്ത് നേരത്തേ തുറക്കാത്ത കടത്തിണ്ണയും മാത്രമേ അത്രത്തോളം പുകഞ്ഞ എന്റെ തലയിൽ ബാക്കി നിൽക്കുന്നുള്ളൂ…

വെയിലിൽ വിയർക്കുന്നുണ്ടെന്ന് തോന്നിയപ്പോൾ ഞാൻ എഴുന്നേറ്റു. അപ്പോഴാണ് അയാൾ കഴിച്ച് തുടങ്ങിയതല്ലേ ഉണ്ടായിരുന്നുള്ളൂവെന്ന് ഞാൻ ഓർക്കുന്നത്. അപ്പോൾ പിന്നെ, ബിരിയാണിയിൽ മുക്കാലും ആ പൊതിയിൽ കാണണം. കൊതിയോടെ ഞാൻ അങ്ങോട്ടേക്ക് പതിയേ നടന്നു.

എവിടെക്കായാലും പതിയേ നടക്കാനേ എനിക്ക് കഴിയാറുള്ളൂ. അതിനായി എന്നോണം ജന്മനാൽ രണ്ട് കാലുകൾക്കും നീളത്തിന്റെ കാര്യം വരുമ്പോഴൊരു ചേർച്ച കുറവുണ്ട്. മനസ്സിനൊരു താളം തെറ്റലുമുണ്ട്. അതുകൊണ്ട് തന്നെ, ആയുസ്സിന്റെ നാൾവഴികളിലെല്ലാം പലരുമായി കൂട്ടിമുട്ടി വീണതിന്റെ കഥകളെല്ലാം ഉള്ളറകളിൽ കാണണം. പരിക്ക് പറ്റിയ ഓർമ്മകളായത് കൊണ്ട് ആ ഭാഗത്തേക്ക്‌ ഞാൻ നോക്കാറേയില്ല…

ബസ്റ്റോപ്പിന്റെ തണലിലേക്ക് എത്തും മുമ്പേ ആ ബിരിയാണി യിലേക്കൊരു തെരുവ് നായ ധൃതിയോടെ ചാടി വീണിരുന്നു. അത് റോഡിനപ്പുറം ഉണ്ടായിരുന്ന ആ മെലിഞ്ഞവൻ തന്നെണെന്ന് കണ്ടപ്പോൾ എനിക്ക് ചിരിക്കാനാണ് തോന്നിയത്. ഞാനതിനെ തുരത്താനൊന്നും പോയില്ല. എന്നെക്കാളും കൂർമ്മമായി അവൻ ആ കോഴി ബിരിയാണിയെ നിരീക്ഷിച്ചിരിക്കുന്നു. തക്കം കിട്ടിയപ്പോൾ കൃത്യമായി കൈക്കലാക്കാനുള്ള മിടുക്കും കാട്ടിയിരിക്കുന്നു. അതുകൊണ്ട്, എന്നെക്കാളും അത് അർഹിക്കുന്നത് അവൻ തന്നെയാണ്.

നിമിഷക്കുള്ളിൽ ബിരിയാണി പൊതികളെല്ലാം കാറ്റിൽ പാറാൻ എന്നോണം താഴെ വീണു. എല്ല് പോലും ബാക്കിയില്ല. കൊതിയിൽ നിരാശ വീണത് കൊണ്ടാണോയെന്ന് അറിയില്ല, ഒരു കവിൾ ഉമിനീര് ചിറിയിലൂടെ താടിയിലേക്ക് ഒലിച്ചിറങ്ങുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…

ആർക്ക് വേണ്ടിയും അവസരങ്ങളുമായി ലോകം കാത്തിരുന്നതായുള്ള ചരിത്രമില്ല. അതിപ്പോൾ വിശപ്പെന്ന് വരുമ്പോഴുള്ള തെരുവ് തെണ്ടിക്കാണെങ്കിലും, യുദ്ധമെന്ന് കാണുമ്പോഴുള്ള രാജാവിനായാലും ഒരു പോലെയാണ്. ഒരു പക്ഷെ, ആഹാരപ്പൊതി ഉപേക്ഷിച്ച് നിർത്തിയിട്ട ബസ്സിലേക്ക് ഓടിക്കയറിയ ആ മനുഷ്യനും തന്റെ പ്രാധാന്യത്തിലേക്ക് എത്തി പിടിച്ചതാണെന്നേ കരുതാനാകുകയുള്ളൂ…

സാഹചര്യങ്ങളെ തനിക്ക് അനുകൂലമാക്കുകയെന്ന മനുഷ്യരുടെ മനോഭാവമാണ് ഈ കാണുന്ന ലോകം. അതിനകത്ത് പരസ്പരം നോക്കാതെ പരക്കം പായുന്നവരിൽ ഏച്ച് നടക്കുന്നയൊരു കുപ്പി പെറുക്കിയുടെ കാര്യം പ്രത്യേകം പറയാനുണ്ടോ…

ആ ബിരിയാണി എനിക്ക് വിധിച്ചിട്ടില്ലെന്നല്ല. അത് തൊട്ട് മുമ്പിൽ തെളിഞ്ഞിട്ടും കഴിക്കാൻ എനിക്ക് സാധിച്ചില്ലെന്ന് പറയുന്നതാണ് ശരി. ഭൂമിയിലെ അവസരങ്ങൾ വിനിയോഗിക്കാൻ ഞാൻ ഏറെ പഠിക്കേണ്ടിയിരിക്കുന്നുവെന്ന്, സമാന ജീവിതം നയിക്കുന്നയൊരു നായ പറഞ്ഞതായേ ആ രംഗത്തെ ഇപ്പോഴും എനിക്ക് ഓർക്കാൻ കഴിയുന്നുള്ളൂ…!!!

Leave a Reply

Your email address will not be published. Required fields are marked *