മധുരപ്രതികാരം
Story written by Santhosh Appukuttan
“ആദ്യരാത്രി ആണെന്നും പറഞ്ഞ് ബെഡ് റൂമിലേക്ക് വാ.. അവസാന രാത്രിയാക്കി കളയും ഞാൻ “
കല്യാണം കഴിഞ്ഞ ദിവസം, വൈകുന്നേരം ഭാര്യവീട്ടിലെ അയിനിമര ചുവട്ടിൽ പുക വലിച്ചുകൊണ്ട്, പന്തൽക്കാരൻ പയ്യനോട് സംസാരിക്കു മ്പോഴാണ്, ഇന്ന് സ്വന്തമാക്കിയ പെണ്ണിൻ്റെ കർണ്ണകഠോരമായ ശബ്ദംകേട്ട് ഞാൻ വല്ലാത്തൊരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയത്.
കലി തുള്ളിയ വെളിച്ചപ്പാടിനെ പോലെ വീടിൻ്റെ വരാന്തയിലൂടെ അങ്ങോട്ടും, ഇങ്ങോട്ടും നടക്കുന്നതിനിടയിൽ, ഇടയ്ക്കിടെ നാഗവല്ലിയു ടെയുടേത് പോലെ നോട്ടം എനിക്കു മേൽ വന്നു വീഴുന്നുണ്ടായിരുന്നു.
താലികെട്ടുമ്പോഴും, ഫോട്ടോയെടുക്കുമ്പോഴും മുല്ലമൊട്ടു പോലെയുള്ള പല്ലു മുഴുവൻ പുറത്തു കാട്ടിയ ഇവളെന്തിന്, ഇപ്പോൾ ഭദ്രകാളിയെ പോലെ പല്ലിറുമ്മുന്നത്?
ചോദ്യം ചോദിക്കാൻ അടുത്തുണ്ടായിരുന്നത് പക്വതയെത്താത്ത പന്തൽ പണിക്കാരൻ ചെക്കനായതുക്കൊണ്ട്, അവനെ ഒഴിവാക്കി ഞാൻ എന്നോടു തന്നെ ചോദിച്ചിട്ടും എനിക്ക് വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ല.
ഇനിയെങ്ങാനും ഇവൾക്ക് ബാംഗ്ലൂരിൽ വല്ല കന്നഡ ചെക്കൻമാരുമായി പ്രണയമുണ്ടോ?
ലാൽബാഗിലെ മുളങ്കൂട്ടങ്ങൾക്കിടയിൽ , ഇവളുടെ ഹൃദയം കെട്ടി തൂiക്കിയിട്ടാണോ, വീട്ടുക്കാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഇങ്ങോട്ടു കുറ്റിയും പറിച്ചു പോന്നത്?
അതോ ഇവളുടെ എതിർപ്പിനെ അവഗണിച്ചു കൊണ്ടാണോ വീട്ടുക്കാർ ഈ കല്യാണം നടത്തിയത്?
”ചേട്ടാ പന്തൽ ഇപ്പോൾ അഴിക്കണ്ട അല്ലേ?”
പന്തൽക്കാരൻ പയ്യൻ, ഒരു പാൽക്കാരൻ പയ്യനെ പോലെ ചിരിച്ചു കൊണ്ടു ചോദിച്ചപ്പോൾ ഞാൻ അവനെ രൂക്ഷമായൊന്നു നോക്കി.
” ചേട്ടൻ്റെ പെണ്ണിൻ്റെ ഭാവം കണ്ടിട്ട് കല്യാണപന്തലിൽ തന്നെ ചേട്ടൻ്റെ ശവമടക്കും നടത്തേണ്ടി വരുമെന്നാ തോന്നുന്നത് “
അവൻ തമാശയോടെ പറയുമ്പോഴും എൻ്റെ മനസ്സിൽ സങ്കടത്തിൻ്റെ ചിതയെരിയുകയായിരുന്നു.
ലീവിനു വന്നപ്പോൾ കല്യാണം കഴിക്കാൻ വേണ്ടി ഒരു പെണ്ണിനെ അന്വഷിച്ചു എവിടെയെക്കൊയോ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു.
വീടുകളിൽ കയറിയിറങ്ങി ചായയും, ജ്യൂസും കുടിച്ച് ഷുഗറിൻ്റെ ലെവൽ കൂടിയതല്ലാതെ, കാണാൻ വന്ന പെണ്ണിൻ്റെ മുഖം മാത്രം തെളിഞ്ഞില്ല.
അതോടെ നിരാശനായ എനിക്ക്, ചങ്ക് സജസ്റ്റ് ചെയ്തതാണ് ആൾക്കൂട്ടത്തിൽ അന്വേഷിക്കുക എന്ന്!
