നായ മറിഞ്ഞുവീണ ഇടത്തേക്ക് നോക്കിയപ്പോൾ അത് അതിന്റെ അവസാന പിടച്ചിലിലായിരുന്നു…! ചുറ്റും ര ക്തം തെറിപ്പിച്ചുകൊണ്ട് ആ നായ ഞാൻ നോക്കിനിൽക്കെ പിടഞ്ഞുപിടഞ്ഞ് ച ത്തു……

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

മുന്നിൽ പോകുന്ന ഓട്ടോറിക്ഷയ്ക്ക് എന്ത്‌ അഹങ്കാരമാണ്…! എത്ര വട്ടം ഹോണടിച്ചിട്ടും അതിനൊരു കൂസലുമില്ല.. ഇത്തിരി സൈഡ് കിട്ടിയാൽ ഞാനും എന്റെ കാറുമങ്ങ് മറികടന്ന് പോകുമായിരുന്നു.

അല്ലെങ്കിലും നിരത്തിലേക്ക് ഇറങ്ങിയാൽ തൊട്ട് മുമ്പിലൊരു വാഹനമുണ്ടാകാൻ പാടില്ലായെന്നത് എനിക്ക് നിർബന്ധമാണ്. അതിനുവേണ്ടി ഇതുപോലെ കിതച്ചും ഹോണടിച്ചും ഓരോ വാഹനങ്ങളേയും ഞാൻ മറികടന്ന് കൊണ്ടേയിരിക്കും.

വിജനമായ പാതയിലൂടെ സഞ്ചരിക്കുന്നതിന്റെ സുഖം എവിടേയും കുറിച്ചിടാൻ പറ്റാത്ത വിധമൊരു അനുഭൂതിയാണ്.

തക്കം കിട്ടിയപ്പോൾ മുന്നിൽ ഉണ്ടായിരുന്ന ആ വയസ്സൻ ഓട്ടോയെ മറികടന്ന് ഞാൻ ചീറിപ്പാഞ്ഞു. എവിടെ നിന്ന് വന്നതാണെന്ന് അറിയില്ല…! വല്ലാത്ത മോങ്ങലോടെ ഒരു നായ എന്റെ കാറിന്റെ ബോണറ്റിൽ ഇടിച്ച് റോഡരികിലേക്ക് തെ റിച്ചുവീണു.

ഹോ…! എന്റെ പ്രാണൻ വിറച്ചുപോയി.. നിയന്ത്രണം വിടാതെ കാർ ഒതുക്കി നിർത്തിയിട്ട് ഞാൻ പുറത്തേക്ക് ഇറങ്ങി. കാര്യമൊന്നും മനസ്സിലാകാത്തത് കൊണ്ടായിരിക്കണം ആ വയസ്സൻ ഓട്ടോയുടെ ചെറുപ്പക്കാരനായ ഡ്രൈവർ എന്നെയൊന്ന് തുറിച്ച് നോക്കുക മാത്രം ചെയ്തു.

നായ മറിഞ്ഞുവീണ ഇടത്തേക്ക് നോക്കിയപ്പോൾ അത് അതിന്റെ അവസാന പിടച്ചിലിലായിരുന്നു…! ചുറ്റും ര ക്തം തെ റിപ്പിച്ചുകൊണ്ട് ആ നായ ഞാൻ നോക്കിനിൽക്കെ പിടഞ്ഞുപിടഞ്ഞ് ച ത്തു..! പിന്നെ അവിടെ നിന്നില്ല… ധൃതിയിൽ കാറിൽ കയറി ഞാൻ മുന്നോട്ട് ചലിച്ചു.

പാവം…! അത് ആ ഓട്ടോയെ മാത്രമേ കണ്ടിട്ടുണ്ടാകൂ..! ഒറ്റയോട്ടത്തിന് റോഡ് മുറിച്ചുകടക്കാമെന്ന അത് ചിന്തിച്ചിട്ടുണ്ടാകൂ…! വേഗതയോടെ ഓട്ടോയെ മറികടന്ന് വന്ന ഞാൻ, ഇടിച്ച് തെറിപ്പിക്കു മെന്നത് സ്വപ്നത്തിൽ പോലും ആ നായ കരുതിക്കാണില്ല..

