‘അതാ കള്ളന്റെ മോനാ….!’
ആരോ പറഞ്ഞു. ബസ്റ്റോപ്പിലേക്കുള്ള നടത്തത്തിനിടയിലും ഞാൻ അത് കൃത്യമായി കേട്ടിരുന്നു. എന്റെ വേഗത കൂടിയെന്ന് കണ്ടപ്പോൾ കൂവലും ആരംഭിച്ചു. ഞാൻ തിരിഞ്ഞ് നോക്കിയില്ല. അപമാനിതനായ എന്റെ മുഖം കാണാൻ അവരുടെ കണ്ണുകൾ വെമ്പി നിൽക്കുന്നുണ്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു…
കഴിഞ്ഞ ആഴ്ച്ചയിലാണ് അച്ഛനെ പോലീസുകാർ പിടിച്ച് കൊണ്ടുപോയത്. പത്താം തരം ആയതുകൊണ്ട് ട്യൂഷനും കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അമ്മയും അനിയത്തിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. എട്ടിൽ പഠിക്കുന്ന അനിയത്തിയാണ് കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞത്. ഡ്രൈവറായിരുന്ന അച്ഛൻ, തന്റെ മുതലാളി കാറിൽ സൂക്ഷിച്ച അമ്പതിനായിരം രൂപ മോഷ്ടിച്ചു. അറിഞ്ഞതൊന്നും വിശ്വസിക്കാനാകാതെ അമ്മ അപ്പോഴും, ഞാൻ വന്ന് കയറുമ്പോൾ ഉണ്ടായിരുന്ന അതേ ഇരുത്തത്തിലായിരുന്നു…
‘ന്താണ്ട്രാ… നിന്റെ അച്ഛൻ ഏത് ജയിലിലാ..? നാട്ടുകാരെ പറയിപ്പിക്കാനായിട്ട്…’
കണ്ട് പരിചയമുള്ള തല നരച്ച ഒരാളാണ് അത് പറഞ്ഞത്. ഞാൻ കേട്ടതായി ഭാവിച്ചില്ല. ഭാഗ്യത്തിന് അപ്പോൾ തന്നെ ഒരു ബസ്സ് വന്ന് നിന്നു. ഞാൻ അതിൽ ധൃതിയിൽ കയറിയപ്പോൾ അയാളും കയറി. നിർഭാഗ്യമെന്ന് പറഞ്ഞാൽ മതിയല്ലോ, ആ വയസ്സൻ എന്റെ അടുത്ത് തന്നെ ഇരുന്നു…
‘നീ ഏടെക്കാണ്…?’
കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് പൊതിയിൽ കൈയ്യിട്ട് തയ്യാറാക്കി വെച്ചയൊരു മുറുക്കാൻ ചുരുട്ടെടുത്ത് വായിലേക്കിട്ടാണ് അയാളത് പറഞ്ഞത്. ഹാൾ ടിക്കറ്റ് വാങ്ങാൻ സ്കൂളിൽ പോകുന്നുവെന്ന് പറഞ്ഞപ്പോൾ ആ മനുഷ്യൻ ചിരിക്കുകയായിരുന്നു…
‘നീയൊക്കെ പഠിച്ചിട്ട് എന്താകാനാണ്….?’
അത് പറയുമ്പോൾ അയാളുടെ നാക്കിൽ നിന്ന് എന്റെ മുഖത്തേക്ക് ഉമിനീര് ചിതറി. അത് തുടച്ചുകൊണ്ട് ഞാൻ മിണ്ടാതെയിരുന്നു. അച്ഛൻ കള്ളനായാൽ മകനും അതേ പാത പിന്തുടരുമെന്ന് പുറം ലോകം വായിക്കുകയാണ്. ഞാൻ അച്ഛനെ പോലെ ആകില്ലായെന്ന് ഉറക്കെ പറയണമെന്ന് എനിക്ക് തോന്നി. അങ്ങനെ ശബ്ദിച്ചാൽ കരഞ്ഞുപോകുമെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ അനങ്ങാതെ ഇരുന്നു…
‘എന്തിനാണമ്മേ അച്ഛൻ മോഷ്ട്ടിച്ചത്…?’