അങ്ങിനെ ചങ്കിൻ്റെ നിർദേശപ്രകാരം, ബസ് സ്റ്റോപ്പിൽ, കോളേജ് ഗേറ്റിൽ, ബീiഡി കമ്പനിയുടെ ഗേറ്റിൽ, ഒടുവിൽ മാവേലി സ്റ്റോറിൻ്റെ ക്യൂവിൽ വരെ കയറി നിന്നു, മനസ്സിനിണങ്ങിയ ഒന്നിനെ കണ്ടെത്താൻ…..!
അiവിഹിതവും, ഒളിച്ചോട്ടവും മുറയ്ക്ക് നടക്കുന്നതിനെ പറ്റി ചായക്കട യിലിരുന്നു പലരും സംസാരിക്കുന്നത് കേൾക്കാമായിരുന്നെങ്കിലും, എൻ്റെ ലക്ഷ്യം മാത്രം ഗണപതി കല്യാണം പോലെ നീണ്ടു പോയി.
നാട്ടിൽ തേരാപാര നടക്കുന്ന പണിയില്ലാത്തവരും, ഇരുപത്തിനാലു മണിക്കൂറും അപ്പുപ്പൻതാടിപോലെ പറക്കുന്ന കiഞ്ചാവടിക്കാരും കിളി പോലെയുള്ള പെൺകുട്ടികളെ ബൈക്കിലിരുത്തി ചീറി പായുന്നത് കാണാനാണ് തൻ്റെ യോഗമെന്ന് വിചാരിച്ച്, പെണ്ണുകാണൽ എന്ന പരിപാടി ഉപേക്ഷിച്ചതാണ് !”
ഒടുവിൽ, മനസ്സുരുകി പ്രാർത്ഥിച്ചതിന് ഫലമുണ്ടായത് ഒരു പ്രൈവറ്റ് ബസ്സിൽ വെച്ചായിരുന്നു….
ചില്ലറ പൈസയ്ക്കു വേണ്ടി കണ്ടക്റ്ററോട് തർക്കിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടപ്പോൾ ആരോ മനസ്സിലിരുന്നു പതിയെ മന്ത്രിച്ചു.
ഇവൾക്കു വേണ്ടിയാണ് നീ ഇത്രയും നാൾ അലഞ്ഞു നടന്നത്….
കാണാൻ തരക്കേടില്ലാത്ത ഒരു പെൺക്കുട്ടി…
ചില്ലിപൈസ ചിലവാക്കുമ്പോഴും ഇവൾ സൂക്ഷിച്ചേ ചിലവാക്കൂ.
ഒരു പ്രവാസിക്ക് വേണ്ടത് ഇവളെ പോലൊരു പെണ്ണാണെന്ന് മനസ്സിലായതോടെ പിന്നെ എല്ലാം പെട്ടെന്നായിരുന്നു..
ജാതകദോഷമെന്ന മണ്ഡരി ബാധയില്ലാന്നറിഞ്ഞപ്പോൾ ഇരട്ടിമധുരമായി!
” മോനെന്താ ആലോചിക്കുന്നത്?”
അമ്മായിയപ്പൻ്റെ ചോദ്യം കേട്ടൂ ഞാൻ ചിന്തയിൽ നിന്നുണരുമ്പോൾ, ഞങ്ങൾ ഡൈനിങ്ങ് ടേബിളിലായിരുന്നു.
പകൽ പോയി രാത്രി വന്നെത്തിയത് അറിയാത്ത അത്രയ്ക്കും അഗാധമായ ചിന്തയിലായിരുന്നു ഞാനെന്ന് തോന്നിയപ്പോൾ, പതിയെ മുഖമുയർത്തി ദയയെ നോക്കി.
കല്ലിനു കാറ്റു പിടിച്ചതു പോലെ ഇരിക്കുന്ന അവളുടെ നോട്ടം പാറി വന്നപ്പോൾ ഞാൻ പതിയെ ഒഴിഞ്ഞുമാറി.
പൊടുന്നനെ ഒരു കൊടുങ്കാറ്റ് പോലെ തീൻമേശയിൽ നിന്ന് പോകുമ്പോഴും, കണ്ണുകൾ കൊണ്ട് കുറച്ചു തീപ്പൊരി എനിക്കു മേൽ വാരി വിതറാനും അവൾ മറന്നില്ല.
ഇവൾക്കു ദയ എന്ന പേരിട്ട വ്യക്തിയെ നന്ദിപൂർവ്വം സ്മരിച്ചു കൊണ്ട് ഞാൻ, ചോറിൽ കവിതയെഴുതുന്ന അമ്മായച്ഛനെ പതിയെ നോക്കി.
