ഭാര്യ പറഞ്ഞതിന്റെ അറ്റത്തേക്ക് നോക്കിയാൽ അവളുടെ വീടിന്റെ അവകാശികളിൽ ഞാനും ഉണ്ടാകണം. വാർപ്പ് ചോരുന്നുവെന്നും, ചുമര് പൊടിയുന്നുവെന്നും, കട്ട്ള ഇളകുന്നുവെന്നും പറഞ്ഞപ്പോൾ……

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

അളിയനെ അന്വേഷിച്ചാണ് ഭാര്യവീട്ടിലേക്ക് എത്തുന്നത്. അവനെ കണ്ടിട്ടേ പോകൂവെന്ന് പറഞ്ഞ് ആ മുറ്റത്തൊരു കസേരയുമിട്ട് ഞാൻ ഇരുന്നു. എന്താണ് കാര്യമെന്ന് അവളുടെ അച്ഛനും അമ്മയും ചോദിച്ചിട്ടും എനിക്ക് പറയാൻ തോന്നിയില്ല. വൈകുന്നേരമായിട്ടും അളിയനെ കാണാതായപ്പോഴാണ് ഞാൻ തിരിക്കുന്നത്. വീട്ടിൽ ചെന്ന് ഭാര്യയോട് പറയാം. അവൾ തന്നെയൊരു തീരുമാനമുണ്ടാക്കട്ടെ…

വീട്ടിലേക്കുള്ള മടക്കയാത്രയിൽ മുഴുവൻ എന്നെക്കുറിച്ചാണ് ഞാൻ ഓർത്തത്. ജീവിതം എവിടെ നിന്നാണ് തുടങ്ങിയതെന്ന് തെളിയുന്നുണ്ട്. ഞാനും അച്ഛനും ഒരുപോലെ വിയർത്തതും അറിയുന്നുണ്ട്. ഒരുഘട്ടം കഴിഞ്ഞപ്പോൾ ജീവിതം സുഖത്തിന്റെ ദിക്കിലേക്ക് തന്നെയാണ് സഞ്ചരിച്ചത്. പക്ഷെ, ഇപ്പോൾ എങ്ങോട്ടാക്കാണ് ചലിക്കുന്നതെന്ന് വ്യക്തമാകുന്നില്ല.

ഏഴാം തരത്തിൽ പഠിക്കുമ്പോൾ എട്ടിന്റെ ഗുണനപ്പട്ടിക തെറ്റിച്ച ആളാണ് ഞാൻ. അപ്പോൾ തന്നെ ഊഹിക്കാമല്ലോ എനിക്കുള്ള കണക്കിന്റെ തല. എട്ടെട്ട് നൂറ്റിയെട്ടെന്ന് എഴുതിയ എന്റെ പേരിലാണ് അന്ന് ക്ലാസ്സ്‌ മുഴുവൻ ചിരിച്ചത്. എന്നിട്ടും ഞാൻ എട്ടിലേക്ക് ജയിച്ചു. പക്ഷെ, പോയില്ല. നീയൊക്കെ പഠിച്ചിട്ട് എന്താകാനാണെന്ന് പറഞ്ഞ മാഷെ വെല്ലുവിളിച്ചില്ല. അച്ഛനോടൊപ്പം പണിക്ക് പോകുന്നത് അങ്ങനെയാണ്. പിന്നീടുള്ള എന്റെ ജീവിതത്തിന് മില്ലിലെ മരപ്പൊടി കലർന്ന വിയർപ്പിന്റെ മണമായിരുന്നു.

പഠിക്കാൻ മണ്ടനായിരുന്ന ഞാൻ പണിയിൽ തോറ്റില്ല. മരിച്ചുപോയ അമ്മയുടെ പേരിൽ വർഷങ്ങൾക്കുള്ളിൽ നാട്ടിൽ ഞാനൊരു മരമില്ല് തുറന്നു. മനക്കണക്കിൽ അപാര കഴിവുള്ള അച്ഛനെപ്പിടിച്ച് കണക്കെഴുതാനും ഇരുത്തി. ആ വർഷം തന്നെയാണ് പെങ്ങളുടെ വിവാഹം നടന്നത്. പുതുക്കി പണിത വീട്ടിൽ ഞാനും അച്ഛനും മാത്രമായി.

