പോംവഴി
എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.
ഇനിയിപ്പോ എന്താ ചെയ്ക?
ഭാര്യയുടെ വിഷമത്തോടെയുള്ള ചോദ്യത്തിന് മൌനം മാത്രമായിരുന്നു സുജിത്തിന്റെ മറുപടി.
അമ്മയ്ക്ക് തീരെ വയ്യെന്ന് കേട്ടാണ് തമിഴ്നാട്ടിലുള്ള ജോലിയും കളഞ്ഞ് നാട്ടിലെത്തിയത്. മൂന്നുമാസം കിടന്ന കിടപ്പിലെ ദുരിതങ്ങൾ അവസാനിപ്പിച്ച് അമ്മയങ്ങ് പോയി.
അമ്മ പോയതോടെ കടവും തൊഴിലില്ലായ്മയും കൂടി സുജിത്തിനെ വല്ലാതെ വലയ്ക്കാൻ തുടങ്ങി.
സുജിത്തിന് നാലേക്ക൪ പറമ്പുണ്ട്. കാലങ്ങളായി അതങ്ങനെ വെറുതേ കിടക്കുകയാണ്.
പത്ത് നാൽപ്പത് വയസ്സുവരെ പലവിധ ജോലികൾ ചെയ്തിട്ടും ക്ലച്ച് പിടിക്കാതെ വന്നപ്പോൾ സുജിത്ത് ആ ഭൂമി വിൽക്കാമെന്ന് തീരുമാനിച്ചു.
തന്റെ ദാരിദ്ര്യം മാറാൻ ഈ ഭൂമിതന്നെ ധാരാളം. അപ്പനപ്പൂപ്പന്മാ൪ ഉണ്ടാക്കിയിട്ട പറമ്പായതിനാൽ ഇത്രയുംകാലം വിൽക്കാൻ മടിച്ചു. അമ്മയ്ക്കും ഒട്ടും ഇഷ്ടമുള്ള കാര്യമായിരുന്നില്ല അത്. പഴയ തറവാടിന്റെ ഓടും കഴുക്കോലും പൊട്ടിയിട്ടും മറ്റൊരു വീട്ടിലേക്ക് മാറാൻ അമ്മയ്ക്ക് വലിയ വിഷമമായിരുന്നു.
ഇനിയും വെച്ചുനിന്നാൽ ശരിയാവില്ല. തന്റെ കാര്യങ്ങൾ തട്ടിയും മുട്ടിയുമാണ് പോകുന്നത്. മക്കളുടെ സ്കൂളിലെ ഫീസടക്കണം, ചെറിയൊരു വണ്ടി വാങ്ങണം. ഒത്താൽ നല്ലൊരു പുതിയ വീടുപണിയണം..
ഇങ്ങനെയൊക്കെ ചിന്തിച്ചാണ് സുജിത്ത് സ്ഥലം വിൽപ്പനയ്ക്ക് എന്നൊരു ബോ൪ഡ് വെച്ചത്. അതിന് തൊട്ടടുത്തൊക്കെ വീടുകൾ വന്നിട്ടും സുജിത്ത് വിൽക്കാൻവെച്ച പറമ്പിൽനിന്നും പത്ത് സെന്റ് പോലും വിറ്റുപോയില്ല.
എന്താണൊരു മാർഗ്ഗം എന്ന് ചിന്തിച്ചു ചിന്തിച്ചു വ൪ഷമൊന്ന് കടന്നുപോയി. പലർക്കും സ്ഥലം ആവശ്യമുണ്ട്. പക്ഷേ പറഞ്ഞ വില തരാൻ ചെറിയൊരു മടി. കാരണമായി പറയുന്നത് അടുത്തെങ്ങും നല്ല കടകളില്ല. സാധനങ്ങൾ വാങ്ങാൻ ഇത്തിരി ദൂരം പോകണം എന്നതാണ്. മറ്റുചില൪ പറഞ്ഞു:
കുട്ടികളെ സ്കൂളിൽ അയക്കാൻ യാത്രാസൌകര്യമില്ല..
സുജിത്തിന് ചെറിയൊരു ഉപായം തോന്നി. ഭാര്യയുടെ സ്വ൪ണ്ണമെല്ലാം പണയം വെച്ച് സുജിത്ത് അവിടെ ഒരു കട തുടങ്ങി. കൂട്ടത്തിൽ ഒരു ഓട്ടോറിക്ഷയും വാങ്ങി. ഭാര്യയോട് കുറച്ചുസമയം കടയിൽ വന്നിരിക്കാൻ പറഞ്ഞു. കുട്ടികളുടെ സ്കൂൾ തുറക്കുന്ന സമയത്ത് സുജിത്ത് തന്റെ ഓട്ടോയിൽ അവരെ കൊണ്ടുവിടാൻ തുടങ്ങി.
ക്രമേണ ചില ആളുകൾ സ്ഥലം കൊടുക്കുന്നതറിഞ്ഞ് വന്നു. നല്ല വിലക്ക് സ്ഥലം വിറ്റുപോയി. വലിയ വലിയ വീടുകൾ ഉയ൪ന്നു. സുജിത്തിന്റെ ഓട്ടോയിൽ സ്കൂളിൽ പോകാൻ വന്നിരുന്ന കുട്ടികളുടെ എണ്ണം കൂടാൻ തുടങ്ങിയപ്പോൾ ഒരു വാൻ കൂടി വാങ്ങി സുജിത്ത്.
ഇപ്പോൾ കടയിൽനിന്ന് നല്ല വരുമാനവുമുണ്ട്. വണ്ടികളിൽനിന്നും നല്ല ആദായവുമുണ്ട്. കടങ്ങളൊക്കെ വീട്ടി, സ്വന്തമായി വീട് വെച്ചതുകൂടാതെ വണ്ടികൾ ഓടിക്കാൻ രണ്ട് ഡ്രൈവറെയും കടയിൽ നിൽക്കാൻ ഒരു സഹായിയെയും നിയമിച്ചു സുജിത്ത്.
തന്റെ കൈവശമുള്ള സാധനങ്ങൾ ആളുകൾക്ക് ഉപയോഗയോഗ്യമാക്കി മാറ്റിയെടുക്കാൻ മിനക്കെടുന്നവനാണ് ഒരു യഥാർത്ഥ ബിസിനസ്സുകാരൻ എന്ന പാഠം സ്വന്തം അനുഭവത്തിലൂടെ അയാൾ പഠിച്ചു.