” ദയയ്ക്ക് ഈ വിവാഹത്തിന് സമ്മതമായിരുന്നോ അച്ഛാ? “
എൻ്റെ പെട്ടെന്നുള്ള ചോദ്യം കേട്ട്, കുത്തരി ചോറ് തൊണ്ടയിൽ കുടുങ്ങി ആ പാവമൊന്നു ചുമച്ചപ്പോൾ, ആ രണ്ട് കണ്ണുകളും താഴേക്ക് വീണതുപോലെ കിടന്നു.
ജഗ്ഗിൽ നിന്ന് വെള്ളമെടുത്തു കൊടുത്തപ്പോൾ, അച്ഛൻ നന്ദിയോടെ എന്നെ നോക്കി.
” അവൾക്കിപ്പോൾ വിവാഹം വേണ്ടെന്നു പറഞ്ഞതാണ്. ഞങ്ങൾ നിർബന്ധിച്ചിട്ടാണ് അവൾ
പാതി പറഞ്ഞ് അച്ഛൻ എന്നെ ഒന്നു നോക്കി. പിന്നെ ചോറു പാത്രത്തിൽ കമഴ്ന്നു കിടക്കുന്ന അളിയനെ നോക്കി.ഒടുവിൽ ചോദ്യ ചിഹ്നം പോലെ ഇരിക്കുന്ന അമ്മയെ നോക്കി.
“മോൻ തെറ്റായി ഒന്നും ചിന്തിക്കണ്ട കേട്ടോ… അവൾക്ക് പ്രേമമൊന്നുമില്ല. പഞ്ചപാവമാ”
അവസാന ഡയലോഗിൽ, ചോദ്യം കേൾക്കാൻ ചെവിയും കൂർപ്പിച്ച് വെച്ച്, ചോറിൽ കണ്ണും നട്ടിരിക്കുന്ന ദയയുടെ നാത്തൂൻ്റെ വായ്ക്കുള്ളിൽ നിന്ന് വറ്റുകൾ മേശാപ്പൂവ് പോലെ ചിതറിയപ്പോൾ ഒന്നു മനസ്സിലായി ആൾ പഞ്ചപാവമല്ലെന്ന്..
ചോറൂണും കഴിഞ്ഞ്, ഗ്ലാസിൽ നിറച്ചു വെച്ചിരുന്ന തണുത്ത പാലട പ്രഥമൻ കുടിച്ചു കൊണ്ടിരിക്കുമ്പോഴും, ചിന്ത ദയയെ കുറിച്ചായിരുന്നു.
കല്യാണത്തിനു മുൻപ് വിളിച്ചപ്പോൾ അവൾ ഒരു പാട് പറഞ്ഞതാണ് ഈ വിവാഹത്തിൽ നിന്നു പിൻമാറാൻ….
വീടായ വീടല്ലൊം അലഞ്ഞിട്ട് ഒരു ഉണക്കമത്തി കിട്ടിയ പൂച്ചയുടെ അവസ്ഥയിൽ നിൽക്കുന്ന, ഞാൻ ആ വാക്ക് കേട്ടില്ലെന്നു നടിച്ചു.
“ആ ചെക്കൻ എന്തിനാ വന്നത്?”
വീണ്ടും അയിനി മരച്ചുവട്ടിൽ നിന്നും പുകയ്ക്കുമ്പോൾ, പിന്നിൽ നിന്നുയർന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ, പകലത്തെ ആ ഭാവവുമായി ദയ!
” പന്തലിൻ്റെ പൈസ ചോദിക്കാൻ വന്നതാണ് “
“ഇരുപത് കിലോമീറ്റർ ബൈക്ക് ഓടിച്ചിട്ട് പൈസ വാങ്ങാനെത്തിയ പന്തൽ പണിക്കാരൻ. എന്തിനാ വെറുതെ നുണ പറയുന്നത്. അവൻ കൊണ്ടുവന്ന സാധനം അവിടെ ഷോ കെയ്സിലുണ്ട്.”
അതും പറഞ്ഞ് നടന്ന അവൾ തിരിഞ്ഞ് ഒരു നിമിഷം എൻ്റെ ചമ്മിയ മുഖത്തേക്കു നോക്കി.
” അത് ഷോക്കേസിൽ ഇരിക്കുകയുള്ളു. ഒന്നും നടക്കില്ല ട്ടാ”
ചമ്മി നനഞ്ഞ് ഒന്നും പറയാൻ കഴിയാതെ ഞാൻ നിൽക്കുമ്പോഴാണ് തണുത്ത പാതിരാക്കാറ്റ് എന്നെ തണുപ്പിക്കാനെത്തിയത്.
കൊതിപ്പിക്കുന്ന മാദക ഗന്ധവുമായി കാറ്റ് എനിക്കു ചുറ്റും വീശിയടിച്ച് എൻ്റെ സംയമനം തകരാറിലാക്കിയപ്പോൾ, ആവശ്യക്കാരന് ഔചിത്യം വേണ്ടായെന്ന് മന്ത്രിച്ച് ഞാൻ മണിയറ ലക്ഷ്യമാക്കി നടന്നു.