‘നിന്റെ അമ്മായി പറഞ്ഞ ബന്ധം നമുക്കൊന്ന് ആലോചിച്ചാലോ…?’

ഒരിക്കൽ അച്ഛൻ പറഞ്ഞതാണ്. ആയിക്കോട്ടേയെന്ന് ഞാനും മൊഴിഞ്ഞു. മുപ്പത് കഴിഞ്ഞപ്പോൾ തൊട്ട് കല്ല്യാണം കഴിക്കണമെന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു. അഞ്ചാറ് പേരെ കാണാനും പോയിട്ടുണ്ട്. എല്ലായിടത്തും വിദ്യാഭ്യാസമൊരു പ്രശ്നമായിരുന്നു. പക്ഷെ, അമ്മായി കൊണ്ടുവന്ന ബന്ധം അങ്ങനെ ആയിരുന്നില്ല. പെണ്ണിന് എന്നെ ഇഷ്ട്ടപ്പെട്ടു. കുടുംബം പോറ്റാനുള്ള കഴിവുണ്ടോയെന്ന് മാത്രമേ അവളുടെ വീട്ടുകാരും നോക്കിയുള്ളൂ. എല്ലാം ശരിയായി വന്നപ്പോൾ എന്റെ വിവാഹം നാടറിഞ്ഞ് തന്നെ നടന്നു.

‘നമ്മടെ മില്ലിൽ, സുധാകരന് എന്തെങ്കിലും പണി കൊടുത്തൂടെ…!’

ഒരുനാൾ ഭാര്യ ആവിശ്യപ്പെട്ടതാണ്. അവളുടെ സഹോദരനാണ് സുധാകരൻ. ഒന്നുമില്ലെങ്കിലും അളിയനല്ലേ… ശരിയെന്ന് ഞാനും പറഞ്ഞു. ജീവിതം വളരേ മനോഹരമെന്ന് തോന്നിക്കും വിധം തന്നെയാണ് മുന്നോട്ട് പോയത്. അച്ഛന് സദാസമയം കൊഞ്ചിക്കാനും, പുറത്തിരുത്തി ആന കളിക്കാനും, എനിക്കൊരു മോൻ പിറന്നു. പെങ്ങളും പിള്ളാരുമൊക്കെ ഇടയ്ക്കിടേ വന്ന് പോകുന്നതിൽ വീടിന് വലിയ സന്തോഷമായിരുന്നു. തന്റെ വിശ്രമം ജീവിതം ആരംഭിച്ച അച്ഛന്റെ കണ്ണുകളിൽ അത് വ്യക്തമായി എനിക്ക് കാണാം.

‘അതേയ്… ഈ വീടിന് നിങ്ങളുടെ പെങ്ങൾക്കും അവകാശമുണ്ടോ..? ഇത് പുതുക്കി പണിതത് നിങ്ങളല്ലേ…?’

രണ്ടുനാളത്തെ താമസത്തിന് ശേഷം പെങ്ങള് പോയ രാത്രിയിൽ ഭാര്യ ചോദിച്ചതാണ്. ആ സംശയത്തിന്റെ പന്തികേട് എനിക്ക് മനസ്സിലായി. കെട്ടിപ്പോയെന്ന് കരുതി ഇത് അവളുടെ വീട് അല്ലാതാകുമോ എന്നായിരുന്നു എന്റെ മറുപടി. അത് ഭാര്യക്ക് ഇഷ്ട്ടപ്പെട്ടില്ല. എല്ലാമെടുത്ത് പെങ്ങൾക്ക് കൊടുക്കെന്ന് പറഞ്ഞ് അവൾ തിരിഞ്ഞ് കിടന്നു. നിനക്കും മോനും ജീവിക്കാനുള്ളത് ഞാൻ ഉണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും പെണ്ണ് അയഞ്ഞില്ല. അതിനായി ഞാൻ കൂടുതൽ ശ്രമിച്ചുമില്ല.

