എഴുത്ത്:- സൽമാൻ സാലി
” ശരീഫ് പൈ യുടെ വില എത്രയാണ് ..?
രുഗ്മിണി ടീച്ചർ ഷരീഫിനെ വിളിക്കുമ്പോൾ കണക്ക് പിരീഡിന്റെ ബോറടി മാറ്റാൻ കോമ്പസ് കൊണ്ട് ബെഞ്ചിൽ വട്ടമിടുകയായിരുന്നു അവൻ .
” ടീച്ചറെ പൈ നെ കാണാതെ അയിന്റെ വില പറയാൻ ഒക്കൂല .. ഇറച്ചി കച്ചോടക്കാരൻ മൂസാടെ മോനോട് പൈ ന്റെ വില ചോദിച്ചാൽ പിന്നെ ഇതിലും നല്ല മറുപടി സ്വപ്നത്തിൽ പോലും കിട്ടൂലെന്ന ടീച്ചർക്ക് മനസിലായി ..
” സൽമാൻ പറയൂ പൈ ന്റെ വില എത്രയാണ് ..
” 3.14 ടീച്ചർ ..
എന്റെ ഉത്തരം കേട്ട് ക്‌ളാസ്സിലെ നാല്പത്തി എട്ട് തലകളും എനിക്ക് നേരെ തിരിഞ്ഞു നാല്പത്തി ഏഴ് കുട്ടികളും പിന്നെ ഉത്തരത്തിൽ ഇരുന്ന ഒരു പല്ലിയും ..
ടീച്ചർക്ക് ഒരു സംശയം ഞാൻ അറിയാതെ പറഞ്ഞു പോയതാണോ എന്ന് ..
” എങ്കിൽ കിണറിന്റെ വ്യാപ്തം കാണാൻ ഉള്ള സൂത്രവാക്യം പറ .. ?
” പൈ ആർ സ്ക്വാർ എച് ..!
ഉത്തരത്തിൽ കിടന്ന പല്ലി കൈവിട്ട് താഴേക്ക് വീണ് എങ്ങോട്ടോ ഓടിപോയി .. ബാക്കിയുള്ളവർ എന്നെ നോക്കി വാ പൊളിച്ചു ഇരുന്നു ..
” ഉം സൽമാൻ ഇരിക്ക് ..
ഞാൻ ഇരുന്നതും ശരീഫ് ഒന്നൂടെ അടുത്തേക്ക് നീങ്ങി ഇരുന്നു ..
” എടാ സാലിയെ നിന്നെ എന്തിനാ പൈ ആരെയോ നോക്കി കുരച്ചു എന്ന് പറഞ്ഞിട്ടും ടീച്ചർ തല്ലാതിരുന്നത് ..?
” എടാ പൊട്ടാ പൈ ആരെയോ നോക്കി കുരച്ചു എന്നല്ല ” പൈ ആർ സ്ക്വാർ എച് . എന്നാ പറഞ്ഞത് …
” ഇതിലും ബേധം കിണറ്റിൽ ചാടുന്നതാ .. ഈ ടീച്ചർക്ക് പത്തും പത്തും കൂട്ടിയാൽ എത്ര ഇരുപതും പാത്തും കുറച്ചാൽ എത്ര എന്ന കണക്ക് എടുത്താൽ പോരെ .. വെറുതെ എന്തിനാ ഈ കിണറ്റിലും തൊട്ടിയിലും ഇറങ്ങി വ്യാപ്തവും വിസ്തീർണ്ണമൊക്കെ അളക്കാൻ നിക്കുന്നേ …
” എടാ മൊയന്തേ ഇതൊക്കെ ജീവിതത്തിൽ ഉപകരിക്കും അപ്പൊ നിനക്ക് മനസിലാവും ..
” ഓ പിന്നെ ഞാൻ ഇതൊക്കെ പഠിച്ചു കിണർ കുത്താൻ പോകുവല്ലേ .. ഒന്ന് പൊയ്‌ക്കെ അവ്ട്ന്ന് ..
അന്ന് മുതൽ ഞാൻ കണക്ക് ക്‌ളാസ് ശ്രദ്ധിക്കാൻ തുടങ്ങി .. അന്നും ശരീഫിന് ഇഷ്ട്ടം ബയോളജി ക്‌ളാസ്സിലെ പരാഗണ സിദ്ധാന്ധം ആയിരുന്നു ..
ഓൻ പരാഗിച്ചു പരാഗിച്ചു ഒൻപതാം ക്‌ളാസ്സിലെ സൽമത്തിനെ പ്രേമിച്ചു കല്യാണവും കഴിച്ചു നാട്ടിൽ എൻജിനിയർ ആയി നടക്കുന്നു .. കിണർ കുത്തുന്നില്ലേലും കിണർ കുത്തിക്കാൻ ഓൻ ഉണ്ട് ..
സകല കണക്കുകൂട്ടലുകളും തെറ്റി ജീവിതത്തിന്റെ വ്യാപ്തവും വിസ്തീർണ്ണവും അറിയാതെ ഞാൻ ഇപ്പൊ പ്രവാസിയും …
എന്നാലും ഈ സ്കൂളിന്ന് പഠിപ്പിച്ച കോസ് തീറ്റയും സൈൻ തീറ്റയുമൊക്കെ ഉപകരിച്ചു ആരേലും ഉണ്ടോ ആവോ …
❤️

