മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ശിവരാമാ… കുട്ടികളുടെ ജാതകത്തിൽ ഒരു പൊരുത്തക്കേടുമില്ല. എന്തായാലും ഇന്ന് അഞ്ജുവിന് ഡ്രസ്സും ആഭരണങ്ങളും എടുക്കാൻ പോകുവല്ലേ? ആകൂടെ രഞ്ജുവിനും കൂടെ എടുക്കാം.
എന്തേ? ദിവാകരൻ “ഓടുന്ന പട്ടിയ്ക്ക് ഒരു മുഴം മുൻപേ” എന്ന പദപ്രയോഗം മനസ്സിൽ കണ്ടുകൊണ്ട് വെറുതെ ഒന്നെറിഞ്ഞു നോക്കിയതാ…
ഇങ്ങേരിതെന്ത് അറിഞ്ഞിട്ടാണോ ഈ പറയുന്നത്. ഞാൻ പോകുന്നത് സ്വർണ്ണക്കടയിലേക്കാ അല്ലാതെ പലചരക്കു കടയിൽ സാധനം വാങ്ങാൻ അല്ല. അഞ്ജുവിനെടുക്കുമ്പോൾ രഞ്ജുവിനുംകൂടി എടുത്തേക്കാൻ…. ഇയാളെന്നെ വല്ലതും ഏൽപ്പിച്ചിട്ടുണ്ടോ അങ്ങോട്ട് എടുത്ത് കൊടുക്കാൻ? ശിവരാമൻ പിറുപിറുക്കുന്നത് ദിവാകരൻ ചിരിയോടെ കേട്ടുനിന്നു.
എടോ… ശിവരാമാ താൻ പറഞ്ഞതൊക്കെ ഞാൻ കേട്ടു. എന്റെ മോളുടെ കല്ല്യാണം നടത്താനാണ് ഞാൻ തന്നോട് പറഞ്ഞതെങ്കിൽ ഇപ്പോൾ ഈ പറഞ്ഞ കാര്യങ്ങൾക്ക് ഒരു അർത്ഥമുണ്ടായേനെ…. ഇതിപ്പോൾ എന്താടോ ഒരു വാലും തലയുമില്ലാതെ ചുമ്മാ നഴ്സറി പിള്ളേരെപോലെ പിറുപിറുക്കുന്നത്?
എന്റെ ദിവാകരേട്ടാ എന്റെ കയ്യിൽ ഒന്നുമില്ലെന്ന് നിങ്ങൾക്കറിയാല്ലോ.. അഞ്ജുവിന്റെ കല്യാണത്തിനുള്ള എല്ലാ കാര്യങ്ങളും അവൾ തന്നെയാ ചെയ്യുന്നത്. ഞാൻ ഒരാളായിട്ട് നിൽക്കുന്നു എന്ന് മാത്രം.ശിവരാമൻ തന്റെ ദയനീയ അവസ്ഥ ദിവാകരനെ അറിയിച്ചു.
കഷ്ടം തന്നെ ശിവരാമാ… നീ ഒരു കാര്യം മനസ്സിലാക്കണം. നീ കണ്ണടച്ച് ഇരുട്ടാക്കിയാൽ നിനക്ക് മാത്രേ ഇരുട്ടാകൂ…..ദിവാകരന്റെ വാക്കിന് നല്ല മൂർച്ച ഉണ്ടായിരുന്നു.
ദിവാകരേട്ടനെന്തോ മനസ്സിൽ വച്ചുകൊണ്ടാണല്ലോ സംസാരിക്കുന്നത്.. ശിവരാമന്റെ ശബ്ദം കുറച്ചു കാഠിന്യമുള്ളതായി.
അപ്പോൾ അത് നിനക്ക് മനസ്സിലായി അല്ലേ.ദിവാകരന് വിടാൻ ഭാവമില്ലായിരുന്നു.
ഇപ്പോൾ ഇവിടെ എല്ലാവരുമുണ്ട്. അഞ്ജുവിന്റെ വീട്ടുകാർ എത്തുന്നതിന് മുൻപ് ഞാൻ ചില കാര്യങ്ങൾ നിന്നോട് ചോദിക്കട്ടെ.
എന്താ ദിവാകരേട്ടന് അറിയേണ്ടത്. ചോദിക്ക്.ശിവരാമൻ തല ഉയർത്തിപിടിച്ചു നിന്നു.
തനിക്ക് ലോട്ടറി വല്ലതും അടിച്ചായിരുന്നോ ശിവരാമാ?
ദിവാകാരന്റെ ആ ഒരൊറ്റ ചോദ്യത്തിൽ ശിവരാമന്റെയും ഗിരിജയുടെയും അഞ്ജുവിന്റെയും ഉള്ള് കിടുങ്ങി.