ഭാര്യ പറഞ്ഞതിന്റെ അറ്റത്തേക്ക് നോക്കിയാൽ അവളുടെ വീടിന്റെ അവകാശികളിൽ ഞാനും ഉണ്ടാകണം. വാർപ്പ് ചോരുന്നുവെന്നും, ചുമര് പൊടിയുന്നുവെന്നും, കട്ട്ള ഇളകുന്നുവെന്നും പറഞ്ഞപ്പോൾ അതും ഞാനാണ് പുതുക്കി പണിതത്. അതിനായി എത്ര ചിലവായെന്ന് പോലും എനിക്ക് ഓർമ്മയില്ല. കണക്കിൽ എഴുതാതെ അവളുടെ സഹോദരൻ മില്ലിൽ നിന്ന് ചില്ലറ പണമെടുക്കുന്നതും ഞാൻ കാര്യമാക്കാറില്ല.

എന്നെ സംബന്ധിച്ചിടത്തോളം കണക്കെന്ന് വന്നാലേ കഴുത്തിലൊരു കൊളുത്ത് വീഴുന്നത് പോലെയാണ്. രണ്ട് വീടുകളിലായിട്ട് ആണെങ്കിലും എല്ലാവരും ഒരു കുടുംബമാണെന്നേ ഞാൻ കരുതിയിട്ടുള്ളൂ…

ഭാര്യയുടെ ആ സംസാരവും, പിന്നീടുള്ള മാറ്റവും നാളുകളോളം എന്നെ അസ്വസ്ഥമാക്കിയിരുന്നു. അതിന്റെ ആക്കം കൂട്ടാൻ എന്നോണമാണ് മറ്റൊരു സംഭവം നടന്നത്. അന്ന്, ഞാൻ മില്ലിൽ എത്തുമ്പോൾ ആകെയൊരു ബഹളമായിരുന്നു. പറഞ്ഞ പണം മുഴുവൻ കൊടുത്തിട്ടും മരം എത്തിയില്ല പോലും. ഏത് മരമെന്നും, പണം ആർക്ക് കൊടുത്തൂ വെന്നും അവരോട് ഞാൻ ചോദിച്ചു.

‘നിങ്ങടെ അളിയന്… രൂപ മുപ്പത്തിയാറായിരമാ…’

മറുപടിയില്ലാതെ അൽപ്പനേരം ഞാൻ നിന്നുപോയി. സുധാകരൻ എന്നോട് ഈ ചiതി ചെയ്യുമെന്ന് ഞാൻ കരുതിയതേയില്ല. ഒരാഴ്ച്ച യ്ക്കുള്ളിൽ പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞപ്പോഴാണ് കൂടിയവരെല്ലാം പിരിഞ്ഞുപോയത്. അങ്ങനെയാണ് ഞാൻ ഭാര്യ വീട്ടിൽ എത്തുന്നതും, തിരിച്ച് ഇങ്ങനെ പോകുന്നതും…

വീടെത്തി. ബൈക്ക് മുറ്റത്ത് നിർത്തി അകത്തേക്ക് കയറും മുമ്പേ ഭാര്യ പുറത്തേക്ക് വന്നു. സുധാകരൻ വന്നിട്ടുണ്ടായിരുന്നു പോലും. നിങ്ങളെ ന്തിനാണ് തന്റെ വീട്ടിൽ പോയി കുത്തിയിരുന്നതെന്നും അവൾ എന്നോട് ചോദിച്ചു. വിഷയത്തിന്റെ ഗൗരവ്വം അറിയാതെയാണ് അവളുടെ സംസാരമെന്ന് എനിക്ക് തോന്നി. പക്ഷെ, അങ്ങനെ ആയിരുന്നില്ല.

‘മുപ്പത്തിയാറായിരം രൂപയല്ലേ… ഉള്ളപ്പോൾ അവനിങ്ങ് തരും… അവനും കൂടി പണിയെടുത്തിട്ടല്ലേ മില്ല് ലാഭത്തില് പോകുന്നേ…!’