പാടത്ത് നെൽവിത്ത് വിതറുന്നതു പോലെ, അവളുടെ നാത്തൂൻ ബെഡ്ഡിലേക്ക് മുല്ലപ്പൂക്കൾ വിതറുന്നത് കണ്ടപ്പോൾ, ഒരു കള്ളച്ചിരിയോടെ ഞാൻ മാറി നിന്നു.
വിത്ത് വിതയ്ക്കു ശേഷം നാത്തൂൻ പോയപ്പോൾ ഞാൻ പതിയെ മുറിയിലേക്ക് കടന്ന് ബെഡ്ഡിലേക്ക് കയറി കിടന്നു.
ഷോ കെയ്സിൽ വെച്ചിരുന്ന സാധനം അവിടെ ഉണ്ടെന്ന് ഉറപ്പിച്ച് ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ്, ബെഡ് റൂമിൻ്റെ വാതിൽ തുറന്ന് ദയ കൈയ്യിൽ പാൽഗ്ലാസുമായി വന്നത്.
പഴയ ആ ക്രൗര്യഭാവം ഇപ്പോൾ മുഖത്തില്ല….
നാണത്തിൽ കുതിർന്ന മുഖത്തോടെ അവൾ ഒറ്റയടിവെച്ചു വന്നപ്പോൾ, ബി.പി. ഹൈ ലെവലിലെത്തിയിരുന്നു.
ശരീരമാകെ ഓവനിലിട്ടു പുഴുങ്ങിയെടുത്തതു പോലെ!
പുഞ്ചിരിയോടെ നീട്ടിയ പാൽഗ്ലാസ് വാങ്ങി പകുതി കുടിച്ചതിനു ശേഷം അവൾക്ക് നീട്ടിയപ്പോൾ സ്നേഹത്തോടെ അവൾ നിരസിച്ചു.
” പാൽ ഞാൻ കുടിക്കാറില്ല ചേട്ടാ “
സ്നേഹം നിറഞ്ഞു കവിയുന്ന ആ വിളി കേട്ടപ്പോൾ, യാന്ത്രികമായി ബാക്കി വന്ന പാൽ കുടിച്ച് ഞാൻ ഗ്ലാസ് ടേബിളിൽ വെച്ചു.
“ഇന്നു നമ്മുടെ ആദ്യ രാത്രിയല്ലേ?”
പകലത്തെ അവളുടെ സംസാരത്തെ മറന്നു കൊണ്ട് ഞാനവളുടെ ഇരു തോളിലും കൈവെച്ചു.
സ്റ്റാർട്ട് ആക്ഷൻ എന്ന് പറയും പോലെ അവളുടെ മിഴിയിണകൾ മുകളിലേക്കുയർന്നതും, ഞാൻ പൊടുന്നനെ സ്പിൽബർഗായി മാറി.
ഇടയ്ക്ക് എപ്പോഴോ വാടിയ ചേമ്പിൻതണ്ടു പോലെ എൻ്റെ നെഞ്ചിലേക്ക് അവൾ ചാഞ്ഞതും, അതേ നിമിഷം തന്നെയാണ് അപ്രതീക്ഷിതമായി വയറ്റിൽ ഒരു തിരയിളക്കമുയർന്നത്..
ആ തിരയല്ല, ഈ തിരയെന്നു മനസ്സിലായതും പൊടുന്നന്നെ നിരാശയോടെ പാക്കപ്പ് പറഞ്ഞു ബെഡ്ഡിലേക്കിരുന്നു ഞാൻ.
തിര!
ഒരു തിരയ്ക്കു പിന്നാലെ മറ്റൊരു തിര….
ഒടുക്കം തിരകൾ കൂട്ടത്തോടെ വരുന്നെന്നു തോന്നിയ നിമിഷം, അവളുടെ കാതുകളിൽ ചുiണ്ട് ചേർത്ത് ലജ്ജയോടെ-പതിയെ ചോദിച്ചു.
” ഇവിടുത്തെ ബാത്ത്റൂം എവിടെയാണ്?”
മുത്തുമണികൾ ചിതറും പോലെ ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു തന്ന വഴിയും ലക്ഷ്യമാക്കി റൂമിൽ നിന്ന് വാതിൽ തുറന്ന് പുറത്ത് ചാടുന്ന ശബ്ദം കേട്ടാണ്, ഹാളിലിരുന്നു ആരെയോ പരദൂഷണം പറഞ്ഞുകൊണ്ടിരുന്ന അമ്മായിയമ്മയും, അവളുടെ അമ്മായിയും ഞെട്ടിത്തിരിഞ്ഞ് എന്നെ നോക്കിയതും, അവരുടെ ചുണ്ടിൽ പരിഹാസചിരിയുതിർന്നതും.