ഒരുനിമിഷം ശിവരാമനൊന്നും മിണ്ടാതെ നിന്നെങ്കിലും ദിവാകരന് പിടി കൊടുക്കാൻ അയാൾ തയ്യാറല്ലായിരുന്നു.
ദിവാകരേട്ടൻ എന്താ ഈ പറയുന്നേ? ലോട്ടറി എടുക്കുന്ന ഒരു ശീലം എനിക്ക് പണ്ടേ ഇല്ല.
എടുക്കാത്ത സാധനം എങ്ങനെ അടിക്കും?
വേണ്ട ശിവരാമാ നീ വെറുതെ ഉരുണ്ടു കളിക്കണ്ട എല്ലാം എനിക്കറിയാം.
എന്റെ മോൻ എന്നിൽനിന്നും ഒന്നും ഒളിക്കാറില്ല.
നീ നല്ല ഒരു നടനാ ശിവരാമാ… ഇപ്പോൾ ഞാൻ ചോദിച്ച ലോട്ടറിയുടെ കാര്യം അറിയാത്തതായി ഈ വീട്ടിൽ ഒരാളെ ഉളളൂ. അത് രഞ്ജുമോളാ. അവളുടെ മുഖം കണ്ടാലറിയാം.
അവളറിയാനാ ഞാൻ പറയുന്നത്. മോളേ നിന്റച്ഛന് കുറച്ചു നാൾ മുൻപ് അക്കൗണ്ടിൽ പൈസ വല്ലതും വന്നതായി നിന്നോട് പറഞ്ഞിട്ടുണ്ടോ?
ഉണ്ട് അച്ഛനെന്നോട് പറഞ്ഞിട്ടുണ്ട്. അത് എന്റെ ചേച്ചി അച്ഛന്റെ അക്കൗണ്ടിൽ ഇട്ടു കൊടുത്തതാണെന്നാ എന്നോട് പറഞ്ഞത്. രഞ്ജുവിനറിയാവുന്ന കാര്യം അവൾ ബോധിപ്പിച്ചു.
അല്ല മോളെ ആ പൈസ അഞ്ജു കൊടുത്തതല്ല.
എന്റെ മോന് ലോട്ടറി എടുക്കുന്ന ഒരു ശീലമുണ്ട്.
മോളോർക്കുന്നുണ്ടോ അഞ്ജുവിന്റെ ഒരു കൂട്ടുകാരിയെ കാണാൻ നിന്റച്ഛൻ ഇവനെയും കൂട്ടി പോയത്?
ഇവര് പോയത് എനിക്കറിയാം ദിവാകരേട്ടാ.
എന്നാൽ അന്നിവര് രണ്ടുപേരും കൂടി പോയപ്പോൾ എന്റെ മോൻ ഒരു ലോട്ടറി എടുത്തു. അതിന് ഫസ്റ്റ് പ്രൈസ് അടിക്കുകയും ചെയ്തു. ആ പൈസ ആണ് മോളെ നിന്റെ അച്ഛന്റെ അക്കൗണ്ടിൽ വന്നത്.
ആ പൈസ എങ്ങനെയാ നിന്റച്ഛന് കിട്ടിയതെന്നറിയണ്ടേ..
ലോട്ടറി ഇവനാണ് അ ടിച്ചത്എ ന്നറിഞ്ഞപ്പോൾ നിന്റെ അച്ഛൻ ആ ലോട്ടറി ടിക്കറ്റ് ഇവനോട് കെഞ്ചി മേടിച്ചു.ആ പൈസ കിട്ടിയിട്ട് അവന് ബിസിനസ്സ് തുടങ്ങണ മെന്ന്.രണ്ട് വർഷത്തിനുള്ളിൽ ആ പൈസ ഇവന് തിരിച്ചു കൊടുത്തോളമെന്ന്. വേറൊരു വാഗ്ദാനവും ഇയാൾ അവന് കൊടുത്തു. അഞ്ജു ഇവനുള്ളതാണെന്ന്. ഇവനീ കാണിക്കുന്ന നെറികേടിന് ഞാൻ ഈ ഭാഷയിലല്ല സംസാരിക്കേണ്ടത്.
എന്റെ മോന് ആ പൈസ വേണ്ട. ലോട്ടറി അടിച്ചപ്പോൾ ആ പൈസ മുഴുവൻ ആരുമില്ലാതെ ഒരുപാട് ആഗ്രഹങ്ങളുമായി കഴിയുന്ന കുഞ്ഞുമക്കൾ താമസിക്കുന്ന സ്നേഹലയത്തിന് സംഭാവന കൊടുക്കാമെന്നായിരുന്നു അവൻ എന്നോട് പറഞ്ഞിരുന്നത്.