അച്ഛനെ ജയിലിൽ കാണാൻ പോയ അമ്മയോട് മിനിഞ്ഞാന്ന് ഞാൻ ചോദിച്ചതാണ്. അബദ്ധം പറ്റിയതാണ് പോലും! പറ്റിയതിന് ശേഷം ഓർത്തിട്ട് ഒരു കാര്യവുമില്ലാത്ത സംഗതിയാണ് അബദ്ധമെന്ന് അന്ന് എനിക്ക് മനസ്സിലായി. അമ്മയും അനിയത്തിയും നാണക്കേട് കൊണ്ട് ഇത്രേം നാളായി പുറത്തേക്ക് ഇറങ്ങിയിട്ടില്ല. പൊതു പരീക്ഷ ആയത് കൊണ്ട് മാത്രമാണ് ഞാൻ ഈ ബസ്സിൽ ഇങ്ങനെ അകം വിയർത്ത് ഇരിക്കുന്നത്…
‘എന്റെ പേര് ശങ്കരൻ എന്നാണ്… നിന്റെ അച്ഛന് എന്നെ അറിയാം.. ഓൻ ഇത്രക്കാരാനാണ് ഞാൻ നിരീച്ചില്ല.. ‘
എന്നും പറഞ്ഞ് ജനാലയ്ക്ക് അരികിൽ ഇരിക്കുന്ന എന്നിലേക്ക് ഏന്തി വലിഞ്ഞ് അയാൾ പുറത്തേക്ക് തുപ്പി. ബസ്സ് നിന്നിരുന്നത് കൊണ്ട് കൃത്യമായത് റോട്ടിൽ വീണു. എന്നിരുന്നാലും, അഴികളിൽ മുറുക്കാൻ നീരുകൾ തൂങ്ങി നിൽക്കുന്നുണ്ടായിരുന്നു…
‘മോളെ കല്യാണാണ്… സ്വർണ്ണമെടുക്കാൻ പോകയാണ്.. നിങ്ങളെയൊക്കെ ഇനിയെങ്ങനെയാ ക്ഷണിക്കാ… ഒന്നും തോന്നരുത്… അമ്മയോട് പറയണം കേട്ടോ…’
യാതൊരു മറുപടിയും കൊടുക്കാതിരുന്നിട്ടും അയാൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു. എന്ത് പറഞ്ഞാലും സമൂഹത്തിൽ നിന്ന് മാറ്റി നിർത്തേണ്ടതാണ് എന്റെ കുടുംബമെന്നായിരുന്നു ആ ശബ്ദങ്ങളുടെയെല്ലാം അന്തസത്ത. തെറ്റ് ചെയ്തവരെ നിയമവും, അവരുടെ കുടുംബത്തെ സമൂഹവും ശിക്ഷിക്കുന്നു. ജീവിക്കാൻ പോലും അനുവദിക്കാത്ത വിധം പിന്തുടരുന്നു. സ്വന്തം നാട്ടിൽ തലകുനിച്ച് നടക്കേണ്ടി വരുന്നയൊരു കുടുംബത്തിന്റെ അവസ്ഥ ആർക്ക് മനസ്സിലാകാനാണ്…!
ബസ്സ് നിന്നു. ശങ്കരനെന്ന പേരുള്ള ആ മനുഷ്യൻ ബസ്സിൽ നിന്ന് ഇറങ്ങി. ഹാവൂ സമാധാനമായി! അടുത്ത സ്റ്റോപ്പിൽ എനിക്കും ഇറങ്ങേണ്ടതാണ്. എന്നിരുന്നാലും, അതുവരെ സ്വസ്ഥമായി ശ്വാസിക്കാലോ! അപ്പോഴാണ് അയാൾ ഒഴിഞ്ഞു പോയ ഇടത്തിന് താഴെയായി ഞാനൊരു പൊതി കാണുന്നത്. അയാൾ മുറുക്കാൻ എടുത്ത പൊതിയായിരുന്നുവെന്ന് എനിക്ക് മനസ്സിലായി. ഞാനത് എടുത്ത് തുറന്ന് നോക്കി. ചില രേഖകളും, പണവും…! എത്രയുണ്ടെന്നൊന്നും എനിക്ക് അറിയില്ല. ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ അത് എന്റെ ബാഗിൽ വെച്ചു.