ഒരു സിiഗററ്റ് വലിച്ചു തീരുന്ന ദൈർഘ്യം ബാത്ത്റൂമിൽ ചിലവഴിച്ച് വരുമ്പോൾ, കാശ്മീരിൽ വെiടിനിർത്തൽ പ്രഖ്യാപിച്ചതുപോലെ വല്ലാത്തൊരു ആശ്വാസമായിരുന്നു….
ആ സന്തോഷത്തോടെ വന്ന് അവളെ പൊതിയാനൊരുങ്ങുമ്പോഴേയ്ക്കും
വീണ്ടും വയറ്റിൽ തിരയിളക്കത്തിൻ്റെ അലയൊലികൾ!
വികാരത്തെ മറന്ന് വിവേകത്തെ പുണർന്ന് ബാത്ത്റൂമിലേക്ക് വീണ്ടും ഓടുമ്പോൾ ഒരു സിiഗററ്റിന് കൂടി സമയമെത്താതെ പുകഞ്ഞു തീരാനായിരുന്നു വിധി.
ഒന്നാമത്തെയും, രണ്ടാമത്തെയും പ്രാവശ്യം ലജ്ജയോടെ ചിരിച്ചിരുന്ന അമ്മയുടെയും, അമ്മായിയുടെയും മുഖത്ത് ഇപ്പോൾ കടന്നൽ കുത്തിയ ഭാവമാണ്.
“നാത്തൂനെ പ്രായമായ പെൺക്കുട്ടികൾ ഇവിടെ കിടക്കുമ്പോൾ അവൻ എന്ത് കോപ്രായമാണ് ഈ ചെയ്യുന്നത്?”
അഞ്ചാമത്തെ സിiഗററ്റിന് ചിതയൊരുക്കി ഞാൻ വീട്ടിലേക്ക് കടക്കാനൊരുങ്ങുമ്പോഴാണ് അമ്മയോട്, അമ്മായിയുടെ ആ ദേഷ്യത്തിലുള്ള ചോദ്യം!
ആ ഹാളിൽ അമ്മായിയുടെ രണ്ട് പെൺമക്കൾ കൂടി കിടക്കുന്നത് അറിയാതെയല്ല! പക്ഷേ വയറിന് അത് തോന്നണ്ടേ?
“നിനക്ക് നിൻ്റെ മക്കളെ പറ്റി വേവലാതി… ഞാനാലോചിക്കുന്നത് എൻ്റെ മോളെ പറ്റിയാണ്”
ദൈവമേ! എന്തൊരു പരീക്ഷണം ?
തെറ്റ് ചെയ്യാത്തവനാണല്ലോ എവിടെയും ശിക്ഷ!
ബെഡ്റൂമിലേക്ക് പോകണമെങ്കിൽ ഹാളിൽ അവരെ അഭിമുഖീകരിച്ചു പോകണം.
അവർ ഉറങ്ങിയിട്ട് അകത്ത് പോകാമെന്ന് വെച്ച് ഇത്തിരി നേരം പുറത്തു നിൽക്കാമെന്ന് തീരുമാനിച്ചതും, ആകാശത്ത് ഇടി മുഴങ്ങിയതും ഒരുമിച്ചായിരുന്നു.
കോരിച്ചൊരിയുന്ന മഴ വന്നപ്പോൾ ഓടി അകത്ത് കടന്നതും, അവരുടെ പിറുപിറുപ്പുകൾ ഉയർന്നിരുന്നു.
“വാതിലടക്കാതെയാണോ എല്ലാവരും കിടന്നത്? കാറ്റിന് വാതിൽ അടയുന്നത് നിങ്ങൾ കേൾക്കുന്നില്ലേ?”
അപ്പുറത്തെ മുറിയിൽ നിന്നും അച്ഛൻ്റെ സ്വരം കേട്ടപ്പോൾ ശ്വാസമടക്കി നിന്നു.
” അത് കാറ്റിന് തുറക്കുന്നതും, അടയുന്നതും അല്ല. മരുമോൻ തുറക്കുന്നതാ”
അമ്മ വിളിച്ചു പറയുന്നതു കേട്ട് ഒരു ചമ്മലോടെ ഞാൻ ദയയെ നോക്കിയതും, അപ്പുറത്ത് നിന്ന് അച്ഛൻ്റെ ദേഷ്യത്തിലുള്ള ചോദ്യം ഉയർന്നതും ഒരുമിച്ചായിരുന്നു.