ഭാര്യ അങ്ങനെ പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. കേട്ടപ്പോൾ തന്നെ അച്ഛൻ അകത്തേക്ക് പോയി. ആറ് വർഷമായില്ലേ സുധാകരൻ അവിടെ കഷ്ടപ്പെടുന്നതെന്ന് അവൾ സൂചിപ്പിച്ചു. ആര് പറഞ്ഞിട്ടാണെന്ന് ഞാൻ ചോദിച്ചില്ല. ജോലിക്ക് അനുസരിച്ചുള്ള കൂലി സുധാകരനും കൊടുക്കുന്നുണ്ടെന്ന് എനിക്ക് പറയാമായിരുന്നു. നാവ് അനങ്ങിയുമില്ല.

ഭാര്യ തുടർന്നു. തന്റെ സഹോദരൻ രാപ്പകൽ ജോലി ചെയ്യുന്നത് നമ്മുടെ മില്ല് ആയത് കൊണ്ടല്ലേയെന്ന് അവൾ ശബ്ദിക്കുകയാണ്. ഒരാളുടേയും സഹായമില്ലാതെ ഞാനുമെന്റെ അച്ഛനും വിയർപ്പൊഴുക്കി ഉണ്ടാക്കിയതാണ് ആ മില്ലെന്ന് അവളേക്കാളും ഒച്ചത്തിൽ എനിക്ക് പറയണമെന്ന് ഉണ്ടായിരുന്നു. കഴിഞ്ഞില്ല. കണക്ക് പറഞ്ഞാൽ സുധാകരന് ഇനിയും കൊടുക്കേണ്ടി വരുമെന്ന് കൂടി അവൾ ചേർത്തപ്പോൾ ഞാൻ ചിരിച്ചുപോയി. കാരണം, ഭാര്യ പറയുന്നത് കണക്കാണ്. മുന്നിലത് നിവർന്ന് നിന്നാൽ തോറ്റുപോയ ചരിത്രം മാത്രമേ എനിക്കുള്ളൂ….

ആ ചിരിയോടെ തന്നെയാണ് ഞാൻ അകത്തേക്ക് കയറിയത്. അച്ഛന്റെ മുറിയിലേക്ക് കയറി കമിഴ്ന്ന് കിടന്നു. കണ്ണുകൾ നിറഞ്ഞിരിക്കുന്നുവെന്ന് തലയിണ പറയുന്നുണ്ടായിരുന്നു. കച്ചവടത്തിൽ ആയിരുന്നുവെങ്കിൽ സഹിക്കാമായിരുന്നു. പക്ഷെ, ജീവിതത്തിന്റെ കണക്ക് കൂട്ടലുകളാണ് തെറ്റിയിരിക്കുന്നത്. അച്ഛൻ തൊടുന്നതൊന്നും ഞാൻ അറിഞ്ഞതേയില്ല.

എങ്ങനെയൊക്കെ കൂട്ടിയാലും എന്റെ സമത്തിനപ്പുറം പൂജ്യമാണെന്ന് തോന്നിയപ്പോൾ വർഷങ്ങളിൽ എത്രയോയെണ്ണം പിറകിലേക്ക് പോകുന്നത് പോലെ… ഏഴാം തരത്തിൽ പഠിക്കുമ്പോൾ എട്ടിന്റെ ഗുണനപ്പട്ടിക തെറ്റിച്ച മണ്ടനായ തലയിലേക്ക് ഞാൻ മറിഞ്ഞ് വീഴുന്നത് പോലെ… എട്ടെട്ട് നൂറ്റിയെട്ടെന്ന് എഴുതിയപ്പോൾ ഉയർന്ന അന്നത്തെ ആ കളിയാക്കൽ എട്ട് ഇരട്ടിയിൽ എന്റെ കാതുകളിൽ മുഴങ്ങുന്നത് പോലെ…!!!

Leave a Reply

Your email address will not be published. Required fields are marked *