ബസ്സ് ഇറങ്ങി സ്കൂളിലേക്ക് നടക്കുമ്പോഴും, ഒപ്പിട്ട് ഹാൾ ടിക്കറ്റ് കൈ പറ്റുമ്പോഴും തിരിച്ച് പോകാനുള്ള ബസ്സിലേക്ക് കയറുമ്പോഴും, എന്റെ ഉള്ളിൽ ആ പണപ്പൊതി തന്നെയായിരുന്നു. അച്ഛന് സംഭവിച്ച അബദ്ധം എന്തായിരുന്നുവെന്ന് ആ യാത്രയിൽ എനിക്ക് മനസ്സിലായി. മകളുടെ കല്ല്യാണത്തിന് സ്വർണ്ണം വാങ്ങാൻ പോയ ആ അച്ഛൻ ഇപ്പോൾ നഷ്ട്ടപ്പെട്ട പണമോർത്ത് ദുഃഖിക്കുന്നുണ്ടാകും…
നാടെത്തി. ബസ്സിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ കുമാരേട്ടന്റെ ചായക്കടയിൽ ഒരു തിരക്ക് ഞാൻ കണ്ടു. അവിടെ കൂടി നിൽക്കുന്നവരുടെ ഇടയിൽ ശങ്കരനെന്ന ആ മനുഷ്യനെ കൂടി കണ്ടപ്പോൾ ഞാൻ നേരെ അങ്ങോട്ടേക്ക് നടന്നു. കടയുടെ അകത്തേക്ക് കയറിയപ്പോൾ തന്നെ എല്ലാവരും എന്നെയാണ് ശ്രദ്ധിക്കുന്നത്. പരിഹസിച്ച് കടിക്കാനൊരു പലഹാരം കിട്ടിയ സന്തോഷം പലരിലും പ്രകടമായിരുന്നു…
അച്ഛനെ പോലീസ് പിടിച്ച് കൊണ്ടുപോയിട്ടും ഇവനൊന്നും യാതൊരു കൂസലുമില്ലെന്ന് കണ്ടപാടെ കുമാരേട്ടൻ പൊതുവായി പറഞ്ഞു. അതുകേട്ട് പലരും ചിരിച്ചു. ഞാൻ കാര്യമാക്കിയില്ല. എല്ലാം നഷ്ട്ടപ്പെട്ട് തിരുനെറ്റിയിൽ കൈ വെച്ച് ഇരിക്കുന്ന ആ നരച്ച തലയുടെ മുന്നിൽ ഞാൻ നിന്നു. അയാൾ തലയുയർത്തി നോക്കുമ്പോഴേക്കും ബാഗ് തുറന്ന് ആ പൊതി ഞാൻ കൊടുത്തിരുന്നു.
ആ മനുഷ്യനത് തുറന്ന് നോക്കി മുഴുവൻ പണവുമുണ്ടെന്ന് ഉറപ്പ് വരുത്തും മുമ്പേ ഞാൻ തിരിഞ്ഞ് നടന്നു. ആരാ അതെന്ന് ആരോ ചോദിക്കുന്നത് ഞാൻ കേട്ടിരുന്നു. എന്നാൽ, അതിലും കനത്തിൽ എന്റെ കാതുകളിൽ വീണത് മറ്റാരുടെയോ മറുപടിയായിരുന്നു…
‘അതാ കള്ളന്റെ മോനാ….!!!’
എഴുത്ത് :-ശ്രീജിത്ത്ഇരവിൽ