“ഇവനെന്താ ദുബായില് സിനിമാ തിയ്യേറ്ററിലായിരുന്നോ ജോലി? എപ്പോഴും വാതിൽ അടച്ചു തുറക്കാൻ “
അച്ഛൻ ചോദിക്കുന്നതും കേട്ട്, അമ്മയുടെയും, അമ്മായിയുടെയും ചിരി ഉയർന്നപ്പോൾ ഞാൻ ഭാര്യയോട് പൊട്ടിത്തെറിച്ചു.
“മോളുട്ടീ,ആരാണ് പാലടപ്രഥമൻ ഉണ്ടാക്കിയത്?”
“എനിക്കും തോന്നി ചേട്ടാ പാലട പ്രഥമനാണ് നമ്മൾക്ക് പണി തന്നതെന്ന്?”
അടുത്ത ചോദ്യം ചോദിക്കാനൊരുങ്ങുമ്പോഴെക്കും, പൊടുന്നന്നെ ഒരു തിര ആർത്തലച്ചു വന്നു.,,,
ഉയർന്നുപൊങ്ങിയ വികാരത്തിനുമീതെ, കൂറ്റൻ തിരകൾ ഒന്നൊന്നായി വരുന്നതറിഞ്ഞ ഞാൻ, അവളോട് യാത്ര പോലും പറയാതെ വാതിൽ തുറന്നു പുറത്തുചാടിയതും, മുന്നിൽ അളിയനെ കണ്ടു വയറും പൊത്തിപിടിച്ചു നിന്നു.
“അളിയനെന്താ ലങ്കാദഹനം കളിക്കാണോ? വാലു മേൽ തീപിടിച്ചു ഓടാൻ?”
അളിയൻ്റെ പരിഹാസം നിറഞ്ഞ ചോദ്യം കേട്ടതും വയറിൽ ശക്തിയോടെ അമർത്തി അയാളെ ദയനീയതയോടെ ഒന്നു നോക്കിയ ശേഷം ദൂരെ പ്രതീക്ഷയുടെ മുനമ്പ് പോലെ തെളിഞ്ഞു കാണുന്ന
ബാത്ത്റൂമിലേക്ക് ശ്രദ്ധ തിരിച്ചു.
രസം കൊല്ലിയായി മുന്നിൽ വന്നു നിൽക്കുന്ന അളിയനെ നോക്കി ഞാൻ പതിയെ മന്ത്രിച്ചു’.
“അളിയാ ഉഷകുട്ടിക്ക് സെക്കൻ്റിൻ്റെ നൂറിലൊരു അംശത്തിനാണ് ഒളിമ്പിക്സിൽ മെഡൽ നഷ്ട്ടപ്പെട്ടത്!”
” അയിന്?”
കൊത്താൻ വരുന്ന പൂവൻകോഴിയെ പോലെ അളിയൻ മുന്നോട്ടു വന്നപ്പോൾ, പുറത്തെ മഴയിലേക്ക് ചാടി കൊണ്ട് ഞാൻ കാൽനിമിഷം തിരിഞ്ഞു നിന്നു പറഞ്ഞു.
” ആ ഒരു സമയത്തിന്എ നിക്ക് ഇവിടെ പലതും നഷ്ടപ്പെടും അളിയാ…”
സിiഗറ്റിന് വീണ്ടും ചിതയൊരുക്കി തിരിച്ചു വരുമ്പോൾ, അടുക്കള വാതിൽക്കൽ നിന്ന്, കiത്തുന്ന കണ്ണുകൾ ഇരുട്ടിലേക്ക് നീട്ടി എനിക്ക് വെളിച്ചം പകർന്നു നൽകുന്ന അളിയനെ കണ്ടതും ഇടിവെട്ട് കൊണ്ടവനെ പോലെ ഞാൻ ആ വഴിയിൽ തറഞ്ഞുനിന്നു.
“അളിയന് ഒരു മാസം ലീവില്ലേ എന്നിട്ടാണോ?”
അളിയൻ അടുത്തേക്ക് വന്നു പറഞ്ഞതും, കഥ പോകുന്നത് വേറെ വഴിക്കാണെന്ന് മനസ്സിലായതോടെ മൗനം പാലിച്ചുകൊണ്ട് മഴയും കൊണ്ടു നിന്നു ഞാൻ.
” ഒരു കാര്യം ചെയ്യ് അളിയൻ…. ഒന്നുകിൽ ബെഡ് റൂമിൽ കിടക്ക്… അല്ലെങ്കിൽ ബാത്ത് റൂമിൽ കിടക്ക്…. “
അളിയൻ്റെ ആ വാക്ക് കേട്ടപ്പോൾ, അവസാന ചോദ്യവും കഴിഞ്ഞ് തൂiക്കിലേറ്റാനൊരുങ്ങുന്ന കുറ്റവാളിയായി ഞാൻ മാറിയതു പോലെ തോന്നി.