ഇതൊന്നുമറിയാതെയാണ് രഞ്ജു മോൾ ഇവനെ സ്നേഹിക്കുന്നത് എന്ന് എനിക്കറിയാം.
അതുകൊണ്ട് തന്നെയാ ഞാനിവനെയും മാലതിയെയും കൂട്ടി ഇങ്ങോട്ട് വന്നത്.
ദിവാകരൻ പറഞ്ഞു കഴിഞ്ഞതും പൊട്ടികരഞ്ഞുകൊണ്ട് രഞ്ജു ദിവാകരന്റെ കാലിൽ വീണു.
എനിക്കൊന്നും അറിയില്ലായിരുന്നു ദിവാകരേട്ടാ…
എന്റെ അച്ഛനും അമ്മയും ചേച്ചിയും ചെയ്ത തെറ്റിന് ഞാൻ മാപ്പ് പറയുവാ…
ദിവാകരൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. മോളെ ഇനിമുതൽ നീ എന്നെ ദിവാകരേട്ടാ എന്നല്ല വിളിക്കേണ്ടത്. “അച്ഛാ” എന്നാ. മോള് വിഷമിക്കണ്ട. കഴിഞ്ഞതൊ ക്കെ കഴിഞ്ഞു.
നല്ല ഒരു ദിവസമായിട്ട് ഞാനിങ്ങനെ ഒന്നും ഒരിക്കലും പറയില്ലായിരുന്നു മോളേ….
അഞ്ജു വന്നിറങ്ങിയ രാത്രിയിലെ സംഭവങ്ങൾ എന്റെ മോൻ എന്നോട് പറഞ്ഞിരുന്നു.
ശിവരാമാ നിനക്കെന്നോട് ദേഷ്യമൊന്നും തോന്നരുത്. പഴയ പല കാര്യങ്ങളും നിന്റെ ഓർമയിൽ എവിടെയുമില്ല എന്ന് മനസ്സിലായത്കൊണ്ട് ഞാൻ പറഞ്ഞു എന്നേ ഉളളൂ.
കുട്ടികളുടെ കല്ല്യാണം ഭംഗിയാകണം.കല്യാണത്തിന് രണ്ടാഴ്ച അല്ലേ ഉളളൂ. നീ ഇവരുടെ കല്യാണക്കുറി കൂടി അടിക്കാൻ കൊടുക്ക്.
അതൊക്കെ ഇരിക്കട്ടെ തനിക്ക് എന്റെ മോന്റെ യഥാർത്ഥ പേരറിയാമോ?കല്യാണക്കുറിയിൽ താൻ ശംഭു എന്ന് വച്ചേക്കരുത്.അവന്റെ പേര് മഹേഷ് ദിവാകർ എന്നാ.ദിവാകരൻ ശിവരാമന്റെ തോളിൽ മെല്ലെ തട്ടി.രഞ്ജിത ശിവരാമൻ വെഡ്സ് മഹേഷ് ദിവാകർ.
എനിക്കൊരു കാര്യം എല്ലാവരോടുമായി പറയാനുണ്ട് എന്നിട്ട് മതി എന്റെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ.
എന്താ മോളേ എന്താ നിനക്ക് പറയാനുള്ളത്? മാലതി ചോദിച്ചു.
നിങ്ങളെല്ലാവരും ശംഭുവേട്ടന്റെ പെണ്ണായി കണ്ടത് എന്റെ ചേച്ചിയെ ആണ്. ഞാൻ അവിടെ എത്തുന്നത് ഒരു പകരക്കാരി ആയിട്ടാ. ഞാൻ സ്വത്തോ, പണമോ, സ്വർണ്ണമോ ഒന്നും ആഗ്രഹിച്ചിട്ടില്ല.
പക്ഷെ ഞാനും ചേച്ചിയും കതിർ മണ്ഡപത്തിൽ നിൽക്കുമ്പോൾ… എന്റെ ചേച്ചി സ്വർണ്ണത്തിൽ മൂടിയാവും നിൽക്കുക. എനിക്കൊന്നും ഉണ്ടാവില്ല. ശംഭുവിന് ഈ പെണ്ണിനെ എവിടുന്ന് കിട്ടി എന്ന് ആളുകൾ ചോദിക്കും. അത് നിങ്ങൾക്കും കൂടി നാണക്കേടാകും. ഇപ്പോഴുള്ള ഈ ഇഷ്ടം പിന്നീട് ദേഷ്യമായാലോ…അതുകൊണ്ട് ഒന്ന് കൂടി ആലോചിച്ചിട്ട് മതി ഈ കല്ല്യാണം.
രഞ്ജുവിന്റെ തേങ്ങൽ ശംഭുവിന്റെ ഹൃദയത്തിലാണ് തറച്ചത്….
തുടരും…..