വല്ലാത്തയൊരു കുറ്റബോധം വന്ന് എന്നെ ആ ഓടുന്ന കാറോടെ വിഴുങ്ങാൻ തുടങ്ങിയപ്പോൾ മുന്നിൽ കണ്ട പഞ്ചാബി ദാബയുടെ ഓരം ഞാൻ വാഹനം നിർത്തി.

ഇഞ്ചി നീരിൽ കുറുക്കിയെടുത്ത ചായ കുടിച്ചുകൊണ്ട് ഞാൻ അവിടെ ഏറെനേരം വെറുതേ ഇരുന്നു. നോക്കി നിൽക്കെ ദാബയുടെ മുറ്റത്ത് സന്ധ്യ മയങ്ങി വീണു. കനത്ത ഇരുട്ടുമായി പതിയേ രാത്രിയും ഉണർന്നു. ഞാൻ പോകാൻ ഒരുങ്ങി. സോളാപ്പൂരിലേക്ക് ഇനിയുമുണ്ട് ഇരുന്നൂറോളം കിലോമീറ്റർ…

ചായയുടെ കാശും കൊടുത്ത് കാറിന്റെ അടുത്തേക്ക് നടക്കുമ്പോഴാണ് ഒരു പെൺ നായയെ ഞാൻ ശ്രദ്ധിക്കുന്നത്.. നിർത്താതെ പോകുന്ന മിക്ക വാഹനങ്ങളുടെ പിറകിലൂടെ മുരൾച്ചയോടെ ഓടുകയാണ് അത്.. ഞാൻ ശ്രദ്ധിക്കുന്നത് കണ്ടിട്ടാണോ എന്നറിയില്ല.. ദാബയുടെ മറ്റൊരു വശത്തുള്ള പഞ്ചറ് കടക്കാരൻ അതിനെ കല്ലെറിഞ്ഞ് ഓടിച്ചു.

ആ പെൺ നായ ഓടുന്നതും നോക്കികൊണ്ട് ഞാൻ അ പഞ്ചറുകാരന്റെ അടുത്തേക്ക് പോയി. എന്തിനാണ് അത് നിർത്താതെ പോകുന്ന വാഹനങ്ങളുടെ പിറകിലൂടെ ഓടുന്നതെന്ന് ഞാൻ ചോദിച്ചു.. അതുകേട്ടപ്പോൾ വളരേ തമാശയോടെ, അതിന്റെ കുഞ്ഞ് കഴിഞ്ഞ അഴ്ച്ച ലോറി കേറി ചതഞ്ഞതിന്റെ അരിശമാണത് കാട്ടുന്നതെന്ന് അയാൾ മറുപടി പറഞ്ഞു.

ആ പഞ്ചറുകാരന്റെ ശബ്ദം എന്റെ തലയിൽ വീണയൊരു ഇടിയായിരുന്നു. കൊടുങ്കാറ്റും, പേമാരിയും, എന്നെ ഒരുപിടി ഭസ്മമാക്കാൻ കെൽപ്പുള്ള മിന്നലും, ഞാൻ മാത്രം ആ കനത്ത ഇരുട്ടിൽ കണ്ടു.

വീണ്ടും എന്റെ കാറിൽ കയറാൻ തുടങ്ങുമ്പോഴാണ് ബോണറ്റിന്റെ മൂലയിൽ അപ്പോഴും ഉണങ്ങാതെ ഒളിയുന്ന ര ക്തപ്പൊടികൾ ഞാൻ കാണുന്നത്. അതെന്റെ ക്രൂ രതയുടെ അടയാളമാണെന്ന് ബോധ്യമായപ്പോൾ എനിക്ക് എന്നോട് തന്നെയൊരു വെറുപ്പ് തോന്നിപ്പോയി…

അല്ലെങ്കിലും, മനുഷ്യരുടെ മത്സര പാതയിലൊരു ബോധവും ഇല്ലാത്ത എന്നെപ്പോലെ ഉള്ളവരുടെ വേഗയോട്ടത്തിൽ എത്രയെത്ര സാധു ജീവനുകളാണ് ഈ ഭൂമിയിൽ തെറിച്ചുവീണ് ചാകുന്നത്…!!!

Leave a Reply

Your email address will not be published. Required fields are marked *