“കല്യാണം പ്രമാണിച്ച് മൂന്നാല് ദിവസം ഉറക്കം ഒഴിഞ്ഞതാ മനുഷ്യൻ. ഇന്നെങ്കിലും സമാധാനത്തോടെ ഒന്നു ഉറങ്ങാമെന്നു വെച്ചപ്പോഴാ അളിയൻ്റെ ഈ കൂiതറ ബാലെ കളി”
അമർഷത്തോടെ അതും പറഞ്ഞ് പോകുന്ന അളിയനെ നോക്കി ശക്തിയോടെ പല്ലുകiടിച്ചതും, വയറിനുള്ളിൽ വീണ്ടും ഓളങ്ങളയർന്നു തുടങ്ങി.
ഈ ഒച്ചപ്പാടുകളൊക്കെ കേട്ട് ഉറക്കം നഷ്ട്ടമായ അച്ഛൻ വീടിൻ്റ തിണ്ണയിൽ കയറിയിരുന്നു ബീiഡി തെരുതെരെ വലിക്കുന്നുണ്ട്.
അളിയൻ എന്നോടു ഉള്ള വാശിക്ക്, വോളിയം കൂട്ടി വെച്ച് ടി.വി കാണുന്നുണ്ട്…
ദയയുടെ നാത്തൂൻ, ഉറക്കത്തിൽ നിന്ന് ഇടയ്ക്കിടെ കണ്ണു തുറന്ന് ആരെയോ ശപിച്ചു കൊണ്ട് സോഫയിൽ കിടക്കുന്നുണ്ട്….
ഹാളിൽ നിന്നും അമ്മായിയും മക്കളും ജീവനും കൊണ്ട് ഏതോ മുറിയിലേക്ക് പാഞ്ഞിരുന്നു.
അമ്മ മാത്രം ഹാളിൽ, കെടാവിളക്ക് കണ്ണിൽ ഫിറ്റ് ചെയ്ത് ഉറങ്ങാതെ ഇരിക്കുന്നുണ്ട്.
കളരി പരമ്പര ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് രാത്രിയുടെ മൂന്നാം യാമത്തിൽ, മാരത്തോൺ ബാത്ത് റൂം ഓട്ടത്തിനു ശേഷം, നടുവിന് അടി കൊണ്ട പാമ്പിനെ പോലെ ബെഡ് റൂമിലേക്ക് ഇഴഞ്ഞു ചെല്ലുമ്പോൾ, മണ്ണെണ്ണ കത്തി തീരാൻ തുടങ്ങിയ ചിമ്മിനിയിലെ പ്രകാശം പോലെയുള്ള മിഴികളുമായി ദയ കാത്തിരിക്കുന്നുണ്ടായിരുന്നു.
എന്നെ കണ്ടതും സ്റ്റാർട്ട് ആക്ഷൻ എന്ന ഭാവത്തിൽ ഓടി വന്ന അവളെ ഞാൻ തടഞ്ഞു.
“എന്നെ ഹോസ്പിറ്റലി ലേക്കു കൊണ്ടു പോ ദയേ! ഇപ്പോൾ കൊണ്ടു പോയാൽ ഐ.സി.യുവിൽ കയറ്റിയാൽ മതിയാകും. ഇത്തിരി കൂടി കഴിഞ്ഞാൽ വെൻ്റിലേറ്ററിൽ കയറ്റിയാലും രക്ഷയുണ്ടാവില്ല “
എൻ്റെ ദയനീയമായ സംസാരം കേട്ട അവൾ കുറച്ച് നേരം എന്നെ നോക്കി നിന്ന ശേഷം, അവളുടെ ചുണ്ടുകൾ പതിയെ രാഗം തിയേറ്ററിലെ കർട്ടൻ പോലെ പതിയെ ഉയർന്നതും, അതിൻ്റെ മ്യൂസിക്ക് എൻ്റെ വയറിനുള്ളിൽ മുഴങ്ങിയതും ഒന്നിച്ചായിരുന്നു.
“ചേട്ടനെന്തിനാ ആദ്യം സ്ത്രീധനം വേണ്ടാന്നു പറഞ്ഞിട്ട്, എല്ലാം ഉറപ്പിച്ചതിനു ശേഷം സ്ത്രീധനം ആവശ്യപ്പെട്ടത്?”
അവളുടെ ചോദ്യം കേട്ടതും ഞാൻ ഞെട്ടിത്തെറിച്ചു.
“നാടുനീളെ പെണ്ണുകണ്ട് ഒന്നും ശരിയാവുന്നില്ലാന്ന് കണ്ടപ്പോൾ, ഒരു മാങ്ങാത്തൊലിയും വേണ്ടാന്ന് പറഞ്ഞു വന്നു കയറിയതല്ലേ ഇവിടെ?”
തുടരെയുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ, എൻ്റെ വയറിനുള്ളിലെ പെരുക്കങ്ങൾ കൂടി തുടങ്ങിയിരുന്നു.
“എന്നിട്ട് ചiതിയല്ലേ ചേട്ടനും വീട്ടുക്കാരും ചെയ്തത്?”
അവളുടെ ചോദ്യത്തിന് എനിക്ക് ഉത്തരമുണ്ടായിരുന്നില്ല.
അമ്മാവനാണ്, അമ്മയെയും, അച്ഛനെയും പിരി കയറ്റി സ്ത്രീധനം ചോദിപ്പിച്ചത്!
” എനിക്ക് വേണ്ടി ഇത്രനാളും കഷ്ടപ്പെട്ട അച്ഛനെ ഇനിയും കഷ്ടപ്പെടുത്താതിരിക്കാനാണ്, സ്ത്രീധനം കൊടുത്തുള്ള വിവാഹത്തിന് ഞാൻ സമ്മതമല്ലായെന്ന് പറഞ്ഞത്…. ആ കണ്ടീഷൻ അംഗീകരിച്ച ചേട്ടൻ അവസാനം ചെയ്തത് ചiതിയല്ലേ?”
വയറും പൊത്തിപിടിച്ചിരിക്കുന്ന എനിക്ക് ശബ്ദിക്കാൻ പോലും ശക്തിയില്ലാത്തതു കൊണ്ട് ഞാൻ പതിയെ തലയാട്ടി.
” ആ ചiതിക്ക് മറ്റൊരു ചiതി ഞാൻ ചെയ്തു… ചേട്ടനു തന്ന പാലിൽ ഞാൻ നന്നായി വിം കലർത്തിയിരുന്നു.”
അവളുടെ വാക്ക് കേട്ട് അമ്പരക്കാൻ പോലും ശക്തിയില്ലാതെ, ഇനി എപ്പോഴാണ് പുറത്തേക്ക് ചാടേണ്ടതെന്ന ചിന്തയിലായിരുന്നു ഞാൻ.
“നല്ല കുട്ടിയായ്, ആ വാങ്ങിയ സ്ത്രീധന തുകയൊക്കെ നാളെ അച്ചൻ്റെ കൈയ്യിൽ മടക്കികൊടുക്കാമെങ്കിൽ, നമ്മൾക്ക് ഒന്നിച്ചു പോകാം:.. അല്ലെങ്കിൽ എന്നും ഇതു തന്നെയാകും ചേട്ടൻ്റെ വിധി”
പറഞ്ഞു തീർന്നതും അവൾ അരികെ വന്നിരുന്നു.
” സ്ത്രീധനമായി വാങ്ങിയ പൈസ തിരികെ കൊടുക്കുമോ?”
ദയ പറയുന്നതിലും കാര്യമുണ്ടെന്ന് മനസ്സിലായ ഞാൻ അവളുടെ ചോദ്യത്തിന് സമ്മതമാണെന്ന് തലയാട്ടി.
പൊടുന്നനെ അവൾ മുറിക്കു പുറത്തേക്ക് പോയി, ആവി പറക്കുന്ന, കടുംനിറത്തിലുളള ദ്രാവകവുമായി വന്ന് എനിക്കു നേരെ നീട്ടി.
” തേയില ഇട്ട് തിളപ്പിച്ച വെള്ളമാണ്. ഇതങ്ങട് കുടിച്ചാൽ ശരിയാകും”
തേയില വെളളവും കുടിച്ച് അവളുടെ ചാരെ ചേർന്ന് കിടക്കുമ്പോൾ അവൾ ചുiണ്ടുകൾ പതിയെ എൻ്റെ കാതോരം ചേർത്തു.
“കഞ്ഞിയാണ് കുടിക്കുന്നതെങ്കിൽ പോലും, അത് ഭർത്താവ് അദ്ധ്വാനിച്ചിട്ടാണെങ്കിൽ അതിന് വല്ലാത്ത ടേസ്റ്റാ ചേട്ടാ “
സിക്സറടിക്കാൻ ഇറങ്ങിയിട്ട്, ഹിറ്റ് വിക്കറ്റായി പവലിയനിലേക്ക് മടങ്ങുന്ന ബാറ്റ്സ്മാൻ്റെ ജാള്യതയോടെ ഞാൻ, ആദ്യരാത്രി കുളമാക്കി തന്ന അമ്മാവന് നല്ലതുമാത്രം വരുത്തണമേയെന്ന് പ്രാർത്ഥിച്ചു കൊണ്ട്, എൻ്റെ നല്ലപാതിയെയും ചേർത്തണച്ചു കിടക്കുമ്പോൾ, അവൾ പറഞ്ഞത് എത്ര ന്യായമായിരുന്നുവെന്ന് ചിന്തിക്കുകയായിരുന്നു.

